യാത്രകള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് സഞ്ചാരിയും മാതൃഭൂമിയും ചേര്‍ന്ന് നല്‍കുന്ന പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

 

ക്രിസ്മസ് അവധി തുടങ്ങുന്നതിന് മുമ്പ് ഒരു വൈകുന്നേരം ചാനലുകള്‍ പരതി വീട്ടില്‍ വെറുതേയിരിക്കുമ്പോഴാണ് ഒരു യാത്രയുടെ തീപ്പൊരി മനസ്സില്‍ വന്നു വീണത്. ഒരുപാട് പ്ലാനിങ്ങുകളൊന്നുമില്ലാതെ സംഭവിക്കുന്ന യാത്രകളാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. അന്ന് പതിവില്ലാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പരാതിയും പരിഭവവുമായി തള്ളക്കോഴിയുടെ കൊത്തിപ്പറക്കല്‍ പോലെ അമ്മയും അടുത്തുണ്ടായിരുന്നു...

അധികം മുഖവുരയൊന്നുമില്ലാതെ അമ്മയോടു ചോദിച്ചു..'നാളെ ഒരു യാത്ര പോകുന്നു.,വരുന്നോ..?

യാത്രകള്‍ ഒരുപാടിഷ്ടമുള്ളയാളാണ് അമ്മ. വാര്‍ദ്ധക്യത്തിന്റെ അവശതകളിലും ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നൊരാള്‍. ആ യാത്രകളൊക്കേയും മിക്കപ്പോഴും ആരാധനാലയങ്ങളിലേയ്‌ക്കോ, വീടിനടുത്തുന്ന് തന്നെ പുറപ്പെടുന്ന ടൂറിസ്റ്റ് ബസ്സുകളിലെ മൂന്നോ നാലോ ദിവസത്തെ ലോക്കല്‍ ടൂറുകളോ ആകാറാണ് പതിവ്..പലപ്പോഴും എന്റെ യാത്രയില്‍ അമ്മയെ കൂടി കൂട്ടാന്‍ കഴിയാറില്ല. അതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

'വരുന്നെടാ....എന്നെക്കൂടി കൊണ്ട് പോടാ....'

നേരിയ യാചനയുടെ മണമുള്ള അമ്മയുടെ മറുപടി വന്നുവീണതെന്റ മനസ്സിലാണ്... അതെന്നെ കൊണ്ടു നിര്‍ത്തിയത് എവിടെപ്പോയാലും തന്നെക്കൂടിക്കൊണ്ടുപോകാന്‍ അമ്മയുടെ സാരിയില്‍ തൂങ്ങി കരയാറുണ്ടായിരുന്ന ഒരു ആറുവയസ്സുകാരന്റെ ഓര്‍മ്മകളിലേയ്ക്കാണ്...ഏറ്റവും വലിയ സഞ്ചാരിയായ കാലം ഇന്ന് കഥാപാത്രങ്ങളെ പരസ്പരം മാറ്റി വച്ചിരിക്കുന്നു....വല്ലാത്ത നൊമ്പരക്കനമുള്ള ഓര്‍മ്മകള്‍...ഒന്നും പറയാതെ അമ്മയുടെ പ്രായക്കലകള്‍ അതിര്‍ത്തിവരച്ചു തുടങ്ങിയ കണ്ണുകളിലേയ്ക്കു നോക്കി....

'എവിടേയ്‌ക്കെന്നു പറയുന്നില്ല. നാളെ രാവിലെ നമ്മളൊരു യാത്ര പോകുന്നു...തിരിച്ചെത്താന്‍ വൈകിയേക്കും. പറ്റുമെങ്കില്‍ അമ്മ രണ്ടു പൊതിച്ചോര്‍ ഉണ്ടാക്കണം, കുറച്ചു വെള്ളവും..'(ഇതിനെക്കുറിച്ച് വിശദമായി പിന്നീട്.)

ഇത് പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്ത തിളക്കമുണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് തലേന്നു രാവിലെ ഒമ്പതുമണിയോടുകൂടി ഞങ്ങളുടെ യാത്ര ആരംഭിക്കുകയാണ്.

