ചിലന്തിയാറിലേക്കുള്ള നടപ്പിനിടെ മൂന്നാര്‍ ടോപ്സ്റ്റേഷനിലെ ഗൈഡ് മനോഹരനാണ് ആദ്യമായൊരു കുറിഞ്ഞിയെ കാട്ടിത്തന്നത്. ഏഴുവര്‍ഷം മുമ്പത്തെ ഒരു ഡിസംബറായിരുന്നു അത്. മുതുവാന്‍ ഗോത്രക്കാരുടെ ഊരിലേക്കുള്ള മലഞ്ചെരിവിന്റെ പൊക്കിള്‍ത്തടത്തില്‍നിന്ന് ഉയരുന്നതേയുണ്ടായിരുന്നുള്ളൂ ആ കുറിഞ്ഞി. കുഞ്ഞുങ്ങളുടെ കവിള്‍ത്തടത്തിലും താടിയിലുമൊക്കെ തൊടുന്നതുപോലെ മനോഹരന്‍ ആ കുറിഞ്ഞിയുടെ ഇലകളെ മെല്ലെ തൊട്ടു: ''ഇനിയും അഞ്ചാണ്ടുകള്‍ക്കപ്പുറം ഇവള്‍ സിരിക്കും''

Neelakkurinji 1

അന്നത്തെ ആ കുഞ്ഞുകുറിഞ്ഞിയിപ്പോള്‍ വല്യ ആളായി 'സിരി'ക്കുന്നുണ്ടാകുമോ? കുറിഞ്ഞികാണാനുള്ള യാത്രയില്‍ മുഴുവന്‍ അതായിരുന്നു ചിന്ത. മൂന്നാറിലേക്കുള്ള പാതകള്‍ ഒന്നുകൂടി ഇടുങ്ങിയിരിക്കുന്നു. വഴിയോരങ്ങളില്‍ പ്രളയം തറച്ച മൈല്‍ക്കുറ്റികള്‍. പലയിടത്തും ഒറ്റവരിയാണ് വാഹനങ്ങളുടെ വരവും പോക്കും. മൂന്നാറിന്റെ പ്രളയമുറിവുകള്‍ വെച്ചുകെട്ടുന്നതേയുള്ളൂ. മലഞ്ചെരിവുകളുടെ പച്ചപ്പിനുമീതെ ഉരുള്‍പൊട്ടിയൊലിച്ച ചോരപ്പാടുകള്‍! പ്രളയംമുതല്‍ മൂന്നാറിന്റെ തിരക്കുകള്‍ സീറോ ഡിഗ്രിയിലേക്കും പിന്നെ മൈനസിലേക്കും പോയി. നീലക്കുറിഞ്ഞിയുടെ തലവെട്ടം കണ്ടതോടെ തിരക്കിന്റെ താപനില ഉയരാന്‍ തുടങ്ങിയിരിക്കുന്നു. വൈകുന്നേരമായതോടെ മൂന്നാറിനുമേല്‍ മുഖം കറുപ്പിച്ച് ഈറനുടുത്തുനിന്ന മേഘങ്ങള്‍ അതൊന്നഴിച്ച് കുടഞ്ഞു. നനഞ്ഞൊട്ടിയ പട്ടണത്തിനുമീതെ രാവിന്റെ കരിമ്പടം വീണു.

