രച്ച ആകാശങ്ങളും മങ്ങിയ നിറങ്ങളുമെളെല്ലാം തൂത്തു മാറ്റി, ആ ഒരൊറ്റ യാത്ര നമ്മളെ അടിമുടി പുതുമയാര്‍ന്ന ഒരാളാക്കി മാറ്റിക്കളയും.. അന്നേ വരെ ഇല്ലാത്ത തിളക്കം കണ്ണുകളില്‍ ജ്വലിക്കും.. ജീവിതത്തെ കുറേക്കൂടി സ്നേഹത്തോടെ ചേര്‍ത്തുപിടിക്കാനാവും. പക്ഷേ കുട്ടിക്കാലമോ കൗമാരമോ യൗവനമോ ആകട്ടെ കൂട്ടത്തില്‍ ഒരാണെങ്കിലും ഇല്ലാതെ പെണ്ണുങ്ങളെ യാത്ര വിടാന്‍ കാലം എന്നും മടികാണിക്കാറുണ്ട്..

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു കുട്ടിക്കാലം.. അന്നൊക്കെ പലനിറം കോര്‍ത്ത മാലകളണിഞ്ഞ് മാറിമാറി കെട്ടുന്ന കൂടാരങ്ങള്‍ക്ക് മുന്നില്‍  നില്‍ക്കുന്ന  ജിപ്സി പെണ്ണുങ്ങളെ കൗതുകത്തോടെ നോക്കുമായിരുന്നു.. അവരുടെ തലയുയര്‍ത്തിപ്പിടിച്ചുള്ള നടത്തം, ഉറക്കെയുള്ള ചിരികള്‍, കടും ജലച്ചായകൂട്ട് തട്ടിമറിഞ്ഞ പാവാടകള്‍, ചെമ്പുരാശിയാര്‍ന്ന അലക്ഷ്യ മുടിക്കെട്ടുകള്‍, പിടികിട്ടാ രഹസ്യം മിന്നുന്ന അഗാധ മിഴികള്‍..! അന്നേ കുറിച്ചിട്ടതാണ് മനസ്സില്‍ യാത്രകളെ.. പൗലോ കോയ്‌ലൊ ആല്‍ക്കമിസ്റ്റില്‍ പറയുംപോലെ, തീവ്രമായി സ്വപ്നം കണ്ടാല്‍ നടക്കാത്തതായി ഒന്നുമില്ലല്ലോ ജീവിതത്തില്‍..

Germany 2

ജര്‍മനിയിലെ 'ബാഡ് നെന്‍ഡോര്‍ഫില്‍' നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാനായി പ്രിയ കൂട്ടുകാരി ഷൈനിയുടെയും യൂര്‍ഗന്റെയും ക്ഷണപ്രകാരം മൂന്നാഴ്ച കാലത്തെ ഒരു യാത്ര..

മെയ് മാസത്തിന്റെ അവസാന നാളുകളായിരുന്നു അത്.. നമ്മുടെ മെയ് ചുട്ടുപൊള്ളിക്കുകയാണെങ്കില്‍ യൂറോപ്പിനത് നിറപ്പകിട്ടാര്‍ന്ന കുഞ്ഞുടുപ്പുകളുമായി സൂര്യനെ നോക്കി ചിരിക്കാനുള്ള സുഖമുള്ള കാത്തിരിപ്പാണ്.. ഷൈനി ജര്‍മനിയില്‍ എത്തിയിട്ട് 27 വര്‍ഷമായിരിക്കുന്നു.. ഷൈനിയും ഷാലിയും ജര്‍മന്‍ പൗരത്വമുള്ളവര്‍. ഷീജയാകട്ടെ ഇംഗ്ലീഷുകാരിയും.. ഞങ്ങള്‍ നാലുപേരുടെയും വേരുകള്‍ മലയാളനാട്ടിലും.

