ഗോവയിൽ എല്ലാം പഴയതു പോലെ ആവുകയാണ്. കൊറോണക്കാലത്ത് അടച്ചു പൂട്ടിപ്പോയ കടകളിൽ ഭൂരിഭാഗവും വീണ്ടും തുറന്നു കഴിഞ്ഞു. തദ്ദേശവാസികളായും ടൂറിസ്റ്റുകളായും നഗരത്തിൽ ഒഴുകി നിറയുന്ന ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹിക അകലവും മാസ്ക്കുമൊക്കെ എന്നേ മറന്നിരിക്കുന്നു!

മാസ്ക് വെയ്ക്കാത്തതെന്ത് എന്ന ചോദ്യവുമായി ഇവിടെ ആരും വരുന്നില്ല. കഴിഞ്ഞു പോയ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ബാക്കിപത്രമായി ആ ആഘോഷങ്ങളുടെ മൂഡ് ഇപ്പോഴും അങ്ങിങ്ങായി തുടരുന്നുണ്ട്.

Goa

പനാജിയിൽ ഫിലിം ഫെസ്റ്റിവൽ കാണാനെത്തിയവരുടെ അൽപം തിരക്കുണ്ട്. നഗരമാകെ നിറഞ്ഞ കളർ ബൾബുകൾ രാത്രികളിൽ നിറങ്ങൾ പെയ്യിക്കുകയാണ്. 

മദ്യശാലകളിൽ പഴയ പോലെ  ആൺ പെൺ വ്യത്യാസമില്ലാതെ പൊട്ടിച്ചിരികളുയരുന്നു. രണ്ടര ബിയറിനൊപ്പം കിംഗ്ഫിഷിന്റെ വാലിൽ തൂങ്ങി കടലിലേക്ക് ചാടുമ്പോൾ ബാർ നടത്തിപ്പുകാരിയായ ചട്ടക്കാരി അമ്മായി തോളിൽ തട്ടി ചോദിക്കുന്നു "ഓ പടം പിടിക്കുന്ന താടിക്കാരാ നീയിത്തവണയും വന്നുവോ"

Goa

ബീച്ചിലേക്ക് ചെല്ലുമ്പോൾ അവിടെ ഫുൾ ഓൺ ആണ്. എന്ത് കൊറോണ ഏതു കൊറോണ. "ചൽ ജാ സാലെ..."താടിക്കാരൻ സിക്കന്ദർ അരിശം പൂണ്ട് വിറയ്‌ക്കുന്ന മീശയുമായി ആർത്തു വരുന്ന തിരയിലേക്ക് എടുത്തു ചാടുന്നു. അല്ല ജീവിതം ആസ്വദിക്കാൻ വെമ്പുന്ന മനുഷ്യരുടെ ഇടയിൽ ചെന്ന് സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ മീറ്റർ അളക്കാൻ പോയ എനിക്കിതെന്തിന്റെ കേടായിരുന്നു...!

Goa

ആ ദുഃഖം മറക്കാൻ നേരെ കാസിനോയിലേക്ക് പോയാലോ...രാവെളുക്കും വരെ ഫുൾ മജാ ആണവിടേയും. 

ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ നിന്ന് സിം​ഗപ്പുർ ഡോളേഴ്‌സിന്റെ ചാക്കുകെട്ടുകളുമായി ചൂതാടി രസിക്കാനായി വരുന്നവർ. ബോട്ടുകളിൽ തിക്കിതിരക്കി വന്നിറങ്ങി മണ്ഡോവി നദിയിൽ നങ്കൂരമിട്ടിട്ടുള്ള വിവിധ കാസിനോകളിലേയ്ക്ക് ഇടിച്ചു കയറുന്നു. Casino Goa

രാത്രി മുഴുവൻ തുടരുന്ന ത്രില്ലിങ് ചില്ലിങ് ആഘോഷങ്ങൾക്കൊടുവിൽ നിലത്തുറയ്ക്കാത്ത കാലുകളുമായി ഉറക്കച്ചടവ് കൊണ്ട് കൂമ്പിയ കവിളുകളുള്ള സുന്ദരിമാരുടെ തോളിൽ തൂങ്ങി തിരിച്ചു നീന്തി കരയ്ക്കടിയുന്നു.

Goa

അനാദിയായ ആനന്ദത്തിന്റെ പഴയ വൈബുകൾ തിരികെപ്പിടിക്കാൻ ഇവിടെ എല്ലാരും എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. കടൽത്തീരങ്ങളും പബ്ബുകളും ഷാട്ടുകളും റിസോർട്ടുകളുമൊക്ക വീണ്ടും സജീവമാവുകയാണ്.

ഉണരൂ ഗോവാ ഉണരൂ...നീ മയങ്ങിപ്പോകുമ്പോൾ ഈ ലോകം മൊത്തം മയക്കത്തിലായ പോലെയാണ്...!!

Content Highlights: Travelogue Arun Punalur Goa