Mathrubhumi - Sanchari Post Of the Week |

_________________

യാത്രകള്‍ ഒരുപാട് ഇഷ്ടമായിരുന്നു എങ്കിലും അതിന് അവസരം കിട്ടിയത് ജോലി കിട്ടി ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡും സ്വപ്ന ഭൂമിയായ ഹിമാചലും ഒരു രാത്രി യാത്രാദൂരത്തിലാണെന്നത് തന്നെയാണ് പ്രധാന കാരണം. 2013-ല്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍തൊട്ടു കേള്‍ക്കുന്ന സ്ഥലം ആണ് valley of flowers; പൂക്കളുടെ താഴ്‌വര. പടിഞ്ഞാറന്‍ ഹിമാലയത്തില്‍ നീണ്ട് നിവര്‍ന്നു കിടക്കുന്ന ഒരു അപൂര്‍വ പൂന്തോട്ടം- അതാണ് ഒറ്റവാക്കില്‍ ഈ UNESCO World Heritage site. സമുദ്ര നിരപ്പില്‍ നിന്ന് 3658 മീറ്റര്‍ ഉയരത്തില്‍ നാലുചുറ്റും വെള്ളചാട്ടവുമായി 8 കിലോമീറ്റര്‍ നീളവും 2 കിലോമീറ്റര്‍ വീതിയും 87.5 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണവുമായി പ്രകൃതി ഒരുക്കുന്ന പൂക്കളുടെ ഒരു നിറക്കൂട്ട്. ഗൂഗിള്‍ ഫോട്ടോസ് കണ്ടപ്പോള്‍ അത്ഭുതമായി തോന്നി. ഫോട്ടോസ് കണ്ടപ്പോള്‍ തന്നെ ആ മാസ്മരിക സൗന്ദര്യം നേരില്‍ കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.

ഒടുവില്‍ ആ ആഗ്രഹം സഫലമായി. 2017 ആഗസ്റ്റ് 13-ന്. അപ്രതീക്ഷിതമായാണ് ഒരു കൂട്ടം നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ വാലി ഓഫ് ഫ്ലവര്‍സ് പോയാലോ എന്ന് ആലോചനയിട്ടത്. വാലി ഓഫ് ഫ്ലവര്‍സിന് അടുത്താണ് സിഖുമതക്കാരുടെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം - ഹേംകുണ്ഡ്  സാഹിബ്. വാലി ഓഫ് ഫ്ലവര്‍സ് പോകുന്നെങ്കില്‍ ഹേംകുണ്ഡ് സാഹിബും പോകണം, അതായി പ്ലാന്‍. അങ്ങനെ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോഴാണ് മനസിലാകുന്നത് valley of flowers - hemkunt പാക്കേജുകള്‍ ധാരാളം ലഭ്യമാണെന്ന്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അങ്ങോട്ട്  7-8 ദിവസം വേണം എന്നൊക്കെയാണ് കാണിക്കുന്നത്. അത്രയും ദിവസം ഓഫീസില്‍ നിന്ന് ലീവ് കിട്ടുക അസാധ്യവും.

പ്രതീക്ഷ കൈവിടാതെ പിന്നെയും ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് ഒക്കെ ഒരുപാടു സെര്‍ച്ച് ചെയ്തു. പെട്ടെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് രാകേഷ്ജിയെ പറ്റി അറിയാന്‍ കഴിഞ്ഞത്. പുള്ളിക്കാരന്‍ അവിടുത്തെ ലോക്കല്‍ ആളാണ്. ആള് ഓള്‍ ഇന്‍ ഓള്‍ ആണെന്ന് അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹത്തില്‍ നിന്നാണ് നൈറ്റ് ട്രെക്ക് എന്ന അതിമനോഹരമായ വാഗ്ദാനം ഞങ്ങള്‍ക്ക് കിട്ടിയത്.

Valley of Flowers - Hemkunt Trekking

ഞങ്ങള്‍ രാകേഷ്ജിയോട് കാര്യങ്ങള്‍ ഫോണില്‍ പറഞ്ഞു. 4 ദിവസമേ ഉള്ളൂ, ഞങ്ങള്‍ക്ക് വാലി ഓഫ് ഫ്ലവര്‍സും ഹേംകുണ്ഡും പോകണം. രാകേഷ്ജി തന്നെ ആ confidence.നിങ്ങള്‍ നൈറ്റ് ട്രെക്ക് ചെയ്യാന്‍ റെഡി ആണെങ്കില്‍ പ്ലാന്‍ ഈസി ആയി നടക്കും.എല്ലാവരുടെയും കണ്ണില്‍ വാലി ഓഫ് ഫഫ്ലവര്‍സിന്റെ സ്വപ്നങ്ങള്‍ വിടരാന്‍ തുടങ്ങി.പലരുടെയും വര്‍ഷങ്ങള്‍ ആയുള്ള ആഗ്രഹം ഈ ഉള്ളവളുടെയും.

അങ്ങനെ പ്ലാന്‍ സെറ്റ് ആയി. 8 പേര്‍ ഒരു സ്‌കോര്‍പിയോ ബുക്ക് ചെയ്തു, ഡല്‍ഹിയില്‍ നിന്നു ഗോവിന്ദ് ഘട്ട് വരെ (520 km) പോകാന്‍. 15-18 മണിക്കൂര്‍ ആകാവുന്ന യാത്ര. ഗോവിങ് ഘട്ടില്‍ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. സ്‌കോര്‍പിയോയ്ക്ക് 24,000 രൂപ. അതായത് ഒരാള്‍ക്ക് 3000 രൂപ. പിന്നെ ഗോവിന്ദ് ഘട്ട് തൊട്ട് താമസവും ഭക്ഷണവും എല്ലാം രാകേഷ്ജി ഒരുക്കിയിട്ടുണ്ട് - ഒരാള്‍ക്ക് 4000 രൂപ, 4 ദിവസത്തേയ്ക്ക്.

ആഗസ്റ്റ് 11 രാത്രി മുതല്‍ ആഗസ്റ്റ് 15 വരെയാണ് പ്ലാന്‍. ആഗസ്റ്റ് 14 ന് ഓഫീസില്‍ നിന്ന് ലീവ് എടുത്തു. ശനിയും ഞായറും ആഗസ്റ്റ് 15 ഉം പിന്നെ ഒരു ലീവും കൂടെ ചേര്‍ത്ത് അങ്ങനെ 4 ദിവസം.

ദിവസം 1: ആഗസ്റ്റ് 11 രാത്രി 10 മണി

ഞങ്ങള്‍ എല്ലാവരും ഡല്‍ഹി കാശ്മീരി ഗേറ്റില്‍ ഒത്തു കൂടി. സ്‌കോര്‍പിയോയും ഡ്രൈവര്‍ ആയ രാജു ഭയ്യയും എത്തി. അങ്ങനെ യാത്ര ആരംഭിച്ചു. ലോങ് വീക്കെന്‍ഡ് ആയതു കൊണ്ട് ട്രാഫിക് കാരണം ഡല്‍ഹി നിശ്ചലം ആയിരുന്നു. ഒടുവില്‍ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ഡല്‍ഹി ബോര്‍ഡര്‍ ക്രോസ് ചെയ്തു.

ദിവസം 2: ആഗസ്റ്റ് 12-ഞങ്ങള്‍ ഉത്തരാഖണ്ഡില്‍. ഹിമാലയന്‍ യാത്രകളില്‍ ഏറ്റവും സുന്ദരമായ നിമിഷം -പര്‍വ്വതങ്ങളുടെ മടിത്തട്ടില്‍ ,കിളികളുടെ കലപിലയും, വെള്ളച്ചാട്ടവും, പച്ചപ്പും, തൊട്ടുരുമ്മി നില്‍ക്കുന്ന മേഘങ്ങളുമായി പ്രകൃതി ഒരുക്കുന്ന കണി. അപ്പോഴാണ് അപ്രതീക്ഷിത വില്ലനായി ചാടി തിമിര്‍ത്തു മഴ എത്തിയത്. മഴ പെയ്താല്‍ മണ്ണിടിച്ചിലും റോഡ് ബ്ലോക്കും സ്ഥിരം ആണ് ഉത്തരാഖണ്ഡില്‍. പ്രകൃതി ദൈവങ്ങളോട് ഞങ്ങള്‍ മനസ്സ് ഉരുകി പ്രാര്‍ത്ഥിച്ചു 4 ദിവസം മഴ ഉണ്ടാകരുതേ എന്ന്. പ്രാര്‍ത്ഥന ഫലിച്ചു. മഴ നിന്നു. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചായിരുന്നു എന്ന് പറയാം. ഒരു ദാബയില്‍ കയറി. അവിടെ നിന്ന് പല്ലു തേയ്ച്ചു ഫ്രഷ് ആയി. പറാട്ടയും ചായയും ഭക്ഷണം- 50 രൂപ. അവിടെ നിന്ന് പിന്നെയും യാത്ര തുടര്‍ന്നു. ഋഷികേശും ദേവ്പ്രയാഗും അളകനന്ദയും ഒക്കെ കണ്ടാണ് യാത്ര. ദേവ്പ്രയാഗ്-ഗംഗ നദിയുടെ ജന്മം ഇവിടെയാണ്. അളകനന്ദയും ഭഗീരദിയും ഒത്തു ചേര്‍ന്നിട്ടു ഗംഗയായി ഒഴുകി തുടങ്ങുന്നത് ദേവ്പ്രയാഗില്‍ നിന്നാണ്. മനോഹരമായ ഒരു ക്ഷേത്രവും ഉണ്ട് ഇവിടെ.

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

അങ്ങനെ വൈകുന്നേരം 5 മണിയോടെ ഞങ്ങള്‍ ഗോവിന്ദ്ഘാട്ടില്‍ എത്തി. രാകേഷ്ജിയെ കണ്ടുമുട്ടി. ലേറ്റ് ആയി നിങ്ങള്‍ക്ക് ഇനി അനുവാദം ലഭിക്കില്ല, 3 മണിക്ക് എങ്കിലും എത്തണമായിരുന്നു നിങ്ങള്‍. രാകേഷ്ജി പറഞ്ഞു. എന്നാലും ശ്രമിച്ചു നോക്കാം എന്നായി. ഗോവിന്ദ്ഘാട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ ഉണ്ട് ഖങ്കാരിയ (ghangaria) വരെ. ഖങ്കാരിയയാണ് വാലി ഓഫ് ഫ്ലവര്‍സിന്റെ ബേസ് ക്യാമ്പ്. ഗോവിന്ദ്ഘാട്ടില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരം കൂടെ വാഹനത്തില്‍ പോകാം. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ പോകാന്‍ അനുമതിയുള്ളൂ. അവിടെ നിന്നാണ് ശരിക്കും ട്രെക്ക് സ്റ്റാര്‍ട്ടാകുന്നത്. അവിടെ എത്തിയപ്പോള്‍ പോലീസും ടൂറിസം ഓഫീസേര്‍സും ഉണ്ട്. മുകളിലോട്ടു പോകാന്‍ അനുവാദം എടുക്കണം. നിങ്ങള്‍ വൈകിയെന്ന് പോലീസുകാര്‍ പറഞ്ഞു. ഇപ്പോള്‍ പോയാല്‍ രാത്രി 12-1 മണി ആകും ഖങ്കാരിയ എത്താന്‍. അതുകൊണ്ട് നിങ്ങള്‍ക്ക് ഇന്ന് മല കയറാന്‍ പറ്റില്ല. 

എല്ലാവരും നിരാശരായി. ട്രെക്കിങ്ങ് ഷൂസും റക് സാകും ഒക്കെയിട്ട് ഞങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ കയറിച്ചെന്നു, കാലു പിടിക്കാന്‍ തന്നെ തീരുമാനിച്ച്. സര്‍, ഞങ്ങള്‍ ട്രെക്കിങ്ങ് ചെയ്യാറുള്ളവരാണ് ഞങ്ങളുടെ കയ്യില്‍ ഹെഡ് ലൈറ്റും മറ്റു ഗിയറുകളും ഉണ്ട്. we will do! അപ്പോള്‍ അപ്രതീക്ഷിതമായി ഒരു പോലീസുകാരന്‍ മറ്റേ പോലീസുകാരനോട്, കൂട്ടത്തില്‍ ഏറ്റവും വലിപ്പം കുറഞ്ഞ എന്നെ ചൂണ്ടിക്കാട്ടി ഇങ്ങനെ ചോദിച്ചു- ഇസ്‌കോ ദേഖ്‌കെ ലഗ് രഹാഹേ യേ ചഡ് ജായേഗി...(ഇവളെ കണ്ടാല്‍ തോന്നുവോ കയറും എന്ന്). ചാടി കയറിയ മലകളുടെ ലിസ്റ്റാ മനസ്സില്‍ വന്നേ. എന്നാലും അധികം ജാട കാണിക്കാതെ പറഞ്ഞു, ഹാ സര്‍, കര്‍ദൂംഗീ... (അതേ സാര്‍ ചെയ്യും). ഏതായാലും അവസാനം പോകാനുള്ള അനുവാദം കിട്ടി.

