'ഫ്രീയായിരുന്നോളു, നിന്റെ ക്യാമറയ്ക്കു ഞാന്‍ നല്ലൊരു കോള് തരുന്നുണ്ട്' ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ ഈ വാക്കുകളാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലേയ്ക്കും അതിന്റെ വന്യഭംഗിയിലേയ്ക്കും യാത്ര തിരിക്കാന്‍ ഇടയാക്കിയത്.

ഒരു യാത്രാവിവരണം ക്യാമറയിലാക്കാന്‍ നല്ലൊരു ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫറാകണം, ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകണമെങ്കില്‍ ജീവനും കൂടി അവഗണിക്കണം. മാത്രമല്ല കൂടിയ റേഞ്ചിലുള്ള ടെലി ലെന്‍സുകള്‍ എന്റെ കൈയില്‍ ഇല്ല. എന്നിരുന്നാലും പരസ്യചിത്ര സംവിധാനവും ഫാഷന്‍ ഫോട്ടോഗ്രാഫിയും മെയിന്‍ സബ്ജക്ട് ആയ എനിക്ക് മേക്കപ്പ് ഇല്ലാത്ത ആര്‍ട്ടിസ്റ്റുകളെ റിയല്‍ ലൊക്കേഷനില്‍ കിട്ടുന്ന ത്രില്‍ ഒന്ന് വേറെയാണ്.

എറണാകുളത്തുനിന്നും വണ്ടിപ്പെരിയാര്‍ വഴിയുള്ള കുമളി, തേക്കടി യാത്രയില്‍ ആദ്യ സ്റ്റോപ്പ് വണ്ടിപ്പെരിയാറായിരുന്നു. കൊച്ചിയില്‍ നിന്നും ഏകദേശം 240 കിലോമീറ്റര്‍ യാത്ര. തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര കണ്ണിനു കുളിര്‍മ തന്നെ. പിന്നെ കുമളി, തമിഴ്, മലയാളം സമ്മിശ്ര ഗന്ധം. ഏതായാലും നേരെ തേക്കടിയിലേക്ക്...കാരണം തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.

56

തേക്കടിയില്‍ എത്തുമ്പോള്‍ ബോട്ടിംഗ് അവസാനിക്കാറായിരുന്നു,എങ്കിലും ഇരുട്ടുന്നതുവരെയുള്ള ബോട്ടിങ്ങിനു അവസരം കിട്ടി. ലക്ഷക്കണക്കിന് സഞ്ചാരികളെ ഹരം കൊള്ളിച്ച തേക്കടി തടാകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കുറച്ചു വന്യമൃഗങ്ങളെ കണ്ടു. കാട്ടുപോത്തുകള്‍, മാന്‍, ആനക്കൂട്ടം തുടങ്ങിയവ. പക്ഷെ ബോട്ടിന്റെ മുരള്‍ച്ചയില്‍ തെല്ലും ശ്രദ്ധിക്കാതെയുള്ള അവരുടെ നിസംഗത. ചില റിസോര്‍ട്ടുകളില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ആടി തീര്‍ക്കുന്ന കഥകളി കലാകാരന്മാരുടെ നിസംഗതയെ ഓര്‍മ്മിപ്പിച്ചു.

'നിങ്ങള്‍ ഇവിടെ കാണുന്ന ആനക്കൂട്ടം തന്നെ കാടിനുള്ളില്‍ മറ്റൊരു സ്വഭാവമാണ് കാണിക്കുക.' ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ഇത് മനുഷ്യരുടെ കൂടെ സ്ഥലമാണ്. പക്ഷെ ഉള്‍ക്കാടുകള്‍ ഞങ്ങളുടേത് മാത്രമാണ് എന്ന ചിന്താഗതിയാണ് ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും. മനുഷ്യവാസവും സ്പര്‍ശവുമുള്ള സ്ഥലങ്ങളില്‍ താരതമേന്യ മൃദു സ്വഭാവം കാണിക്കുന്ന അവര്‍ക്ക് ഉള്‍ക്കാട്ടില്‍ തികച്ചും വന്യസ്വഭാവമാണ്.  തന്റെ സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുമ്പോളുള്ള ചക്രവര്‍ത്തിയുടെ പ്രതിരോധം! എന്തായാലും നാളെ രാവിലെ അഞ്ചുമണിക്ക് ഒരുങ്ങിക്കൊള്ളുക ഉള്‍ക്കാട്ടിലേക്ക് പോകാന്‍. രാധാകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തി. 

