മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

 

ദിയിലൂടെ നടന്നിട്ടുണ്ടോ? തണുത്ത വെള്ളവും പരല്‍മീനുകളും കാലുകളെ ഉമ്മ വെക്കുന്ന നദി നടത്തം ഒരു സുഖമാണ്. എന്നാല്‍ വെള്ളവും മീനും ഇല്ലാത്ത നദിയിലൂടെ നടന്നിട്ടുണ്ടോ? വരണ്ട് കിടക്കുന്ന, ഹൃദയം തകര്‍ക്കുന്ന കാഴ്ചയായി വറ്റിയ പുഴയിലൂടെയല്ല. വെള്ളം മുഴുവന്‍ തണുപ്പില്‍ ഉറച്ച് ഐസ് ആയ നദിയിലൂടെ. ആ ഐസ് പ്രതലത്തില്‍ ചവിട്ടി ഒരാഴ്ചത്തെ നടത്തം. അങ്ങനെ നടക്കാന്‍ കൊതിയുണ്ടെങ്കില്‍ ചാദര്‍ ട്രെക്കിംഗിനു പോകാം. ലേയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ചില്ലിംഗ് എന്ന ചെറിയ ഗ്രാമമാണ് ചാദര്‍ ട്രെക്കിംഗിന്റെ ബേസ് ക്യാമ്പ്. ജനുവരി പകുതി മുതല്‍ മാര്‍ച്ച് പകുതിവരെ സംസ്‌കാര്‍ നദി തണുത്തുറഞ്ഞ് കിടക്കും. ഈ സമയത്ത് ചില്ലിംഗ് മുതല്‍ നെരാക് വരെ ഈ ഐസ് പാളിയായി കിടക്കുന്ന നദിയിലൂടെ നടക്കാം. ഒരു വശത്തേക്കുള്ള നടത്തം നാലു നാള്‍ നീളും. മടക്കയാത്രക്ക് മൂന്ന് ദിവസം വേറെയും. അതി മനോഹരമാണീ യാത്ര.

Chadar 1

ഫെബ്രുവരിയുടെ മൈനസ് തണുപ്പ് നിറഞ്ഞ് ഉറച്ച് കട്ടിയായി കിടക്കുന്ന നദി. ഐസ് കൊണ്ടൊരു പരവതാനി വിരിച്ചത് പോലുള്ള നദിയുടെ മുകളിലൂടെ ഒരാഴ്ചത്തെ ട്രെക്കിംഗ്. ഒരു നദിയെ അതിന്റെ ഒഴുക്ക് അതിശൈത്യത്തില്‍ ഉറഞ്ഞ് കിടക്കവേ, നടന്ന് ആസ്വദിക്കുന്ന യാത്ര. അതാണ് ചാദര്‍ ട്രെക്കിംഗ്. ഡെല്‍ഹിയില്‍ നിന്ന് ഒന്നര മണിക്കൂറോളം നീണ്ട ഫ്‌ലൈറ്റ് യാത്ര കഴിഞ്ഞ് ലേയിലെ കുഷോക് ബകുള റിമ്പോചീ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ 9.30. വെള്ളമഞ്ഞില്‍ പുതഞ്ഞ് കിടപ്പാണ് ലേ. ആ വെള്ള മഞ്ഞിന്‍ പരവതാനിയിലൂടെ തെന്നി വീഴാതെ നടക്കണം. പുറത്ത് കാത്തു നിന്ന വാഹനത്തിലേക്ക് വളരെ വേഗം കയറി. കട്ടിയുള്ള ഫ്‌ളീസും കോട്ടും ഗ്ലൗസും തൊപ്പിയുമൊക്കെ തോറ്റ് പോകുന്നുണ്ട് തണുപ്പില്‍ ശ്വാസമെടുക്കാനായി മൂക്കിനു മുന്നില്‍ മാത്രം അല്‍പ്പം തുറന്ന് വെച്ച് ബാക്കിഭാഗം മുഴുവന്‍ മൂടിക്കെട്ടി തണുപ്പടക്കി വണ്ടിയിലിരുന്നു.