6 മണിക്ക് ട്രെക്ക് തുടങ്ങി, സൂര്യന്‍ മറഞ്ഞിരുന്നു. നിലാവെളിച്ചം.. സ്വപ്നങ്ങളുടെ താഴ് വരയില്ലേക്കു ഞങ്ങള്‍ നടന്നു തുടങ്ങി. 20 മണിക്കൂറിന്റെ യാത്രാക്ഷീണം എല്ലാവരെയും തളര്‍ത്തിയിരുന്നു- മുതുകത്തെ ഭാരം വേറെയും. ചുറ്റും അന്ധകാരം, കൊടും കാട്. അതിനിടയിലൂടെ ഒഴുകുന്ന നദി. ശരീരം മുഴുവന്‍ കുത്തി നോവിക്കുന്ന ശൈത്യം. കഴിഞ്ഞ രാത്രി വണ്ടിയില്‍ ആയിരുന്നതിനാല്‍ ആരും അധികം ഉറങ്ങിയിട്ടില്ല. കാലുകള്‍ നീങ്ങുന്നില്ല. അസാധ്യം എന്ന് തോന്നിപ്പോയ നിമിഷം. കുത്തനെയുള്ള കയറ്റങ്ങള്‍ മാത്രം ഉള്ള വഴി. രാകേഷ്ജി ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അസാധ്യം തന്നെ ആയേനേ ആ യാത്ര. 

11 മണിയോടെ അവസാനം ഞങ്ങള്‍ ഖങ്കാരിയ എത്തി. ഒരു ചെറിയ ഹോട്ടല്‍ - ഒരു മുറി കിട്ടി. കുളിച്ചു ഭക്ഷണം കഴിച്ചു. കട്ടില്‍ കണ്ടതു മാത്രം ഓര്‍മയുണ്ട്. പിന്നെ അടുത്ത ദിവസം രാവിലെ 8 മണിക്കാ കണ്ണ് തുറന്നത്.

ദിവസം 3: സ്വപ്നദിവസം

കുളിക്കാന്‍ ചൂട് വെള്ളം കിട്ടും, 50 രൂപയാണ് ഒരു ബക്കറ്റ് ചൂട് വെള്ളത്തിന്. അതൊന്നും അറിയാതെ തണുത്ത വെള്ളത്തില്‍ കുളിച്ചു. തണുത്തു വിറച്ചിരിക്കുന്ന എനിക്ക് മുമ്പില്‍ ചൂട് ചായയുമായി എത്തി. ഹോട്ടല്‍ ജീവനക്കാരനായ ബബ് ലു ഭയ്യ പഹാടിയാണ്. കാടിന്റെ മക്കള്‍ എന്ന് പറയും പോലെ ഇവര്‍ മഞ്ഞിന്റെയും മലയുടെയും മക്കള്‍.

ഏകദേശം 5 കിലോമീറ്ററുണ്ട് ഖങ്കാരിയ തൊട്ട് വാലി ഓഫ് ഫ്ലവര്‍സ് വരെ. 9 മണി ആയപ്പോള്‍ ഗ്രൂപ്പ് ഫോട്ടോയോട് കൂടെ തുടങ്ങി. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. സുന്ദരം എന്നൊക്കെ പറഞ്ഞാല്‍... സ്വര്‍ഗ്ഗ തുല്യം! നാലു ചുറ്റും മലകളില്‍ നിന്ന് ഒഴുകി വരുന്ന പാലരുവികള്‍. പച്ചപ്പ്.. പ്രകൃതി അതിന്റെ ചിറകു വിരിച്ചു നില്ക്കുന്നു. മൂന്നു മണിക്കൂര്‍ എടുത്തു ഞങ്ങള്‍ വാലി ഓഫ് ഫ്ലവര്‍സിന്റെ എന്‍ട്രി വരെ എത്താന്‍. ഇത്രയും സുന്ദരമായ ഒരു ട്രെക്ക് ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. കണ്ണിന് ഇമ്പമേകുന്ന നിറങ്ങള്‍. മേഘങ്ങള്‍. വെള്ളച്ചാട്ടം. നദികള്‍. അനുഗ്രഹീതമായ പ്രകൃതി. പൂക്കളുടെ ഇടയിലൂടെ ഓടി നടന്നു ഞാന്‍. കണ്ണെത്താ ദൂരത്തോളം പലതരം പൂക്കള്‍. ബ്ലൂ പോപ്പി (Blue poppy) ആയിരുന്നു പ്രധാന ആകര്‍ഷണം.

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

പിന്നെ പല നിറത്തിലുള്ള മെത്തകള്‍ വിരിച്ച പോലെ പല തരത്തില്‍ മഴവില്‍ നിറങ്ങളില്‍ പൂക്കള്‍. സിനിമകളിലെ ഗാനരംഗങ്ങളില്‍ കണ്ടിട്ടുള്ള സ്ഥലങ്ങളെ ഒക്കെ കടത്തി വെട്ടി കണ്‍മുമ്പിലെ ഈ താഴ് വര. പൂക്കളുടെ താഴ് വര. സ്വപ്ന താഴ് വര. കുറേ ഫോട്ടോസ് എടുത്തു. അവസാനം ഒരു പാറപുറത്തു നിവര്‍ന്നു കിടന്നു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു. രാകേഷ്ജി പായ്ക്ക് ചെയ്തു കൊണ്ട് വന്ന പറാട്ടയും അച്ചാറും കഴിച്ചു. എന്നിട്ട് ഞങ്ങള്‍ വിടപറഞ്ഞു. ആ പൂക്കളോട്. ആ താഴ് വരയോട്. ഇനിയും കാണാം എന്ന് നൂറുവട്ടം മനസ്സില്‍ പറഞ്ഞ്... പ്രതീക്ഷയോടെ

ദിവസം 4-ഹേംകുണ്ഡിലേക്ക്

അനിശ്ചിതത്ത്വത്തിന്റെ ദിവസമായിരുന്നു. 22 കിലോമീറ്റര്‍ ട്രെക്കാണ് ഇന്നത്തെ പ്ലാന്‍. ബുദ്ധിമുട്ടാണ്. നടക്കുവോ എന്ന് അറിയില്ല. ക്ഷീണം കാരണം ഗ്രൂപ്പിലെ 2 പേര് പിന്മാറി. എപ്പോഴത്തേയും പോലെ ഗ്രൂപ്പ് ഫോട്ടോ എടുത്തു ഞങ്ങള്‍ തുടങ്ങി, രാകേഷ്ജിയോടൊപ്പം. ഹേംകുണ്ഡിലേക്ക് ആണ് ഇന്ന്. തീര്‍ത്ഥാടന കേന്ദ്രം ആയതിനാല്‍ കുതിര സവാരികള്‍ സുലഭം ആണ്. ഒരുപാടു പ്രായമായവരും വന്നിട്ടുണ്ട് മല കയറാന്‍. 4400 മീറ്റര്‍ ഉയരത്തിലാണ് ഹേംകുണ്ഡ്. യാത്ര കുറച്ചു ബുദ്ധിമുട്ടാണ്. 

