മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം.
'തുയ് ' എന്നാല്‍ ജലം , 'പ്ര' എന്നാല്‍ സുലഭം. 'തുയ്പ്ര' എന്നാല്‍ സുലഭമായി ജലം ലഭിക്കുന്ന ഇടം. കാലാന്തരത്തില്‍ അത് 'ത്രിപുര' എന്നായി എന്നു സ്ഥലനാമപുരാണം. ത്രിപുരയിലെ പൊട്ടിപ്പിളര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര പറഞ്ഞറിയിക്കുവാന്‍ കഴിയാത്തവണ്ണം ദുരിതമയം. മഴവെള്ളത്തില്‍ റോഡുകള്‍ വര്‍ഷംതോറും ഒലിച്ചുപോവുകയാണ്. ചിലയിടത്തൊക്കെ പണികള്‍ നടക്കുന്നുണ്ട്. പണിതു കൊണ്ടിരിക്കുന്ന ഒരു മേല്‍പ്പാത , അഗര്‍ത്തല എന്ന കൊച്ചു നഗരത്തെയാകെ കുഴിച്ചു മറിച്ചിട്ടിരിക്കുന്നു. ത്രിപുര ചെറിയ സ്ഥലമാണ് , കാഴ്ച്ചകളും ചെറുതാണ് . ഒരിടത്തും തിക്കോ തിരക്കോ ഇല്ല. ക്രിസ്തുമസ് തലേ രാത്രി പോലും , ദീപാലങ്കാരങ്ങളോ , ഘോഷയാത്രകളോ ഇല്ല. വളരെ വൈകിയുണരുകയും , നേരത്തെ ഉറങ്ങുകയും ചെയ്യുന്ന മെലിഞ്ഞ നഗരമാണ് അഗര്‍ത്തല. നഗരത്തിന്റെ ചെറിയ , പരിമിതമായ ആഢംബരങ്ങള്‍ കഴിഞ്ഞാല്‍ , പിന്നെ പാതക്കിരുവശവും തോട്ടങ്ങളാണ്. കവുങ്ങും തേക്കും റബ്ബറുമാണ് എങ്ങും. റബ്ബര്‍ എസ്റ്റേറ്റുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ , ഇത് കേരളമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നത് , വഴിയരികിലെ നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച കുറുകിയ മനുഷ്യരും , തൊട്ടാലൊട്ടുന്ന ചുവന്ന മണ്ണും മാത്രം. തോട്ടങ്ങള്‍ക്കിടക്ക് കൊച്ചു വീടുകള്‍ കാണാം. ടിന് ഷീറ്റുകള്‍ കൊണ്ടും , പിളര്‍ന്ന മുളന്തണ്ടുകള്‍ കൊണ്ടുമാണ് വീടു നിര്‍മാണം. പെട്ടെന്ന് എടുത്ത് മാറ്റിവെക്കാവുന്ന കളിവീടു പോലെയാണു വാസ്തു .
വീടു നിര്‍മ്മിക്കാനുപയോഗിച്ച വസ്തു കൊണ്ടു തന്നെ മതിലും വളച്ചിരിക്കുന്നു. എല്ലാ വീടിന്റെയും ഗേറ്റിനു മുകളില്‍ കുഞ്ഞ് പടിപ്പുരയുമുണ്ട്. മുളം വീടുകള്‍ക്ക് മുളമ്പടിപ്പുര , ടിന് വീടുകള്‍ക്ക് ഷീറ്റുകൊണ്ട്, ദുര്‍ലഭമായി കാണുന്ന മരവീടുകള്‍ക്ക് മരം കൊണ്ട് അങ്ങിനെ. തീരെ അനാകര്‍ഷകമായി തട്ടിക്കൂട്ടി വെച്ചിരിക്കുന്ന വീടുകള്‍ക്കു പോലും പടിപ്പുരയുണ്ട്. വേറൊന്ന് കൊച്ചു കുളങ്ങളാണ്. ഓരോ വീടിനോടും ചേര്‍ന്ന് സ്വന്തം ചെറുകുളങ്ങള്‍ , കുളത്തില്‍ താറാവ് മത്സ്യം, കുളക്കരയില്‍ മുരിങ്ങ പുളി പച്ചക്കറിത്തോട്ടങ്ങള്‍. മദ്ധ്യാഹ്നത്തില്‍ കുളപ്പടവിലിരുന്നു അടുക്കളപ്പാത്രം കഴുകുന്ന സ്ത്രീകള്‍. വഴിയരുകില്‍ അംഗങ്ങള്‍ ചോര്‍ന്നൊലിച്ചു തുടങ്ങിയ ദുര്‍ഗ വിഗ്രഹങ്ങള്‍. ചണ്ഡിത്തറക്കരികില് സമയം തള്ളി നീക്കുന്ന വാര്‍ദ്ധക്യങ്ങള്‍. വിഭൂതി ഭൂഷണ് ബന്ദോപാദ്ധ്യായയുടെ നോവലുകളില്‍ വരച്ചു വെച്ചിരിക്കുന്ന അലസ ഗ്രാമങ്ങള്‍.
