ല്ലിനിടയില്‍ കുടുങ്ങിയ കൈപ്പത്തി പുറത്തെടുക്കാന്‍ ആ ചെറുപ്പക്കാരന്‍ ആവതും ശ്രമിച്ചു. പക്ഷേ കല്ലിന് ഒരിഞ്ചുപോലും അനക്കം തട്ടിയില്ലെന്നു മാത്രമല്ല, കയ്യുടെ വേദന കൂടുകയും ചെയ്തു. വേറെ വഴിയില്ലാതെ അയാള്‍ കരുതിയിരുന്ന കൊച്ചുകത്തിയെടുത്ത് സ്വന്തം കൈ പതിയെ മുറിക്കാന്‍ തുടങ്ങി. രക്തവും മാംസവും ആ കുടുസ്സായ ഗുഹയ്ക്കുള്ളില്‍ ഇറ്റുവീണു. ഒരാര്‍ത്തനാദം അയാളുടെ തൊണ്ടയില്‍ നിന്ന് പുറത്തേക്ക് തെറിച്ചു.

സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ഓസ്‌കാര്‍ ചിത്രത്തിന് ശേഷം ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ചിത്രമാണ് 127 അവേഴ്‌സ്. പടിഞ്ഞാറന്‍ അമേരിക്കയിലെ യുടായിലെ കാനന്‍ലാന്‍ഡ്‌സ് നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടിനിടയില്‍ അകപ്പെട്ട ആരോണ്‍ റാള്‍സ്റ്റന്റെ കഥയാണ് 127 അവേഴ്‌സ്. സര്‍വൈവല്‍ ഡ്രാമയെന്നോ സെമി ട്രാവല്‍ മൂവിയെന്നോ ഒക്കെ വിളിക്കാവുന്ന ചിത്രം റാള്‍സ്റ്റന്‍ തന്നെ പില്‍ക്കാലത്ത് എഴുതിയ ബിറ്റ്വീന്‍ എ റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലേസ് എന്ന കൃതിയെ ആധാരമാക്കിയാണ്. ഓഹിയോയിലെ മാരിയോണില്‍ 1975 ഒക്ടോബര്‍ 27-നായിരുന്നു ആരോണിന്റെ ജനനം. കേവലം ഒരു യാത്രികന്‍ മാത്രമായിരുന്നില്ല ആരോണ്‍. മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിരുന്ന അദ്ദേഹം പക്ഷേ കൂടുതല്‍ പ്രശസ്തനാവുന്നത് 2003-ല്‍ നടന്ന ആ അപകടത്തിലൂടെയാണ്.

യുടായിലെ ബ്ലൂ ജോണ്‍ കാനിയനിലൂടെയുള്ള യാത്രയ്ക്കിടെ ആരോണിന്റെ വലതുകൈ ഒരു പാറയിടുക്കില്‍ മറ്റൊരു പാറവീണ് കുടുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെടാന്‍ പല വഴിയും നോക്കി. രക്ഷയില്ല. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയിലും തന്റെ അവസ്ഥ അയാള്‍ കയ്യിലെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടു. കയ്യിലെ വെള്ളവും ഭക്ഷണവും തീര്‍ന്നുതുടങ്ങി. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വന്തം മൂത്രം വരെ കുടിക്കേണ്ടി വന്നു ആരോണിന്. രക്ഷപ്പെടാന്‍ വേറെ ഒരു വഴിയുമില്ലെന്നായപ്പോള്‍ കൈപ്പത്തിക്ക് മുകളില്‍ വച്ച് മുറിച്ചുമാറ്റാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ഒരുവേള സ്വന്തം മരണം പോലും അദ്ദേഹം ഗുഹയിലെ ചുമരില്‍ കോറിയിട്ടു. എങ്ങോട്ടാണ് പോകുന്നതെന്ന് മുമ്പൊരിക്കലും ആരോടും പറഞ്ഞിട്ടില്ലാത്ത റാള്‍സ്റ്റണ് ആ അപകടം ഒരു തിരിച്ചറിവായിരുന്നു. ഗുഹയ്ക്കകത്ത് കണ്ട ഭ്രമാത്മകമായ കാഴ്ചകളാണ് അതിന് കാരണം.

ദിവസങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്ക് ശേഷം കൈ മുറിച്ചുമാറ്റിക്കൊണ്ടുതന്നെ ആരോണ്‍ രക്ഷനേടി. ഒറ്റക്കൈകൊണ്ട് 65 അടി ഉയരമുള്ള പാറക്കെട്ട് താണ്ടി താഴെയെത്തിയ ഇദ്ദേഹം ചെന്നെത്തുന്നത് ഒരു കുടുംബത്തിന്റെ മുന്നിലേക്കാണ്. ഇവരാണ് അധികൃതരെ വിവരമറിയിക്കുന്നതും ആശുപത്രിയിലെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതും. 2009-ല്‍ ആരോണ്‍ ജസീക്ക ട്രസ്റ്റിയെ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട് ഈ ബന്ധത്തില്‍. 2011-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അപകടത്തിന് ശേഷവും ആരോണിന്റെ യാത്രാഭ്രമം മാറിയില്ല. 2005-ല്‍ കൊളറാഡോയിലെ ഫോര്‍ട്ടീനേഴ്‌സ് കൊടുമുടി കയറിയ ആദ്യ വ്യക്തിയായി ആരോണ്‍ റാള്‍സ്റ്റണ്‍ മാറി. 2008-ല്‍ ചിലിയിലെ ഓജോ ഡെല്‍ സലാഡോയും അര്‍ജന്റീനയിലെ മോണ്ട് പിസിസ്സും ആരോണിന്റെ കാല്‍ക്കീഴിലമര്‍ന്നു.