1

രാത്രി വൈകുവോളം മനസിലെ ഭീതി പുറത്തുകാണിക്കാതെ സൊറ പറഞ്ഞിരുന്നു. മെയ് മാസത്തിലും പുറത്തു നല്ല തണുപ്പ്. താമസം ബാംബൂഗ്രോവി   ലായിരുന്നു.ഫോറസ്‌ററ് ഡിപ്പാര്‍ട്ടമെന്റ് വക ഒരു റിസോര്‍ട്ട് അല്ലെങ്കില്‍ ഗസ്റ്റ് ഹൗസ് എന്ന് പറയാം. സഞ്ചാരികള്‍ക്ക് ഇവിടെ താമസസൗകര്യം ലഭിക്കും. മനോഹരമായ നിര്‍മാണം. മുളകള്‍ കൊണ്ടുള്ള ഹട്ടുകള്‍, പക്ഷെ ആധുനിക സൗകര്യങ്ങള്‍ എല്ലാമുണ്ട്. പ്രതിദിനം 2000 രൂപ മുതല്‍ തുടങ്ങുന്ന പാക്കേജില്‍ ഭക്ഷണം, തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗ് എല്ലാം ഉള്‍പ്പെടുന്നു. തേക്കടിയിലെ മറ്റു റിസോര്‍ട്ട് സൗകര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ തികച്ചും അഫോഡബിള്‍.

കാലത്തു റെഡിയായി. പോകുന്നതിനു മുന്‍പ് ഫോറസ്റ്റ് ഓഫീസറുടെ ഉപദേശം. മൃഗങ്ങള്‍ക്ക് മുന്നിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കുക. അവര്‍ക്കു രണ്ടു ഓപ്ഷനുണ്ട്. ഒന്ന് ഫ്‌ളൈറ്റിങ് ഡിസ്റ്റന്‍സ്, രണ്ടാമത്തേതു ഫൈറ്റിംഗ് ഡിസ്റ്റന്‍സ്.

89

അതായത് നിങ്ങള്‍ ആനക്കൂട്ടത്തിനു ഏകദേശം 100 മീറ്റര്‍ അകലെയാണെങ്കില്‍ അവ നിങ്ങളെ പേടിച്ചു മാറി പോകും.പക്ഷെ 100 മീറ്ററിനുള്ളിലാണെങ്കില്‍ അവര്‍ക്കു രക്ഷപെടാന്‍ നിങ്ങളെ കൊല്ലേണ്ടി വരുമെന്ന് അവര്‍ ധരിക്കുന്നു. കരടിയെയും, കടുവയേയും സംബന്ധിച്ചു ഈ മീറ്റര്‍ കണക്കു വ്യത്യസ്തമാണ്. 
മനുഷ്യന്‍ മണത്തിന്റെ കാര്യത്തില്‍ വികലാംഗനനാണ്.

പക്ഷെ വന്യമൃഗങ്ങള്‍ അങ്ങനെയല്ല, കിലോമീറ്ററുകള്‍ അകലെ നിന്ന് വരെ മണം പിടിക്കാനുള്ള അവരുടെ കഴിവ് അത്ഭുതകരമാണ്. മനുഷ്യര്‍ അടുത്തെത്തുമ്പോഴേക്കും മാറി പോകാനും, ഒളിച്ചിരുന്ന് വീക്ഷിക്കാനും മൃഗങ്ങള്‍ക്കുള്ള സാധ്യത അത് നല്‍കുന്നു.' കാടിലേക്കു കടക്കുമ്പോള്‍ പെര്‍ഫ്യൂം ഒഴിവാക്കുക.

5

ചില പരസ്യങ്ങളില്‍ കാണുന്ന പോലെ പെര്‍ഫ്യൂം പുരട്ടിയ ആണിന്റെ മേല്‍ വന്യമായി ആലിംഗനം ചെയ്യുന്ന യുവതികളെ പോലെ വന്യമൃഗങ്ങളും ആവാന്‍ സാധ്യതയുണ്ട്. പരസ്യത്തിലേതു സുഖമുള്ള ഒരു അനുഭൂതിയാണെങ്കില്‍ മറ്റേതു ഭീകരമായിരിക്കും. അതുകൊണ്ടു ഒഴിവാക്കുക ഷേവിങ് ലോഷന്‍, ഡിയോഡറന്റ് ,പെര്‍ഫ്യൂം. മാത്രമല്ല കാടിന്റെ നിറത്തിനോട് ചേര്‍ന്നുള്ള വസ്ത്രങ്ങള്‍ ധരിക്കുക.'

കുമളിയില്‍ നിന്നുള്ള 25 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം വള്ളക്കടവിലേക്ക്. അവിടെനിന്നു ഫോറെസ്‌റ് ജീപ്പില്‍ രണ്ടാം മൈല്‍ സര്‍ക്കുലര്‍ റോഡ് വരെ, ജീപ്പ് ഒരു ഉരുളന്‍ കല്ലില്‍ നിന്നും മറ്റൊന്നിലേക്കു ചാടുകയാണ്. കൂടാതെ ആന മറിച്ചിട്ടതെന്ന് പറയുന്ന മരങ്ങളും കുറച്ചു ആനപിണ്ഡവും വഴിയില്‍ കണ്ടു. കൂടെ വന്ന ഫോറെസ്‌റ് ഗാര്‍ഡിന് സന്തോഷമായി. സാധനം (ആന പിണ്ഡം) ഫ്രഷ് ആണത്രേ. ഈയരുകില്‍ ആനയുണ്ട്. ഞാന്‍ ക്യാമറയില്‍ കൈ വെച്ചു. ആന പിണ്ഡം ട്രാക്ക് ചെയ്തു ഏകദേശം 200 മീറ്റര്‍ ചെന്നപ്പോള്‍ ഒരു കുന്നിനു മുകളില്‍ ഒറ്റയാന്‍. ഗാര്‍ഡ് ചെവിയില്‍ പറഞ്ഞു 'അതാണ് 'കൊക്കിപ്പിടിയന്‍'. മോഴ വര്‍ഗ്ഗത്തില്‍ പെട്ട ഇവന്‍ അല്ലെങ്കില്‍ ഇവള്‍ ചിന്നം വിളിക്കുന്നത് കോഴി കൂവുന്ന പോലെയാണെത്രെ! അങ്ങെനെയാണ് 'കൊക്കിപ്പിടിയന്‍'എന്ന പേര്‍ വന്നത്.

കൊമ്പില്ലെങ്കിലും ഇവന്‍ ആണിന്റെ സര്‍വഗുണങ്ങളും തികഞ്ഞവനാണത്രെ! പക്ഷെ ആണിനേക്കാള്‍ ശൗര്യം പതിന്മടങ്ങു കൂടുതലാണ് ഇവന്. സ്വന്തം സമൂഹത്തില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ട ഒറ്റയാന്‍ പോരാളിയുടെ ശൗര്യം. എനിക്ക് അവനോടു പാവം തോന്നി. പക്ഷെ അവനു അതെന്നോട് തോന്നിയില്ലെന്നു പിന്നീട് മനസ്സിലായി. കുത്തനെയുള്ള കയറ്റമാണ് ആ കുന്ന്. ചെറിയ മരങ്ങളും, സമൃദ്ധമായി വളരുന്ന പുല്ലും. ആനയുടെ മുന്നിലേക്ക് നേരെ കയറിച്ചെല്ലുന്നതു ബുദ്ധിയല്ല ഗാര്‍ഡ് പറഞ്ഞു. ഞങ്ങള്‍ അവന്‍ കാണാതെ വളഞ്ഞു അവന്‍ നില്‍ക്കുന്നതിനു മുകളിലുള്ള പാറയിലെത്തി.

