180 Southരോ യാത്രയ്ക്ക് പിന്നിലും ഒരു പ്രചോദനമുണ്ടാവും. അത് ചിലപ്പോള്‍ വ്യക്തിയാകാം. സംഭവങ്ങളാകാം. വെഞ്ചൂറയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഒറ്റലക്ഷ്യം മാത്രമേ ജെഫ് ജോണ്‍സണുണ്ടായിരുന്നുള്ളൂ. ചിലിയിലെ പാറ്റഗോണിയ. അവിടെയെത്താന്‍ ജെഫിനെ പ്രേരിപ്പിച്ചതാകട്ടെ 1968ല്‍ യുവോന്‍ ചൂയിനാര്‍ഡും ഡൗ ടോംപ്കിന്‍സും തങ്ങളുടെ ഫോര്‍ഡ് ഇ സീരീസ് ഇക്കണോമിക് വാനില്‍ നടത്തിയ യാത്രയും. ചരിത്രപ്രസിദ്ധമായ ഈ യാത്രയുടെ വേരുകള്‍ തേടിപ്പോയ ജെഫ് ജോണ്‍സണ്‍ ഒടുവിലെത്തിയത് പാറ്റഗോണിയയിലെ ക്രോക്കോവാഡോ അഗ്‌നിപര്‍വതം താണ്ടുക എന്ന തീരുമാനത്തിലേക്കായിരുന്നു.

ജെഫ് ജോണ്‍സന്റെ ആ യാത്രയേക്കുറിച്ച് ക്രിസ് മാലോയ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തുവന്ന ചിത്രമാണ് 180 ഡിഗ്രീ സൗത്ത്. യുവോനും ടോംപ്കിന്‍സും പണ്ട് പകര്‍ത്തിയ ദൃശ്യങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീടത് ജെഫ് ജോണ്‍സന്റെ ദൃശ്യങ്ങളിലേക്ക് വഴിമാറുന്നു. സര്‍ഫിങ്ങിലെ സാഹസികതയും കടല്‍ യാത്രയും മലകയറ്റവുമെല്ലാം ആ രംഗങ്ങളില്‍ കാണാം. തിരമാലകള്‍ക്കുള്ളിലൂടെയുള്ള ഷോട്ടുകള്‍ ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നു. യുവോനോടും ടോംപ്കിന്‍സിനോടും ചര്‍ച്ച ചെയ്ത ശേഷമാണ് ഒരു കൊച്ചു ബോട്ടില്‍ ജെഫ് ചിലിയിലേക്ക് യാത്ര തിരിക്കുന്നത്. 

ആരുടെ തൊടാത്ത പ്രകൃതിയെ തൊടാന്‍ എന്നാണ് ആ യാത്രയെ ജെഫ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്താകും എന്ന് എനിക്കറിയാം, എന്നാല്‍ സാധിച്ചാല്‍ അതിലൂടെ എന്റെ ഭാവി എഴുതപ്പെടുമെന്നും ജെഫ് പറയുന്നു. പാറ്റഗോണിയയിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ചിത്രം കാട്ടിത്തരുന്നു. ഇടയ്ക്ക് യുവോന്‍ നടത്തിയ പ്രശസ്തമായ എല്‍ കപിറ്റാന്‍ യാത്രയേക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ലോകത്തില്‍ കയറാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പാറക്കെട്ട് എന്ന ഖ്യാതിയുള്ള എല്‍ കപിറ്റാനെ യുവോന്‍ കീഴടക്കിയത് 1964ലാണ്. 