60 കിലോമീറ്റര്‍ അകലെയുള്ള ചില്ലിംഗിലേക്കാണ് യാത്ര. ലേയില്‍ തന്നെയുള്ള ഗൈഡ് ബിക്രമിന്റെ പരിചയക്കാരിയായ ഒരമ്മൂമ്മയുടെ ചെറിയ കടയില്‍ നിന്ന് ചൂടുള്ള സൂപ്പും നൂഡില്‍സും അകത്താക്കി.
ചുറ്റിലും മഞ്ഞ് പരന്ന് കിടക്കുന്ന ആ തണുത്ത പ്രഭാതത്തില്‍ ചൂടുള്ള സൂപ്പിന് വല്ലാത്ത രുചി തോന്നി. വഴിയിലെങ്ങുമുള്ള നരച്ച കുന്നുകളും മഞ്ഞു വീണ് വെളുത്ത സമതലങ്ങളും താഴ്വരകളും പിന്നിട്ട് മൂന്നര മണിക്കൂര്‍ കൊണ്ട് ചില്ലിംഗില്‍ എത്തി. വണ്ടിയില്‍ നിന്നിറങ്ങി ബിക്രമിനു പിന്നിലായി നടന്നിറങ്ങിയത് സംസ്‌കാര്‍ നദിയിലേക്കായിരുന്നു. 

ഉറഞ്ഞ് കിടക്കുന്ന നദിയിലേക്ക്

ഒഴുക്കില്ലാതെ, വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് കട്ടിയായി നീണ്ട് കിടക്കുന്ന നദി. ഐസ് കൊണ്ടുണ്ടാക്കിയ ഒരു റോഡ് പോലെയാണ് സംസ്‌കാര്‍ നദി ഇപ്പോള്‍ കണ്ടാല്‍ തോന്നുക. ഇതിലൂടെ ലഡാക്കിനെ കീറിമുറിച്ച് ഈ തീരങ്ങള്‍ തഴുകി ഒഴുകി വന്നിരുന്ന നദി, അതി ശൈത്യത്തില്‍ ഉറച്ച് കട്ടിയായി കിടപ്പാണ്. ഇപ്പോള്‍ നില്‍ക്കുന്നത് കട്ടിയുള്ള ഐസ് പ്രതലത്തിലാണ്. ഉറച്ച ഐസ് കൊണ്ട് ഉണ്ടാക്കിയ റോഡ് ആണെന്ന് തോന്നും കണ്ടാല്‍. കാലുകള്‍ വഴുതുന്നുണ്ട്, മിനുസമുള്ള ഐസ് പ്രതലത്തില്‍. കാലുകള്‍ അല്‍പം മാത്രം ഉയര്‍ത്തി മുന്നോട്ട് എടുത്ത് വെച്ച് നടക്കാന്‍ പറഞ്ഞു ബിക്രം. ട്രെക്കിംഗ് പോള്‍ കുത്തിപ്പിടിച്ച് ഒരുകാല്‍ അല്‍പ്പം മാത്രം പൊക്കി മുന്നോട്ട് വെച്ചു. വഴുതുന്നുണ്ട്. ട്രെക്കിംഗ് പോളില്‍ ബലം കൊടുത്ത് അടുത്ത കാല്‍ പതിയെ മുന്നോട്ട് നീക്കി. അതിനിടെ സംഘത്തിലെ പലരും വീണു. കൂടെ ഞാനും വീണു. കാല്‍ വഴുതി പുറമടിച്ച് ഐസിലേക്ക് വീണപ്പോള്‍ പുറത്ത് കെട്ടിഞാത്തിയിട്ട ബാക്ക്പാക്ക്, വലിയ പരുക്ക് പറ്റാതെ കാത്തു. കുറച്ച് നേരം കൊണ്ട് നടപ്പ് ശരിയായി. വഴുതുന്ന ഐസിലൂടെ മലകള്‍ കയറിയിട്ടുണ്ട്, മുന്‍പ് പലവട്ടം. പക്ഷേ അവിടെ ഇത്ര പ്രയാസം തോന്നിയിരുന്നില്ല. ഇത് കാലില്‍ റോളര്‍സ്‌കേറ്റ് പിടിപ്പിച്ചത് പോലെയുള്ള അനുഭവമാണ്. തീര്‍ത്തും നിരപ്പായ പ്രതലത്തിലൂടെയാണ് നടക്കുന്നത്. ബാലന്‍സ് ഒന്ന് ശരിയാക്കി എടുക്കണം. ഇപ്പോള്‍ വഴുതുന്ന ഐസിലൂടെ കാല്‍ വഴുതാതെ നടക്കാന്‍ പറ്റുന്നുണ്ട്.