Timbered Houses
പഴക്കമുള്ള മരവീടുകള്‍

ഇടക്കെപ്പോളൊ ഫ്രാന്‍സിലെ 'സ്ട്രാട്സ് ബുര്‍ഗ്' എന്ന മനോഹര നഗരത്തെപ്പറ്റി ആരോ പറഞ്ഞു.. രണ്ടായിരത്തിലധികം പഴക്കമുണ്ടത്രേ അവിടത്തെ സാംസ്‌കാരിക ശേഷിപ്പുകള്‍ക്ക്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളിലൊന്ന്, വര്‍ഷങ്ങള്‍ ഏറെ പഴക്കമുള്ള മരവീടുകള്‍ (ടിംബേര്‍ഡ് ഹൗസസ്) ആണ് നഗരത്തിന്റെ പ്രധാന ആകര്‍ഷണീയത. എല്‍സ്സസ് നദിയിലെ വാട്ടര്‍ സഫാരിയും കനാലുകളും, പൈതൃകം മണക്കുന്ന വീഥികളും, എല്ലാം കേട്ടപ്പോള്‍ നമുക്കങ്ങു പോയാലോ എന്നായി.

അങ്ങനെ നാലു പെണ്ണുങ്ങള്‍ രാവിലെ ഒരുങ്ങുകയാണ്. യാത്ര തുടങ്ങുന്നത് ജര്‍മനിയിലെ 'ബ്ലാക്ക് ഫോറസ്റ്റില്‍' നിന്നും.' ബ്ലാക്ക് ഫോറസ്റ്റ്' എന്ന പേര് മലയാളിക്ക് ഒട്ടും അപരിചിതമല്ലാത്ത, നാവില്‍അലിയുന്ന മധുരത്തിന്റെ രുചിയാണല്ലോ. ആ മധുര കേക്കുകളുടെ ഉത്ഭവം ഇതേ ജര്‍മന്‍ നാട്ടില്‍ നിന്നു തന്നെയാണ്. തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തി പങ്കിടുന്ന ബ്ലാക്ക് ഫോറസ്റ്റ് കടുംപച്ച സൂചികാഗ്ര വൃക്ഷങ്ങള്‍ തിങ്ങിയ നിബിഡവനമാണ്. കറുത്തിരുണ്ട ഇലകളാവാം ബ്ലാക്ക് ഫോറസ്റ്റിനു ആ പേര് സമ്മാനിച്ചത്. നട്ടുച്ചയ്ക്ക് പോലും സൂര്യന്റെ മുഖം അത്രയ്ക്കങ്ങ് തെളിയാറില്ല ഇവിടെ.

ബ്ലാക്ക് ഫോറസ്റ്റിലെ 'സോമര്‍ ബര്‍ഗ്' മലമുകളില്‍ വഴി അവസാനിക്കുന്നതാണ് ഷാലീയുടെ വീട്. തൊട്ടരികില്‍ അന്നാട്ടിലെ പ്രശസ്തമായ' ഔര്‍ഹാന്‍ 'റസ്റ്റോറന്റ്. എന്‍ട്രന്‍സില്‍ തന്നെ വലിയൊരു അങ്കവാലന്‍ പൂവന്റെ പ്രതിമ.'' ഔര്‍ഹാന്‍ അവിടുത്തെ കാട്ടു കോഴിയുടെ പേരാണത്രേ! മലയുടെ ഉച്ചിയില്‍ കാടിനു നടുവിലുള്ള ഈ വീടിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ചുമരുകള്‍ പോലും ചില്ലുകള്‍ കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ജാലക വിരികള്‍ നീക്കി ഇട്ടാല്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ നേരെ കിടപ്പു മുറിയില്‍ വന്നു തട്ടിയുണര്‍ത്തും. ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്നത്ര അരികില്‍, ഇരുള്‍ വനത്തിന്റെ അഗാധനീലിമ!