ചിലിയിലേക്കുള്ള യാത്രയ്ക്കിടെ ജെഫ് ഈസ്റ്റര്‍ ഐലന്‍ഡില്‍ ഏതാനും ദിവസം ചിലവഴിക്കുന്നുണ്ട്. ആയിരത്തോളം പടുകൂറ്റന്‍ ശിലാപ്രതിമകളാണിവിടുത്തെ പ്രത്യേകത. 1722ലെ ഈസ്റ്റര്‍ ദിനത്തില്‍ ഇവിടെയെത്തിയ ഡച്ച് നാവികനായ ജേക്കബ് റൊഗ്ഗിവീനാണ് ഈസ്റ്റര്‍ ദ്വീപ് എന്ന പേരിടുന്നതിന് പിന്നില്‍. രാപ്പാ ന്യൂയി എന്നാണ് തദ്ദേശീയര്‍ ദ്വീപിനെ വിളിക്കുന്നത്. പ്രതിമകള്‍ മാവോയി എന്നും അവയുടെ തൊപ്പികള്‍ പ്യൂകായോ എന്നും അറിയപ്പെട്ടു. ചിലിയില്‍ ഈ പ്രതിമകള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടു എന്നതിനുള്ള വിശദീകരണം ചിത്രത്തില്‍ നല്‍കുന്നുണ്ട്. കൂടാതെ ആ നാട്ടുകാര്‍ അവിടത്തെ നദികളെ എങ്ങനെ സംരക്ഷിക്കുന്നു എന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു. ഇവിടെ വച്ചാണ് സഹയാത്രികയായ മക്കോഹെയെ കണ്ടുമുട്ടുന്നതും.

ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകള്‍ തൊപ്പിവെച്ച വഴി

ചിലിയിലെ അല്‍ ഗരാബോയില്‍ സ്ഥാപിക്കപ്പെട്ട പള്‍പ്പ് ഫാക്ടറിയുണ്ടാക്കിയ ജലമലിനീകരണവും സിനിമയിലൂടെ പ്രേക്ഷകന് കാണാം. ഡാമുകള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളും അവയുടെ അന്ത്യവുമെല്ലാം ഡോക്യുമെന്ററിയില്‍ വ്യക്തമായി പറയുന്നുണ്ട്. ബേക്കര്‍ നദിയില്‍ സ്ഥാപിക്കാനൊരുങ്ങിയ അണക്കെട്ടിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭം ചിത്രത്തില്‍ എടുത്തു കാണിക്കുന്നുണ്ട്. സിന്‍ റിപ്രെസാസ് എന്ന പേരില്‍ അന്നാട്ടുകാര്‍ ഒരു സംഘടന രൂപീകരിച്ചു. 'ഡാമുകളില്ലാതെ' എന്നാണ് ഇതിന്റെ അര്‍ത്ഥം. ''അവരുടെ അധ്വാനവും ഭൂമിയോടു ചേര്‍ന്നുള്ള ലളിത ജീവിതവും കാട്ടുന്നത് പാരമ്പര്യത്തില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട് എന്നാണ്. ഒരു സ്ഥലം നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവിടം സംരക്ഷിക്കാനുള്ള ചുമതല കൂടി നിങ്ങള്‍ക്കുണ്ട്. ഒരു സ്ഥലത്തെ ഇഷ്ടപ്പെടണമെങ്കില്‍ ആ സ്ഥലത്തേക്കുറിച്ച് ആദ്യം അറിയണം''. ജെഫ് ജോണ്‍സന്റെ വാക്കുകളാണിത്.

ക്രാക്കവോഡോ അഗ്‌നിപര്‍വതം ജെഫ് കീഴടക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. യിവോന്‍ ചൂയിനാര്‍ഡ്, ഡൗ ടോംപ്കിന്‍സ്, ജെഫ് ജോണ്‍സണ്‍, കീത്ത് മാലോയ്, മക്കോഹെ, ടിമ്മി ഒനീല്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും. ഡാനിയല്‍ മോഡര്‍, ക്രിസ് മാലോയ്, റിക്ക് റിഡ്ജ്, സാക്കറി സ്ലോബിഗ്, സ്റ്റീവന്‍ ബരിലോറ്റി എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഡാനിയല്‍ മോഡര്‍. വേ ടിം ലൈഞ്ച്, എമ്മെ മാലോയ്, റിക്ക് റിഡ്ജ്‌വേ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു.