മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം

വിക്ടോറിയ വെള്ളച്ചാട്ടത്തെക്കുറിച്ചു ആദ്യമായി കേള്‍ക്കുന്നത് ലോകസഞ്ചാരിയും ആരാധ്യ പുരുഷനുമായ എസ് കെ പൊറ്റെക്കാട്ടിന്റെ വിവരണത്തിലൂടെയാണ്. പിന്നീട് അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിച്ച സക്കറിയയുടെ ആഫ്രിക്കന്‍ യാത്രയിലൂടെയും വിക്ടോറിയ വെള്ളച്ചാട്ടത്തെക്കുറിച്ചു ധാരാളം വായിക്കുകയുണ്ടായി. ഒരിക്കലും നേരിട്ട് കാണാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെങ്കിലും നേരിട്ട് കാണുവാനും അനുഭവിക്കുവാനും ഉള്ള ഭാഗ്യം ഉണ്ടായി.

എന്റെ യാത്ര തുടങ്ങുന്നത് ഉഗാണ്ടയിലെ എന്റബെയില്‍ നിന്നുമാണ്. അതിരാവിലെ പുറപ്പെട്ടു കെനിയ വഴി സിംബാബ്വെയിലുള്ള വിക്ടോറിയ ഫാള്‍സ് എയര്‍പോര്‍ട്ടില്‍ പത്തുമണിയോടെ എത്തിച്ചേര്‍ന്നു. വളരെ ചെറിയ എയര്‍പോര്‍ട്ട്. ഞങ്ങള്‍ വന്ന വിമാനമല്ലാതെ വേറെ ഒന്നുംതന്നെ കാണാനില്ല. ഇമിഗ്രേഷന്‍ ഓഫീസിലെത്തി വിസ എടുത്തു. 45 യു.എസ്.ഡി കൊടുത്താല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍-അറൈവല്‍ ഡബിള്‍ എന്‍ട്രി വിസ കിട്ടും. എയര്‍പോര്‍ട്ടില്‍ നിന്നും 20 മിനുറ്റ് യാത്രയുണ്ട് വിക്ടോറിയ ഫാള്‍സ് എന്ന പേരില്‍ തന്നെ അറിയപ്പെടുന്ന ടൗണിലേക്ക്. ഒരു ടാക്‌സിക്കാരനുമായി 20 യു.എസ്.ഡി ക്ക് കരാറുണ്ടാക്കി ഞാന്‍ ബുക്ക് ചെയ്തിരിക്കുന്ന ഷൂസ്ട്രിങ്‌സ് ബാക്ക്പാക്കേഴ്‌സ് ലോഡ്ജിലേക്ക് തിരിച്ചു. ലോഡ്ജില്‍ ചെന്നപ്പോള്‍ തന്നെ Mosi-oa-Tunya (the smoke that thunders) എന്ന പേര് പോലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ പതിയാന്‍ തുടങ്ങി.

Victoria Fall 1

വിക്ടോറിയ വെള്ളച്ചാട്ടം

സിംബാബ്വെയുടെയും സാംബിയയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന, സാംബേസി നദിയിലുള്ള വിക്ടോറിയ വെള്ളച്ചാട്ടം, പ്രകൃത്യാലുള്ള മഹാത്ഭുതങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. 1.7 കിലോമീറ്റര്‍ വീതിയും 100 മീറ്റര്‍ ആവറേജ് ആഴവും ഉണ്ട്. ലോസി ഭാഷയില്‍ Mosi-oa-Tunya (the smoke that thunders) എന്നാണ് വെള്ളച്ചാട്ടം അറിയപ്പെട്ടിരുന്നത്. 1855 ല്‍ ബിട്ടീഷ് മിഷനറിയും യാത്രികനുമായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണ്‍ ഈ വെള്ളച്ചാട്ടം കണ്ടുപിടിക്കുകയും ബ്രിട്ടീഷ് രാഞ്ജിയോടുള്ള ബഹുമാനാര്‍ത്ഥം ''വിക്ടോറിയ വെള്ളച്ചാട്ടം'' എന്ന പേരുനല്‍കുകയും ചെയ്തു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വെള്ളത്തിന്റെ അളവ് വരെ കൂടുതല്‍ ആയിരിക്കും. ബാക്കിയുള്ള സമയം വെള്ളത്തിന്റെ അളവ് കുറവും. വെള്ളം കുറയുമ്പോഴാണ് ഫാള്‍സ് കാണുവാന്‍ ഏറ്റവും നല്ലത്. വെള്ളം കൂടുമ്പോള്‍ അവിടെയുണ്ടാകുന്ന ചാറ്റല്‍ വിക്ടോറിയ ഫാള്‍സ് ടൗണിനെ തന്നെ മൂടാറുണ്ടത്രെ.

