ങ്കമാലി കഴിഞ്ഞപ്പോ കെട്ടിയോനോട് വണ്ടി ഞാനോടിക്കാമെന്ന് പറഞ്ഞു. നല്ല റോഡാണ്. വേണ്ടതിലേറെ ആത്മവിശ്വാസവുമുണ്ട് ( കെട്ടിയോൻ പിന്നിലുണ്ടെന്ന ആത്മവിശ്വാസം). അങ്ങനെ ക്ലച്ച് മെല്ലെ റിലീസ് ചെയ്ത് ആക്സിലറേറ്ററിൽ കൈ തിരിയുമ്പോൾ ഒരു മുരൾച്ചയോടെ ബുള്ളറ്റ് മുന്നോട്ടാഞ്ഞു. ഞങ്ങളും. ഇനിയും ഒരുപാട് ദൂരമുണ്ട്. മുന്നിൽ കാണുന്ന മലനിരകൾക്കൊക്കെയപ്പുറം ആ നാട് കാത്തിരിക്കുന്നു. ഞങ്ങളെ സ്വീകരിക്കൻ.

വയനാട്... ഇതുവരെ കണ്ടിട്ടില്ലെങ്കിലും കുളിരുള്ള കാഴ്ചകളുടെ പറുദീസ... അതാണ് മനസിൽ ആ നാടിനുള്ള ഇടം. ഒരിക്കലെങ്കിലും താമരശേരി ചുരം കയറി ആ വഴിക്ക് ഒന്ന് പോകണമെന്ന ആശ വർഷങ്ങളായി മനസിൽ മൊട്ടിട്ടിട്ട്. ഇത്തവണ വയനാടാണ് ഡെസ്റ്റിനേഷൻ. കൊച്ചിയിൽ നിന്ന് വെളുപ്പാൻ കാലത്തെ പുറപ്പെട്ടതാണ്. വൈകിട്ടെങ്കിലും അവിടെയെത്തണം. കെട്ടിയോൻ മുൻപ് പലതവണ പോയതിൻറെ വമ്പ് പറയുന്നുണ്ട്. പക്ഷെ ഞാൻ ആദ്യായിട്ടാണ്. കൺകുളിർക്കെ കാണണം. വയനാടാകെ ആസ്വദിക്കണം. ലീവ് തീരാൻ കുറച്ച് ദിവസമേ ബാക്കിയുള്ളൂ. അതിന് മുൻപ് വയാടിനെ ഹൃദയത്തിൽ ചേർത്ത് നിർത്തി ഇനിയും വരാമെന്ന് യാത്ര പറഞ്ഞ് ചുരമിറങ്ങണം. അതാണ് മോഹം. തൃശൂർ കഴിഞ്ഞപ്പോ വണ്ടി തിരികെ ഏൽപ്പിച്ചു. കാരണം ഒന്നും ആസ്വദിക്കാനാകുന്നില്ല. കെട്ടിയോൻ ഓടിക്കട്ട. തൃശൂരിൽ നിന്ന് ഷൊർണൂർ റൂട്ട് പിടിച്ചു. ഷൊർണൂരെത്താതെ എവിടുന്നോ തിരിഞ്ഞ് പട്ടാമ്പി വഴി പെരിന്തൽമണ്ണ-മഞ്ചേരി വഴി താമരശേരി എത്താമത്രെ. അങ്ങനെയെങ്കിൽ അങ്ങനെ. ആ പോട്ടെ....

തൃശൂർ-ഷൊർണ്ണൂർ റൂട്ടിൽ നിന്ന് പെട്രോളടിച്ച് വലി തിരക്കില്ലാത്ത റോഡിലൂടെ കുതിച്ചു. ഏഴ് മണി കഴിഞ്ഞിട്ടേയുള്ളൂ. കാഴ്ചകളെല്ലാം കണ്ട് കഥകളൊക്കെ പറഞ്ഞ് ആസ്വദിച്ചാണ് യാത്ര. പട്ടാമ്പിയെത്തിയപ്പോ എട്ടര കഴിഞ്ഞു. എന്നാപ്പിന്നെ ഭക്ഷണം കഴിഞ്ഞാകാം ബാക്കി. പട്ടാമ്പിയുടെ തിരക്കിൽ നിന്ന് മാറി ഒരു ഹോട്ടലിൽ കയറി പതിവ് മസാലദോശയും വടയും കഴിച്ചു. ഉഴുന്ന് വട വീക്ക്നെസായ ഞാൻ വട കിട്ടാൻ വേണ്ടി മസാല ദോശ ഓർഡർ ചെയ്യുന്ന കഥ വേറെ. ഭക്ഷണവും കഴിഞ്ഞ് പെരിന്തൽമണ്ണ റൂട്ടിൽ രണ്ട് പേരും വണ്ടി മാറി മാറിയോടിച്ച് മഞ്ചേരി വഴി താമരശേരിയിലേക്ക്. മഞ്ചേരി എത്തിയപ്പോഴേക്ക് റോഡിൽ അത്യാവശ്യം തിരക്കായി. പെരിന്തൽമണ്ണ ടൗണിൽ കയറാതെ പോയതുകൊണ്ട് അവിടെ വലിയ തിരക്കുണ്ടായില്ല. മുക്കം എത്തിയപ്പോ മൊയ്തീനും കാഞ്ചനമാലയും ഓർമ്മിപ്പിച്ചു കെട്ടിയോൻ. ഇരുവഞ്ഞിപ്പുഴയുടെ മുകളിലൂടെയുള്ള പാലം കടന്നു. കുറച്ച് നേരം മുക്കത്തുള്ള സുഹൃത്തുക്കളും ബി.പി.മൊയ്തീനും കാഞ്ചനമാലയുമൊക്കെയായി സംസാരവിഷയം.

