Mathrubhumi - Sanchari Post Of the Week_______________

ഹിമവാന്‍ ഉയരങ്ങളുടെ പോരാട്ടഭൂമിയാണ്. ഉയരത്തില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിയെത്താന്‍ കൊതിപ്പിക്കുന്ന നാട്. മഞ്ഞും തണുപ്പും നിറഞ്ഞ നാട്. പതിഞ്ഞമൂക്കും കുറിയ കണ്ണുകളും പൊതുസ്വത്തായ, ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരായ ജനതകളില്‍ ഒന്നിന്റെ ആവാസ ഭൂമി. ഗ്രാമീണ നന്മയും തനതായ സാസ്‌കാരിക സവിശേഷതകളും ഇന്നും വലിയ കോട്ടമൊന്നും സംഭവിക്കാതെ അവശേഷിക്കുന്ന ലോകത്തിലെ തന്നെ അവസാനത്തെ സാംസ്‌കാരിക തുരുത്തുകളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന പ്രദേശം.

ഹിമാചലില്‍ ലഹോള്‍ ആന്റ് സ്പിറ്റി ജില്ല ഹിമവാന്റെ ഹൃദയഭൂമികളിലൊന്നാണ്. സ്പിറ്റി വാലിയുടെ മഞ്ഞ് വീണുറയുന്ന പര്‍വതങ്ങളും താഴ്വാരങ്ങളും ഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശം. മനാലിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരമുണ്ട് കാസയിലേക്ക്. രാവിലെ 6 മണിക്ക് പുറപ്പെടുന്ന സുമോയില്‍ ഒരു സീറ്റ് കിട്ടി. യാത്ര തനി ഹിമാചല്‍ പര്‍വത ശൈലിയില്‍ തന്നെ. പലയിടത്തും റോഡ് ഒരു സങ്കല്‍പം മാത്രമാണ്. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ മുന്നോട്ട്.

റോഹ്തങ് പാസ് കഴിഞ്ഞ് വഴി രണ്ടായി പിരിയും. ഇടത്തോട്ടുള്ള വഴി ലേ യിലേക്കുള്ളതാണ്. ഞങ്ങള്‍ വലത്തോട്ട് തിരിഞ്ഞു. നിലാവിനേക്കാള്‍ ഭംഗിയുള്ള ചന്ദ്രതാല്‍ തടാകത്തിനരികിലൂടെയാണ് കടന്ന് പോവുന്നത്. ചരിത്രമുറങ്ങുന്ന ചെനാബ് നദിയുടെ കരയിലൂടെ. വീണ്ടും വളവുകളും തിരിവുകളും കൊക്കകളും പര്‍വതങ്ങളും നിറഞ്ഞ ഹിമാചലിന്റെ വഴികളിലൂടെ നീങ്ങി വൈകിട്ട് 4 മണിയോടെ കാസയിലെത്തി. സ്പിറ്റി നദിയുടെ കരയിലാണ് കാസ. അവിടെ നിന്ന് ഒരു ബോലേറോയില്‍ കിബ്ബറിലേക്ക് നീങ്ങി.

14108 അടി ഉയരെയാണ് കിബ്ബര്‍. ഏറ്റവും ഉയരത്തിലുള്ള ഗ്രാമമെന്ന വിശേഷണം ചേരുന്നുണ്ട് കിബ്ബറിന് പൂര്‍ണമായും. 19 കിലോമീറ്റര്‍ ദൂരമേ ഉള്ളു കാസയില്‍ നിന്ന് കിബ്ബറിലേക്ക്. റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഇടക്കിടെ വണ്ടി കുടുങ്ങുകയും എല്ലാവരും ഇറങ്ങി തള്ളിക്കയറ്റുകയും ചെയ്തു. കിബ്ബറിന് മൂന്ന് കിലോമീറ്റര്‍ മുന്നെ വെച്ച് വണ്ടി കേടായി. ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. നടന്ന് പോവുകയേ വഴിയുള്ളു. ബാഗും തൂക്കി ഇറങ്ങി. കിബ്ബറിലേക്ക് പോവുന്ന ഗ്രാമവാസികള്‍ക്കൊപ്പം നടത്തം തുടങ്ങി. വണ്ടി പോവുന്ന വഴിയല്ല, ഗ്രാമക്കാരുടെ നടവഴി. അവരുടെ കുറുക്ക് വഴികളിലൂടെ കുന്നുകള്‍ കയറിയിറങ്ങി എളുപ്പം കിബ്ബറില്‍ എത്തി.

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. കിബ്ബര്‍ തണുപ്പില്‍ പൊതിഞ്ഞ് നില്‍പ്പാണ്. ഹോംസ്റ്റേ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. നാളെ മുതല്‍ തുടങ്ങുന്ന കനാമോ പര്‍വത ട്രെക്കിംഗില്‍ ഞങ്ങള്‍ 6 പേരാണ് ഉള്ളത്. ഡല്‍ഹിയില്‍ നിന്ന് നരേഷ് ഗുപ്തയും കൂട്ടുകാരായ മോഹന്‍, രാഘവ്, ഗുലാം, ഹസീബ് എന്നിവരും കൂടെ ഞാനും. നരേഷും കൂട്ടുകാരും ഇന്നലെ തന്നെ കിബ്ബറില്‍ എത്തിയിരുന്നു. നാളെ രാവിലെ ട്രെക്കിംഗ് തുടങ്ങും.

പെങ്‌ലു ലാം ആണ് ഗൈഡ്. കാസ സ്വദേശിയാണ് പെങ്‌ലു. മുപ്പത് വയസ് പ്രായം. ഇംഗ്ലീഷും തമിഴും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യും. കുറച്ച് കാലം കോയമ്പത്തൂരില്‍ ഫാകടറി ജോലിയിലായിരുന്ന കാലത്ത് പഠിച്ചതാണ് തമിഴ്. സദാ പുഞ്ചിരിക്കുന്ന മുഖമാണ് പെങ്‌ലുവിന്. സ്വതേ ചെറിയ കണ്ണുകള്‍, ചിരിക്കുമ്പോള്‍ ഒന്നുകൂടി ചെറുതാവും. പതിഞ്ഞ സ്വരത്തില്‍ പെങ്‌ലു ഞങ്ങളോട് ട്രെക്കിംഗിനെപ്പറ്റി സംസാരിച്ചു.