പിറ്റേന്നത്തെ വെളുപ്പുണരുംമുമ്പേ സൂര്യനെല്ലിയിലേക്ക്. മൂന്നാറില്‍നിന്ന് ബോഡിമേട്ടിലേക്കുള്ള റോഡിന് വീതികൂട്ടല്‍ നടക്കുന്ന സമയമാണ്. ചിലയിടങ്ങളില്‍ തേയിലത്തോട്ടങ്ങളുടെ ഒരു ഭാഗം മാന്തിപ്പറിച്ചിട്ടിരിക്കുന്നു. മറ്റിടങ്ങളില്‍ പാറപൊട്ടിച്ച് കൂട്ടിയിരിക്കുന്നു. പ്രളയത്തില്‍ തകര്‍ന്നതെന്നേ ആദ്യനോട്ടത്തില്‍ തോന്നൂ. ചിന്നക്കനാലും പെരിയകനാലും കടന്ന് ഇല്ലാത്ത റോഡിലൂടെയുള്ള യാത്ര അവസാനം അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിന്റെ കവാടത്തിലെത്തി. കൊളുക്കുമലയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാനെത്തുന്നവരെയും കാത്ത് ജീപ്പുകള്‍ കിടക്കുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് മണി കാര്‍ത്തിയുണ്ടവിടെ. പന്ത്രണ്ടാം വയസ്സുമുതല്‍ കൊളുക്കുമല കയറുന്നതാണ് മണി. മൂന്നാറില്‍ 'മണി'കള്‍ ഒരുപാടുള്ളതിനാല്‍ മകന്‍ കാര്‍ത്തിയുടെ പേര് ഒപ്പം ചേര്‍ത്ത അച്ഛന്‍! 

Neelakkurinji 3

കൊളുക്കുമലയിലെ കുറിഞ്ഞികള്‍

സൂര്യനെല്ലിയും തേയിലച്ചെടികളും ഉണരുംമുമ്പ് ജീപ്പിന്റെ ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങി. റോഡ് എന്ന സങ്കല്‍പ്പം പിന്നില്‍ തേഞ്ഞുതീരുന്നു. കല്ലുകളില്‍നിന്ന് കല്ലുകളിലേക്ക് ടയര്‍ എടുത്തുവെച്ചായി കയറ്റം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് മുകളിലേക്ക്. ഇരുട്ടില്‍ തെളിയുന്ന പൂച്ചക്കണ്ണുകള്‍പോലെ താഴ്വാരത്തില്‍ സൂര്യനെല്ലിയിലെ വെളിച്ചപ്പാടുകള്‍! തോട്ടം തൊഴിലാളികളുടെ വീടുകള്‍ ഉണരാന്‍ തുടങ്ങിയിരിക്കുന്നു.  കൊളുക്കുമല എസ്റ്റേറ്റിലേക്കുള്ള ഗേറ്റിനരികില്‍ എത്തിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. പിന്നീടങ്ങോട്ട് കോടയും കൂടെക്കൂടി. അധികദൂരം എത്തുംമുമ്പ് ജീപ്പ്യാത്ര തീര്‍ന്നു. ഇനി കുത്തനെയുള്ള നടപ്പാണ്.

Neelakkurinji 2

കൊളുക്കുമലയുടെ അങ്ങേ ചെരിവിലാണ് നീലക്കുറിഞ്ഞികള്‍ കൂട്ടമായി ചിരിക്കുന്നത്. വടിയും കുത്തിപ്പിടിച്ച് മലകയറുന്ന രണ്ട് ഉത്തരേന്ത്യന്‍ അമ്മൂമ്മമാര്‍ കിതയ്ക്കുന്നു. അടുത്ത കയറ്റം അവര്‍ കയറുമോയെന്ന് സംശയം. വരുന്നവരില്‍ മിക്കവരും ചെറുപ്പക്കാരാണ്. സഞ്ചാരികളെയുംകൊണ്ടുവന്ന ജീപ്പുകള്‍ കിതപ്പാറ്റാന്‍ കിടക്കുന്നത് മലമുകളില്‍നിന്ന് കാണാമായിരുന്നു. അടുത്ത തിരിവില്‍ ആ കാഴ്ചയും തേയിലത്തോട്ടവും പിന്നില്‍ മറഞ്ഞു. കോടയ്ക്കും കിതപ്പിനുമൊപ്പം മലയുടെ ഒത്തമുകളിലെത്തി. ആദ്യനോട്ടത്തില്‍ത്തന്നെ കണ്ണുകളില്‍ നീലനിറഞ്ഞു. പേമാരിയില്‍ മിഴികൂമ്പിനിന്ന നീലക്കുറിഞ്ഞികള്‍ ഇതളഴിച്ചിരിക്കുന്നു. ഇലയുടെ പച്ചപ്പിനെയാകെ മൂടി പൂക്കള്‍ പടര്‍ന്നിരിക്കുന്നു.