Germani River

കിടപ്പുമുറിയെക്കാള്‍ ചന്തമുണ്ട് അടുക്കളക്ക്. ജ്യാമിതീയ ഭംഗിയില്‍ ഡിസൈന്‍ ചെയ്ത അടുക്കളയില്‍, ഒരൊറ്റ പാത്രമോ സ്പൂണ്‍ പോലുമോ പുറത്തു കാണുന്നില്ല .കബോര്‍ഡിനകത്തും വളരെ കുറച്ചുമാത്രം അടുക്കളഉപകരണങ്ങള്‍, ജനലുകളിലും അടുപ്പിന്നരികിലും ചിരിക്കുന്ന പൂക്കളും ചെടികളും ..!എത്ര ഒതുക്കിയിട്ടും  ഒതുങ്ങാതെ, എത്ര മിനുക്കിയിട്ടും ചന്തം പോരാതെ, പണിതിട്ടും ഒരിക്കലും തീരാതെ മലയാളി പെണ്ണുങ്ങളെ അടുക്കള കുരുക്കിട്ട് പിടിക്കുകയാണല്ലോ  എന്നോര്‍ത്തു പോയി.

രണ്ടു വണ്ടികളിലായി ഞങ്ങള്‍ നാലു പെണ്ണുങ്ങളും കൂട്ടത്തിലെ ഏക ആണ്‍തരി രണ്ടു വയസ്സുകാരന്‍ അലക്സും പുറപ്പെടുകയായി. മൂന്നുപേര്‍ക്ക് യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ധൈര്യത്തില്‍ ഞാനും. 125 കിലോമീറ്റര്‍ -ഒന്നര മണിക്കൂര്‍ യാത്ര. വെല്ലുവിളികള്‍ ഇല്ലാത്ത നല്ല റോഡുകള്‍. റൈന്‍ ആന്‍ഡ് വൈന്‍ റീജിയനിലൂടെയായിരുന്നു  യാത്ര. റൈന്‍ നദിയുടെ ഈ തീരങ്ങളിലാണ് യൂറോപ്പിലെ ഏറ്റവും മികച്ച മുന്തിരിത്തോട്ടങ്ങള്‍ ഉള്ളത്. സ്ട്രോബറിയും ചെറികളും വിളവെടുത്തു തുടങ്ങിയിരുന്നു. വഴിയില്‍ പലയിടത്തും ചുവന്നു തുടുത്ത പഴക്കൂട കളുമായി ഫാര്‍മേഴ്സ് ഔട്ട്‌ലെറ്റുകള്‍, റോഡിന് ഇരുപുറവും പച്ച കുന്നുകള്‍, താഴ്‌വാരങ്ങള്‍, മേച്ചില്‍പുറങ്ങള്‍.

Germany 3

അതിശയിപ്പിക്കും വിധം പച്ച നിറമാര്‍ന്ന നാടാണ് ജര്‍മ്മനി. ഹിറ്റ്ലറും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും ഒക്കെ ചരിത്ര ബോധത്തില്‍ ചുട്ടുപഴുത്തു കിടക്കുന്നതു കൊണ്ടാകാം, ശാന്തതയാര്‍ന്ന ജര്‍മന്‍ ജീവിതം ചെന്നിറങ്ങിയ നാള്‍മുതല്‍ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു..! ഫ്രാന്‍സിന്റെ അതിര്‍ത്തിയിലേക്ക് എത്തിയപ്പോള്‍ ഫ്രഞ്ച് പോലീസിന്റെ മാറിയ മുഖം. ഫ്രാന്‍സിന്റെ രാഷ്ട്രീയഅന്തരീക്ഷം അവരുടെ ഗൗരവത്തില്‍ കൃത്യമായി നിഴലിച്ചു കാണാം. തെരുവുകളിലും പൊലീസ് പരേഡുകള്‍ ചില മുന്നറിയിപ്പ് സൂചനകള്‍ എന്നോണം ഇടയ്ക്കിടെ കാണാമായിരുന്നു.