Victoria Fall 2

ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി. ടൗണിലേക്ക് ഞാന്‍ താമസിക്കുന്നിടത്തുനിന്നും വെറും 500 മീറ്റര്‍ ദൂരമേ ഉള്ളു. വിക്ടോറിയ ഫാള്‍സ് ടൗണ്‍ എന്നൊന്നും പറയാന്‍ ഇല്ല, അത്രയും ചെറുതാണ്. എവിടെ നോക്കിയാലും ടൂറിസ്റ്റ് ആക്ടിവിറ്റികള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ കാണാം. വിമാനത്തിലെ ഭക്ഷണമൊക്കെ കണക്കായിരുന്നതിനാല്‍ നല്ല വിശപ്പു തോന്നി. അടുത്തുകണ്ട പിസ ഇന്നില്‍ കയറി ഒരു പിസ കഴിച്ചു. ഡോളറിലോ ബോണ്ട് നോട്ടിലോ പണം കൊടുക്കാം. ഒരു ഡോളര്‍ ഒരു ബോണ്ടിന് തുല്യം എന്നാണ്. എങ്കിലും മൂന്ന് ബോണ്ട് കൊടുത്താലേ ഒരു ഡോളര്‍ കിട്ടുകയുള്ളു. സിംബാബ്വെ ഇന്ന് കടുത്ത രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം കടുത്ത ക്ഷാമം ആണ്. പെട്രോളും, ഡീസലിനും ഒക്കെ ക്ഷാമം തന്നെ. പെട്രോള്‍ സ്റ്റേഷനിലൊക്കെ കിലോമീറ്ററുകള്‍ നീളുന്ന വരികള്‍. സ്റ്റേഷനില്‍ മൂന്ന് ഡോളറിനുകിട്ടുന്ന പെട്രോള്‍ നാലുതൊട്ട് അഞ്ചു ഡോളര്‍ വരെ കൊടുത്താല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ കിട്ടും. ഇന്ന്, പൊറ്റെക്കാട്ട് കണ്ട റൊഡേഷ്യയില്‍ നിന്നും സക്കറിയ കണ്ട സിംബാബ്വെയില്‍ നിന്നും ഒക്കെ വളരെയധികം മാറിയിരിക്കുന്നു.

Victoria Falls

ഭക്ഷണശേഷം ഒരു സിം കാര്‍ഡും വാങ്ങി, അടുത്തുകണ്ട ഒരു ഏജന്‍സിയില്‍ ചെന്ന് എന്തൊക്കെ കാണാനും ചെയ്യാനുമുണ്ട് എന്നൊരു അന്വേഷണം നടത്തി, താഴെ പറഞ്ഞിരിക്കുന്നതുപോലെ ഒരു പ്ലാന്‍ തയാറാക്കി.

ദിവസം 1 : ഹെലികോപ്റ്റര്‍ ടൂര്‍ 
ദിവസം 2 : വിക്ടോറിയ ഫാള്‍സ് സന്ദര്‍ശനം - സാംബിയ & ബങ്കീ ജമ്പിങ്
ദിവസം 3 : ചോബെ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനം - ബോട്‌സ്വാന 
ദിവസം 4 : വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് & സാംബേസി റിവര്‍ ക്രൂയിസ്
ദിവസം 5 : വിക്ടോറിയ ഫാള്‍സ് സന്ദര്‍ശനം - സിംബാബ്വെ & ബിഗ് ട്രീ സന്ദര്‍ശനം 
ഇതൊക്കെ കൂടാതെ സിപ് ലൈന്‍, സ്വിങ് , ലയണ്‍ വാക്ക്, ചീറ്റ വാക്, ഫിഷിങ് അങ്ങിനെ മറ്റു ധാരാളം കാര്യങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

Victoria Fall 3

ഹെലികോപ്റ്റര്‍ ടൂര്‍

War Memorialഏജന്‍സിയില്‍ നിന്നുതന്നെ ഹെലികോപ്റ്റര്‍ ടൂര്‍ ബുക്ക് ചെയ്യുകയും ചെയ്തു. ഹോട്ടലിലെത്തി കുറച്ചു വിശ്രമിച്ചപ്പോഴേക്കും ഹെലികോപ്റ്റര്‍ ടൂറിനു കൊണ്ടുപോകാന്‍ വണ്ടിയെത്തി. എന്നെ കൂടാതെ ഒരു കൊറിയന്‍ ഫാമിലിയും ഒരു ഇറ്റലിക്കാരനും ആണ് കൂടെയുള്ളത്. കൊറിയന്‍ ഫാമിലി നാട്ടില്‍ ഒരു ബിസിനസ് നടത്തുന്നു. ഇറ്റലിക്കാരന് ഐസ്‌ക്രീം വില്‍പ്പനയാണ്. ഐസ്‌ക്രീം ഷോപ് ബന്ധുവിനെ ഏല്പിച്ചു ആഫ്രിക്കന്‍ പര്യടനത്തിന് തിരിച്ചിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ടൂര്‍ അതിമനോഹരമായൊരു അനുഭവമായിരുന്നു. വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ആകാശദൃശ്യം അതി ഗംഭീരം എന്നുവേണം പറയാന്‍. 150 ഡോളര്‍ ഹെലികോപ്റ്റര്‍ ടൂര്‍ ഫീ കൂടാതെ ഫോട്ടോക്കും വിഡിയോക്കുമായി 50 ഡോളര്‍ കൂടി മുടക്കേണ്ടി വന്നു. തിരിച്ചു ഹോട്ടലില്‍ എത്തി നേരത്തെ ഭക്ഷണവും കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു.

