പൊതുവെ യാത്രയെ ഒത്തിരി ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. 'It is better to see something once than to hear about it a thousand times' എന്ന് പറയുന്നത് പോലെ; കേട്ടറിയുന്നതിനേക്കാള്‍ കണ്ടറിയുമ്പോള്‍ ആണ് അറിവ് പൂര്‍ണമാകുന്നത്. അങ്ങനെ ഉള്ള നിരവധി അവസരങ്ങള്‍ യാത്രകളിലൂടെ മാത്രമേ കിട്ടുകയുള്ളു. അതുപോലൊരു യാത്ര ആയിരുന്നു ഇതിഹാസ 1 - മുസിരിസ്. മുസിരിസ് എന്ന മണ്ണടിഞ്ഞു പോയൊരു സ്ഥലത്തെ ചരിത്രത്തെയും ജീവിതത്തെയും തിരഞ്ഞൊരു യാത്ര. ഇങ്ങനെ ഒരു യാത്രയെ പറ്റി അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഒത്തിരി 'എക്സൈറ്റഡ്' ആയിരുന്നു.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മട്ടാഞ്ചേരിയുടെ ചരിത്രം പഠിക്കാനായി ഒരു യാത്ര നടത്തിയതൊഴിച്ചാല്‍ ഞാന്‍ മറ്റൊരു ചരിത്ര യാത്ര നടത്തിയിട്ടേ ഇല്ല. ചരിത്രം പൊതുവെ മടുപ്പിക്കുന്ന ഒന്നായി ആണ് പലരും കണക്കാക്കുന്നത്. പാഠപുസ്തകത്തിലെ ചരിത്രത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ് നാം ചരിത്രം തേടി ഇറങ്ങുമ്പോള്‍ അറിയുന്നത്. മുസിരിസിനെ പറ്റിയോ അതിന്റെ ചരിത്രമോ ഒന്നും തന്നെ ഞാന്‍ മുന്‍പ് കേട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്ര എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. Lets go for a camp എന്ന ഒരു യാത്ര ഗ്രൂപ്പ് ആണ് ഈ ക്യാമ്പ് നടത്തിയത്. ഒരു ദിവസം മാത്രം ഉള്ള ക്യാമ്പില്‍ ഞങ്ങള്‍ ഒത്തിരി ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ സ്ഥലങ്ങളും ഒരു ചരിത്രകഥയുടെ പുസ്തകം പോലെയാണ്. ആ യാത്രയെ പറ്റിയുള്ള ഒരു ചെറിയ വിവരണം ആണ് ഞാന്‍ എഴുതുന്നത്. ചരിത്രയാത്ര ആയതു കൊണ്ട് കാഴ്ചയ്ക്കുപരി ഒരുപാട് അറിവുകള്‍ കൂടി ലഭിക്കുക ഉണ്ടായി, അത് ഞാന്‍ എല്ലാവര്‍ക്കുമായി എഴുതുന്നു..
1. പട്ടണം കവല
നോര്‍ത്ത് പറവൂരിന് അടുത്തായി സ്ഥിതി ചെയ്യുന്നൊരു സ്ഥലമാണ് പട്ടണം കവല. ചരിത്ര പരമായി ഒത്തിരി പ്രാധാന്യം ഉള്ളൊരു സ്ഥലം കൂടിയാണ് പട്ടണം. 2005 ആണ് ആദ്യമായി അവിടെ ചരിത്ര ഗവേഷണം നടക്കുന്നത്. ശിലാ യുഗ കാലം മുതല്ക്കേ മുസിരിസ് എന്ന നഗരം ഉണ്ടായിരുന്നുവെന്ന്, ഈജിപ്ത് , റോം തുടങ്ങിയ രാജ്യങ്ങളുമായി കച്ചവട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സൂചന നല്കുന്ന രീതിയിലുള്ള ഒത്തിരി അവശിഷ്ട്ടങ്ങള്‍ അവിടുന്നു ലഭിക്കുക ഉണ്ടായി. മണ്‍പാത്രങ്ങളും മുത്തുകളും, കച്ചവട വസ്തുക്കളും ഗവേഷകര്‍ കണ്ടെത്തി. കുറെ ഗവേഷകരുടെയും മറ്റാളുകളുടെ സഹായത്തോടെ നടത്തിയ ഗവേഷണം മൂന്ന് നാല് വര്‍ഷങ്ങള്‍ തന്നെ നീണ്ടു നിന്നു. ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയവയൊക്കെ തിരുവന്തപുരത്തും അടുത്തുള്ള ഒരു കെട്ടിടത്തിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ആ കെട്ടിടം ഇപ്പോള്‍ ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു പോരുന്നു.
സംഘകാല സാഹിത്യങ്ങളിലും പ്രാദേശിക ചരിത്രത്തിലും മുസിരിസ് എന്ന നഗരത്തെ പറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. പക്ഷെ ഇതിന്റെ ഉല്പത്തിയെ പറ്റി കൃത്യമായ അറിവുകള്‍ ലഭ്യമല്ല. ഇതിനെ ചൊല്ലി ചരിത്രകാരന്മാരുടെ ഇടയില്‍ തന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു തുറമുഖ പട്ടണമായിരുന്ന മുസിരിസ് അക്കാലത്തെ ഏറ്റവും വലിയ വാണിജ്യ മേഖലയും ആയിരുന്നു എന്നും പറയപ്പെടുന്നു. 1341 നടന്നൊരു പ്രകൃതിക്ഷോഭത്തില്‍ മുസിരിസ് എന്ന നഗരം നാമാവശേഷമായി തീരുകയും മണ്ണിനടിയില്‍ ആവുകയുമായി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം രൂപപ്പെട്ടതാണ് വൈപ്പിന്‍ എന്ന ദ്വീപ്. മുസിരിസ് ന്റെ ചരിത്രത്തെ പറ്റിയുള്ള അറിവുകള്‍ മനോജ് സര് ആണ് ക്യാമ്പില്‍ പറഞ്ഞു തന്നത്. അദ്ദേഹത്തിന്റെ വിവരണത്തോടൊപ്പം അവിടെയുള്ള വസ്തുക്കളെ കണ്ട് മനസിലാക്കിയപ്പോള്‍ ചരിത്രം കുറച്ചുകൂടി വ്യക്തമായി.
ശേഷം ഞങ്ങള്‍ പോയത് പട്ടണം മ്യൂസിയത്തിലേക്കായിരുന്നു. അവിടെ ഗവേഷണത്തിന്റെ ഭാഗമായി ലഭിച്ച വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ മുസിരിസ് ചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ കൂടി കാണാന്‍ സാധിച്ചു. എന്തുകൊണ്ടും പട്ടണം കവല ഒരു വന്‍ ചരിത്രത്തെ ഉള്‍കൊള്ളുന്നൊരു സ്ഥലമാണെന്ന് നിസ്സംശയം പറയാം.
2. കോട്ടക്കാവ് പള്ളി
സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നും അതിനു ശേഷമാണു ക്രിസ്തു മതം കേരത്തില്‍ പ്രചാരത്തില്‍ വന്നതെന്നും നമുക്ക് എല്ലാവര്ക്കും അറിയാം. ആ ഒരു അറിവിനെ തെളിയിക്കുന്ന ഒന്നാണ് കോട്ടക്കാവ് പള്ളിയുടെ ചരിത്രവും. അക്കാലത്ത് ബ്രാഹ്മണരും ക്ഷത്രിയരും ജാതി വ്യവസ്ഥയും ഒക്കെ നിലനില്‍ക്കുന്നൊരു കാലം ആയിരുന്നു. സെന്റ് തോമസ് കോട്ടക്കാവ് വന്നുവെന്നും ചില മായാജാല പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും പറയപ്പെടുന്നു. അവയില്‍ ഒന്നാണ്, കുളത്തില്‍ നിന്ന് ജലം അടുത്ത് മുകളിലേക്കു എറിഞ്ഞപ്പോള്‍,അത് വായുവില്‍ തന്നെ നിന്നുവെന്നും, അത് കണ്ടപ്പോള്‍ എല്ലാവരും അതിശയപ്പെട്ടുവെന്നും ചരിത്രം പറയുന്നു. പള്ളിയില്‍ ഇപ്പോഴും ചില ചരിത്രശേഷിപ്പുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. മാത്രവുമല്ല തീര്‍ത്ഥക്കുളത്തില്‍ സെന്റ് തോമസിന്റെ വരവിനെയും അത്ഭുത പ്രവൃത്തിയെയും സൂചിപ്പിക്കുന്ന രൂപങ്ങളും കാണാം. സമയപരിമിതി കൊണ്ട് അധിക നേരം അവിടെ ചിലവഴിക്കാനായില്ല, എന്നിരുന്നാലും കോട്ടക്കാവ് പള്ളിയും അതിന്റെ ചരിത്രവും ആ ഒരു അന്തരീക്ഷവും ഒത്തിരി രസകരമായി തോന്നി.