wayanad thollayiram kandi travel experience

വൈകിട്ട് തങ്ങാനുള്ള സംവിധാനം ഇനിയും തീരുമാനം ആയിട്ടില്ല. ഇന്നലെ രാത്രി തുടങ്ങി വിളിക്കുന്നതാ. പക്ഷെ കിട്ടിയിട്ടില്ല. തൊള്ളായിരം കണ്ടിയിലാ താമസിക്കാൻ ഉദ്ദേശിക്കുന്നെ. ഇന്നലെ രാത്രി നാട്ടിൽ നിന്ന് കൊച്ചിക്ക് പോരുമ്പോ ചങ്ങാതി ആദർശ് കാണിച്ചുതന്നതാ ഈ പ്രോപ്പർട്ടി. എന്നാപ്പിന്നെ അവിടെയാകട്ടെയെന്നങ്ങ് തീരുമാനിച്ചു. അങ്ങനെ ഇടയ്ക്ക് വണ്ടി നിർത്തി ജ്യൂസൊക്കെ കുടിച്ച് വിശ്രമിച്ച് അതിനിടയ്ത്ത് ഇല ബ്ലൂംസ് എന്ന സംവിധാനത്തിൽ ഒരു ടെൻറ് സ്റ്റേയൊക്കെ ബുക്ക് ചെയ്ത് യാത്ര തുടരുകയാണ്. ലോകത്തുള്ള സകലതും സംസാരവിഷയങ്ങളാകുന്നുണ്ട്. അതിനിടെയെപ്പോഴോ കെട്ടിയോൻ പറഞ്ഞു ഇതാണ് താമരശേരിയെന്ന്. വയനാടൻ സ്വപ്നങ്ങളിൽ നിന്ന് ഞെട്ടിയുണർന്ന ഞാൻ വണ്ടി നിർത്താനാവശ്യപ്പെട്ട് ചാടിയിറങ്ങി. പപ്പുച്ചേട്ടൻ വെള്ളാനകളുടെ നാട്ടിൽ പറയുന്ന താരശേരി. നമ്മടെ താമരശേരി ചുരം. ഇതാണോ അത് എന്ന് ഞാനത്ഭുതത്തോടെ നോക്കി. കെട്ടിയോൻ മെല്ലെ ചിരിച്ചിട്ട് പറഞ്ഞു ഇത് താമരശേരി ടൗണാണ്. ചുരം കുറച്ചൂടെ പോകണമത്രെ. ചമ്മൽ പുറത്തുകാണിക്കാതെ തിരികെ വണ്ടിയിൽ കയറി.

താമരശേരി ചുരം കയറിയാൽ വയനാടാണ്. വയനാടൻ കാഴ്ചകൾ തലച്ചോറിൽ നിറച്ചുവച്ചിരിക്കുന്ന എനിക്ക് എത്രയും വേഗം വയനാട്ടിലെത്തിയാൽ മതി. താമരശേരിയും അടിവാരവും കഴിഞ്ഞാപ്പിന്നെ ചുരം കയറുവാ. പിന്നെ ലക്കിടിയെത്തിയാലെ ഫുഡ് കഴിക്കാൻ പറ്റു. ഒരു വാണിങ് പോലെ കെട്ടിയോൻറെ ശബ്ദം. അതൊന്നും ഞാൻ കേട്ടില്ല. ആ പോട്ടെ.... താമരശേരി ചുരം കയറി വയനാട്ടിലോക്ക് പോട്ടെ. താമരശേരി ടൗൺ പിന്നിട്ട് അടിവാരവും കന്ന് മുന്നിൽ അടുക്കി വച്ചിരിക്കുന്ന മലനിരകൾ ആകാശത്തെ തൊടുന്നത് നോക്കി ...

