ല്ല വെളിച്ചെണ്ണയുടെ വാസന മൂക്കില്‍ തുളച്ച് കയറുന്നു ....വാസന നാക്കില്‍ വെള്ളമായി ഊറിയപ്പോള്‍ പെട്ടെന്ന് മയക്കത്തില്‍ നിന്നുണര്‍ന്നു.  ഉണ്ണിയപ്പക്കടക്ക് മുന്‍പിലാണ് എന്റെ സാരഥി ഉണ്ണിയേട്ടന്‍ കാര്‍ കൊണ്ടുചെന്ന് നിര്‍ത്തിയിരിക്കുന്നത്.  സമയം ഒന്‍പതുമണിയോടടുത്തിരിക്കുന്നു. പ്രാതല്‍ കഴിച്ചിട്ടില്ല. പുലര്‍ച്ചക്ക് അഞ്ചുമണിക്ക് കാറില്‍ കയറിയിരുന്നതാണ്.

Unniyappakkada 1  

ഉണ്ണിയപ്പക്കടയെന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും സ്ഥലം പിടി കിട്ടിക്കാണും.  ഹും...അതു തന്നെ... മാനന്തവാടി കാട്ടികുളം വഴി തിരുനെല്ലി ക്ഷേത്രത്തിലേക്ക് പൊകുമ്പോള്‍ തെറ്റ് റോഡിന് ഇടത് വശത്തായി കാണുന്ന പുല്ലുമേഞ്ഞൊരു ചെറിയ കട.  

ഞാനിതിനു മുന്‍പും അവിടെ നിന്ന് ഉണ്ണിയപ്പം കഴിച്ചിട്ടുണ്ട്. സ്വാദ് ശരാശരിക്ക് മുകളില്‍ നില്‍ക്കും. രാവിലെ നല്ല തണുപ്പത്ത് കട്ടനും കൂട്ടിയൊരു പിടി പിടിച്ചാല്‍ വയറുനിറയുന്നത് കണക്കാണ്.  പൂര്‍ണ്ണമായും വെളിച്ചെണ്ണയിലുണ്ടാക്കുന്നത് കൊണ്ടാണ് രുചിയുള്ളത് എന്നാണ്  കടക്കാരന്റെ പക്ഷം.  അദ്ദേഹവും കുടുംബവും കടയ്ക്ക് പുറകു വശത്തെ വീട്ടിലാണ് താമസം.  ഉണ്ണിയപ്പമുണ്ടാക്കാന്‍ കുടുംബത്തിന്റെ സഹായവും അദ്ദേഹത്തിനുണ്ട്.

 Unniyappakkada 2

Unniyappakkada 3വീട്ടിലെ വിറകടുപ്പില്‍ ഉണ്ടാക്കുന്നത് രുചി കൂടാനുള്ള മറ്റൊരു കാരണമായി അദ്ദേഹം പറയുന്നു.  അപ്പം ഒന്നിന് ആറു രൂപയാണ് വില.  ടൗണിലെ കടകളില്‍ പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് കിട്ടുന്ന ഉണ്ണിയപ്പത്തേക്കാള്‍ രുചിയും വലിപ്പവും കൂടുതലാണ് ഇവിടുത്തേതിന്. കട എല്ലാ ദിവസവും രാവിലെ ആറുമണിക്ക് തുറക്കും.  ഓരോ ദിവസത്തേക്ക് ഉണ്ടാക്കുന്നത് അന്നേ ദിവസം തന്നെ വിറ്റു തീര്‍ക്കും.  അധികം വരുന്ന ഒരു പ്രശ്‌നം ഇതു വരെ ഉണ്ടായിട്ടില്ലത്രേ.  ചുരുക്കത്തില്‍ പഴകിയ സാധനം വില്‍ക്കില്ലെന്നു സാരം.  

അവിടെ നിന്ന് ചായക്കൊപ്പം ഉണ്ണിയപ്പം കഴിക്കുന്നതിന് പുറമെ വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോകുന്നവരുടെ എണ്ണവും ചുരുക്കമല്ലെന്ന് ഉണ്ണിയപ്പം  പാക്ക് ചെയ്ത് വച്ചിരിക്കുന്നത്  കണ്ടാല്‍ മനസ്സിലാവും. രാവിലെ ഉണ്ണിയപ്പത്തിന് പുറമെ ഇഡ്ഡലിയും സാംബാറും ഉണ്ടാവും. ഇത് ചുറ്റുവട്ടത്തുള്ള വനം വകുപ്പ് ഓഫീസിലെ ജോലിക്കാരായ സ്ഥിരക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഉണ്ടാക്കുന്നത്.  ഭാഗ്യമുണ്ടെങ്കില്‍ അല്ലാത്തവര്‍ക്കും കിട്ടും.  വളരെ കുറച്ച് മാത്രമേ ഉണ്ടാക്കൂ അതാണ് ഭാഗ്യമുണ്ടെങ്കില്‍ എന്നു പറഞ്ഞത്.  എന്നാല്‍ ഉണ്ണിയപ്പത്തിന്റെ ആ പേരും പെരുമയും ഇഡ്ഡലിക്ക് കിട്ടിയിട്ടില്ല.  അതാണ് ഈ കടയുടെ പേരുതന്നെ 'ഉണ്ണിയപ്പക്കട' എന്നായതിന്റെ പരസ്യമായ രഹസ്യം.  

ഉണ്ണിയപ്പവും കട്ടനുമടിച്ച് കാശും കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ വയറും മനസ്സും നിറഞ്ഞിരുന്നു.  അടുത്ത തവണ ഈവഴി വരുമ്പോള്‍ പതിവു തെറ്റിക്കില്ലെന്നു മനസ്സിലുറപ്പിച്ചാണ് തിരികെ കാറില്‍ കയറിയത്.

Content Highlights: Unniyappam, Unniyappakkada Thirunelli, Thirunelli Temple