Valley of Flowers - Hemkunt Trekking

അപ്പോഴാണ് കുറച്ചു കുറുക്കുവഴികളൊക്കെ കണ്ടത്. ശരിക്കും ഈ കുറുക്കുവഴികള്‍ കാരണമാണ് വഴിയില്‍ ട്രെക്ക് ഉപേക്ഷിക്കാനിരുന്ന ഞങ്ങള്‍ ഹേംകുണ്ഡില്‍ എത്തിയത്. ആദ്യം രണ്ടു കാലിലും പിന്നീട് 4 കാലിലുമായി യാത്ര; കൈയും കാലും ഉപയോഗിച്ച്. സുന്ദരമായ മലഞ്ചെരുവും വെള്ളച്ചാട്ടവും അപ്പോഴും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഹിമാലയന്‍ യാത്രകളുടെ മറ്റൊരു പ്രത്യേകത മലഞ്ചെരുവുകളില്‍ നിന്നു ഒഴുകി വരുന്ന എല്ലാ മിനറല്‍സും അടങ്ങിയ വെള്ളം ആണ്. കൈയില്‍ ഒരു കുപ്പി കരുതിയാല്‍ മതി. അപ്പോഴാണ് സന്നിധാനത്ത് എത്താന്‍ ഏകദേശം 1000 പടികള്‍ കയറണം എന്ന് മനസ്സിലായത്. തളര്‍ന്നു പോയ ഞങ്ങള്‍ക്ക് വഴിയില്‍ വച്ച് പല തീര്‍ത്ഥാടകരും ഗ്ലൂക്കോസും എനര്‍ജി ഡ്രിങ്കുകളും ഒക്കെ തന്നു. ആ നല്ല മനസ്സുകള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

അന്ന് എന്നെ കാത്തിരുന്നതു വേറൊരു അത്ഭുതം ആയിരുന്നു- ബ്രഹ്മകമലം (Brahmakamal). ഉത്തരാഖണ്ഡിന്റെ സ്വന്തം പുഷ്പം. സമുദ്ര നിരപ്പില്‍ നിന്ന് 4500 മീറ്റര്‍ ഉയരത്തിനു മുകളില്‍ മാത്രമാണ് കാണാറ്. യാത്രകളില്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്- ബ്രഹ്മകമല്‍ നേരില്‍ കാണുന്നതു ഒരു ഭാഗ്യം ആണെന്ന്. ബ്രഹ്മാവിന്റെ താമര. ശിവന്‍ ഗണപതിയെ സൃഷ്ടിച്ചപ്പോള്‍ ബ്രഹ്മകമലത്തില്‍ നിന്നാണ് ഗണപതിയുടെ തലയില്‍ വെള്ളം തളിച്ചത്. അങ്ങനെ ഒരുപാടു കഥകള്‍ ഉണ്ട്...

Valley of Flowers - Hemkunt Trekking

സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പിന്നേം സ്വപ്‌നം പൂവണിഞ്ഞ നിമിഷം. അതിനെ തൊട്ടു തലോടി ഒരു ഫോട്ടോ എടുത്തു, പിന്നെയും യാത്ര തുടങ്ങി. സ്റ്റെപ്പുകള്‍ ചവിട്ടി കയറി ഞങ്ങള്‍ ഇതാ ഹേംകുണ്ഡിന്റെ മുമ്പില്‍. അത്യാവശ്യം നല്ല തിരക്കുണ്ട്. മഞ്ഞ് മൂടിയ കൂറ്റന്‍ മലകള്‍ .. ഗുരുദ്വാരയുടെ പുറകില്‍ ആയി വളരെ വലിയ ഒരു ജലാശയം ഉണ്ട്. കടുത്ത തണുപ്പ് അവഗണിച്ചു പല ഭക്തരും മുങ്ങി കുളിക്കുന്നുണ്ട്. വെള്ളത്തിന് അടുത്തേക്ക് ഞങ്ങള്‍ പോയി. ഞങ്ങളും കൈ കാലുകള്‍ നനച്ചു. മുഖം കഴുകി. മരവിച്ച വിരലുകള്‍ ഒന്ന് മറ്റൊന്നിനോട് ചേര്‍ന്നു പോയി. വേഗം തന്നെ ഗുരുദ്വാരയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. എങ്ങും നിശബ്ദത. എല്ലാ ചുണ്ടുകളിലും പ്രാര്‍ത്ഥനകള്‍ മാത്രം. മനസ്സുരുകി, ചെയ്തു പോയ പാപങ്ങള്‍ക്ക് മാപ്പും, കിട്ടിയ സമ്പദ്‌സമൃദ്ധിക്കും ആയുരാരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം വിശ്വാസസമൂഹം. എല്ലാം മറന്നു ഞങ്ങളും ആ നിശബ്ദതയുടെ സുഖം അനുഭവിച്ചു.

