Vallagaviയാത്ര പറഞ്ഞാൽ പിന്നെ പോവാതിരിക്കാനുമാവില്ല... അത് എത്ര നാൾ കഴിഞ്ഞാണെങ്കിലും.. രണ്ടു വർഷം മുമ്പ് വായിച്ചൊരു യാത്രാവിവരണം, എന്നെങ്കിലും ഒരിക്കൽ പോവണമെന്ന് മോഹത്തിൽ സൂക്ഷിച്ചതായിരുന്നു - പാദുകമണിയാത്ത ഗ്രാമത്തില്‍.  വെല്ലഗവി എന്ന ചെരുപ്പിടാത്ത ഗ്രാമം - വായിച്ചപ്പോൾ പോയേ തീരൂ എന്ന് തോന്നിയത് എനിക്ക് മാത്രമായിരുന്നില്ല. അതുകൊണ്ട് തന്നെ "പോയാലൊ" എന്ന ചോദ്യത്തിന് തയ്യാറെന്ന് പറഞ്ഞിറങ്ങാൻ ഒരാൾ കൂടി വന്നു - ലിബിന. 

ഒരു വൈകുന്നേരം കൊടൈക്കനാൽ ബസ്സ്സ്റ്റാന്റിൽ എത്തുമ്പോൾ എവിടെ തങ്ങണം എന്ന് തീരുമാനമൊന്നുമില്ലായിരുന്നു. ആദ്യം കണ്ടിടത്ത് റൂമെടുക്കുമ്പോൾ ഒരു രാത്രിക്ക് ഇതു തന്നെ ധാരാളമല്ലേ എന്നായിരുന്നു ചിന്ത. ഇരുട്ട് വീഴുമ്പോൾ തടാകം ഒന്നു വലം വെച്ച് തെരുവോരത്തെ വറുത്ത മീനും തിന്നു വിശപ്പടക്കി. വഴിയേ കണ്ട പോലീസുകാരനോട് വെല്ലഗവിയിലെക്ക് പോവാൻ വഴി ചോദിച്ചു. രണ്ടു പെണ്ണുങ്ങൾ ഇതെന്ത് ഭാവിച്ച്, എന്നൊരു നോട്ടം നോക്കി മിണ്ടാതെ നിന്നയാളോട്, ഇനിയേതു ഭാഷയിൽ മൊഴിയണം എന്ന അങ്കലാപ്പിലായിരുന്നു. ഈ രാത്രിയിൽ അല്ല, നാളെ രാവിലെ എന്ന് ഒന്നുകൂടെ ഉറപ്പിച്ച് പറഞ്ഞപ്പോൾ, എന്തിനു ഏതിനു എന്നൊരു നൂറു ചോദ്യങ്ങൾ.   സിനിമ കണ്ട് ഭാഷ പഠിച്ച കൂട്ടുകാരി തമിഴിൽ എന്തൊക്കെയൊ പറഞ്ഞു. എല്ലാം തലകുലുക്കി കേട്ട പോലീസ്കാരന്റെ അവസാനത്തെ കൈ ചൂണ്ടൽ  ടാക്സി സ്റ്റാന്റിലേക്കായിരുന്നു. 