നാളെ മുതല്‍ തുടങ്ങുന്ന കനാമോ പീക്ക് യാത്ര എളുപ്പമല്ല. വഴി അതി കഠിനമാണ്. പലയിടത്തും വഴി ഇല്ല. പാറകളില്‍ അള്ളിപ്പിടിച്ച് കയറണം. തണുപ്പ് അതികഠിനമായിരിക്കും. കൂടെ മഞ്ഞ്മഴയുമുണ്ടാവും. നാളെ രാവിലെ ഞങ്ങള്‍ ബേസ് ക്യാമ്പിലേക്ക് യാത്രയാവും. ബേസ്‌ക്യാമ്പിലെത്തി നാളെയും മറ്റന്നാളും അക്ലൈമറ്റൈസേഷന്‍ സമയമാണ്. ഈ സമയത്ത് ചില ചെറിയ ട്രെക്കിംഗുകള്‍ നടത്തും. അത് കഴിഞ്ഞും യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലാത്തവരെ മാത്രമേ കനാമോയിലേക്ക് കൊണ്ടുപോവൂ. ഏറ്റവും കുറച്ച് ആളുകള്‍ മാത്രം വന്നെത്തുന്ന ട്രെക്കിംഗ് ആണ് കനാമോ എന്നും പെങ്‌ലു കൂട്ടിച്ചേര്‍ത്തു. എന്തായാലും ശരി, മുന്നോട്ട് തന്നെ പോവാം എന്ന നിശ്ചയത്തോടെ ഞങ്ങള്‍ കിടന്നു. രാവിലെ 7 മണിക്ക് ട്രെക്കിംഗ് തുടങ്ങണം.

രാവിലെ നല്ല തണുപ്പുണ്ട്. കിബ്ബര്‍ മൂടല്‍മഞ്ഞ് മൂടി നില്‍ക്കുകയാണ്. സൂര്യകിരണങ്ങള്‍ക്ക് മഞ്ഞ്‌മേഘങ്ങളെ വകഞ്ഞുമാററി വരാന്‍ മടിയുള്ളത് പോലെ. കിബ്ബറിന്റെ ഗ്രാമഭംഗി വര്‍ണിച്ചാല്‍ തീരില്ല. ഏകദേശം ഒരേ രൂപമുള്ള കെട്ടിടങ്ങളാണ് എല്ലാം. അവയില്‍ പൂശിയ ചായവും ഏറെക്കുറെ ഒന്നുതന്നെ.

സ്വപ്നത്തില്‍ നിന്ന് ഉണരാന്‍ മടിച്ച് നില്‍ക്കുന്ന പ്രതീതിയാണ് ഗ്രാമത്തിന്. സ്വപ്നത്തിനും സുഷുപ്തിക്കും ഇടയില്‍ പെട്ടത് പോലുള്ള ഒരു ഭാവം. അലസമായി മേഞ്ഞ് നടക്കുന്ന യാക്കുകള്‍. അരികുകളിലൂടെ പടര്‍ന്ന് കയറി ഉയരങ്ങളിലേക്ക് തുടരുന്ന പര്‍വതങ്ങള്‍. അവയുടെ ഇടയില്‍ അല്‍പം ഭാഗത്ത് പണിതീര്‍ത്ത കുറേ ചതുരകെട്ടിടങ്ങള്‍. വഴികളില്‍ വെറുതെയിരുന്ന് സമയം പോക്കുന്ന ഗ്രാമീണര്‍. അമ്മമാരുടെ പുറത്ത് കെട്ടിയ തൊട്ടില്‍കുടങ്ങളില്‍ നിന്ന് പുറത്തേക്ക് കണ്ണയച്ച് പോവുന്ന കുരുന്നുകള്‍. അങ്ങനെയങ്ങനെ തിരക്ക് തീരെയില്ലാത്ത ജീവിതരീതി തുടരുന്നു ഈ മലയുടെ മക്കള്‍.

സായാഹ്നങ്ങളാണ് ഇവിടെ മാസ്മരഭംഗി നിറക്കുക പതിവ്. അന്തിച്ചോപ്പ് എന്ന സങ്കല്‍പം ചുവപ്പും മഞ്ഞയും ഓറഞ്ജും പിങ്കും നിറങ്ങളുടെ ഒരായിരം വര്‍ണക്കൂട്ടുകളുമായി മാനത്ത് നിറയും ഇവിടെ പ്രദോഷങ്ങളില്‍. ആ നേരത്ത് മാനം നോക്കി നിന്നാല്‍ തനിയെ നമ്മള്‍ നമ്മെ മറക്കും. ചുറ്റുപാട് മറക്കും. ആ വര്‍ണങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ചിത്രങ്ങളായി പടരും. അതിന്റെ നിര്‍മലമായ വര്‍ണക്കയറ്റിറക്കങ്ങളില്‍ മതിമറന്ന് നിന്ന് പോവും.

കനാമോ ഒരു കനവായി മനസ്സില്‍ നിറഞ്ഞിട്ട് മൂന്ന് വര്‍ഷമായി. കിബ്ബറിലും ഹിക്കിമിലും ചിചാമിലുമൊക്കെ മുമ്പ് വന്നിട്ടുള്ളതാണ്. അന്ന് കേട്ടറിഞ്ഞതാണ് കനാമോ പീക്കിനെ പറ്റി. പക്ഷേ വല്ലപ്പോഴും മാത്രം ആളുകള്‍ പോവുന്ന പാതയാണത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമേ പോകാന്‍ കഴിയൂ. സ്ഥിരമായി സംഘടിപ്പിക്കപ്പെടുന്ന ട്രെക്കിംഗുകള്‍ കണ്ടെത്താനായില്ല. അന്വേഷണം പലവഴി നടത്തി. ഒടുവില്‍ ഇപ്പോഴാണ് സാഹചര്യം ഒത്ത് വന്നത്. കനാമോയുടെ മോഹിപ്പിക്കുന്ന 19600 അടി ഉയരം ചവിട്ടിക്കയറാന്‍ കൊതി അടങ്ങുന്നില്ല. തൊട്ടടുത്ത്, മൂന്ന് ദിവസം മാത്രമകലെ കനാമോ കാത്തിരിക്കുന്നു എന്ന ചിന്ത വല്ലാതെ മോഹിപ്പിക്കുന്നതാണ്.

ആറരയോടെ പെങ്‌ലു എത്തി. കൂട്ടിന് രവിചന്ദും, കിര്‍മാനിയും. രവി കിബ്ബര്‍സ്വദേശിയാണ്. 25 വയസ്സ് പ്രായം കാണും. മെലിഞ്ഞ മുഖവും വിളറിയ നിറവുമുള്ള പതിനെട്ടിനടുത്ത് മാത്രം പ്രായമുള്ള പൊക്കക്കാരനാണ് കിര്‍മാനി. ഞങ്ങള്‍ 7 മണിക്ക് പുറപ്പെട്ടു. വഴിയില്‍ നിന്ന് ചപ്പാത്തിയും ദാലും കാപ്പിയും കഴിച്ചു.

Kanamo Peak

കയറ്റം കഠിനമാണ്. കുത്തനെയാണ് വഴി. പാറക്കല്ലുകള്‍ക്കിടയിലൂടെ പണിപ്പെട്ട് കയറണം. വഴിനിറഞ്ഞ് കിടക്കുന്ന ഇളകിയ കല്ലുകള്‍ യാത്ര കൂടുതല്‍ കഠിനമാക്കുന്നു. ഇതില്‍ പല കല്ലുകളും ഫോസിലുകളാണ്. കല്ലുകളിലേക്ക് ചൂണ്ടി പെങ്‌ലു ഫോസിലുകള്‍ കാണിച്ചു തന്നു.

ഇവിടെ കുറേയേറെ ഭാഗത്ത് ഫോസിലുകള്‍ ധാരാളമായി കാണാം. ചരിത്രാതീതകാലത്തെ ജീവവസ്തുക്കള്‍ മണ്ണടിഞ്ഞ് പാറകളെപ്പോലെ ഫോസിലുകളായി കണ്‍മുന്നില്‍ കാണുന്ന കാഴ്ച. അവയില്‍ വ്യക്തമായ രൂപങ്ങള്‍ കണ്ടെത്താന്‍ വയ്യെങ്കിലും ആ ഫോസിലുകളില്‍ എവിടൊക്കെയോ പണ്ട് ഓക്‌സിജനും വെള്ളവും ഉപയോഗിച്ച് നമ്മളെപ്പോലെ ഈ ഭൂമിയില്‍ നടന്നിരുന്ന മനുഷ്യോരോ മറ്റ് ജീവജാലങ്ങളോ അല്ലെങ്കില്‍ സസ്യങ്ങളോ ഉണ്ട് എന്ന തോന്നല്‍ ഒരല്‍പം ഞെട്ടലുളവാക്കുന്നു മനസ്സില്‍.

സ്പിറ്റി വാലിയുടെ മനോഹാരിത താഴെയെങ്ങും കാണാം. വെയില്‍ തട്ടി തിളങ്ങുന്നുണ്ട് അകലങ്ങളില്‍ മഞ്ഞുമലകള്‍. ചുവടെ കിബ്ബര്‍ ഒരു ചിത്രം പോലെ കാണാം. അവിടെ നിന്ന് അല്പം മാറി കാസയും. സ്പിതി നദി വെട്ടിത്തിളങ്ങി ഒഴുകുന്നതും കാണാം. മുകളിലേക്ക് കയറുന്തോറും കീഴെയുള്ള ചിത്രം ചെറുതായി ചെറുതായി വരികയാണ്. പാറക്കൂട്ടങ്ങള്‍ക്കും ചെറു പുല്‍മേടുകള്‍ക്കും ഇടയിലൂടെ യാത്ര തുടര്‍ന്നു. വെയില്‍ കഠിനമാണ്. തണലില്ല വഴിയിലെങ്ങും. മാത്രവുമല്ല ഏറ്റക്കുത്തനെയുള്ള പാറകളില്‍ വെയില്‍ തട്ടി ചൂട് ഇരട്ടിയാകുന്ന പ്രതീതി. കയ്യില്‍ കരുതിയ വെള്ളം ഏകദേശം തീര്‍ന്ന് തുടങ്ങി. കയറ്റം വല്ലാതെ കുത്തനെയാണ് ചിലയിടങ്ങളി!ല്‍. അവിടെ യാത്ര മെല്ലെയായി. അഞ്ച് മണിക്കൂറിനപ്പുറം ഒരു ചെറിയ തടാകക്കരയിലെത്തി.

നല്ല തണുപ്പുണ്ട് തടാകത്തിലെ വെള്ളത്തിന്. കുടിക്കാന്‍ പറ്റുന്ന അത്രയും ശുദ്ധമായ വെള്ളം. അതില്‍ ഒന്ന് മുഖം കഴുകിയതോടെ സര്‍വക്ഷീണവും മാറി. മലയിടുക്കുകള്‍ക്ക് ഇടയിലാണ് തടാകം. സുന്ദരമായ കാഴ്ചകളുള്ള ഇടം. അല്‍പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു. ഇപ്പോള്‍ വലിയ കയറ്റമല്ല വഴി. കുറെക്കൂടി എളുപ്പമുണ്ട് യാത്ര. പതിയെ ഞങ്ങള്‍ ബേസ് ക്യാമ്പിനായി ടെന്റ് അടിക്കാനുള്ള ഇടത്തെത്തി. ബാഗുകള്‍ ഇറക്കി വെച്ച് ഞങ്ങള്‍ കിതപ്പാറ്റി. പെങ്‌ലുവും സംഘവും അതിവേഗം ടെന്റുകള്‍ അടിച്ചു. ഭക്ഷണം തയ്യാറാക്കി. നല്ലൊരു സൂപ്പും ദാലും അച്ചാറും ചപ്പാത്തിയും. ജീരകം വറുത്ത് വിതറിയ ദാലിന് പ്രത്യേക രുചിയുണ്ട്. അച്ചാര്‍ എരിവിനും പുളിക്കുമപ്പുറം സവിശേഷമായ പല രുചികളും പകരുന്നു. സൂപ്പും നല്ല രുചിയോടെ ഊതിയൂതി കുടിക്കാന്‍ പറ്റിയത്.