മണിക്കൂറുകള്‍ യാത്ര ചെയ്താലും തീരാത്ത റബ്ബര്‍ മരക്കാടുകള്‍. കുലച്ചു മദിച്ചു നില്ക്കുന്ന കവുങ്ങിന് മേനികളില് ചുറ്റിപ്പടരുന്ന കുരുമുളകു വള്ളികള്‍. ഒരുറക്കത്തിനിടയില്‍ കണ്ണുതുറന്നു നോക്കിയാല്‍, കേരളമെന്നേ തോന്നൂ. ഞങ്ങളുടെ സാരഥി ജയന്ത് എന്ന പയ്യന് സംസാരിക്കുമ്പോള്‍ നല്ല വിക്കുണ്ട്. അഗര്‍ത്തല എയര്‍പോര്‍ട്ടില്‍ നിന്നും, പാതിരാത്രിയില്‍ ഹോട്ടലിലേക്കു വരുമ്പോള്‍ അവന് സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ അപരിചിതത്വത്തിന്റെ മറയെല്ലാം നീങ്ങിക്കഴിഞ്ഞപ്പോള്‍, ഞങ്ങളത് ശ്രദ്ധിക്കുന്നില്ലായെന്ന് ബോധ്യമായപ്പോള്‍, അവന് ഒരു വിധം നന്നായി സംസാരിച്ചു തുടങ്ങി. കേരളം എന്നൊന്നും ജയന്തിന്റെ അറിവിലെങ്ങും ഇല്ല. ത്രിപുരയിലേയും മിസോറാമിലേയും നാഡി ഞരമ്പുകള്‍ പോലെക്കിടക്കുന്ന പാതകളെല്ലാം ഹൃദിസ്ഥമാണ്. എന്നാല്‍ നദികളുടെയും മലകളുടെയും പേരുകള്‍ ഞങ്ങള്‍ പറഞ്ഞാണറിയുന്നത്. വിനോദസഞ്ചാരത്തിന് ഒട്ടും പ്രാധാന്യം കൊടുത്തിട്ടില്ലാത്ത നാടു തന്നെയാണ് കാരണം. സന്ദര്ശകര്ക്കാവശ്യമായഅടയാളങ്ങളോ സ്ഥല സൂചികകളോ അഗര്‍ത്തല സിറ്റിയിലല്ലാതെ വേറെങ്ങുമില്ല. ഞങ്ങളുടെ സെല്‍ ഫോണില്‍, ത്രിപുര മാപ്പു നോക്കി സ്ഥലങ്ങള്‍ പരിചയപ്പെടുന്ന ജയന്ത നല്ലൊരു കാഴ്ചയായിരുന്നു. ഉനാകോടിയിലേക്കാണ് യാത്ര. ടൂറിസം മാപ്പുകളിലും പുസ്തകങ്ങളിലും ത്രിപുരക്ക് ഉനാകോടിയുടെ മുഖമാണ്. റോഡിനു നടുവിലെ ഗര്‍ത്തങ്ങളിലും ഇരുവശത്തും ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്കിടയിലും കിടന്ന് വണ്ടി താളം തല്ലിക്കളിക്കുമ്പോഴെല്ലാം ജയന്ത് ക്ഷമാപണത്തോടെ ഞങ്ങളെ നോക്കി. നീളന്‍ മുളകള്‍ ചുമലിലേറ്റി നീങ്ങുന്ന പുരുഷന്മാരുടെ കൂട്ടം ഇടക്കു കാണാം. വണ്ടി പറത്തുന്ന കട്ടി ചുവന്ന പൊടിയില്‍ അവര്‍ അലിഞ്ഞു ചേരുമ്പോഴെല്ലാം അക്ഷന്തവ്യമായ തെറ്റു ചെയ്തതില്‍ ഞങ്ങള്‍ നാണിച്ചു. ക്രിസ്മസ് രാത്രിയില്‍ അഗര്‍ത്തലയില്‍ മഴ പെയ്തിരുന്നു. ഒരു മഴ പെയ്താല്‍ ഇവിടേയും പൊടി ഒന്നടങ്ങുമായിരുന്നു. പക്ഷെ മഴ പെയ്താല്‍ ഈ വഴുക്കലിലൂടെ മല കയറാന്‍ കഴിയില്ല എന്ന് ജയന്ത് പറഞ്ഞു.