Alappuzha 1

ഇനി യാത്രയിലേയ്ക്ക്..

ലക്ഷ്യം രാവിലെ പത്തരമണിക്ക് കൊല്ലത്തു നിന്ന് ആരംഭിച്ചു വൈകുന്നേരം ആറരയോടെ ആലപ്പുഴയിലവസാനിക്കുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കൊല്ലം ആലപ്പുഴ പ്രതിദിന ബോട്ടു സര്‍വീസാണ്. കേവലം 400 രൂപയ്ക്ക് കൊല്ലത്തിന്റേയും ആലപ്പുഴയുടേയും കായല്‍ഭംഗി നുകര്‍ന്ന് ഒരു ദിനം മുഴുവന്‍ ചെലവഴിക്കാനാകുന്ന സൗകര്യമാണ് ഈ ബോട്ടു സര്‍വീസ് നമുക്ക് നല്‍കുന്നത്. നിലവില്‍ സംസ്ഥാന ജലഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന ഏറ്റവും നീളമുള്ള സര്‍വീസും ഇതുതന്നെ... നമ്മുടെ യാത്രയെ ഘട്ടം ഘട്ടമായി പരിചയപ്പെടാം...

1. സമയം

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണല്ലോ വിജയന്‍ ദാസനോടു പറഞ്ഞിട്ടുളളത്. അതുപോലെ നമ്മുടെ ബോട്ട് കൊല്ലത്തുനിന്ന് പുറപ്പെടുന്നത് രാവിലെ പത്തരയ്ക്കാണ്. എങ്കിലും ഒരു ഒമ്പതരയോടുകൂടിയെങ്കിലും ബോട്ടുജെട്ടിയിലെത്തിയാല്‍ നന്ന്. കാരണം ഈ യാത്ര നന്നായി ആസ്വദിക്കണമെങ്കില്‍ ബോട്ടിന്റെ മുകള്‍ നിലയിലിരിക്കണം. ആദ്യം ഫുള്ളാകുന്നതും ഇവിടെത്തന്നെ. ഏകദേശം ഇരുപതു സീറ്റോളമാണ് മുകളിലുള്ളത്. സര്‍ക്കാര്‍ വാഹനമായതുകൊണ്ട് ഒന്ന് രണ്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളിലെ അവസാന ബഞ്ചുപോലെ ആടിക്കളിച്ചിരിക്കും. ഇരുന്നില്ലെങ്കില്‍ അതു ചിരിക്കും. ഇരുന്നാല്‍ അതുകണ്ട് മറ്റുള്ളവര്‍ ചിരിക്കും. അത്രതന്നെ....

(ഏകദേശം ഇതേ സമയത്തുതന്നെ ആലപ്പുഴയില്‍ നിന്നും ഒരു ബോട്ട് കൊല്ലത്തേയ്ക്കും യാത്ര തിരിക്കുന്നുണ്ട്. കൊല്ലത്തുനിന്നുള്ള ബോട്ടില്‍ കയറിയാല്‍ ആലപ്പുഴയിലെ അസ്തമയം കാണാം..തിരിച്ചും. ഏതുവേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.)

House Boat

2. വാഹനം

കുറച്ചുകൂടി നല്ലൊരു ബോട്ട് ഓടിക്കാമായിരുന്നില്ലേ എന്ന് ആര്‍ക്കും തോന്നും. സര്‍ക്കാര്‍ ജോലിയൊഴികെ സര്‍ക്കാര്‍ വകയെന്നു കേള്‍ക്കുമ്പോള്‍ സാധാരണ നമുക്ക് (സായിപ്പിനല്ല) ഉണ്ടാകുന്ന പുച്ഛം മനസ്സിലുണ്ടെങ്ങില്‍ പിന്നെ കുഴപ്പമില്ല.

