മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ്‌ ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം.

 

സ്വാതന്ത്ര്യ പൂർവ കാലത്തെ ഇന്ത്യയിലെ പ്രമുഖ കായിക വിനോദമായിരുന്നു ശിക്കാർ .നാടുവാഴികൾ മുതൽ പ്രഭുക്കന്മാരും, രാജാക്കന്മാരും, ബ്രിട്ടീഷ് ഇന്ത്യൻ ഭരണ കർത്താക്കളുമൊക്കെ പ്രതാപം കാണിച്ചിരുന്നത് തങ്ങൾ വേട്ടയാടിയ മൃഗത്തിന്റെ വലിപ്പവും ,സ്വഭാവവും വെച്ചായിരുന്നു. പഴയ ബംഗ്ളാവുകളുടെ ചുമരിൽ ഇരുന്നു ഇന്നും നമ്മളെ തുറിച്ചു നോക്കുന്ന മൃഗത്തലകൾ ഇതിന്റെ ബാക്കി പത്രങ്ങളാണ്. പരിവാരങ്ങളോടെ വേട്ടപ്പട്ടികളെ കൂട്ടി കാടിളക്കി ഭയപ്പെടുത്തി ഓടി വരുന്ന മൃഗത്തെ ആനപ്പുറത്തോ , മറ്റു സുരക്ഷിത സ്ഥലത്തോ ഇരുന്നു വെടി വെക്കുന്നതായിരുന്നു മിക്ക രാജാക്കന്മാരുടെയും , പ്രഭുക്കന്മാരുടെയും മൃഗയാ രീതികൾ. അവർ കാടിനെ കുറിച്ചോ അതിന്റെ രീതികളെ കുറിച്ചോ അറിയാതെ വെടി വെപ്പുകൾ മാത്രം നടത്തി. എന്നാൽ ചുരുക്കം ചിലർ തനിച്ചു കാട്ടിലൂടെ അലഞ്ഞു തങ്ങൾ ലക്ഷ്യം വെക്കുന്ന മൃഗങ്ങളെ അവയുടെ താവളങ്ങളിൽ ചെന്ന് വെടി വെച്ചിട്ടു.

കാടിനേയും മൃഗങ്ങളെയും കൈവെള്ളയിലെന്ന പോലെ മനസ്സിലാക്കിയ ഇവർ പിന്നീട് പരിസ്ഥിതി സംരക്ഷകരും , മൃഗ സ്നേഹികളും ആയി പരിണമിച്ചു. കെന്നെത്ത് ആൻഡേഴ്സണും ജിം കോർബറ്റും ഇത്തരത്തിൽ കാടറിഞ്ഞു വേട്ടയാടിയിരുന്ന വേട്ടക്കാർ ആയിരുന്നു. ശിക്കാരികൾ എന്നതിലുപരി ഈ രണ്ടു പേരും ഒന്നാന്തരം എഴുത്തുകാരും കൂടി ആയിരുന്നു. തങ്ങളുടെ വേട്ടക്കഥകൾ അതിന്റെ സാഹസികതയും ആവേശവും ചോർന്നു പോകാതെ വായനക്കാരിലെത്തിക്കാൻ രണ്ടു പേർക്കും കഴിഞ്ഞു. ഇവരുടെ എഴുത്തുകൾ ആ കാലത്തെ ഇന്ത്യയിലെ കാടുകളുടെ രേഖാ ചിത്രങ്ങൾ കൂടി ആയിരുന്നു . വായനക്കാരന്റെ മനസ്സിലെ കാൻവാസിൽ കാടിന്റെ ചിത്രം വരക്കുന്നതായിരുന്നു ഇവരുടെ എഴുത്തുകൾ. ഇന്ത്യയിലെ വന സംരക്ഷണ യജ്ഞങ്ങളിൽ ഇവരുടെ എഴുത്തുകളും പ്രവർത്തനങ്ങളും നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട് .

Tiger 1

1875 ജൂലൈ 25 നു നൈനിറ്റാളിൽ ഒരു ഐറിഷ് കുടുംബപശ്ചാത്തലത്തിലാണ് ജെയിംസ് എഡ്വേഡ് കോർബെറ്റ് എന്ന ജിം കോർബെറ്റിന്റെ ജനനം. പത്തൊമ്പതാം വയസ്സിൽ റെയിൽവേ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജിം പിന്നീട് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കേണൽ അടക്കമുള്ള വിവിധ പദവികൾ വഹിക്കുകയും ഒന്നാം ലോക മഹാ യുദ്ധത്തിലടക്കം പങ്കെടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ "നരഭോജികളായ കടുവകളുടെയും പുലികളുടെയും അന്തകനാവാൻ പിറവി എടുത്തവൻ "എന്ന നിലയിലാണ് കോർബെറ്റിനെ ലോകവും ഇന്ത്യയും ഓർക്കുന്നത്. കുമയൂൺ, ഗഡ്വാൾ വന മേഖലകളിൽ മനുഷ്യർക്കും വന്യ മൃഗങ്ങൾക്കുമിടയിലെ സുരക്ഷിത മതിലായി കോർബെറ്റ് നില കൊണ്ടു. കോർബെറ്റിന്റെ ധീരതയിലും, പിഴക്കാത്ത ഉന്നത്തിലും വിശ്വാസമർപ്പിച്ചത് ഒരു ജനത മുഴുവനുമായിരുന്നു. 1907 നും 1946 നും ഇടക്ക് 33 ഓളം നരഭോജികൾ ജിമ്മിന്റെ തോക്കിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ. വിനോദത്തിനു വേണ്ടിയുള്ള വേട്ടകൾ ജിമ്മിന്റെ വഴിയല്ലായിരുന്നു. മനുഷ്യ വാസ പ്രദേശങ്ങളിൽ ഇറങ്ങുന്ന നരഭോജികളെ ഇല്ലാതാക്കാൻ ഭരണകൂടത്തിന്റെ ആശ്രയം കോർബെറ്റ് ആയിരുന്നു.