രാവിലെ അഞ്ച് മണിക്കെ മയങ്ങി കിടക്കുന്ന ടാക്സി സ്റ്റാൻഡിൽ ഹാജരായി,  ആറുകിലോമീറ്റർ ദൂരെ വട്ടക്കനാലിലെത്താൻ വണ്ടി പിടിച്ചു. ഇനി കാൽനട മാത്രം.  മെയ്മാസമാണെങ്കിലും നല്ല മഞ്ഞുണ്ടായിരുന്നു. വഴികൾക്കിരുവശത്തുമുള്ള വീടുകൾ പോലും ഉണർന്നിട്ടില്ല. എന്നിട്ടും മുറ്റമടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞങ്ങൾ നിന്നു. പകൽസമയത്ത് ഒരു കടയായ് രൂപാന്തരം പ്രാപിക്കുമെന്ന് തോന്നിയയിടത്ത്,   കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് ചോദിച്ചു. ചായയും ബ്രെഡ്ഡും ഓമ്ലെറ്റും കഴിച്ചതോടെയാണ് ശരിക്കും നടത്തം നടത്തമായത്.  കുത്തനെയുള്ള ഇറക്കവും ഉരുളൻ കല്ലുമൊക്കെയായ് നല്ല സ്റ്റൈലൻ വഴി. തലേദിവസമോ മറ്റൊ മഴ ആ വഴി വന്നു പോയതിന്റെ അവശേഷിപ്പുകൾ. കാലൊന്ന്  തെന്നിയാൽ എന്നൊക്കെ ആലോചിക്കാൻ പോലും ഇടയില്ലാത്ത വഴി.   ഇടക്ക് വീതികൂടിയ ഭാഗത്ത് വേരുകൾ ചവിട്ടുപടികളായ് രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വേഗം നടന്നില്ലെങ്കിൽ രാത്രിക്ക് മുമ്പ് തിരിച്ചെത്താനാവില്ലെന്ന പേടിയുണ്ടായിരുന്നെങ്കിലും കാട്ടുപൂക്കൾ പെറുക്കി പക്ഷികളുടെ പാട്ടൊക്കെ കേട്ട് ആഘോഷിച്ചുള്ള നടത്തമായിരുന്നു. 

Vellagavi 2അധികം ദൂരം താണ്ടും മുമ്പെ ഗ്രാമത്തിൽ ഉള്ളവർ എതിരെ വരാൻ തുടങ്ങി. ആദ്യമാദ്യം കണ്ടവരുടെ പേരുകൾ ഓർത്തു.     അവരെല്ലാം കൊടൈക്കനാലിനും വട്ടക്കനാലിനും പോവുന്നവരാണ്. ഗ്രാമത്തിലേക്കല്ലെ എന്ന ചോദ്യം എല്ലാവരും ചോദിച്ചു കൊണ്ടിരുന്നു. വീട്ടിൽ പോയി ഭക്ഷണം കഴിക്കണമെന്ന് പലരും നിർബന്ധിച്ചു പറഞ്ഞു. ചിലരൊക്കെ കുറച്ച് നേരം കൂട്ടുനിന്ന് എവിടെന്ന് വരുന്നെന്നും മറ്റും കൂടുതൽ വിശേഷം ചോദിച്ചു. ഇടയിൽ ഒരാൾ മാത്രം ഒന്നും മിണ്ടാതെ ശരവേഗടത്തിൽ കടന്നു പോയ്.  

ഇടക്കൊക്കെ ചില കാഴ്ചകളിൽ കാലുകൾ നിശ്ചലമായ്.  നടക്കുന്നത് ഒരു കാട്ടുവഴിയിലൂടെയെന്ന് മറന്നു പോയ്. കുന്നുകളും താഴ്വരകളും എല്ലാം കാണുന്നുവെങ്കിലും തേടി പോവുന്ന ഗ്രാമം മാത്രം അടുത്തൊന്നും അല്ലെന്ന് മാത്രം അറിഞ്ഞു. നടത്തം ഇടക്ക് വേഗമാർജ്ജിച്ചും ഇടക്ക് ഇഴഞ്ഞും തുടർന്നു. വഴിയിൽ കൊഴിഞ്ഞു കിടക്കുന്ന കാട്ടുചെമ്പകത്തിന്റെ ഇതളുകൾ പെറുക്കിയെടുത്തു. എവിടെയാണ് പൂമരമെന്ന് ആകാശം തൊട്ടുനിൽക്കുന്ന മരങ്ങൾക്കിടയിൽ കണ്ടെത്താനാവാതെ കുഴങ്ങി. പിന്നെയും  കായ്കളും ഇലകളും പൂക്കളും തോൾസഞ്ചിയുടെ ഭാഗമായ്.