'സ്ട്രാസ്ബുര്‍ഗ്' ചിത്രകഥയിലെ പോലെ ശില്പഭംഗിയാര്‍ന്ന നഗരമാണ്. വാഹനത്തിരക്ക് ഒഴിഞ്ഞ മനോഹര വീഥികളില്‍ പെണ്‍ കൂട്ടത്തിന്റെ ഉത്സാഹത്തിമിര്‍പ്പുകള്‍. പറയാനും ചിരിക്കാനും എത്രയോ വിശേഷങ്ങള്‍ കൗതുകങ്ങള്‍. യൂറോപ്പിലെ മറ്റു നഗരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ട്രാറ്റ്സ്ബര്‍ഗ്. ഇവിടത്തെ ഡോം വളരെ പ്രസിദ്ധമാണ്. വത്തിക്കാനില്‍ നിന്ന് മാറിയ കാലത്തു മാര്‍പാപ്പ ഈ ചര്‍ച്ചിലാണ് ഇരുന്നത്. പഴമയുടെ ഗരിമയുള്ള പള്ളിയില്‍ അത്രത്തോളം നിശബ്ദമായാണ് സന്ദര്‍ശകര്‍ കടന്നുപോയിരുന്നത് ..

Germany 4

നാടിന്റെ തനിമ അറിയണമെങ്കില്‍ ടൂറിസ്റ്റ് ഭൂപടങ്ങളെ മറന്ന് അലഞ്ഞു നടക്കണം ..കണ്ണില്‍ക്കാണുന്ന വഴികളിലൂടെയെല്ലാം തോന്നുംപോലെ ഞങ്ങള്‍ക്ക് നടക്കാന്‍ ഒരു മുഴുവന്‍ ദിവസവും മുന്നിലുണ്ടായിരുന്നല്ലോ.. വഴിയിലെമ്പാടും നമ്മുടെ കടകളില്‍ പച്ചക്കറികള്‍ വെക്കും പോലെ വൈന്‍ ബോട്ടില്‍സ് ഭംഗിയായി നിരത്തി വെച്ചിരിക്കുന്നു...! വിലയും ബ്രാന്‍ഡും നോക്കി ഏതുവേണമെങ്കിലും എടുക്കാം. മദ്യക്കുപ്പികളുടെ കടയിലും പൂക്കള്‍ നിറഞ്ഞ ചെടിച്ചട്ടികള്‍ കാണാം.

കാപ്പിയുടെ ഉള്ളുണര്‍ത്തുന്ന ഗന്ധം..! ജര്‍മനിയിലും എവിടെയുമുണ്ടായിരുന്നു കാപ്പിക്കടകള്‍. ബിയറും വൈനും കഴിഞ്ഞാല്‍ കാപ്പിയാണ് ജര്‍മ്മനിയുടെ പ്രധാന ലഹരി. മണിക്കൂറുകള്‍ നീളുന്ന കാപ്പി സന്ധ്യകള്‍, വഴിയോര കഫേകളില്‍ കാപ്പി ചര്‍ച്ചകള്‍, ഒരു കാപ്പിക്കപ്പിനിരുപുറവും തുളുമ്പുന്ന പ്രണയവും ! ഫ്രാന്‍സിലുമുണ്ട് ധാരാളം കഫേകള്‍. വഴിയരികില്‍ നിന്നും ഇരുന്നും നടന്നും ഞങ്ങളന്നു ഒരുപാട് കാപ്പികള്‍ കുടിച്ചു തീര്‍ത്തു.