Boat 2

3. സഹയാത്രികര്‍

ധാരാളം സായിപ്പന്‍മാരും മദാമ്മമാരും തമിഴന്‍മാരും സാധാരണ കാണും. രസകരമായ ഒന്നു രണ്ടു സഹയാത്രികരുണ്ടായിരുന്നു. യാത്രയുടെ ചെറിയ വിരസതയകറ്റാന്‍ ഇവരൊക്കെ ധാരാളം. അതിലൊരു സായിപ്പ് തനി മലയാളിവേഷത്തില്‍ ജുബ്ബയുമിട്ട് മുണ്ടും മടക്കിക്കുത്തി ബൈനോക്കുലറില്‍ നോക്കിക്കൊണ്ട് വൗ..ബ്യൂട്ടിഫുള്‍ എന്നുപറഞ്ഞുകൊണ്ട് തെക്കുവടക്ക് നടക്കുകയായിരുന്നു യാത്ര തീരും വരെ. ഞങ്ങള്‍ക്കുമുന്നിലെ സീറ്റിലുണ്ടായിരുന്ന മദാമ്മമാര്‍ ഇടയ്ക്കു ഫോട്ടോയെടുക്കുകയും ഒരു നോട്ടുബുക്കില്‍ എന്തൊക്കെയോ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ നാട്ടിലെ സഞ്ചാരം ഗ്രൂപ്പിനു വേണ്ടിയാണോ എന്തോ. സാധാരണ ഞാനിവരോട് കയറി കമ്പനികൂടാറാണ് പതിവ്. അമ്മയുള്ളതുകൊണ്ട് ഇത്തവണ നല്ല കുട്ടിയായി. മാത്രമല്ല അവരുടെ വേഷം അമ്മയ്ക്കങ്ങോട്ടു ദഹിച്ചിട്ടുമില്ല...

Foriegner

4. കാഴ്ചകള്‍

യാത്ര തുടങ്ങുന്നതുമുതല്‍ കാഴ്ചകള്‍ തുടങ്ങുകയായി.അഷ്ടമുടിയുടെ മനോഹരതീരത്ത് അലസമായി കിടക്കുന്ന ഹൗസ് ബോട്ടുകളാണ് ആദ്യ കാഴ്ച. അല്‍പ്പസയത്തിനകം നമ്മള്‍ തേവള്ളി പാലത്തിനരികിലെത്തും. അതിനടുത്താണ് കടവൂര്‍ പള്ളിയും ഇപ്പോള്‍ കൊല്ലത്തിന്റെ ആതിഥേയത്തിന്റെ അടയാളമായ റാവിസ് ഹോട്ടലും. പ്രമുഖ വ്യവസായി രവിപിള്ളയ്ക്കുവേണ്ടി ഒരു പഴയ ബോട്ട് സര്‍വീസ് യാര്‍ഡില്‍ തനി കേരളിയ വാസ്തുശില്‍പ്പവിധിയില്‍ ഈ മനോഹരസൗധം പടുത്തുയര്‍ത്തിയത് പ്രശസ്ത ആര്‍ക്കിടെക്ട് യൂജിന്‍ പണ്ടാലയാണ്. അതിനടുത്തു തന്നെ വിളക്കമ്മ പ്രതിമ.

Thevalli

യാത്രയില്‍ നമ്മളറിയാതെ തന്നെ അഷ്ടമുടിയുടെ തീരങ്ങള്‍ കടലുപോലെ വലുതാകുകയും ഒരു തോടുപോലെ ചെറുതാകുകയും ചെയ്യും. ആയിരംതെങ്ങിലെത്തുമ്പോള്‍ നിരനിരയായി അടുക്കിയിട്ട വലിയ മത്സ്യബന്ധനബോട്ടുകളാണ് ഒരു കാഴ്ച. തീരത്തും തീരത്തോടുചേര്‍ന്നും അനേകം പക്ഷികളും തീരത്തെ ചെറുതും വലുതുമായ വീടുകളും പള്ളികളും ജീവിതങ്ങളും കണ്ണിനു വിരുന്നാകും. കണ്ടല്‍ക്കാടുകളും ധാരാളം റിസോട്ടുകളും ഒട്ടനവധി പാലങ്ങളും കടന്ന് നമ്മള്‍ അഴീക്കലിനടുത്തെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിനായി തീരത്തിനടുത്തുള്ള ഒരു ഹോട്ടലിലേയ്ക്കടുപ്പിക്കുമ്പോള്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോളമാകും. ഇരുപതു മിനിട്ടാണ് ഭക്ഷണസമയം.