അല്‍പനേരത്തിന് ശേഷം ബാഗുകളൊക്കെ ടെന്റുകളില്‍ വെച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഇന്നും നാളെയും ബേസ് ക്യാമ്പില്‍ തന്നെ കഴിച്ച് കൂട്ടണം. മറ്റന്നാളേ കനാമോയിലേക്ക് പുറപ്പെടുകയുള്ളു. ബേസ് ക്യാമ്പ് അതിസുന്ദരമായ ഒരു പ്രദേശത്താണ്. പുല്‍മേടുകളാണ് ചുറ്റിലും. രണ്ട് കുന്നുകള്‍ ഇരുവശങ്ങളില്‍ നിന്ന് കയറിവന്ന് നടുക്ക് വലിയൊരു പച്ചപ്പാത്തിപോലെ രൂപംകൊണ്ട ഭാഗത്തിന്റെ മുകളിലായാണ് ടെന്റുകള്‍. ഇവിടെ നിന്ന് നോക്കുന്‌പോള്‍ മുന്നില്‍ ഒരൊഴുക്കന്‍ ഗര്‍ത്തം പോലെ ചാഞ്ഞ് നീങ്ങുന്ന പച്ചപ്പുല്‍ നിറഞ്ഞ ചാലാണ് കാണുക. അതിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തിനപ്പുറം കൊക്കയാണ്. ആ കൊക്കയുടെ ചുവട്ടില്‍ നിന്ന് മഞ്ഞ്പടലങ്ങള്‍ മേഘങ്ങള്‍ പോലെ മുകളിലേക്ക് കാറ്റിനൊപ്പം ഉയര്‍ന്ന് വരുന്നത് കാണാന്‍ നല്ല ഭംഗി. നീലാകാശത്തിന്റെ രംഗപടത്തിലേക്ക് വെള്ളമേഘച്ചിറകുകള്‍ പറന്നിറങ്ങുന്നത് വല്ലാത്ത കാഴ്ചതന്നെ.

പുല്ലുകള്‍ക്ക് അധികം വളര്‍ച്ചയായിട്ടില്ല. ഒരു കളിമൈതാനത്ത് വെട്ടിനിര്‍ത്തിയ പുല്ല് പോലെ തോന്നും ഒറ്റ നോട്ടത്തില്‍. അവിടവിടെ പലപല കാട്ടുപൂക്കള്‍ പടര്‍ന്ന് നില്‍ക്കുന്നുണ്ട്. അവയില്‍ ചിലതൊക്കെ ബ്രഹ്മകമലമാണെന്ന് പെങ്‌ലു പറഞ്ഞു. മൊട്ടുകളായി നില്‍ക്കുന്ന അവയുടെ വിടര്‍ന്ന ഭംഗി കാണാന്‍ കൊതിയുണ്ടെങ്കിലും വിടര്‍ന്ന് നില്‍ക്കുന്ന ഒരെണ്ണം പോലും അവിടെങ്ങും കാണാനായില്ല.

Kanamo Peak

ഞങ്ങള്‍ അല്‍പം അകലെയുളള ഒരു വലിയകുന്നിലേക്ക് നടന്നു. കുത്തനെ കയറ്റമാണ്. കയറാന്‍ നല്ല പ്രയാസമുണ്ട്. 15700 അടി ഉയരെയാണ് ബേസ് ക്യാമ്പ്. ഹൈ ആള്‍ടിട്യൂഡിന്റെ തനത് ഭാവം പുറത്തെടുക്കുന്നുണ്ട് പ്രകൃതി. കുറച്ചധികം പ്രയാസമുണ്ടെങ്കിലും അര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കുന്നിന്റെ നെറുകയിലെത്തി.

കുന്നിന്‍മുകളില്‍ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അത്രക്ക് മനോഹരമാണത്. ഭാഷ ചെറുതായിപ്പോവുന്നു, ഈ കാഴ്ചകള്‍ക്ക് മുന്നില്‍. സായാഹ്നത്തിന്റെ വരവറിയിച്ച് മാനത്ത് നീലയുടെ ഇടയിലേക്ക് രക്തവര്‍ണം പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒരു വശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന കനാമോ പര്‍വതവും അതിനൊപ്പം തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന ശില പര്‍വതവും. മറുഭാഗത്ത് ഞങ്ങള്‍ കയറിവന്ന വഴികള്‍ക്കുമപ്പുറത്ത് സ്വര്‍ണ അരഞ്ഞാണം പോലെ വളഞ്ഞൊഴുകുന്ന സ്പിതി നദിക്കരയില്‍ കാസയുടെ അവ്യക്തമായ ഗ്രാമരൂപം കാണാം. കിബ്ബര്‍ കാഴ്ചയില്‍ വരുന്നില്ല. പരന്ന് കിടക്കുകയാണ് നാലുപാടും കാഴ്ചകള്‍. ആകാശത്തെ നിറപ്പെരുക്കത്തിനൊപ്പം പര്‍വതങ്ങളിലും താഴ്വരകളിലും വര്‍ണഭേദങ്ങള്‍ കടന്നു വരുന്നു. ഒപ്പം ചെറിയൊരു കോടമഞ്ഞും കാറ്റിനൊപ്പം വീശിയെത്തുന്നുണ്ട്. മാസ്മരികം എന്ന വാക്ക് തീര്‍ത്തും അപര്യാപ്തമാണ് ഈ ദൃശ്യഭംഗി വര്‍ണിക്കാന്‍. തണുപ്പ് കൂടിക്കൂടി വന്നപ്പോള്‍ ഞങ്ങള്‍ മനസില്ലാ മനസ്സോടെ തിരിച്ചിറങ്ങി.