Neelakkurinji 4
1. കൊടിക്കുറിഞ്ഞി, ശാസ്ത്രീയനാമം സ്‌ട്രൊബൈലാന്തസ് യുര്‍സിയോളാരിസ്.
2. കല്‍ക്കുറിഞ്ഞി അഥവാ തൂക്കക്കുറിഞ്ഞി. ശാസ്ത്രീയനാമം സ്‌ട്രൊബൈലാന്തസ് ഗ്രാസിലസ്. 3. കുറിഞ്ഞിയോട് സാദൃശ്യമുള്ള കാട്ടുപൂവ്‌

ഒന്ന് വാടിത്തീരുംമുമ്പ് അടുത്തത് വിരിയുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 7000 അടി മുകളിലാണിപ്പോള്‍. ഇനിയുള്ള ഉയരം തൊട്ടപ്പുറത്തുള്ള തിപ്പട്ടമലയാണ്, ആയിരം അടി കൂടുതല്‍. ഓരോ കുറിഞ്ഞിയുടെയും പന്ത്രണ്ടുവര്‍ഷത്തിനിടയിലെ ആദ്യത്തെയും അവസാനത്തെയും 'സിരി'പ്പാണിത്. ചിരിച്ചുകൊണ്ട് മരണത്തെ പുല്‍കുന്ന ചെടി. ജീവിതത്തില്‍ ഒരിക്കല്‍മാത്രം പൂവിട്ട് അടുത്ത തലമുറയ്ക്കായി വിത്തിട്ട് നശിക്കുന്ന അപൂര്‍വം ചെടികളിലൊന്ന്. പൂവ് കായായും കായ് വിത്തായും പരിണമിച്ച് വീണ്ടും മുളച്ച് പൂവിടാന്‍ ഒരു വ്യാഴവട്ടം. പന്ത്രണ്ടുവര്‍ഷമെന്ന ഈ ചെടിയുടെ 'ഓര്‍മശക്തിയെ' കണ്ടെടുക്കാന്‍ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. സര്‍വവും തകര്‍ത്തെറിഞ്ഞ പ്രളയത്തിനുശേഷവും ആ 'ഓര്‍മ' നീലക്കുറിഞ്ഞി മറന്നിട്ടില്ല.തമിഴില്‍ കൊളുക്ക് എന്നാല്‍ തണുപ്പാണ്. എപ്പോഴും തണുപ്പില്‍ മരവിച്ചിരിക്കുന്ന മല അങ്ങനെ കൊളുക്കുമലയായി. മൂന്നാറിന്റേതെന്ന് ഭംഗിക്ക് പറയാമെങ്കിലും കൊളുക്കുമല തമിഴന്റെ അധികാരപരിധിയിലാണ്. പക്ഷേ, മലയിലേക്ക് കേരളത്തിലൂടെമാത്രമേ വഴിയുള്ളൂ. കൊളുക്കുമലയില്‍ നില്‍ക്കുമ്പോള്‍ തമിഴ്നാട്ടില്‍ ഉദിച്ച സൂര്യന്‍ കേരളത്തില്‍ അസ്തമിക്കുന്നത് കാണാം.

