രാത്രിയായിരിക്കുന്നു. വീടിനകത്ത് കടന്ന് ആ അദ്ഭുതസൃഷ്ടി കാണുകയും പറ്റിയാല്‍ ഒന്ന് പ്രവര്‍ത്തിപ്പിച്ച് നോക്കുകയുമാണ് ആ കുട്ടിക്കൂട്ടത്തിന്റെ ലക്ഷ്യം. മുറി സാവധാനം തുറന്ന് അകത്തുകയറിയ അവരെ നോക്കി ആ യന്ത്രം കൈ മാടി വിളിച്ചുവോ? പതിയെ അവര്‍ അതിനകത്തുകയറി സ്വിച്ചുകള്‍ ഓരോന്നായി അമര്‍ത്തി. ഒരു പ്രകാശവലയം അവര്‍ക്കുമുന്നില്‍ ദൃശ്യമായി. ഇനിയെങ്ങോട്ടായിരിക്കും അവരുടെ പോക്ക്? ശിങ്കിതം ശ്രീനിവാസ റാവു തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദിത്യ 369 ലെ സംഭവബഹുലമായ രംഗങ്ങളുടെ തുടക്കമായിരുന്നു അത്.

തെലുങ്ക് സിനിമകളുടെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു പേര്. അതാണ് ആദിത്യ 369. ടോളിവുഡിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന ഖ്യാതിയുമായി 1991 ലാണ് ആദിത്യയുടെ വരവ്. അന്നത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ എത്തിയ ചിത്രം വന്‍ വിജയവുമായിരുന്നു. പ്രൊഫസര്‍ രാംദാസ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍ നിര്‍മിച്ച ടൈം മെഷിനില്‍ അകപ്പെടുന്ന രാംദാസിന്റെ മകളായ ഹേമയും കാമുകനായ കൃഷ്ണകുമാറും ഒരു പോലീസ് കോണ്‍സ്റ്റബിളും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആകെ തുക. മൂന്ന് കാലങ്ങളിലായി നടക്കുന്ന സിനിമയില്‍ തിരക്കഥ ആവശ്യപ്പെടുന്ന സജ്ജീകരണങ്ങളാണുള്ളത്. ടൈം മെഷിനില്‍ കയറി മൂവര്‍ സംഘമെത്തുന്ന കൃഷ്ണ ദേവരായരുടെ രാജഭരണ കാലത്താണ്. കൊട്ടാരത്തിലെ അമൂല്യമായ ഒരു രത്‌നത്തിന് മൂന്ന് കാലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. ഈ രത്‌നവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.

ടൈം ട്രാവല്‍ എന്ന ഘടകത്തിനൊപ്പം ഒരു എന്റര്‍ടെയിനറിന് വേണ്ട എല്ലാം സമാസമം ചേര്‍ത്ത് തയാറാക്കിയ വിഭവമാണ് ആദിത്യ 369 എന്ന് നിസംശയം പറയാം. സമ്പത്തിനോടുള്ള മനുഷ്യന്റെ അദമ്യമായ മോഹം എന്ന വസ്തുതയുടെ വിവിധ മുഖങ്ങളാണ് മൂന്ന് കാലങ്ങളിലും സംവിധായകന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വര്‍ത്തമാനകാലത്തെ അപേക്ഷിച്ച് ഏറെ രസകരം ഭൂതകാലമാണ്. കൃഷ്ണദേവരായരുടെ സഭയില്‍ തെനാലി രാമന്‍ എഴുതിയ പുതിയ കവിതയുടെ  പൂര്‍ണരൂപം അവതരിപ്പിക്കുന്നതും ഇതേ സഭയില്‍ രാജനര്‍ത്തകിയെ തോല്‍പ്പിക്കാന്‍ പാശ്ചാത്ത്യ നൃത്തം അവതരിപ്പിക്കുന്നതും കൗതുകത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ഭാവിയില്‍ ഭൂമുഖമാകെ ആണവ വികിരണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന മുന്നറിയിപ്പും ചിത്രം നല്‍കുന്നുണ്ട്.

ഹൈദരാബാദിലെ അന്നപൂര്‍ണാ സ്റ്റുഡിയോയിലായിരുന്നു കൃഷ്ണദേവരായുടെ കൊട്ടാരം സെറ്റിട്ടത്. പെകേതി രംഗയായിരുന്നു കലാസംവിധായകന്‍. ഭാവികാലത്തിലെ സാങ്കല്‍പ്പികലോകം സൃഷ്ടിച്ചത് മദ്രാസിലെ വി.ജി.പി ഗോള്‍ഡന്‍ ബീച്ചിലായിരുന്നു. മദ്രാസിലെ തന്നെ വാഹിനി സ്റ്റുഡിയോയിലായിരുന്നു ടൈം മെഷിന്റെ ഭാഗങ്ങള്‍ സെറ്റിട്ടത്. മെഷീനില്‍ കയറി നായകനും നായികയും ഭൂതകാലത്തില്‍ ഇറങ്ങുന്ന രംഗങ്ങള്‍ ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ തലകോണ കാടുകളിലായിരുന്നു. വെള്ളച്ചാട്ടങ്ങളും വന്യജീവികളുടെ സാന്നിധ്യവുമുള്ള ഈ കാടിനെ 1989-ലാണ് ജൈവമണ്ഡല സംവരണ മേഖലയായി പ്രഖ്യാപിക്കുന്നത്. നിരവധി സഞ്ചാരികളാണ് ഇപ്പോഴും ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെയെത്തുന്നത്.

