മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി  മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

 

മോത്തിറാം കേവലമൊരു 'ഗൂര്‍ഖ' മാത്രമായിരുന്നില്ല ഞങ്ങള്‍ തച്ചുപറമ്പുകാര്‍ക്ക്, ഞങ്ങളുടെ നാട്ടിലെ വോളിബോള്‍ കളിയുടെ പിതാവും, സായാഹ്നത്തിലെ പാട്ടുകാരനും, പൈസ കടം ചോദിച്ചാല്‍ ഒരു മടിയും കൂടാതെ പണം തരുന്നയാളും, ഗുജറാത്തിലും ഇന്‍ഡോറിലും ജോലിചെയ്യുന്ന ചേട്ടന്മാര്‍ നാട്ടില്‍ വന്നാല്‍ തങ്ങളുടെ ഹിന്ദി പ്രാവിണ്യം നാട്ടുകാരെ കാണിക്കാന്‍ ആകെ ഉള്ള ഉപാധിയും അതിലുപരി രാത്രിയുടെ കാവല്‍ക്കാരനുമായിരുന്നു അദ്ദേഹം, ഞങ്ങളുറങ്ങുമ്പോള്‍ അദ്ദേഹം നാട്ടില്‍ ഊരുചുറ്റി. പതിവ് ഗൂര്‍ഖയില്‍ നിന്നും കാര്യമായി വസ്ത്ര വിധാനത്തിലൊരു മാറ്റമില്ലെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരില്‍നിന്നും തികച്ചും അദ്ദേഹം വ്യത്യസ്തനായി.

പതിവ് ഞായറാഴ്ച ,അട്ടേകുന്ന് സംഗം ക്‌ളബുമായി മാച്ചുള്ള ദിനം. തന്ത്രം മെനയാനായി ഞാനും അജീഷും ഷെബീറും ഷെഫീക്കും പാടത്തേക്ക് വലിഞ്ഞു നടന്നു. പക്ഷെ ആ വേഗത മാമ്മുണ്ണിക്കയുടെ കോട്ടേഴ്‌സിനടുത്തെത്തിയപ്പോഴേക്കു ചങ്ങല അഴിഞ്ഞു റിമ്മില്‍ കുടുങ്ങിയ സൈക്കിളിനെ പോലെ പെട്ടെന്ന് നിന്നു. കോട്ടേഴ്‌സിന്റെ മുകളിലെ മോത്തിറാമിന്റെ ഒറ്റമുറിയോട് ചേര്‍ന്ന വരാന്തയില്‍ ഒരു പെണ്‍കുട്ടി! കടും ചുവപ്പു വസ്ത്രം, വലിയ പൊട്ട്, ശരീരം മുഴുക്കെ മറയുന്ന ഷാള്‍, സുന്ദരി, ഇല്ല ഇതിനുമുന്‍പ് ഇവിടെ കണ്ടിട്ടില്ല.നടത്തത്തിന് വേഗത കുറഞ്ഞങ്കിലും ചിന്തകള്‍ക്ക് വേഗത കൂടി. മോത്തിറാമിന്റെ ഭാര്യ ? മകള്‍ ? കാമുകി ? അപ്പോഴേക്കും ജാഫര്‍ പാഞ്ഞെത്തി. 'മകളാണ് , ശിഖ ! പതിനൊന്നാം ക്ലാസ്, നമ്മുടെ നാട് കാണാന്‍ നേപ്പാളില്‍ നിന്നും വന്നതാണ്, രണ്ടാഴ്ച ഇവിടെ കാണും. വിവരങ്ങള്‍ക്ക് കടപ്പാട് ജയനാണ. അവന്റെ ഓട്ടോയിലാണ് അവരിങ്ങോട്ടു വന്നത്. ഒന്നും ചോദിക്കേണ്ടി വന്നില്ല ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും മോത്തിറാമും മകളും താഴെയെത്തി. അവര്‍ കൈകൂപ്പി ഞങ്ങളെ അഭിവാദ്യം ചെയ്തു. മകളെ പരിചയപ്പെടുത്തി, ഭാഗ്യത്തിന് ആരുടെ വായില്‍ നിന്നും ഹിന്ദി വന്നില്ല! 

Nepal 1

കൈകൂപ്പി അഭിവാദ്യം ചെയ്തതല്ല 'ഉപദ്രവിക്കരുതെന്ന്' അപേക്ഷിക്കുകയാണ് എന്ന് ആദ്യം മനസ്സിലാക്കിയത് അജീഷാണ്. ജാഫര്‍ പറഞ്ഞ കാര്യങ്ങള്‍ മോത്തിറാം ആവര്‍ത്തിച്ചു. കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല, കളി വേഗം തീര്‍ത്തിട്ട് വൈകീട്ട് കിട്ടുന്ന കാശിനു ചിട്ടി പിടിക്കാനുള്ളതാണ്, ഞങ്ങള്‍ പാടത്തേക്ക് നടന്നിറങ്ങി. മോത്തിറാമിനോട് , അവരുടെ ദൈനം ദിന കാര്യങ്ങളില്‍ സഹായിക്കാന്‍ ഞങ്ങളില്‍ പലര്‍ക്കും ഇതുവരെ കാണാത്ത താല്പര്യം വന്നു തുടങ്ങി. വാടക കൂടുതലാണെന്നു പറഞ്ഞു പാറക്കല്‍ കോര്‍ട്ടേഴ്‌സിലേക്ക് കൂടുമാറിയ പലരും ജീവിത ചെലവ് വര്‍ധിച്ചതുകൊണ്ടു വാടക കൂട്ടിയതാണെന്ന് എന്ന സത്യത്തെ തിരിച്ചറിഞ്ഞു തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. നാട്ടിലെ ജീവിതം മടുത്തു തൊട്ടടുത്ത കുറ്റിപ്പുറത്തേക്കു നാടുവിട്ട അലികുട്ടിയും റഷീദും നാട്ടില്‍ (ഇന്ത്യയില്‍ )തിരിച്ചെത്തി. പെരിയമ്പലം ബീച്ചുകാണിക്കാന്‍ മകളെ കൊണ്ടുപോകാന്‍ മോത്തിറാമിനു
പ്ലാനുണ്ടെന്നറിഞ്ഞ ജയന്‍ ആ ഭാഗത്തേക്കുള്ള ചാര്‍ജ് കുറച്ചു. എന്റെ വീടിനടുത്തതായിരുന്നതുകൊണ്ടും, കുടിവെള്ളം പിടിക്കാന്‍ കുടവുമായി എന്നും വീട്ടില്‍ രണ്ടു നേരം വരാറുള്ളതുകൊണ്ടും, ഉമ്മക്കും അവള്‍ക്കുമിടയിലെ ഭാഷാ സഹായി ഞാനായിരുന്നതുകൊണ്ടും എന്റെ ഹിന്ദിയും , ആംഗ്യ ഇംഗ്ലീഷും അവളുടെ മലയാളവും വളര്‍ന്നു തുടങ്ങി അതോടൊപ്പം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും. ഷൈന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ വാര്‍ഷികത്തിന് ശിഖ വരച്ച ചിത്രത്തിനായിരുന്നു ഒന്നാം സമ്മാനം. സമ്മാനം സംഭാവന ചെയ്തു നാട്ടിലെ പ്രാഞ്ചി പ്രമാണിമാര്‍ വന്നെങ്കിലും ആ അവസരം യാക്കൂബ് കൈക്കലാക്കി. അന്ത കാലത്ത് ഞങ്ങളുടെ നാട്ടിലാര്‍ക്കും മൊബൈലില്ലാത്തതിനാല്‍ സെല്‍ഫിക്ക് പോസ് ചെയ്യേണ്ടി വന്നില്ല.

എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് അനൗണ്‍സ്‌മെന്റ് കേട്ടാണ് ഞാന്‍ ചെറിയൊരു മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നത്, ഇത്തിരിനേരം കൊണ്ട് മനസ്സ് ഒത്തിരി കാലത്തിനു പിറകിലേക്ക് സഞ്ചരിച്ചു. ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം, ചില ഓര്‍മകളാണ് ജീവിതം തന്നെ മുന്‍പോട്ട് നയിക്കുന്നത്. പഴയൊരു ഓര്‍മ്മയുടെ തിരുശേഷിപ്പും അന്വേഷിച്ചാണ് ഈ യാത്ര തന്നെ!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായ ഡല്‍ഹി വിമാനത്താവളത്തിന്റെ ഒരു മൂലയിലാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം പാര്‍ക്ക് ചെയ്തിരിക്കുന്നത്. ആദ്യം ഊഴം ബിസിനസ് ക്‌ളാസുകാര്‍ക്കും വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇരിപ്പിടം കിട്ടിയവര്‍ക്കുമാണ് , പലരും പതിയെ വിമാനത്തില്‍ കയറാനായി നടന്നു നീങ്ങി. ഏകദേശം വലിയ വിമാനം തന്നെയാണ് , ഇന്ത്യക്കാരായ യാത്രക്കാരാണ് കൂടുതല്‍ , കുടുംബവുമായി യാത്ര ചെയുന്ന ധാരാളം നേപ്പാളികളും കുട്ടികളും വിദേശികളുമാണ് മറ്റുള്ളവര്‍. ബോര്‍ഡിങ് പാസ് പരിശോധിച്ച ജീവനക്കാരി നേപ്പാളില്‍ എന്തിനു പോകുന്നു എന്ന് സൗഹൃദ ഭാവത്തില്‍ ആരാഞ്ഞു , ചുമ്മാ നാടുകാണാനാണ് എന്ന എന്റെ ഉത്തരത്തിന് ഞാന്‍ നേപ്പാളുകാരിയാണ് എന്നും നല്ല കാഴച്ചകളുമായി നേപ്പാള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നും ആംഗലേയത്തില്‍ മൊഴിഞ്ഞു. എയര്‍വേയിലൂടെ വിമാനത്തില്‍ പ്രവേശിച്ചു , വിമാനത്തിന്റെ മധ്യത്തിലായി ജനലിനടുത്താണ് എന്റെ ഇരിപ്പിടം , വിമാനം മുഴുവന്‍ യാത്രക്കാരുണ്ട് , എന്റെ വലിയ ഭാണ്ഡകെട്ട് വിമാനത്തിന്റെ ഉത്തരത്തിലെത്തിക്കാന്‍ ഇത്തിരി പ്രയാസപ്പെട്ടു. അതിരാവിലെ ബോംബെയില്‍നിന്നും പുറപെട്ടതാണ് , ഉറക്കം വിട്ടുപോകാതെ കണ്ണുകളില്‍ ചുറ്റിത്തിരിയുന്നു . സീറ്റ്‌ബെല്‍റ്റ് അരയില്‍ മുറുക്കി , എമര്‍ജന്‍സി വാതില്‍ എത്ര സീറ്റ് അകലമാണെന്നു എന്ന് മനസ്സില്‍ ഉറപ്പിച്ചു വിമാനം പറയുന്നുയരുന്നതുവരെ ഉറങ്ങാന്‍ തീരുമാനിച്ചു . രണ്ടു മണിക്കൂര്‍ എടുക്കുന്ന ഏകദേശം 900km ദൂരം പിന്നിടുന്ന യാത്ര. കണ്ണുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ചെവി തുറന്നു കിടക്കുന്നു, ചുറ്റും നടക്കുന്നതെല്ലാം കണ്ണ് തുറന്നു കാണുന്ന പ്രതീതി. പഴയ ഓര്‍മകളിലേക്ക് തിരികെ സഞ്ചരിക്കാന്‍ ഒരു ശ്രമം നടത്തി.

Nepal travel 2

ശിഖയും ഞാനും പതിയെ നല്ല സുഹൃത്തുക്കളായി തുടങ്ങി, ചങ്ങരംകുളത്ത് നിന്ന് തുണിയെടുക്കാനും അവളുടെ നാട്ടിലേക്ക് കത്തയാക്കാനും മോത്തിറാം എന്റെ കൂടെ പറഞ്ഞയച്ചു . കുന്നംകുളം 'ബഥനി' സ്‌കൂളിലെ യൂണിഫോമണിഞ്ഞ കുട്ടികളെ കണ്ട അവള്‍ ഞങ്ങളുടെ സ്‌കൂളിലെ യൂണിഫോമും ഇതിനോട് സാദൃശ്യമുള്ളതാണെന്ന് പറഞ്ഞു, നാട്ടിലെ ഏറ്റവും പ്രമുഖമായ തന്റെ സ്‌കൂളില്‍ ചിത്രം വരക്കാനുള്ള കഴിവ് ദൈവം തന്നതുകൊണ്ടു മാത്രമാണ് തനിക്കവിടെ പഠിക്കാനായതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തെ കുറിച്ച്, നാടിനെ കുറിച്ച് ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍ വാ തോരാതെ സംസാരിച്ചു! രണ്ടാഴ്ചക്കു വന്നവള്‍ രണ്ടു മാസാമായിട്ടുപോലും പോയിക്കണ്ടില്ല , പോകണമെന്ന് ആരും ആശിച്ചില്ല.

അതിനിടയിലാണ് കാസര്‍ക്കോട് കാഞ്ഞങ്ങാട് നടക്കുന്ന കേരള എക്‌സിബിഷന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായി താഹിര്‍ ജോലിക്കു പോകുന്നത് . നാലു ദിവസത്തെ പരിപാടിക്ക് വണ്ടിക്കൂലി, ഭക്ഷണം താമസം പുറമെ പ്രതിദിനം മുന്നൂറു രൂപ . താഹിറിന്റെ ക്ഷണം നിരസിക്കാന്‍ തോന്നിയെങ്കിലും കാസര്‍ക്കോട് 'കളറുകളെ' കുറിച്ചവന്‍ വര്‍ണ്ണിച്ചത് തിരസ്‌കരിക്കാന്‍ തോന്നിയില്ല. പണിയൊന്നുമില്ലാത്തതുകൊണ്ടു ലീവെടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ കൂടെ പോയി. നാല് ദിവസത്തിനാണ് പോയതെങ്കിലും മടങ്ങിയെത്തിയപ്പോള്‍ പതിമൂന്നു ദിനങ്ങള്‍ പിന്നിട്ടു. നാട്ടില്‍ സംഭവിച്ച പ്രധാന കാര്യം മോത്തിറാമും മകളും നാടുവിട്ടിരിക്കുന്നു. സംശയാസ്പദ സാഹചര്യത്തില്‍ ഒരു സ്ത്രീയും കുട്ടിയും താമസിക്കുന്ന വീട്ടിനു പിറകില്‍ മോത്തിറാമിനെ 'മീശമാധവന്' സിനിമ സെക്കന്റ് ഷോ കണ്ടുവരുന്ന വഴി സുജിത്ത് കണ്ടതാണ് പ്രശ്‌നം. വീട്ടിനു പിറകില്‍ കണ്ടയാളെ അന്വേഷിച്ച് താന്‍ അങ്ങോട്ടുപോയാതാണെന്നാണ് മോത്തിറാമിന്റെ ഭാഗം. കാര്യം മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്ക് 'കവടി' നിരത്തേണ്ടിവന്നില്ല , സംഗതി കാര്യമായില്ലെങ്കിലും മോത്തിറാമിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. പിറ്റേന്ന് ആരും മോത്തിറാമിനെയും മകളെയും കണ്ടില്ല, രായ്ക്കുരാമാനം ആരോടും ഒന്നും പറയാതെ അദ്ദേഹം നാട്ടുവിട്ടു. പിന്നീടാരും അദ്ദേഹത്തെ കണ്ടില്ല, ആരും അന്വേഷിച്ചുമില്ല !

വിമാനം പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഓര്‍മകള്‍ക്ക് ചിലപ്പോള്‍ വേട്ടക്കാരന്റെ പരിവേഷം കൈവരും. അവനില്‍ നിന്നും ഓടിയകലുക എല്ലായിപ്പോഴും എളുപ്പമല്ല. വിമാനത്തിന്റെ കിളിവാതിലിലൂടെ ചുമ്മാ താഴേക്ക് നോക്കിയിരുന്നു.കത്തി ജ്വ ലിക്കുന്ന സൂര്യന്‍ ഒരു വശത്ത് , താഴെ മേഘക്കൂട്ടങ്ങള്‍ , അതിനിടയിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞില്‍ പുതച്ച പര്‍വ്വത നിരകള്‍. വിമാനം താഴ്ന്നു പറക്കുന്നതാണോ അതോ പര്‍വ്വതങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ..!

Nepal travel 3പഴയ ഓര്‍മകളുടെ കനലുകള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു , തൊട്ടപ്പുറത്തിരിക്കുന്ന വിദേശി മടക്കിവെച്ച നേപ്പാളിനെ കുറിച്ച് പ്രതിപാദിക്കുന്ന ചെറിയ പുസ്തകം അദ്ദേഹത്തിന്റെ അനുവാദത്തോടെ വായിക്കാന്‍ തുടങ്ങി. നേപ്പാള്‍ , ഏഴു സംസ്ഥാനങ്ങളും എഴുപത്തിയേഴു ജില്ലകളിലുമായി കരകളാല്‍ ചുറ്റുകിടക്കുന്ന പരമാധികാര രാജ്യം. ഇന്ത്യയോടും ചൈനയോടും അതിര്‍ത്തി പങ്കിടുന്നു.ഭൂട്ടാനും ബംഗ്‌ളാദേശും തൊട്ടടുത്താണെങ്കിലും തൊട്ടു കിടക്കുന്നില്ല. 800 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുള്ള പ്രദേശത്തില്‍ കേരളത്തിന്റെ മൂന്നില്‍ രണ്ടു ജനസംഖ്യ. ഏറ്റവും വലിയ നഗരവും തലസ്ഥാനവും കാഠ്മണ്ഡു. ദാരിദ്ര്യത്തിലും പട്ടിണിയിലും മുന്‍പന്തിയിലാണെങ്കിലും ഈയിടെയുള്ള നേപ്പാളിന്റെ വളര്‍ച്ച സന്തോഷം നല്‍കുന്നു. ഒട്ടനവധി ഭാഷകള്‍ നേപ്പാളിലുണ്ടെങ്കിലും പകുതിയിലും കൂടുതല്‍ ആളുകള്‍ നേപ്പാളി സംസാരിക്കുന്നു. ഹിന്ദിയും വളരെ കുറച്ച് ഇംഗ്ലീഷും എല്ലായിടത്തുമുണ്ട്. സമയത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാളും പതിനഞ്ചു മിനിറ്റ് മുന്‍പേ നടക്കുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളില്‍ എട്ടും നേപ്പാളില്‍ നിലകൊളളുന്നു അതില്‍ പ്രധാനമാണ് എവറസ്റ്റ് കൊടുമുടി. 

ഏതെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കരമാര്‍ഗമോ  വിമാനം വഴിയോ പ്രത്യക അനുമതിയെടുത്ത് സ്വന്തം വാഹനം ഉപയോഗിച്ചോ നേപ്പാളില്‍ പ്രവേശിക്കാം. സമുദ്ര നിരപ്പില്‍ നിന്ന് 75 മുതല്‍ 8800 മീറ്റര്‍ വരെ ഉയര വ്യത്യാസമുള്ള നേപ്പാള്‍ പ്രദേശങ്ങളില്‍ 5000 മീറ്റര്‍ വരെ ഉയരത്തില്‍ ജനവാസമുണ്ട്. നേപ്പാളിന്റെ പ്രത്യേകമായ പ്രകൃതി ഭംഗിയും, ഹിന്ദു ബുദ്ധ മത വിശ്വാസികളുടെ തീര്‍തഥാടന കേന്ദ്രങ്ങളും, കാടും മലയും, പുഴയും നദിയും, റാഫ്റ്റിംഗും ബങ്കീ ജമ്പും പാരാഗ്ലൈഡിങ്ങും , ചെറിയ വിമാനത്തിലും ഗ്ലൈഡറിലും മലകള്‍ക്കിടയിലൂടെ പറന്നു നടക്കുന്നതും, നല്ല ഭക്ഷണവും, നല്ല നാട്ടുകാരും അതിലുപരി അതിമനോഹര കാഴ്ച്ചകളും ഒരുക്കിവെച്ച് നേപ്പാള്‍ സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു. പത്ത് ഇന്ത്യന്‍ രൂപ കൊടുത്താല്‍ പതിനാറു നേപ്പാളി രൂപകിട്ടുന്ന നേപ്പാളില്‍ ജീവിതച്ചിലവ് താരതമ്യേന കുറവാണെങ്കിലും വിനോദ സഞ്ചാര മേഖലയില്‍ കാര്യമായ കഴുത്തറുപ്പ് നിലനില്‍ക്കുന്നു. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്. അതിനു ശേഷം മഴക്കാലമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെ മോശമല്ലാത്ത തണുപ്പുണ്ടാകും. കഠ്മണ്ഡുവും അവിടെനിന്ന് 200 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിചെയ്യുന്ന പൊഖാറയുമാണ് സഞ്ചാരികളുടെ ഒഴുക്കനുഭവപ്പെടുന്ന പ്രദേശം. അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ പുസ്തകം തിരികെ നല്‍കി നന്ദി പറഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്നു.

നേപ്പാളിന്റെ ദൃശ്യഭംഗി ആകാശത്ത് നിന്നും ഇപ്പോള്‍ വ്യക്തമായി കാണാം. താഴെ തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചപോലെ ചെറിയ ഉയരത്തില്‍ നിരനിരയായി കെട്ടിടങ്ങള്‍, അതിനിടയില്‍ ചെറിയ അരുവികളും വെള്ളകെട്ടുകളും ഹരിത വര്‍ണ്ണമായ കൃഷിയിടങ്ങള്‍ .വിമാനം നല്ല വേഗത്തില്‍ താഴ്ന്നു തുടങ്ങി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കാനും സീറ്റ് ബെല്‍റ്റ് ധരിക്കാനും ക്യാപ്റ്റന്റെ നിര്‍ദേശം വന്നു. ആകാശ കാഴ്ചകള്‍ക്ക് ഭൂമിയോട് അടുത്തുവരുംതോറും അഴക് കൂടിവന്നു. സാവധാനം കാഠ്മണ്ഡുവിലെ തിരൂഭവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലം തൊട്ടു. ആരും അധികം തിക്കും തിരക്കും കൂട്ടിയില്ല, പതിയെ പുറത്തിറങ്ങി. നല്ല ശാന്തത . ഉത്തരേന്ത്യയിലെ യൂണിവേഴ്‌സിറ്റികളോട് സാമ്യം തോന്നുന്ന കെട്ടിടം. അങ്ങിങ്ങായി എയര്‍ ഇന്ത്യയുടെയും, എയര്‍ അറേബ്യയുടെയും വിമാനങ്ങള്‍ കൂടെ ബുദ്ധ എയറിന്റെയും താര എയറിന്റെയും മറ്റു വിമാനക്കമ്പനികളുടെ ചെറിയവിമാനങ്ങള്‍ കളിക്കോപ്പുപോലെ ചിതറിക്കിടക്കുന്നു. വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന കവാടത്തിനകത്തായി നേപ്പാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മനോഹരമായ കമാനം. കെട്ടിടത്തിന്റെ വിശാലമായ വരാന്തയിലൂടെ നടന്നു നീങ്ങി എമിഗ്രേഷന്‍ കൗണ്ടറിലെത്തി. വിസ ഫീസുണ്ടോ എന്ന് ഒരു വേള സംശയിച്ചെങ്കിലും വിസ തന്നെ വേണ്ട എന്ന് പിന്നീട് മനസിലായി. തിരക്കില്ലാത്ത കൗണ്ടറില്‍ പാസ്‌പോര്‍ട്ട് നല്‍കി. ഒന്നും നോക്കാതെ കിട്ടിയ ആദ്യ പേജില്‍ തന്നെ ഓഫീസര്‍ ചാപ്പകുത്തി. അകത്തെ സൗകര്യങ്ങള്‍ പരിമിതമാണ്. ലഗ്ഗേജ് പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളോ സുരക്ഷാക്രമീകരങ്ങളോ കണ്ടില്ല, ഇത്തിരി സമയമെടുത്തു പുറത്തുകടക്കാന്‍.

Paragliding

സമയം നാലുമണി പിന്നിട്ടു, അതിയായ തണുപ്പനുഭവപ്പെടുന്നുണ്ട്. ബാഗില്‍നിന്നും കമ്പിളി കുപ്പായമെടുത്ത് ശരീരത്തെ പൊതിഞ്ഞു. എന്റെ ലക്ഷ്യസ്ഥാനം പൊഖാറയാണ്. ക്ലബ്ബിന്റെ വാര്‍ഷികത്തിന് സമ്മാനം കിട്ടിയ ശിഖ വരച്ച ചിത്രം 'നീണ്ടുകിടക്കുന്ന ഒരു തടാകവും അതില്‍ പല വര്‍ണ്ണങ്ങളോട് കൂടിയ ചെറിയ വഞ്ചികളും അതിന്റെ കരയില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുമായിരുന്നു'. ഇത് ഞാനും ഇതെന്റെ ലോകവുമാണെന്നാണ് അവള്‍ അതിനേ കുറിച്ച് പറഞ്ഞത്. മനസ്സില്‍ മായാതെ നില്‍ക്കുന്ന ആ ചിത്രം പൊഖാറയിലെ ഫിവ തടാകത്തിനോട് സാമ്യമുള്ളാതാണെന്ന് 'ഗൂഗിള്‍' ഉള്ള കാലത്ത് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല, അങ്ങനെയാണ് പൊഖാറ ഒരു നിമിത്തം പോലെ മനസ്സില്‍ ഈയടുത്ത് കയറിക്കൂടിയത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എന്നും രാവിലെ ടൂറിസ്റ്റ് ബസുണ്ടെകിലും ആറുമണിക്കൂറിലധികം എടുക്കുന്ന യാത്ര വേണ്ട എന്ന് തീരുമാനിച്ചു പകരം ചെറുവിമാനത്തില്‍ അരമണിക്കൂറിനുള്ളില്‍ പൊഖാറയിലെത്താം. ബസിന് 600 നേപ്പാളി രൂപയാകുമെങ്കില്‍ വിമാനത്തിന് 3000 ത്തിനടുത്തോ കൂടുതലോ ആകാം. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ പൊഖാറയിലേക്കുള്ള വിമാന ടിക്കറ്റെടുത്തു. പക്ഷെ കാഠ്മണ്ഡുവില്‍ രണ്ടു ദിവസം താമസിച്ചതിനുശേഷം മാത്രമാണ് പൊഖാറയിലേക്കുള്ള യാത്ര.. താമസം സോസ്‌റ്റെലിലാണ് ബുക്ക് ചെയ്തിട്ടുള്ളത്. എയര്‍പോര്‍ട്ടിന് പുറത്തുനിന്ന് ടാക്‌സി വിളിച്ചാല്‍ 500 രൂപയ്ക്കു അവിടെയെത്താമെന്നു ട്രവാല്‍സിലെ സ്റ്റാഫ് പറഞ്ഞു എന്നിരുന്നാലും ഔദ്യോദിക യാത്ര മാര്‍ഗം സ്വീകരിക്കാമെന്നുവെച്ച് എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സി വിളിച്ച് ഹോസ്റ്റലിലേക്ക് പുറപ്പെട്ടു.

എയര്‍പോര്‍ട്ട് പിന്നിട്ട മാരുതി 800 നല്ല വേഗത്തില്‍ തലസ്ഥാന നഗരിയിലൂടെ കുതിച്ചു പാഞ്ഞു. ചെറുതും വലുതുമായ നിരവധി വാഹങ്ങള്‍ അത്ര അച്ചടക്കത്തിലല്ലാതെ സഞ്ചരിക്കുന്നു. കേരളത്തിലെ തിരക്കുള്ള ചെറിയ പട്ടണത്തെ ഓര്‍മിപ്പിക്കും വിധമാണെങ്കിലും ആരും തന്നെ ഹോണടിക്കുന്നില്ല എന്നത് പ്രത്യകം ശ്രദ്ധിച്ചു. ഹൈവേയുടെ മധ്യത്തില്‍ വൃത്താകൃതിയിലുള്ള ഇരുമ്പു കൂട്ടില്‍ കയറി നില്‍ക്കുന്ന പോലീസുകാരന്‍, അദ്ദേഹത്തിന്റെ കൈവീശലുകളാണ് ചുവപ്പും പച്ചയും തെളിയുന്ന സിഗ്‌നല്‍ സംവിധാനം. പൊടിശല്യം അന്തരീക്ഷത്തില്‍ രൂക്ഷമായുള്ളതുകൊണ്ടു തന്നെ തെരുവിലെ ആളുകള്‍ മിക്കവാറും പൊടിയില്‍നിന്നും രക്ഷപെടാനുള്ള മുഖാവരണം ധരിച്ചിട്ടുണ്ട്. പെട്ടി ഓട്ടോറിക്ഷ, വലിയ ഭാണ്ഡക്കെട്ട് തലയില്‍ ചുമന്നവര്‍, മൃഗങ്ങള്‍, യാചകര്‍, സൈക്കിള്‍ റിക്ഷക്കാര്‍ തുടങ്ങിയ എല്ലാ കാഴ്ചകളും സമൃദ്ധമായി ചുറ്റിലുമുണ്ട്. വണ്ടിയോടിക്കുന്ന സഹോ കാര്യമായി ഒന്നും മിണ്ടുന്നില്ല. ചോദിക്കുന്നതിനു മാത്രം അദ്ദേഹം ഉത്തരം നല്‍കുന്നു. പുതിയ കെട്ടിടങ്ങളോ നിര്‍മ്മാണ പ്രവൃത്തികളോ അധികമൊന്നും കാണാന്‍ കഴിഞ്ഞില്ല എപ്പോഴും ഭൂകമ്പ സാധ്യത നിലനില്‍ക്കുന്ന പ്രദേശമായതിനാലാകണം കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കാത്തത്. വാഹനം ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി ചെറിയ പട്ടണത്തിന്റെ മൂലയിലെത്തി. അടുത്തായി നില്‍ക്കുന്ന സോസ്റ്റലിന്റെ ബോര്‍ഡ് കാണിച്ചു അവിടെ ഇറങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പണം നല്‍കി ചെറിയ ചിട്ടി പാസാക്കി നടന്നു നീങ്ങി.

നാലുനിലകളുള്ള വലിയ കെട്ടിടമാണ് സോസ്റ്റല്‍. മുറ്റത്ത് ചെറിയൊരു റിസെപ്ഷനും തുറന്ന ഭക്ഷണശാലയും ബാറും, ട്രെക്കിങ്ങും മറ്റും ബുക്ക് ചെയ്യാനുള്ള ഓഫീസും മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. റിസെപ്ഷനിലെ പെണ്‍കുട്ടി നല്ല ആംഗലേയത്തില്‍ കാര്യങ്ങള്‍ മൊഴിഞ്ഞുകൊണ്ടിരിക്കുന്നു. വലിയൊരു വളര്‍ത്തുനായ അവളെ സഹായിക്കാനെന്നവണ്ണം തൊട്ടടുത്ത് വായും പൊളിച്ച് നില്‍ക്കുന്നു. ചാവി തന്നു മുകളില്‍ പോയി. രണ്ടാള്‍ക്കുള്ള ട്വിന്‍ റൂമാണ് ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്. നല്ല വൃത്തിയുള്ള മുറിയും മോശമല്ലാത്ത സൗകര്യങ്ങളും. ഒന്ന് ഫ്രഷായി താഴെവന്നു ഒരുകാപ്പി കുടിച്ചു, സോസ്റ്റല്‍ വിസിറ്റിംഗ് വാര്‍ഡും , ലൊക്കേഷന്‍ മാപ് മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്തു നടക്കാനായി പുറത്തിറങ്ങി. 

Nepal 4

കാഠ്മണ്ഡുവില്‍നിന്നും അധിക ദൂരത്തിലല്ലാത്ത തമില്‍ (Thamel) എന്ന സഥലത്താണു ഞാനിപ്പോള്‍. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായും ഒട്ടനവധി ബാക്ക്പാക്കര്‍ ഹോസ്റ്റലുകളും വിവിധയിനം ഭക്ഷണശാലകളും നിരവധി ബാറുകളും വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വെച്ചുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കും പേരുകേട്ട പട്ടണമാണിത്. സംഗീതോപകരങ്ങള്‍ വില്‍ക്കുന്ന, പഴയ വി.സി.ഡി, സി.ഡി സിനിമ പാട്ടുകളുടെ കാസറ്റുകള്‍ വില്‍ക്കുന്ന കടകളെ പിന്നിലാക്കി ഇടുങ്ങിയ വഴി പിന്നിട്ടു വലിയൊരു തെരുവിലെത്തി. കടകളിലെല്ലാം ഏറിയ പങ്കും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. അടുത്തകണ്ട കടയില്‍നിന്നും കുളികഴിഞ്ഞു തുടക്കാനുള്ള ഒരു ടവ്വല്‍ വാങ്ങിയ ഞാന്‍ ഒരു സിംകാര്‍ഡെടുക്കാന്‍ ശ്രമം നടത്തി. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണമെന്നുള്ളതുകൊണ്ടു എന്റെ ശ്രമം നടന്നില്ല. 

തെരുവിലൂടെ ധാരാളം വിദേശികള്‍ നടന്നുനീങ്ങുന്നു . വാഹനങ്ങള്‍ വളരെ കുറവ്. തെരുവിന്റെ വൃത്തികേടിന്റെ കാര്യത്തില്‍ അവര്‍ കേരളത്തോട് മത്സരിക്കുന്നതുപോലെ തോന്നി. കുറച്ച് നേരം അവിടെയെല്ലാം ചുറ്റിക്കറങ്ങി റൂമില്‍ തിരിച്ചെത്തി. റസ്റ്റോറന്റില്‍ നല്ല തിരക്ക്. എല്ലാവരുടെ ഭക്ഷണത്തോടൊപ്പം ബിയറും ഗ്ലാസുകളില്‍ നുരഞ്ഞുപൊങ്ങുന്നു. ചപ്പാത്തിയും മിക്‌സ്‌വെജ്ജും ചൂടുവെള്ളവും അകത്താക്കി കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഒരു ജര്‍മന്‍ ദമ്പതിമാരുമായി അധികനേരം സംസാരിച്ചിരുന്നു. മറ്റുള്ളവരിലൂടെ ഇന്ത്യയെ കാണുമ്പോഴാണ് ഇന്ത്യയുടെ ആകാരവും സൗന്ദര്യവും തിരിച്ചറിയുക. ഞങ്ങള്‍ വിവിധങ്ങളായ ഒത്തിരി കാര്യങ്ങളിലൂടെ കടന്നുപോയി. പുകവലിയുടെ അകമ്പടിയില്ലാതെ ഇത്ര നേരം സംസാരിച്ചിരുന്ന യാത്രക്കാരായ യുവമിഥുനങ്ങള്‍ എനിക്ക് പുതിയ അനുഭവമായി, ഏകദേശം പത്തുമണിയോടെ കിടന്നുറങ്ങി.

Nepal 5

രാവിലെ ലൂയിങ്ങിന്റെ വയലില്‍ നാദം കേട്ടാണുണര്‍ന്നത്. പ്രഭാതകര്‍മ്മങ്ങള്‍ക്കുശേഷം കുറച്ചുനേരം അതും ശ്രവിച്ചിരുന്നു. കേള്‍ക്കാന്‍ ആളുള്ളതുകൊണ്ട് തനിക്കറിയാവുന്ന 'സംഗതി'കളെല്ലാം അദ്ദേഹം പുറത്തെടുത്തു. ശേഷം സോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളിലെ നിരീക്ഷണ കമാനത്തില്‍ കയറിയിരുന്നു തെമിലിന്റെ ഭംഗി ആസ്വദിച്ചു. താഴെ ജോലിക്കുപോകുന്നവര്‍ , സ്‌കൂളില്‍പോകുന്ന ചെറിയ കുട്ടികള്‍, മുറ്റമടിക്കുന്നവര്‍, പ്രഭാത സവാരിക്കാര്‍ എവിടെയായാലും സാധാരണക്കാരുടെ ജീവിതം തുല്യം തന്നെ.

ഭഗ്മതി നദിക്കരയിലെ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനായി ഞാന്‍ പുറപ്പെട്ടു. പശുപതിനാഥ് ക്ഷേത്രം വളരെ പുരാതനമായതും നേപ്പാളിലെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രവുമാണ്. ദശലക്ഷക്കണക്കിനു ആളുകളാണ് ഓരോവര്‍ഷവും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിലൊന്നായി സംരക്ഷിക്കുന്ന ഈ പുണ്യപുരാതന ക്ഷേത്രം സന്ദര്‍ശിക്കുന്നത്. വാരണാസിയിലെയും ഋഷികേശിലെയും ആരതികളുമായി ഓര്‍മിപ്പിക്കുന്ന ഭാഗ്മതി നദിക്കരയിലെ ആരതി കാണാനും നിരവധിപേര്‍ പ്രതിദിനം ഇവിടെയെത്തുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഒട്ടനവധി ആചാരങ്ങളും വിശ്വസങ്ങളും നിലനിന്നുപോരുന്നു അതില്‍ പ്രധാനമാണ് മരണമടഞ്ഞവരെ ഇവിടെ ശവദാഹം ചെയ്താല്‍ ആത്യന്തിക മോക്ഷം ലഭിക്കുന്നു എന്നതും അടുത്ത ജന്മത്തിലും അവര്‍ മനുഷ്യരായി തന്നെ പുനര്‍ജനിക്കുന്നു എന്നതും. അതുകൊണ്ടു തന്നെ ധാരാളം ശവദാഹം ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഒരു ശരീരം മുഴുവനായി തീ ഏറ്റുവാങ്ങുന്നതും അന്ത്യകര്‍മ്മങ്ങള്‍ നിരീക്ഷിച്ചും പതിയെ ഞാന്‍ അവിടെ നിന്ന് വിടവാങ്ങി. കാഠ്മണ്ഡുവിന്റെ ഹൃദയ ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതിചെയ്യുന്നു ക്ഷേത്രം പുലര്‍ച്ചെ നാലുമണി മുതല്‍ 12 വരെയും വൈകീട്ട് അഞ്ചുമുതല്‍ 7 മണിമുതല്‍ ദര്‍ശനം അനുവദിക്കുന്നു. ഒരു രാജ്യമോ പ്രദേശമോ സന്ദര്‍ശിക്കുന്നത് ഭൂപ്രകൃതി മാത്രം കാണാനോ കൃത്രിമ ആനന്ദങ്ങള്‍ അനുഭവിക്കാനോ മാത്രമായിരിക്കരുത് ആജനതയുടെ ജീവിതം, സംസ്‌കാരം ,ആചാരം എന്നിവയെല്ലാം അടുത്തറിയാനും കൂടിയാവണം.

Nepal 6

ക്ഷേത്ര പരിസരത്തുനിന്ന് ഇരുപത് മിനിറ്റ് സഞ്ചരിച്ച് ഞാന്‍ കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറില്‍ എത്തിച്ചേര്‍ന്നു. പഴയ രാജകൊട്ടാരത്തിന്റെ എതിര്‍വശത്തായാണ് ഇത് നിലകൊള്ളുന്നത്. രാജകുടുംബത്തിന്റെ പ്രമുഖ ചടങ്ങുകള്‍ക്കെല്ലാം ഇന്നും ദര്‍ബാര്‍ സ്‌ക്വയാര്‍ വേദിയാകുന്നു. നിരന്തരമുണ്ടാകുന്ന ഭൂകമ്പം മൂലം ദര്‍ബാര്‍ സ്‌ക്വയാറിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു എന്നാലും അതിന്റെ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. നേപ്പാളിനെക്കുറിച്ച് കാണുന്ന ചിത്രങ്ങളില്‍ നല്ലൊരു പങ്കും ദര്‍ബാര്‍ സ്‌ക്വയാറിന്റേതാണ്. ദര്‍ബാര്‍ സ്‌ക്വയാറില്‍ അതിമനോഹരമായ അപൂര്‍വ്വ ചിത്രപ്പണിയോടുകൂടിയ നിരവധി ക്ഷേത്രങ്ങളും ഒരു മൂസിയവും ഒരു വാട്ടര്‍ ഫൗണ്ടനും നിലനില്‍ക്കുന്നു. ആയിരം നേപ്പാളി രൂപയാണ് പ്രവേശന ഫീ. കുടുംബവുമായും കുട്ടികളുമാണ് പോകുമ്പോള്‍ ഇത്തിരി ശ്രദ്ധയോടുകൂടി വേണം ദര്‍ബാര്‍ ചതുരം ചുറ്റികാണാന്‍. കാഠ്മണ്ഡു സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു പ്രദേശമാണിത്. പതിയ പരിസരമെല്ലാം കറങ്ങി തിരിഞ്ഞു ഷെഹ്‌സാന്‍ റൂമിലെത്തി നാളെ പൊഖാറയിലേക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി, രാവിലെ വിമാനത്തവാളത്തിലേക്കു പോകാനുള്ള ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. നേപ്പാള്‍ സന്ദര്‍ശിക്കുന്നവര്‍ ഭൂരിഭാഗവും അന്നപൂര്‍ണ സര്‍ക്യൂട്ട് ട്രെക്കിങ്ങിനായാണ് വരുന്നത്. ട്രെക്കിങ്ങിനോട് എനിക്ക് വല്യ മമതയില്ലാത്തതിനാലും എന്റെ കായികക്ഷമതയെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളതിനാലും ഞാനാ സഹാസത്തിനു തുനിഞ്ഞില്ല.

ടാക്‌സിക്കാരന്‍ കൃത്യം ഒമ്പതുമണിക്കു തന്നെയെത്തി, അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞാന്‍ താഴെ ഗെയിറ്റിനരികില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്നാണ് ആഭ്യന്തര സര്‍വ്വീസുകള്‍ക്കുള്ള ടെര്‍മിനല്‍ നിലകൊള്ളുന്നത്. കെട്ടിടത്തിന്റെ പ്രധാന വാതിലിലൂടെ അകത്ത് കടന്നാല്‍ ചെറിയോരു ഹാള്‍. സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കായി വ്യത്യസ്ഥ കിയോസ്‌ക്കുകള്‍. വിമാനത്തിന്റെ പേരും നമ്പറുമെഴുതിയ ചെറിയ ബോര്‍ഡ് എല്ലാ കൗണ്ടറിലും തൂക്കിയിട്ടിരിക്കുന്നു.ധാരാളം ആഭ്യന്തര യാത്രക്കാരുണ്ട് . യെതി എയര്‍ലൈന്‍സിന്റെ കൗണ്ടറില്‍ ബോര്‍ഡിങ് പാസിനായി ക്യൂ നിന്നു. വലിയൊരു സ്‌കെയിലില്‍ ലഗ്ഗേജ് തൂക്കുകയും ഒരു ലേബലൊട്ടിച്ച് ചുമന്നുകൊണ്ടുപോകുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യം തന്നെ മനോഹരമായി അച്ചടിച്ചുവെച്ച ഒരു കാര്‍ഡാണ് ബോര്‍ഡിങ് പാസ്. അത് കൈപ്പറ്റിയ ഞാന്‍ അടുത്തുകണ്ട ഇരിപ്പിടത്തില്‍ വിശ്രമിച്ചു.

വലിയൊരു കുടുംബം ബന്ധുമിത്രാതികളെ യാത്രയാക്കാന്‍ വന്നിട്ടുണ്ട്. പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും കണ്ണീര്‍തുറക്കുകയും കഴുത്തില്‍ വിവിധ നിറങ്ങളിലുള്ള ഷാളുകള്‍ അണിയിച്ചുകൊണ്ടു ഫോട്ടോഎടുക്കുകയും ചെയുന്നു, അതെ ഷാള്‍ അടുത്തയാളെ അണിയിക്കുകയും ഫോട്ടോയെടുക്കുകയും ചെയുന്നു. ഒരു മുത്തശ്ശി പേരക്കിടാവിനെ ഉമ്മവെച്ച് അവസാനിപ്പിക്കുന്നില്ല, അവന്‍ കുസൃതികാട്ടുകയും കുതറിയോടുകയും ചെയ്യുന്നു. . മുത്തശ്ശി ഒരു കളിക്കൂട്ടുകാരനെ പോലെ അവന്റെ പിറകില്‍ ഓടിനടക്കുന്നു. ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ നിഷ്‌കളങ്കമായ സ്‌നേഹമാണത് എന്ന് തിരിച്ചറിയാനുള്ള പ്രായം അവനില്ലല്ലോ. അവര്‍ അണിയിക്കുന്ന ഷാളിനെകുറിച്ച് എന്റെ തൊട്ടടുത്ത ഇരിപ്പിടത്തിലിരുന്ന നേപ്പാളി പെണ്‍കുട്ടിയോടു ഞാന്‍ ആരാഞ്ഞു, ഫോണില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കേട്ടാണ് ഞാനാ ഉദ്യമത്തിന് മുതിര്‍ന്നത്. അവളെനിക്കിത് ബുദ്ധമത വിശാസത്തിന്റെ ഭാഗമായ ഖാത്തായാണ് (Khata ) എന്ന് പുതിയ വിവരം നല്‍കി. ഖാത്ത പരിശുദ്ധിയുടെയും കാരുണ്യത്തിന്റെയും പ്രതീകമായി കാണുകയും വിവാഹം, ജനനം, ബിരുധദാനം, യാത്രയയക്കല്‍, സ്വീകരിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സമ്മാനായി നല്‍കുകയും അണിയിക്കുകയും ചെയ്യുന്നു. വിമാനം ഉയരാന്‍ ഇനിയും നല്ല സമയം ബാക്കിയുള്ളതുകൊണ്ടും പഴയ സുഹൃത്തിലേക്കെത്താന്‍ ഒരു കച്ചിത്തുരുമ്പ് എന്ന നിലനിലയിലും ഞാനീ പെണ്‍കുട്ടിയുമായി കൂടുതല്‍ സംസാരിച്ചു. പ്രിയങ്ക പൊഖാറയിലെ മണിപ്പൂര്‍ റഫറല്‍ ഹോസ്പിറ്റലില്‍ എം.ബി.ബി.എസ് കഴിഞ്ഞു പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നു. കാഠ്മണ്ഡുവിലാണ് ജന്മദേശമെങ്കിലും ഇന്‍ഡോര്‍, ലക്‌നൗ, ദല്‍ഹി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലായിരുന്നു പഠനം. ഇംഗ്ലീഷ് ഹിന്ദി നേപ്പാളി ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു. കാണാന്‍ സുന്ദരികളായ നേപ്പാളി പെണ്‍കുട്ടികള്‍ ആണുങ്ങളുടെ അത്ര അടുപ്പം കാണിക്കുന്നവരോ അടുത്ത് പെരുമാറുന്നവരോ അല്ല പൊതുവില്‍. പ്രിയങ്കയിലൂടെ ശിഖയിലെത്താനുള്ള എന്റെ ശ്രമം അവര്‍ക്ക് പൊഖാറയില്‍ കാര്യമായ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ വിജയിച്ചില്ല. എന്നിരുന്നാലും അവളുടെ സുഹൃത്ത് സന്ദേശ് റായിയെ പരിചയപെടുത്തിതരികയും അദ്ദേഹം എന്നെ ഇക്കാര്യത്തില്‍ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു.

Nepal 6

സുരക്ഷാ പരിശോധനകള്‍ക്കു ശേഷം ബോര്‍ഡിങ് ഹാളിലേക്ക് പ്രവേശിച്ചു. ചെറിയ മുറിയില്‍ വലിയ തിരക്ക്. ഇരിക്കാന്‍ സ്ഥലമില്ലാതെ നല്ലൊരു വിഭാഗമാളുകള്‍ നില്‍ക്കുന്നു. പര്‍വ്വതാരോഹകര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എല്ലായിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നേപ്പാളിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. പക്ഷെ അപകടങ്ങള്‍ക്ക് വളരെ പ്രസിദ്ധിയാര്‍ജിച്ചതാണ്. അതുകൊണ്ടു തന്നെ ചെറിയൊരു ഭയം എന്റെ മനസ്സില്‍ താളം കെട്ടിനില്‍ക്കുന്നു. സാഹസമില്ലാതെ യാത്രയില്ല എന്ന് മനസ്സില്‍ കരുതി. വിമാനത്തില്‍ കയറാന്‍ മുന്‍പോട്ടു വരാനായി ഹാളിന്റെ എതിര്‍ദിശയില്‍ നിന്നൊരാള്‍ വിളിക്കാന്‍ തുടങ്ങി. യേതി എയര്‍ലൈന്‍സിന്റെ ഏകദേശം ഇരുപതുപേര്‍ക്കിരിക്കാവുന്ന വിമാനം കാത്തുകിടക്കുന്നു. ചുറ്റിലും വലിയ ഭീതി ജനിപ്പിക്കുന്ന ശബ്ദം. ആളുകള്‍ കയറിയപ്പോഴേക്കും വാതിലടച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ പ്രകടനം മുറക്ക് നടന്നു. ചെവിയില്‍ വെക്കാനായി പഞ്ഞിയും ഒരു മിഠായിയും കിട്ടി. ഈ സമയം പ്രിയങ്ക എന്നോട് അവളിരിക്കുന്ന വലതുവശത്തെ ഇരിപ്പിടത്തിലേക്കു മാറിയിരുന്നാല്‍ മനോഹരമായ കാഴ്ചകള്‍ ദര്‍ശിക്കാന്‍ കഴിയുമെന്ന് ഉപദേശിച്ചു. സീറ്റുകള്‍ പരസ്പരം കൈമാറി. വിമാനം പതിയെ ചലിക്കാന്‍ തുടങ്ങി. പെട്ടെന്ന് വേഗത കൂടിവരികയും ഭൂമിയോട് വിടപറയുകയും ചെയ്തു. ഭയം ആകാശ സൗന്ദര്യങ്ങളിലേക്ക് വഴിമാറി. വലിയ വിമാനം പോലെ അത്ര ഉയരത്തിലല്ല പറക്കുന്നത് അതുകൊണ്ടു തന്നെ താഴെ കാഴ്ചകള്‍ക്ക് വ്യക്തതയും ദൃശ്യമികവ് ഏറെയുണ്ടാകുകയും ചെയ്തു. മുകളിലൂടെ ഒരു പക്ഷിയെ പോലെ വിമാനം ചെരിഞ്ഞു പറക്കുന്നു. നെസ്‌കഫേ 3 in 1 ഉം ചൂടുവെള്ളവും വിതരണം ചെയ്തു. ചൂടുചായയും കുടിച്ച് മലകള്‍ക്കിടയിലൂടെ ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്ര നന്നായി ആസ്വദിച്ചു. 

ഇരുപത്തഞ്ച് മിനിറ്റ് വിമാനം പൊഖാറയിലെ ആഭ്യന്തര വിമാനത്താവളത്തില്‍ നിലം തൊട്ടു. വിമാനത്തില്‍നിന്നിറങ്ങി നേരെ ഗെയ്റ്റിന് പുറത്തെത്തെക്ക് ഒരു ബസിറങ്ങി നടക്കുന്ന പ്രതീതി. അവിടെനിന്നും പൊഖാറയിലെ താമസ സ്ഥലമായ സോസ്റ്റല്‍ പൊഖാറയിലേക്കു ടാക്‌സി പിടിച്ചു. പൊഖാറയിലെ കേന്ദ്ര ബിന്ദുവായ ഫിവ തടാകത്തിന്റെ കരയിലാണ് സോസ്റ്റല്‍ പൊഖാറ. അതിവിശാലവും അതിമനോഹരവുമായി ഇത് സജ്ജീകരിച്ചിരിക്കുന്നു. വൃത്തിയുള്ള മുറികളും യാത്ര പുസ്തകങ്ങളടങ്ങിയ വായന മുറിയും ഓപ്പണ്‍ ഏരിയയും സ്‌നൂക്കര്‍, ചെസ്സ്, തുടങ്ങിയ ഒത്തിരി വിനോദ മാര്‍ഗ്ഗങ്ങളും , ഓപ്പണ്‍ ബാറും ഭക്ഷണ ശാലയും , മീന്‍ കുളത്തിനു നടുവിലെ തീന്‍മേശയും മനോഹരമായി തന്നെ അലങ്കരിച്ചുവെച്ചിരിക്കുന്നു. 650 നേപ്പാളി രൂപയുള്ള ഡോര്‍മിറ്ററി റൂമാണ് ഞാന്‍ ബുക്ക് ചെയ്തിട്ടുള്ളത്. ഭക്ഷണം കഴിച്ച് വിശ്രമിച്ച് ഫിവ നദിക്കരയിലൂടെ നടക്കാനിറങ്ങി.

Fifa River

സമുദ്രനിരപ്പില്‍ നിന്ന് 740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഫിവ തടാകത്തിനു 4.5 കിലോമീറ്റര്‍ നീളമുണ്ട്. തണുത്തകാറ്റ് വീശിയടിച്ചുകൊണ്ടിരിക്കുന്നു.ഒരു ഭാഗത്ത് നിശബ്ദമായി ഉറങ്ങിക്കിടക്കുന്ന തടാകം. മറുവശത്ത് വലിയ മലകള്‍, ധാരാളം ആളുകള്‍ അതിന്റെ മുകളില്‍ നിന്നും പാരാഗ്ലൈഡിങ് വഴി ചാടിയിറങ്ങുന്നു. നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആരും ഈ ഫിവ തടാകം സന്ദര്‍ശിക്കാതെ മടങ്ങാറില്ല, ധാരാളം മീന്‍ ലഭിക്കുന്ന ശുദ്ധജല തടാകമാണിത്. തടാകത്തിന്റെ ഒരു ഭാഗത്ത് ഒരു ദ്വീപായി 'ബാറാവി മന്ദിര്‍' നിലകൊള്ളുന്നു. തടാകത്തിനു മറുപശത്തായി താഴെ പച്ചപ്പുനിറഞ്ഞ മുകളില്‍ മഞ്ഞുകൊണ്ടു ആവരണം തീര്‍ത്ത് അന്നപൂര്‍ണ പര്‍വ്വതമേഖല തലയുയര്‍ത്തി നില്‍ക്കുന്നു. തടാകത്തിന്റെ പ്രതലത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ ചായം പൂശിയ ചെറുവഞ്ചികള്‍ നിരന്ന് കിടക്കുന്നു. അടുത്ത കണ്ട മരത്തണലില്‍ ഇത്തിരിനേരം തടാകത്തിലേക്ക് കണ്ണുംനട്ടിരുന്നു. ഇവിടെ ഇരിക്കുമ്പോഴാണ് ശിഖ വരച്ച ചിത്രത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം മനസ്സിലാകുന്നത്.

മോത്തിറാമും മകളും പോയി മൂന്നു മാസം കഴിഞ്ഞു കാണും. ഒരു ദിനം ബാവക്ക വിളിക്കുന്നു. റാപ്പിഡിക്‌സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ്‌ന്റെ പുസ്തകം പോസ്റ്റുമാന്‍ ബാവക്കയുടെ കടയിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ നാട്ടിലെ സെക്രട്ടേറിയേറ്റാണ് ഈ ചെറിയ പീടിക. കത്തുകളിലെ കൂട്ടത്തില്‍ നിന്നും എന്റെ ഉരുപ്പടി എടുക്കുമ്പോഴാണ് വ്യത്യസ്ഥ നിറത്തിലുള്ള ഒരു കവര്‍ എന്‍ന്റെ ശ്രദ്ധിയില്‍ പെട്ടത്, ഞാനത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു ബാവക്ക പറഞ്ഞു, 'അത് നമ്മുടെ ഗൂര്‍ഖക്കുള്ള എഴുത്താണ് കുറച്ചായി ഇവിടെ കിടക്കുന്നു' അതും കൂടെ ഞാന്‍ കയ്യിലെടുത്തു . അയച്ച ആളിന്റെ വിലാസം നേപ്പാളി ഭാഷയിലാണ് എന്ന് തോന്നുന്നു. വായിച്ചിട്ട് മനസ്സിലായില്ല. സ്വീകര്‍ത്താവിന്റെ വിലാസമാകട്ടെ ഒരു കടലാസില്‍ ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ചതാണ്. കാലങ്ങള്‍ക്കു ശേഷം ദുബായില്‍ ജോലിചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ മിലന്‍ താപ്പയാണ് ആ എഴുത്ത് എനിക്ക് മനസിലാകുന്ന ഭാഷയിലേക്ക് പിന്നീട് മൊഴിമാറ്റം നടത്തിയത്. പഴയ എഴുത്തിനുള്ള മറുപടിയായതിനാല്‍ പലതിന്റെയും അര്‍ത്ഥങ്ങള്‍ എനിക്ക് മനസിലായില്ല , മനസ്സിലായ കാര്യങ്ങള്‍ ഇതൊക്കെയാണ്. 'ശിഖ ആന്റിയുടെ കൂടെയാണ് നില്‍ക്കുന്നത്, ആന്റിയാണ് എഴുത്തെഴുതുന്നത്. അച്ഛനും മകള്‍ക്കും അമ്മയുമായി ഒരു ബന്ധവുമില്ല. ആന്റി പഴങ്ങള്‍ ചുമലില്‍ തൂക്കി നടന്നു വില്‍ക്കുന്നു. ശിഖക്ക് കേരളം ഇഷ്ടപെട്ടതില്‍ ആന്റിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷെ അവിടെ സ്ഥിരമാക്കരുത് എന്നും നേപ്പാള്‍ സാഹിത്യ ഉത്സവത്തിന് മുന്‍പായി നിര്‍ബന്ധമായും തിരിച്ചെത്തണമെന്ന് സ്‌കൂളില്‍ നിന്നും പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. അവിടെ ശിഖയുടെ ചിത്ര പ്രദര്‍ശനം നടത്തണം'

പെട്ടെന്ന് ഉച്ചത്തിലുള്ള ഒരു പാട്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. വലിയ സന്നാഹങ്ങളില്ലാതെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിങ് നടക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനത്തിന് അകമ്പടിയായി യുവമിഥുനങ്ങള്‍ നൃത്തം വെക്കുന്നു. ഞാനിനി ഫ്രെയിമിലെങ്ങാനും ആകേണ്ട എന്ന് കരുതി അവിടെ നിന്നും നടന്നുനീങ്ങി. നദിക്കരയില്‍ ധാരാളം കഫേകള്‍, ഓരോ രാജ്യക്കാര്‍ക്കായും അവരുടെ തനതായ രീതികളില്‍ , എല്ലാ കഫേയിലും അത്യാവശ്യം ആളുകളുണ്ട്. ലാമ്പും ചിക്കനും കമ്പിയില്‍ കോര്‍ത്ത് തീയില്‍ ചൂടാക്കി നദിക്കരയില്‍ വില്പന നടത്തികൊണ്ടിരിക്കുന്നു. ചിലര്‍ നദിയിലേക്കു ചൂണ്ടലും നീട്ടി മീന്‍കൊത്തുന്നതും നിരീക്ഷിച്ചു കാത്തിരിക്കുന്നു. നടന്ന് നടന്ന് ഞാന്‍ താല്‍ ബാറാവി ക്ഷേത്രത്തിലേക്കു പോകാനുള്ള കടവിലെത്തി, വഞ്ചിയിലല്ലാതെ അങ്ങോട്ടുപോകാനാകില്ല. നദിയില്‍ ഒറ്റക്കോ കൂട്ടമായോ ബോട്ട് സവാരി നടത്താനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

Nepal River

ഞാന്‍ മറ്റുയാത്രക്കാരുമായി വഞ്ചിയില്‍ കടവുകടന്ന് ബറാവി മന്ദിറിലെത്തി. രണ്ടു നിലകളിലായി നിലകൊള്ളുന്ന പഗോഡ ക്ഷേത്രമാണിത്. ഹിന്ദുക്കളും ബുദ്ധന്മാരും ആരാധനക്കായി ഉപയോഗിക്കുന്നു. കാര്യമായ തിരക്കില്ല. ആളുകള്‍ തടാകത്തിലെ മീനുകള്‍ക്ക് തീറ്റയിട്ടു കൊടുക്കുന്നു. ആത്മീയതയില്‍ യാതൊരു താല്പര്യവുമില്ലാത്തവര്‍ കേവലമൊരു സന്ദര്‍ശനത്തിനും ഫോട്ടോയെടുക്കുന്നതിനും ഇവിടത്തെ സ്വദേശികള്‍ ആരാധനക്ക് മാത്രമായി ഉപയോഗിക്കുക്കുകയും സൂക്ഷ്മമായി പരിപാലിക്കുകയും ചെയ്യുന്ന ഈ ക്ഷേത്രം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. ചിന്തകള്‍ കാടുകയറിയെങ്കിലും വഞ്ചിയില്‍ തന്നെ തിരികെപോന്നു. വൈകീട്ട് സന്ദേശ് റായിയെ കാണണം, പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാണം. രാത്രി ഒമ്പതുമണിയോടുകൂടി സന്ദേശ് റായിയെ കണ്ടുമുട്ടി. നല്ല പെരുമാറ്റം, സുമുഖന്‍, അടുത്ത് പെരുമാറുന്ന പ്രകൃതം, ഞങ്ങളുടെ ഇടയില്‍ ഒരു രസതന്ത്രം രൂപപെടാന്‍ അധികസമയം വേണ്ടിവന്നില്ല. കാര്യങ്ങള്‍ അവനുമായി സംവദിച്ചു. അവനും ആകാംഷയായി. എനിക്കറിയാവുന്ന വിവരങ്ങള്‍ ഓരോന്നായി താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞു. അവസാനം സ്‌കൂളും ചിത്രകലയും ഞങ്ങളുടെ പിടിവള്ളിയായി. അത് പിന്നീടങ്ങോട്ട് വഴിവെട്ടും എന്ന് തീര്‍ച്ചപ്പെടുത്തി. നാളെ ഉച്ചക്ക് ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു വെച്ച് അദ്ദേഹം യാത്രയായി.

അതിരാവിലെ സോസ്‌റ്റെലില്‍ ഉണ്ടായിരുന്ന ഉത്തരേന്ത്യന്‍ യാത്രികന്റെ ബൈക്കില്‍ 'സാരന്‍കോട്ട്' സൂര്യോദയം കാണാന്‍ പോയി. ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരമുണ്ട് അങ്ങോട്ട് . സൂര്യോദയ സമയം കണക്കാക്കി ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും പുറപ്പെടണം. കാലാവസ്ഥ അനുയോജ്യമായാല്‍ സൂര്യോദയം ഭംഗിയായി ആസ്വദിക്കാന്‍ കഴിയും. സൂര്യന്‍ ഉദിക്കുന്നതിനനുസരിച്ച് കളര്‍ മാറിവരുന്ന അന്നപൂര്‍ണ്ണ. ദൗലഗിരി പര്‍വ്വത നിരകളുടെ സൗന്ദര്യം ഒരിക്കല്‍ കണ്ടാല്‍ പിന്നീട് ജീവിതത്തില്‍ ആ ദ്ര്യശ്യം മനസ്സില്‍ നിന്ന് മായില്ല , ഉറപ്പ് . തിരികെ വരുന്ന വഴി സാരന്‍കാട്ട് ഗ്രമങ്ങളിലൂടെ, കടുക് കൃഷി പാടങ്ങളിലൂടെ, ഓറഞ്ചുതോട്ടത്തിനിടയിലൂടെ, പൂര്‍ണമായി മരം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ക്കിടയിലൂടെ, ഗ്രാമീണ ജനതയുടെ ആഢ്യത്തമുള്ള ജീവിതം അടുത്തറിഞ്ഞു യാത്രചെയ്തു. ഇവിടെ ധാരാളം ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ചെറിയ വാടകയില്‍ ലഭ്യമാണ്. റോഡിനരികിലുള്ള പ്രാദേശിക ചായക്കടയില്‍ നിന്നും ബ്രഡും തക്കാളി കൊണ്ടുള്ള ഒരു വിഭവവും ചായയും കഴിച്ച് തിരികെയെത്തി.