മനുഷ്യ ജീവനു ഭീഷണിയാവുന്ന നരഭോജികളെ മാത്രം വേട്ടയാടിയ ജിമ്മിന് പക്ഷേ ഒരിക്കൽ പിഴച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വെടി വെച്ചിട്ട കരുത്തനായ ആൺ കടുവ ഒരു മനുഷ്യനെ പോലും ആക്രമിച്ചിട്ടില്ലാത്ത ഒരു സാധുവായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ സംഭവം ജിമ്മിനെ പുനർവിചിന്തനത്തിനു വിധേയനാക്കി. ജിം കോർബെറ്റ് പിന്നെയും വേട്ട തുടർന്നു, അത് പക്ഷെ തോക്കു കൊണ്ടായിരുന്നില്ല, ക്യാമറ കൊണ്ടായിരുന്നു . വേട്ട മതിയാക്കി ജിം പിന്നീട് ഫോട്ടോഗ്രാഫി യിലേക്ക് തിരിഞ്ഞു. ജിമ്മിനെ പോലെ കാടറിയുന്ന ഒരാൾ ക്യാമറ കൈയിലെടുത്താൽ തുറക്കപ്പെടുന്നത് അപൂർവ ദൃശ്യങ്ങളുടെ അത്ഭുത പ്രപഞ്ചങ്ങളായിരിക്കും..ഒരു വെള്ളക്കടുവയടക്കം ഏഴു കടുവകൾ ഒന്നിച്ചിരിക്കുന്ന അത്യപൂർവ ചിത്രം അടക്കം വന്യജീവി ഫോട്ടോഗ്രാഫി യിലെ അത്യപൂർവ ചിത്രങ്ങൾ ജിമ്മിന്റെ ഫിലിമിൽ പതിഞ്ഞു കൊണ്ടിരുന്നു. വേട്ടക്കാരനായി കാട് കയറിയ ജിം പിന്നീട് അറിയപ്പെട്ടത് ലോകം അറിയുന്ന പ്രകൃതി സംരക്ഷകൻ എന്ന നിലക്കാണ്. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്കിനു ഒരു ബ്രിട്ടീഷുകാരന്റെ പേര് കൊടുത്തതിൽ നിന്ന് തന്നെ അദ്ദേഹത്തിന് ഇന്ത്യയുമായും ഇവിടുത്തെ വനമേഖലയുമായും ഉള്ള ഊഷ്മള ബന്ധത്തെ മനസ്സിലാക്കാം.

Tiger 2

ജിം കോർബെറ്റിന്റെ ശിക്കാർ കഥകളിൽ പറയുന്ന ഹിമാലയൻ താഴ്വാരത്തിലെ വനപ്രദേശങ്ങൾ നേരിൽ കാണുക എന്നതും ആ വഴികളിലൂടെ ക്യാമറ കൊണ്ടു കടുവ വേട്ടകൾക്ക് പോവുക എന്നതും വർഷങ്ങളായി  കൊണ്ട് നടന്ന സ്വപ്നങ്ങളാണ്. ആ സ്വപ്നത്തിന്റെ വഴിയിലൂടെ നിരന്തരം സഞ്ചരിച്ചു അത് യാഥാർഥ്യത്തിൽ എത്തിയിരിക്കുന്നു. ഞാൻ ഇപ്പോൾ ജിം കോർബെറ്റിന്റെ നാട്ടിലാണ്. രാംനഗർ ടൗണിൽ നിന്നും ഏകദേശം 13 കി.മീ ദൂരം ഉണ്ട് ജിം കോർബെറ്റ് നാഷണൽ പാർക്കിന്റെ ധിക്കാല സോണിന്റെ പ്രധാന കവാടത്തിലേക്ക്. അവിടെ നിന്നും കാട്ടിലൂടെ ഏകദേശം 35 കി.മീ സഞ്ചരിച്ചു വേണം ധിക്കാലയിലെ ഗസ്റ്റ് ഹൗസിൽ എത്താൻ. മെയിൻ റോഡിൽ നിന്നും ധിക്കാല യിലേക്കുള്ള ഗേറ്റ് കടന്നു ചെന്നാൽ സാക്ഷാൽ ജിം കോർബെറ്റ് നിങ്ങളെ വരവേൽക്കാൻ നിൽക്കുന്നുണ്ടാവും, ഒരു പ്രതിമയുടെ രൂപത്തിൽ , ജിമ്മിന്റെ ചിരിക്കുന്ന മുഖം. രുദ്രപ്രയാഗിലെയും കുമയൂണിലെയും നരഭോജികളുടെ കഥകൾ നിങ്ങളെ ഓർമിപ്പിക്കും. നിശബ്ദതയിൽ നിന്ന് പൊടുന്നനെ ഒരു വെടിയൊച്ചയും നരഭോജിയുടെ ഗർജ്ജനവും കേട്ടെന്നു വരാം. ജിം കോർബെറ്റിന്റെ സ്വന്തം മണ്ണിൽ കാലു കുത്തുന്നത് ഒരു വനയാത്രികനെ സംബന്ധിച്ചിടത്തോളം സ്വപ്നസാഫല്യം തന്നെയാണ്.

മുൻകൂട്ടി ബുക്ക് ചെയ്ത ജിപ്സി വെളുപ്പിന് തന്നെ രാംനഗറിൽ നിന്ന് പിക്ക് ചെയ്തു. അര മണിക്കൂറിനുള്ളിൽ ധിക്കാലയുടെ പ്രധാന കവാടത്തിലെത്തി, പരിശോധനാ ചടങ്ങുകൾ തീരാൻ അര മണിക്കൂർ എടുത്തു. ഏഴര മണിയോടെ ധിക്കാലയിലേക്കുള്ള കാനന യാത്രക്ക് തുടക്കമായി .ഇനി നാല് ദിവസം ധിക്കാലയിലാണ് താമസം. ഡ്രൈവർ സാജിദ് ഷാ നല്ല ഒന്നാന്തരം ഡ്രൈവറും ട്രാക്കറും ആണെന്ന് യാത്രയുടെ ആദ്യ മണിക്കൂറിൽ തന്നെ ബോധ്യമായി. സഞ്ചരിക്കുന്ന വന പ്രദേശത്തെ കുറിച്ചും അവിടുത്തെ ജൈവ വൈവിധ്യത്തെ കുറിച്ചും നല്ല ബോധ്യമുണ്ട്. ഒരു ഫോട്ടോഗ്രാഫർ സൗഹൃദ സഫാരി ഡ്രൈവർ (Photographer friendly ) എന്ന് പറയുന്നതാവും ഉചിതം. പോകുന്ന വഴിയിൽ തന്നെ രാംഗഗ നദിയുടെ ഏറ്റവും നല്ല കാഴ്ച കിട്ടുന്ന സ്ഥലത്തു ഞങ്ങളെ ഇറക്കി. രാംഗംഗയെ കുറിച്ചും കോർബെറ്റ് നാഷണൽ പാർക്കിനു ഈ നദി എത്രത്തോളം പ്രിയപ്പെട്ടതാണെന്നും സാജിദ് ഒരു ലഘു വിവരണം തന്നു.
കാടായാലും നാടായാലും അതിന്റെ നില നിൽപ് നദികളെ ആശ്രയിച്ചാണ്.  അത് ലോകത്തെവിടെയായാലും. സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ എന്ന് നദികളെ വിളിക്കുന്നത് അത് കൊണ്ട് തന്നെയാണ്. കോർബെറ്റിന്റെയും നില നിൽപ് ചില നദികളെ ആശ്രയിച്ചാണ്. രാം ഗംഗ നദിയാണ് കോർബെറ്റിന്റെ ജീവനാഡി. ഗംഗ നദിയുടെ പോഷക നദിയാണ് രാം ഗംഗ.