German Travel Team
കവിത, ഷീജ, ഷൈനി, ഷാലി

നഗരത്തിന് പൗരാണികതയുടെ ഗന്ധമായിരുന്നു.. കനാലുകള്‍ക്കരികില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മര വീടുകളുടെ ഗാംഭീര്യം പറഞ്ഞു കേട്ടതിനേക്കാള്‍ കേമം തന്നെ! കഴിഞ്ഞുപോയ കാലത്ത്തിന്റെയും സംസ്‌കാരത്ത്തിന്റെയും വേരുകളിലൂടെ മാത്രമേ ഇന്നുകള്‍ പടര്‍ന്നു പന്തലിക്കൂ എന്നു തിരിച്ചറിയുന്ന ജനതയുടെ സംസ്‌കൃതിചിഹ്നങ്ങള്‍ എവിടെയും അടയാളപ്പെട്ടു കിടക്കുന്നുണ്ടായിരുന്നു .

വഴിയോരത്തെ കൊച്ചു റസ്റ്റോറന്റില്‍ ഉച്ചഭക്ഷണം. വൈവിധ്യമാര്‍ന്ന ബ്രെഡുകള്‍, പേരറിയാത്ത ഇലകള്‍ നിറച്ച് സലാഡുകള്‍, വ്യത്യസ്തതരം സോസേജുകള്‍, നമുക്കു പരിചിതമായ ഫ്രഞ്ച് ഫ്രൈസ്, രുചിഭേദങ്ങള്‍ക്കും നല്ല രുചി

ഉച്ച കഴിയുന്നതോടെ തെരുവുകള്‍ വര്‍ണ്ണങ്ങളാല്‍ നിറയാന്‍ തുടങ്ങി. സമ്മര്‍ ഡ്രസ്സുകളില്‍ ഒഴുകുന്ന ഫ്രഞ്ച് സൗന്ദര്യങ്ങള്‍. വിഖ്യാതമായ ഫ്രഞ്ച് പരിമളങ്ങള്‍. നമ്മുടെ ഫാഷന്റെ അവസാനവാക്ക് ആണല്ലോ പാരിസ്! ഒറ്റനോട്ടത്തില്‍ തന്നെ ഫ്രഞ്ച് പെണ്‍ജീവിതം തികച്ചും ഫാഷനബിള്‍ ആണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഭംഗിയുള്ള ലെതര്‍ ബാഗുകള്‍, വിലപിടിപ്പുള്ള വാച്ചുകള്‍, മാച്ചിംഗ് ആയ പാദരക്ഷകള്‍. ഉടുപ്പിലും നടപ്പിലും ഫ്രഞ്ച് വനിത സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നുണ്ട്. ഷോപ്പിംഗ് ഔട്ട്‌ലെറ്റുകള്‍ ധാരാളമുണ്ട് അവിടെയെല്ലാം വെറുതെ കേറി ഇറങ്ങി നടന്നു. ഗുണനിലവാരത്തോടൊപ്പം വിലയും വളരെ കൂടുതലായതു കൊണ്ട് എല്ലാം കാണുക മാത്രമേ രക്ഷയുള്ളൂ. മേക്കപ്പ് സാധനങ്ങളില്‍ സ്‌കിന്‍ കെയറിനാണ് മുന്‍തൂക്കമെന്ന് തോന്നി. പരമ്പരാഗത നിറങ്ങളെ വെല്ലുവിളിക്കുന്ന ലിപ്സ്റ്റിക്കുകളും നെയില്‍ പോളിഷുകളും കൗതുകമുണര്‍ത്തി.

കളര്‍ഫുള്‍ ആയ സ്‌കാര്‍ഫുകള്‍ സമ്മര്‍ ട്രെന്‍ഡ് ആയിരിക്കാം. പ്രായഭേദമെന്യേ മിക്ക വനിതകളും സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റിക്കണ്ടു. ചെറുപ്പക്കാരികള്‍ക്കിടയില്‍ ശ്രദ്ധേയമായത് ഹെയര്‍ കളറിംഗ് തന്നെ. മഴവില്‍ നിറങ്ങള്‍ വരെ തലയില്‍ ചാലിച്ചവരെ കാണാമായിരുന്നു. കഫെയില്‍ വെച്ച് കണ്ട മയില്‍പ്പീലിനീല മുടിക്കാരിയെ ഇപ്പോളും ഓര്‍ക്കുന്നു. മയില്‍പീലി നീലയും പച്ചയും അത്രയ്ക്കും ഭംഗിയോടെ തന്നെ ചേരുമ്പോള്‍ അവളൊരു മയിലിനെപ്പോലെ സുന്ദരിയായിരുന്നു!