3. പറവൂര്‍ ജൂതപ്പള്ളി
പറവൂരിലുള്ള ജൂത പള്ളി ആയിരുന്നു ഞങ്ങളുടെ അടുത്ത സന്ദര്‍ശന സ്ഥലം. പുരാതന കാലം മുതല്ക്കേ ഉള്ള കേരള ചരിത്രത്തില്‍ ജൂതരുടെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളതാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു മതമാണ് ജൂത മതം. അതുകൊണ്ട് തന്നെ അവരുടെ ആരാധനാലയവും വ്യത്യസ്തമാണ്. നിര്‍മാണ രീതിയിലും ഈ പള്ളി വേറിട്ടു നില്ക്കുന്നു. പത്തു മുതിര്‍ന്ന ആളുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവരുടെ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നടക്കുകയുള്ളു. വിഗ്രഹാരാധന ഇല്ല എന്നത് ഈ മതത്തിന്റെ മറ്റൊരു സവിശേഷത ആണ്. തോറ എന്ന മതഗ്രന്ഥം ആണ് ഇവര്‍ ആരാധിക്കുന്നത്. ചരിത്രത്തില്‍ രണ്ടു തരം ജൂതന്മാരെ പറ്റി പറഞ്ഞിട്ടുണ്ട്. മലബാറി ജൂതന്മാരും പരദേശി ജൂതന്മാരും. ഇവര്‍ കറുത്ത ജൂതന്, വെളുത്ത ജൂതന് എന്നും അറിയപ്പെടുന്നു. ആഴ്ചയില്‍ ആറു ദിവസം സാധാരണ രീതിയിലും ഏഴാം ദിവസം പ്രാര്‍ത്ഥന ദിനവുമായി ഇവര്‍ ആചരിക്കുന്നു. ലോകം സൃഷ്ടിച്ച ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ച ദിനത്തെ ഓര്‍മ്മിപ്പിക്കാന്‍ ആണ് ഈ ദിവസം. ഇസ്രയേലിലേക്ക്, അവരുടെ ജന്മ നാട്ടിലേക്കു ഉള്ള മടക്കം ആണ് പ്രാര്‍ത്ഥനയില്‍ ഉള്ളത്. ജൂത ചരിത്രം മനസ്സില്‍ പതിപ്പിച്ച ഞങ്ങള്‍ പോയത് നവോത്ഥാന നായകന്മാരില് പ്രമുഖനായ സഹോദരന് അയ്യപ്പന്റെ ജന്മഗൃഹം കാണാനായി ആണ്. ബോട്ടില്‍ ആയിരുന്നു യാത്ര. രസകരമായ കുറെ നിമിഷങ്ങള്‍ ആണ് ആ ബോട്ട് യാത്ര എനിക്ക് സമ്മാനിച്ചത്.