Valley of Flowers - Hemkunt Trekking

ഗുരുദ്വാരകളുടെ ഒരു പ്രത്യേകതയാണ് ലങ്കാര്‍ (langaar). പ്രസാദമായി ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം ആണ്. കിച്ചടിയും(നമ്മുടെ നാട്ടിലെ കഞ്ഞി പോലെ) ചായയും കിട്ടി. ഇത്രയും സ്വാദുള്ള ഭക്ഷണം ഈ യാത്രയില്‍ എങ്ങും തന്നെ ഞങ്ങള്‍ കഴിച്ചിരുന്നില്ല. ഇനി മല ഇറങ്ങണം. ആലോചിച്ചിട്ട് തന്നെ, ഹാ.. ഗോവിന്ദ്ഘാട്ടിലാണ് ഇന്നത്തെ താമസം. ഖങ്കാരി വരെ 6 കിലോമീറ്റര്‍. അവിടുന്ന് ഗോവിന്ദ്ഘട്ട് വരെ 10 കിലോമീറ്റര്‍. നടന്നു തുടങ്ങി വഴിയ്ക്ക് വച്ച് ഹൃദയത്തെ പിടിച്ചു കുലുക്കിയ ഒരു രംഗം ഞങ്ങള്‍ കണ്ടു. ഒരു കാല് മാത്രം ഉള്ള ഒരു മനുഷ്യന്‍ മല കയറുന്നു; ഹേംകുണ്ഡിലേക്ക്. ഒരു തടി ഊന്നിയാണ് കയറുന്നത്. കൂടെ സഹായിക്കാന്‍ ഒരു സുഹൃത്തും ഉണ്ട്. അവരോട് കുശലം അനേഷിച്ചു. അവര്‍ക്കു എല്ലാ ഭാവുങ്ങളും നേര്‍ന്നു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

ഖാങ്കരിയയിലെ റൂമില്‍ എത്തി കാപ്പി കുടിച്ചു ബാഗ് എടുത്ത് ഇറങ്ങി.സമയം 6 മണി. ഇനി 10 കിലോമീറ്റര്‍ താഴേയ്ക്കുള്ള ട്രെക്ക് ആണ്. എത്രയും വേഗം താഴെ എത്തണം എന്നായി. മുതുകത്ത് പിന്നെയും ഭാരം കയറ്റി ഞങ്ങള്‍ ഓട്ടം ആരംഭിച്ചു. യാത്രകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഡൗണ്‍ ട്രെക്ക് ആണ്. ഇളം കാറ്റിന്റെ മധുരം നുണഞ്ഞ് ഞങ്ങള്‍ താഴേക്ക് ഇറങ്ങി. സമയം 8. ഞങ്ങള്‍ ഗോവിന്ദ്ഘാട്ട് എത്തി. റൂമില്‍ എത്തിയപ്പോള്‍ പിന്നേം ട്വിസ്റ്റ് - മന (MANA)- കൂട്ടത്തില്‍ ആരോ മന്ത്രിച്ചു. ഇന്ത്യന്‍ ടിബറ്റന്‍ ബോര്‍ഡറാണ് മന. മന ഗ്രാമം, ഇന്ത്യയുടെ അവസാന ഗ്രാമം. അതിരാവിലെ ഇറങ്ങിയാല്‍ മന കൂടെ പോകാം. എല്ലാവരും സൂപ്പര്‍ എക്‌സൈറ്റഡ്... പോയേ പറ്റൂ എന്നായി...