Sanskar River

ഇനി വരാനുള്ള ഒരാഴ്ച ഈ തണുത്ത് കട്ടിയായ നദിയിലൂടെ തന്നെയാണ് നടപ്പ്. താപനില പൂജ്യത്തിലും താഴെയാണ്. രാത്രിയില്‍ അത് മൈനസ് 25 വരെ പോകും എന്നാണ് ബിക്രം പറയുന്നത്. കണ്ടറിയാം എന്താകുമെന്ന്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള റ്റിലത് സുംഡോ ആണ് ഇന്നത്തെ ട്രെക്കിംഗിന്റെ ലക്ഷ്യം. ടീഷര്‍ട്ടിനു മുകളിലെ ഫ്‌ളീസും അതിനു മുകളിലെ കട്ടിയുള്ള ഡൗണ്‍ ജാക്കറ്റും ചേര്‍ന്ന് തണുപ്പിനെ നന്നായി തടയുന്നുണ്ട്. പക്ഷേ തലയിലും കഴുത്തിലും മുഖത്തും കൂടി ഇട്ട ബലക്ലാവയുടെ മുഖത്തെ ചെറിയ വിടവിലൂടെ തട്ടുന്ന തണുപ്പ് അവിടം പൊള്ളിക്കാന്‍ പാകത്തിനുണ്ട്. അതില്‍ നിന്ന് തിരിച്ചറിയാം തണുപ്പിന്റെ കടുപ്പം ഐസ് ആയി ഉറഞ്ഞ് കിടപ്പാണ് നദിയുടെ മിക്കവാറും ഭാഗം. പക്ഷേ അര മണിക്കൂറോളം നടന്ന് കഴിഞ്ഞപ്പോള്‍ ഐസ് പ്രതലത്തിന്റെ ഭാവം മാറി. ഇവിടെ ഫ്രഷ് ഐസ് ഉണ്ട്. നേരത്തേയുള്ള അത്ര കട്ടിയായ പ്രതലമല്ല. അല്‍പ്പം കൂടി പൊടിഞ്ഞ് കിടക്കുന്ന ഐസാണ്. നടക്കാന്‍ കൂടുതല്‍ സുഖമുണ്ട്. നടപ്പിനു വേഗം കൂടി.

കുറച്ച് കൂടി ചെന്നപ്പോള്‍ നദിയുടെ നടുക്ക് ഒഴുക്കുണ്ട്. രണ്ട് കരകളും തണുത്തുറഞ്ഞ് ഐസ് ആയി കിടക്കുന്നു. നടുഭാഗത്തെ വെള്ളം കട്ടിയായിട്ടില്ല. അതില്‍ ചെറിയ ഒഴുക്ക് കാണാം. തെളിഞ്ഞ വെള്ളമാണ്. അവിടവിടെയായി ഐസ് കട്ടകള്‍ ഒഴുകി നീങ്ങുന്നതും കാണാം. അല്‍പ്പം അകലെ നിന്ന് ഒരു ചെറിയ അരുവി ഒഴുകി വന്ന് സംസ്‌കാര്‍ നദിയിലേക്ക് ചേരുന്നുണ്ട്.

Chadar 3

 