Neelakkurinji 5

വരയടിയിലെ കുറിഞ്ഞികള്‍

ടോപ്സ്റ്റേഷനില്‍ കുറിഞ്ഞികള്‍ പൂത്തത് അധികമാരും അറിഞ്ഞില്ല. തങ്കയാര്‍വളവിലെ ആ കുറിഞ്ഞികളൊക്കെ വാടിപ്പോയിരിക്കുന്നു, ഇനിയും പൂക്കുമായിരിക്കും. മനോഹരനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. കൊളുക്കുമലയിറങ്ങിയതിന്റെ പിറ്റേന്ന് ടോപ്സ്റ്റേഷനിലേക്ക്. മനോഹരനെ എങ്ങനെയും തപ്പിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. മൂന്നാറിലെ പച്ചപ്പിന്റെ ഇതളനക്കങ്ങള്‍പോലും അറിയുന്ന മറ്റൊരാളുണ്ടോയെന്ന് സംശയം. ആരുമറിയാതെ എവിടെയൊക്കെയോ കുറിഞ്ഞി പൂത്തിട്ടുണ്ട്. മനോഹരന് അറിയാമായിരിക്കും. കോടമഞ്ഞില്‍ മൂടിനിന്ന ടോപ്സ്റ്റേഷനിലെ ഹോട്ടല്‍ പെരിയാറിനുമുന്നില്‍ വാചകമടിച്ച് നില്‍ക്കുന്ന മനോഹരനെയാണ് ചെന്നവഴി കണ്ടത്. കണ്ടപാടെ ആ കണ്ണുകളില്‍ ഒരായിരം നീലക്കുറിഞ്ഞികള്‍ പൂവിട്ടു.

Neelakkurinji 6

''സ്‌കൂളില്‍ പഠിക്കുമ്പോത് ഇന്ത കുറിഞ്ചി വെത്തിലൈ ചെടിതാന്‍'' കുറിഞ്ഞിയുടെ ഇലയും പേരറിയാത്ത ഏതോ കാട്ടുപഴവും ചേര്‍ത്ത് ചവച്ചുതുപ്പിയാല്‍ മുറുക്കിച്ചുവന്നപോലെ നിറം പരക്കും.  
''വരയടിയില്‍ കുറിഞ്ചി പൂത്തിറുക്ക്, അരമണിനേരമെടുക്കും കയറാന്‍'' മനോഹരന്റെ 'അരമണി' നമ്മള്‍ നടന്നാല്‍ ഒരു മണിക്കൂര്‍! വസ്ത്രംമാറാനും മറ്റുമായി അയാള്‍ വീടിനകത്തേക്ക് പോയി.  ''ഇപ്പത്താനെ നീലക്കുറിഞ്ചിയെല്ലാമായത്. അന്തകാലത്ത് സുമ്മാ കാട്ടുചെടി. പ്ലാന്റേഷന്‍ പോടാന്‍ വെട്ടിക്കൂട്ടി തീയിടുമായിരുന്നു.'' തോളിലൊരു ബാഗും പതിവ് തലേക്കെട്ടുമായി മനോഹരനെത്തി. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പുതുക്കാട്ടേക്കായിരുന്നു ആദ്യ പോക്ക്. അവിടന്നാണ് വരയടിയിലേക്കുള്ള കയറ്റം. തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലൂടെയായി നടപ്പ്. നിറങ്ങളില്‍ മുക്കിയെടുത്ത് ഉണക്കാനിട്ടിരിക്കുന്നപോലെ ഒറ്റവരി വീടുകള്‍. എല്ലാവരും പണിക്കുപോയിരിക്കുന്നു. 