German Travel

ജീവിതാനന്ദത്തിന്റെ താക്കോല്‍ കൈവശമുള്ള, ആരെയും കൂസാത്ത പെണ്‍മുഖങ്ങള്‍ ആയിരുന്നു ചുറ്റിനും കണ്ടത്. സ്ത്രീകളുടെ ശരീര ഭാഷ തികച്ചും ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു. ഫ്രഞ്ച് സൗന്ദര്യങ്ങളെ വിസ്മയത്തോടെ നോക്കുമ്പോള്‍ മര്യാദയുടെ അതിര് ലംഘിക്കാതിരിക്കാന്‍, എന്നിലെ മലയാളി പെണ്ണിന് ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നു.

യുവത്വത്തെ മാത്രമല്ല, അന്നാടിന്റെ വാര്‍ധക്യങ്ങളെക്കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ജീവിതം ഭദ്രമാക്കുന്നതു കൊണ്ടാവാം, റെസ്‌റ്റോറന്റുകളിലും കഫെകളിലും ചെറുപ്പക്കാരേക്കാള്‍ കണ്ടത് ആഘോഷപൂര്‍വം ഒത്തുകൂടിയ വാര്ധക്യങ്ങളെയായിരുന്നു.. ജീവിതോന്മാദത്തിന്റെ ആനന്ദം വഴിയുന്ന ആ മുഖങ്ങള്‍ ഒരിക്കലും മറക്കാനാവില്ല.. ഒരുപക്ഷേ ഒരു കാപ്പിക്കപ്പിനു മുന്നില്‍ അലസമായ ഏകാഗ്രതയോടെ മുഴുവന്‍ ദിവസവും അവര്‍ ഇരുന്നു പൊട്ടിച്ചിരിച്ചേക്കാം.. ഉപേക്ഷിക്കപ്പെടുന്ന, നിസ്സഹായമായ അനാഥ വാര്‍ദ്ധക്യങ്ങളുടെ കഥകളുടെ നാട്ടില്‍ നിന്ന് ചെന്നവള്‍ക്കു എങ്ങനെയവരെ മറക്കാനാകും !

യാത്ര തീര്‍ന്നിരിക്കുന്നു ..

പെണ്‍കൂട്ടം ചിതറികഴിഞ്ഞൂ .. എന്നാല്‍ ചില യാത്രകള്‍ നമ്മേ പിടിച്ചു വലിച്ചു മറ്റൊരിടത്തേക്ക് കൂടി കൊണ്ടു പോയേക്കാം. ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും അറിയാന്‍ അവിടത്തെ സ്ത്രീ അവസ്ഥകളെ പഠിച്ചാല്‍ മതി എന്നല്ലേ പറയുക ..അങ്ങനെ ചിന്തിക്കുമ്പോള്‍ ഉള്ളിലെവിടെയോ ഒരു നീറ്റല്‍ പടരുന്നുണ്ടായിരുന്നു ..നാട്ടിലെ ക്ലാസ്സ്മുറിയില്‍, കൗമാരം തുളുമ്പുന്ന എന്റെ കുട്ടികളോട് ജീവിതത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുമ്പോളൊക്കെ ഈ നീറ്റല്‍ എന്റെയുള്ളില്‍ കിനിയാറുണ്ട് ..!

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Women Travel, Travel to Taste German Coffee, France Fashion World, Mathrubhumi Yathra