Regiyana'മഞ്ഞുമൂടിയ ഹിമാലയ ശൃംഖങ്ങളിലെ നീലിമയാണിത്'-കടുംനീലനിറമുള്ള ആകര്‍ഷകമായ പക്ഷിയുടെ ചിത്രം കാണിച്ചുകൊണ്ട് കൊച്ചിയിലെ യുവ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ഗോവിന്ദ് വിജയകുമാര്‍ പറഞ്ഞു. നീലിമയെ 14000 അടി ഉയരത്തിലാണ് കണ്ടെത്തിയത്. അരുണാചല്‍പ്രദേശില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന സേലാപാസില്‍. അത്യുന്നതങ്ങളില്‍ ഇവിടെ ഇന്ത്യന്‍ കരസേനയുടെ താവളം. തൊട്ടടുത്ത് ചൈനീസ് പട്ടാളക്യാമ്പ്.

കൊച്ചിയിലെ തിരക്കിട്ട ജോലിക്കിടയില്‍ മനസ്സ് അല്പം കുളിര്‍പ്പിക്കാന്‍ ഗോവിന്ദ് വിജയകുമാര്‍ ക്യാമറയുമായി വനത്തിലേക്കോ പര്‍വതനിരകളിലേക്കോ യാത്രയാകും. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തും, സേലാപാസില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റിനെ തരണംചെയ്താണ് കാല്‍നടയാത്ര. ഉയരങ്ങളില്‍ ഓക്‌സിജന്‍ കുറവായതിനാല്‍ ശ്വസിക്കാന്‍ ചിലപ്പോള്‍ പ്രയാസപ്പെടും. പക്ഷി നിരീക്ഷണത്തില്‍ ലയിച്ചുചേരുമ്പോള്‍ അതൊക്കെ അനായസമായി നേരിടും. മഞ്ഞിന്റെ ആവരണം നോക്കെത്താ സമുദ്രംപോലെയാണ്. ചിലപ്പോള്‍ നീലപക്ഷികള്‍ കൂട്ടമായെത്തും. അപ്പോള്‍ മനസ്സിനെ വശീകരണവലയത്തിലാക്കുന്ന നീലപ്പൂക്കള്‍ വെള്ളമണലില്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച സൃഷ്ടിക്കും-ഗോവിന്ദ് പറഞ്ഞു. തന്റെ ലാപ്ടോപ് തുറന്ന് യുവാവ് ചിത്രങ്ങളുടെ ശേഖരം നിരത്തി. ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ച. പക്ഷിയെത്തേടി ഇന്ത്യയും വിദേശരാജ്യങ്ങളും പിന്നിട്ട അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു.

വൈവിധ്യമാര്‍ന്ന പക്ഷികളുണ്ട് സേലാപാസില്‍. നിരവധി തടാകങ്ങളും കാണാം. ബുദ്ധസന്ന്യാസികളുടെ പുണ്യതീര്‍ഥത്തിന്റെ വറ്റാത്ത ഉറവകള്‍. കാവിയണിഞ്ഞ് ഭക്തിസാന്ദ്രമായ മനസ്സോടെ തടാകത്തില്‍നിന്ന് അല്പം തണുത്ത ജലമെടുത്ത് അവര്‍ നെറുകയില്‍ ചാര്‍ത്തി നിര്‍വൃതിയില്‍ ലയിക്കും. ചുണ്ടുകളിലൂടെ മന്ത്രധ്വനികളുയരും. ക്യാമറയുമായി സാഹസികയാത്ര നടത്തുന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. അവര്‍ പലരും ഭൂഖണ്ഡങ്ങള്‍ പിന്നിടുന്നു.

ഗ്രാണ്ടല എന്നാണ് മഞ്ഞിലെ നീലിമയുടെ പേര്. ഇനി നിഗൂഢമായ മഴക്കാടുകളില്‍ മറ്റൊരു നീലിമയെ കാണാം. ടൊറന്റോ (കാനഡ) യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മെഡിക്കല്‍ ഡോക്ടറും മലയാളിയുമായ ഡോ. നിജില്‍ ഹാറൂണ്‍ ഒരു നീലപ്പക്ഷിയെ കാണിച്ചുതന്നു. ബ്ലൂ ബേഡ് ഓഫ് പാരഡൈസ്. പ്രകൃതിയിലെ ഒരു ചിത്രകാരന്റെ ഒരു കലാസൃഷ്ടിപോലെ. നീലച്ചിറകുകള്‍. അവ വ്യത്യസ്തമായ ആകൃതിയിലാണ്. തല കറുപ്പുനിറം. കണ്ണിന് വെളുപ്പ്. കൊക്ക് വെള്ളനിറത്തില്‍. വാലിന് ഇളം മഞ്ഞയുടെ ആവരണം. ഓസ്ട്രേലിയക്ക് അടുത്തുള്ള പപ്പുവ ന്യൂഗിനി ദ്വീപില്‍ ഈ പക്ഷിയെ കണ്ടെത്താന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.

ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ക്കുപോലും അത്ര പരിചിതമല്ലാത്ത കന്യാവനങ്ങളിലൂടെ നടന്നിട്ടാണ് പക്ഷിയെത്തേടിയത്. 'വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാണാത്ത ആകൃതി. ഇത് പക്ഷിതന്നെയോ? മനസ്സ് ഭ്രമിച്ചുപോയി'- ഡോ. നിജില്‍ ഹാറൂണ്‍ പറഞ്ഞു. എട്ടുമലയാളി സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നു. എല്ലാവരും പരസ്പരം നോക്കി. കണ്ണുകൊണ്ടുമാത്രം സംസാരിച്ചു. ശ്വാസമടക്കിനിന്നു. ഭൂമിയുടെ നെറുകയായ ഉത്തരധ്രുവംവരെ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു: ''ഈ ദ്വീപിലെ പക്ഷിസമ്പത്ത് വ്യത്യസ്തമായ ഒരു പ്രപഞ്ചം തുറന്നുതരുന്നു. മഴക്കാടുകളുടെ ചിലയിടങ്ങളില്‍ സൂര്യരശ്മികള്‍പോലും കടന്നുചെല്ലുന്നില്ല'' -പറുദീസ പക്ഷികളുടെ എല്ലാ ഇനങ്ങളും ദ്വീപിലുണ്ട്.

Astrappiyaവനത്തിലെ ജ്വാലയെയാണ് കൊച്ചി സ്വദേശിയും ലോക സഞ്ചാരിയുമായ സാബു കിണറ്റുകര കാണിച്ചുതന്നത്-ഫ്‌ളെയിം ബോവര്‍ബേഡ്. കാഴ്ചയില്‍ അസാധാരണമായ ഒരു പക്ഷി. മിന്നുന്ന ചുവപ്പ്. കൂടെ അല്പം മഞ്ഞയും. വനത്തിലെ ജ്വാലയായിത്തോന്നാം. പപ്പുവ ന്യൂഗിനിദ്വീപിലാണുള്ളത്. സൂക്ഷിച്ചുനോക്കുമ്പോള്‍ പക്ഷിയുടെ കണ്ണുകളില്‍ ആകാംക്ഷകാണാം. അപരിചിതരുടെ സാന്നിധ്യം പക്ഷി തിരിച്ചറിഞ്ഞിരിക്കുന്നു. ഇടയ്ക്ക് കൊക്കുകള്‍ വിടര്‍ത്തി പരുപരുത്ത ശബ്ദമുയര്‍ത്തും. യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ സാബു പ്രതീക്ഷയോടെ പറഞ്ഞിരുന്നു. ഇത്തവണ ഈ 'ജ്വാല'യെ ഞാന്‍ ക്യാമറയില്‍പ്പകര്‍ത്തും. ഒറ്റനോട്ടത്തില്‍ തന്നെ കാണാം, വര്‍ണപ്പൊലിമയില്‍ മുങ്ങിനില്‍ക്കുന്ന ഒരു പക്ഷി. എഴുന്നൂറോളം ഇനം പക്ഷിയില്‍ ദ്വീപിലുണ്ട്.

വനത്തിലെ വൃക്ഷക്കൊമ്പില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ശില്പത്തെ ഇനി കാണാം. അത്യപൂര്‍വമായ ഒരു പറുദീസപ്പക്ഷി (Reggiana bird of paradise). പപ്പുവ ന്യൂഗിനി ദ്വീപിലെ പക്ഷിയെ ക്യാമറയില്‍പ്പകര്‍ത്തിയത് അഖില്‍ വിനായക് മേനോനും (ദുബായ്) പി.എസ്. നിസ്താറുമാണ് (അബുദാബി). പക്ഷിയെക്കണ്ടാല്‍ ഒരു ശില്പത്തിന്റെ ആകൃതി. ആരും സ്തബ്ധരായി നോക്കിനില്ക്കും. മഴക്കാടിന്റെ വിതാനത്തില്‍നിന്ന് കാറ്റില്‍ പക്ഷി ഒഴുകിയെത്തും. സമൃദ്ധമായ തൂവലുകള്‍ നീണ്ടുകിടക്കുന്നു. തലയുടെ ഇരുവശത്തും വലിയ പൂക്കളുടെ ആകൃതിയില്‍ തൂവല്‍ രൂപങ്ങള്‍. ചുവപ്പും മഞ്ഞയും ദേഹത്ത്. തലയില്‍ പച്ചനിറം. എല്ലാവരും ഈ പക്ഷിയെ അദ്ഭുതത്തോടെ നോക്കി. മേഘപാളികളില്‍നിന്ന് മാലാഖ എത്തുന്നതുപോലെ. ബാല്യകാലസ്മരണകള്‍ ഉണര്‍ത്തുന്നതാണ് പക്ഷി. ബാലകഥാചിത്രങ്ങളിലെ മാലാഖതന്നെ. കുട്ടിക്കാലത്ത് ഹൃദിസ്ഥമായ രൂപം. 

വൃക്ഷക്കൊമ്പില്‍ പക്ഷിയുടെ ചടുലമായ നൃത്തം കാണാം. ആണ്‍പക്ഷിയാണിത്. പെണ്ണിനെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആണ്‍പക്ഷിക്കാണ് സൗന്ദര്യത്തിന്റെ തിളക്കം. പെണ്ണിന് ആകര്‍ഷകമായ വര്‍ണത്തൂവലുകള്‍ ഇല്ല. ക്യാമറയുമായി എല്ലാവരും ശ്വാസമടക്കിനിന്നു. ചിറകുവിടര്‍ത്തി നൃത്തം ചെയ്യുമ്പോള്‍ പക്ഷിയെ പല കോണുകളിലൂടെ ക്യാമറയിലേക്ക് പകര്‍ത്താം. ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ പക്ഷി എന്നാണ് അഖിലും നിസ്താറും വിശേഷിപ്പിച്ചത്. ചലച്ചിത്ര സംവിധായകന്‍ ബാലചന്ദ്രമേനോന്റെ മകനായ അഖില്‍ ലോക സഞ്ചാരിയാണ്. ഇരുവരും ദുബായില്‍ ജോലി നോക്കുന്നു. പടച്ചട്ടയണിഞ്ഞ ഒരു കൂറ്റന്‍ തത്തയെയും നിസ്താറിന് കിട്ടി (papuan king parrot). തലയില്‍ കടുംചുവപ്പ്, ദേഹത്തെ പച്ചത്തൂവലുകള്‍ കണ്ടാല്‍ പടച്ചട്ടയുടെ ആകൃതിയാണ്. ചെറിയ ഒരു പൊന്മാനെ തേടിപ്പോയപ്പോഴാണ് തത്തയെ കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്നു അസാധാരണമായ ഈ തത്ത. 

Egyptian Gooseവലിയ താറാവ് വര്‍ഗത്തില്‍പ്പെട്ട Egyptian Goose എന്ന പക്ഷിയെയും അഖിലിന് കിട്ടി. പക്ഷി പറന്ന് താഴെ ഇറങ്ങുന്നതാണ് സുന്ദരമായ കാഴ്ച. അതിനുവേണ്ടി ദുബായിലെ അലി മര്‍മൂണ്‍ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ അതിരാവിലെത്തന്നെ ക്യാമറയുമായി കാത്തിരുന്നു. ഈ പക്ഷികള്‍ പരസ്പരം കൊത്തുപിടിക്കുന്ന കാഴ്ചയും കാണാം. മണലാരണ്യത്തിലും ഈ പക്ഷി ഏറെ നേരം തത്തിക്കളിക്കും. മഴക്കാട്ടില്‍ കായ്കനികള്‍ തിന്നാന്‍ എത്തിപ്പോഴാണ് നീണ്ട വാലുള്ള മനോഹര പറുദീസപ്പക്ഷികളില്‍ ഒന്നായ Ribbon tailed Astropiaയെ ഗോവിന്ദ് വിജയകുമാറിന് കിട്ടിയത്. പെണ്‍പക്ഷിയായിരുന്നു അത്. ഇത്ര നീണ്ട വാലുള്ള പക്ഷികള്‍ ഭൂമുഖത്ത് കുറവാണ്. 

ഉറങ്ങാത്ത പക്ഷിയെന്നാണ് Masked Lapwing എന്ന പക്ഷിയെ വിളിക്കാറ്. ബഹ്റൈനില്‍ ജോലി നോക്കുന്ന സുനില്‍ ഓണംകുളത്തിനാണ് ന്യൂഗിനി ദ്വീപില്‍നിന്ന് ഈ അത്യപൂര്‍വ പക്ഷിയെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്. മഞ്ഞച്ചുണ്ടും കഴുത്തിനുതാഴെ മഞ്ഞക്കട്ടകള്‍ പോലെയുള്ള ദശയും വളര്‍ന്ന് താഴേക്ക് നീണ്ടുകിടക്കുന്നു. നീണ്ട കാലുകള്‍. കാഴ്ചയില്‍ കൊക്കിന്റെ ആകൃതി. പലതരം ശബ്ദങ്ങള്‍ പക്ഷി പുറപ്പെടുവിക്കും. ഈ അപൂര്‍വപക്ഷി വിശ്രമിക്കുമ്പോഴും ഉറങ്ങില്ല. കൂടുതല്‍ സമയവും നിലത്താണ് പക്ഷിയെ കാണുന്നത്. 

അരുണാചല്‍ പ്രദേശിലെ മിഷിമി കുന്നുകള്‍ ഇന്ത്യയിലെ പക്ഷി വൈവിധ്യത്തിന്റെ കലവറയാണ്. കെമിക്കല്‍ എന്‍ജിനീയറും പെരുമ്പാവൂര്‍ സ്വദേശിയുമായ ഡോ. ജയ്നി കുര്യാക്കോസിന് ഇവിടെനിന്ന് കിട്ടിയത് കടുംപച്ച നിറമുള്ള, ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പിടികൊടുക്കാത്ത Fire Tailed Myzormis എന്ന പക്ഷിയാണ്.  റോഡോഡെന്റോണ്‍ പൂക്കളിലെ തേന്‍കുടിക്കാന്‍ എത്തുന്ന സുന്ദരമായ ഈ പക്ഷിയെ മണിക്കൂറുകള്‍ കാത്തുനിന്നാണ് ജയ്നി കുര്യാക്കോസ് തന്റെ ഫ്രെയിമിലാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി അപൂര്‍വപക്ഷികളെ കണ്ടെത്തി ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഡോ. ജയ്നി വിശ്രമമില്ലാതെ യാത്ര ചെയ്യുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ലഡാക്കും പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. 

കൂട് നിര്‍മിക്കാനും അത് അലങ്കരിക്കാനും ബോവര്‍ പക്ഷികള്‍ രാജശില്പികളെപ്പോലെയാണ്. കൂട്ടിലുള്ള നീലനിറത്തിലുള്ള മുട്ടകളാണെന്ന് തെറ്റിദ്ധരിക്കേണ്ട. ന്യൂഗിനി ദ്വീപിലെ ഒരു കൂട്ടിലാണ് ഇത് കാണാന്‍ കഴിഞ്ഞതെന്ന് വിനോദ് വേണുഗോപാല്‍ പറഞ്ഞു. നീല നിറത്തിലുള്ള കായ്കനികളാണ് അവ. നിറമുള്ള മറ്റ് ജീവികളുടെ ഉണങ്ങിയ തോലുകളും ബോവര്‍ പക്ഷികള്‍ ശേഖരിച്ച് കൂടുകള്‍ അലങ്കരിക്കുന്നു. അത്യപൂര്‍വ വര്‍ണങ്ങളും തൂവലുകളും കൊണ്ട് പ്രകൃതിയെ ധന്യമാക്കുന്ന പല പക്ഷികളുടെയും വാസസ്ഥലങ്ങള്‍ ഭീഷണിയെ നേരിടുന്നു. തടിവെട്ടും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിട-റോഡ് നിര്‍മാണവും ധാതു ഖനികളുടെ പ്രവര്‍ത്തനവുമാണ് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.