Tiger 3

1936 ലാണ് ഹൈലി നാഷണൽ പാർക്ക് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് നിലവിൽ വരുന്നത്. പിന്നീട് രാം ഗംഗ നദിയോടുള്ള ബഹുമാനാർത്ഥം 1954 -55 കാലഘട്ടത്തിൽ പാർക്കിനെ രാം ഗംഗ നാഷണൽ പാർക്ക് എന്ന് പുനർ നാമകരണം ചെയ്തു. പാർക്കിനു നദി എത്രത്തോളം പ്രിയപ്പെട്ടതാണെന്നു ഇത് വെളിവാക്കുന്നു. പിന്നീട് ജിം കോർബെറ്റിന്റെ മരണ ശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായി 1955 -56 കാലഘട്ടത്തിൽ പാർക്കിനെ ഇന്നത്തെ പേരായ ജിം കോർബെറ്റ് നാഷണൽ പാർക്ക് എന്ന് നാമകരണം ചെയ്തു. രാം ഗംഗ കൂടാതെ മറ്റു രണ്ടു നദികൾ കൂടി കോർബെറ്റിനെ നനക്കുന്നുണ്ട്.മഴക്കാലത്ത് മാത്രം സജീവമാവുന്ന കോസി നദി പാർക്കിന്റെ കിഴക്കൻ അതിരിലൂടെ ഒഴുകുന്നു. പാർക്കിന്റെ അതിരുകൾക്കകത്തേക്ക് പ്രവേശിക്കുന്നില്ലെങ്കിലും പാർക്കിലെ ഒരു പ്രധാന ജലസ്രോതസ്സായി നദിയെ കണക്കാക്കുന്നു.

സോനാ നദിയാണ് മറ്റൊരു ജീവനാഡി. സോനാ നദി വന്യജീവി സങ്കേതം (sona nadi wildlife sanctuary ) എന്ന പേരിൽ ഇതിനെ നാമകരണം ചെയ്തിട്ടുണ്ട്. കോർബെറ്റ് നാഷണൽ പാർക്കിനോട് ചേർന്ന കോർബെറ്റ് കടുവാ സങ്കേതത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് സോനാ നദി വന്യജീവി സങ്കേതം. ഇവയെ കൂടാതെ മണ്ഡൽ, പലൈൻ തുടങ്ങിയ രാം ഗംഗയുടെ പോഷക നദികളും ചേർന്നാണ് കോർബെറ്റിന്റെ ജൈവ വൈവിധ്യത്തെ നില നിർത്തിപ്പോരുന്നത്. അപൂർവ ഇനത്തിൽപ്പെട്ട മുഷി മത്സ്യങ്ങളും (Masheer Fish )ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന മീൻ മുതല എന്ന് വിളിക്കുന്ന ഗരിയലുകളും (Gharials) നീർ നായ്ക്കൾ, വിവിധ തരം ആമകൾ, മുതല,ചീങ്കണ്ണി തുടങ്ങിയ ജീവി വർഗ്ഗങ്ങളും പൂർണമായും ഈ നദികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. IUCN (International Union For Conservation of Nature ) അതീവ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന (Critically Endangered ) ജീവികളുടെ വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഗരിയലുകൾ ലോകത്തു ആകെ അവശേഷിക്കുന്നത് 250-ൽ താഴെ മാത്രം എണ്ണമാണ് എന്നാണു കണക്ക്. അതിൽ നല്ലൊരു ഭാഗത്തിനും ഈ നദികൾ അഭയ കേന്ദ്രങ്ങൾ ആവുന്നുണ്ട് എന്നത് ഈ നദികളുടെ പരിസ്ഥിതി പ്രാധാന്യം എടുത്തു കാട്ടുന്നുണ്ട്. 

Tiger 5

കോർബെറ്റിന്റെ വന്യതയിലൂടെ മുന്നോട്ട് പോകുന്തോറും പ്രതീക്ഷകളും കൂടി വന്നു. ആനയാണ് ധിക്കാലയുടെ പ്രതീകം. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ , ധിക്കാലയുടെ വിശാലമായ പുൽമേട്ടിൽ മേയുന്ന ആനക്കൂട്ടങ്ങളും, ആർച് രൂപത്തിൽ പരസ്പരം ചില്ലകൾ കോർത്ത് നിൽക്കുന്ന സാൽ മരങ്ങളുടെ താഴെ റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടങ്ങളും മനസ്സിൽ കോറിയിട്ട ഫ്രെയിമുകളായിരുന്നു. പക്ഷെ സ്വപ്നം അതുക്കും മേലെ ആയിരുന്നു. കോർബെറ്റിന്റെ നാട്ടിലെ കടുവകൾ, ആ പഴയ ശിക്കാർ കഥകളിൽ വില്ലന്മാരായും, നായികാ നായകന്മാരായും വേഷമിട്ട വലിയ പൂച്ചകളുടെ (Big Cats ) പിൻഗാമികളെ കാണുക എന്ന വന്യമായ സ്വപ്നം. കുറച്ചു
വർഷങ്ങളായി കോർബെറ്റിൽ നരഭോജികൾ ഉണ്ടായിട്ടില്ലെന്ന് സാജിദ് സാക്ഷ്യപ്പെടുത്തി. 2012 ആയിരുന്നു അവസാനത്തെ നരഭോജിയെ വെടി വെച്ചു വീഴ്ത്തിയത് എന്ന് ഓർത്തെടുത്തു.

വഴിയിൽ കണ്ട ഖലീജ് ഫെസൻറ് എന്ന കോഴി വർഗ്ഗത്തിൽ പെട്ട പക്ഷിയുടെ കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം പുഴ മുറിച്ചു കടന്നു മുന്നോട്ട് പായുമ്പോൾ എതിരെ വന്ന ജിപ്സിയുടെ ഡ്രൈവർ എന്തോ സിഗ്നൽ നൽകുന്നു. അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി ഡ്രൈവർമാർ തമ്മിൽ എന്തോ പറയുന്നുണ്ട്, പിന്നെ ജിപ്സി ഫസ്റ്റ് ഗിയറിൽ കുതിച്ചു മൂളിപ്പറന്നു. പുഴയുടെ തീരാത്ത 'പാറു ' വിനെ കണ്ടിട്ടുണ്ടെന്ന് പറക്കുന്നതിനിടയിൽ സാജിദ് പറഞ്ഞു. കോർബെറ്റിലെ ഏറ്റവും പോപ്പുലർ ആയ പെൺ കടുവയാണ് പാറു എന്ന പാർവതി. ധിക്കാല സോണിൽ മൊത്തം എട്ട് കടുവകൾ ഉണ്ടെന്നാണ് കണക്ക്. അതിൽ പാറുവാണ് സ്വന്തമായി പേരൊക്കെ ഉള്ള ധിക്കാലയുടെ സ്വന്തം കടുവ. കുറച്ച ദൂരം ചെന്നപ്പോൾ തന്നെ പാർക്ക് ചെയ്തിട്ടിരിക്കുന്ന ജിപ്സി കണ്ടു അങ്ങിങ്ങായി വേറെയും ജിപ്സികൾ, ആകാംക്ഷ അടക്കാനാ വാതെ ആദ്യം കണ്ടവരോട് തന്നെ ചോദിച്ചു. പാറു മിനിട്ടുകൾക്ക് മുൻപ് പോയെന്ന് മറുപടി, രക്തമൊലിക്കുന്ന മുഖവുമായി പാറു പുഴ കടന്നു പോയെന്ന ആവേശത്തോടെയുള്ള വിശദീകരണം പക്ഷെ ഞങ്ങളുടെ ആവേശം കെടുത്തുന്നതായിരുന്നു. ഇര പിടിച്ച ശേഷമുള്ള രംഗമായിരിക്കും അവർ കണ്ടത്. മിനിറ്റുകൾ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കാഴ്ചയുടെ വിലയോർത്തപ്പോൾ അല്പം നിരാശ തോന്നാതിരുന്നില്ല.