4. സഹോദരന് അയ്യപ്പന് മ്യൂസിയം, ചെറായി
കേരള നവോഥാന ചരിത്രം സഹോദരന് അയ്യപ്പന് ഇല്ലാതെ അപൂര്‍ണ്ണമാണ്. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം കേരളത്തില്‍ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെ ശക്തിയായി എതിര്‍ത്ത വ്യക്തി ആയിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ശ്രീ നാരായണ ഗുരു പഠിപ്പിച്ചപ്പോള്‍ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്നാണ് അയ്യപ്പന് പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മഗൃഹം ഇപ്പോഴും നല്ല രീതിയില്‍ പരിപാലിച്ചു പോരുന്നു. നാലുകെട്ട് അന്നത്തെ കാലത്തു താഴ്ന്ന ജാതിയില്‍ ഉള്ളവര്‍ക്ക് പാടില്ല എന്നത് കൊണ്ട് മൂന്ന് കേട്ടാണ് അദ്ദേഹത്തിന്റെ ഗൃഹം. മിശ്രഭോജനം എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയന്‍ ആയത്. സഹോദരന് എന്ന മാസിക തുടങ്ങിയത് വഴി ആണ് അയ്യപ്പന്, സഹോദരന് അയ്യപ്പന് ആയത്. എന്തുകൊണ്ടും അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്ര താളുകളില്‍ എന്നെന്നും നിലനില്ക്കുന്നതായിരിക്കും.
5. മഞ്ഞുമാതാ പള്ളി, പള്ളിപ്പുറം
നിര്‍മാണ രീതിയിലുള്ള വ്യത്യസ്തത, അത് ഈ പള്ളിയുടെ പ്രത്യേകത ആണ്. രണ്ടു പള്ളികള്‍ ആണ് പള്ളിപ്പുറത്തു ഉള്ളത്. ഒന്ന് ഡച്ച് കാലത്തു പണിതതും മറ്റേതു പോര്ച്ചുഗീസ്കാര് പണി കഴിപ്പിച്ചതും. ഇതില്‍ ഡച്ച് പള്ളിയില്‍ ഇപ്പോള്‍ ചടങ്ങുകള്‍ ഒന്നും നടക്കുന്നില്ല. പ്രാര്‍ത്ഥനയും ആചാരങ്ങളും എല്ലാം പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച പള്ളിയില്‍ ആണ്. ഈ പള്ളിയെ മഞ്ഞ് മാതാ പള്ളി എന്നും അറിയപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്തു അവരില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ എല്ലാം ഈ പള്ളിയില്‍ അഭയം പ്രാപിച്ചുവെന്നു, മാതാവ് അവരെ രക്ഷിക്കുവാന്‍ പള്ളിയുടെ മേല്‍ മഞ്ഞ് പെയ്യിപ്പിച്ചു പള്ളി മൂടി എന്നും, അത് വഴി ജനങ്ങളെ രക്ഷിച്ചു എന്നുമാണ് വിശ്വാസം. വിശ്വാസങ്ങളുടെയും ഭക്തിയുടെയും ഒരു സംഗമ സ്ഥലം, അതാണ് പള്ളിപ്പുറം പള്ളി. അവിടുന്നു ബോട്ടില്‍ പോകും നേരം പോര്‍ച്ചുഗീസ് കോട്ടയും കാണാന്‍ സാധിച്ചു. ജെട്ടി ഇല്ലാത്തതുകൊണ്ട് അവിടെ ഇറങ്ങാന്‍ സാധിച്ചില്ല..