കൊങ്കണ്‍പാതയിലൂടെ തനിച്ച് ഒരു യാത്ര. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ. അങ്ങനെയാണ് അലഞ്ഞലഞ്ഞ് പന്‍വേല്‍വരെ എത്തിയത്. മഹാരാഷ്ട്രയിലെ റോഹവരെ മാത്രമേ കൊങ്കണ്‍ പാതയുള്ളൂ. റോഹയില്‍നിന്ന് ഏറിയാല്‍ രണ്ടു മണിക്കൂര്‍കൂടി യാത്ര ചെയ്യണം പന്‍വേല്‍ എത്താന്‍. ആ വലിയ നഗരത്തില്‍ ഒരു രാത്രി ഉറങ്ങി. ഇവിടെ എത്തുന്ന ഒരു സഞ്ചാരിക്ക് അടുത്തുള്ള ഒഴിവാക്കാനാകാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം ഏത് എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം റായ്ഗഡ് ഫോര്‍ട്ട് എന്നായിരിക്കും. പന്‍വേലില്‍ എനിക്ക് ആതിഥ്യം നല്‍കിയ സുഹൃത്ത് ജിതേന്ദ്രയും പറഞ്ഞത് മറ്റൊന്നല്ല. മഹാരാഷ്ട്ര പോലീസിലെ ഓഫീസറാണ് ജിതേന്ദ്ര. ഛത്രപതി ശിവാജിയുടെ മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന റായ്ഗഡ് ജില്ലയിലാണ് റായ്ഗഡ് കോട്ട സ്ഥിതിചെയ്യുന്നത്. ഏതായാലും കോട്ട കാണാന്‍ ഞാന്‍ തീരുമാനിച്ചു.

4

രാവിലെ ഏഴിനാണ് പന്‍വേലില്‍നിന്ന് റായ്ഗഡ് കോട്ടയിലേക്കുള്ള ട്രെയിന്‍. വീര്‍  സ്റ്റേഷനില്‍ വണ്ടി ഇറങ്ങണം. കൊങ്കണ്‍പാതയുടെ ഇങ്ങേ അറ്റമായ റോഹയും കഴിഞ്ഞാണ് വീര്‍. പന്‍വേല്‍ സ്റ്റേഷനില്‍ രാവിലെ 6.45-നുതന്നെ എത്തിയെങ്കിലും രത്‌നഗിരി പാസഞ്ചര്‍ എത്തിയത് 7.30-നാണ്. സാമാന്യം തിരക്കുള്ള ട്രെയിന്‍ രാവിലത്തെ പരശുറാം എക്‌സ്പ്രസ്സിനെയാണ് ഓര്‍മിപ്പിച്ചത്. സീറ്റില്‍ ഇരിക്കുന്നവര്‍ക്കും പുറമെ ബര്‍ത്തില്‍ കയറിപ്പറ്റിയവര്‍. ഞാന്‍ ഭാരമേറിയ രണ്ടു ബാഗുകള്‍ കഷ്ടിച്ച് ബര്‍ത്തില്‍വെച്ച് സ്വസ്ഥമായി നില്‍ക്കാന്‍ ഒരിടം കണ്ടെത്തി. ഇനി വീര്‍ സ്റ്റേഷനിലേക്ക് മൂന്നുമണിക്കുറോളം യാത്രയുണ്ട്. ചുറ്റുമൊന്ന് കണ്ണോടിച്ചു. 

