| Mathrubhumi Sanchari POST OF THE WEEK |

ഇന്നലെ തിമ്പുവില്‍ നിന്ന് കാതറീന്റെ ഇ-മെയില്‍ ഉണ്ടായിരുന്നു. ''നിനക്കോര്‍മ്മയില്ലേ നമ്മള്‍ ടൈഗര്‍ നെസ്റ്റിലേയ്ക്ക് നടന്നുപോയ ആ വഴികള്‍. വലിയ പൈന്മരങ്ങള്‍ക്കിടയിലെ നിശബ്ദദയുടെ ആ വഴിത്താരയിലൂടെ ഞാന്‍ ഇപ്പോഴും നടക്കാറുണ്ട്. ഇനിയും അനുഭവിച്ച് തീരാനാകാത്തത്രയും മധുരമുണ്ട് ഇവിടത്തെ പ്രകൃതിയുടെ ഓരോ തുടിപ്പിനും. എന്റെ പൂന്തോട്ടം തളിര്‍ത്ത് പൂവിട്ടിരിക്കുന്നു. ഇപ്പോള്‍ നീ വരികയാണെങ്കില്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹരമായ പൂക്കളെ കാണാം''.

കാലിഫോര്‍ണിയയില്‍ ജനിച്ച കാതറീന്റെ ജീവിതം ഭൂട്ടാന്റെ പ്രകൃതിയുമായി പ്രത്യക്ഷമായി അലിഞ്ഞുചേര്‍ന്നിട്ട് രണ്ടു പതിറ്റാണ്ടുകളായി. പറോയില്‍ നിന്ന് ടൈഗര്‍ നെസ്റ്റിലേയ്ക്കുള്ള ട്രെക്കിങിനിടയിലാണ് കാതറീനുമായി കൂട്ടുകൂടുന്നത്. കാതറീന്റെ ജീവിതം നിഗൂഢമായ ഒരു സാഹസികതയാണ്. രണ്ടാഴ്ചത്തെ ഒഴിവുകാലം ചിലവഴിക്കുന്നതിനായി അവള്‍ 2010-ല്‍ ഭൂട്ടാനിലെത്തി. സ്വര്‍ഗ്ഗത്തിലെത്തിയത് പോലെയാണ് അവള്‍ക്കു തോന്നിയത്. ഇവിടെ എല്ലാവരും ചിരിക്കുന്നു, സന്തോഷിക്കുന്നു.

കാലിഫോര്‍ണിയയില്‍ തിരിച്ചെത്തി ജോലിയില്‍ വ്യാപൃതനായെങ്കിലും നിറങ്ങളിലാത്ത ആ ദിനങ്ങളെ അവള്‍ വെറുത്തു. അവള്‍ക്ക് ഒട്ടും ഹൃദ്യമാവാനായില്ല. പ്രകൃതിയുടെ പ്രശാന്തതയുമായി ചേര്‍ന്ന ആ സംസ്‌കാരത്തിലെ നല്ല മനുഷ്യരുടെ ഇടയിലേയ്ക്ക് പോകാന്‍ അവള്‍ കൊതിച്ചു. ഈ സമയത്ത് ലിറ്റല്‍ ബുദ്ധ എന്ന സിനിമ കാണാനിടയായത് അവള്‍ക്ക് പ്രചോദനമായി. വീണ്ടും അവള്‍ ഭൂട്ടാനിലേയ്ക്ക് വന്നു. ഒരു ഭൂട്ടാനീസ് ക്രാഫ്റ്റ് മാനുമായി അനുരാഗത്തിലായതോടെ കാലിഫോര്‍ണിയയിലെ എല്ലാ കെട്ടുപാടുകളെയും ഉപേക്ഷിക്കുക എന്ന കഠിനമായ തീരുമാനമെടുത്ത അവള്‍, പുതിയൊരു ജീവിതം പാരോയില്‍ ആരംഭിച്ചു. ബുദ്ധമത വിശ്വാസജീവിത മാതൃകകളാണ് അവളുടേത്. സ്വന്തം തിരിച്ചറിവിലൂടെ വര്‍ത്തമാന കാല ജീവിത നിമിഷങ്ങളുമായി പ്രത്യക്ഷബന്ധം പുലര്‍ത്തികൊണ്ടും ഹൃദയമായി ചുറ്റുപാടിനോട് സംവദിച്ചു കൊണ്ടുള്ള ഒരു ധ്യാനമാണ് ആ ജീവിതം. ഒരു ജന്മാന്തരനിയോഗമായി അവള്‍ അതിനെ പുണര്‍ന്നുകൊണ്ടേയിരിക്കുന്നു. 