Ferry

ഉച്ചയ്ക്ക് ശേഷമുള്ള യാത്രയില്‍ നമ്മളെത്തുക കാട്ടില്‍ കടവുക്ഷേത്രത്തിനടുത്താണ്. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ ആസ്ഥാനമായ അമൃതപുരിയുടെ കവാടത്തിലെത്തും. അവിടെ നിന്ന് ആളുകള്‍ കയറാനും ഇറങ്ങാനുമുണ്ടാകും. തുടരുന്ന യാത്ര അഷ്ടമുടിയുടെ ഓളങ്ങളെ വിട്ട് കായംകുളം കായലിനെ കൂട്ടുപിടിക്കും. മലയാളത്തിന്റ മഹാകവി കുമാരനാശാന്‍ ആഴത്തിലേയ്ക്കു മറഞ്ഞുപോയ പല്ലനയാറിന്റെ തീരത്തെത്തുമ്പോള്‍ വീണപൂവിലേയോ നളിനിയിലേയോ വരികള്‍ അറിയാതെ മനസ്സിലെത്തും. അടുത്തുതന്നെ കുമാരനാശാന്‍ സ്മൃതി ശില്‍പ്പവും പ്രതിമയുമുള്ള പല്ലന സ്‌കൂള്‍.

Pallana

തുടര്‍ന്ന് കുമാരകോടിയിലൂടെ തുടരുന്ന യാത്ര ഒരു ചെറിയ നടപ്പാലത്തിനു സമീപം ചായയ്ക്കായി നിര്‍ത്തുമ്പോള്‍ സമയം വൈകുന്നേരം മൂന്നുമണിയാകും. പത്തുമിനിട്ട് ചായ ബ്രേക്കിനുശേഷം യാത്ര ആലപ്പുഴയിലേയ്ക്ക് കടക്കുകയാണ്. നമ്മുടെ യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഭാഗമാണിത്. കായല്‍ തീരത്തെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് നമുക്കു മുന്നിലെത്തുക. അലസമായി ചൂണ്ടയിടുന്ന നാട്ടുകാര്‍., പശുവുമായി വരമ്പത്തുകൂടെ നടന്നുപോകുന്ന അമ്മമാര്‍,ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍,തുണിഅലക്കുന്ന സ്ത്രീകള്‍,കായല്‍ ച്ചുഴികളില്‍ മുങ്ങാംകുഴിയിടുന്ന കുസൃതി കുരുന്നുകള്‍, താറാക്കൂട്ടങ്ങള്‍.വള്ളത്തില്‍ വീട്ടുസാധനങ്ങളുമായിപ്പോകുന്ന വീട്ടുകാര്‍ അങ്ങനെ നമ്മള്‍ സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള വിഷ്വലുകള്‍ പലതും കണ്‍മുന്നിലേയ്‌ക്കോടിയെത്തും. മനോഹരമായ ഒരനുഭവമാണത്. ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ട കാഴ്ചകള്‍...!!

Life

പുന്നമടക്കായലിലെത്തുമ്പോള്‍ അസംഖ്യം കെട്ടുവള്ളങ്ങളാണ് നമ്മെ വരവേല്‍ക്കുക. തീരം അപ്പോഴേയ്ക്കും അസ്തമയത്തിന് തയ്യാറെടുക്കുകയാവും. മനോഹരമായ അസ്തമയമാണ് ആലപ്പുഴയിലേത്. വാക്കുകള്‍കൊണ്ടോ ചിത്രങ്ങള്‍ കൊണ്ടോ വരച്ചിടാവുന്നതിനപ്പുറം മനോഹരം....!!! അവസാനം ആലപ്പുഴയുടെ തീരത്തെത്തുമ്പോള്‍ സമയം ആറരയോടടുക്കും. എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ബോട്ടുയാത്ര ഇവിടെ അവസാനിക്കുകയാണ്....