Kanamo Peak

ക്യാമ്പില്‍ എത്തിയപ്പോഴേക്കും ഇരുട്ട് വീണിരുന്നു. കിര്‍മാനിയും രവിയും ചേര്‍ന്ന് ചെറിയൊരു ക്യാമ്പ് ഫയര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനടുത്ത് തന്നെ ഇരുന്ന് രാത്രിഭക്ഷണം റെഡിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. തീക്കുണ്ഠത്തിനരികിലേക്ക് നീങ്ങിയിരുന്നു. തീച്ചൂട് തട്ടുമ്പോള്‍ നല്ല സുഖമുണ്ട്. ചപ്പാത്തിയും ഗ്രീന്‍പീസ് കറിയും സൂപ്പും സാലഡും തയ്യാറായി. പതിവ് പോലെതന്നെ നല്ല രുചിയുള്ള ഭക്ഷണം.

Kanamo Peak

നാളെ രാവിലെ എത്രനേരം വേണമെങ്കിലും ഉറങ്ങാം. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ല നാളെ. ഇന്ന് വൈകിട്ട് കയറിയത് പോലുള്ള രണ്ട് കുന്നുകളില്‍ കയറി ഇറങ്ങിവരാം. വിശ്രമിക്കാം. എല്ലാവരും പതിയെ ടെന്റുകളിലേക്ക് വലിഞ്ഞു. എന്റെ കൂടെ ടെന്റില്‍ നരേഷും ഹസീബുമാണ്. അല്പനേരം കൊണ്ട് തന്നെ രണ്ട്‌പേരും കൂര്‍ക്കം വലി തുടങ്ങി. കൂര്‍ക്കംവലി കേട്ടിട്ട് ഉറക്കം വരുന്നില്ല. പതിയെ ടെന്റിന് പുറത്തേക്കിറങ്ങി.

നല്ല നിലാവുണ്ട്. പൗര്‍ണമി കഴിഞ്ഞ് മൂന്നാം നാളാണ്. നിലാവില്‍ ഇവിടം ദേവലോകം പോലെയുണ്ട്. മഞ്ഞ് ഇല്ലാത്തത്‌കൊണ്ട് നല്ല തെളിഞ്ഞ ആകാശമാണ്. അകലേക്ക് കാണാം നിലാവില്‍. നരച്ച നിറത്തില്‍ പടര്‍ന്ന് കിടക്കുന്ന ഹിമാലയഭൂമി. അല്‍പദൂരം നടന്ന് ഞങ്ങള്‍ ക്യാമ്പ് ചെയ്യുന്ന മൈതാനത്തിന്റെ അറ്റത്തെത്തി. അവിടെനിന്ന് താഴെക്ക് കൊക്കയാണ്. അവിടെ ഇരുന്ന് നോക്കിയാല്‍ നിലാവില്‍ അകലെ തിളങ്ങി നില്‍ക്കുന്ന കനാമോ പര്‍വതം കാണാം. മഞ്ഞ് വീണുറഞ്ഞ് കിടക്കുന്ന ഭാഗങ്ങള്‍ നല്ല തൂവെള്ള നിറത്തില്‍ കാണാം. പാറക്കെട്ടുകള്‍ക്ക് ചാരവും കറുപ്പും ഇടകലര്‍ന്ന് കാണാം.

Kanamo Peak

ഇവിടെ ശ്വാസമെടുപ്പ് പതുക്കെയാണ്. മെല്ലെമെല്ലെ നമ്മളില്‍ പ്രകൃതിയുടെ അദൃശ്യമായ ശക്തി പ്രവര്‍ത്തിച്ച് തുടങ്ങും. നിലാവിന്റെ അത്രയും കനമില്ലാതാവും ശരീരത്തിനും. ഒരു ചെറിയ മേഘത്തുണ്ട്‌പോലെ പറന്ന് താഴ്വരകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളിലേക്ക് നമ്മളുയരുന്നത് പോലെ തോന്നും. കനമില്ലാതായി പറന്ന് നടക്കുന്ന പ്രതീതി. ആ അനുഭൂതിയില്‍ സ്വയം മറന്ന് നില്‍ക്കവേ മറ്റെല്ലാം കണ്ണുകളില്‍ നിന്നും മറയും. മനസ്സും ശൂന്യമാവും. എല്ലാ സങ്കടങ്ങളുമകലും. ആനന്ദം നിറയും. മനസ്സിലും ശരീരത്തിലും ചെറിയൊരു തരംഗം പോലെ ആനന്ദം പടര്‍ന്ന് നിറയും. അതിന്റെ ചെറിയൊരു തരംഗപ്രവാഹം സകലനാഢികളിലും അറിയാനാവും. നിസാരനായ മനുഷ്യന്റെ സര്‍വ അഹങ്കാരപര്‍വങ്ങളും വീണടിഞ്ഞ് ധൂളികളായമരും. നിലക്കാത്ത ആനന്ദപ്രവാഹത്തില്‍ അകംപുറം നിറഞ്ഞ് പുതിയ ജിവതലങ്ങളെ നമ്മളറിയും. അതില്‍ നിറയെ സ്‌നേഹവും സമാധാനവും മാത്രം. കാലങ്ങളായി നെഞ്ചിനകത്തിട്ട് ഊതിപ്പെരുപ്പിച്ച് പെറ്റ്കൂട്ടിയ വെറുപ്പും, അസൂയയും, വിദ്വേഷവും, ദേഷ്യവുമെല്ലാം അകന്നകന്ന് പോവും.

