വാമന  പുരാണത്തിലെ  വരുണ-അസ്സി പുഴകളുടെ ദാമ്പത്യം പൂവണിയുന്ന നാട്. തന്റെ പ്രിയപ്പെട്ട പ്രാണനാഥനുമായുള്ള സൗന്ദര്യപ്പിണക്കത്തിന്റെ തീവ്രതയില്‍, പാവപ്പെട്ടവര്‍ക്ക് അന്നം സേവിച്ചു കൊള്‍കെ..പ്രിയതമയുടെ ദേഷ്യം മാറ്റുവാന്‍ വേണ്ടി ശിവന്‍, വാസസ്ഥലം ഉപേക്ഷിച്ചു വന്നെത്തിയ നിലം. ഇതൊക്കെയാണ് ബനാറസിനെ വിശേഷിപ്പിക്കുന്നത്.

ബനാ ഹുവാ റസ് ?

ഇത് ഒരു ഹിന്ദി സംസാരിക്കുന്ന സുഹൃത്തിന്റെ വിശേഷണം,  പേരിന്റെ  ഉത്ഭവത്തെ  കുറിച്ച്...

ചില നഗരങ്ങളുണ്ട്. നമ്മള്‍ അവിടെ എത്തിപ്പെടുന്നത് വരെ, അവിടുത്തെ വായു ശ്വസിക്കുന്നതു വരെ, അവിടുത്തെ കാഴ്ചകളെയും രീതികളെയും മനുഷ്യരെയും സ്‌നേഹിക്കുന്നതു വരെ... അനുഭവിച്ചറിയുന്നത് വരെ... നമുക്ക് സവിശേഷതയൊന്നും തന്നെ തോന്നിയെന്നു വരില്ല. എന്നാല്‍ അവിടം വിട്ട് തിരിച്ചു വന്നാലോ...

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, നമ്മളില്‍ ചിലര്‍ക്കെങ്കിലും മനുഷ്യരോടുള്ളത് പോലെ സ്ഥലങ്ങളോടും വികാരങ്ങള്‍ കൂടുതലായുണ്ടോ എന്ന്. കൂടുതല്‍ ഇഷ്ടം ഉണ്ടോ എന്ന്. കാരണം ആധുനികയുഗത്തിലെ ആ ഒരു 'മിസ്സിങ്്' ഫീലിങ് ഉണ്ടല്ലോ, അത് പലപ്പോഴും സ്ഥലങ്ങളോടും നഗരവീഥികളോടും എനിക്ക് തോന്നാറുണ്ട്.

കോളേജ് ജീവിതത്തിനിടയില്‍ പൈസ എപ്പോഴും 'കമ്മി' ആയതു കൊണ്ട് 'ലോ ബജറ്റ്' യാത്രകള്‍ക്കാണ് പോയിരുന്നത്. അങ്ങനെ ഒന്ന് തന്നെയായിരുന്നു എനിക്ക് ബനാറസും.

പല പേരുകളുള്ള ഈ നാടിനെ എനിക്ക് വിളിക്കാന്‍ ഇഷ്ടം അങ്ങനെയാണ് .കൂടുതല്‍  അടുപ്പം  തോന്നുന്ന പേര്.

നാല് മതിലുകള്‍ക്കുള്ളില്‍ പണിത അമ്പലമുറികളിലെ പട്ടും പൊന്നാടയും തങ്കത്തിന്റെ  തിളങ്ങുന്ന ആഭരണങ്ങളിലും പൊതിഞ്ഞ വിഗ്രഹങ്ങള്‍ക്ക് നടത്തുന്ന 'ആരതി'  ഗംഗയെന്ന സുന്ദരിയുടെ മുന്‍പില്‍, അവളുടെ ഒഴുകി കിടക്കുന്ന, അനുഭൂതിയുണര്‍ത്തുന്ന നനവിന്റെ മുന്‍പില്‍, 4-5 പൂജാരികള്‍ തങ്ങളെ  സാഷ്ടാംഗം സമര്‍പ്പിക്കുന്ന ആ വിളക്കുകള്‍ക്കു മുന്‍പില്‍, ഓരോ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ഞാന്‍ എന്നെ തന്നെ സ്വയം മറന്നു പോയി...

