പ്പം വന്ന മൂന്നുപേരെയും തിരിച്ചയച്ച് ചുണ്ടില്‍ ചെറുപുഞ്ചിരിയോടെ സിബി തലകാണിയിലേക്കുള്ള യാത്രയാരംഭിച്ചു. സ്റ്റാലിനൊപ്പം പോയ വഴി ഓര്‍ത്തെടുത്ത് അയാള്‍ മുകളിലെത്തി. കയ്യിലെ ഒടിവ് വകവെയ്ക്കാതെ സമീപത്തുകണ്ട കമ്പെടുത്ത് അവിടിവിടെയായി കുഴിക്കാന്‍ തുടങ്ങി. കയ്യില്‍ കരുതിയിരുന്ന ജലം അല്‍പ്പാല്‍പ്പമായി കുറഞ്ഞുകൊണ്ടിരുന്നു. പിന്നെ കാട്ടിലൊരിടത്ത് കെട്ടിക്കിടന്ന വെള്ളം കുടിവെള്ളമാക്കി. കാട്ടുകൂണുകളും ഇലകളും ഭക്ഷണമാക്കി. കരടിമട കയറിയിറങ്ങിയ അയാള്‍ പുല്ലുനിറഞ്ഞ നിലത്ത് കുഴഞ്ഞുവീണു. എപ്പോഴോ ഒരു മഴയുടെ തലോടല്‍ അയാളില്‍ നിറഞ്ഞു. ഒരാര്‍ത്തനാദം സിബിയുടെ തൊണ്ടയില്‍ നിന്നും അടര്‍ന്നുവീണു.

മലയാളത്തിന്റെ ഇന്‍ റ്റു ദ വൈല്‍ഡ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം കാര്‍ബണിനെ. രണ്ടിലും യാത്രയാണ് പ്രധാന ഘടകം. ലോകമറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇന്‍ റ്റു ദ വൈല്‍ഡിലെ നായകനെ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍ സമ്പത്തിനോടുള്ള അഭിനിവേശമാണ് കാര്‍ബണിലെ നായകനെ കാടുകയറ്റുന്നത്.  എന്ത് ജോലിയാണ് താന്‍ ചെയ്യുന്നതെന്ന് പോലും അറിയാത്ത ചെറുപ്പക്കാരനാണ് സിബി. ഇതിന് മുന്നേ എന്തായിരുന്നു ജോലി എന്ന് ഒരിക്കല്‍ സമീര ചോദിച്ചപ്പോള്‍ മൗനമായിരുന്നു സിബിയുടെ മറുപടി. അത്രമാത്രം ഫാന്റസി കലര്‍ന്ന ലോകത്തിലായിരുന്നു അയാള്‍ അത്രയും കാലം ജീവിച്ചിരുന്നത്. ജീവിതമായാല്‍ കുറച്ച് ഫാന്റസിയൊക്കെ വേണം എന്ന് സുഹൃത്തായ സന്തോഷിനോട് അയാള്‍ പറയുന്നുണ്ട്. ആ ഫാന്റസിയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് തലകാണിയിലെ ഇതുവരെ ആര്‍ക്കും സ്വന്തമാക്കാനാവാത്ത നിധി തേടാന്‍ അയാളെ പ്രേരിപ്പിച്ചത്.

യാത്ര പ്രമേയമായ ചിത്രമായതിനാല്‍ വിവിധ സ്ഥലങ്ങളാണ് സംവിധായകന്‍ വേണു കാര്‍ബണിന്റെ ലൊക്കേഷനുകളാക്കിയത്. പാലാ, ഈരാറ്റുപേട്ട, എരുമേലി, കട്ടപ്പന തുടങ്ങിയ ജില്ലകളിലായിരുന്നു ഒരു ഭാഗം ചിത്രീകരിച്ചത്. റിസോര്‍ട്ടാക്കണമെന്ന ഉദ്ദേശത്തോടെ സിബി താമസിക്കുന്ന പഴയ ബംഗ്ലാവായി ചിത്രീകരിച്ചിരിക്കുന്നത് കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരമാണ്. 210 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ  ബംഗ്ലാവ് തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ പഴയ വേനല്‍ക്കാല വസതിയാണ്. ശ്രീ ചിത്തിരതിരുന്നാളും അമ്മ സേതു പാര്‍വതി ബായിയും എല്ലാ വേനല്‍ക്കാലങ്ങളിലും ഇവിടെ താമസിക്കാറുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അടുത്തുതന്നെ സര്‍ സി.പി യുടെ കഥാവശേഷമായ വസതിയും കാണാം. 25 ഏക്കര്‍ വരും കൊട്ടാരവളപ്പ്.  കേരളീയ വാസ്തുവിദ്യയും വിക്ടോറിയന്‍ രീതികളും സമന്വയിപ്പിച്ച് ജോ മണ്‍റോ ആണിത് നിര്‍മിച്ചത്.

ചൂടേകുന്ന വുഡന്‍ പാനലിങ്ങിന്റെ മേല്‍ക്കൂരകള്‍, എല്ലാ മുറിയിലും ഫയര്‍ പ്ലേസുകള്‍, വിടര്‍ന്നു നില്‍ക്കുന്ന നടുമുറ്റം, അതിനു ചുറ്റുമായി റാണിയുടേയും തോഴിമാരുടെയും മുറികള്‍, നാശോന്മുഖമായ, രാജപ്രൗഢി വെളിവാക്കുന്ന സാധന സാമഗ്രികള്‍.. അങ്ങനെ നീളുന്നു അമ്മച്ചിക്കൊട്ടാരത്തിലെ പ്രത്യേകതകള്‍. പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുന്ന ഒരു ഭൂഗര്‍ഭ പാതയുണ്ടിവിടെ. സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ധര്‍മലിംഗം എന്നൊരു കാവല്‍ക്കാരനുണ്ടിവിടെ. റാണിയുടെ ഉദ്യാനത്തിലെ തണല്‍മരങ്ങള്‍ ഇന്ന് ഇടതൂര്‍ന്ന കാടായിക്കഴിഞ്ഞു. കോട്ടയം - കുമളി റോഡില്‍ കുട്ടിക്കാനത്തിനടുത്താണ് ഈ കൊട്ടാരം. കെ.എ.പി. ബറ്റാലിയന് സമീപത്തുനിന്ന് കാട്ടിലൂടെ  കാല്‍നടയായി ഇവിടെത്താം. പാഞ്ചാലിമേടും പരുന്തുംപാറയും പീരുമേടുമാണ് സമീപത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍.

പേരുകൊണ്ടും പറയുന്ന കഥകള്‍കൊണ്ടും ഏറെ ദുരൂഹതകള്‍ നിറഞ്ഞ സ്ഥലമാണ് തലകാണി. കബന്ധങ്ങള്‍ അഥവാ തലയില്ലാത്ത 'മനുഷ്യ'രൂപങ്ങള്‍ കാവല്‍ നില്‍ക്കുന്ന നിധിയുള്ള സ്ഥലമായ തലകാണിയിലേക്കുള്ള സിബിയുടേയും കൂട്ടരുടേയും യാത്ര പലയിടങ്ങളിലായാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ വേണു പറഞ്ഞു. അട്ടപ്പാടി വനമേഖലയിലടക്കം ട്രെക്കിങ് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. തലകാണിയായെടുത്തത് കോയമ്പത്തൂരിനടുത്തുള്ള ഒരു മലമ്പ്രദേശത്തായിരുന്നുവെന്നും സംവിധായകന്‍ ഓര്‍ത്തെടുത്തു. ജീവിതത്തില്‍ ഫാന്റസി വേണമെന്ന അഭിപ്രായമുള്ള സിബി നിധി തേടിപ്പോകുന്നത് ബംഗ്ലാവിലെ കാവല്‍ക്കാരനായ പിള്ളയുടെ ഫാന്റസിയും ചരിത്രവും നിറഞ്ഞ കഥയില്‍ ആകൃഷ്ടനായാണ്. സിബി പരിചയപ്പെടുന്ന ആന ഉടമയുടെ മകളും ആന പാപ്പാനും ആ ഫാന്റസിയുടെ ഭാഗം തന്നെയാണ്. നമ്മള്‍ ഓരോരുത്തരിലും ഒരു സിബിയുണ്ട്. സഞ്ചാരപ്രേമിയായ ഒരു സിബി. 

ബസിലോ ട്രെയിനിലോ പോകുമ്പോള്‍ വിന്‍ഡോ സീറ്റ് കിട്ടിയാല്‍ സന്തോഷിക്കുന്നവരാണ് നമ്മളില്‍ പലരും. സൈഡ് സീറ്റിലിരിക്കുമ്പോള്‍ കിട്ടുന്ന എന്റേതെന്നും എനിക്ക് മാത്രമെന്നും അവകാശപ്പെടാനാവുന്ന സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന ആ ലോകത്തെ ആസ്വദിക്കുന്നവരായിരിക്കും എല്ലാവരും. മുന്‍ചിത്രമായ മുന്നറിയിപ്പ് പോലെ തന്നെ തീര്‍ന്നിടത്ത് നിന്നും പിന്നോട്ട് ചിന്തിച്ച് കാഴ്ചക്കാരനെ അവനിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാവുന്ന രീതിയിലാണ് കാര്‍ബണും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരടിമടയില്‍ കയറുന്ന സ്റ്റാലിന് അനുഭവപ്പെട്ടത് കരടിയുടെ സാന്നിധ്യമാണോ, അതോ നിധിയുടെ സാന്നിധ്യമാണോ? നിധിയാണെന്ന് തോന്നിയതുകൊണ്ടാവുമോ സമീര തന്റെ ചുവന്ന കര്‍ച്ചീഫ് മടയ്ക്കടുത്തുള്ള മരത്തില്‍ ചുറ്റിയത്? തലകാണിയില്‍ സിബി ഒറ്റപ്പെടാനുണ്ടായ ആനയുടെ സാന്നിധ്യം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചതായിരിക്കുമോ?  തലകാണിയില്‍ നിന്നും സിബിക്ക് ലഭിച്ച ആ നാണയം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു? എത്രയായിരിക്കും അതിന്റെ മൂല്യം? അങ്ങനെ നീളുന്നു ഓരോ തവണ വിശകലനം ചെയ്യുമ്പോഴും പുതിയ ഉത്തരങ്ങള്‍ ലഭിക്കുന്ന ചോദ്യങ്ങള്‍.