തീര്‍ത്തും നിര്‍മലമായ നെഞ്ചകത്ത് പുതിയൊരു ജീവന്റെ തുടിപ്പുകള്‍ മാത്രം നിറയും. അതിന്റെ ആനന്ദപാരമ്യത്തില്‍ എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എത്രതടുത്ത് നിര്‍ത്താന്‍ നോക്കിയിട്ടും വഴങ്ങാതെ അണപൊട്ടിയൊഴുകുന്ന കണ്ണീര്‍. എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല. മുഖത്ത് മഞ്ഞ്തുള്ളികള്‍ പെയ്ത് വീണപ്പോളാണ് ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്. മഞ്ഞ് പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

Kanamo Peak

നിലാവിന്റെ തെളിമ മഞ്ഞ്‌മേഘങ്ങളില്‍ തട്ടി ഇല്ലാതായിട്ടുണ്ട്. ടെന്റിലേക്ക് തിരികെ നടന്നു. വീട്ടില്‍ നിന്ന് 3200 കിലോമീറ്ററോളം അകലെ, ഹിമവാന്റെ ഹൃദയഭൂമിയില്‍, സമുദ്രനിരപ്പില്‍ നിന്ന് പതിനാറായിരത്തോളം അടി ഉയരെയുള്ള ടെന്റില്‍ മഞ്ഞ് മഴയുടെ താഴെ സ്ലീപ്പിംഗ് ബാഗിനുള്ളിലെ സുഖമുള്ള താപനിലയില്‍ ചുരുണ്ട് കിടന്നുറങ്ങി.

എഴുന്നേറ്റപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. നരേഷും ഹസീബും ഉറക്കം തന്നെയാണ്. പുറത്തിറങ്ങി. കിര്‍മാനി പ്രാതല്‍ തയ്യാറാക്കുന്നുണ്ട്. ഇന്നലെ രാത്രി പോയതിന്റെ നേരെ എതിര്‍ ദിശയിലേക്ക് നടന്നു. അവിടെയും മൈതാനം തീരുന്നിടത്ത് കൊക്ക ആരംഭിക്കുകയാണ്. അതിനടുത്ത് നിന്ന് നോക്കുമ്പോള്‍ ദൂരെയായി ഇന്നലെ കുന്നിന്‍മുകളില്‍ കയറിനിന്ന് നോക്കിയ കാഴ്ചയുടെ ഒരു ഭാഗം കാണാം. അവിടെങ്ങും സൂര്യന്‍ വെയില്‍ വാരിവിതറി വരികയാണ്. മുകളില്‍ കാവല്‍ നില്‍ക്കുന്ന മേഘങ്ങള്‍ കാരണം ക്യാമ്പിംഗ് മൈതാനത്ത് വെയില്‍ എത്തിയിട്ടില്ല. അല്‍പമകലെ വെയില്‍ തട്ടി തിളങ്ങുന്നത് കാണാന്‍ ഭംഗിയുണ്ട്.

Kanamo Peak

പെങ്‌ലുവിന്റെ വിസില്‍ കേട്ട് ടെന്റിനടുത്തേക്ക് നടന്നു. പ്രാതല്‍ തയ്യാറായിട്ടുണ്ട്. ചപ്പാത്തിയും, ദാലും, സാലഡും. അത് കഴിക്കവേ അന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന രണ്ട് ചെറിയ ട്രെക്കുകളെക്കുറിച്ച് പെങ്‌ലു വിശദീകരിച്ചുതന്നു.

എന്നാല്‍ ഏറെ തളര്‍ന്ന നരേഷും ഗുലാമും അന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു. 10 മണിയോടെ ബാക്കി നാലുപേരും പെങ്‌ലുവും കൂടി ആദ്യത്തെ ട്രെക്കിംഗ് റൂട്ടിലേക്ക് നടത്തം തുടങ്ങി. അല്‍പനേരത്തെ നടത്തത്തിന് ശേഷം താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇന്നലെ കണ്ട, രണ്ട് കുന്നുകളുടെ ഇടയിലെ വലിയ വര്‍ത്തുളചാല്‍ പോലുള്ള ഭാഗത്തേക്കാണ് നടത്തം. ചെറിയ ചെരിവില്‍, ഒഴുകിയിറങ്ങുന്നത് പോലെയുള്ള ഭാഗം.

Kanamo Peak

നടത്തം ഒട്ടും കഠിനമല്ല. കുറ്റിപ്പുല്ല് നിറഞ്ഞ് നില്‍ക്കുന്ന വഴിയാണ്. താഴെ നിന്ന് മൂടല്‍മഞ്ഞ് പാളികള്‍ ഇടക്കിടെ കാറ്റിനൊപ്പം വീശിയെത്തുന്നുണ്ട്. അര മണിക്കൂര്‍ നേരത്തെ ഇറക്കത്തിനൊടുവില്‍ ഞങ്ങള്‍ ആ ചാലി!ന്റെ അറ്റത്തെത്തി. ഇവിടെ നിന്നുള്ള കാഴ്ച ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ.

ഇനി താഴേക്ക് വലിയൊരു കൊക്കയാണ്. അതിന്‍െ അറ്റത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇവിടെ നിന്ന് നോക്കവേ കാണുന്നതെല്ലാം പര്‍വതങ്ങളും താഴ്വരകളും മാത്രം. വെയിലിന്റെ കടുപ്പം ഒട്ടും ഏശാത്തവണ്ണം കനത്ത മൂടല്‍ മഞ്ഞ് ഇടക്കിടെ കാറ്റിനൊപ്പം വീശിയുയര്‍ന്ന് വരികയാണ് കൊക്കയുടെ അടിഭാഗത്ത് നിന്ന്. മഞ്ഞ് നീങ്ങിക്കഴിയുമ്പോള്‍ തെളിയുന്ന ദൃശ്യം മതിമോഹനം. അല്‍പനേരം കഴിയുമ്പോള്‍ വീണ്ടുമെത്തുന്ന മഞ്ഞ്കാറ്റില്‍ ആ കാഴ്ച മറയും. കുറേനേരം അവിടെയിരുന്നു. തിരികെ നടക്കുമ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്.