ഇന്നു ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ് . ഉച്ചക്ക് എവിടെ ഭക്ഷണം കഴിക്കണമെന്ന് ഞങ്ങള്‍ പല പദ്ധതികളും തയ്യാറാക്കുകയായിരുന്നു. തനതു ത്രിപുര ഭക്ഷണം കഴിക്കാം. ഹെറിറ്റേജ് ഹോട്ടലുകള്‍ വഴിയില്‍ കാണാതിരിക്കില്ല. ത്രിപുരയിലെ ഏറ്റവും പ്രശസ്തമായ ഉനാകോടിയിലേക്കുള്ള വഴിയില്‍ നല്ല ഭക്ഷണം കിട്ടാതിരിക്കുമോ ...?? ഏതു നാട്ടില്‍ച്ചെന്നാലും അവിടുത്തെ ഭക്ഷണം രുചിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഗര്‍ത്തലയില്‍ ഞങ്ങള്‍ താമസിച്ചയിടത്ത് ത്രിപുര സ്പെഷല്‍ ഒന്നുമില്ലായിരുന്നു. ജയന്തിനോട് നല്ല ഭക്ഷണശാലകളില്‍ അത് മെയ്ന്‍ റോഡില്‍ നിന്നും എത്ര ദൂരെയായാലും, നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചുവന്ന പൊടി പറത്തി റബ്ബര്ക്കാടുകളും നിറഞ്ഞ നദികളും മുളങ്കാടുകളും താണ്ടി ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു . തീപിടിച്ച് കരിഞ്ഞ പോലുള്ള ഒന്നോ രണ്ടോ ധാബകളും പാന്‍ മസാലക്കടകളും ചിലയിടങ്ങളില്‍ കണ്ടു. വീശിയടിക്കുന്ന പൊടിക്കാറ്റിനെ നേരിടാന്‍ ദുര്‍ഗാപൂജയുടെ നിറമുള്ള വലിയ തുണി കര്‍ട്ടനുകള്‍ ധാബകള്‍ക്കു മുന്നില്‍ തൂക്കിയിട്ടിരുന്നു. ധാബകള്‍ക്കു മുന്നിലെത്തുമ്പോഴെല്ലാം , വണ്ടിയുടെ സ്പീഡ് കുറച്ച് ജയന്ത് ഞങ്ങളുടെ മുഖത്തേക്കു നോക്കി . ഒടുവില്‍ , ഒരു തുണിക്കടയും , ബാര്‍ബര്‍ ഷോപ്പും , ചെരുപ്പുകടയും ഉറക്കം തൂങ്ങി നില്ക്കുന്നതിനിടയില് കാക്കി തുണിയാല്‍ പാതി മുഖം മൂടിയ ഒരു ധാബയില്‍ ഞങ്ങളിറങ്ങി. വരാന്തയിലിട്ടിരിക്കുന്ന വീതിയുള്ള ബെഞ്ചില്‍ ജയന്തിനെ ഇരുത്തി. ഞങ്ങളെ അയാള്‍ 'ഫാമിലി' റൂമിലേക്കു ക്ഷണിച്ചു. കടും പച്ചച്ചുവരുകളുള്ള കുഞ്ഞുമുറിയില്‍ രണ്ടു മേശകളും കസേരകളും. ചുവരില്‍ സംഹാര രൂപിണിയായ ദുര്‍ഗയുടെ ഉഗ്രഭാവം പൂണ്ടൊരു മൂര്‍ത്തി തൂങ്ങിക്കിടന്നിരുന്നു. ചോറ് , പയറുമെഴുക്കുപുരട്ടി , കോവക്ക പൊരിയല്, ചെറു പരിപ്പു കറി, പൊള്ളിച്ച മസാല പപ്പടം .... സ്റ്റീല്ക്കിണ്ണത്തില്, സാമാന്യത്തിലധികം തടിച്ച വാഴയില മുറിച്ചു വെച്ച് അയാളുടെ അമ്മയും ഭാര്യയും വിളമ്പി. ചോറിനും പപ്പടത്തിനും മാത്രമെ സ്വാദ് തോന്നിയുള്ളു. എല്ലാത്തിനും കനച്ച എണ്ണയുടെ കുത്തുന്ന ഗന്ധം. ഉച്ച ഭക്ഷണം ട്രാജഡിയായെങ്കിലും , ആ കുഞ്ഞുമുറിക്കകത്തെ ആതിഥ്യം മനസില്‍ തൊട്ടു. പ്രായമായ അമ്മ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതും നോക്കി