Neelakkurinji 7

അവസാനിക്കുന്നില്ലെന്ന് തോന്നിച്ച കയറ്റത്തില്‍ മുമ്പേ നടക്കുന്നയാളുടെ കാലുകള്‍മാത്രമേ കാണുന്നുള്ളൂ. കയറ്റം കാണാന്‍ ആകാശത്തേക്ക് തലയുയര്‍ത്തണം. മലമുകളിലെ ചെറുകാടുകളിലേക്കാണ് ചെന്നു കയറിയത്. കയറ്റമവസാനിച്ചതോടെ മലമുകളിലെത്തിയെന്നുറപ്പിച്ചു. പക്ഷേ, മനോ നടപ്പുതന്നെ, നില്‍ക്കാന്‍ ഭാവമില്ല. പച്ചിലപ്പടര്‍പ്പിനിടയില്‍ അവിടവിടെയായി ഇളം നീല തെളിയാന്‍ തുടങ്ങി. നടപ്പിന് വേഗംകൂടി. അല്‍പ്പദൂരംകൂടി കഴിഞ്ഞതോടെ കുത്തനെയുള്ള കയറ്റംകയറി മനോ നിന്നു. കയറിച്ചെന്നതും ഏതൊക്കെ കാഴ്ചകള്‍ കോരിക്കുടിക്കണമെന്ന് വര്‍ണ്യത്തിലാശങ്ക. കാല്‍ച്ചുവട്ടിലും കണ്ണിനറ്റത്തെ മലഞ്ചെരിവിലും പൂത്തുതളിര്‍ത്ത് നില്‍ക്കുന്ന ഒരായിരം കുറിഞ്ഞികള്‍. പച്ചപ്പില്ലാതെ നീലയിലമര്‍ന്ന മലഞ്ചെരിവ്. ഇപ്പുറത്ത് കൊളുക്കുമലയും കൊരങ്കിണിയും ചേര്‍ന്ന തമിഴ് പച്ചപ്പ്. ജലച്ചായത്തില്‍ വരച്ചെടുത്തപോലുണ്ട്. പിന്‍വശത്തെ മലയില്‍ വിടര്‍ന്ന് വാടിക്കരിഞ്ഞ നീലക്കുറിഞ്ഞിക്കൂട്ടങ്ങളെ കണ്ടു. രണ്ടാഴ്ചമുമ്പെങ്കിലും വരേണ്ടതായിരുന്നു.

Neelakkurinji 8

Neelakkurinji 9ചുറ്റും നടന്ന് ആരോ മൂളുംപോലെ. ഏറിയും കുറഞ്ഞും അത് ദിശകള്‍ മാറുന്നു. തേനീച്ചകള്‍... ഒരുപാടുണ്ട്. ഒരു കുറിഞ്ഞിപ്പൂവില്‍നിന്ന് അടുത്തതിലേക്ക് അതിവേഗം പറന്നുചെല്ലുന്നു. ഉടല്‍ പാതി പൂവിനുള്ളിലേക്ക് ഇറക്കിയാണ് തേന്‍കുടിക്കുന്നത്. പതുക്കെ തലയുയര്‍ത്തി മുന്‍കൈകളുയര്‍ത്തി കുളികഴിഞ്ഞതുപോലെ തലയിലെ പൂമ്പൊടികള്‍ തട്ടിക്കളയുന്നു. അടുത്ത പൂവിലേക്ക് പോകുമ്പോഴും പൂമ്പൊടികള്‍ തേനീച്ചയുടെ ദേഹത്ത് ബാക്കിയായിരുന്നു. കുറച്ചുകാലംമുമ്പുവരെ നീലക്കുറിഞ്ഞിയുടെ പരാഗണം കാറ്റിലൂടെയാണെന്ന ധാരണയിലായിരുന്നു ശാസ്ത്രലോകം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബയോളജിക്കല്‍ സൊസൈറ്റിയായ ലിനയന്‍ സൊസൈറ്റി ഓഫ് ലണ്ടന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പരാഗണരഹസ്യം പുറത്തായത്. അപിസ് സൊറാനാ ഇന്‍ഡികാ എന്ന ഇനത്തിലെ തേനീച്ചകളാണ് കുറിഞ്ഞികളുടെ പന്ത്രണ്ടുവര്‍ഷത്തെ തപസ്സിന് തുടക്കമിടുന്നത്.