ചുരം കയറി തുടങ്ങി. ഹെയർപിന്നുകൾ കയറുമ്പോ ചുരത്തിൽ വണ്ടിയോടിക്കുമ്പോ കാണിക്കേണ്ട മര്യാദകളും ചില തല തെറിച്ച ചെക്കൻമാരുടെ കന്നംതിരിവുമൊക്കെയായി ചർച്ച. അങ്ങനെ യാത്ര തുടരവെ തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് വഴി തിരിയുന്നിടത്ത് നിർത്തി അവിടെ നടക്കുന്ന കയാക്കിംഗ് ചാംപ്യൻഷിപ്പിനെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞു. എല്ലാം മനസിലായെന്ന തരത്തിൽ ഞാൻ തലയുമാട്ടി.

wayanad thollayiram kandi travel experience

ബൈക്കിലും കാറിലുമൊക്കെയായി ഒരുപാട് യാത്രകൾ ഞങ്ങളൊരുമിച്ച് പോയിട്ടുണ്ട്. പക്ഷെ വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള ഈ ടു വീൽ റൈഡ്. പ്രത്യേകിച്ച് ബുള്ളറ്റിൽ ... ഓഹ്... പറഞ്ഞറിയിക്കാനാവില്ല. വിശപ്പൊക്കെ മറന്ന് ആ യാത്രയങ്ങാസ്വദിച്ചു. ഉച്ച നേരത്തും വെയിലിന് ചൂടില്ല. ദൂരെ കാണുന്ന മലനിരകളിലൊക്കെ കോടമഞ്ഞ് തത്തിക്കളിക്കുന്നു. കോടമഞ്ഞ് മലകളും ആകാശവും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുന്നു. താഴെ വരിവരിയായി ഉറുമ്പുകൾ പോകുമ്പോലെ വണ്ടികൾ. ചുരം കയറുന്നവരും ഇറങ്ങുന്നവരും. മുകളിലും സമാന കാഴ്ച. അനായാസം ചുരം കയറുന്ന ചെറിയ വാഹനങ്ങൾ. ഹെയർപിന്നിൽ കിതച്ച് റോഡ് മുഴുവൻ കയ്യേറി കഷ്ടപ്പെട്ട് വളഞ്ഞ് പുളഞ്ഞ് കയറുന്ന വലിയ വാഹനങ്ങൾ. ചുരത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ നമ്മള് കാണിക്കുന്ന മര്യാദ നമുക്കും തിരികെ തരുന്ന മറ്റ് ഡ്രൈവർമാർ. അതിലൊരു ഹൈവി വെഹിക്കിൾ കേടായാൽ ചുരം മുഴുവൻ ബ്ലേക്കാകുന്ന അവസ്ഥ കെട്ടിയോൻ പറഞ്ഞപ്പോഴാണ് ഞാനതാലോചിച്ചത്. ശരിയാണല്ലോ. പിന്നെ മണ്ണിടിച്ചിലിൻറെ പ്രശ്നങ്ങളും പറഞ്ഞു. അതും മനസിലങ്ങനെ വെറുതെ സങ്കൽപ്പിച്ചു. ഇവിടെ നിന്ന് നോക്കിയാണ് താഴെ വയനാടിൻറെ W കാണാമെന്ന കെട്ടിയോൻറെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി. പക്ഷെ വണ്ടി നിർത്തിയില്ല. തിരിച്ചിറങ്ങുമ്പോ ഇറങ്ങി കാണാമെന്ന് പറഞ്ഞു. തൊട്ടുമുന്നിൽ വെൽക്കം ടു വയനാട് ബോർഡ് കണ്ടു. ഇതാണ് വയനാടിൻറെ പ്രവേശന കവാടമെന്നും ലക്കിടിയെന്നാണ് പേരെന്നും കെട്ടിയോൻ പറയുന്നുണ്ട്. പക്ഷെ എൻറെ കണ്ണ് വഴിയോരത്തെ ഭക്ഷണശാലകൾ തിരയുകയായിരുന്നു. രാവിലെ കഴിച്ച് മസാലദോശയും വടയും എരിഞ്ഞുതീർന്നിട്ട് കുടല് കരിയുന്നുണ്ട്.
നിർത്ത് നിർത്ത് ... ദാ അവിടെയൊരു നല്ല ഹോട്ടലുണ്ട്. വണ്ടി കുറച്ച് ദൂരം മുന്നോട്ട് പോയിരുന്നു. തിരിച്ച് വന്ന് കാഴ്ചയ്ക്ക് മനോഹരമായ ഹോട്ടലിന് മുന്നിൽ വണ്ടിയൊതുക്കി. പിന്നിൽ കെട്ടിവച്ചിരിക്കുന്ന ബാഗും ഞങ്ങളുടെ വേഷവിതാനവുമൊക്കം കണ്ടിട്ടാവണം ഹോട്ടലിൽ നിന്ന് ഒരു സ്റ്റാഫ് ഇറങ്ങി വന്നു. അതിഥികളെ സ്വീകരിച്ചു. ക്ലാസ് റസ്റ്ററൻറാണ്. നല്ല വിശപ്പുണ്ട്. ചൂടോടെ ഓരോ 'കോയി' ബിരിയാണി പറഞ്ഞു. വയറും മനസും നിറഞ്ഞു. ഭക്ഷണത്തിൻറെ വിലയേക്കാൾ അതിന്റെ ഗുണമേൻമയും പിന്നെ അതിരുന്ന് കഴിക്കുന്ന സ്ഥലവും കൂടെയുള്ള പ്രിയപ്പെട്ടവരും ആഹാ ... ആ ഒരു ആംപിയൻസിന് കൊടുക്കണം കാശ്. പുറം കാഴ്ചയിൽ മാത്രമല്ല അകത്തും കമനീയമാണ്. ഭക്ഷണം ചൂടുള്ളതും സ്വാദേറിയതും. ഓകെ യത്ര തുടരാം.

wayanad thollayiram kandi travel experience

രണ്ട് മണിയായി. രണ്ട് മണിക്ക് തൊള്ളായിരംകണ്ടിയിലെത്തണമെന്ന് റിസോട്ടുകാര് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മണി കഴിയുമ്പോഴെ എത്താൻ സാധിക്കുവെന്ന് ഞങ്ങൾ അവരോട് പറഞ്ഞിരുന്നു. ലക്കിടിയിൽ നിന്ന് ഗൂഗിൾ മാപ്പിൽ കാണിക്കുന്ന ദൂരവും സമയവും അനുസരിച്ചാണെങ്കിൽ മൂന്ന് മണിക്ക് എത്തേണ്ടതാണ്. ആ... നോക്കാം. ലക്കിടിയിലെ ചങ്ങലമരം കണ്ട് വൈത്തിരി വഴി മേപ്പാടി ലക്ഷ്യമാക്കി യാത്ര. ഇടയ്ക്ക് പൂക്കോട് തടാകത്തിലേക്കുള്ള വഴികളും ബോർഡുകളും കണ്ടു. പക്ഷെ തിരിച്ചുവരുമ്പോൾ കാണിക്കാമെന്ന ഉറപ്പിൽ ബുള്ളറ്റ് മുരണ്ടുനീങ്ങി. വൈത്തിരിയിലിറങ്ങി എടിഎമ്മിൽ നിന്ന് പൈസയൊക്കെ എടുത്ത് നേരെ മേപ്പാടി. ഇടയ്ക്ക് വലത് വശത്ത് ചെമ്പ്ര മലനിരകൾ തല ഉയർത്തി നോക്കുന്നുണ്ട്. എത്ര മനോഹരമാണ് ചെമ്പ്രയുടെ കാഴ്ചകൾ. നിർവചിക്കാനാകാത്ത സന്ദര്യം. മലയാളത്തിലെ വാക്കുകളൊന്നും പോരെന്ന് തോന്നി. പക്ഷെ ചെമ്പ്രയിൽ പോകാനാവില്ലന്ന് അറിഞ്ഞപ്പോ ദേഷ്യം തോന്നി. എന്തിനാണ് ഇത്ര ഭംഗിയുള്ളതൊക്കെ നിങ്ങളിങ്ങനെ ഒളിച്ചുവയ്ക്കുന്നത്. ഇനിയൊരിക്കൽ ചെമ്പ്ര കാണാൻ മാത്രമാണെങ്കിലും ഇവിടം വരെയൊന്ന് വരണമെന്ന് ശപഥം ചെയ്ത് മുന്നോട്ട്.

രാവിലെ ഇറങ്ങിയതാണ്. മടുപ്പ് അരിച്ച് കയറുന്നുണ്ട്. റോഡിൻറെ ദയനീയാവസ്ഥ കൂടിയായപ്പോ മടുപ്പ് കാലിൽ നിന്ന് തല വരെയെത്തി. എങ്കിലും ചങ്ങാതിമാര് പറഞ്ഞ കഥകളിലും വായിച്ചറിഞ്ഞതിലും കേട്ട തള്ളുകളിലും നിറഞ്ഞ് നിൽക്കുന്ന തൊള്ളായിരംകണ്ടിയെന്ന് സ്വപ്ന ഭൂമിയിലേക്കുള്ള ദൂരെ കുറയുന്നല്ലോ എന്ന ആശ്വാസത്തിൽ അരിച്ചുകയറുന്ന തണുപ്പാസ്വദിച്ചങ്ങനെ ഇരുന്നു. മൂന്ന് മണിക്ക് മുൻപ് പറഞ്ഞ സ്ഥലത്തെത്തി. ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയ്തിരുക്കുന്നു. കാറുകളും ബൈക്കുകളുമെല്ലാം. എല്ലാവരും തൊള്ളായിരംകണ്ടിയിലെത്തിയവരാണ്. ഇവിടുന്നങ്ങോട്ട് റിസോർട്ടുകാര് ഏർപ്പെടുത്തിയ ജീപ്പിലാണ് യാത്ര. തൊള്ളാിരംകണ്ടിയിലേക്ക് എന്താണ് ബുള്ളറ്റോടിച്ച് പോയാലെന്താ കുഴപ്പമെന്ന് ഞങ്ങൾ തിരക്കി. വല്യ പാടാണ്. മഴ പെയ്താൽ പിന്നെ പറയണ്ട. ഏഴ് കിലോമീറ്റർ ദൂരം വണ്ടി തള്ളുന്നതോർത്താണ് ബൈക്ക് ഇവിടെ വച്ച് ജീപ്പിൽ പോകാൻ തീരുമാനിച്ചത്. അതിനിടെ അവിടെയുള്ള കടയിൽ രണ്ട് ചായ പറഞ്ഞു. ചൂടുചായ ചെന്നപ്പോൾ ക്ഷീണമൊക്കെ കുറച്ച് മാറി. ചായക്കടയിലെ ചേട്ടനാണ് ഇവിലെ വച്ചിരിക്കുന്ന വണ്ടിയെല്ലാം സൂക്ഷിക്കുന്നത്. ചെറിയൊരു ഫീസും കൊടുക്കണം. അപ്പോഴേക്കും ജീപ്പെത്തി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഡ്രൈവർക്കൊപ്പമിരിക്കാതെ ബാക്കിൽ കയറി. ഓഫ്റോഡിൽ ബാക്കിലിരുന്നുള്ള യാത്ര ആത്മഹത്യാപരമെന്ന കെട്ടിയോൻറെ മുന്നറിയിപ്പ് ഞാൻ പുച്ഛിച്ച് തള്ളി. ഓ...പിന്നെ... ഞാനിതൊക്കെ കുറെ കണ്ടതാ. നല്ല റോഡ് അവസാനിച്ച് വലിയൊരു കയറ്റത്തിലേക്ക് ജീപ്പ് തിരിഞ്ഞു. ഇവിടുന്ന് നേരെ പോയാൽ ചൂരൽമലയാണന്നും അവിടെവരെ ബസ് സർവീസ് ഉണ്ടെന്നും ഡ്രൈവറോട് ചോദിച്ച് മനസിലാക്കി.

ഇതുവഴി ടൂവീലർ പോകിലലെന്ന് ആരാ പറഞ്ഞെ. സുഖമായി നമുക്ക് ഓടിച്ച് കയറ്റാമായിരുന്നു. കെട്ടിയോൻറെ കമൻറ്. പറഞ്ഞ് തീർന്നില്ല ദേ കുറെ പേര് ബൈക്ക് തള്ളി കയറ്റുന്നു. ജീപ്പ് ചെറുതായൊന്ന് സ്ലോ ചെയ്തു. ഹനുമാൻ ഗിയറിട്ടു. പിന്നെ ശരിക്കും പപ്പുച്ചേട്ടൻ പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങൾ. അള്ളാ പടച്ചോടെ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് രണ്ട് കയ്യും മുകളിലെ കമ്പിയിൽ മുറുകെപ്പിടിച്ചു. ഒരഭ്യാസിയെപ്പോലെ കുഴിയിൽ നിന്ന് കുഴിയിലേക്കും കല്ലിൽ നിന്ന് കല്ലിലേക്കും ഡ്രൈവർ ജീപ്പ് പായിച്ച് കയറ്റുന്നു. ഞങ്ങൾ രണ്ട് മനുഷ്യജീവനുകൾ പിന്നിലുണ്ടെന്ന് ഓർക്കാതെ. ഇടയ്ക്കൊക്കെ ജീപ്പിൻറെ ടയർ വീതിയിൽ മാത്രം കോൺക്രീറ്റ്. പിന്നേം കല്ലടുക്കിയതും കുഴിയുള്ളതുമായി ഓഫ് റോഡ്. പക്കാ ഓഫ്റോഡ്. ബൈക്ക് കൊണ്ടുവന്നിരുന്നെങ്കിൽ കുടുങ്ങിയേനെമല്ലോ എന്നോർത്ത് കമ്പിയിൽ മുറുകെ പിടിച്ചു. ഇടയ്ക്ക് ഗ്ലാസ് ബ്രിഡ്ജിലേക്ക് പോകാനുള്ള കവാടം കണ്ടു. അക്കാര്യമൊക്കെ ആ സർക്കസുകാരൻ ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടെ വിശദമായി പറയുന്നുണ്ട്. പകുതി കേട്ടും പകുതി കേൾക്കാതെയും കമ്പിയിൽ അള്ളിപ്പിടിച്ചിരുന്നു. ഓഫ് റോഡിൽ ജീപ്പിൻറെ പിന്നിലിരുന്ന് ഇനി മേലാൽ യാത്ര ചെയ്യില്ല എന്ന് ഉറപ്പിച്ചു. അവസാനം തൊള്ളായിരംകണ്ടിയുടെ ഏറ്റവും മുകളിൽ (ആളനക്കമുള്ള ഏറ്റവും മുകളിൽ) ഞങ്ങളെത്തി.

കട്ടൻചായ കുടിച്ചു. ഒന്ന് ഫ്രഷായി. ഡ്രസൊക്കെ മാറി. കുറെ കാലത്തിന് ശേഷം മാസ്ക് മാറ്റി പുറത്തിറങ്ങി നടന്നു. ശുദ്ധവായു ആസ്വദിച്ചു. ഇതുവരെയുള്ള യാത്രയുടെ ക്ഷീണമെല്ലാം മറന്നു. അവിടെയുള്ള ടെൻറുകളും കോട്ടേജുകളും ഗുഹക്കുള്ളിലെ താമസവുമെല്ലാം നോക്കിനടന്ന് കണ്ടു. അത്ര സിംപിളായി കാണാൻ പറ്റില്ല. ഒരു ടെൻറ് കന്യകുമാരിയിലാണെങ്കിൽ കോട്ടേജ് ഗോകർണത്താണ്. ഗുഹ ഉഗാണ്ടയിലും. എന്നാലും കൊള്ളാം. ഇറങ്ങി നടന്ന് അതെല്ലാം കണ്ട് ആസ്വദിച്ച് തിരികെയെത്തി. ദൂരെ കോടമഞ്ഞ് കാഴ്ച മറയ്ക്കുന്നതിനിടയിലൂടെ കാരാമ്പുഴ ഡാമിൻറെ റിസർവോയർ കണ്ടു. അടിപൊളി. ഗുഹയിൽ താമസിക്കാനുള്ള അഞ്ച് പേരും ഞങ്ങളെ കൂടാതെ ടെൻറിൽ താമസിക്കാനുള്ള നാല് പേരും എത്തി. അഞ്ചരയായപ്പോഴെ ചെറുതായി ഇരുട്ട് പരക്കുന്നുണ്ട്. സൺസെറ്റ് പേയിൻറെന്ന് അവര് പറയുന്ന സ്ഥലത്ത് പോയി നോക്കി. പക്ഷെ സൂര്യനെ കണ്ടില്ല. ആ പോട്ടെ. അവിടെയുണ്ടായിരുന്ന ഊഞ്ഞാലിൽ കയറി സമയം ചെലവാക്കി.

സന്ധ്യ കഴിഞ്ഞു. ഭക്ഷണം തയ്യാറാവുന്നുണ്ട്. ചെറിയ വിശപ്പും. എന്നാലും ക്യാംപ് ഫയറില്ലേയെന്ന് അവരോട് ചോദിച്ചു. ഉണ്ടല്ലോ ... ശരിയാക്കാമെന്ന് അവരും. മഴ പെയ്താൽ എല്ലാം കുളമാകുമെന്ന് മുന്നറിയിപ്പും. മഴ പെയ്യരുതേയെന്ത് ആത്മാർത്ഥമായി ആഗ്രഹിച്ച് തീ കൂട്ടാൻ അവർക്കൊപ്പം കൂടി. വലിയ ബോക്സെടുത്ത് വച്ച് പാട്ടൊക്കെയിട്ട് തീ ആളിച്ചുതുടങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ടോ. ഏയ് തോന്നലാവും. തീ കാഞ്ഞ്, അതിലേക്ക് വിറക് പെറുക്കിയിട്ട് ഒന്ന് സെറ്റായി വന്നപ്പോഴേക്കും ദാ വരുന്നു വില്ലനായി മഴ. തണുപ്പിനൊപ്പം മഴയും. തണുപ്പ് ഇരട്ടിയായി. തീയണഞ്ഞു. മനസിലെ സന്തോഷത്തിൻറെ കനലുമണഞ്ഞു.

