ഭിജാന്‍ എന്ന ബംഗാളി വാക്കിന് സാഹസികയാത്ര, ഗവേഷണയാത്ര എന്നൊക്കെയാണ് അര്‍ത്ഥം. സാഹസികരും ഗവേഷണ തല്‍പ്പരരുമായ മൂന്നുപേര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യാത്രപോയി. മുംബൈ തുറമുഖം കടന്ന് സാവോ പോളോ പിന്നിട്ട ആ യാത്ര അവസാനിച്ചത് സുവര്‍ണ നഗരം എന്ന് വിളിക്കപ്പെടുന്ന എല്‍ ഡൊറോഡോയിലാണ്. 1915-ല്‍ നടന്ന ആ സാങ്കല്‍പ്പിക യാത്രയുടെ കഥയാണ് ആമസോണ്‍ ഓഭിജാന്‍ പറയുന്നത്.

1915 -ല്‍ ആണ് കഥ നടക്കുന്നത്. സാഹസികയാത്രകളും ഗവേഷണവും ഇഷ്ടപ്പെടുന്ന ദേവ് എന്ന യുവാവിനെ തേടി ഇറ്റലിയില്‍ നിന്നും അന്ന ഫ്‌ളോറിയാന്‍ എന്ന യുവതി എത്തുന്നതോടെയാണ് ചിത്രത്തിന് ജീവന്‍ വെക്കുന്നത്. ആമസോണിന്റെ സുവര്‍ണനഗരമായ എല്‍ ഡൊറാഡോയിലേക്കെത്താന്‍ സഹായിക്കണം എന്നതായിരുന്നു അന്നയുടെ ആവശ്യം. സുവര്‍ണനഗരത്തിലേക്ക് പോകാനുള്ള മാപ്പിന്റെ പകുതിഭാഗം അന്നയുടെ പിതാവ് മാര്‍ക്കോ ഫ്‌ളോറിയാന്റെ കയ്യിലുണ്ട്. പക്ഷേ മറുപാതി ആരുടെ കയ്യിലായിരിക്കും? അതാര്‍ക്കും അറിയില്ല. ആ യാത്രയുടെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയായിരുന്നു.

ചെറുപ്പക്കാരനായ ഒരുവന്‍ കൂടെ വരുന്നതില്‍ മാര്‍ക്കോയ്ക്ക് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ യാത്രയ്ക്കിടയില്‍ എപ്പോഴോ മാര്‍ക്കോയ്ക്ക് തന്റെ ധാരണകള്‍ മാറ്റേണ്ടി വന്നു. ബോംബെ പോര്‍ട്ടില്‍ നിന്നാണ് ദേവ് അന്നയ്‌ക്കൊപ്പം യാത്രയാരംഭിക്കുന്നത്. പൈറയസ് പോര്‍ട്ട് ഓഫ് ഗ്രീസ് വഴി സ്‌പെയിനിലെ സെവില്‍ ഹാര്‍ബറിലേക്ക്. അവിടെ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സിറ്റിയിലേക്കും അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ബ്രസീലിലെ പോര്‍ട്ട് ഓഫ് സാന്റോസിലേക്കും. ഇവിടെ നിന്നാണ് മാര്‍ക്കോ ഇവര്‍ക്കൊപ്പം ചേരുന്നത്. ഈ യാത്രയെ അനിമേഷന്‍ രൂപത്തില്‍ വിവരണത്തോടെയാണ് സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജി അവതരിപ്പിച്ചിരിക്കുന്നത്.

സാവോ പോളോയിലെ സെറാ ഡോ മോര്‍ മലനിരകളിലൂടെയുള്ള സാന്റോസ്-ജുണ്ടിയല്‍ റയില്‍ റൂട്ടാണ് അവര്‍ ആദ്യം തിരഞ്ഞെടുത്തത്.  പിന്നീടുള്ള യാത്രകളെല്ലാം തന്നെ ജലമാര്‍ഗമായിരുന്നു. തോണിയും ചങ്ങാടവും തുഴഞ്ഞ് സ്വര്‍ണനഗരം തേടി അവര്‍ യാത്ര തുടര്‍ന്നു. പക്ഷേ അത്ര സുഖകരമായിരുന്നില്ല ആ യാത്ര. വന്യമൃഗങ്ങള്‍ അവരെ വിടാതെ പിന്തുടര്‍ന്നു. പിളര്‍ന്ന വായയുമായി പാമ്പുകളും മുതലകളും അവര്‍ക്കരികിലെത്തി. പക്ഷേ അതിനേക്കാളേറെ അവരെ ഭീതിപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വിശപ്പ്. വിശപ്പ് സഹിക്കാതെ തിരിച്ചുപോയാലോ എന്നുവരെ ഒരുഘട്ടത്തില്‍ അന്ന ചിന്തിക്കുന്നുണ്ട്. പക്ഷേ എന്തുവിലകൊടുത്തും മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു ശങ്കറിന്റെ തീരുമാനം.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ക്ലൈമാക്‌സ് തന്നെയാണ് ആമസോണ്‍ ഓഭിജാനുമുള്ളത്. പക്ഷേ അത് അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ശ്രദ്ധേയം. വിവിധ പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തേയും പാരിസ്ഥിതികമായ പ്രത്യേകതകളേയും വ്യക്തമായി വിവരിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. ബെംഗാളിയില്‍ പുറത്തിറങ്ങിയ ചന്ദേര്‍ പഹാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആമസോണ്‍ ഓഭിജാന്‍. ബെംഗാളിയില്‍ അന്നുവരെ ഇറങ്ങിയ ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡ് തകര്‍ത്തു ഈ ഫാന്റസി ചിത്രം. എന്തിനേറെ പറയുന്നു യു.കെ.യില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബെംഗാളി ചിത്രം എന്ന ഖ്യാതിയും ആമസോണ്‍ ഓഭിജാന്‍ സ്വന്തമാക്കി.

ദേവ്, ഡേവിഡ് ജെയിംസ്, സ്വെറ്റ്‌ലാന ഗുലാക്കോവ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായ ശങ്കര്‍, മാര്‍ക്കോ, അന്ന എന്നിവരെ അവതരിപ്പിച്ചത്. ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ് സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജിയും കൂട്ടരും വെള്ളിത്തിരയിലെത്തിച്ചത്.