Vellagavi 3

 കുറച്ച് ദൂരം പോയതോടെ  ഗ്രാമത്തിലുള്ളവർ എതിരെ വരാതായി. വഴി ഞങ്ങളുടേത് മാത്രമായ്.. അപ്പൊഴാണ് Vellagaviനേരത്തെ ഞങ്ങളോട് മിണ്ടാതെ പാഞ്ഞു പോയ ആൾ ചിരിച്ച് കൊണ്ട് അടുത്തെത്തിയത്. ആംഗ്യഭാഷയിൽ ഒരു പാട് ചോദ്യങ്ങൾ, എന്തൊക്കെയൊ പറഞ്ഞ് ഞങ്ങളുടെ ഒപ്പം നടന്നു. അധികം വൈകാതെ  ചെരിപ്പുകൾ ഊരിയിട്ട് ഞങ്ങൾ ഗ്രാമത്തിലേക്ക് കടന്നു. നിറഞ്ഞ ചിരിയോടെ കണ്ടവരല്ലെല്ലാം അടുത്തു വന്നു. പാറി പ്പറന്ന മുടിയുമായ് വന്ന കൊച്ചു സുന്ദരി വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി. അത് ഞങ്ങൾക്ക് കൂട്ടുവന്ന ആളുടെ വീട് തന്നെ ആയിരുന്നു. നല്ല ചൂട് പറക്കണ കട്ടൻ കാപ്പി തന്ന് സൽക്കരിച്ചു. കഴിക്കാൻ പഴം തന്നു. ഉമ്മറത്തെ കൂട്ടിൽ നിറയെ ആടുകൾ. ആ ഒറ്റമുറി വീടിന്റെ സ്നേഹത്തിനു പകരം നൽകാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ലായിരുന്നു.

Vellagavi 4ഗ്രാമം - എത്ര അമ്പലങ്ങൾ ആണെന്നൊ ആ കൊച്ചു വട്ടത്തിൽ. ഒരു കൊച്ചു കരിങ്കൽ കഷണമെന്ന് നമുക്ക് തോന്നുന്നത് ഓരോ ദൈവങ്ങളുടെ പേരു പറഞ്ഞ് അവൾ പരിചയപ്പെടുത്തി. ഒരു വീടിനു മുന്നിൽ പോസ്റ്റോഫീസെന്ന് ബോർഡ് തൂങ്ങുന്നു. സ്കൂൾ വിശേഷങ്ങൾ പറഞ്ഞ് കുട്ടികൾ ഞങ്ങൾക്കൊപ്പമിരുന്നു. സ്ഥിരം ടീച്ചർ ഇല്ലാത്തതിന്റെ സങ്കടം പങ്കുവെച്ചു. അഞ്ച് വരെ ഉള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഒരു രണ്ടു മുറി സ്കൂളിൽ ഒന്നിച്ചിരുന്നു പഠിക്കുന്നു. മതിലുകൾ ഇല്ലാത്ത ഗ്രാമത്തിന്റെ വഴികൾ മുറ്റവുമാകുന്നു. അതുകൊണ്ട് തന്നെ വഴിനിറയെ കോലം വരച്ചിരിക്കുന്നു. 

