വിമാനത്താവളത്തില്‍വെച്ച് ഗര്‍ഭിണിയായ ഭാര്യ ജാനിനോട് യാത്ര പറഞ്ഞകലുമ്പോള്‍ വരാന്‍ പോകുന്നതെന്തും അഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു റോബ് ഹാള്‍. മകന്‍ പിറക്കുമ്പോഴേക്കും...എന്ന് പറഞ്ഞുതുടങ്ങുമ്പോഴേക്കും മകള്‍ക്കുവേണ്ടിയെന്ന് പറയൂ എന്നാണ് റോബ് ജാനിനോട് പറയുന്നത്. ഒടുവില്‍ എവറസ്റ്റിന് മുകളില്‍ താഴേക്കിറങ്ങാനാകാതെ, വീശിയടിക്കുന്ന മഞ്ഞുകാറ്റിനെ വകവെയ്ക്കാതെ അയാള്‍ ചോദിച്ചു...സാറ (അങ്ങനെയാണ് ജനിക്കാനിരിക്കുന്ന മകളെ റോബ് വിളിക്കുന്നത്.) എന്തുപറയുന്നു?''

തലയുയര്‍ത്തിപ്പിടിച്ച് തെല്ലഹങ്കാരത്തോടെ ഇന്നും നിലകൊള്ളുകയാണ് എവറസ്‌റ്റെന്ന അദ്ഭുതം. എത്രയോ പേര്‍ എവറസ്റ്റ് കീഴടക്കുക എന്ന മോഹം ഇന്നും തലയില്‍ പേറി നടക്കുന്നു. അവര്‍ക്കെല്ലാം വഴികാട്ടിയായ റോബ് ഹാള്‍ എന്ന പര്‍വതാരോഹകന്റെ കഥയാണ് ബാല്‍ത്തസര്‍ കോമാകര്‍ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ എവറസ്റ്റ്. 1996-ല്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് നടത്തിയ ചരിത്രയാത്രയുടെ കഥയാണ് എവറസ്റ്റ്. റോബ് ഹാളും സ്‌കോട്ട് ഫിഷറുമായിരുന്നു നേതൃത്വം. വാണിജ്യാടിസ്ഥാനത്തിലുള്ള പര്‍വതാരോഹണം ജനകീയമാക്കിയ വ്യക്തിയായിരുന്നു റോബ്. ഇതിനായി ഗ്യാരി ബാളിനൊപ്പം ചേര്‍ന്ന് ഹാള്‍ ആന്‍ഡ് ബോള്‍ അഡ്വഞ്ചര്‍ കണ്‍സള്‍ട്ടന്റ്‌സ് എന്നൊരു കമ്പനിയും അദ്ദേഹമുണ്ടാക്കി. ഈ കമ്പനിയുടെ നേതൃത്വത്തിലാണ് 1996-ല്‍ ആ വിഖ്യാത യാത്ര തുടങ്ങുന്നത്.

പര്‍വതാരോഹകനായ ബെക്ക് വെതേര്‍സ്, എവറസ്റ്റ് കാല്‍ക്കീഴിലാക്കുന്നത് സ്വപ്‌നം കണ്ട ഡൗ ഹാന്‍സണ്‍, യാസുകോ നാമ്പ, ഔട്ട്‌സൈഡ് മാഗസിനിലെ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ക്രാക്ക്വര്‍ തുടങ്ങിയവരായിരുന്നു റോബിന്റെ സംഘത്തിലെ ചില അംഗങ്ങള്‍. ഇവരേ കൂടാതെ മൗണ്ടന്‍ മാഡ്‌നസ് എന്ന മറ്റൊരു പര്‍വതാരോഹക സംഘവും അതേ തീയതിയില്‍ എവറസ്റ്റ് കീഴടക്കാന്‍ എത്തിയിരുന്നു. റോബിന്റെ താവളത്തില്‍ ഹെലന്റേയും ഡോക്ടറുടേയും സഹായത്തോടെ വൈദ്യപരിശോധനയും തയാറെടുപ്പുകളും പൂര്‍ത്തിയാക്കി മെയ് 10-ന് അവര്‍ യാത്രയാരംഭിച്ചു. യാത്രയില്‍ എന്തെല്ലാം അനര്‍ത്ഥങ്ങളേയാണ് നേരിടേണ്ടി വരിക എന്ന് അവര്‍ക്കെല്ലാം വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എങ്കിലും എവറസ്റ്റിന്റെ നെറുകയില്‍ തൊടുക എന്ന ഒരേയൊരു പ്രാര്‍ഥന മാത്രമായിരുന്നു ഏവര്‍ക്കും.

നേപ്പാളിലെത്തി ആദ്യം പോയത് 12,687 അടി ഉയരത്തിലുള്ള ടെങ്‌ബോഷേ ബുദ്ധവിഹാരകേന്ദ്രത്തിലേക്ക്. ബുദ്ധസന്യാസിമാരുടെ അനുഗ്രഹവും വാങ്ങി ബെയ്‌സ് ക്യാമ്പിലേക്ക്. സ്ഥിതി ചെയ്യുന്നത് 17,600 അടി ഉയരത്തില്‍. ഇവിടെവച്ചാണവര്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. എവറസ്റ്റ് കയറുന്നതിന് മുന്നോടിയായി മൂന്ന് ചെറു ശൃംഗങ്ങള്‍ കയറിയുള്ള പരിശീലനവും ഇവിടെ വച്ചായിരുന്നു. പിന്നീട് ഓരോ അടിയും കരുതലോടെയാണവര്‍ വച്ചത്. എല്ലാം കണ്ടുകൊണ്ട് ആ മലനിരകള്‍ തലയെടുപ്പോടെ നിന്നു. കൊടും തണുപ്പ് സഹിക്കവയ്യാതെ പലരും കുഴഞ്ഞുവീണു. ബെക്ക് വെതേര്‍സിനേപ്പോലെയുള്ള ചിലര്‍ യാത്ര പകുതിയില്‍ നിര്‍ത്തി. എങ്കിലും റോബും യാസുകോ നാമ്പയും ഡൗ ഹാന്‍സണു പോലുള്ള ചിലര്‍ വിജയകരമായി ആ ഗിരിശ്രേഷ്ഠന്റെ നെറുകയില്‍ തൊട്ടു.

പക്ഷേ കയറ്റത്തിനേക്കാള്‍ കഠിനമായിരുന്നു ഇറക്കം. മഴയും മഞ്ഞുകാറ്റുംകൊണ്ട് റോബും ഡൗ ഹാന്‍സണും മലയ്ക്കുമുകളില്‍ കുടുങ്ങി. കാഴ്ചപോലും മറയ്ക്കും വിധമുള്ള മഞ്ഞിലാണ്ടുപോയി എന്ന് പറയുന്നതായിരിക്കും ഉചിതം. അതിനിടെ മലകയറിയിറങ്ങി വരുന്നവരേ കാത്തിരുന്ന ഹെലനും സംഘത്തിനും കേള്‍ക്കേണ്ടിവന്നത് അടുപ്പിച്ചുള്ള ദുരന്തവാര്‍ത്തകളായിരുന്നു. റോബിന്റേയും ഡൗ ഹാന്‍സന്റേയും അവസ്ഥകൂടി കേട്ടതോടെ ക്യാമ്പ് ദുഃഖത്തിലായി. ജാനിനെ വിളിച്ച് റോബുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കിയെങ്കിലും പരാജയപ്പെട്ടു. അതോടെ കരച്ചിലടക്കാന്‍ ഹെലന്‍ പാടുപെട്ടു. എന്തുചെയ്യണമെന്നറിയാതെ ഡോക്ടറും തണുപ്പില്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ ഫിഷറും നിസ്സഹായരായി. ഇതിനിടെ ബെക്ക് വെതറും മഞ്ഞില്‍ ബോധമറ്റുപോയിരുന്നു. 

ഓക്‌സിജനില്ലാതെ ജീവനുവേണ്ടി പൊരുതുകയായിരുന്ന ഡൗ ഹാന്‍സണെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി റോബ് ശ്രമിച്ചതാണ്. പക്ഷേ നിര്‍ത്താതെ വീശിയ മഞ്ഞുകാറ്റില്‍ എപ്പോഴോ ആ സാഹസികന്‍ എവറസ്റ്റിന്റെ കാണാ താഴ്‌വരകളിലേക്കെവിടേക്കോ അലിഞ്ഞുചേര്‍ന്നു. പിന്നാലെ പതിയെ റോബും. അവസാനമായി ഭാര്യയോടു സംസാരിക്കുമ്പോള്‍ റോബ് ആവശ്യപ്പെട്ടത് മകള്‍ക്ക് സാറയെന്ന് പേരിടാനാണ്. കൊടുംമഞ്ഞിനോട് മല്ലിട്ട് ബെക്ക് വെതര്‍ തിരികെ ക്യാമ്പിലേക്കും പിന്നീട് വീട്ടിലേക്കും എത്തിയെങ്കിലും രണ്ട് കൈകളുടെ ശേഷിയും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ജോണ്‍ ക്രാക്ക്വര്‍ തന്റെ അനുഭവം ആസ്പദമാക്കി പുസ്തകമെഴുതി. ഇന്‍ റ്റു തിന്‍ എയര്‍ എന്ന പുസ്തകം പിന്നീട് ഒരു ടി.വി. സിനിമയായി. എവറസ്റ്റ് അടക്കം ഏഴ് ഗിരിശൃംഗങ്ങളും കീഴടക്കുന്ന രണ്ടാമത്തെ ജപ്പാന്‍കാരി എന്ന പേരെടുത്തെങ്കിലും തിരിച്ചിറങ്ങുന്നതിനിടെ യാസുകോയും ജീവന്‍ വെടിഞ്ഞു. അച്ഛന്റെ ഓര്‍മകളുമായി റോബിന്റെ മകള്‍ സാറ ഇപ്പോഴും ജീവിക്കുന്നു.

കാഠ്മണ്ഡു, ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം, ലുക്‌ലാ വിമാനത്താവളം, നാംചി ബസാര്‍, എവറസ്റ്റ് ബെയ്‌സ് ക്യാമ്പ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എവറസ്റ്റിന്റെ മനോഹരമായ ദൃശ്യങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഡ്വഞ്ചര്‍ ചിത്രമായി പുരോഗമിക്കുന്ന ചിത്രം അവസാന ഭാഗങ്ങളിലേക്കെത്തുമ്പോള്‍ സര്‍വൈവല്‍ ഡ്രാമയായി പരിണമിക്കുന്നുണ്ട്. റോബ് ആയി ആദ്യം അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരുന്നത് ക്രിസ്റ്റ്യന്‍ ബെയിലിനെയായിരുന്നെങ്കിലും പിന്നീടാ കഥാപാത്രം ജേസണ്‍ ക്ലാര്‍ക്കിലേക്കെത്തിച്ചേരുകയായിരുന്നു. സ്‌കോട്ട് ഫിഷറായി ജെയ്ക്ക് ഗില്ലെനാലും ബെക്ക് വെതേര്‍സായി ജോസ് ബ്രോലിനും ഡൗ ഹാന്‍സണായി ജോണ്‍ ഹോക്‌സും എത്തി. ക്രാക്ക്വറായെത്തിയത് മൈക്കല്‍ കെല്ലിയായിരുന്നു. ഹെലനായി എമിലി വാട്‌സണുമെത്തി.

യഥാര്‍ഥ സംഭവവുമായി ചിത്രത്തെ ഇണക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്ക് സാല്‍വതോര്‍ ടോട്ടിനോയുടെ ക്യാമറയും മൈക്ക് ഓഡ്സ്ലിയുടെ എഡിറ്റിങ്ങുമാണ്. റോബിന് ശേഷവും എത്രയോ പേര്‍ എവറസ്റ്റെന്ന മോഹവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. റോബിനെ അവര്‍ ഇന്നും അവരുടെ മാര്‍ഗദര്‍ശിയായി കാണുന്നു. തങ്ങളെ കൈപിടിച്ച് കയറ്റാന്‍, ധൈര്യവും ഊര്‍ജവുമേകാന്‍ ചെങ്കുത്തായ മലനിരകളിലെവിടെയോ റോബ് ഇന്നും അദൃശ്യനായി ചെറുപുഞ്ചിരിയോടെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാവാം.