നാദിറയേക്കുറിച്ചറിയുന്നതിനുള്ള ശന്തനുവിന്റെ അവസാന പ്രതീക്ഷയായിരുന്നു നസീബ്. കരയടുക്കുന്ന ഓരോ ബോട്ടിലേക്കും അയാള്‍ പ്രതീക്ഷയോടെ നോക്കി. കരയിലേക്ക് പോയ നസീബ് ഇനി തിരിച്ചുവരില്ല എന്ന തോന്നല്‍ ശന്തനുവില്‍ നിറഞ്ഞു. ആശയറ്റ അയാള്‍ ശാന്തമായ കടല്‍ ലക്ഷ്യമാക്കി നടന്നു. ഇളം നിലനിറത്തിലുള്ള കടല്‍ തന്നെ മൂകമായി വിളിക്കുന്നതായി അവന് തോന്നി. ശന്തനു പതിയെ കടലിലേക്കിറങ്ങി. കടലാഴം അയാളെ ചേര്‍ത്തുപിടിച്ചു. ഒരു നിലവിളി ആ തൊണ്ടയില്‍ നിന്നുതിര്‍ന്നു. ശബ്ദം കുമിളകളായി മുകളിലേക്കുയര്‍ന്നു. കണ്ണീരുപ്പ് കടലില്‍ കലര്‍ന്നു. 

പൃഥ്വിരാജിനെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനാര്‍ക്കലി. പ്രണയിനിക്കായി ഒരു കാമുകന്‍ നടത്തുന്ന യാത്രയാണ് ചിത്രം. സബ് ലെഫ്റ്റനന്റ് ആയിരിക്കേയാണ് ശന്തനു നാവികസേനയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. മേധാവിയായ ജാഫര്‍ ഇമാമിന്റെ മകള്‍ നാദിറയെ പ്രണയിച്ചു എന്നതായിരുന്നു കുറ്റം. ഇരുവരുടേയും പ്രണയത്തിന് കുടപിടിച്ചു എന്ന കാരണത്താല്‍ സുഹൃത്ത് സക്കറിയയും നാവികസേനയില്‍ നിന്ന് പുറത്തായി. ജാഫര്‍ ഇമാമിന്റെ പിടിവാശിയേത്തുടര്‍ന്ന് ഒന്നിക്കാനാവാതെ അകന്ന് കഴിയുകയാണ് ശന്തനുവും നാദിറയും. ഫോണിലോ കത്തിലോ ബന്ധപ്പെടാതെ, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയാതെ ഒരു പതിറ്റാണ്ട് നീണ്ടു ആ ബന്ധം. തീക്ഷ്ണപ്രണയം എന്നല്ലാതെ വേറെന്ത് പേരിട്ടുവിളിക്കണം അതിനെ?

നാദിറയുമായി പിരിഞ്ഞ ശേഷം ഡൈവിങ് ഇന്‍സ്ട്രക്റ്ററായി ലക്ഷദ്വീപിലെത്തുന്ന ശന്തനുവിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാലമിത്രയായില്ലേ, ജോലി ചെയ്ത് ജീവിച്ചേക്കാം എന്ന വിചാരമൊന്നുമല്ല ശന്തനുവിനെ ലക്ഷദ്വീപിലെത്തിച്ചത്. സുഹൃത്തായ സക്കറിയ ലക്ഷദ്വിപിലെവിടെയോ ഉണ്ട്. അവനെ കണ്ടുപിടിക്കണം. അതുവഴി നാവികസേനയില്‍ ഉദ്യോഗസ്ഥനായ നാദിറയുടെ സഹോദരന്‍ നസീബിലേക്കും പിന്നെ നാദിറയിലേക്കും എത്തണം. അതിനായി ശന്തനു ആദ്യം സഹായം തേടുന്നത് ആറ്റക്കോയയോടാണ്. ലക്ഷദ്വീപിലെ ഓരോ അണുവും അറിയാവുന്നയാള്‍. ഒരു സഹോദരിയുണ്ട് ആറ്റക്കോയയ്ക്ക്. ദുവ. എം.ബി.ബി.എസ് പഠനം പാതി വഴിയില്‍ നിര്‍ത്തിയിരിക്കുന്നു. ആറ്റക്കോയയാണ് ശന്തനുവിന് ലക്ഷദ്വീപിനേക്കുറിച്ച് ഏകദേശധാരണ നല്‍കുന്നത്.