ദിവസം 5-  മനയിലേക്ക്

രാവിലെ ഉണരുന്നത് തന്നെ സ്വാതന്ത്ര്യദിന റാലിയുടെ ആര്‍പ്പുവിളികള്‍ കേട്ടാണ്. 2400 രൂപ എക്സ്ട്രാ കൊടുക്കാം എന്ന് പറഞ്ഞ് ഡ്രൈവര്‍ ഭയ്യയെ സെറ്റാക്കി, മനയിലേക്ക് പോകാന്‍. യാത്ര ആരംഭിച്ചു. 2 കുന്നുകളുടെ ഇടയില്‍ മനോഹരമായി നിര്‍മിച്ച റോഡുകള്‍. പാറപൊട്ടി റോഡിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ ഒരു ചെറിയ സ്പിതിയുടെ ഫീല്‍ തന്നു ഞങ്ങള്‍ക്ക്. വഴിയില്‍ ബദ്രിനാഥ് അമ്പലം ദൂരത്തു നിന്ന് കണ്ടു. മനയിലെ പ്രസിദ്ധമായ, ഇന്ത്യയുടെ അവസാന ചായക്കടയിലേക്കായി ഞങ്ങളുടെ യാത്ര. സ്വാതന്ത്ര്യദിന സ്പെഷല്‍ പരിപാടി ആണ് എല്ലായിടത്തും. 

Valley of Flowers - Hemkunt Trekking

പലതരം ചായകള്‍ ഉണ്ട് മെനുവില്‍. ഒരു തുളസി ചായ ഓര്‍ഡര്‍ ചെയ്തു -15 രൂപ. കടയുടെ മുന്നില്‍ നിന്ന് ഇന്ത്യന്‍ പതാക പിടിച്ചു വളരെ പ്രൗഢിയോടെ ഞങ്ങളും ഒരു ഫോട്ടം പകര്‍ത്തി. പിന്നെ മന ഗ്രാമം ഒന്ന് കറങ്ങി. ഗ്രാമീണരുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഉണ്ട് കുറേ. മായം ചേര്‍ക്കാത്ത മസാലകള്‍. ഗ്രീന്‍ ടീയും മറ്റുമായി ചിലതൊക്കെ വാങ്ങി ഞങ്ങള്‍ വാഹനത്തില്‍ കയറി. ഇനി ഭാരതത്തിന്റെ തലസ്ഥാനത്തേക്കാണ്. ഒരു 18 മണിക്കൂര്‍ നീണ്ട യാത്ര ഇനി ഈ ശകടത്തില്‍. ഉച്ചഭക്ഷണം കഴിച്ച് വിശാലമായി തന്നെ- നോര്‍ത്ത് ഇന്ത്യന്‍ താലി, 110 രൂപ.

Valley of Flowers - Hemkunt Trekking

Valley of Flowers - Hemkunt Trekking

താഴ് വരകളിലൂടെ ഒഴുകുന്ന നദികളും വാനോളം മുട്ടി നില്‍ക്കുന്ന മരങ്ങളും മേഘങ്ങളും നീലാകാശവും ഒക്കെ കണ്ടു. യാത്രയുടെ ഓരോ നിമിഷവും മനസ്സില്‍ വീണ്ടും ഓര്‍ത്തോര്‍ത്ത് എപ്പോഴോ ഉറക്കത്തിലേക്ക് മയങ്ങി വീണു.

രാവിലെ 5 മണി ആയപ്പോള്‍ ഡല്‍ഹി കാശ്മീരി ഗേറ്റില്‍ തിരിച്ചെത്തി. ഡല്‍ഹി ജീവിതത്തിലേക്ക് മടക്കം. ഇനി 9 മുതല്‍ 5 വരെ പതിപ് ഓഫീസ്.

ഏതായാലും മറക്കാനാകാത്ത 5 ദിവസം. സ്വപ്നതുല്യമായ ദിവസങ്ങള്‍. ആ മായാലോകത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി, ഞാന്‍ മെട്രോ പിടിക്കാന്‍ നടന്നു.

  • ചെലവ് : 3300 (സ്‌കോര്‍പിയോ)
  • 4000(രാകേഷ്ജി - ഗോവിന്ദ്ഘാട്ടില്‍ നിന്ന് ആരംഭിച്ച് തിരികെ അവിടെ തന്നെ വരുന്നവരെയുള്ള താമസവും ഭക്ഷണവും)
  • 50(ആദ്യ ദിവസത്തെ ഭക്ഷണം)
  • 110(അവസാന ദിവസത്തെ ഭക്ഷണം)

ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാനുള്ള  യാത്രയ്ക്ക് ആകെ ചിലവായത് 7500 രൂപ