വിക്ടോറിയ ഫാള്‍സ് സന്ദര്‍ശനം - സാമ്പിയ

അടുത്ത ദിവസം രാവിലെ തന്നെ ഉണര്‍ന്നു ഭക്ഷണവും കഴിച്ചശേഷം വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ സാംബിയയില്‍ നിന്നുള്ള കാഴ്ച കാണുവാനായി തിരിച്ചു. സാമ്പിയന്‍ അതിര്‍ത്തിയിലേക്ക് വിക്ടോറിയ ഫാള്‍സ് ടൗണില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. 20 ഡോളറിനു ടാക്‌സിയില്‍ എത്തിച്ചേരാം. ഞാന്‍ നടക്കാന്‍ തീരുമാനിച്ചു. കുറച്ചു നടന്നപ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. ബ്രയാന്‍ എന്നാണ് പേര്. ആള് ഡ്രൈവര്‍ ആണ്. ജോലി കുറവുള്ളപ്പോള്‍ സാമ്പിയയില്‍ പോയി കൊക്കോകോള വാങ്ങി സിംബാബ്വെയില്‍ കൊണ്ടുവന്നു വില്‍ക്കും. അതിര്‍ത്തി കടത്തിത്തരാന്‍ ഒരു സൈക്കിള്‍ കാരന് ഒരു ഡോളര്‍ ആണ് ഫീസ്. ഒരു ക്രെറ്റര്‍ സിംബാബ്വെയില്‍ എത്തുമ്പോള്‍ നാലിരട്ടി ലാഭം കിട്ടും. ഞാന്‍ സിംബാബ്വെ ബോര്‍ഡറില്‍ എക്‌സിറ്റ് അടിച്ചു, ബ്രയനുമായി ചേര്‍ന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചൊക്കെ സംസാരിച്ചു നടന്നുകൊണ്ടു വിക്ടോറിയ ഫാള്‍സ് പാലത്തില്‍ എത്തിച്ചേര്‍ന്നു.

Victoria Fall 4

വിക്ടോറിയ ഫാള്‍സ് ബ്രിഡ്ജ് 

സിംബാബ്വെയെയും സാമ്പിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് വിക്ടോറിയ ഫാള്‍സ് ബ്രിഡ്ജ് ആണ്. 198 മീറ്റര്‍ നീളവും 128 മീറ്റര്‍ ആഴവുമുള്ള ഈ പാലത്തില്‍ കൂടി ഒരു റെയില്‍ പാതയും കടന്നു പോകുന്നുണ്ട്. സെസില്‍ റോഡ്‌സിന്റെ കേപ്പ്-കെയ്‌റോ റെയില്‍വേ ആശയത്തില്‍ നിന്നാണിത് ഈ പാലം പിറവിയെടുക്കുന്നത്. എങ്കിലും ഈ പാലം പണി തുടങ്ങുന്നതിനും മുന്‍പേ, വിക്ടോറിയ വെള്ളച്ചാട്ടം പോലും നേരിട്ട് കാണാതെ അദ്ദേഹം മരണപ്പെട്ടു. 1904 ല്‍ തുടങ്ങിയ പാലം പണി 14 മാസം കൊണ്ട് തീര്‍ത്തു ,1905 ല്‍ ചാള്‍സ് ഡാര്‍വിന്റെ മകന്‍ ജോര്‍ജ് ഡാര്‍വിന്‍ ഉല്‍ഘാടനം ചെയ്തു. ലോകപ്രശതമായ “shearwater bungee jumping” ഈ പാലത്തില്‍ ആണുള്ളത്.