സംവിധായകന്‍ ഡാനി ബോയിലും സൈമണ്‍ ബീഫോയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ബ്ലൂ ജോണ്‍ കാനിയന്റെ ഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് അന്തോണി ഡോഡ് മാന്റിലും ആംബര്‍ ടാംബ്ലിനും. കുഴിയില്‍പ്പെട്ടുകിടക്കുന്ന ആരോണിന്റെ മുഖത്തുനിന്നും ഉയര്‍ന്ന് ചുവന്നു തുടുത്ത് കിടക്കുന്ന ബ്ലൂ ജോണ്‍ കാനിയന്‍ പ്രദേശമാകെ കാണിക്കുന്ന വിധത്തിലുള്ള സിഗിള്‍ ഷോട്ട് അതിനുദാഹരണമാണ്. യുടായിലെ ഹോംസ്‌റ്റെഡ് ക്രേറ്റര്‍ എന്ന സ്പായിലാണ് യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സഹയാത്രികരായ പെണ്‍കുട്ടികള്‍ക്കൊപ്പം ആരോണ്‍ നീന്തിത്തുടിക്കുന്ന ഭൂഗര്‍ഭ തടാകമുള്ളത്. അപകടത്തിന് ശേഷം പുറത്തുകടക്കുന്ന ആരോണ്‍ കാണുന്നത് ചുവന്ന പാറക്കൂട്ടങ്ങളുടെ ചുമരില്‍ കാണുന്ന ആള്‍രൂപങ്ങളാണ്. ഇതേ പാര്‍ക്കിലെ ഹോഴ്‌സ് ഷൂ കാനിയനാണത്. പാറക്കെട്ടുകളുടെ നിറത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നുകൂടി തവിട്ടുനിറമാര്‍ന്ന കലാരൂപങ്ങളാണിവ. ക്രിസ്തുവിന് ഏഴായിരം മുതല്‍ ഒമ്പതിനായിരം വര്‍ഷം മുമ്പേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്.

ആരോണ്‍ നേരിട്ട അപകടത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പ്രേക്ഷകനിലെത്തിക്കുന്നതില്‍ എ.ആര്‍.റഹ്മാന്റെ സംഗീതം വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല. കത്തിയുപയോഗിച്ച് കൈ മുറിക്കുമ്പോള്‍ ആ സാഹസികനായ യാത്രികന്‍ അനുഭവിച്ച വേദന എത്രമാത്രമാണെന്ന് കൃത്യമായി പ്രേക്ഷകനിലേക്കെത്തുന്നുണ്ട്. ജെയിംസ് ഫ്രാങ്കോയാണ് ആരോണ്‍ റാള്‍സ്റ്റണായി വേഷമിട്ടത്. ഈ വേഷം മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശത്തിനും അദ്ദേഹത്തെ കൊണ്ടെത്തിച്ചു. മികച്ച തിരക്കഥയ്ക്കും ഒറിജിനല്‍ സ്‌കോറിനുമുള്ള ഗോള്‍ഡന്‍ ഗ്ലോബിനും 127 നാമനിര്‍ദേശം ചെയ്യപ്പെട്ടു.

സിനിമയില്‍ വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമേയുള്ളൂ എന്നത് ഒരു പോരായ്മയായി ഒരിക്കലും അനുഭവപ്പെടില്ല. ആരോണിന്റെ ചിന്തകളാണ് സംഭാഷണമായി പാകപ്പെടുത്തിയിരിക്കുന്നത്. തികഞ്ഞ ശുഭാപ്തിവിശ്വാസിയും ആത്മധൈര്യമുള്ളവനുമാണ് ആ ചെറുപ്പക്കാരനെന്ന് സമര്‍ഥിക്കാന്‍ ഡാനി ബോയ്‌ലിനും കൂട്ടര്‍ക്കും സാധിക്കുന്നുണ്ട്. കൈ മുറിച്ചുമാറ്റാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വരുമ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറയുന്ന ഒരു വാചകമുണ്ട്. '' യാത്രയ്ക്ക് പോകുമ്പോള്‍ ഒരിക്കലും ചൈനീസ് ഉപകരണങ്ങള്‍ കയ്യില്‍ കരുതരുത്'' എന്ന്. ഈ രംഗം ഒന്നുമാത്രം മതി അദ്ദേഹത്തിന്റെ മനഃസാന്നിധ്യത്തിന്റെ തോത് അറിയാന്‍. ഏത് യാത്രയ്‌ക്കൊരുങ്ങുമ്പോഴും മനസിന്റെ പാകപ്പെടുത്തലാണ് പ്രധാനം എന്ന് പറയുന്നു 127 അവേഴ്‌സ്.

127 അവേഴ്‌സ് ട്രെയിലര്‍ കാണാം

അപകടത്തേക്കുറിച്ച് ആരോണ്‍ തന്നെ വിവരിക്കുന്നു