നന്ദാമുറി ബാലകൃഷ്ണയാണ് കൃഷ്ണദേവരായരും കൃഷ്ണകുമാറുമായെത്തുന്നത്. മോഹിനിയുടെ ആദ്യചിത്രം കൂടിയാണ് ആദിത്യ 369. തീര്‍ന്നില്ല, ടിനു ആനന്ദ്, അമരീഷ് പുരി, സോമയാജുലു, സില്‍ക്ക് സ്മിത, ബ്രഹ്മാനന്ദം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍. തെലുങ്കിലെ യുവതാരം തരുണും തമിഴിലും തെലുങ്കിലുമെല്ലാം പില്‍ക്കാലത്ത് നായികയായി തിളങ്ങിയ മന്ത്ര  (റാസി) എന്നിവര്‍ ബാലതാരങ്ങളായും ചിത്രത്തിലുണ്ട്.  അണിയറയിലുമുണ്ട് മഹരഥന്മാരുടെ സാന്നിധ്യം. ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം ഇളയരാജ. സുന്ദരം, പ്രഭു എന്നിവരായിരുന്നു നൃത്തസംവിധാനം. സംഘട്ടനം വിക്രം ധര്‍മ.

വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും ഏറെ പ്രത്യേകതകളുണ്ട് ആദിത്യ 369-ന്. പേരില്‍ നിന്ന് തന്നെ തുടങ്ങാം. സമയവും സൂര്യനുമായി ഏറെ ബന്ധമുണ്ട്. ആ അര്‍ത്ഥത്തിലാണ് ചിത്രത്തിന്റെ പേരിന്റെ തുടക്കം ആദിത്യ എന്നാക്കിയത്. ടൈം മെഷീന്റെ നമ്പറായ 369-ലെ 36 സൂചിപ്പിക്കുന്നത് സംവിധായകന്‍ ശിങ്കിതം ശ്രീനിവാസ റാവുവിന്റെ 36-ാമത്തെ ചിത്രം എന്നാണ്. 9 ആകട്ടെ നന്ദാമുറി കുടുംബത്തിന്റെ ഭാഗ്യനമ്പറും. മൂന്ന് ഛായാഗ്രാഹകരാണ് ആദിത്യയുടെ സഞ്ചാരം പകര്‍ത്തിയത്. സിനിമയുടെ കുറച്ച് ഭാഗത്തിന് ക്യാമറ ചലിപ്പിച്ചത് പി.സി.ശ്രീറാമായിരുന്നു. വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടത് വി.എസ്.ആര്‍. സ്വാമി​യുടെ ക്യാമറക്കണ്ണിലൂടെയായിരുന്നു. ശേഷിക്കുന്ന ഭാഗങ്ങള്‍ പകര്‍ത്തിയതാകട്ടെ കബീര്‍ ലാലും.

ചിത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലെത്തിയ ടിനു ആനന്ദിന് ശബ്ദം നല്‍കിയത് എസ്.പി.ബാലസുബ്രഹ്മണ്യമായിരുന്നു. മോഹിനിക്ക് ഡബ്ബ് ചെയ്തത് എസ്.പി.ഷൈലജയും. നേരത്തെ വിജയശാന്തിയേയായിരുന്നു നായികയായി ഉദ്ദേശിച്ചിരുന്നതെങ്കിലും അവരുടെ തിരക്ക് കാരണം നറുക്ക് മോഹിനിക്ക് വീഴുകയായിരുന്നു. പി.സി.ശ്രീറാമാണ് മോഹിനിയുടെ പേര് സംവിധായകന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. അന്ന് 1.60 കോടി രൂപ മുടക്കിയെടുത്ത ചിത്രം വന്‍ വിജയമായിരുന്നു. തമിഴ് മൊഴിമാറ്റ പതിപ്പായ അപൂര്‍വശക്തി 369 -ഉം സൂപ്പര്‍ ഹിറ്റായി മാറി. ഹിന്ദിയിലേക്കും ആദിത്യ 369 മൊഴിമാറ്റം ചെയ്യപ്പെട്ടു. 

ആദിത്യ 369 ചിത്രം കാണാന്‍ ക്ലിക്ക് ചെയ്യുക

 

കടപ്പാട്: www.telugucinema.com