Bungee Jumping

Victoria Fallsപാലത്തില്‍ കുറച്ചുസമയം ചിലവഴിച്ചു ഞങ്ങള്‍ സാംബിയന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നു. സാമ്പിയയില്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ വേണം. ഞാന്‍ നേരത്തെ തന്നെ അപേക്ഷിച്ചു അപ്രൂവല്‍ ലെറ്റര്‍ കയ്യില്‍ കരുതിയിരുന്നു. ഒരു താമസവും കൂടാതെ സാമ്പിയന്‍ വിസ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തു തന്നു. ഞാന്‍ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ കവാടത്തിലേക്ക് തിരിയാന്‍ തുടങ്ങിയപ്പോഴാണ്, ബ്രയിനും വേണമെങ്കില്‍ കൂടെ വരാം, ഇന്ന് പ്രത്യേകിച്ചു പണിയൊന്നും ഇല്ല എന്ന് പറയുന്നത്. അങ്ങിനെ ഞാന്‍ പുള്ളിക്കും കൂടി എന്‍ട്രന്‍സ് ടിക്കറ്റ് എടുത്തു. എനിക്ക് 20 ഡോളറും ബ്രയാന് 10 ക്വച്ചയും ആണ് ആയത്.

കവാടത്തില്‍ നിന്നും ഒരു ചെറിയ മഴക്കാടിലേക്കാണ് പ്രവേശിക്കുന്നത്. എപ്പോഴും ഒരു ചാറ്റല്‍ അടിച്ചുകൊണ്ടിരിക്കും. ആവശ്യക്കാര്‍ക്കു മഴക്കോട്ടു വാടകക്കെടുക്കാം. ആദ്യമായി കാണുന്നത് വേള്‍ഡ് വാര്‍ മെമ്മോറിയല്‍ ആണ്. ഒന്നാം ലോക മഹാ യുദ്ധത്തില്‍ മരണപ്പെട്ട സാംബിയന്‍ പൗരന്മാരുടെ ഓര്‍മക്കായി നിര്‍മിച്ചിട്ടുള്ളൊരു സ്തൂപമാണിത്. കുറച്ചുകൂടി മുന്‍പോട്ടു പോയപ്പോള്‍ ''ബോയിലിംഗ് പോട്ട്'' എന്ന ബോര്‍ഡ് കണ്ടു അങ്ങോട്ട് തിരിച്ചു. ചെങ്കുത്തായ ഇറക്കമിറങ്ങി ചെല്ലുന്നത് 1 .7 കിലോമീറ്റര്‍ വീതിയില്‍ ഒഴുകുന്ന സാംബേസി നദി 100 മീറ്ററില്‍ താഴെ വീതിയുള്ള ഒരുടുക്കിലേക്കു ചുരുങ്ങുന്ന സ്ഥലത്തേക്കാണ്. ചുറ്റുമുള്ള ബസാള്‍ട് ശിലകളെ ഇടിച്ചു കറങ്ങിത്തിരിഞ്ഞ് അനേകം ചെറു ചുഴികള്‍ തീര്‍ത്തുകൊണ്ടു ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള യാത്ര തുടരുന്നു. സൂര്യപ്രകാശത്തില്‍ ചുറ്റിത്തിരിയുന്ന വെള്ളം തിളച്ചുമറിയുന്നതായി തോന്നുന്നതിനാല്‍ ആണ് ''ബോയിലിംഗ് പോട്ട്'' എന്ന പേര് വന്നത്. തിരിച്ചുള്ള കയറ്റം കുറച്ചു വിഷമകരം തന്നെയായിരുന്നു.

നൈഫ് എഡ്ജ് ബ്രിഡ്ജ് 

രണ്ടു ചെറിയ തുരുത്തുകള്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. പേരുപോലെതന്നെ വളരെ വീതി കുറഞ്ഞ ഒന്ന്. വീശിയടിക്കുന്ന ചാറ്റല്‍ മഴയില്‍ പലപ്പോഴും പാലം അപ്രത്യക്ഷമാവുന്നു. പാലം കടന്നു ചെല്ലുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ച വിവരണാതീതമാണ്.

റെയിന്‍ബോ ഫാള്‍സ്

ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്തു പേര് സൂചിപ്പിക്കുന്നതുപോലെ എപ്പോഴും മനോഹരമായ ഒരു മഴവില്ലിന്റെ അകമ്പടിയുണ്ട്. സാമ്പിയന്‍ ഭാഗത്തു ഏറ്റവും മനോഹരമായി, അതോടൊപ്പം ഭയാനകവും ആയി എനിക്ക് അനുഭവപ്പെട്ടത് ഇവിടം ആണ്. ശക്തമായ കാറ്റില്‍ വീശിയടിക്കുന്ന ചാറ്റല്‍ മഴ മനസിലും കുളിമഴ പെയ്യിക്കുന്നു.

ഉച്ചയോടുകൂടി പാര്‍ക്കിനു പുറത്തെത്തിയ ഞങ്ങള്‍ ഒരു ടാക്‌സിയില്‍ സാംബിയന്‍ സൈഡിലുള്ള ''ലിവിങ്സ്റ്റണ്‍'' എന്ന ടൗണ്‍ കാണാനായി തിരിച്ചു. 20 ഡോളറിനു ടൗണ്‍ കാണിച്ചു തിരിച്ചു അതിര്‍ത്തിയില്‍ കൊണ്ടുവിടും. ലിവിങ്സ്റ്റണ്‍, വിക്ടോറിയ ഫാള്‍സ് ടൗണിനെക്കാളും വലുതാണ്. ലിവിങ്സ്റ്റണ്‍ പോസ്റ്റോഫീസില്‍ പോയി സുഹൃത്തിനു ഒരു കാര്‍ഡ് അയച്ചു. തിരിച്ചു വരുമ്പോള്‍ ''അവാനി'' എന്ന ഹോട്ടലില്‍ വെറുതെ കയറി. അവിടെനിന്നും ഉള്ള സാംബേസി നദിയുടെ കാഴച മനോഹരമാണ്. കൂടാതെ ജലവിതാനം കുറയുമ്പോള്‍, ലോകപ്രശസ്തമായ ''ഡെവിള്‍സ് പൂളിലേക്ക്'' പോകുന്നതും ഇവിടെനിന്നാണ്. വഴിയില്‍, ഏറ്റവും ജലവിതാനം ഉയര്‍ന്നതു അടയാളപ്പെടുത്തി വച്ചിരിക്കുന്ന ഫലകം കാണാം.

തിരിച്ചു വീണ്ടും സാമ്പിയന്‍ അതിര്‍ത്തിയില്‍ എന്‍ട്രി അടിച്ചു സിംബാബ്‌വെയിലേക്കു കടന്നു. ബങ്കീ ജമ്പിങ് നടത്താനായി വിക്ടോറിയ ഫാള്‍സ് പാലത്തിലേക്ക് നടന്നു.

Bungee Jumping 2

വിക്ടോറിയ ഫാള്‍സ് ബങ്കീ ജമ്പിങ്

സാംബിയയുടെയും സിംബാബ്വെയുടെയും മധ്യത്തിലുള്ള വിക്ടോറിയ ഫാള്‍സ് പാലത്തിലാണ് ഷിയര്‍വാട്ടര്‍ എന്ന കമ്പനി നടത്തുന്ന ബങ്കീ ജമ്പിങ് ഉള്ളത്. 111 മീറ്റര്‍ ആണ് ഉയരം. മനോഹരമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും, സാംബേസി നദിയുടെ മുകളിലായി നിര്‍മിച്ചിരിക്കുന്ന പാലത്തില്‍ നിന്നും ലഭിക്കും. സാഹസപ്രിയര്‍ക്കു തീര്‍ച്ചയായും ശ്രമിച്ചു നോക്കാവുന്ന ഒന്നാണ് ബങ്കീ ജമ്പിങ്. 160 യു.എസ്.ഡി ആണ് ഫീസ്. കൂടാതെ വിഡിയോക്കും ഫോട്ടോക്കും 50 ഡോളറും.

Bungee Jumping 3

ബ്രയനോട് യാത്രയും പറഞ്ഞു, വൈകുന്നേരത്തോടെ ഹോട്ടലില്‍ തിരിച്ചെത്തി. പുള്ളി വേണ്ടെന്നു പറഞ്ഞെങ്കിലും ഞാന്‍ 20 ഡോളര്‍ കൊടുത്തു. വളരെ സന്തോഷത്തോടെ ആണ് പോയത്. ബിഗ് ട്രീ കാണിക്കുവാന്‍ കൊണ്ടുപോകാമെന്ന് ഏറ്റിട്ടാണ് ബ്രയാന്‍ പോയത്. അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞു ഹോട്ടലിലേക്ക് നടക്കുമ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ കൂടെ കൂടി. അവരുടെ കയ്യില്‍ പഴയ നോട്ടുകള്‍ ഉണ്ടത്രേ. മില്യണ്‍ ന്റെയും ട്രില്ല്യണിന്റേയുമൊക്കെ നോട്ടുകള്‍. കുറച്ചു വിലപേശലിനുശേഷം ഞാനും കുറച്ചു വാങ്ങി ഒറ്റദിവസം കൊണ്ടൊരു ട്രില്ലിയണെയര്‍ ആയി മാറി.

ചോബെ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനം - ബോട്‌സ്വാന

ഞാന്‍ ഉഗാണ്ടയില്‍ നിന്നുതന്നെ ബുക്ക് ചെയ്തിരുന്ന ഒന്നാണ് ഇത്. ബോട്‌സ്വാന വിസ നേരത്തെ തന്നെ എടുക്കേണ്ടതുണ്ട്. ടൂര്‍ കമ്പനി അയച്ച വണ്ടി എന്നെ 45 കിലോമീറ്റര്‍ ദൂരെയുള്ള ബോട്‌സ്വാന അതിര്‍ത്തിയില്‍ എത്തിച്ചു. അവിടെ എക്‌സിറ്റ് അടിച്ചു മറ്റൊരു വണ്ടിയില്‍ പാര്‍ക്കിലേക്ക് തിരിച്ചു. കൂടെ ഒരു കൊറിയന്‍ ഫാമിലി ആണ് ഉള്ളത്. സൗത്താഫ്രിക്കയില്‍ ഒരു ടൂര്‍ കമ്പനി നടത്തുകയാണ്. ബോട്‌സ്വാനയിലെ അവസരങ്ങളൊക്കെ മനസിലാക്കുക കൂടിയാണ് അവരുടെ ലക്ഷ്യം.