തേനീച്ചകളെ നോക്കിനില്‍ക്കെ നീലയുടെ നിറഭേദങ്ങളെ വെള്ളെഴുത്തുകളാക്കിത്തീര്‍ക്കാന്‍ കോടെയെത്തി. ഒരുമണിക്കൂറോളം കാത്തിരുന്നെങ്കിലും മലയെ അള്ളിപ്പിടിച്ച കോടയ്ക്ക് വിടാന്‍ താത്പര്യമുണ്ടായിരുന്നില്ല. തിരികെയുള്ള വഴികളില്‍ വേറെ ഒന്നുരണ്ട്  കുറിഞ്ഞികളെയും മനോ കാണിച്ചുതന്നു. കോളാമ്പിപ്പൂവിനോടും ശംഖുപുഷ്പത്തോടും സാമ്യമുള്ള കല്‍ക്കുറിഞ്ഞി. വണ്ണംകുറഞ്ഞ ചെടിത്തണ്ടില്‍നിന്ന് തലയുയര്‍ത്തി നില്‍ക്കുന്ന വെള്ളയും നീലയും ഇടകലര്‍ന്ന പൂവ്. തൊട്ടപ്പുറത്ത് തൂവെള്ള ഇതളുകളുമായി കൊടിക്കുറിഞ്ഞി. തണ്ടിന് സാമാന്യം വണ്ണമുണ്ട്. അതിനുമപ്പുറത്ത് നീലയുടെ അഞ്ചിതളുകളുമായി മറ്റൊരു കുറിഞ്ഞി. എല്ലാ പൂവിലും ഒരിതള്‍ ആരോ പറിച്ചെടുത്തപോലെ. മനോയ്ക്ക് പക്ഷേ പേരറിയില്ല. കുറിഞ്ഞിയാണെന്നറിയാം. 

Neelakkurinji 10

മലയിറങ്ങുമ്പോഴാണ് ചിലന്തിയാറില്‍ ഏഴുവര്‍ഷംമുമ്പ് കണ്ട കുറിഞ്ഞിച്ചെടിയെക്കുറിച്ച് ഓര്‍ത്തത്. പുതിയ കുറിഞ്ഞികള്‍ പഴയതിനെ അല്‍പനേരം ഓര്‍മയില്‍നിന്ന് മറച്ചുപിടിച്ചു. ''അതെല്ലാമേ പറിച്ചുകളിഞ്ഞിട്ടുണ്ടാകും'' -മനോയുടെ മറുപടി. കുറിഞ്ഞി ദേശീയ ഉദ്യാനം വരുന്നു എന്നുകേട്ടതോടെ ഭൂവുടമകളില്‍ പലരും ആശങ്കയിലാണ്. സ്വകാര്യഭൂമികളിലും കുറിഞ്ഞികള്‍ പൂത്തിട്ടുണ്ട്. ആരെയും അറിയിക്കാതെ രഹസ്യമാക്കി വെച്ചിരിക്കുന്നു. പ്രളയം പാതിനുള്ളിയെടുത്ത കുറിഞ്ഞിക്കാലത്തിന് എന്താണ് സംഭവിച്ചിട്ടുണ്ടാവുക. രാജമലയില്‍ പേരിനുമാത്രമാണ് പൂത്തിരിക്കുന്നത്. പന്ത്രണ്ടുവര്‍ഷത്തെ ജൈവഘടികാരത്തില്‍ ഇനിയുമുണ്ടാകുമോ കണ്ണുകളില്‍ നീല നിറയ്ക്കുന്നൊരു കുറിഞ്ഞിക്കാലം. പശ്ചിഘട്ടത്തിന്റെ അടുത്ത ചിരി എന്നാകും...? കുറിഞ്ഞിയുടെ ഓര്‍മശക്തി ഇതുപോലെതന്നെ എല്ലാകാലവും നിലനില്‍ക്കുമോ...?