ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്ന അമൂല്‍  സഞ്ചാരികളുടേയും പറുദീസയാകുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള വിനോദ സഞ്ചാരികള്‍, ഗവേഷകര്‍, കര്‍ഷകര്‍, നയതന്ത്ര ആസൂത്രണ വിദഗ്ദര്‍, വിദ്യാര്‍ത്ഥികള്‍, ഭരണ കര്‍ത്താക്കള്‍.. എല്ലാം ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ ഉദാത്ത മാതൃകയായ അമൂല്‍ ദിനം പ്രതി സന്ദര്‍ശിക്കുന്നു. മലയാളികള്‍ക്ക് അഭിമാനമായ അമൂല്‍ കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വി.കുര്യന്റെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളും അമൂല്‍ വളര്‍ച്ചക്ക് നിദാനമായിട്ടുണ്ട്.

Amul 3

ക്ഷീര കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയും വിപണിയില്‍ ഇടനിലക്കാരുടെ ചൂഷണം നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ട കര്‍മ്മനിരതനായ സ്വാതന്ത്ര്യ സമര സേനാനി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുന്‍കയ്യെടുത്താണ് 1946 ഡിസംബര്‍ 14 ന് അമൂല്‍  സഹകരണ സംഘം രൂപീകൃതമായത്. ഗുജറാത്തിലെ ആനന്ദ്, കൈറ, മാഹി ഡഗറിലെ രണ്ട് താലുക്കുക്കളിലേയും കൂടി 18,554 ഗ്രാമങ്ങളിലെ 3.6 മില്യണ്‍ കര്‍ഷകര്‍ ഇന്ന് അമൂല്‍ സഹകരണ സംഘത്തിലെ പാല്‍ ഉത്പാദകരാണ്. 20.4 മില്യണ്‍ ലിറ്റര്‍ പാല്‍ ഉദ്പ്പാദിപ്പിക്കുന്ന സംഘത്തിന്റെ ടേണ്‍ ഓവര്‍ 42000 കോടി രൂപയാണ്.

പാല്‍ ഉത്പ്പാദിപ്പിച്ച് വൈവിധ്യങ്ങളായ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന അമൂല്‍ ഇന്ന് ആഗോള  പാല്‍ ഉത്പ്പാദന വിപണിയിലെ  മികച്ച ബ്രാന്‍ഡാണ്. ഇത് തന്നെയാണ് അമുല്‍ മാതൃക കാണാനും രുചിക്കാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ മാതൃകാ സ്ഥാപനം കൂടിയാണിന്ന് അമൂല്‍. കേരളത്തിലെ ക്ഷീര സംഘങ്ങള്‍ക്ക് അമൂല്‍ മാതൃകാ  സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചതും  ഇതാണ്.

Amul 2

അമൂല്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യങ്ങള്‍  വര്‍ധിക്കുകയും  മറ്റ്  സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ വന്നതിനാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍  ഉള്ള ഒരുക്കത്തിലാണവര്‍. ലോക വിപണിയില്‍ പാല്‍ ഉത്പ്പന്നങ്ങളെ  ബ്രാന്‍ഡ് ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഫാം കംപര്‍ഷന്‍ ( ICFN,) റാങ്കിങ്ങില്‍ പതിനെട്ടാമതായി അമൂല്‍ ഇടം നേടിയത്  ഇന്ത്യക്ക് അഭിമാനമാണ്. ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതില്‍ അമൂല്‍ മാതൃക  പിന്തുടരണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഇന്ത്യന്‍ കര്‍ഷകര്‍ക്ക്  വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അഹമ്മദാബാദില്‍ 70 കിലോമീറ്റര്‍ അകലെയുള്ള ആനന്ദ് അമൂലില്‍ റോഡ് മാര്‍ഗ്ഗവും  തീവണ്ടി മാര്‍ഗവും എത്താം.

സാമൂഹ്യ  സംരംഭകത്വത്തിന്റെ മികച്ച മാതൃകയായ അമൂല്‍ ഒരിക്കലെങ്കിലും പോയി കണ്ടും ഉത്പ്പന്നങ്ങള്‍ രുചിച്ചും അറിയണം.