ഇതാണ് റ്റിലത് സുംഡോ

കുറച്ച് കൂടി മുകളിലേക്ക് നടന്നു. ഇപ്പോള്‍ നദി മുഴുവനായും തണുത്തുറഞ്ഞ് കട്ടിയായി കിടപ്പാണ്. അതി മിനുസമുള്ള കടുത്ത പ്രതലത്തിലൂടെ നടക്കാന്‍ നല്ല പ്രയാസമുണ്ട്. കുറച്ച് കൂടി നടന്നിട്ട് ഞങ്ങള്‍ നദിയില്‍ നിന്ന് കരയിലേക്ക് കയറി. നദിയേക്കാള്‍ ആറടിയോളം പൊക്കത്തിലുള്ള അല്‍പ്പം വിശാലമായ പരന്ന ഗ്രൗണ്ടാണ്. ബിക്രമും കൂട്ടരും ടെന്റുകള്‍ ഒരുക്കാന്‍ തുടങ്ങി. നടന്ന് ക്ഷീണിച്ച ചിലര്‍ ബാക്ക് പാക്ക് തലയിണയാക്കി കിടന്നു. ഞാന്‍ അരുവിയുടെ കരയിലൂടെ മുകളിലേക്ക് നടന്ന്, ചെറിയ കുന്ന് കയറി. കുന്നുകളും ചാലുകളും തന്നെയാണ് ചുറ്റിലും. അവിടവിടെയായി കുന്നിന്മുകളില്‍ മഞ്ഞ് വീണ് കിടക്കുന്നത് കാണാം. അതിലും വിരളമായി, അവിടവിടെ മഞ്ഞ് വീണ് കരിഞ്ഞ് നില്‍ക്കുന്ന ചെറിയ കുറ്റിച്ചെടിപ്പടര്‍പ്പുകളും കാണാം. കാറ്റില്‍ മഞ്ഞുകണങ്ങള്‍ പാറിവരുന്നുണ്ട്. വെയില്‍ മാഞ്ഞു. വെളിച്ചം കുറഞ്ഞ് വരുന്നു. കുന്നിന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ നിശ്ചലമായ ഒരു ഭാഗമാണ് കാണാന്‍ കഴിയുക. നദി പോലും ഒഴുക്ക് നിന്ന് നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ. ചലനമുള്ളത് കാറ്റിനു മാത്രമാണ്. മഞ്ഞ് കണങ്ങളും കൊണ്ട് ഇടയ്‌ക്കൊക്കെ പാറിവരുന്ന കാറ്റ് ഇല്ലെങ്കില്‍ ഇവിടം പൂര്‍ണ്ണമായും നിശ്ചലമാകും.

Chadar 4

ഇരുള്‍ വീഴാന്‍ തുടങ്ങവേ കുന്നിറങ്ങി ക്യാമ്പിലേക്ക് നടന്നു. ടെന്റുകള്‍ തയ്യാറായിട്ടുണ്ട്. എല്ലാവരും ടെന്റിനുള്ളില്‍ ഇരിപ്പാണ്. ബിക്രമും കൂട്ടരും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. അവരുടെ കൂടെ കൂടി. സ്റ്റൗവില്‍ നിന്നുള്ള ചൂട് വല്ലാത്ത ആശ്വാസമാണ്. ബിക്രമിന്റെ സഹായി പരത്തിയിട്ട കട്ടിയുള്ള ചപ്പാത്തി ഞാനും ബിക്രമും കൂടി ചുട്ടെടുത്തു. മറ്റൊരു സ്റ്റൗവില്‍ ആലു സ്റ്റ്യൂ തിളയ്ക്കുന്നുണ്ട്. ഡിന്നര്‍ റെഡിയായി. ബിക്രം വിസില്‍ അടിച്ചു. എല്ലാവരും പതിയെ ടെന്റുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ചപ്പാത്തിയും പാസ്തയും ആലു സ്റ്റ്യൂവും സൂപ്പും പപ്പടവും അച്ചാറും അടങ്ങിയ സൂപ്പര്‍ ഡിന്നര്‍ കഴിച്ച് എല്ലാവരും കിടന്നു. സ്ലീപ്പിംഗ് ബാഗിനുള്ളിലെ സുഖമുള്ള ഉറക്കം. സ്വപ്നങ്ങള്‍ കൂട്ടുവന്ന് കൂടെയിരുന്ന ഉറക്കം.

രാവിലെ എഴുന്നേറ്റ് റെഡിയായി ഭക്ഷണം കഴിച്ച് 9 മണിയോടെ നടത്തം തുടങ്ങി. ഇന്നത്തെ ലക്ഷ്യം പത്ത് കിലോമീറ്റര്‍ അകലെയുള്ള ഷിംഗ്ര കോമ ആണ്. കട്ടിയുള്ള, മുഴുവനായും ഐസ് ആയ നദിയുടെ മുകളിലൂടെ തന്നെ ആണ് നടത്തം. നടക്കാന്‍ നല്ല പ്രയാസമുണ്ട്. ചിലഭ