Kanamo Peak

പതിയെ നടന്ന് ഞങ്ങള്‍ ക്യാമ്പിലെത്തി ഉച്ചഭക്ഷണം കഴിച്ചു. ചെറിയൊരു ഉച്ചമയക്കത്തിലേക്ക് നീങ്ങി എല്ലാവരും. വൈകുന്നേരം മറ്റൊരു ചെറിയകുന്നിലേക്ക് നടന്നു. അവിടെ നിന്നുള്ള മാസ്മരിക ദൃശ്യങ്ങളുടെ അനുഭൂതികളുമായി തിരികെ ക്യാമ്പിലെത്തി ഭക്ഷണം കഴിച്ചു. നരേഷും, ഗുലാമും, രാഘവും നാളത്തെ ട്രെക്കിംഗിന് പറ്റിയ അവസ്ഥയിലല്ല. മൗണ്ടന്‍ സിക്‌നെസ് അവരെ വല്ലാതെ ബാധിച്ചിട്ടുണ്ട്. നാളെ അവര്‍ ടെന്റില്‍ തുടരും. കൂട്ടിന് രവിയും.

പെങ്‌ലുവും കിര്‍മാനിയും ഹസീബും മോഹനും ഞാനും അതിരാവിലെ നാല് മണിക്ക് നടത്തം തുടങ്ങി. അത്യാവശ്യമുള്ളതൊഴികെ ബാക്കി മുഴുവന്‍ ലഗേജും ക്യാമ്പില്‍ വെച്ചാണ് യാത്ര. പെങ്‌ലുവാണ് മുന്നില്‍ നടക്കുന്നത്. കിര്‍മാനി ഏറ്റവും പിറകിലും. അവരുടെ കരുതലോടെയുള്ള വഴികാട്ടലില്‍ ഞങ്ങള്‍ മുന്നോട്ട് നടന്നു. വല്ലാത്ത തണുപ്പാണ്. വീശിയടിക്കുന്ന കാറ്റില്‍ മഞ്ഞ് കണങ്ങള്‍ വന്ന് മുഖത്ത് തട്ടുന്നു. മുഖം മുറിയുന്നത് പോലുണ്ട്. കണ്ണൊഴികെ ബാക്കിയെല്ലാം ബലക്ലാവ കൊണ്ട് മൂടി മുന്നോട്ട് നടന്നു. കുത്തനെയുളള കയറ്റമാണ്. പലപല പാറകളില്‍ കയറുകയല്ല. ഒരൊറ്റ മലയുടെ മുകളിലേക്ക് കയറുകയാണ്. ചിലയിടങ്ങളില്‍ കുറേയധികം ദൂരത്തോളം കുത്തനെയുള്ള കയറ്റമാണ്. എണ്‍പത് ഡിഗ്രിയോളം ചെരിവുണ്ടെന്ന് തോന്നി പലഭാഗത്തും.

Kanamo Peak

മുകളിലേക്ക് കയറാന്‍ ആയവേ പുറകോട്ട് വേച്ച് പോവുന്ന തരം കയറ്റം. ഒന്നുരണ്ടിടത്ത് ആദ്യം ഓടിക്കയറിയ കിര്‍മാനി റോപ്പ് കെട്ടി താഴെക്ക് ഇട്ടു തന്നു. അതില്‍ പിടിച്ച് കയറി ഞങ്ങള്‍ മുന്നോട്ട് നീങ്ങി. കുത്തനെയുള്ള കയറ്റമാണെങ്കിലും ആദ്യമായി കയറുന്ന ഹസീബ് പോലും വലിയ പ്രശ്‌നമില്ലാതെ തന്നെ കയറി. മുകളിലേക്ക് നോക്കുന്തോറും വീണ്ടും വീണ്ടും ഉയരത്തിലേ്ക്ക് തുടരുന്ന മലമാത്രമേ കാണാനുള്ളു. താഴെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ തലകറങ്ങും. അത്ര കിഴുക്കാംതൂക്കാണ് പലഭാഗങ്ങളും. പതിയെപ്പതിയെ ഞങ്ങള്‍ മുന്നോട്ട് തുടര്‍ന്നു. ഒടുവില്‍ ആറ് മണിക്കൂര്‍ നേരത്തെ തുടര്‍ച്ചയായ കയറ്റത്തിനപ്പുറം ഞങ്ങളെത്തി. കനാമോ പീക്ക്.

19600 അടിയോളം ഉയരം. ഹിമവാന്റെ ഉയര്‍ന്ന ഭൂമികളില്‍ ഇതിലധികം ഉയരെ, ഇന്ന് വരെ പോവാന്‍ കഴിഞ്ഞിട്ടില്ലെനിക്ക്. 14000 അടി ഉയരെയുള്ള ചന്ദ്രതാലും, 16000 അടി ഉയരെയുള്ള ഗോചെ ലായും, 18000 അടി ഉയരെയുള്ള ഗുരുദോംഗ്മാറും നടന്ന് കയറിയപ്പോള്‍ അനുഭവിച്ച ആഹ്ലാദത്തിന്റെയെല്ലാം പലമടങ്ങാണ് കനാമോ തരുന്നത്. കനവില്‍ മൂന്ന് വര്‍ഷം കാത്ത് സൂക്ഷിച്ച കനാമോ. മുകളിലെത്തിയപ്പോള്‍ നിലത്ത് മുട്ട്മുത്തി നമസ്‌കരിച്ച് പ്രപഞ്ചനാഥന് നന്ദി പറഞ്ഞു.