Boats

5 .ഭക്ഷണം

ബോട്ടിലൂടെയുള്ള യാത്രയായതിനാല്‍ യാത്രികര്‍ക്ക് അധികം ചോയ്‌സുകളില്ല. ഉച്ചഭക്ഷണത്തിനും ചായയ്ക്കുമായി നിര്‍ത്തുന്നടത്തെ ഭക്ഷണവും റേറ്റുകളുമായി പൊരുത്തപ്പെട്ടേ പറ്റൂ. കുടുംബവും കുട്ടികളുമായി വരുന്നവര്‍ ലഘുഭക്ഷണം കരുതുന്നത് നല്ലതാണ്. ഇനി നമ്മുടെ പൊതിച്ചോറിനെപ്പറ്റി. അമ്മയോടുള്ള യാത്രയില്‍ ഗൃഹാതുരയുടെ വറ്റുകള്‍ ഒന്നുകൂടി ഉണ്ണണമെന്നതൊരാഗ്രഹമായിരുന്നു. ഇന്നലെകളിലെവിടെയോ മറന്നുപോയ ഒരു പള്ളിക്കൂടക്കാരനെ ഒന്നോര്‍ക്കാന്‍ വേണ്ടിമാത്രം ഞാനാ പൊതിച്ചോര്‍ തുറന്നു വച്ചു. വാട്ടിയ വാഴയിലയുടെ മണം ഒരിക്കല്‍ കൂടി അതും ആ മനോഹരതീരത്തീല്‍ അമ്മയോടൊപ്പം...!! ആഹാ...! പലര്‍ക്കുമത് മനസ്സിലാകില്ല.

Food

6. സാരഥികള്‍

വളരെ നല്ല സമീപനമാണ് ബോട്ടിലെ ജീവനക്കാരുടേത്. പലതും വിവരിക്കാനും സ്ഥലനാമങ്ങള്‍ പറഞ്ഞു തരാനും കാഴ്ചകള്‍ കാട്ടിത്തരാനും അവരൊപ്പമുണ്ടായിരുന്നു.

Boat 3

7. ആശങ്കകള്‍

യാത്രക്കാര്‍ക്കായി ബോട്ടിലൊരു ബാത്ത്‌റൂമുണ്ടെങ്കിലും അതിലേയ്ക്കുള്ള വഴികണ്ടുപിടിക്കുന്നതും പോകുന്നതും മുഹമ്മദ് അലിയോട് ബോക്‌സിംഗിനു പോകുന്നതും ഏതാണ്ട് ഒരു പോലെയാണ്. ലൈഫ് ജാക്കറ്റുകള്‍ ബോട്ടിന്റെ താഴത്തെ നിലയില്‍ സുരക്ഷിതമായി കെട്ടി വെച്ചിട്ടുണ്ട്. വേറേ എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാല്‍ അതിനു പിറ്റേന്നു മുതല്‍ ഉപയോഗിക്കാനുള്ളതാണത്. നമ്മള്‍ കയറുന്നവയില്‍ അപകടം ഉണ്ടാവില്ലല്ലോ അല്ലേ...?? തട്ടേക്കാടും തേക്കടിയും ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ..

Boat 4

ഒരു പിന്‍കുറിപ്പുകൂടി..

ഒരു ബുള്ളറ്റ്, പ്രിയ കൂട്ടുകാര്‍, ഭാര്യ തുടങ്ങിയതാണ് ഒരു സാധാരണ യാത്രയുടെ ചേരുവകള്‍. എന്നാല്‍ ക്ഷണിക്കപ്പെടാത്തതുകൊണ്ടോ അവസരങ്ങള്‍ വഴിമാറിപ്പോകുന്നതുകൊണ്ടോ യാത്രകള്‍ മനസ്സിലൊളിപ്പിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. അത് അമ്മയാകാം അച്ഛനാകാം സഹോദരരാകാം.വല്ലപ്പോഴുമൊരിക്കല്‍ അവരെക്കൂടെ ചൂണ്ടുവിരലിനൊപ്പം കൂട്ടുക.. ചില മനസ്സുകള്‍ വല്ലാതെ നിറയുന്നത് നമുക്കറിയാനാകും..... അപ്പോള്‍ യാത്രകള്‍ തുടരട്ടെ.....! ശുഭയാത്ര.....

sunset