Victoria Fall 5

ധാരാളം ആനകളെ കണ്ടതൊഴിച്ചാല്‍ പാര്‍ക്ക് യാത്ര ബോറിങ് ആയിരുന്നു എന്ന് പറയാം. ഉച്ചക്ക് ഭക്ഷണവും കഴിച്ചു ചോബെ നദിയിലൂടെയുള്ള ബോട്ടിങ്ങിനായി തിരിച്ചു. ബോട്ടിംഗ് വളരെ നന്നായിരുന്നു. ചോബെ നദിയുടെ മറുവശം നമീബിയ ആണ്. അവിടെയുള്ള ഒരു ദ്വീപിനുവേണ്ടി ബോട്‌സ്വാനയും നമീബിയയും കുറേക്കാലം പോരടിച്ചിരുന്നു. ഐക്യരാഷ്ട്രസഭ ഇടപെട്ടു, പ്രശനം പരിഹരിക്കുകയാണുണ്ടായത്. മുതലകള്‍, ഹിപ്പോകള്‍, വിവിധയിനം പക്ഷികള്‍, ആനകള്‍, കുടു എന്ന പ്രത്യേകയിനം മാനുകള്‍ ഒക്കെ ഈ യാത്രയില്‍ കാണുകയുണ്ടായി. വൈകുന്നേരത്തോടെ തിരിച്ച് അതിര്‍ത്തിയിലെത്തി, വീണ്ടും ഒരു ഡബിള്‍ എന്‍ട്രി വിസയും വാങ്ങി ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചു. ടൂര്‍ ഫീ 160 ഡോളറും വിസ ഫീ 50 ഡോളറുമാണ് ചിലവായത്.

Victoria Falls 6

വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്

രാവിലെ തന്നെ ടൂര്‍ കമ്പനിയുടെ വണ്ടി വന്നു എന്നെ അവരുടെ ഓഫീസിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ സൗത്താഫ്രിക്കയില്‍ നിന്നും വന്ന ഒരു ഗ്രൂപ്പും രണ്ടു സിംബാബ്വെ പെണ്‍കുട്ടികളും ഒരു ഫ്രഞ്ച് ഫാമിലിയും ഉണ്ടായിരുന്നു. മൊത്തം 14 പേര്‍. അവിടെ വച്ച് ഒരു ബേസിക് ട്രെയിനിങ് തന്നു. പിന്നീട് ഒരു വലിയ വണ്ടിയില്‍ നാഷണല്‍ പാര്‍ക്കിനുള്ളിലൂടെ റാഫ്റ്റിങ് നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു കുന്നിനു മുകളില്‍നിന്നും കുത്തനെയുള്ള ഒരു ഇറക്കമിറങ്ങി വേണം റാഫ്റ്റിങ്‌ന്റെ തുടക്ക സ്ഥലത്തെത്താന്‍. എല്ലാവര്‍ക്കും കുന്നിനു മുകളില്‍ വച്ച് ലൈഫ് ജാക്കറ്റും തുഴയും തന്നു. 15 മിനിറ്റ് ഇറക്കമിറങ്ങി ഞങ്ങള്‍ റാഫ്റ്റിംഗിന്റെ തുടക്കസ്ഥലത്തെത്തി.

Rafting 1

രണ്ടു റാഫ്റ്റ് ആണുള്ളത്. 7 പേരുള്ള രണ്ടു ഗ്രൂപ്പായി ഞങ്ങളെ തിരിച്ചു. ഓരോ റാഫ്റ്റിലും ഞങ്ങളെക്കൂടാതെ ഗൈഡും കൂടെത്തന്നെ ചെറിയൊരു കായാക്കില്‍ എമര്‍ജന്‍സി ഗൈഡും ആണുള്ളത്. ആദ്യത്തെ 10 മിനുറ്റ് ട്രെയിനിങ് ആയിരുന്നു. വെള്ളം കുറവുള്ളപ്പോള്‍ ഒന്നുതൊട്ടു 19 വരെയുള്ള റാപ്പിടുകളും കൂടുതല്‍ ഉള്ളപ്പോള്‍ 11 തൊട്ടു 24 വരെയുള്ള റാപ്പിഡുകളുമാണ് റാഫ്റ്റ് ചെയ്യുന്നത്. ഞങ്ങളുടെ തുടക്കം 11 ല്‍ ആണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭമാണ് സാംബേസി നദിയിലെ റാഫ്റ്റിങ്. ശരിക്കും ത്രില്ലിംഗ്. ഓരോ റാപ്പിഡുകളും ഞങള്‍ ശരിക്കും ആസ്വദിച്ചു. ഇതിനിടക്ക് ഒരു സിംബാബ്വെ പെണ്‍ക്കുട്ടി പേടിച്ചു തിരിച്ചു പോകണം എന്നുപറഞ്ഞു കരച്ചിലായി. തിരിച്ചുപോകാന്‍ യാതൊരുവിധ വഴികളും ഇല്ല എന്നതിനാല്‍ വീണ്ടും പുള്ളിക്കാരി പെട്ടെന്ന് തീരണേ എന്ന പ്രാര്‍ത്ഥനയുമായി കൂടി. 17-ാ മത്തെ റാപ്പിഡില്‍ വച്ച് ഞാനും മറ്റു രണ്ടുപേരുമൊഴികെ ഗൈഡ് ഉള്‍പ്പെടെ എല്ലാവരും വെള്ളത്തില്‍ വീണു. പേടിച്ചിരുന്ന പെണ്‍കുട്ടിയുടെ കാര്യം പറയണ്ടല്ലോ. ഇടയ്ക്കു നീന്തലും റാഫ്റ്റിംഗും ബസാള്‍ട് കല്ലില്‍ നിന്നുള്ള ചാട്ടവുമൊക്കെയായി ശരിക്കും ആസ്വദിച്ചു. റാഫ്റ്റിംഗിന് ശേഷം വീണ്ടും ഒരു മലകയറ്റം ആണ്. അവിടെ നല്ല ചില്‍ഡ് ബിയറും ലഞ്ചും കാത്തിരിക്കുന്നുണ്ടായിരുന്നു.

Rafting 2

ഈ ട്രിപ്പില്‍ ഏറ്റവും എനിക്കിഷ്ടപെട്ടത് ഈ റാഫ്റ്റിങ് ആയിരുന്നു. റാഫിങ് ഫീ 110 ഡോളറും വിഡിയോക്കും ഫോട്ടോക്കും കൂടി 50 ഡോളറും ആണ് ചിലവായത്. സാംബേസി നദിയില്‍ മുതലകളും ഹിപ്പോകളും ധാരാളമുണ്ട്. എങ്കിലും, റാഫ്റ്റിങ് നടത്തുന്നത് ഫാള്‍സ്‌നോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ചെറിയ മുതലകള്‍ മാത്രമേ ഉള്ളു. ഹിപ്പോകള്‍ ഒന്നുംതന്നെ ഇല്ല.

സാംബേസി റിവര്‍ ക്രൂയിസ്

മനോഹരയിയായ സാംബസിനദിയിലൂടെയുള്ള വൈകുന്നേര യാത്ര മറക്കാന്‍ പറ്റാത്ത ഒന്നാണ്. എന്നേക്കൂടാതെ ഒരു ഇംഗ്ലീഷ് ദമ്പതികളും ഒരു സൗത്താഫ്രിക്കന്‍ ഫാമിലിയും ആണ് ഉണ്ടായിരുന്നത്. കുറച്ചു നേരം ഒന്നും മിണ്ടാതിരുന്ന ഞങ്ങള്‍ കുറച്ചു ബിയറും വൈനും ഉള്ളില്‍ ചെന്നപ്പോള്‍ ഒരു ഫാമിലി പോലെയായി. പണ്ട് അടിമകളാക്കിയതിനും നമ്മുടെ സ്വത്തു അടിച്ചോണ്ടുപോയതിനും ഇംഗ്ലീഷുകാരന്‍ എന്നോട് ക്ഷമ പറച്ചില്‍ തന്നെ ക്ഷമ പറച്ചില്‍. ഞാന്‍ പിന്നെ, കുഴപ്പമില്ല, ഞങ്ങള്‍ ഇംഗ്ലീഷ് പഠിച്ചില്ലേ, ട്രെയിന്‍ വന്നില്ലേ എന്നൊക്കെ പറഞ്ഞു ആശാനെ സമാധാനിപ്പിച്ചു.