എന്നിരുന്നാലും ആ കോട്ടയും ഈ യാത്രയുടെ ഓര്‍മ്മത്താളില്‍ ഇടം നേടുന്നുണ്ട്. ബോട്ടിലൂടെ ഉള്ള യാത്രയില്‍ നിരവധി ബോട്ട് നിര്‍മാണ കേന്ദ്രങ്ങളും കാണാന്‍ സാധിച്ചു. ഒന്നര കോടിയോളം ആണ് ഒരു ബോട്ടിന്റെ വില വരുന്നത്. ഇടത്തരം ബോട്ടിനു ഏകദേശം എഴുപതു ലക്ഷം വരെ വില മതിപ്പുണ്ട്. മുനമ്പം ഫിഷിങ് ഹാര്‍ബറും, അഴിക്കോട് മുനക്കല്‍ ബീച്ചും ഞങ്ങളുടെ യാത്രയുടെ ഭാഗമായി തീര്‍ന്നു. സെന്റ് തോമസ് കേരളത്തില്‍ ഏഴര പള്ളികള്‍ പണി കഴിപ്പിച്ചു എന്നാണ് ചരിത്രം പറയുന്നത്. അതില്‍ ഒന്നായിരുന്നു സെന്റ് തോമസ് പള്ളി. യാത്രയില്‍ ആ പള്ളിയും അങ്ങനെ ഭാഗമായി. അഴീക്കോട് മാര്‍ത്തോമാ പള്ളി മറ്റൊരു സന്ദര്‍ശന സ്ഥലം ആയിരുന്നു. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ആയിരുന്നു തിരുശേഷിപ്പ് വണക്കം. സെന്റ് തോമസിന്റെ തോളെല്ലിന്റെ ഒരു കഷണം ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പക്ഷെ പതിനഞ്ചു മിനിറ്റോളം പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ അതിനുള്ള അനുമതി ലഭിക്കു എന്നുള്ളത് കൊണ്ട് ഞങ്ങള്‍ ആ മോഹം ഒഴിവാക്കി. ഉച്ച ഭക്ഷണം പോര്‍ച്ചുഗീസ് ഹോട്ടലില്‍ നിന്നായിരുന്നു. കായലിന്റെ ഓരത്തുള്ള ഒരു നല്ല ഹോട്ടല്‍. ഭക്ഷണവും വളരെ രുചിയുള്ളതായിരുന്നു.
6. കോട്ടപ്പുറം കോട്ട
1523 ല്‍ പണി കഴിപ്പിച്ച കോട്ടയാണ് കോട്ടപ്പുറം കോട്ട. പക്ഷെ 1663ല്‍ ഡച്ചുകാര്‍ ഈ കോട്ട തകര്‍ക്കുകയും, അതിനായി പാലിയത്തച്ചന് സഹായിച്ചുവെന്ന് കഥകള്‍ ഉണ്ട്. ടിപ്പുവിന്റെ കാലത്തു ഈ കോട്ട പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു. വൃത്താകൃതിയില്‍ ആയിരുന്നു ഈ കോട്ട. ഇതിനെ കൊടുങ്ങല്ലൂര്‍ കോട്ട എന്നും അറിയപ്പെടുന്നു. കോട്ടയുടെ ഒരു ഭാഗത്തു ' കൊതി കല്ല് ' എന്നൊരു കല്ല് സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയും തിരുവിതാംകൂറും വേര്‍തിരിക്കുന്ന ഒരു കല്ലാണ് ഇത്. ഗവേഷണ സമയത്തു ഇവിടെ നിന്നും ഇരുപതു വയസു പ്രായം ഉള്ള ഒരു കുട്ടിയുടെ അസ്ഥികള്‍ ലഭിക്കുകയും അത് ഇപ്പോഴും ഈ കോട്ടയില്‍ സൂക്ഷിക്കയും ചെയ്തിട്ടുണ്ട്. കോട്ടക്കു മുന്നിലായി ഉള്ള കായലും ശാന്തമായി ഉള്ളൊരു അന്തരീക്ഷവും എന്തുകൊണ്ടും ഉന്മേഷമുള്ളതായി തോന്നി.
7. ഗോതുരുത്ത്
പാലിയത്തച്ചന്റെ ഗോക്കള്‍ മേയുന്ന ഒരു ഇടം, അതിനായി രൂപപ്പെട്ടു വന്നതാണ് ഈ തുരുത്ത് എന്ന് പ്രാദേശിക ചരിത്രം പറയുന്നു. ചവിട്ടു നാടകത്തിന് പ്രസിദ്ധി ആര്‍ജ്ജിച്ച സ്ഥലമാണ് ഗോതുരുത്ത്. ഇപ്പോള്‍ കലോത്സവവേദികളില്‍ നിറഞ്ഞു നില്ക്കുന്നൊരു കലാരൂപം കൂടിയാണ് ചവിട്ടു നാടകം. ചിന്ന തമ്പി അണ്ണാവി ആണ് ഈ നൃത്തരൂപത്തിന്റെ സൃഷ്ടാവ്. ഈ സ്ഥലമായി ബന്ധപ്പെട്ടു കിടക്കുന്നൊരു കഥയുണ്ട് ' തട്ടുങ്കല്‍ സാറയുടെ കഥ'. കഥ ഇങ്ങനെയാണ്, ജൂത സ്ത്രീയായ സാറ ഭര്‍ത്താവിന്റെ മരണ ശേഷം വീട്ടുകാരുടെ ഉപദ്രവം സഹിക്കാതെ ഇവിടെ വരുകയും, പാലിയത്തച്ചന് ഗോതുരുത്തില്‍ അവര്‍ക്കായി ഒരു ഇടം നല്‍കുകയും സംരക്ഷിക്കുകയും ചെയ്തു. ശേഷം അവരെ രക്ഷിക്കുന്നതിനായി ഒരു യുദ്ധം തന്നെ നടക്കുന്നുണ്ട്. അങ്ങനെ നിരവധി കഥകളുടെയും ആര്‍ക്കും അറിയാത്ത ചരിത്രത്തിന്റെയും വേരുകള്‍ ഇപ്പോഴും ഗോതുരുത്തില്‍ ശേഷിക്കുന്നുണ്ട്.
8. പാലിയം കോവിലകം
പതിനാലാം നൂറ്റാണ്ടില്‍ ആണ് പാലിയം ചരിത്രത്തിന്റെ തുടക്കം. പാലിയം കളരി സ്ഥാപിച്ചു കൊണ്ടാണ് ഈ മണ്ണില്‍ പാലിയം ചരിത്രം ഉയര്‍ന്നു വരുന്നത്. ആയോധന കലകളില്‍ ഉള്ള ഇവരുടെ കഴിവ് കണ്ടു മനസിലാക്കിയ കൊച്ചിരാജാവ് ഇവരെ പടത്തലവരും, മുഖ്യമന്ത്രിയും ഒക്കെ ആയി നിയമിക്കുകയാണ് ഉണ്ടായത്. പാലിയം ഒഫീഷ്യല്‍ റെസിഡന്‍സിനു 450 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. ഈ കോവിലകത്തിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് ഇതിന്റെ നിര്‍മാണ രീതി. ഡച്ച് നിര്‍മ്മാണ രീതിയും കേരള വാസ്തു ശാസ്ത്രത്തിന്റെയും ഒരു അപൂര്‍വ സംഗമം ആണ് ഈ കൊട്ടാരം. കൊട്ടാരത്തില്‍ പണ്ട് കാലത്തുണ്ടായിരുന്നു ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആലില വിളക്, ആമാട പെട്ടി, ആഭരണ പെട്ടി, കോവിലകത്തിന്റെ മുന്നില്‍ തൂകുന്ന മണി വിളക്, ബര്‍മീസ് ജാറുകള്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം. അന്നുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു വിഭജന രേഖ ആയിരുന്നു പാലിയം വിഭജന രേഖ. 216 ഭാഗങ്ങള്‍ ആയാണ് അത് വിഭജിച്ചത്. 215 ഓഹരിയായും ഒരു ഭാഗം ദേവസ്വത്തിനും ആണ് കൊടുത്തത്. പാലിയത്തെ കെട്ടിട നിര്‍മാണ രീതി, അത് തുടക്കത്തിലേ പറഞ്ഞിട്ടുള്ളത് പോലെ വളരെ വ്യത്യസ്തമാണ്. തല കുമ്പിട്ടു കടക്കണം എന്ന ഉദ്ദേശത്തോടെ ആണ് വാതിലുകള്‍ കുറച്ചു താഴ്ത്തി പണി കഴിപ്പിച്ചിട്ടുള്ളത്. ടൈലിന്റേയും ഓടിന്റെയും ഒരു മിശ്രണം നമുക്ക് ഇവിടെ കാണാന്‍ സാധിക്കും. കോവിലകത്തിന്റെ മുന്നിലൂടെ പണ്ട് താഴ്ന്ന ജാതിയില്‍ ഉള്ളവര്‍ക്ക് പോകാന്‍ പാടില്ലായിരുന്നു. ഈ അവകാശം നേടി എടുക്കാന്‍ ആയി നടന്ന സമരം ആയിരുന്നു പാലിയം സത്യാഗ്രഹം. ശേഷമാണു ഈ അവകാശം നല്കപ്പെടുന്നത്.
