യസ്സ് പത്തെണ്‍പതായി. ഈശ്വരനാമവും ജപിച്ചിരിക്കാനുള്ളതിന് പകരം കാടും മലയും താണ്ടി കറങ്ങി നടക്കുക എന്നൊക്കെ വെച്ചാല്‍... ? എന്തൊരവസ്ഥയായിരിക്കും അത്? എന്തായിരിക്കും അങ്ങനെയൊരു യാത്ര നടത്താന്‍ അവരെ പ്രേരിപ്പിച്ചിരിക്കുക? ആ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിക്കുമോ? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എലിസബത്ത് ഒ ഹാലോറന്‍ തിരക്കഥയെഴുതി സൈമണ്‍ ഹണ്ടര്‍ സംവിധാനം ചെയ്ത് ഷീലാ ഹാന്‍കോക്ക് മുഖ്യവേഷത്തിലഭിനയിച്ച ഈഡീ.

എണ്‍പത് വയസ് കടന്നിരിക്കുന്നു എഡിത്ത് മൂര്‍ എന്ന ഈഡിക്ക്. സിനിമ തുടങ്ങുമ്പോള്‍ പ്രത്യേക ലിഫ്റ്റിന്റെ സഹായത്തോടെ വീല്‍ ചെയറിലിരിക്കുന്ന ഭര്‍ത്താവ് ജോര്‍ജ് പടികളിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഈഡിയുടെ ലോകം എത്ര മാത്രം ചെറുതാണെന്ന് കാണിക്കാന്‍ ഈ ഒറ്റരംഗത്തോടെ സംവിധായകനാവുന്നുണ്ട്. ഭര്‍ത്താവിന്റെ മരണത്തോടെ സ്വാഭാവികമായും ഈഡി ഒറ്റയ്ക്കായി. മകളുമായി വളരെ വേഗമാണവര്‍ അകന്നത്. അതോടെ അമ്മയെ ഒരു റിട്ടര്‍മെന്റ് ഹോമിലാക്കാനായി മകളുടെ ശ്രമം. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഈഡിയും ശ്രമം ആരംഭിച്ചു. അങ്ങനെയാണ ഒരിക്കല്‍ തന്നെ കൊതിപ്പിച്ചിരുന്ന ആ ഭൂമിയിലേക്ക് ഒരേകാന്തയാത്ര എന്ന ആശയത്തിലേക്ക് ഈഡി എത്തിച്ചേരുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ സതര്‍ലന്‍ഡിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന സുളിവന്‍ പര്‍വതം കയറുക എന്നതായിരുന്നു ഈഡിയുടെ ലക്ഷ്യം. അതിനായി അവര്‍ പുറപ്പെട്ടു, ഒറ്റയ്ക്ക്. സ്വന്തം മകളില്‍ നിന്ന് വരെ നേരിട്ട അവഗണനയില്‍ നിന്ന് രക്ഷപ്പെടുക എന്ന ചിന്തയായിരുന്നു ഈഡിയുടെ മനസുനിറയെ. മനസാന്നിധ്യം മാത്രമായിരുന്നു ആ വലിയ ബാഗും ചുമന്ന് എണ്‍പത്തിമൂന്നാമത്തെ വയസില്‍ സുളിവന്‍ കയറാനുള്ള അവരുടെ കൈമുതല്‍. പക്ഷേ തനിക്കതിന് സാധിക്കുമോ എന്ന ചിന്ത ഉള്ളിലെവിടെയോ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. പക്ഷേ പിന്‍മാറാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. ട്രെയിനിലായിരുന്നു യാത്രയുടെ തുടക്കം. 

താമസമായിരുന്നു ആദ്യപ്രശ്‌നം. അതിന് സഹായവുമായി ജോണി എന്ന ചെറുപ്പക്കാരന്‍ എത്തിയെങ്കിലും ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോകാന്‍ ഈഡിക്ക് സാധിച്ചില്ല. ജോണിയുടെ വീടുപേക്ഷിച്ച് യാത്ര തുടര്‍ന്ന ഈഡിക്ക് കൂട്ടായി പിന്നെയെത്തിയത് ജോണി തന്നെയായിരുന്നു. ഇരുവരും നടത്തുന്ന യാത്ര രസകരം തന്നെ. ജീപ്പിലും സൈക്കിളിലും തോണിയിലുമെല്ലാം ജോണിയും ഈഡിയും സുളിവന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ജോണിയെ തിരിച്ചയച്ച ശേഷം ഈഡി തനിയെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഈഡിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയേ അവന് വഴിയുണ്ടായിരുന്നുള്ളൂ. അനിശ്ചിതാവസ്ഥകള്‍ നിറഞ്ഞ യാത്രയ്‌ക്കൊടുവില്‍ എന്ത് സംഭവിക്കും എന്നാണ് പിന്നീട് ചിത്രം പറയുന്നത്.

ഷീലാ ഹാന്‍കോക്കിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ചില സ്ഥലങ്ങളില്‍ നായികയുടെ യാത്രയേക്കാള്‍ പ്രകൃതിയെ ദൃശ്യവത്ക്കരിക്കുന്നതിന് സംവിധായകന്‍ മുതിര്‍ന്നിരിക്കുന്നതായി കാണാമെങ്കിലും അതിനെ കുറ്റം പറയാനാവില്ല. സ്‌കോട്ടിഷ് പ്രകൃതി അതിന്റെ എല്ലാ അഴകളവുകളും പുറത്തെടുത്ത് സ്വാഗതം ചെയ്യുമ്പോള്‍ വിനീതവിധേയനായി ആസ്വദിക്കുക എന്നല്ലാതെ വേറെന്ത് ചെയ്യാന്‍? 

സിനിമയ്ക്കുവേണ്ടി എണ്‍പത്തിമൂന്നുകാരിയായ ഷീലാ ഹാന്‍കോക്ക് യഥാര്‍ത്ഥത്തില്‍ സുളിവന്‍ പര്‍വതം കയറുക തന്നെയായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളിലും ഹെലിക്യാം ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈഡിയുടെ പര്‍വതാരോഹണ രംഗങ്ങളില്‍ ഹെലിക്യാം ദൃശ്യങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ്. പക്ഷേ അതെല്ലാം അത്രയും പ്രായമുള്ള ഒരാളാണ് മലകയറുന്നത് എന്ന് വിശ്വസനീയമാംവിധം കാണിക്കുന്നതിനായുള്ള 'ഡയറക്ടേഴ്‌സ് ബ്രില്ലിയന്‍സ്' തന്നെയാണ്. 2016-ല്‍ ചിത്രീകരണം ആരംഭിച്ച 'ഈഡി' 2017 ലാണ് പുറത്തുവരുന്നത്. ആഗ്രഹങ്ങള്‍ക്ക് പ്രായം ഒരു തടസമല്ല എന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

Content Highlights: Edie Movie, Sheila Hancock Movies, Travel Frames