മലയാളം, തമിഴ്, പിന്നെ അല്‍പം അറബി എന്നിവ ചേര്‍ന്ന ജസരിയിലാണ് ദ്വീപുകാര്‍ പരസ്പരം സംസാരിക്കുന്നത്. മുപ്പതോളം ദ്വീപുകളുള്ള ദ്വീപ് സമൂഹത്തിനെ ലക്ഷദ്വീപെന്ന് പേരുവിളിക്കുന്നത് ആറ്റക്കോയയെ സംബന്ധിച്ചിടത്തോളം ഒരു തമാശയാണ്. മനോഹരമായ ഈ ദ്വീപ് സമൂഹത്തില്‍ ആകെ പത്തെണ്ണത്തിലേ ആള്‍ത്താമസമുള്ളൂ എന്നതാണ് മറ്റൊരു വസ്തുത. പക്ഷേ ഒരു ദ്വീപില്‍ നിന്ന് അടുത്തതിലേക്ക് പോകാന്‍ കപ്പലിനെ ആശ്രയിക്കണമെന്ന് മാത്രം. പക്ഷേ കപ്പല്‍ വരണമെങ്കില്‍ പടച്ചോന്‍ കനിയണമെന്നാണ് ആറ്റക്കോയയുടെ ഭാഷ്യം. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേരമാന്‍ പെരുമാള്‍ മതം മാറി മക്കയ്ക്ക് പോയപ്പോള്‍ മലബാറിലെ ചിലര്‍ പെരുമാളിനെ പായ്ക്കപ്പലില്‍ പിന്തുടര്‍ന്നു. കടലില്‍ക്കിടന്ന് നട്ടംതിരിഞ്ഞ അവര്‍ ഒരു ദ്വീപില്‍ ചെന്നെത്തി. അങ്ങനെയാണ് ഇവിടെ ആള്‍ത്താമസമുണ്ടായതെന്നാണ് ഒരുകഥ. 

ലക്ഷദ്വീപില്‍ വെച്ചുള്ള രംഗങ്ങളില്‍ ജസരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലയാളസിനിമയില്‍ ജസരി ഭാഷ കടന്നുവരുന്നതും അനാര്‍ക്കലിയിലാണ്. പിന്നീട് ഈയിടെ ജസരിഭാഷയിലെടുത്ത ഒരു ചിത്രം ദേശീയ പുരസ്‌കാരം വരെ നേടി എന്നത് ഇതിനൊപ്പം സാന്ദര്‍ഭികമായി പറയുന്നു. ശന്തനുവിന്റെ തിരിച്ചുവരവില്‍ അസ്വസ്ഥനായിരുന്ന സക്കറിയ പക്ഷേ പിന്നീട് ശന്തനുവിന്റേയും നാദിറയുടേയും പ്രണയത്തിന്റേയും കാത്തിരിപ്പിന്റേയും തീവ്രത മനസിലാക്കി അവര്‍ക്കൊപ്പം സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ ഇരുവരുടേയും പ്രണയം എത്രമാത്രം ശക്തമാണെന്ന് മനസിലാക്കിയ മറ്റൊരാളുണ്ടായിരുന്നു. നാദിറയുടെ പിതാവ് ജാഫര്‍ ഇമാം. ''നാദിറയുടെ കാത്തിരിപ്പ് എത്രകാലം നീളുന്നുവോ അത്രത്തോളം ഞാന്‍ നിന്നെ വെറുക്കും'' എന്നാണ് കാലങ്ങള്‍ക്ക് ശേഷം നാദിറയെ കാണാനെത്തിയ ശന്തനുവിനോട് ജാഫര്‍ ഇമാം പറയുന്നത്.

ജാഫര്‍ ഇമാമിന്റെ എതിര്‍പ്പാണ് ശന്തനുവിന്റേയും നാദിറയുടേയും പ്രണയത്തിന് ഊര്‍ജമേകുന്നത്. നാദിറയെ കാണാന്‍ ഒരു ഹോളിദിനത്തില്‍ അവളുടെ വീട്ടിലെത്തിയ അവനെ എതിരേറ്റത് സ്വന്തം നെറ്റിയില്‍ അമര്‍ത്തിയ തോക്കുമായി നില്‍ക്കുന്ന ജാഫര്‍ ഇമാമാണ്. അവിടെയും പതറാതെ കാത്തിരിക്കാം എന്ന വാക്കുകൊടുത്ത് ആ പടിയിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചതും ധൈര്യമേകിയതും ഉള്ളില്‍ ആളിക്കത്തിയ പ്രണയം എന്ന വികാരമാണ്. ഒരുപതിറ്റാണ്ടിലേറെയാണ് ഇരുവര്‍ക്കുമുള്ളില്‍ അതേ ജ്വാല അണയാതിരുന്നത്. ഫോണിലൂടെയും സി.ഡികളിലൂടെയുമെല്ലാം അവര്‍ സ്വന്തം പ്രണയം പങ്കുവെച്ചു. പക്ഷേ വിധി ജാഫര്‍ ഇമാമിന്റെ രൂപത്തില്‍ വീണ്ടുമെത്തി. പിന്തിരിയാന്‍ ശന്തനു ഒരുക്കമല്ലായിരുന്നു. പത്രത്തില്‍ പേരുവന്നാലെങ്കിലും നാദിറയുടെ എന്തെങ്കിലും വിവരം അറിയുമെന്ന് കരുതി ചെയ്ത കടുംകൈക്ക് പോലും ശന്തനുവിനെ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചില്ല.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവസാനമെത്തിച്ചേരുന്നത് ശന്തനുവിലേക്കാണെന്ന് കാണാം. കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ഒളിച്ചോടിയപ്പോള്‍ അതിന്റെ പഴി കേട്ടത് ശന്തനുവിനാണ്. അതുപോലെ ജാഫര്‍ ഇമാമും ആറ്റക്കോയയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. സ്വന്തം മകളുടെ പ്രണയം എതിര്‍ക്കാനും അവരെ പിരിക്കാന്‍ ഏതറ്റം വരെയും പോകാനായി ജാഫര്‍ ഇമാമിനെ പ്രേരിപ്പിക്കുന്നത് അയാളിലെ നവാബിയന്‍ രക്തവും പട്ടാളച്ചിട്ടയുമാണ്. നാദിറയില്‍ നിന്നും നസീബില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടങ്കില്‍പ്പോലും സ്വന്തം താത്പര്യങ്ങള്‍ മകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരാളാണ് ജാഫര്‍ ഇമാമെങ്കില്‍ ആറ്റക്കോയയുടെ കാര്യം നേരെ തിരിച്ചാണ്. സഹോദരിയെ തനിക്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് ആറ്റക്കോയയെ കര്‍ക്കശക്കാരനും അതേസമയം നിസ്സഹായനുമാക്കുന്നത്. സഹോദരി ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയിക്കഴിഞ്ഞാല്‍ തനിക്കാരുമില്ല എന്ന ചിന്ത അയാളെ അലട്ടുന്നുണ്ട്.