Paaru Tiger

ശരിയായ സമയത്ത് ശരിയായ സ്ഥലത്തു ആയിരിക്കുക (Being at the right place at right time ) അല്ലെങ്കിൽ സമയം ആവുന്നത് വരെ കാത്തിരിക്കുക (wait for the time to happen ) എന്നതാണ് കാട്ടിലെ നിയമം. കാട്ടിലെ കാഴ്ചകൾ അങ്ങനെയാണ് പ്രത്യേകിച്ചും കടുവ ദർശനങ്ങൾ. കടുവയുടെ കാര്യത്തിൽ മുൻകാല അനുഭവങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറച്ചു വർഷങ്ങളായുള്ള കാനന യാത്രകളിൽ കടുവ എപ്പോഴും ഒരു പടി മുന്നിലോ, ഒരു പടി പുറകിലോ മാത്രം നടന്നു. മണ്ണിലും ചെളിയിലും പുതഞ്ഞ കാൽപാടുകളായും ആവി പറക്കുന്ന കാഷ്ഠമായും തന്റെ സാന്നിധ്യം അറിയിച്ചു ഒളിച്ചു നടന്നു. എങ്കിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും ചില വനയാത്രകൾക്കിടയിൽ ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടുക തന്നെ ചെയ്തു. കുറെ അധികം യാത്രകൾ അതിനു വേണ്ടി വന്നു എന്ന് മാത്രം. കോർബെറ്റിന്റെ നാട്ടിൽ അത്രയധികം യാത്രകൾക്ക് അവസരമില്ല. കേരളത്തിൽ നിന്നും കാതങ്ങൾ അകലെയുള്ള കോർബെറ്റിലേക്ക് യാത്രകൾ തരപ്പെടുത്തൽ എന്നെപ്പോലെ ഒരാൾക്ക് അത്ര എളുപ്പമല്ല എന്നതാണ് യാഥാർഥ്യം. ജിമ്മിന്റെ കടുവകൾ നിരാശപ്പെടുത്തുമോ ? ഉള്ളിലെ സന്ദേഹവാദി ഉണർന്നു കഴിഞ്ഞു. ഡ്രൈവർ സാജിദ് മുഖത്തെ നിരാശ വായിച്ചെടുത്തിരുന്നു .പേടിക്കേണ്ട സാർ പാറുവിനെ നമ്മൾ ഇന്ന് വൈകുന്നേരം തന്നെ കാണും ,

 "നാല് ദിവസത്തിനുള്ളിൽ ഇവിടുത്തെ എട്ടു കടുവകളെയും നമ്മൾ കാണും" സാജിദിന്റെ വാക്കുകൾ ഔപചാരികമായ ആശ്വാസ വാക്കുകളായി തോന്നിയെങ്കിലും അത് മാത്രമായിരുന്നു അവസാന പ്രതീക്ഷ. ഉച്ചക്ക് ശേഷം 2.30 നാണ് അടുത്ത സഫാരി, വൈകുന്നേരം 6.30 വരെ. ഞങ്ങളിപ്പോൾ ധിക്കാലയിലെ അന്തേവാസികളാണ് .രണ്ടു മണിക്ക് തന്നെ റെഡിയായി ജിപ്സിക്കരികിൽ എത്തി .ധിക്കാലയിൽ ഈ സമയത്ത് പൊടി ശല്യം രൂക്ഷമാണ്.  പ്രതിരോധിക്കാനായി മാസ്കും തൊപ്പിയും എടുത്തിട്ടുണ്ട് കാമറയെ സംരക്ഷിക്കാൻ വേറെയും പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പാറുവിനെ കാണണ്ടേ എന്ന ചോദ്യത്തോടെയാണ് സാജിദ് വണ്ടി സ്റ്റാർട്ട് ചെയ്തത്. ഇത്തവണ കൂടെ ഗൈഡ് ധ്യാനിയും ഉണ്ട്. കാടിനോടുള്ള കമ്പം മൂത്ത് ഡൽഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കളഞ്ഞു ധിക്കാലയിൽ ഗൈഡ് ആയി ജോലി ചെയ്യുകയാണ് രാം നഗർ സ്വദേശിയായ ധ്യാനി. നമ്മളിന്ന് ഉറപ്പായും കാണുമെന്ന് ധ്യാനിയും ധൈര്യം തന്നു. പുൽമേട്ടിലും പുഴക്കരയിലും പോയി കുറച്ചു ആനചിത്രങ്ങൾ പകർത്തി. നാല് മണിയോടെ സ്വിമ്മിങ് പൂളിലേക്ക് പോകാമെന്ന് സാജിദും ധ്യാനിയും. വേനൽ കടുക്കുന്നതോടെ രാംഗംഗ നദി മെലിയാൻ തുടങ്ങും. പരന്നൊഴുകിയിരുന്ന നദി നേർത്തു വരും. നദിയുടെ ഒഴുക്കിൽ നിന്ന് വേർപെട്ടു ചില കുഴികളിൽ മാത്രം വെള്ളം നിറഞ്ഞു നിൽക്കും . കടുവകളുടെയും, മറ്റ് ചില ചെറു മൃഗങ്ങളുടെയും കുടിവെള്ള സ്രോതസ്സാണത്. അത്തരത്തിലുള്ള ഏറ്റവും വലിയ വെള്ളക്കെട്ടാണ് സ്വിമ്മിങ് പൂൾ എന്ന് പറയപ്പെടുന്ന സ്ഥലം. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും അര മണിക്കൂർ യാത്രയുണ്ട് സ്വിമ്മിങ് പൂളിലേക്ക് . രാവിലെ പാറു ആ ഭാഗത്തേക്കാണ് കയറിപ്പോയതെന്നും വൈകുന്നേരത്തോടെ തിരിച്ചു പോകുമെന്നും നേരത്തെ ചെന്നില്ലെങ്കിൽ നല്ല ആംഗിൾ കിട്ടുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടില്ലെന്നും സാജിദ് പറഞ്ഞു 4 .30 ഓട് കൂടി സ്വിമ്മിങ് പൂളിനരികിൽ എത്തി. 