പാസഞ്ചര്‍ ട്രെയിന്‍ ആയതിനാല്‍ പ്രഭാതത്തിന്റെ ഉണര്‍വ് യാത്രക്കാരിലും കാണാം. രാവിലെ വീട്ടില്‍നിന്നിറങ്ങി ജോലിസ്ഥലത്തേക്കോ മറ്റ് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ പോകുന്നവരാണ് കൂടുതലും. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മധ്യവയസ്‌കരുമുണ്ട് കൂട്ടത്തില്‍. നീണ്ട യാത്ര കഴിഞ്ഞ് വരുന്ന റിസര്‍വേഷന്‍ കോച്ചുകളുടെ മുഖം ഇതല്ല. മടുപ്പും ആലസ്യവും അടുക്കിക്കൂട്ടിയവ. നീണ്ട യാത്രകള്‍ ഇത്തരം കോച്ചുകളെ മിക്കവാറും ഒരു ചവറ്റുകൊട്ടയാക്കി കാണും. കഷ്ടകാലത്തിന് ഇത്തരം കോച്ചുകളില്‍ കയറിപ്പോയാല്‍ എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിക്കിട്ടിയാല്‍ മതി എന്ന് തോന്നിപ്പോകും. ഏതായാലും രത്‌നഗിരി പാസഞ്ചറിലെ സാമാന്യം നല്ല തിരക്കിനിടയില്‍ നില്‍ക്കുമ്പോഴും സന്തോഷവാനായിരുന്നു. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. മഴനനഞ്ഞ് പച്ചപുതച്ച പാടങ്ങള്‍ പകുത്ത് യാത്ര അതിന്റെ യഥാര്‍ഥ ആഹ്ലാദത്തിലേക്ക് കടക്കുകയാണ്. യാത്രകള്‍ ഓര്‍മയില്‍ തണല്‍വിരിക്കുന്നത് എങ്ങനെയാണ്? യാദൃച്ഛികമായി അവ നല്‍കുന്ന രുചികളും ഗന്ധങ്ങളുംകൊണ്ടുകൂടിയാണ്. രുചിയുടെ രസനകളെ തൊട്ടുണര്‍ത്തിയ വ്യത്യസ്തമായ ഒരനുഭവമായിട്ടാണ് പന്‍വേല്‍മുതല്‍ വീര്‍വരെയുള്ള ഈ യാത്ര കണ്‍മുന്നിലേക്ക് കടന്നുവന്നത്.

3

പലതരത്തിലുള്ള ഭക്ഷണസാധനങ്ങളുമായാണ് അവരെത്തിയത്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. റെയില്‍വേ കാറ്ററിങ്കാരുടെ യൂണിഫോമില്ലാത്ത ഗ്രാമീണര്‍. അവരുടെ തലയില്‍, കൈകളില്‍ പല വലുപ്പത്തിലുള്ള കൂടകള്‍. ചില കൂടകളില്‍ നിറയെ പലതരം പഴങ്ങള്‍. ആപ്പിള്‍, സപ്പോട്ട, പേരക്ക, വാഴപ്പഴങ്ങള്‍. തൊട്ടുപിന്നാലെ 'കാക്കിടി' 'കാക്കിടി' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് കൂട നിറയെ നമ്മുടെ നാട്ടിലെ കക്കിരികളുമായി വരുന്ന സ്ത്രീകള്‍. തുച്ഛമായ വിലയേ ഉള്ളൂ. ആവശ്യപ്പെട്ടാല്‍ മുറിച്ച് ഉപ്പും മുളകും പുരട്ടിത്തരാന്‍ നിമിഷങ്ങള്‍ മതി. കക്കിരി പലതരത്തില്‍ ഉണ്ട്. നീണ്ടുരുണ്ട് ഇളം പച്ചനിറത്തിലുള്ളവ, നീണ്ടുരുണ്ട് പച്ചനിറത്തിലുള്ളവ, വലുപ്പം കുറഞ്ഞവ. 

പച്ചക്കറികള്‍ കൊച്ച് പാക്കറ്റുകളിലാക്കിയും കിട്ടും. ബജിമുളക്, പലതരം പയറുകള്‍, വെണ്ടയ്ക്ക, കൊടോരിക്ക, തക്കാളി, മല്ലിച്ചപ്പ് എന്നിവ താരതമ്യേന ചെറിയ വിലയ്ക്ക് കിട്ടും. പച്ച തിന്നാനും കറിവെക്കാനും യാത്രക്കാര്‍ ഇവരില്‍നിന്ന് ഇത് വാങ്ങിക്കുന്നു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ എണ്ണയില്‍ പാചകം ചെയ്ത പലഹാരങ്ങളും ഉണ്ട്. സമൂസയോടൊപ്പം ബജിമുളകും ടൊമാറ്റോ സോസും ചേര്‍ന്നതാണ് ഒരിനം. മറ്റൊന്ന് 'വട പാവ്' ആണ്. ബന്നിനെക്കാള്‍ ചെറിയ രണ്ടു റൊട്ടിയും നമ്മുടെ നാട്ടിലെ ഉരുളക്കിഴങ്ങുകൊണ്ടുള്ള ബോണ്ടപോലുള്ള ഒരു പലഹാരവും അതിന്റെ കൂടെ ചുവന്ന മുളക് ചമ്മന്തിപ്പൊടിയും ചേര്‍ന്നതാണിത്. 

2

രാവിലെ ഒരു ചായപോലും കഴിക്കാതെ ട്രെയിനില്‍ കയറിയതിനാല്‍ വിശപ്പുണ്ട്. ഞാന്‍ ഒരു 'വട പാവ്' പരീക്ഷിക്കാന്‍ ഉറപ്പിച്ചു. നല്ല രുചി. ഒരു നേരത്തെ വിശപ്പടക്കാന്‍ ഒരു പ്ലേറ്റ് ധാരാളം (ഇവിടെ പ്ലേറ്റ് ഇല്ല. പഴയ പ്രസിദ്ധീകരണങ്ങളുടെ താള് കുമ്പിളാക്കിയും കടലവില്‍പ്പനക്കാര്‍ ചുരുട്ടുന്നതുപോലെയാക്കിയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്). ഹിന്ദി ബെല്‍റ്റില്‍ പ്രിയങ്കരമായ ഒരിനമായ 'ബേല്‍പ്പൂരി'യാണ് പ്രധാനപ്പെട്ട മറ്റൊരു സാന്നിധ്യം. വറുത്ത് പൊങ്ങുപോലുള്ള അരിയാണ് ഇതിലെ പ്രധാന ഇനം. അതില്‍ മിക്‌സ്ചര്‍പോലെ മഞ്ഞനിറമുള്ള 'സേമിയ'യും തക്കാളി, ഉള്ളി, ബീറ്റ്‌റൂട്ട്, പച്ചമാങ്ങ, മല്ലിച്ചപ്പ് എന്നിവ നുറുക്കിയിട്ട് ഉപ്പും കുരുമുളകും വിതറി നാരങ്ങാനീര് നനച്ചുള്ള വെജിറ്റബിള്‍ സലാഡും മറ്റ് ചില ചേരുവകളും ചേര്‍ന്നാല്‍ ബേല്‍പ്പൂരിയായി. വറുത്ത കടല തരുന്നതുപോലെ കടലാസുകുമ്പിളില്‍ നിന്ന് കൊറിക്കാം. കടല തോടോടെ വറുത്തതും മധുരം വേണ്ടവര്‍ക്ക് മിഠായികളും ശീതള പാനീയങ്ങളും കുടിവെള്ള കുപ്പികളും കൊണ്ടുനടക്കുന്നവരുണ്ട് കൂട്ടത്തില്‍.

ഒറ്റയ്ക്കും കൂട്ടമായും കമ്പാര്‍ട്ടുമെന്റിലേക്ക് ഇവര്‍ കയറിവന്നാലുള്ള ഓളം ഒന്ന് വേറെതന്നെ. രാവിലെ യാത്രപുറപ്പെട്ട് വിശന്നിരിക്കുന്ന യാത്രക്കാരില്‍ പുതുമയാര്‍ന്ന ഭക്ഷണസാധനങ്ങളുടെ സുഗന്ധം ഒരാവേശം നിറയ്ക്കും. ആദ്യം ഈ കാഴ്ച പകര്‍ന്ന കൗതുകത്തില്‍നിന്ന് മുക്തനായി ഞാന്‍ മെല്ലെ ഇവ ക്യാമറയിലേക്ക് പകര്‍ത്താന്‍ തുടങ്ങി. അപ്പോള്‍ നേരിട്ട പ്രശ്‌നം ഇവയെക്കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു. ഇവയുടെ പേര് മുറിഹിന്ദിയില്‍ ചോദിച്ചറിയാം. കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയും. രാഷ്ട്രഭാഷ ഒരു 'വെല്ലുവിളിയായി' അങ്ങനെ മുന്നില്‍നില്‍ക്കുമ്പോഴാണ് സമീപമുള്ള ഒരാള്‍ എന്നെ സഹായിക്കാനെത്തിയത്. 

അദ്ദേഹത്തിന്റെ പേര് ശൈലേന്ദ്ര ടി. മാലി. അദ്ദേഹത്തിന് ഇംഗ്ലീഷ് നല്ല വശമുണ്ട്. സിറ്റിസണ്‍ വാച്ചിന്റെ സര്‍വീസിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്നു. പ്രായം അമ്പതിനുതാഴെ. അദ്ദേഹം എനിക്ക് അവിടെ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചും അത് വിതരണം ചെയ്യുന്ന മനുഷ്യരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കി. പന്‍വേല്‍മുതല്‍ റോഹവരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന 'അഗ്രി' (Agri) എന്ന പിന്നാക്ക സമുദായമാണിവര്‍. 60 മുതല്‍ 70 ലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ. കൃഷിയും മത്സ്യബന്ധനവും ഉപ്പുകുറുക്കലുമാണ് പ്രധാന തൊഴില്‍. ശൈലേന്ദ്രയും ഇതേ വിഭാഗക്കാരനാണെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസമുണ്ട്. അങ്ങനെ പരമ്പരാഗത തൊഴിലില്‍നിന്ന് മാറി മറ്റൊരു തൊഴില്‍മേഖലയില്‍ എത്തി. ഭാര്യയും കുട്ടികളുമുള്ള കുടുംബസ്ഥന്‍. സൗമ്യനും ശാന്തനുമായ ആ മനുഷ്യന്‍ എനിക്ക്  ആ സമയത്ത് നല്‍കിയ സഹായം മറക്കാനാകാത്തതായിരുന്നു. 

konkan 1

എന്റെ യാത്രയെക്കുറിച്ചും റായ്ഗഡ് കോട്ടയെക്കുറിച്ചും സംസാരിച്ചപ്പോള്‍ അദ്ദേഹം എനിക്ക് അവിടേക്ക് എത്തിച്ചേരാനുള്ള കൃത്യമായ വഴിയും മറ്റ് വിവരങ്ങളും നല്‍കി. എനിക്ക് ഇറങ്ങേണ്ട വീര്‍ സ്റ്റേഷന് മുന്‍പേ ശൈലേന്ദ്ര ഇറങ്ങി. യാത്രയ്ക്കിടയില്‍ പല ഭക്ഷണസാധനങ്ങളും കുറച്ച് അകത്താക്കിയതിനാല്‍ വിശപ്പ് അറിഞ്ഞതേ ഇല്ല. അധികം വലുപ്പമില്ലാത്ത കക്കിരിക്കയുടെ ഒരു പാക്കറ്റും ഞാന്‍ എന്റെ ട്രാവല്‍ ബാഗിലാക്കി. വണ്ടി റോഹ കഴിഞ്ഞപ്പോള്‍ ഭക്ഷണവുമായി വന്ന ഗ്രാമീണര്‍ വഴിയിലെ പല സ്റ്റേഷനുകളില്‍ ഇറങ്ങിത്തുടങ്ങിയിരുന്നു. വീര്‍ സ്റ്റേഷന്‍ എത്തുമ്പോഴേക്കും വണ്ടിയില്‍ യാത്രക്കാര്‍ മാത്രമായി. 

(മാതൃഭൂമി യാത്ര മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Clicking and savouring the tastes along a konkan strip