പൊഖാറയിലെ ഇന്റര്‍നാഷണല്‍ മൗണ്ടന്‍ മ്യൂസിയം കാണാനായി അടുത്ത ശ്രമം. വര്‍ഷത്തില്‍ 365 ദിവസവും തുറന്നിരിക്കുന്ന മൂസിയത്തിലേക്ക് പ്രവേശിക്കാന്‍ സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് '200' നേപ്പാളി രൂപയാണ് പ്രവേശന ഫീസ്. 1995 പണിതുടങ്ങുകയും 2004 പൂര്‍ണമായി സഞ്ചാരികള്‍ക്കു തുറന്നു കൊടുക്കുകയും ചെയ്ത മ്യൂസിയം നേപ്പാളിലെ പര്‍വ്വതങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാനും വിവരങ്ങള്‍ സമ്പാദിക്കാനും അതിന്റെ സംരക്ഷണങ്ങള്‍ക്കുമായിട്ടാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മ്യൂസിയത്തിന്റെ കവാടത്തിനടുത്തതായി പര്‍വ്വതാരോഹണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മക്കായി ചെറിയൊരു സ്തൂപം നിര്‍മ്മിച്ചിരിക്കുന്നു. മ്യൂസിയത്തില്‍ നേപ്പാളിലെ പ്രാചീന, ദേശീയ വസ്ത്ര രീതി, ശില്പങ്ങള്‍, തുടങ്ങിയവയെ കുറിച്ചുള്ള ഫോട്ടോകളും പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. അതോടൊപ്പം ഓരോ പര്‍വത നിരകളുടെ വ്യക്തമായ വിവരങ്ങളും വിവിധ കാലഘട്ടത്തിലുള്ള ചിത്രങ്ങളും ചരിത്രവും രേഖപെടുത്തിവെച്ചിരിക്കുന്നു. ട്രെക്കിങ്ങിലും പര്‍വ്വതാരോഹണത്തിലും താല്പര്യമുള്ളവര്‍ വിട്ടുപോകാതെ ഇവിടം സന്ദര്ശിച്ചിരിക്കണം. മൗണ്ട് എവറസ്‌റ് ഉള്‍പ്പെടെയുള്ള നേപ്പാളിലെ എല്ലാ പര്‍വതനിരകളുടെയും കൃത്യവുമായ വിവരങ്ങള്‍ ഇവിടെ നിന്നും അടുത്തറിയാവുന്നതാണ്.

Nepal 7

സന്ദേശ് റായിയെത്താനുള്ള സമയം അടുക്കുമ്പോഴും മനസ്സ് അസ്വസ്ഥമാകുന്നു. രണ്ടു മണിയോടുകൂടി അവന്‍ തന്റെ ബൈക്കിലെത്തി. പ്രസന്നമായ അവന്റെ മുഖം എന്റെ മനസ്സില്‍ അശ്വാസത്തിന്റെ മഴവില്ലുകള്‍ വിടര്‍ത്തി. അവന്റെ അന്വേഷണത്തില്‍ ശിഖ പഠിച്ചിട്ടുണ്ടാകുന്ന സ്‌കൂള്‍ ഗന്ധകി ബോര്‍ഡിങ് സ്‌കൂള്‍ (Gandaki Boarding School) ആയിരിക്കും. അവന്റെ ഒരു അകന്ന ബന്ധു മുന്‍പ് അവിടെ ജോലി ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു. അദ്ദേഹം വളരെ കുറച്ച് കാലം മാത്രമേ അവിടെ ജോലിചെയ്തിട്ടുള്ളൂ. ദശാബ്ദങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കാര്യത്തില്‍ അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ കഴിഞ്ഞ മുപ്പതുവര്‍ഷമായി ആ സ്‌കൂളില്‍ ജോലിചെയ്യുന്ന ഇപ്പോള്‍ പ്രധാന അധ്യാപികയായ ടീച്ചറുടെ പേരും വിവരങ്ങള്‍ കൈമാറുകയും ഇപ്പോള്‍ സ്‌കൂളില്‍ പോയാല്‍ ട്ടീച്ചറെ കാണാന്‍ കഴിയുമെന്നു പറഞ്ഞു.

ഇടുങ്ങിയ മണ്‍പാതയിലൂടെയും ടാറിട്ട വീതികൂടിയ റോടിലൂടെയും വളഞ്ഞു പുളഞ്ഞു ഞങ്ങള്‍ സ്‌കൂളിലെത്തി. ഇത്തിരി കത്തരുന്ന ശേഷം ഞങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ച അധ്യാപികയെ കണ്ടു. പ്രായമുള്ള, സാധാരണയില്‍ കവിഞ്ഞു ഉയരമുള്ള, പാന്റും കോട്ടും ധരിച്ച ടീച്ചര്‍ അത്ര സൗഹൃദമായല്ല ഞങ്ങളെ സ്വീകരിച്ചതും, ഞങ്ങള്‍ക്ക് പറയാനുള്ളത് കേട്ടിരുന്നതും.  എല്ലാ കേട്ടശേഷം തൊട്ടപ്പുറത്തെ ഇടുങ്ങിയ മുറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ പൊടിപിടിച്ച് കിടക്കുന്ന ധാരാളം ചിത്രങ്ങള്‍, ചിത്രങ്ങള്‍ക്കെല്ലാം വിപ്ലവ ഭാവം, ട്രോ്ഫികള്‍ , കലാരൂപങ്ങള്‍, അലങ്കാര വസ്തുക്കള്‍, നാടക വേഷങ്ങള്‍ തുടങ്ങിയ ഒത്തിരി സാധങ്ങള്‍ ആ മുറിയില്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു 'സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിന്റെ' പ്രതീതി. ഈ ചിത്രങ്ങള്‍ വരച്ച 'ശിഖയെ' യാണോ നിങ്ങളന്വേഷിക്കുന്നത് എന്നായി ടീച്ചര്‍. വര്‍ഷവും കാലവും സാഹചര്യങ്ങളും അപഗ്രഥിച്ചപ്പോള്‍ ഇത് തന്നെയാണ് ഞങ്ങളന്വേഷിക്കുന്ന ശിഖ എന്ന് ഞങ്ങള്‍ക്കു ബോധ്യമായി. ടീച്ചര്‍ എന്റെ വ്യക്തിപരമായ വിവരങ്ങള്‍ ഓരോന്നായി പോലീസുകാര്‍ ചോദ്യം ചെയുന്ന പോലെ ചോദിക്കാന്‍ തുടങ്ങി, ഭാഗ്യത്തിന് ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലുണ്ടായിരുന്നത് ആശ്വാസമായി. അതുകണ്ട ടീച്ചര്‍ പിന്നീട് സൗഹൃദ ഭാവത്തില്‍ സംസാരിക്കുകയും ചായ കുടിക്കാന്‍ ക്ഷണിക്കുകയും, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

Nepal 8

മോത്തിറാമിനെയും കേരളത്തില്‍ വന്നതുമൊന്നും ടീച്ചര്‍ക്കറിയില്ല. അച്ഛനും അമ്മയുമില്ലാത്ത ആന്റിയുടെ വീട്ടില്‍ നില്‍ക്കുന്ന മനോഹരമായി ചിത്രം വരക്കുന്ന പെണ്‍കുട്ടി. ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരത്തിന്റെ ബലത്തില്‍ മാത്രം സൗജന്യമായി ബോര്‍ഡിങ്ങില്‍ നിന്ന് പഠനം തുടരുന്നവള്‍. ബിരുദപഠനത്തിനുശേഷം അധ്യാപികയായി ജോലിചെയ്തിരുന്ന അവള്‍ പൊതുപ്രവര്‍ത്തനത്തിലും സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളിലും ഭാഗമായി. നേപ്പാളിലെ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുകയും തന്റെ ചിത്രങ്ങളിലൂടെ എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു. 2008 ല്‍ നേപ്പാളിലെ രാജഭരണം അവസാനിച്ച് രാജ്യം ജനാധിപത്യത്തിലേക്ക് വഴിമാറിയതോടെ ചിലരുടെ കണ്ണിലെ കരടായി ശിഖ. അവസാനം ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയതോടെ നേപ്പാളില്‍നിന്നും നാടുവിട്ടു. മനസ്സില്‍ ഒരു മഴപെയ്തു തോര്‍ന്ന പ്രതീതി. ടീച്ചറുടെ സംസാരത്തിലുടനീളം എനിക്കൊരു കാര്യം മനസ്സിലായി. അവളെവിടെയാണ് ഉള്ളതെന്ന് ടീച്ചര്‍ക്ക് കൃത്യമായി അറിയാം പക്ഷെ ടീച്ചര്‍ ഞങ്ങളില്‍നിന്നും അത് മറച്ചുപിടിക്കുന്നു. അവളുടെ ആന്റിയുടെ അഡ്രെസ്സ് തരണമെന്നായി സന്ദേശ്. ഈ കാര്യം പറഞ്ഞങ്ങോട്ടു പോകരുതെന്നും അവളെ അന്വേഷിച്ചുപോകുന്ന നിങ്ങളെ ആന്റി എങ്ങനെ സ്വീകരിക്കുമെന്നും ടീച്ചര്‍ ഉത്കണ്ഠപ്പെട്ടു. ഇന്നും അവളുടെ ജീവിതം സുരക്ഷിതമല്ല എന്ന് സാരം. അവസാനം നന്ദി പറഞ്ഞു യാത്ര പിരിയുമ്പോള്‍ ടീച്ചര്‍ എന്റെ ഇ-മെയില്‍ വിലാസവും ഫോണ്‍നമ്പറും ആവശ്യപ്പെട്ടു. ശിഖ ആഗ്രഹിക്കുന്നുവെങ്കില്‍ അവള്‍ക്കു നിങ്ങളിലേക്കെത്താന്‍ ഇത് ധാരാളമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനസ്സ് കൂടുതല്‍ അസ്വസ്ഥമായി, ഓര്‍മകളുടെ ഭാണ്ഡകെട്ട് പൊഖാറയില്‍ ഇറക്കിവെച്ച് അടുത്ത് കിട്ടിയ ബസില്‍ പൊഖാറ വിമാനത്താവളത്തില്‍ എത്തുകയും, അവിടെ നിന്ന് കാഠ്മണ്ഡുവിലെത്തി അടുത്ത ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ തിരിച്ചെത്തുകയും ചെയ്തു.