ഡിസംബര്‍ 13. ഞായറാഴ്ച. രാവിലെ ഒമ്പത് മണി. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന് മുന്നില്‍ സ്കെച്ച് ബുക്കുമായി നില്‍ക്കുകയാണ് ഞാന്‍. പത്തു മണിയാകുമത്രെ സന്ദര്‍ശകരെ അനുവദിക്കാന്‍.
ആവട്ടെ. സമയം പാഴാക്കണ്ട. കവാടം വരച്ചു കൊണ്ടു തുടങ്ങാമല്ലോ. ഏതായാലും ഇവിടെ നിന്നു വേണം ഈ സ്കെച്ച് ബുക്ക് തുറക്കാന്‍ എന്നു തീരുമാനിച്ചു പോയി...
കടകള്‍ ഓരോന്നായി തുറന്നുവരുന്നതേ ഉള്ളൂ. തൊട്ടടുത്ത് ഒരു വര്‍ക്ക്ഷോപ്പുണ്ട്. സ്കെച്ചിങ് തുടങ്ങിയതും അവിടത്തെ ചേട്ടന് സഹായവുമായി വന്നു. നിറങ്ങള്‍ ചാലിക്കാനുള്ള വെള്ളം, പാത്രം, പിന്നെ നിറഞ്ഞ പുഞ്ചിരിയും... തീരും വരെ കൂടെത്തന്നെ.
രചന പൂര്‍ത്തിയാക്കി ചേട്ടനോട് ബൈ പറഞ്ഞ് സന്ദര്‍ശക പാസുമെടുത്ത് ഉള്ളിലേക്ക്. നിലമ്പൂരിലെ തേക്കു മ്യൂസിയം ബില്‍ഡിംഗും പരിസരവും രസകരമാണ്. ഏറെ പ്രത്യേകതകള്‍ ഉള്ളത്. ഇനി അതു വരക്കാം...
വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും കൂട്ടത്തോടെ വാനരന്മാരെത്തി! നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ടായിരുന്നു അവര്‍. പ്രതീക്ഷിച്ചതൊന്നും കയ്യില്‍ കാണാത്തതിനാലോ എന്തോ, അവര്‍ അടുത്തില്ല. സന്ദര്ശകക്കുട്ടികള്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്ത് എറിഞ്ഞുകിട്ടുന്ന ഭക്ഷണസാധനങ്ങള്‍ പെറുക്കിത്തിന്നുകൊണ്ട് അവര്‍ ചുറ്റിപ്പറ്റി നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വിളി... മ്യൂസിയം ക്യൂറേറ്റര്‍ അന്വേഷിക്കുന്നു. ചെന്നപ്പോള്‍ വരയുടെ പര്‍പ്പസ് എന്താണെന്ന ചോദ്യം! കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ റിക്വസ്റ്റ് എഴുതിത്തരണമെന്നായി...റിക്വസ്റ്റ് എഴുതിക്കൊടുത്ത് തിരിച്ചെത്തി വീണ്ടും വര. ഇവിടെ ഇരുന്നു വരക്കുന്നതിനും അനുമതി വേണം! അത് പുതിയ അറിവായിരുന്നു.. ക്യാമറക്ക് ഇത് ബാധകമല്ലത്രെ!
പോട്ടെ, സ്കെച്ചിംഗ് തുടരാം. വര പുരോഗമിക്കവേ ഒരു പറ്റം വിദ്യാര്‍ത്ഥികളെക്കൊണ്ട് മ്യൂസിയം നിറഞ്ഞു. കേരള-തമിഴ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് സംഘമായിരുന്നു അത്. ചിത്രം ആസ്വദിച്ച് നന്മകള് നേര്‍ന്ന് അവര്‍ പോയി.
സമയം പന്ത്രണ്ടു കഴിഞ്ഞു കാണണം, മൃദുവായ ശബ്ദത്തില്‍ നിറയെ പ്രോത്സാഹനവാക്കുകളുമായി ഒരു ചെറുപ്പക്കാരന് എത്തി! സ്വന്തം രചനകളുടെ ചില ചിത്രങ്ങള്‍ മൊബൈലില്‍ കാണിക്കുകയും വരയുടെ മേഖലയില്‍ എത്തിപ്പെടാന്‍ കഴിയാത്തതിലുള്ള നിരാശ പങ്കുവെക്കുകയും ചെയ്ത് അവനും മറഞ്ഞു.