Kanamo Peak

'360 ഡിഗ്രി പനോരമ' എന്ന വാക്കിന്റെ ശരിയായ അര്‍ഥം മനസ്സിലാവും കനാമോയുടെ മുകളില്‍ നില്‍ക്കുന്‌പോള്‍. ചുറ്റിനും പടര്‍ന്ന് നില്‍ക്കുന്ന കാഴ്ച. ലഢാക്കിന്റെയും, സ്പിറ്റിയുടെയും, കിന്നോറിന്റെയും, കുളുവിന്റെയും അനേകമനേകം പര്‍വത ശിഖരങ്ങളെ മുകളില്‍ നിന്ന് നോക്കിക്കാണാം. അവയുടെ താഴ്വരകളുടെ ഉയര്‍ച്ച താഴ്ചകളും കാണാം. കാഴ്ചയുടെ മുന്നില്‍ ഒരിക്കല്‍കൂടി ഭാഷ തോറ്റുപോവുന്നു. ഈ അഭൗമ സൗന്ദര്യം വാക്കുകളിലേക്ക് മാറ്റാന്‍ പോന്ന കരുത്ത് ഈയുള്ളവന്റെ ഭാഷക്ക് ഇല്ല. പലവുരു ഈശ്വരന് മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ചുപോയി.

മഞ്ഞ് മൂടി നില്‍ക്കുന്ന പര്‍വതങ്ങള്‍ വെയിലേറ്റ് വെട്ടിത്തിളങ്ങുകയാണ് ചുവട്ടിലെങ്ങും. അവയുടെ ഗരിമകൂട്ടുന്നു, നീലവാനം. അവിടവിടെയായി വെണ്‍മേഘശകലങ്ങള്‍ പാറിനടക്കുന്നുണ്ട്. ഒരു ഭാഗത്ത് മുഴുവന്‍ മഞ്ഞ് വീണുറഞ്ഞ് കിടക്കുന്നു. അവിടെ വെള്ളനിറമാണ്. തൂവെള്ള നിറം. പാലാഴിപോലെ വെളുത്ത് ചുവടുകളിലേക്ക് പടര്‍ന്നിറങ്ങുന്നു. സൂര്യരശ്മികളേറ്റ് വെളുപ്പിന്റെ ഗാംഭീര്യം പലമടങ്ങകളായി തിളങ്ങുന്നു. തണുത്ത മെല്ലെ കാറ്റ് വീശുന്നുണ്ട്. ശാന്തി നിറക്കുന്ന അന്തരീക്ഷം.

Kanamo Peak

മനസ് തൂവെള്ളയാവുന്നു. ദൂഷ്യഭാവങ്ങളുടെ എല്ലാ കറകളും കഴുകിക്കളഞ്ഞ് നിര്‍മലമാവുന്നു. അടിമുടി ശാന്തത അനുഭവിച്ചറിയാന്‍ പറ്റുന്ന ഇടം. ശാന്തമായ ആ പ്രകൃതിയില്‍ സ്വയം മുഴുകി നില്‍ക്കവേ മറ്റെല്ലാം മാഞ്ഞ് പോവുന്നു. പതിയെയായ ശ്വാസതാളം വീണ്ടും പലമടങ്ങ് പതുക്കെയാവുന്നു. പര്‍വത നെറുകയിലെ കുളിര്‍കാറ്റിന്റെ പതിഞ്ഞ താളത്തിനൊപ്പം ലാസ്യനൃത്തമാടുന്നു നെഞ്ചകം. ആ താളത്തില്‍ ലയിച്ച്, അതിന്റെ സംഗീതശ്രുതിയില്‍ സര്‍വമര്‍പ്പിച്ച് നില്‍ക്കവേ പ്രകൃതിയെ മനസാ നമിച്ചുപോവും, പലവട്ടം.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങും വരെ ഇവിടെ നില്‍ക്കാനാണ് പ്ലാന്‍. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഹസീബും, മോഹനും താഴേക്ക് ഇറങ്ങി. കൂടെ പെങ്‌ലുവും. ഞാനും കിര്‍മാനിയും കുറേനേരം കൂടി ഇവിടെ നിന്നു. ഈ സ്വര്‍ഗഭൂമി വിട്ട് താഴേക്ക് ഇറങ്ങാന്‍ മനസ്സനുവദിക്കുന്നില്ല. ഇവിടെ ഒരു കരിങ്കല്‍ച്ചീളായെങ്കിലും തുടരാന്‍ കൊതിതോന്നിപ്പോവുന്നു. യുഗങ്ങളോളം ഒരു കരിങ്കല്‍ച്ചീളായി ഈ അഭൗമ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാനാവുമെങ്കില്‍ പിന്നെ ശ്വസനവം ചലനവും എല്ലാം അനാവശ്യ ആഢംബരങ്ങള്‍ മാത്രം. അത്ര മോഹനമാണിവിടം. അത്ര പവിത്രമാണിവിടം. അത്രയധികം മനസ്സിനെ കീഴടക്കുന്നു ഇവിടം. മറ്റെന്തും നിസാരമാക്കുന്ന അത്രയും സുന്ദരമായിട്ടും, ഒട്ടും അഹങ്കാരം സ്ഫുരിപ്പിക്കാതെ ലളിതമായ ഒരു ശാന്തത മാത്രം സ്ഫുരിപ്പി്ച്ച് നമ്മളെ കീഴ്‌പ്പെടുത്തുന്നു കനാമോ.

This is the recapitulation of a treak done years ago. An ever reverberating memory is shared here. The trip worth all pains. Try it once, if you have time and readiness. Thought the trail is hard, the trek is quite enjoyable. It has all charms and churns you inside out, so that you can see your innerself clearly.

Route

Manali (6700 ft MSL) to Kasa (12500 ft MSL), 200 KM, approximately 200 kilomtere. Shared sumo or bolero is available.
Kasa (12500 ft MSL) to Kibber (14100 ft MSL), 20 KM, approximately one hour drive, Shared bolero or sumo is available.
Kibber to Base Camp (15800 ft MSL), 5 KM, 7 hours trekking

BaseCamp to Kanamo Peak (19600 ft MSL) and back will be covered in about 12 to 14 hours of trekking. This is the toughest part of the trek, which is to be completed up and down on a single stretch. Really tiring. But it is worth all the effort and pains. Believe me, Kanamo is just superb. Sorry for being too detailed and the lengthy narration.