Paaru 2

വാഹനങ്ങൾ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പരമാവധി നല്ല ചിത്രങ്ങൾ കിട്ടുന്ന തരത്തിൽ vantage pointൽ ആണ് സാജിദ് ജിപ്സി പാർക്ക് ചെയ്തിട്ടുള്ളത് .കൈയിലുള്ള പ്രധാന ലെൻസ് canon 400 5.6 prime ആണെന്ന് പുള്ളി മനസ്സിലാക്കിയ പോലെ തോന്നി .നിവർത്താനോ ചുരുക്കാനോ പറ്റാതെ ഒറ്റ ഫോക്കൽ ലെങ്ത് മാത്രമുള്ള ലെൻസിൽ ചിത്രമെടുക്കാൻ ഇതിലും നല്ല പൊസിഷൻ വേറെ ഇല്ല .ഫോട്ടോഗ്രാഫർ മാരുമായുള്ള നിരന്തര സമ്പർക്കവും , അതിലുപരി നിരീക്ഷണവും സാജിദിനെ ഒരു ഫോട്ടോഗ്രാഫർ സൗഹൃദ ഡ്രൈവർ ആക്കി മാറ്റിയിട്ടുണ്ട്. കാത്തിരിപ്പ് മുക്കാൽ മണിക്കൂറോളം പിന്നിട്ടു, ഒരു അനക്കവുമില്ല .ബോറടി മാറ്റാൻ അടുത്തുള്ള മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളിലേക്ക് ക്യാമറ തിരിച്ചു.കാത്തിരുന്നിട്ട് കാര്യമുണ്ടോ ? എന്ന ചോദ്യത്തിന് ഒരു അര മണിക്കൂർ കൂടെ സാർ എന്ന് ധ്യാനിയും സാജിദും ഒന്നിച്ച മറുപടി.കൂടെ അവരുടെ വിശദീകരണവും, പാറു രാവിലെ പുഴ കടന്നു അക്കരക്കാണ് പോയത് , വൈകീട്ട് പുഴ കടന്നു തിരിച്ചു പോവും, കൂടെ ദാഹം തീർക്കലും നീരാട്ടും ഉണ്ടാവും .സായാഹ്നത്തിലെ സുവർണ വെളിച്ചത്തിൽ വെള്ളത്തിൽ നീരാടുന്ന കോർബെറ്റിലെ കടുവയുടെ ചിത്രം മനസ്സിൽ സങ്കല്പിച്ചു നോക്കി. കാത്തിരിപ്പിന്റെ ഒരു 15 മിനുട്ട് കൂടെ കഴിഞ്ഞു.

പെട്ടെന്ന് കാടിന്റെ ഉള്ളിൽ നിന്നും ഒരു ബഹളം , മാനുകളുടെയും,കുരങ്ങുകളുടെയും കരച്ചിൽ , കടുവയുടെ വരവറിയിച്ചു കൊണ്ടുള്ള അപായ സിഗ്നലാണ് .  ക്യാമറ റെഡിയാക്കി വെക്കാൻ മുന്നറിയിപ്പ് തന്നു സാജിദ്. നിമിഷങ്ങൾക്കകം മുന്നിലുള്ള വാഹനങ്ങളിൽ നിന്നും ചൂണ്ടു വിരലുകൾ വെള്ളക്കെട്ടിലേക്ക് തുറക്കുന്ന ചെറിയ തുരങ്കം പോലുള്ള വഴിയിലേക്ക് നീളുന്നു. പാറു വന്നു കഴിഞ്ഞു . അല്പം കൂടെ മുന്നോട്ട് വന്നാൽ മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിയൂ , ക്യാമറാ ഷട്ടറുകൾ ഹൈ സ്പീഡ് മോഡിൽ തുറന്നടയുന്ന ശബ്ദം . അതിനിടയിലൂടെ ആരെയും ഗൗനിക്കാതെ പാറു വന്നു . വെള്ളത്തിലേക്ക് തള്ളി നിൽക്കുന്ന കല്ലിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കി , പിന്നെ ദാഹം തീർക്കൽ ഏകദേശം 2 മിനിട്ടോളം ധ്യാനത്തിലെന്ന പോലെ. പിന്നെ പതിയെ എഴുന്നേറ്റ് വെള്ളത്തിലിറങ്ങി. അൽപ സമയം തണുപ്പിക്കൽ (cooling off ). സ്വപ്നത്തിലെ ഫ്രയിമുകൾ ക്യാമറയിലൂടെ ഒപ്പിയെടുത്തു. അതിവേഗ ക്യാമറകളുടെയും അത്യാധുനിക ലെന്സുകളുടെയും കൂടെയെത്താൻ എന്റെ പഴയ 60D ക്കും 400mm 5.6 നും കഴിയുന്നില്ല . എങ്കിലും സങ്കല്പത്തിലെ ഫ്രെയിമുകൾ നേരിൽ കാണുന്ന ആവേശത്തെ അത് കെടുത്തിയില്ല . തലയും വാലും മാത്രം വെള്ളത്തിന് മുകളിലായി അൽപ നേരം കിടന്ന ശേഷം പതിയെ നീന്തി മറുകരയിലേക്ക് , ചുറ്റുമുള്ള വാഹനങ്ങളോ ക്യാമറകളോ അവൾ ഗൗനിക്കുന്നേയില്ല . ഒന്ന് കൈ നീട്ടിയാൽ തൊടാവുന്ന അത്രയും അടുത്ത മനുഷ്യ സാന്നിധ്യം ഉണ്ടായിട്ടും അതൊന്നും അവളെ ബാധിച്ചതേ ഇല്ല . ഒരു പക്ഷെ ചിരപരിചയം കൊണ്ടാവാം. പതിയെ നടന്ന് പുല്മേടുകൾക്കുള്ളിൽ മറയുന്നത് വരെ പാറുവിനെ ക്യാമറകൾ പിന്തുടർന്ന് കൊണ്ടേ ഇരുന്നു.

 Paaru 3

ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിന് വേണ്ടി കടുവകൾ ദിവസവും കിലോമീറ്ററുകൾ യാത്ര ചെയ്യാറുണ്ട്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത അനുസരിച്ചു വിവിധ കാടുകളിൽ അത് വ്യത്യസ്തമായിരിക്കും . ആൺ കടുവകൾ അതിർത്തികൾ സംരക്ഷിക്കുന്നതിൽ കണിശക്കാരാണെന്നാണ് പൊതുവായ നിരീക്ഷണം. പക്ഷെ ഭക്ഷണം സുലഭമായ സമയങ്ങളിൽ ഈ അതിർത്തികളുടെ കാര്യത്തിൽ അല്പം നീക്കുപോക്കുകളൊക്കെ നടത്താറുണ്ടെന്നു വിദഗ്ദർ പറയുന്നു . പൊതുവെ ഏകാന്ത ജീവികളെന്നു കരുതുന്ന കടുവകൾ പല സമയത്തും കുടുംബ ജീവിതം നയിക്കുന്നതിന്റെ നേർ സാക്ഷ്യങ്ങളും നിരീക്ഷണങ്ങളും ഇന്ത്യയുടെ Tiger Man വാൽമിക് താപ്പർ തന്റെ Secret Life of Tigers എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