Varanasi Travel
ഗംഗാ തീരത്ത് വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന ആരതി.

ഗംഗാ തീരത്ത് വര്‍ഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന ആരതി. ഒരു വലിയ ദൈവവിശ്വാസി ആയതു കൊണ്ടൊന്നുമല്ല, പക്ഷെ എവിടെ നിന്നോ ആ ജലാശയങ്ങളുടെ അന്തര്‍ധാരയില്‍ നിന്നും ഇത്രയും കാണികളുടെ മുന്‍പില്‍ ദൈവങ്ങള്‍ ഇറങ്ങി വന്ന് അനുഗ്രഹിക്കുന്ന പോലെ ഒരു തോന്നല്‍. ഗംഗയില്‍ മുങ്ങാതെ തന്നെ, മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെട്ടതു പോലെ...

വാരാണസി... നിന്റെ മണ്ണിന്റെ ഗന്ധത്തില്‍ ഏതു ദൈവത്തിനാണ് അനുഗ്രഹം കടാക്ഷിക്കാന്‍ തോന്നാത്തത്?

എല്ലാ തൃസന്ധ്യക്കും 6.45-നും 7.45-നും ഇടയ്ക്കാണ് ഈ ആരതി നടക്കാറുള്ളത്. ആ വേളയില്‍ തന്നെയാണ് വാരാണസി ഏറ്റവും നിറപ്പകിട്ടാര്‍ന്ന് ഉജ്ജ്വലയായി കാണപ്പെടാറുള്ളതും.

Varanasi Travel
ദശാശ്വമേധ ഘട്ട്

വാരാണസി. അപ്പോള്‍ തന്നെ നീ ഏറ്റവും അഴകുള്ളവള്‍. നിന്റെ അഴകില്‍ ആരെയും കാമക്രോധയാക്കുന്നവള്‍.

അടുത്ത ദിനം തുടങ്ങുന്നത് വാരാണസിയിലെ മനോഹരമായ സൂര്യോദയം കണ്ടു കൊണ്ട് തന്നെയാവണമെന്നു ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടി രാവിലെ തന്നെ വീണ്ടും ആ 'ഘട്ടിലേക്കു' ഞങ്ങള്‍ പുറപ്പെട്ടു.

കുറെ പയറ്റിയതിനു ശേഷം ഉള്ളതില്‍ വച്ച് കുറവ് കൂലി ചോദിച്ച ഒരു ചേട്ടന്റെ ബോട്ടില്‍ ഞങ്ങള്‍ സവാരി തുടങ്ങി.

Varanasi Travel

വാരാണസി ഒരു പെണ്ണിനെ പോലെയാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ചിലപ്പോള്‍ ആയിരിക്കും. അങ്ങനെ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

1

കൂടുതല്‍ ആഴത്തില്‍ അറിയുന്തോറും ഭംഗി കൂടി കൂടി വരുന്ന ഒരു സുന്ദരി. കവികള്‍ സ്ത്രീയുടെ സൗന്ദര്യത്തെ  വര്‍ണിക്കാറുള്ളത് പോലെ.

സൂര്യോദയവും സൂര്യാസ്തമനവും എന്നും എനിക്കൊരു കൗതുകം തന്നെയാണ്. ഒരു മന്ദഹാസം ചുണ്ടില്‍ പതിയാതെ ഇന്നേ വരെ ഞാന്‍ ഒരു ഉദയത്തേയും അസ്തമയത്തേയും വരവേറ്റിട്ടില്ല. ആ ഒരു മണിക്കൂര്‍ നീണ്ടു നിന്ന യാത്രയില്‍. ഗംഗ ഞങ്ങളെ ഒരു പൊങ്ങു തടി പോലെ നെഞ്ചില്‍ ഏറ്റിക്കൊണ്ടു പോയ ആ യാത്രയിലാണ് ഞങ്ങള്‍ വാരാണസിയുടെ പാരമ്പര്യത്തെ കുറിച്ച്  കൂടുതല്‍ അറിഞ്ഞത്..ഞങ്ങളുടെ ബോട്ട് ഓടിച്ചുകൊണ്ടിരുന്ന ചേട്ടന്‍ പറഞ്ഞതില്‍  നിന്നും ..

'പാന്..ബനാറസ് വാല...ഖുല്‍ ജായെ ബന്ദ് അകല്‍ കാ താലാ..'

അതെ..അവിടെ നിന്നും ഞങ്ങള്‍ നേരെ നടന്നത് ബനാറസിലെ ഏറ്റവും സവിശേഷതയേറിയ പാന്‍ കഴിക്കുവാനായിരുന്നു...

അവിടെ നിന്നും ബനാറസ് സാരി വാങ്ങുവാനും ...

ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വിവാഹത്തിനും മറ്റു പല ചടങ്ങുകള്‍ക്കും സ്ത്രീകള്‍ കെങ്കേമമായി അണിഞ്ഞു വരുന്ന ഒരു പട്ടു  പുടവ തന്നെയാണ് ഈ ബനാറസ് സില്‍ക്ക്..

ഞാന്‍ നേരത്തെ പറഞ്ഞല്ലോ ..ബനാറസ് കാശിനാഥന്റെ സ്വന്തം നാടാണ്.

അത് കൊണ്ട് തന്നെ അവിടെ വളരെ പേരു കേട്ടതായി ശിവ ഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന അമ്പലങ്ങളുണ്ട്. പുരാതന കാശിനാഥ ക്ഷേത്രവും നവീന കാശിനാഥ ക്ഷേത്രവും രണ്ടിനേം ഒന്നു കണ്ടു വലം വെക്കുക എന്നുള്ളത് അവിടത്തെ ഒഴിച്ചു കൂടാവാനാവാത്ത ഒരു ചടങ്ങാണ്.

ഏതു ദൈവീക രൂപമാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും ചിന്തിപ്പിക്കാറുള്ളതും അതിലുപരി മനസ്സില്‍ തങ്ങി നില്‍ക്കാറുള്ളതും എന്ന് ചോദിക്കുകയാണെങ്കില്‍, എന്റെ മുന്‍പില്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാവുകയുള്ളു.. ബുദ്ധന്‍. അതിനു പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും തന്നെയില്ല. ആ  മുഖത്തെ സൗമ്യതയും ശാന്തതയും തന്നെ. ഒരു ദൈവത്തേക്കാളുപരി ഒരു മനുഷ്യത്വാരോപണം കൂടുതല്‍ തോന്നിപ്പിക്കുന്ന ഒരു രൂപം.

Varanasi Travel
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ രൂപം

ബുദ്ധന് ജ്ഞാനോദയം ലഭിച്ച ശേഷം ആദ്യം ധര്‍മ്മോപദേശം നല്‍കിയത് സാര്‍നാഥിലാണെന്നാണ് പ്രമാണം. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധരൂപവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഏകദേശം രണ്ടു കോടി രൂപയാണ് ഇതിന്റെ ചിലവ്. പ്രത്യേകതരം കല്ലുകള്‍ കൊണ്ട് പണിതതാണത്രേ ഇത്.

Varanasi Travel
സർനാഥ് സ്തൂപം

പിന്നീടുള്ള ഞങ്ങളുടെ യാത്ര അങ്ങോട്ടായിരുന്നു. വളരെ വൃത്തിയോട് കൂടെയും ഭംഗിയോടു കൂടെയും ഈ സ്ഥലം അവര്‍ കാത്തുസൂക്ഷിക്കുന്നു. തൊട്ടടുത്തു തന്നെ ഒരു കാഴ്ച ബംഗ്ലാവും സ്ഥിതി ചെയ്യുന്നുണ്ട്.

ഒരുപാടു ആധുനിക കഫെകള്‍ക്കു പേരു കേട്ടതാണ് വാരാണസിയിലെ 'അസ്സി ഘട്ട്'. ഒരടുത്ത സുഹൃത്ത്  പറഞ്ഞത് പ്രകാരം അവിടത്തെ ആദര്‍ശ് കഫേയിലേക്ക് ഞങ്ങള്‍ യാത്രയായി.