ചിത്രം ഫിനിഷിംഗിനോടടുത്ത സമയത്തായിരുന്നു, ഏറെ ചിരി വരുത്തിയ ആ കമന്റ്: 'എന്തിനാപ്പോ ഇത് വരയ്ക്കണേ? ഫോട്ടോ എടുത്താപ്പോരേ!' നിഷ്കളങ്കമായി ഒരു സന്ദര്‍ശകയുടെ ചോദ്യം!
മൂന്നാം ചിത്രം വരക്കാന്‍ ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലേക്ക്... വഴിയില്‍ ഒരു വലിയ വള്ളിക്കൂടാരം! അന്വേഷണത്തില്‍ അത് ഇഞ്ചയാണെന്നറിഞ്ഞു. 'ഇഞ്ച ചതക്കുന്നതുപോലെ' എന്ന ചൊല്ലിലെ ഇഞ്ചയില്ലേ, അതു തന്നെ. അങ്ങിനെ ചതക്കാനൊന്നുമാവാത്ത കൂടാരം.
ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു കോണിലാണ് സ്ഥാനം കണ്ടെത്തിയത്.. എന്നാല്‍ ഗാര്ഡന് പരിപാലകരുടെ വിശ്രമ സ്ഥലമായിരുന്നു അത്! തലവനായ രാജേട്ടനുമായി സംസാരിച്ചുകൊണ്ടായി പിന്നെ വര. 12 വര്‍ഷമായി മ്യൂസിയത്തില്‍ ജോലി ചെയ്യുന്നു. മൂന്നു പെണ്മക്കള്, എല്ലാവരേയും വിവാഹം കഴിച്ചയച്ചു. രാജേട്ടന് പറഞ്ഞുകൊണ്ടിരുന്നു, ഞാന്‍ വരയും... മൂന്നരയോടെ ചിത്രം പൂര്‍ത്തിയാക്കി! ഒന്നു രണ്ടു എണ്ണം കൂടി വരക്കണമെന്നുണ്ടായിരുന്നു. ക്ഷീണിതനായതിനാല്‍ ദൗത്യം അടുത്ത ദിവസത്തേക്കു മാറ്റി.
രാവിലെ പത്തരയോടെ കനോലി പ്ളോട്ട് ഗേറ്റില്‍. പക്ഷേ, 'ഇന്ന് ഇബ്ടെ അവധിയാണ്ട്ടോ' എന്ന വഴിയോരക്കച്ചവടക്കാരന്റെ മുന്നറിയിപ്പാണ് വരവേറ്റത്! അറിയാമെന്ന മട്ടില്‍ ചിരിച്ചെങ്കിലും നിരാശ തോന്നി. ചാലിയാറിലെ കുഞ്ഞുവള്ളങ്ങള്, പാറക്കെട്ടുകള്‍, വലിയ തേക്ക് എന്നിവയൊന്നും വരക്കാനാവില്ലെന്നുറപ്പായി...
ഏതായാലും വഴിയോരത്തിരുന്നു. ഇതാണല്ലോ ഗേറ്റ്വേ ഓഫ് നിലമ്പൂര്‍. ഇതു തന്നെ വരച്ചേക്കാം. നിറയെ പച്ചപ്പ് നിറഞ്ഞ ഈ ദൃശ്യം മനോഹരം തന്നെ!
സ്കെച്ചിംഗ് മുന്നേറവേ, ക്ഷണിക്കപ്പെടാത്ത ഒരതിഥിയെത്തി. മഴ! ഞൊടിയിടയില്‍ എല്ലാം പായ്ക്കുചെയ്തു.
മറ്റൊരു 'നിലമ്പൂര്‍ സ്കെച്ച് യാത്ര' കൂടി മനസ്സില്‍ ഉറപ്പിച്ച് മടക്കയാത്രക്കായി കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റോപ്പില്‍ നിന്നു...