പാറു ഒരു നല്ല തുടക്കമായിരുന്നു . പിറ്റേ ദിവസം രാവിലെ തന്നെ പുൽമേട്ടിൽ മറ്റൊരു പെൺ കടുവ , അത് പ്രാതൽ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ദൂരെ മേയുന്ന മാൻ കൂട്ടങ്ങളെ ലക്ഷ്യമാക്കി വളർന്നു നിൽക്കുന്ന പുല്ലുകൾ മറയാക്കി പതുങ്ങിപ്പതുങ്ങി പോകുന്ന കാഴ്ച (Crouching Tiger ). ഒടുവിൽ വിഫലമായ ശ്രമം ഉപേക്ഷിച്ചു മറ്റൊരു വഴിക്ക് നീങ്ങി. അപൂര്വമായൊരു കാഴ്ച നഷ്ടപ്പെട്ടിട്ടും നിരാശ തോന്നിയില്ല, എത്രയെത്ര വിഫല ശ്രമങ്ങൾക്കൊടുവിലായിരിക്കും കടുവയുടെ വേട്ട വിജയത്തിലെത്തുന്നത് ? കടുവകൾ പൊതുവെ നിശ്ശബ്ദരായ ജീവികളാണ് , ഇര പിടിക്കുന്ന സമയങ്ങളിൽ പ്രത്യേകിച്ചും. ചില സിനിമകളിൽ കാണുന്ന പോലെ ഉച്ചത്തിൽ ഗർജ്ജിച്ചു ഇരയെ പേടിപ്പിച്ചു പിടിക്കുന്ന രീതി കടുവകൾക്കില്ല. വളരെ നിശബ്ദമായി പതുങ്ങിയിരുന്ന് ഇരയുടെ ഏറ്റവും അടുത്തേക്ക് ഇഴഞ്ഞു ചെന്ന് പിടി കൂടുന്നതാണ് കടുവകളുടെ വേട്ട രീതി. കടുവകൾ പൊതുവെ ശബ്ദമുണ്ടാകുന്നത് ആശയ വിനിമയം നടത്തുന്നതിന് വേണ്ടിയാണ്, പ്രത്യേകിച്ചും ഇണ ചേരുന്ന അവസരങ്ങളിൽ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പരസ്പരം സാന്നിധ്യം അറിയിക്കും. ആൺ കടുവയുടെ ഉച്ചത്തിലുള്ള വിളികളിൽ ആകൃഷ്ടരായി പെൺകടുവകൾ അവയെ തേടി എത്തും .
സാജിദ് ഹാപ്പി ആയിരുന്നു, ധ്യാനിയും . രാവിലെ തന്നെ കടുവ നമ്പർ 2 ആയല്ലോ . കളി കാര്യമാവുന്നുണ്ട് .

പുൽമേട്ടിലെ കടുവ ദർശനത്തിന് ശേഷം പെട്ടെന്ന് ഉൾവിളി പോലെ കുളത്തിനടുത്തു പോയി ആൺ കടുവയെ ഒന്ന് തിരഞ്ഞു നോക്കിയാലോ എന്ന് സാജിദ് . സാജിദിന്റെ വാക്കുകൾക്കിപ്പോ പൊന്നും വിലയാണ്. വിട്ടോ എന്ന് കോറസ്. അവിശ്വസനീയം എന്നതിനപ്പുറം ഒരു വാക്ക് നിഘണ്ടുവിൽ കാണുന്നില്ല കുളത്തിനടുത് ഞങ്ങളെ കാത്തിട്ടെന്ന പോലെ കോർബെറ്റിന്റെ പുരുഷ കേസരി . രണ്ടു ആൺ കടുവകളിൽ ഒരുവൻ . വെള്ളം കുടിച്ചു കയറിപ്പോകുന്ന പോക്കാണ് . ധൃതി പിടിച്ചുള്ള ചുരുങ്ങിയ ക്ലിക്കുകൾ . പോകുന്നതിനിടയിൽ തിരിഞ്ഞൊന്ന് നോക്കി ഒരു പോസ് , ഒരൊറ്റ സെക്കൻഡ് , കാട്ടിൽ ഒരു വന്യജീവി ഫോട്ടോഗ്രാഫർക്ക് മാത്രമുള്ള നിമിഷം. പിന്നെ പോ മോനെ ദിനേശാ സ്റ്റൈലിൽ ഒരു പോക്കും . മുഖത്തെ അവിശ്വസനീയത കണ്ട സാജിദിന്റെ സ്വത സിദ്ധമായ ചിരി, ധ്യാനിയുടെ കണ്ണിൽ അപ്പോഴും നിസ്സംഗത , നമ്മൾക്കിതൊക്കെ നിസ്സാരം എന്ന പോലെ . രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു കടുവകൾ . ഇതിലും മികച്ച കാഴ്ചകൾ ഇനി സ്വപനത്തിൽ മാത്രം. മൊത്തം രണ്ടു ദിവസത്തിനുള്ളിൽ മൂന്നു കടുവകൾ.

നമ്മുടെ അടുത്ത ടാർഗറ്റ് 'ബാച്ചാവാല ടൈഗർ 'ആണെന്ന് രാവിലെ ജിപ്സി എടുക്കുമ്പോൾ തന്നെ സാജിദ് പറഞ്ഞു . ധിക്കാലയിലെ അമ്മക്കടുവയേയും രണ്ടു കുഞ്ഞുങ്ങളെയുമാണ് ഉദ്ദേശിച്ചത് . ധ്യാനിയുമായി ചേർന്ന് പ്ലാനുകൾ തയ്യാറാക്കുകയാണ് . രണ്ടു പേരുടെയും ടൈഗർ ട്രാക്കിംഗ് വൈദഗ്ദ്യം ശെരിക്കും ബോധ്യമായ സഫാരിയായിരുന്നു അത് . രാവിലെ ഒന്നര മണിക്കൂറോളം ആനകളുടെ കൂടെ പോയി, വെയിൽ ചൂടാവുമ്പോഴേക്കും മക്കളെയും കൊണ്ട് 'അമ്മ പുറത്തു വരാൻ സാധ്യത ഉണ്ടെന്നാണ് നിരീക്ഷണം. ആനക്കൂട്ടങ്ങൾ അതിരാവിലെ നദി
മുറിച്ചുകടക്കുന്ന കാഴ്ചകൾ പകർത്തിയ ശേഷം വീണ്ടും കടുവ വഴിയിലേക്ക്. വഴിയിലെ ഓരോ അടയാളങ്ങളും വിശദമായി ശ്രദ്ധിച്ചും നിരീക്ഷിച്ചും ശബ്ദങ്ങളിലേക്ക് കാതോർത്തുമാണ് യാത്ര , വളരെ പതുക്കെ. കുറച്ചു ദൂരം ചെന്നപ്പോൾ സാജിദ് വണ്ടി നിർത്തി , പൊടി മണ്ണിൽ ആലേഖനം ചെയ്ത കാൽപാടുകളിലേക്ക് ആവേശപൂർവം കൈചൂണ്ടി , വലുതും ചെറുതുമായിട്ടുള്ള കടുവക്കാൽപാടുകൾ , കുറച്ചു ദൂരം അത് പാതയുടെ ഓരം ചേർന്ന് മുന്നോട്ട് പോയി പിന്നീട് ഇല്ലാതായിട്ടുണ്ട് .