വിവിധതരം കറികളുള്ള, എന്നു വച്ചാല്‍ ഒരുപാട് കറികളുള്ള അവിടുത്തെ ഥാലി വളരെ പേര് കേട്ടതാണ്. അത് പരീക്ഷിച്ചു നോക്കുവാന്‍ വേണ്ടിയായിരുന്നു ആ യത്‌നം.

പിന്നീട് ഞങ്ങള്‍ നടന്നത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേക്കാണ്.

Varanasi Travel

പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരിക, ബഹുമാനപ്പെട്ട കവി ഹരിവന്‍ഷ് റായ് ബച്ചന്‍  മുതലായവര്‍ പഠിച്ച ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വകലാശാലയാണ് ബനാറസ് ഹിന്ദു സര്‍വകലാശാല. മദന്‍ മോഹന്‍ മാല്‍വിയയുടെയും നമ്മുടെ സ്വന്തം ഗാന്ധിജിയുടെയും ഒക്കെ സ്വപ്നം. ഒരു പക്ഷെ അന്ന് ഈ മഹാന്മാര്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയില്ലാരുന്നെങ്കില്‍, ചിലപ്പോള്‍ നമ്മുടെ ഇന്ത്യ മഹാരാജ്യം വിദ്യാഭാസത്തില്‍ ഇത്രെയും മുന്നോട്ടു കുതിക്കില്ലായിരുന്നു, അല്ലേ?

മനുഷ്യന്‍ കുറച്ചു സ്വസ്ഥതയ്ക്കും സമാധാനത്തിനും വേണ്ടി അഭയം തേടുന്ന ഒരു സ്ഥലമാണല്ലോ ക്ഷേത്രങ്ങളും പള്ളികളുമൊക്കെ. അവിടെ എത്തിപ്പെടുമ്പോള്‍ നേര്‍ച്ചയെന്നും ഭഗവാനുള്ള കാണിക്കയെന്നും മറ്റും പറഞ്ഞു കച്ചവടക്കാര്‍ നമ്മുടെ ചുറ്റും തടിച്ചു കൂടുമ്പോള്‍ ഉള്ള അവസ്ഥ., അത്ര സുഖകരമായി എനിക്ക് തോന്നിയിട്ടില്ല.

Varanasi Travel

ഞങ്ങളുടെ അവസാന കലാപരിപാടിയായ 'കലികാ' ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ഇത്രെയും ഒക്കെ ശുദ്ധീകരണം കഴിഞ്ഞതല്ലേ. എന്നാല്‍ പിന്നെ ഇനി ഇത്തിരി എരിവും പുളിയും ഒക്കെ ആവാം എന്ന് കരുതി.

അവിടുത്തെ മീന്‍ വറുത്തതും മട്ടണ്‍ കറിയും ഒന്ന് രുചിച്ചു നോക്കേണ്ടതാണ്. ഒരു ഉണ്ണിയപ്പത്തിലും ഇത്തിരി വലിപ്പം കൂടുതലുള്ള പാത്രത്തിലാണ് അവര്‍ വിളമ്പുക. എന്നാലും നല്ല സ്വാദാണ്.

Varanasi Travel

ഏതൊരു സ്ഥലത്തു നിന്നും തിരിച്ചു പുറപ്പെടുമ്പോള്‍ അവിടുത്തെ കുറച്ച് ഓര്‍മ്മകളാണല്ലോ നമുക്ക് കൂട്ടായിട്ടുണ്ടാവുക. അങ്ങനെ കുറച്ചു വില പിടിപ്പുള്ള സ്മരണകളുമായി ഞാനും മടക്ക യാത്ര തിരിച്ചു. ദാ ഇപ്പോള്‍ ഇതെഴുതി മുഴുമിക്കുമ്പോള്‍ പതിയുന്നു വീണ്ടും ആ പുഞ്ചിരി. വാരാണസി ഉണര്‍ത്തുന്ന ചെറുപുഞ്ചിരി...