ദുവയും ശന്തനുവിന്റെ അതേ മാനസികാവസ്ഥയില്‍ത്തന്നെയാണ്. കാമുകനൊപ്പം ജീവിക്കാന്‍ കഴിയാത്തതിലുള്ള വിഷമം അടക്കിപ്പിടിച്ചാണ് അവള്‍ ഓരേ നിമിഷവും തള്ളിനീക്കുന്നത്. ഇടയ്ക്ക് വന്ന ഗായകന്‍ ചേറ്റുവ ഷാജഹാന്‍ പാടിയ പാട്ടിലെ വരികള്‍ പോലും ശന്തനുവിന്റെ പ്രണയവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. കാലം കുറച്ചേറെ കഴിഞ്ഞെങ്കിലും ജാഫര്‍ ഇമാമിന് ശന്തനുവിനെ അംഗീകരിക്കേണ്ടിവന്നു. അതിന് പക്ഷേ ശന്തനുവിന്റെ ജീവന്റെ വിലയുണ്ടായിരുന്നു എന്നത് കാണാതിരുന്നുകൂടാ. നസീബിന്റേയും ആറ്റക്കോയയുടേയും ഡോ.ഷെറിന്റെയും രാജീവിന്റേയും സക്കറിയയുടേയുമെല്ലാം പിന്തുണയും അതിന് ബലമേകി. ലക്ഷദ്വീപിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്കൊപ്പം കൊച്ചിയും ലഖ്‌നൗവും അനാര്‍ക്കലിക്ക് പശ്ചാത്തലമാകുന്നു. 

ശന്തനുവും നാദിറയുമായി പൃഥ്വിരാജും പ്രിയാല്‍ ഗോറും എത്തിയപ്പോള്‍ സക്കറിയയായെത്തിയത് ബിജു മേനോനായിരുന്നു. ബോളിവുഡ് നടനായ കബീര്‍ ബേദിയായിരുന്നു ജാഫര്‍ ഇമാം. നസീബായി സുദേവ്, ആറ്റക്കോയയായി സുരേഷ് കൃഷ്ണ, ഡോ.ഷെറിനായി മിയ, രാജീവ് ആയി അരുണ്‍, ദുവ ആയി സംസ്‌കൃതി ഷേണായി, ചേറ്റുവ ഷാജഹാനായി ജയരാജ് വാര്യര്‍ എന്നിവരും എത്തി. അനു സിതാര, സംവിധായകരായ രഞ്ജി പണിക്കര്‍, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്, മേജര്‍ രവി, മധുപാല്‍ എന്നിവരും താരനിരയിലുണ്ടായിരുന്നു. സുജിത് വാസുദേവായിരുന്നു ശന്തനു-നാദിറ പ്രണയയാത്രയുടെ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്തത്. വിദ്യാസാഗറായിരുന്നു സംഗീതം. നിര്‍മാണം രാജീവ് നായര്‍.

ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ സലിം-അനാര്‍ക്കലി പ്രണയകഥ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടാവാം. '' സൂഫിസെന്ററിലെ റബ്ബി തമാശ പോലെയാണത് പറഞ്ഞത്. ഞങ്ങളുടെ പേരുകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഒരാകസ്മികതയേക്കുറിച്ച്. അനാര്‍ക്കലിയുടെ യഥാര്‍ത്ഥ പേര് നാദിറ എന്നാണത്രേ. സലീം എന്ന പദത്തിനര്‍ത്ഥം ശാന്തനായ യുവാവ് എന്നും. ''അനാര്‍ക്കലി-സലീം.... എന്തായാലും ഈ ആകസ്മികതയില്‍ നിന്നും മരണത്തെ മാറ്റിനിര്‍ത്തിയതിന് ദൈവത്തിന് നന്ദി...'' മരണം പോലെ ശക്തമാണ് പ്രണയം എന്നും പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.