Paaru 4

റോഡിനിരുവശവും ഉയരത്തിൽ പുല്ലുകൾ നിറഞ്ഞു നിൽക്കുന്ന കാടാണ്.കാൽപാടുകൾ അപ്രത്യക്ഷമായതിൽ നിന്നും കടുവകൾ പിന്നീടുള്ള സഞ്ചാരം കാടിനകത്തു കൂടെ ആക്കിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ് ,ആ വഴി അവസാനിക്കുന്നത് കുളത്തിനടുത്താണ് അങ്ങിനെയെങ്കിൽ കുളത്തിനടുത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാൻ സാധ്യത ഉണ്ട് .ജിപ്സി അങ്ങോട്ട് കുതിച്ചു .ഒരു 15 മിനുട്ട് എടുത്തു കുളത്തിനടുത് എത്താൻ .മുന്നിൽ ഒരു സഫാരി വാഹനം നിർത്തിയിട്ടിട്ടുണ്ട് .ഇരമ്പിയെത്തിയ ഞങ്ങളുടെ വാഹനത്തോട് നിർത്താൻ അതിൽ നിന്നും സിഗ്നൽ തന്നു , തല പുറത്തേക്കിട്ട് മിണ്ടരുതെന്ന സിഗ്നൽ വേറെയും , എന്നിട്ട് റോഡിന്റെ ഇടതു വശത്തുള്ള കുറ്റിക്കാട്ടിലേക്ക് കൈ ചൂണ്ടി കാണിച്ചു .സൂക്ഷിച്ചു നോക്കിയാൽ കാണാം , ഇലകൾക്കിടയിൽ സ്വർണ നിറത്തിലെ കറുപ്പ് വരകൾ ചലിക്കുന്നു , "ബച്ചേവാലാ " സാജിദ് പതുക്കെ പറഞ്ഞു . റോഡ് മുറിച്ചു കടക്കാനുള്ള തയ്യാറെടുപ്പിലാണ് , വ്യൂ ഫൈൻഡർ ലൂടെ ഫീൽഡ് നോക്കി 400mm പ്രൈം ലെൻസിൽ ഒന്നും കിട്ടില്ല അത്രയും അടുത്താണ്. വേഗത്തിൽ ലെൻസ് അഴിച്ചു മാറ്റി Tamaron 150-600 mm സൂം ലെൻസ് ഫിറ്റ് ചെയ്തു പരമാവധി വൈഡ് ആംഗിൾ ഇട്ടു . ഒരുക്കങ്ങള്ക് അത്രയും സമയം മതിയായിരുന്നു , തല പുറത്തേക്കിട്ട് റോഡിനിരുവശവും ഒന്ന് നോക്കി ,സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി അമ്മക്കടുവ റോഡിലേക്കിറങ്ങി . കുഞ്ഞുങ്ങളെയും കൂട്ടി ഇറങ്ങുമെന്ന് പ്രതീക്ഷിച്ച ഞങ്ങളെ ചെറുതായൊന്നു പറ്റിച്ചു , കടുവയുടേയും മക്കളുടെയും കുടുംബ ചിത്രം ആയിരുന്നു പ്ലാൻ ചെയ്തത് , കടുവയുടെ പ്ലാൻ പക്ഷെ അതായിരുന്നില്ല.

റോഡിനു നടുവിലൂടെ തലയുയർത്തിപ്പിടിച്ച ആത്മവിശ്വാസത്തോടെ ചുവടുകൾ വെച്ചു കോർബെറ്റിന്റെ പ്രൗഢയായ 'അമ്മ, വീണ്ടും കടുവ കൈയെത്തും ദൂരത്തു , തൊട്ടു മുന്നിലെത്തി റോഡ് മുറിച്ച കടന്നു കുളത്തിലേക്കുള്ള കാട് മൂടിയ വഴിയിൽ മറഞ്ഞു , ഭക്ഷ്യ ശൃംഖലയിലെ ഉന്നത ശ്രേണിയിലുള്ള കടുവകൾക്ക് കാട്ടിൽ ശത്രുക്കളില്ല, കാട്ടിൽ കടുവകൾക്ക് വേട്ടക്കാരന്റെ റോൾ മാത്രമേ ഉള്ളൂ. സസ്യഭൂക്കുകളുടെ എണ്ണം നിയന്ത്രിച്ചു കാടിന്റെ ജൈവ സന്തുലനം കാത്തു സൂക്ഷിക്കുക എന്നതാണ് മാംസഭുക്കുകളിൽ (Carnivores) പ്രഥമ സ്ഥാനത്തുള്ള കടുവകളുടെ ജൈവിക ധർമം .തന്റെ കരുത്തിനെ കുറിച്ചുള്ള വ്യക്തമായ ബോധവും ശത്രുക്കളില്ല എന്ന ആത്മവിശ്വാസവും കടുവകൾക്ക് ഉണ്ട്, അത് കൊണ്ട് തന്നെയാവണം തുറന്ന വഴികളിലൂടെ ഭയമേതുമില്ലാതെ സഞ്ചരിക്കാനും വളരെ സാവധാനം ചുവടുകളുറപ്പിച്ചു നടക്കാനും കടുവക്കു കഴിയുന്നത് . പിന്നീട് കുഞ്ഞുങ്ങളുടെ ഊഴമായിരുന്നു , കാര്യമായി മുഖം തരാതെ ആദ്യത്തെ കുഞ്ഞു കടന്നു പോയി, തൊട്ടു പുറകെ വന്ന കടുവക്കുഞ്ഞ ഒറ്റയോട്ടത്തിനു മറു വശത്തെത്തി, പെൺ കുഞ്ഞാണ്, അല്പം നാണക്കാരിയാണെന്ന് സാജിദ് . മൂന്നു പേരും മറുവശത്തു എത്തിക്കഴിഞ്ഞു , ഇനി ഏതു നിമിഷവും കുളത്തിൽ പ്രത്യക്ഷപ്പെടാം , ചുറ്റും ഒരാൾപൊക്കത്തിൽ പുല്ലുകൾ വളർന്നു നില്ക്കുന്നത് കൊണ്ട് കടുവകളുടെ നീക്കങ്ങൾ കൃത്യമായി അറിയാൻ കഴിയില്ല , എല്ലാ കണ്ണുകളും കുളത്തിലേക്ക് , നിമിഷങ്ങൾക്കുള്ളിൽ പുൽത്തലപ്പുകൾക്കിടയിൽ അമ്മക്കടുവയുടെ തല കണ്ടു, സസൂക്ഷ്മം ചുറ്റുപാടും വീക്ഷിച്ച ശേഷം പതുക്കെ നടന്നു വെള്ളത്തിനടുത് എത്തി. കുറച്ചു നേരം വെള്ളത്തിലേക്ക് കണ്ണാടി നോക്കുന്ന പോലെ നോക്കി നിൽപ് ,

പിന്നെ പതിഞ്ഞിരുന്ന് സ്വതസിദ്ധമായ കടുവ ശൈലിയിൽ ആസ്വദിച്ചുള്ള വെള്ളം കുടി, ദാഹം തീർത്ത ശേഷം വന്നവഴി തിരികെ , ഊഴം കാത്തു നിന്നിട്ടെന്ന പോലെ ആദ്യത്തെ കുഞ് കുളത്തിലിറങ്ങി സാവധാനം ദാഹം തീർത്തു. കടുവ നടത്തങ്ങളും ചലനങ്ങളും അവൻ (ആൺ കുഞ്ഞാണെന്നു സാജിദും ധ്യാനിയും) പഠിച്ചു തുടങ്ങിയിട്ടുണ്ട് ,നടത്തിലും ഇരിപ്പിലും കടുവ ഭാവങ്ങൾ വരുന്നുണ്ട്.അടുത്ത ഊഴം പെണ്കുഞ്ഞിന്റെതാണ്, ചെടികൾക്കിടയിൽ നിന്നും ഒറ്റ ഓട്ടത്തിന് വെള്ളത്തിനടുത് വന്നു അല്പം വെള്ളം കുടിച്ചെന്നു വരുത്തി അതേ വേഗത്തിൽ തിരിച്ചു ഓടിപ്പോയി .ചുറ്റുമുള്ള നുഴഞ്ഞു കയറ്റക്കാരെ കണ്ട വല്ലാതെ പേടിച്ച മട്ടാണ് .ഒന്നിച്ചിരുന്നു വെള്ളം കുടിക്കുന്ന കടുവാ കുടുംബത്തിന്റെ ചിത്രം ആയിരുന്നു മനസ്സിൽ കണ്ടത് , കാടിന്റെ രീതികൾ തീരുമാനിക്കുന്നത് നമ്മളല്ലല്ലോ.. സാജിദും ധ്യാനിയും അഭിമാനത്തോടെ ഞങ്ങളെ നോക്കി, കടുവകൾ മൊത്തം ആറായി, കോർബെറ്റിലെ മൂന്നാം ദിവസമാണ്, ഇതിനകം തന്നെ ആര് വ്യത്യസ്ത കടുവകളെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു .ധിക്കാല സോണിൽ രണ്ടു കുഞ്ഞുങ്ങളടക്കം മൊത്തം എട്ടു കടുവകളാണ് ഉള്ളതെന്നാണ് അനൗദ്യോഗിക ഭാഷ്യം.

Paaru 5

വിജയകരമായി മൂന്നാം ദിവസവും സഫാരി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം എല്ലാവര്ക്കും ഉണ്ട് .അവസാന ദിവസം രാവിലെയുള്ള സഫാരി മാത്രമേ കാര്യമായി ഉണ്ടാവൂ.ഉച്ചക്ക് ശേഷം ധിക്കാലയിൽ നിന്നും രാംനഗറിലേക്കുള്ള മടക്ക യാത്രയാണ് അതും ഒരു സഫാരിയായി കണക്കാക്കണം .അഞ്ചു മണിക്ക് മുൻപ് കർശനമായും മെയിൻ ഗേറ്റ് കടക്കേണ്ടത് കൊണ്ട് കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നില്ല , ഒരു വിട വാങ്ങൽ ചടങ്ങു പോലെയായിരിക്കും സഫാരി, എങ്കിലും നഷ്ടബോധമില്ല പ്രതീക്ഷിച്ചതിലും കൂടുതൽ കോർബെറ്റ് തന്നു കഴിഞ്ഞു. അവസാന ദിവസം പ്രതീക്ഷിച്ച പോലെ ചടങ്ങു തീർക്കലായിരുന്നു , ആനകളും, പക്ഷികളുമൊക്കെയായി കാഴ്ചകൾ വേറൊരു തലത്തിലേക്ക് . ധിക്കാലയിൽ നിന്നുള്ള മടക്ക യാത്രയാണ് ഉച്ചക്ക് ശേഷം , അത് കൊണ്ട് തന്നെ ഒരു യാത്ര ചോദിക്കൽ മൂഡിലാണ് , മൂന്ന് ദിവസങ്ങൾ കോർബെറ്റിന്റെ മണ്ണിൽ ക്യാമറ കൊണ്ടുള്ള കടുവ വേട്ടകളുടെ ഹരം പിടിപ്പിക്കുന്ന ഓർമകളും,ആന ജീവിതങ്ങളുടെ അത്ഭുത കാഴ്ചകളുടെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും മനസ്സിൽ സൂക്ഷിച്ചു വീണ്ടും വരാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടുള്ള മടക്ക യാത്ര. പകുതി ദൂരം പിന്നിട്ടപ്പോൾ മുതൽ മാനുകളും, കുരങ്ങുകളും പക്ഷികളും അപായ സൂചനകൾ കൊടുത്തുകൊണ്ടിരിക്കുന്നുണ്ട് , കരഞ്ഞും ബഹളം വെച്ചും കാട് മുഴുവൻ സർവത്ര മേളം . അത് ഞങ്ങൾ സഞ്ചരിക്കുന്ന റോഡിന് സമാന്തരമായി കാടിനകത്തു കൂടെ നീങ്ങുന്നുണ്ട്, കടുവ സഞ്ചരിക്കുന്നതിന്റെ വ്യക്തമായ സൂചന . 

ഇത് മറ്റൊരു ആൺ കടുവയുടെ ഏരിയയാണ് എന്ന് സാജിദ് യാത്രക്കിടയിൽ പറഞ്ഞിരുന്നു, കടുവ വഴികളിൽ വീണ്ടും എത്തിയേക്കാം. വഴിക്ക് വെച്ച ഒരു മലമുഴക്കി വേഴാമ്പലിനെ കണ്ടു. കോർബെറ്റിൽ അതിനെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് ഒരു കൗതുകം തോന്നി , പടമെടുക്കാൻ ഒരു വിഫല ശ്രമം നടത്തി , കൊമ്പുകൾക്കിടയിൽ മറഞ്ഞിരുന്നത് കൊണ്ട് ഫോക്കസ് കിട്ടുന്നില്ല , കൂടുതൽ നിന്നില്ല വിട്ടു പോയി. കഷ്ടിച്ചു ഒരു കിലോമീറ്റർ ചെന്നപ്പോൾ കൂടെ വന്നിരുന്ന വാഹനം റോഡിൽ കിടക്കുന്നു , അസാമാന്യ വലിപ്പമുള്ള ആൺ കടുവ സെക്കന്ഡുകള്ക്ക് മുൻപ് റോഡിലേക്ക് വന്നെന്നും കാടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടെന്നും അവരുടെ വിവരണം. സെക്കന്റുകളുടെ വ്യത്യാസം, മലമുഴക്കി വഴി മുടക്കിയതാണ് . അൽപ നേരം അവിടെ കാത്തിരുന്നു. സമയക്കുറവ് ഒരു പ്രശ്നമായിരുന്നു. കോർബെറ്റിലെ ഇനിയുള്ള കാഴ്ചകൾ അടുത്ത വരവിനു വേണ്ടി മാറ്റി വെച്ചതായിരിക്കും . കാട്ടിലെ കാഴ്ചകൾക്ക് അവസാനം ഇല്ലല്ലോ ..കൂടുതൽ കൂടുതൽ പോകുന്തോറും കാഴ്ചകളുടെ മായാലോകം കാണിച്ചു പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും ...യാത്രികൻ തന്റെ യാത്രകളെല്ലാം കാടിന് വേണ്ടി മാറ്റിവെച്ച് കൊണ്ടേ ഇരിക്കും ...