ഗംഭീര ചോറും ചിക്കനും വയറ് നിറച്ച് കഴിച്ച് ഉറങ്ങാനായി ടെൻറിലേക്ക് പോയി. രണ്ട് ജോഡി ഡ്രസൊക്കെയിട്ട് തണുപ്പകറ്റി മെല്ലെ ഉറക്കത്തിലേക്ക്. മഴത്തുള്ളികൾ ടെൻറിന് പുറത്ത് വീണ് ചിതറുന്നുണ്ട്. അരിച്ചിറങ്ങുന്ന തണുപ്പും. കമ്പിളിയൊക്കെ പുതച്ച് മെല്ലെ ഉറക്കത്തിലേക്ക്. അതിരാവിലെ എണീറ്റ് തൊള്ളായിരംകണ്ടിയുടെ വശ്യത ആസ്വദിക്കാമെന്ന് ഉറപ്പിൽ ഉറങ്ങി. നല്ല ക്ഷീണമുള്ളതിനാൽ ഡീപ് സ്ലീപ്പായിരുന്നു. രാവിലെ ആറ് മണിക്ക് തന്നെ കെട്ടിയോൻ എണീറ്റ് എന്നെ വിളിച്ചു. വേറൊന്നും ആലോചിക്കാതെ ചാടിയെണീറ്റ് ഫ്രഷായി നാട് കാണാനിറങ്ങി. നല്ല തണുപ്പുണ്ട്. കാടും മേടും കയറിയിറങ്ങി അടുത്തുള്ള അരുവിയിലേക്ക്. റോഡിൽ നിന്നിറങ്ങി കാട്ടിലൂടെ വഴിയെന്ന് തോന്നിച്ച ഒരിടത്തുകൂടി താഴേക്കിറങ്ങി. കുറച്ച് മുന്നോട്ട് പോയപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന പഴയൊരു കെട്ടിടം. അവിടെ വഴി തീരുന്ന പോലെ തോന്നുന്നു. കുറെയധികം ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നു. പക്ഷെ തൊട്ടടുത്തെവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം ഞങ്ങളെ വിളിക്കുന്നുണ്ട്. പോകാൻ നിവർത്തിയില്ല. തിരിച്ച് കയറി. റോഡിലൂടെ കുറച്ചൂടെ മുന്നോട്ട് നടന്നപ്പോൾ റോഡിന് സമാന്തരമായി അരുവിയൊഴുകുന്നത് കണ്ടു. പക്ഷെ അവിടെയൊരു പ്രൈവറ്റ് പ്രോപ്പർട്ടിയാണ്. മുള്ളുവേലിയിട്ട് കെട്ടിയടച്ചിരിക്കുന്നു. അരുവിയിലിറങ്ങാനുള്ള അതിയായ ആശ വേലിക്കിടയിലൂടെ നൂണ്ടിറങ്ങാൻ പ്രേരണയായി. അരുവിയിലിറങ്ങി കൈയ്യും മുഖവും കഴുകി. വെറുതെ താഴേക്ക് നോക്കിയപ്പോൾ കാലിലിരുന്ന് എന്നോ അനങ്ങുന്നു. നിലവിളിയോടെ ഓടി കരയിൽ കയറി. ഞാനിതുവരെ കണ്ടിട്ടില്ലാത്ത, എക്സ്പീരിയൻസ് ചെയ്തിട്ടില്ലാത്ത അട്ടയാണത്രെ അത്. സാരമില്ലെന്നും കടിച്ചാൽ ചേര കുടിച്ച് ഇറങ്ങി പോകുമെന്നും വലിച്ച് പറിക്കരുതെന്നും പറഞ്ഞ് കെട്ടിയോൻറെ വക സമാധാനിപ്പിക്കൽ. അപ്പോഴാണ് ശ്രദ്ധിച്ചത് കരയിലാകെ അട്ടയാണ്. പിന്നെയൊന്നും നോക്കിയില്ല. കണ്ടംവഴിയോടി. മുള്ളുവേലിക്കിടയിലൂടെ ഇറങ്ങാൻ നിന്നാൽ അട്ട കടിച്ച് ഊപ്പാട് വരും. ഒന്നും നോക്കിയില്ല മുന്നിൽ കണ്ട ഗേറ്റിന് മുകളീലൂടെ ചാടി റോഡിലെത്തി. രണ്ടാളും ആരുടെയോ ഗേറ്റൊക്കെ ചാടിയിറങ്ങി തൽക്കാലം അട്ട ഭീഷണി ഒഴിവാക്കി. തിരിച്ച് റിസോർട്ടിലേക്ക് നടന്നു.

ഇനി ട്രക്കിങാണ്. കാട്ടിലൂടെ നടന്ന് മലമുകളിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന അരുവിയിലൂടെ വഴുവഴുപ്പുള്ള പാറയിലൂടെ അള്ളിപ്പിടിച്ച് കയറി. കൂട്ടിന് ഇഷ്ടം പോലെ അട്ടയും. എല്ലാവരും സാനിട്ടൈസറും ഉപ്പും തീയുമൊക്കെ ഉപയോഗിച്ച് അട്ടയെ ഒഴിവാക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. കുറച്ചൂടെ മുന്നോട്ട് കയറിയപ്പോ പാറയില വഴുവഴുപ്പ് കൂടി വന്നു. സൂക്ഷിച്ച് കയറണേയെന്ന് കെട്ടിയോൻറെ ഉപദേശം. ആ... ഞാൻ സൂക്ഷിച്ചാ കയറുന്നത് എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കിയതുമല്ല ദാ കെട്ടിയോൻ തല്ലിയലച്ച് വീഴുന്നു. വഴുക്കലുള്ള പാറയിൽ തെന്നിയതാണ്. കൈ പൊട്ടി ചോരയൊലിക്കുന്നുണ്ട്. വഴുക്കൽ കൂടി വരുന്നതിനാൽ മലകയറി മുകളിലെത്താനുള്ള ശ്രമം ഉപേക്ഷിച്ചു. പകുതിവഴിയാക്കി തിരിച്ചിറങ്ങി. അട്ടകടിയും വീഴ്ചയും വഴുവഴുപ്പും സാനിട്ടൈസറും ഉപ്പും ഒക്കെയായി ട്രക്കിങ് അവസാനിക്കുന്നു.