ആനയ്ക്കു പെട്ടെന്ന് മുകളിലേക്ക് ഓടാന്‍ കഴിയില്ലെന്നാണ് വിശ്വാസം?..സുരക്ഷിതമായ അകലത്തില്‍ കുറച്ചു പടങ്ങളെടുത്തു..അവന്റെ ചെവിയുടെ വിശറിയില്‍ ഒരു തുളകണ്ടു ...ഒരു വെടിയുണ്ട കടന്നു പോയ പോലെ. മറ്റു ആനകളുമായി കൊന്പുകോര്‍ത്തപ്പോള്‍ സംഭവിച്ചതായിരിക്കണം... ഒരു സമയം അവന്‍ ഞങ്ങളെ കണ്ടു പ്രത്യേക ശബ്ദത്തില്‍ ചിന്നം വിളിച്ചു ഓടിയടുത്തു. സുരക്ഷിത അകലത്തില്‍ ആയതുകൊണ്ട് മാത്രം ഓടി മാറാനായി.

4

ആനയുടെ ഓട്ടം അതിന്റെ ശരീരമായി ഒത്തു നോക്കുമ്പോള്‍ അത്ഭുതമാണ് ! മൂന്നോ, നാലോ ചുവടുവയ്പുകൊണ്ടു അത് നമ്മളുടെ അരികിലെത്തും. ആനയ്ക്കരികിലെത്തി പടം പിടിക്കാന്‍ നോക്കുന്നവര്‍ ഇതറിഞ്ഞിരിക്കുന്നതു നല്ലതാണ്. മാത്രമല്ല ആന ഒരു ലക്ഷ്യം കണ്ടു അതിലേക്കു കണ്ണടച്ച് ചാര്‍ജുചെയ്യുകയാണത്രെ പതിവ്..

അതുകൊണ്ടു തന്നെ നേരെ ഓടി രക്ഷപെടുന്നതിനേക്കാള്‍ യുക്തി സൈഡിലേക്ക് ഓടി മാറുന്നതാണ് നല്ലതെന്നു കേട്ടിട്ടുണ്ട്.പിന്നെ ഫോട്ടോയെടുക്കുമ്പോള്‍ ഒരിക്കലും ഫ്‌ലാഷ് ഓണാക്കാതിരിക്കുക, അത് മൊബൈല്‍ ഫോണിലെ ഫ്‌ലാഷ് ആണെങ്കിലും ആന പ്രകോപിതനായി കണ്ടിട്ടുണ്ട്. ഒരുപക്ഷെ തന്റെ പൂര്‍വികരെ വേട്ടയാടിയിരുന്ന നാടന്‍തോക്കിന്റെ മിന്നലായി അതിനു തോന്നുന്നുണ്ടായിരിക്കാം! ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്ക് ഇതില്‍ കൂടുതല്‍ അനുഭവ സമ്പത്ത് കാണും. മാത്രമല്ല അവര്‍ സബ്‌ജെക്റ്റുമായി അടുപ്പം പുലര്‍ത്തി അവരെ കംഫര്‍ട് ആക്കിയതിനു ശേഷം മാത്രമാണ് ഷൂട്ട് ചെയാറ്. ഒരു പരസ്യചിത്ര സംവിധായകനായ എനിക്ക് ശ്രീനിവാസന്‍ പറഞ്ഞ പോലെ സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് ആണ് പരിചിതം.

കൊക്കിപിടിയനെ വിട്ടു ഞങ്ങള്‍ നടത്തം തുടങ്ങി. യഥാര്‍ത്ഥ ട്രക്കിങ്ങ് അവിടെ നിന്ന് തുടങ്ങുകയായി. പുല്‍മേടുകളിലാണ് കൂടുതല്‍ നടത്തം. കാരണം കാഴ്ച കുറച്ചു അധികം ദൂരം ലഭിക്കും.പക്ഷെ പുല്ലിലും ,പാറയിലും വഴുക്കാനുള്ള സാധ്യത കൂടുതലാണ്. ചിലയിടത്തു വഴുതിപ്പോയാല്‍ പിന്നെ കഴിഞ്ഞു കഥ.താഴ്ച അത്രയ്ക്കുണ്ട്. കുത്തനെയുള്ള കയറ്റമാണ് കൂടുതലും. കുറച്ചു നടന്നപ്പോള്‍ മരങ്ങളുള്ള ഭാഗത്തു എത്തി. ഗാര്‍ഡ് വാണിങ്ങു തന്നു. മുന്നില്‍ ഒരു വലിയ കാട്ടുപോത്തിന്‍ കൂട്ടം. ഫോട്ടോയോടു അവര്‍ക്കും അക്ഷമതന്നെ. എങ്കിലും മനസ്സില്‍ പേടി മാറി ഒരു ഹരം നിറഞ്ഞു. പിന്നെയും കിലോമീറ്ററുകള്‍. രണ്ടു കുന്നുകള്‍ക്കപ്പുറം ഒരു ആനക്കൂട്ടത്തെ കാണുന്നു. കാറ്റിനെതിരെ അവര്‍ കാണാതെ ഏറ്റവും അടുത്തെത്താനായി ശ്രമം.മണിക്കൂറുകള്‍ പോവുന്നത് അറിയുന്നില്ല.