വന്നത് ഇറക്കവും തിരിച്ചു പോവേണ്ടത് കയറ്റവുമാണെന്ന് അറിയാവുന്നതിനാൽ അധികം നേരം നിൽക്കാതെ ഞങ്ങൾ ഗ്രാമത്തോട് യാത്ര പറഞ്ഞു.  തലയിൽ മരത്തടിയും ചുമന്നു വന്ന ഒരാൾ ഞങ്ങളോട് നിൽക്കാൻ പറഞ്ഞ് മരക്കൂട്ടങ്ങൾക്കിടയിലേക്ക് കയറിപോയി. കുത്തി നടക്കാൻ രണ്ടു വടികളുമായി തിരികെ വന്നു.ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പഴങ്ങളിൽ നിന്നും സന്തോഷത്തിന്റെ പങ്കു പറ്റാൻ നിൽക്കാതെ ആ മരത്തടിയും ചുമന്ന് അയാൾ  വഴിറങ്ങി പോയ്. അധികം വൈകാതെ ആ വടിയുടെ ആശ്വാസം ഞങ്ങൾ അറിഞ്ഞു. രാവിലെ ഞങ്ങൾക്ക് എതിരെ വന്നവരിൽ പലരെയും വീണ്ടും കണ്ടു. ചിലർ​​​​​​​​​​​​​​ വീട്ടിൽ പോവാത്തതിൽ പരിഭവം പറഞ്ഞു. എങ്കിലും ഗ്രാമത്തിൽ വന്നതിൽ സന്തോഷമെന്ന് ചിരിച്ചുകൊണ്ട് യാത്ര ചൊല്ലി. 

ഒരാളെ കുറിച്ച് കൂടി എഴുതാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല - സോമസുന്ദരം. യാത്ര തുടങ്ങും മുമ്പെ കൂട്ടുകാരി ഒന്നു Vellagavi 5കാലിടറി വീണിരുന്നു.   വേദനയെ മറന്ന് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞായിരുന്നു യാത്ര തുടങ്ങിയത്.    തിരിച്ച് കയറാൻ തുടങ്ങിയപ്പോൾ നല്ല വേദനയായി. അപ്പോഴാണ് ഗ്രാമത്തിൽ നിന്നു കൊടൈക്കനാലിലെക്ക് പോവുന്ന സോമസുന്ദരവും ശിവയും ഞങ്ങൾക്കൊപ്പമെത്തിയത്. എല്ലാരെയും പോലെ അവരും വിശേഷങ്ങൾ ചോദിച്ചു. കാലുളുക്കിയതിന്റെ കാര്യവും ചോദിച്ചു. പിന്നെയും നടക്കുന്നതിനിടയിൽ എന്തൊ ഇല പറിച്ച് ഒരു മരുന്ന് ഇട്ടു തരാമെന്ന് പറഞ്ഞു. വേദന കാരണം എന്തു തന്നാലും എടുക്കും എന്ന അവസ്ഥയായിരുന്നു. കാലിൽ ഇലയുടെ നീരു തടവി കൊടുത്തു. ഗ്രാമത്തിലുള്ളവരോട് പറഞ്ഞിരുന്നെങ്കിൽ അവർ മരുന്നു തരുമായിരുന്നല്ലൊ എന്ന് പറഞ്ഞു.അപ്പോഴാണ് ഗ്രാമത്തിനു സ്വന്തമായുള്ള ഒരു നാട്ടുവൈദ്യ പാരമ്പര്യത്തെ കുറിച്ച് അറിഞ്ഞത്. എന്തായിരുന്നു ആ ഇല എന്നറിയില്ല. ഏതാനും നിമിഷങ്ങൾ കൊണ്ട് വേദനയെ പറപറപ്പിക്കാൻ കഴിയുന്ന ആ മാന്ത്രിക ഇലക്കൊരു വന്ദനം പറയാതെങ്ങിനെ. 

നാഗരികതയുടെ സൗകര്യങ്ങളിൽ നിന്നു നോക്കുമ്പോൾ യുഗങ്ങൾക്ക് പുറകിലാകാം വെല്ലഗവിയുടെ സ്ഥാനം.. പക്ഷെ ആ ഗ്രാമീണതയുടെ സ്നേഹവും സൗന്ദര്യവും അനുഭവിച്ചു മാത്രം അറിയാനുള്ളതാണ്.  വട്ടക്കനാലിൽ നിന്നും കൊടൈക്കനാലിലേക്ക് വണ്ടി പിടിക്കും മുമ്പെ വടികൾ ഒരു കടയിൽ കൊടുത്തു. ഗ്രാമം തേടി പോവുന്ന മറ്റാർക്കെങ്കിലും ഊന്നു വടിയാവട്ടെ...