അടുത്തു തന്നെ നിന്നു, ഇടക്കിടെ മരുമകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി. ആ അമ്മയെ സന്തോഷിപ്പിക്കാനായി മാത്രം, ഞാനാ കോവക്ക പൊരിയല് കഷ്ടപ്പെട്ട് കഴിച്ചു. ഏതോ ഒരു വിദൂര ഗ്രാമത്തില്‍, ഒരു പാവം കുടുംബം തയ്യാറാക്കിയ നാടന്‍ ഭക്ഷണം, അവരുടെ ഏറ്റവും നല്ല സ്വകാര്യമുറിയിലിരുന്ന് കഴിക്കാനാണ് ഞങ്ങള്‍ ഇക്കണ്ടനേരമൊക്കെ ഇന്റര്‍നെറ്റില്‍ തപ്പിയത് എന്നോര്‍ത്തപ്പോള്‍, 'ഓരോ അരിമണിയിലും എഴുതിയിരിക്കുന്നു .......' എന്നതു കൂടെ ഓര്‍ക്കാതിരിക്കാന്‍ ആയില്ല.
ഉനാകോടി ഒരു നിശ്ശബ്ദ താഴ്വരയാണ്. കണ്ണടച്ച് നീണ്ടു നീണ്ടു പടരുന്ന താഴ്വര. കൂമ്പിയ ഇലകളുമായി മുളങ്കാടുകള്‍ പൊതിഞ്ഞു നില്ക്കുന്ന, വലിയ വടവേരുകളില് സമയം കെട്ടുപിണഞ്ഞു കിടക്കുന്ന ഇടം. കുന്നുകള്‍ തോളുരുമ്മി കൈകോര്‍ത്തു ഉയര്‍ന്നും താണും അങ്ങിനെ പോകുന്നു. താഴ്വരകളിലേക്കു മുഖം കുത്തി നില്ക്കുന്ന വലിയ പാറക്കെട്ടുകളില്‍, യോഗ നിദ്രയിലാണ്ട ബൃഹത് ശിവരൂപങ്ങള്‍. ഉനാകോടി എന്നാല്‍, കോടിയില്‍ ഒന്നു കുറവ് എന്നര്‍ത്ഥം. 99,99,999 ശിവ രൂപങ്ങള്‍ എന്നാണ് കണക്ക്. ഓരോ കുന്നോളം വലുപ്പമുള്ള വലിയ പരന്ന മുഖങ്ങള്‍, നീണ്ടു പടര്‍ന്നു കിടക്കുന്ന ജടാ ഭാരം, വലിയ കര്‍ണ്ണ കണ്ഠാഭരണങ്ങള് .... ഒരു നോട്ടത്തിലൊന്നും ഒതുക്കാന്‍ കഴിയാത്ത വിരാട് പുരുഷ രൂപങ്ങള്‍. അതങ്ങിനെ, കുന്നുകളിലൂടെ ഉരുകിയൊലിച്ച്, താഴ്വരകള്‍ക്കു മുകളിലൂടെ പടര്‍ന്നു പടര്‍ന്ന് ...... നമ്മള് ആദ്യം എത്തുന്നത് അഗാധമായ ഒരു താഴ്വരയിലേക്കാണ്. അവിടെ നിന്ന് നാലു വശത്തേക്കും ഒറ്റയടിപ്പാതകള്‍ വളഞ്ഞു പുളഞ്ഞ് കയറിപ്പോകുന്നുണ്ട്. ഏതിലേയും നടക്കാം, മുകളിലേക്ക് കയറിപ്പോകാം, കുന്നുകളെ വലം വെക്കാം, മുളങ്കാടുകള്‍ക്കിടയില്‍ മറയാം. അത്ഭുതലോകത്തെത്തിയതു പോലെ. ശിവനു പുറമെ, ഗണേശ്, ദുര്‍ഗ മൂര്‍ത്തികളും അങ്ങിങ്ങുണ്ട്. നമ്മുടെ കാഴ്ച്ചക്കപ്പുറം പരന്നു കിടക്കുന്ന ശിലാരൂപങ്ങള്‍, ചെറിയൊരു വിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. എ.ഡി 9 നും 10 നും ഇടക്കാണ് ഈ ശിലാരൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. അന്ന് ഈ പ്രദേശം, പാല രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്നു. കാഴ്ച്ചക്കാര്‍ വളരെ കുറവ്. ചെറിയ ഒരു അരുവി പാറക്കെട്ടുകളിലൂടെ ചിതറിയും തുളുമ്പിയും ഉരുണ്ടു വീണും ഒളിച്ചിരുന്നും മുന്നില്‍ച്ചാടിയും നിശ്ശബ്ദം ഒഴുകുന്നുണ്ട്.
നമ്മളാദ്യം പ്രവേശിക്കുന്നയിടത്ത്, ഉരല്‍ക്കുഴി പോലുള്ള ഒന്നില്‍, അവള് നിറഞ്ഞ് പരന്നൊഴുകുന്നുണ്ട്. അവിടെ ഒരു ദുര്‍ഗ പ്രതിഷ്ഠയും ഒന്നു രണ്ടു കല്ചിരാതുകളും വാടിയ ചെമ്പരത്തി മാലയും, കുങ്കുമം തൂവിയ ബലിക്കല്ലും കണ്ടു. അവിടെ നിന്ന് ഒറ്റയടിപ്പാതയിലൂടെ, ഇടക്കുള്ള പരുക്കന്‍ കരിങ്കല്‍പ്പടവുകളിലൂടെ ഞങ്ങള്‍ താഴ്വരയെ വലം വെച്ച് പതുക്കെ കയറാന്‍ തുടങ്ങി. തീര്‍ത്തും വിജനമായ ആ പ്രദേശത്തിന് ചവച്ചരച്ച പച്ചിലകളുടെ മണമുണ്ടായിരുന്നു. ആദ്യം കരുതിയതു പോലെ എളുപ്പമായിരുന്നില്ല കയറ്റം. ഇളം വെയില് പരക്കുന്ന പാറപ്പുറങ്ങളിലെല്ലാം ഞങ്ങളിരുന്നു. കയറി വന്ന ഉരല്‍ക്കുഴിയിലേക്ക് എത്തി നോക്കി. ചക്രവാളങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന പുരുഷരൂപങ്ങളിലേക്കു നോക്കി നിന്നപ്പോള്‍, ഈ യാത്ര എവിടെ അവസാനിക്കുമെന്ന് പരിഭ്രമത്തോടെ അത്ഭുതപ്പെട്ടു. ഇടക്കൊന്ന് നോക്കിയപ്പോള്‍, ദുര്‍ഗാ പ്രതിഷ്ഠയുടെ അരികില്‍ കുറച്ച് ആളുകള്‍ കൂടി നില്ക്കുന്ന കണ്ടു. കുറച്ചു പേര് നടന്നു വരുന്നുമുണ്ട്. അവിടെ ഒരു പൂജക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന പോലെ. അവരുടെ തലക്കു മുകളിലൂടെ, പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നോക്കി നില്ക്കുന്നതറിയാതെ കുട്ടികള്‍ ഓടിക്കളിക്കുന്നു, സ്ത്രീകള്‍ തളികകള്‍ നിറയ്ക്കുന്നു. ഇപ്പോള്‍ കുന്നിന് മുകളില്‍, അരയാല്‍ മരക്കൂട്ടങ്ങള്‍ നിറഞ്ഞു നില്ക്കുന്ന, ഒരല്പം പരന്ന പ്രദേശത്ത് ഞങ്ങളെത്തിക്കഴിഞ്ഞിരുന്നു. ഒരു മരത്തിനു ചുവട്ടില്‍ കുങ്കുമം പൂശിയ കുറെ കല്ലുകളും ഫോട്ടോകളുമായി ഒരാള്‍ ഇരിപ്പുണ്ട്. ഞങ്ങളെക്കണ്ടതും ചാടിയെഴുന്നേറ്റ് കര്‍പ്പൂരം കത്തിച്ച് മല്ലികാര്‍ജുന, മല്ലികാര്‍ജുന എന്നു പറഞ്ഞ് ക്ഷണിച്ചു. മന്ത്രങ്ങള്‍ ഉറക്കെ പറഞ്ഞ് കര്‍പ്പൂരമുഴിയുന്ന അയാളുടെ മഞ്ഞ കട്ടപ്പല്ലുകള് വിചിത്രമായി തോന്നി. അവിടവിടെ കിടക്കുന്ന അംഗഭംഗങ്ങള്‍ വന്ന ചില കല്ശില്പങ്ങള് കാട്ടി എന്തെക്കേയോ പറഞ്ഞ് അയാള്‍ താത്ക്കാലിക ടൂറിസ്റ്റ് ഗൈഡും ആയി. നനുത്ത ചൂടുള്ള പാറപ്പുറത്ത ഇലകള്‍ക്കിടയിലൂടെ നീലിച്ച ആകാശം നോക്കിക്കിടക്കുമ്പോള്‍, ഇതെവിടെയാണ്, ഇനിയെങ്ങോട്ടാണ് എന്നൊക്കെ ഞാന്‍ അത്ഭുതപ്പെട്ടു. താഴത്തെ ആള്ക്കൂട്ടത്ത അതിനിടയിലും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മലഞ്ചെരുവിലെ പാതകളിലേക്ക് കയറിയിട്ടില്ലാത്തതിനാല്‍, ദുര്‍ഗ പൂജക്ക് വന്നവര്‍ തന്നെയെന്ന് ഉറപ്പിച്ചു. കെട്ടുപോയ കര്പ്പൂരത്തളിക മാറ്റിവെച്ച്, മഞ്ഞപ്പല്ലുകാരന്, പാന്‍ മസാല കയ്യിലിട്ടു തിരുമ്മുന്നു. സന്ദര്‍ശകരാരുമില്ലാത്ത വിജന താഴ്വരയില്, ദൈവങ്ങള്‍ക്ക് കാവലിരിക്കുന്ന അയാള്‍ വല്ലാത്തൊരു കാഴ്ച്ചയായി.
വന്ന വഴിക്കു തന്നെ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഉരല്‍ക്കുഴിയിലെ പൂജ കാണാനൊരു കൗതുകവും ഉണ്ടായിരുന്നു. വന്‍ മരങ്ങളുടെ വേരുകള്‍ക്കിടയിലൂടെ പാത്തും പതുങ്ങിയും ഇറങ്ങിയിറങ്ങി വരുമ്പോഴാണ് താഴെ ഭക്തജനക്കൂട്ടത്തിനിടക്ക് അതിനെ കണ്ടത്. കുഞ്ഞിക്കാലുകളില്‍ തുള്ളിക്കളിച്ചു നില്ക്കുന്ന വെളുത്ത രോമക്കെട്ട്. സ്ത്രീകളുടെ കാലുകളില്‍ മുട്ടിയുരുമ്മി, തലയിളക്കി, കല്ലു മണത്ത്, ഇടക്കൊന്നറിയാതെ തുള്ളി തുളുമ്പി..... സിന്ദൂരം മൂടിയ ബലിക്കല്ല് പെട്ടെന്നോര്‍ത്തു. നേര്‍ത്ത ശബ്ദത്തില്‍ മുളകള്‍ തേങ്ങുന്നത് കേട്ടു. ദുര്‍ഗയുടെ കഴുത്തിലെ പുതിയ ചുവന്ന ഹാരം കണ്ടു. ശിലാ ചിരാതുകളില്‍ നാവുനുണയ്ക്കുന്ന തീ നാളങ്ങള്‍ കണ്ടു. കാഴ്ച്ചകള്‍ മറയ്ക്കുന്ന വഴികള്‍ക്കായി ഞങ്ങള്‍ വേവലാതിയോടെ തിരഞ്ഞു. വലത്തോട്ടോ ഇടത്തോട്ടോ എന്നറിയാത്ത ഏതോ ഒരു വഴിത്താരയിലേക്ക് ഞങ്ങള്‍ തിരക്കിട്ടു നടന്നു. ആ വഴി സൗമനസ്യത്തോടെ ഒരു മുളങ്കാടിനകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. രുധിരാധരങ്ങള് നീട്ടി നില്ക്കുന്ന ഉരല്‍ക്കുഴി മറഞ്ഞു , മറയുന്ന കാഴ്ച്ചകള്‍ നല്കുന്ന താത്ക്കാലിക സമാധാനമറിഞ്ഞു. തഥാഗതന്റെ ഭാവഹാദികളോടെ , കോടിയില്‍ ഒന്നു കുറഞ്ഞ പുരുഷ രൂപങ്ങള്‍, വഴിനീളെ തണുത്തുറഞ്ഞു നിന്നു.