Victoria Fall 7

സൗത്താഫ്രിക്കയില്‍ നിന്നുള്ളവര്‍ അവിടെ ഒരു സ്‌കൂള്‍ നടത്തുകയാണ്. അവര്‍ക്കു ഇന്ത്യക്കാരോട് വല്യ സ്‌നേഹം ആണ്. അവരുടെ സ്‌കൂളില്‍ നാല് ഇന്ത്യക്കാര്‍ ഉണ്ടത്രേ. പിന്നെ ഗാന്ധിയെപ്പറ്റി നല്ല മതിപ്പും ആണവര്‍ക്ക്. അവര്‍ക്കു ഇന്ത്യ സന്ദര്‍ശിക്കണമെന്നുണ്ട്. വരികയാണെകില്‍ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കണമെന്നു ഞാന്‍ പറഞ്ഞു. സിംബാബ്വെകാരനായ ബോട്ട് ഡ്രൈവറും കുറച്ചു നേരം ഞങ്ങളുടെകൂടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോഴത്തെ സിംബാബ്വെയുടെ അവസ്ഥയില്‍ ആശങ്കാകുലനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കദന കഥകളില്‍ ഞങ്ങളും പങ്കുചേര്‍ന്നു. മനസുകൊണ്ട് ഞങ്ങളെല്ലാവരും സിംബാവെയിലെ സ്ഥിതിഗതികള്‍ മെച്ചമാകണമേ എന്ന് പ്രാര്‍ത്ഥിച്ചു.

വിക്ടോറിയ ഫാള്‍സ് സന്ദര്‍ശനം - സിംബാബ്വെ

രാവിലെ ഞാന്‍ ബ്രയാനെ വിളിച്ചു ഫ്രീ ആണോ എന്നന്നോഷിച്ചു. പുള്ളിക്ക് സാംബിയ വരെ കൊക്കോകോള വാങ്ങാന്‍ പോകണം. അത് വൈകുന്നേരം മതി. 10 ഡോളറും പിന്നെ പെട്രോളും അടിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ പുള്ളി ഒരു കാറുമായി ഉടനെത്തി. വെള്ളച്ചാട്ടം സിംബാബ്‌വേ സൈഡില്‍ നിന്നും കാണുകയാണ് ഉദ്ദേശം. എനിക്ക് എന്‍ട്രന്‍സ് ഫീ 30 ഡോളറും ബ്രയാന് ഏഴ് ബോണ്ടും ആണ് ആയത്.

Victoria Fall 8

ഡേവിഡ് ലിവിങ്സ്റ്റണ്‍ ന്റെ ഒരു പൂര്‍ണകായ പ്രതിമയാണ് പാര്‍ക്കിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്. പാര്‍ക്കിലേക്ക് കയറിയതും ശക്തമായി ചാറ്റല്‍ അടിക്കാന്‍ തുടങ്ങി. വെള്ളച്ചാട്ടത്തിനടുത്ത് എത്തുന്നതിനു മുമ്പേ നനഞ്ഞു കുളിച്ചു. ഏറ്റവും വലിയ ഫാള്‍സ് ഈ സൈഡില്‍ നിന്നുമാണ് കാണുവാന്‍ കഴിയുന്നത്. ഏകദേശം ഒരുകിലോമീറ്ററിലായി അനേകം വ്യൂ പോയിന്റുകള്‍ ഉണ്ട്. സാമ്പിയ സൈഡില്‍ കൈവരികള്‍ ഉണ്ടായിരുന്നെങ്കിലും ഇവിടെ ചിലയിടങ്ങളില്‍ മാത്രമാണുള്ളത്. വളരെ ശ്രദ്ധയോടെ വേണം നടക്കാനും വെള്ളച്ചാട്ടം കാണുവാനും. വെള്ളച്ചാട്ടത്തിന്റെ രൗദ്ര ഭാവം ശരിക്കും മനസിലായത് സിംബാബ്വേ സൈഡില്‍ നിന്നുമാണ്.

Big Tree

ഉച്ചവരെ വെള്ളച്ചാട്ടത്തിന്റെ അടുത്തു ചിലവഴിച്ച ശേഷം പുറത്തുകടന്നു, ഭക്ഷണവും കഴിച്ചു ബിഗ് ട്രീ കാണുവാനായി തിരിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബഓബാബ് (യമീയമയ) മരം ആണ് ബിഗ് ട്രീ എന്നറിയപ്പെടുന്നത്. മരത്തിന് 22.40 മീറ്റര്‍ വണ്ണവും 24 മീറ്റര്‍ ഉയരവും ഉണ്ട്. ശരിക്കും ഒരു ''ബിഗ് ട്രീ'' തന്നെ. ബ്രയനോട് യാത്രയും പറഞ്ഞു , തിരിച്ചു ഹോട്ടലിലെത്തി കുറച്ചുനേരം വിശ്രമിച്ചു. വൈകുന്നേരം നാലുമണിയോടെ എയര്‍പോര്‍ട്ട്‌ലേക്കും അവിടെനിന്നും കെനിയ വഴി ഉഗാണ്ടയിലേക്കും തിരിച്ചു.

 

Content Highlights: Zimbabwe, Mosi oa Tunya, Victoria falls, Zambia, Botswana, Chobe, Livingstone Travel, Mathrubhumi Sanchari Post Of The Week