പാലിയം ക്ഷേത്രത്തിന്റെ ഒരു ഐതിഹ്യം വളരെ രസകരമാണ്. കൊട്ടാരത്തിലെ ചെറിയ കുട്ടികള്‍ പണ്ട് കാലത്തു കല്ലില്‍ വെള്ളം ഒഴിച്ച് പ്രാര്‍ത്ഥിച്ച വഴി ആ കാലില്‍ ദൈവാംശം വന്നു എന്നത് കൊണ്ട് ഇപ്പോഴും കുട്ടികള്‍ ആണ് പാലിയം അമ്പലത്തില്‍ ഉത്സവം നടത്തുന്നതും, പ്രതിഷ്ഠാ കാര്യങ്ങള്‍ ചെയ്യുന്നതും. 1851 അംസോണിയ കമ്പനിയുടെ പേരിലുള്ള ഒരു ക്ലോക്ക് കൊട്ടാരത്തില്‍ കാണാന്‍ ഇടയായി. വേറൊരു സവിശേഷത പാലിയത്തച്ചന്റെ സപ്രമഞ്ച കട്ടില് ആണ്. നീമും തേക്കും ചേര്‍ന്നതാണ് അത്. നിര്‍മാണ സമയത്ത് ഈ രണ്ടു തടിയും 67 തരം ഔഷധ കൂട്ടില്‍ ഒരു വര്‍ഷത്തോളം മുക്കി, അതിനു ശേഷമാണ് കട്ടില് നിര്‍മ്മിക്കുന്നത്. ഒരു തരത്തിലുള്ള ത്വക് രോഗങ്ങളും വരാതെ നോക്കാന്‍ ഇത് സഹായകമായിരുന്നു. കൊട്ടരത്തിലെ പ്രസംഗപീഠം ആഞ്ഞിലിയില്‍ തീര്‍ത്തതാണ്. ജനങ്ങളുടെ പരാതികളും കോവിലകത്തെ ആഭ്യന്തര കാര്യങ്ങളും ഇവിടെ ഇരുന്നാണ് പാലിയത്തച്ചന് നടത്തിയിരുന്നത്.
പാലിയം മാളിക മറ്റൊരു സവിശേഷ ഗൃഹം ആണ്. 101 മുറികള്‍ ആണ് ഈ ഗൃഹത്തിന്. കേരളത്തിലെ ആദ്യ ഫ്ലാറ്റ് എന്ന് വേണേല്‍ നമുക്ക് ഇതിനെ വിശേഷിപ്പികാം. 14 കുടുംബങ്ങള്‍ക്ക് വേണ്ടി പണി കഴിപ്പിച്ചതാണ് ഈ മാളിക. ഓരോ കുടുംബത്തിനും ആറു മുറികള്‍ ഉണ്ടായിരുന്നു. അടുക്കള മാത്രം ഒന്നേ ഉണ്ടായിരുന്നുള്ളു. കോവിലകത്തിലെ മറ്റു സവിശേഷതകള്‍ ആണ് സാഷ് ജനാല, മിഴാവ്, വട്ട കണ്ണി ചേങ്ങല ഒക്കെ, ഇതെല്ലാം പാലിയം എന്ന മഹത്തായ ഒരു ചരിത്രത്തിന്റെ ഭാഗമായി ഇപ്പോഴും നിലനില്ക്കുന്നു.
ഈ യാത്ര എന്നെന്നും എന്റെ പ്രിയപ്പെട്ടതായിരിക്കും. കുറെ ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു..ഒരുപാട് നല്ല നിമിഷങ്ങള്‍...എന്നും ഓര്‍മ്മയില്‍ തങ്ങുന്ന നിമിഷങ്ങള്‍...ഈയൊരു യാത്രയില്‍ എന്നോടൊപ്പം ചേര്‍ന്ന എല്ലാവര്ക്കും ഉള്ള നന്ദിയും സ്നേഹവും ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു..