രമണിക്കൂറിനുള്ളിൽ മൂന്ന് രാജ്യങ്ങളിലൂടെ നടക്കുവാൻ സാധിക്കുകയെന്നത് സഞ്ചാരികളെ സംബന്ധിച്ച് അപൂർവ്വ ഭാഗ്യമല്ലേ? ത്രിരാജ്യസംഗമ കോണും കണ്ട് പുഴയോരത്തൂടെ, നിർമ്മാണ വൈദ​ഗ്ധ്യം കൊണ്ട് പേരുകേട്ട റൈൻ പാലത്തിലൂടെ, വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് വിദൂരകാഴ്ചകൾ കൺകുളിർക്കേ കണ്ടൊരു കാൽനടയാത്ര ഏതൊരു സഞ്ചാരിയുടേയും സ്വപ്നസാക്ഷാത്കാരമല്ലേ? വേനൽക്കാലത്ത് മിക്കവാറും ഞങ്ങൾ ത്രീ കൺട്രീസ് കോർണർ വഴി നടക്കാറുണ്ട്.  ഇതൊരു പുളു അടിയോ പൊങ്ങച്ചമോ അല്ല, വാസ്തവമാണ്. ആർക്കെങ്കിലും മൂന്നു രാജ്യങ്ങളിലെ വേറിട്ട കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മോഹമുണ്ടോ? ഉണ്ടെങ്കിൽ ബാസലിലേയ്ക്ക് സ്വാഗതം.

Basel 2

സ്വിറ്റ്സർലാൻഡിലെ മൂന്നാമത്തെ വലിയ നഗരമാണ് ബാസൽ. ഈ പട്ടണത്തിലെ ത്രിരാഷ്ട്ര സംഗമ കോർണറിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് തൊട്ടപ്പുറത്തുള്ള ജർമ്മനിയിലെ വൈൽ ആം റൈൻ (Weil am Rhein) എന്ന കൊച്ചു പട്ടണത്തിലേയ്ക്ക് നടക്കാനുള്ള ദൂരം കഷ്ടിച്ച് ഇരുപത്തിയഞ്ച് മിനിറ്റ് മാത്രം. നടക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രാമിൽ സഞ്ചരിക്കാം. ആ നഗരമൊക്കെ ചുറ്റിക്കറങ്ങി ജർമ്മൻ ലഞ്ചും അകത്താക്കി റൈൻ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ അഞ്ചു മിനിറ്റ് നടന്നാൽ ഫ്രാൻസിലെ ചെറുപട്ടണമായ ഹുന്നിംഗനിൽ എത്തും. അവിടുത്തെ കാഴ്ചകൾ കൊതി തീരുവോളം കണ്ട് അടിപൊളി ഫ്രഞ്ച് ഡിന്നറും ആസ്വദിച്ച് വീണ്ടും ബാസലിൽ വന്ന് അന്തിയുറങ്ങാം.

Basel 3

ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ചേരുന്ന ത്രിതല അതിർത്തി സംഗമ പ്രദേശമാണ് ബാസലിലെ ഡ്രൈലെൻഡെറെക്ക് (Dreiländereck). ഈ മൂന്നു രാജ്യങ്ങളുടെ അതിർത്തികൾ തമ്മിൽ റൈൻ നദിയിലെ ഒരു വളവിലാണ് കണ്ടുമുട്ടുന്നത്.  മൂന്ന് രാജ്യങ്ങളുടേയും ദേശീയ പതാകകൾ അഭിമാനത്തോടെ പതിപ്പിച്ച ഒരു മാർഗ്ഗസൂചകസ്തംഭത്തിൽ (Pylon) കൃത്യമായി ത്രീ കൺട്രീസ് വ്യൂപോയിന്റെ ദിശകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.  ഒരു രാജ്യത്ത് നിന്ന് അടുത്ത രാജ്യത്തേയ്ക്ക് കസ്റ്റംസ് കടമ്പകളുടെ ഭാരിച്ച നിയന്ത്രങ്ങളില്ലാതെ അനായാസേന മറികടക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന മാറ്റങ്ങൾ ഭാഷയും കറൻസിയുമാണ്.

Basel 4

മൂന്ന് രാജ്യങ്ങളുടെയോ ഉപരാഷ്ട്രങ്ങളുടെയോ അതിർത്തികൾ കണ്ടുമുട്ടുന്ന  ഭൂമിശാസ്ത്രപരമായ ഒരു പോയിന്റാണ് ട്രൈ-ബോർഡർ. ലോകത്ത് ഏകദേശം 176 അന്താരാഷ്ട്ര ട്രൈപോയിന്റുകളാണ് ഉള്ളത്. ഇത്തരം പോയിന്റുകളിൽ പകുതിയോളവും നദികളിലോ തടാകങ്ങളിലോ കടലുകളിലോ ആണ്. 16 ട്രൈപോയിന്റുമായി ചൈനയാണ് ഒന്നാസ്ഥാനത്ത്. കരകളാൽ ചുറ്റപ്പെട്ട ഓസ്ട്രിയയ്ക്ക് ഒമ്പതും ജർമ്മനിയ്ക്ക് ഏഴും സ്വിറ്റ്സർലൻഡിന് ആറും ത്രിതല അതിർത്തി പ്രദേശങ്ങളുണ്ട്.

Basel

യൂറോപ്പിലെ നീളം കൂടിയ രണ്ടാമത്തെ നദിയാണ് റൈനെങ്കിലും സ്വിറ്റ്സർലൻഡിലെ  ഗ്രൗബൂണ്ടൻ സംസ്ഥാനത്തെ റ്റോമാ സീ (Tomasee) യിൽ നിന്ന് ഉത്ഭവിക്കുന്ന റൈൻ നദി ഈ രാജ്യത്തെ ഏറ്റവും നീളം കൂടിയ നദിയാണ്. 375 കിലോമീറ്റർ സ്വിറ്റ്സർലൻഡിലൂടെ ഒഴുകുന്ന ഈ നദിയിലൂടെയാണ് രാജ്യത്തെ കപ്പൽ ചരക്ക് ഗതാഗതത്തിന്റെ പ്രധാന പങ്കും നടക്കുന്നത്. തുറമുഖം കേന്ദ്രീകരിച്ചിരിക്കുന്നത് മൂന്നു രാജ്യങ്ങളുടേയും സംഗമ സ്ഥലമായ ബാസലിലെ  ഡ്രൈലെൻഡെറെക്കിലാണ്. പ്രധാന വാണിജ്യഗതാഗത മാർഗ്ഗമെന്ന നിലയിൽ ബാസൽ നഗരത്തിന്റെ വികസനത്തിന് റൈൻ നദി വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. നദിയുടെ ഇരുകരളിലുമായി നിലകൊള്ളുന്ന നഗരക്കാഴ്ചകളിലൂടെ  ചെറുതും വലുതുമായ കപ്പൽ യാത്രകളും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ദീർഘദൂര വിനോദ കപ്പൽയാത്രകളും  ഈ നദിയിലൂടെയുണ്ട്. ആറ് രാജ്യങ്ങളെ സമ്പുഷ്ടമാക്കി 1230 കിലോമീറ്റർ ഒഴുകിയതിനു ശേഷമാണ് റൈൻ നദി ഹോളണ്ടിൽ വച്ച് നോർത്ത നോർത്ത് സീയിൽ ലയിക്കുന്നത്.

Basel 6

കാൽനടയാത്രയ്ക്കും സൈക്കിൾ സവാരിക്കും മാത്രമായുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ പാലം ഈ നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. ജർമ്മൻ നഗരമായ വൈയിൽ ആം റൈനും ഫ്രാൻസിലെ ചെറുപട്ടണമായ ഹുന്നിംഗനും ഇടയിലാണ് പാലം സ്ഥിതിചെയ്യുന്നത്. ഇരു രാജ്യങ്ങളേയും കോർത്തിണക്കുന്ന ഈ പാലത്തിലൂടെ നടന്നാൽ മൂന്നു രാജ്യങ്ങളുടേയും നയനമനോഹര ദൃശ്യങ്ങളും ത്രിരാഷ്ട്ര സംഗമത്തിന്റെ കിടിലൻ കാഴ്ചകളുമൊക്കെ ഒറ്റ ഫ്രെയിമിൽ കാണാം.

Basel 6

ഈ അപൂർവ്വ സ്നേഹസൗഹൃദസംഗമ പാലത്തിന്റെ വാസ്തുവിദ്യയ്ക്കും ഒത്തിരി പ്രത്യേകതകളുണ്ട്. വാസ്തുശില്പികളായ Wolfgang Strobel, Dietmar Feichtinger എന്നിവർ ചേർന്ന് രൂപകല്പന ചെയ്ത റൈൻ പാലത്തിന് ജർമ്മൻ ബ്രിഡ്ജ് കൺസ്ട്രക്ഷൻ പ്രൈസ്, ആർതർ ജി. ഹെയ്ഡൻ മെഡൽ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ബ്രിഡ്ജിന്റെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ എഞ്ചിനീയറിംഗ് അവാർഡ്, അങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Basel 7

പാലത്തിന്റെ ആസൂത്രണ ഘട്ടത്തിലും നിർമ്മാണ ഘട്ടത്തിലും വിളിച്ചിരുന്നപോലെ റൈൻ ഓവർ ദി റൈൻ എന്ന പേരും ഈ പാലത്തിനുണ്ട്. സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കു പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത് 2006 ഏപ്രിലിലാണ്. ഒരു വർഷം കഴിഞ്ഞ്  2007 മാർച്ച് 30 ന് ഉദ്ഘാടനം നടത്തിയ ഈ പാലത്തിന്റെ നീളം 248 മീറ്ററും വീതി 12 മീറ്ററുമാണ്. എകദേശം 9 മില്യൺ യൂറോയാണ് ഈ പാലം പണിക്കായ് ചെലവാക്കിയത്.

Basel 8

സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ ഒരു മൂലയിലായിട്ടാണ് ബാസൽ നഗരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് വിമാനം, ട്രെയിൻ അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഏത് ഗതാഗത മാർഗ്ഗം വഴിയും മധ്യ യൂറോപ്പിന്റെ ഏതു ഭാഗത്തും എളുപ്പത്തിൽ എത്താം. അതിവേഗ ട്രെയിനിൽ ഫ്രാങ്ക്ഫൂർട്ട്, പാരിസ്, മിലാൻ എന്നിവിടങ്ങളിൽ ഏകദേശം നാല് മണിക്കൂർ കൊണ്ട് എത്തിച്ചേരാം.  മൂന്നു രാജ്യത്തിനും തരം തിരിച്ചുള്ള റെയിവേ സ്റ്റേഷനുകളും കൂടാതെ ഈ ത്രിരാഷ്ട്രങ്ങൾക്കായി യൂറോ എയർപോർട്ട് എന്ന പേരിൽ ഒരു വിമാനത്താവളവും ഉണ്ട്. അയൽ രാജ്യങ്ങളായ ഫ്രാൻസിന്റേയും ജർമ്മനിയുടേയും തൊട്ടടുത്ത പട്ടണങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്താൻ  കഴിയും വിധം ബസ്സുകളും ട്രാമുകളും ബാസലിൽ നിന്ന് നിരവധിയുണ്ട്. ഏറെക്കാലം യുദ്ധങ്ങൾ നടത്തി അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ച് മടുത്ത യൂറോപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും ഉഷ്മളബന്ധങ്ങളും മറ്റു ലോകരാജ്യങ്ങൾക്ക് മാതൃയാക്കാവുന്നതാണ്. ഒരു നദിയെ എങ്ങനെയൊക്കെ മനുഷ്യന് ഉപകാരപ്രദമാക്കാമെന്നും ആ നദിയെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്നുമെല്ലാം നമ്മൾ ഇന്ത്യക്കാർ കണ്ടുപഠിക്കേണ്ടതാണ്.

Basel 9

സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയവും മറ്റ് നിരവധി പ്രശസ്തമായ മ്യൂസിയങ്ങളും ഉള്ളതുകൊണ്ടാവാം മ്യൂസിയങ്ങളുടെ സ്വന്തം നാട് എന്ന പേരിലാണ് ബാസൽ നഗരം അറിയപ്പെടുന്നത്.  1460-ൽ സ്ഥാപിതമായ സ്വിറ്റ്‌സർലാൻഡിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലയും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ ലോക ആസ്ഥാനവും ഈ പട്ടണത്തിലാണ്. നവോത്ഥാനകാലം മുതൽ ഈ നഗരം പ്രാധന വാണിജ്യ സാംസ്കാരിക കേന്ദ്രവും രാസ, ഔഷധ നിർമ്മാണത്തിന്റെ മുഖ്യകേന്ദ്രവുമാണ്.

Basel 10

സ്വിറ്റ്‌സർലാൻഡിലെ മറ്റിടങ്ങളിലെ ഭൂപ്രകൃതി പോലെ അത്ര മനോഹരമല്ലെങ്കിലും ബാസലിനും അതിന്റേതായ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഒത്തിരി വൈവിധ്യങ്ങളും  വൈരുധ്യങ്ങളും നിറഞ്ഞതാണ് ഈ നഗരം. ആധുനിക വാസ്തുവിദ്യയുടെ തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന ചരിത്രപരമായ കെട്ടിടങ്ങൾ ലോകപ്രശസ്ത മ്യൂസിയങ്ങൾക്കൊപ്പം നവവും ചലനാത്മകവുമായ കലാരംഗം ഇവയൊക്കെ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. വേനൽക്കാലത്ത് റൈൻ നദീതീരത്തൂടെയുള്ള നടത്തവും ചൂണ്ടയിടലും കുളിയും ബാർബിക്യൂവും രസമുള്ള അനുഭവങ്ങളാണ്. ഒരു നഗരത്തിന്റെ കോസ്‌മോപൊളിറ്റൻ അന്തരീക്ഷവും സജീവമായ പാരമ്പര്യങ്ങളും നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാനാ​ഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ബാസൽ.

Content Highlights: three countries corner travel, Weil am Rhein travel, Tomasee, Dreiländereck travel