2

കൊച്ചു കുറുമ്പന്മാരും പിടിയാനകളും ഒരു കൊമ്പനുമടങ്ങുന്ന വലിയ കൂട്ടം. 23 ആനകളെ എണ്ണി. കൂട്ടത്തില്‍ ഏറ്റവും ചെറിയവന്‍ അമ്മയുടെ പാലൂറ്റുകയാണ്. ഇനി അടുത്ത് പോകരുത് ഗാര്‍ഡ് പറഞ്ഞു. ഞങ്ങളെ ആനക്കൂട്ടം കണ്ടുകഴിഞ്ഞു. ഉടനെ തന്നെ കുട്ടിയാനകളെ ഉള്ളിലാക്കി ചില അമ്മമാര്‍ വളഞ്ഞു.നമ്മുടെ ചില അമ്മമാര്‍ക്ക് മക്കളെ മോഡലും നടിയുമാക്കാനുമുള്ള ആവേശമൊന്നും ആനകള്‍ക്ക് അവരുടെ മക്കളുടെ കാര്യത്തില്‍ ഇല്ല. ഫോട്ടോയോടു പൊതുവെ വെറുപ്പാണ്. സെല്‍ഫി ഭ്രമം എന്തായാലും ഇല്ല.കൂട്ടത്തില്‍ മറ്റു ചില പിടിയാനകള്‍ കൊമ്പനെയും വളഞ്ഞു. ഞങ്ങള്‍ മാറുന്നില്ല എന്ന് കണ്ടാവണം ആനക്കൂട്ടം അക്ഷമരായി.

'ഇത് ഒരു പക്ഷെ അവരുടെ സ്ഥിരം വഴിയായിരിക്കും, നമുക്ക് മാറികൊടുക്കാം 'ഗാര്‍ഡ് പറഞ്ഞു. പക്ഷെ അതിനു മുമ്പുതന്നെ ആനക്കൂട്ടം ഭൂമികുലുക്കി കൊടിപാറിച്ചു താഴേക്കു മാര്‍ച്ചു ചെയ്തു. വിശ്വസിക്കാനാവാത്ത വേഗതയായിരുന്നു അവയ്ക്ക്.

മാനുകള്‍, മ്ലാവുകള്‍, മലയണ്ണാന്‍മാര്‍ തുടങ്ങിയവയുടെ പലവിധ ശാഖകള്‍. ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാറായ ഒട്ടനവധി സ്പീഷിസ്സ് ഉണ്ട് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ അന്നത്തെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്മ മഹന്ദി പറഞ്ഞു. കാടിനുള്ളില്‍ ട്രക്കിങ്ങ് വനം വകുപ്പ് അനുവദിക്കുന്നുണ്ടെങ്കിലും അവര്‍ ഇത് മൂലം വളരെ ശ്രദ്ധാലുക്കളാണ്.

ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ തേക്കടിയിലെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.നാമ മാത്രമായ ഫീസ് മാത്രമേ അതിനു ഈടാക്കുന്നത്. ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ ചെന്ന് കടുവയെ ക്യാമറയ്ക്ക്  മുന്നില്‍ കിട്ടിയില്ല എന്ന ഒരു ഖേദം എന്നുള്ളില്‍ അവശേഷിച്ചു. പകരം കടുവയുടെ ഒരു പഗ് മാര്‍ക്ക് ഫോട്ടോ എടുത്തു തൃപ്തിപെടേണ്ടിവന്നു.