ഇനി മടക്കമാണ്. ജീപ്പ് വന്നു. ഇനി ബാക്കിലിരിക്കാൻ വയ്യാത്തതിനാൽ ഡ്രൈവറോട് അനുവാദം വാങ്ങി ഫ്രണ്ടിലിടം പിടിച്ചു. സൈഡിലിരുന്നാൽ കാഴ്ചകൾ കാണാമെന്ന് പറഞ്ഞ് കെട്ടിയോൻ എന്നെ സൈഡിലിരുത്തി. ഡ്രൈവർ ആളൊരു കലിപ്പനാണ്. ഒരു മയമില്ലാതെ അയാൾ വണ്ടിയുരുട്ടി. താഴെയെത്തി ഡ്രൈവറോട് യാത്ര പറഞ്ഞ് ചായക്കടയിലെ ചേട്ടനോട് കുശലാന്വേണം നടത്തി വണ്ടിയുമെടുത്ത് തിരിച്ച് പോകാൻ തയ്യാറായി.

ഇന്നിനി ചുരമിറങ്ങിയാലും കൊച്ചിയെത്തുമ്പോ രാത്രിയാകും. എന്നാപ്പിന്നെ ഇന്നിവിടെ എവിടെയെങ്കിലും തങ്ങിയാലോന്ന് ആലോചിച്ചു. അങ്ങനെ ബാണാസുരയിൽ റൂം ബുക്ക് ചെയ്തു. നേരെ ബാണാസുരയിലേക്ക്. കൽപ്പറ്റ വഴിയാണ് പോകുന്നത്. ചെറിയ മഴക്കോളുണ്ട്. പെയ്യില്ലായിരിക്കും. ബാഗ് കെട്ടിയ ബാൻഡിന് ചെറിയ തകരാറുണ്ടായതിനാൽ കൽപ്പറ്റ ഇറങ്ങി ബാൻഡ് വാങ്ങി. ബാഗ് ഒന്നൂടെ ടൈറ്റ് ചെയ്ത് കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ബാണാസുരയിലേക്ക്. ഗൂഗിൾ മാപ്പ് ഏതൊക്കെയോ ഇടവഴികളിൽകൂടി ഞങ്ങളെ ഓടിച്ചു.
കുടുസു വഴികളും കുണ്ടും കുഴിയും. വണ്ടി സ്മാർട്ടായി ഓടുന്നുണ്ട്, പക്ഷെ ഞങ്ങൾ... ഇന്ന് മടങ്ങണ്ടാ എന്നുള്ള തീരുമാനത്തെ കയ്യടിച്ച് സ്വീകരിച്ചു. ഒരു വിധത്തിൽ ബാണാസുരയെത്തി. സമയം മൂന്നര കഴിഞ്ഞു. ഡാമിലെ പ്രവേശനം അഞ്ച് വരെയാണ്. താമസസ്ഥലത്തിന്റെ വിൻഡോ തുറന്നാൽ ഡാമിലേക്കാണ് വ്യൂ. കിടുക്കാച്ചി വ്യൂ. ഡാമിലെ കാറ്റെല്ലാം ഞങ്ങടെ റൂമിലേക്കാണ് വരുന്നതെന്ന് തോന്നി. വിൻഡോ തുറന്നിട്ടു. കാറ്റും ഡാമും വെള്ളവും നക്ഷത്രങ്ങളും ചീവീടിൻറെ കരച്ചിലും. ആ സന്ധ്യ അവസാനിക്കാതിരുന്നെങ്കിൽ ....

എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എണീറ്റ് കാപ്പിയൊക്കെ കുടിച്ച് ബാഗ് പാക്ക് ചെയ്ത് തിരിച്ചിറക്കം. ‍ പൂക്കോട് വഴി ലക്കിടിയിലേക്ക്. ചുരത്തിൽ നിർത്തി വയനാടിൻറെ W കണ്ടു. ചുരമിറങ്ങിത്തുടങ്ങി. അടുത്ത യാത്രകളുടെ പ്ലാനുകൾ മനസിൽ കൂടുകൂട്ടുന്നു.

Content Highlights:wayanad thollayiram kandi travel experience