Thimphu Bhutan

പരോയിലെ നീണ്ടുകിടക്കുന്ന ഒരു പൈന്മരക്കാടിന്റെ പശ്ചാത്തലത്തില്‍ കണ്ട അവളുടെ തോട്ടം ഭൂട്ടാന്റെ എല്ലാ നന്മകളും ചേര്‍ന്നതായിരുന്നു. ശീതമാസത്തിലെ തിമ്പുവിലെ അന്തരീക്ഷം ഉദാസീനമായിരുന്നു. പ്രകൃതിയുടെ ശാന്തതയില്‍ വെറുതെയിരിക്കാന്‍ തോന്നുന്ന സമയം. തിമ്പു താഴ്‌വരയിലെ വയല്‍പ്പരപ്പുകളും ചുറ്റുമുള്ള പച്ചപ്പും വാങ്ച്ചു നദിയിലെ തെളിഞ്ഞ ജലമൊഴുക്കും ഹൃദയസ്പര്ശിയായ കാഴ്ചയാണ്. ആ സംസ്‌കാരത്തിന്റെ ഒരു ചിത്രവൃത്താന്തമുണ്ടിവിടെ. തിമ്പു താഴ്‌വരയുടെ നിമ്‌നോന്നത പ്രകൃതിയില്‍ ഇണങ്ങുന്ന വൃഷപകര്‍ച്ചകള്‍, ഇടവിട്ടുള്ള കര്‍ഷകഗൃഹങ്ങള്‍, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പര്‍വ്വത ധവള ശിഖരങ്ങള്‍. വാങ്ച്ചു നദിയുടെ അടുത്തുള്ള വിപണി സജീവമാണ്. അവിടെ കരകൗശല വസ്തുക്കളും ബുദ്ധവിഗ്രഹങ്ങളും ജപമാലകളും ഗൃഹോപകരണ വസ്തുക്കളുമെല്ലാം വില്‍ക്കുന്നവരെ കാണാം. ഭൂരിഭാഗം പേരും സ്ത്രീകളാണ്. ആ മാര്‍ക്കറ്റില്‍ വിശാലമായൊരു പച്ചക്കറി വിപണിയുണ്ട്. ആ കാഴ്ച ഹൃദ്യവും ഉന്മേഷപ്രദവുമായിരുന്നു. 

Thimphu Bhutan

ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷിക വിഭവങ്ങളുമായി വന്ന സ്ത്രീകള്‍ അവയൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അവരുടെ അതീവവശ്യമായ ചിരിയില്‍ ആ ഗ്രാമങ്ങളുടെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുക്കാം. പച്ചയുടെ ഗാഢതയുള്ള അവരുടെ വിശാലമായ പച്ചക്കറി തോട്ടങ്ങള്‍, ചെറിയ കുന്നുകളില്‍ ഒറ്റപെട്ടുകിടക്കുന്ന ഗൃഹങ്ങള്‍ - അത് അതിവിദൂരമായ ഏതോ ഭൂതകാലത്തേയ്ക്ക് കൊണ്ടുപോകുന്നു. തിമ്പുവിന്റെ നഗരവീഥികളില്‍ കാണുന്ന നിര്‍മ്മിതികള്‍ ഭൂട്ടാനീസ് വാസ്തുശില്പ ശൈലി പിന്തുടരാന്‍ ക്ലേശിക്കുന്നതായി കാണാം. ഗൃഹങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ ബുദ്ധമതവിഹാരങ്ങള്‍ എല്ലാത്തിലും ഒരു തനിമ കാണാം. ആധുനികതയെ ഒരു കുറ്റബോധത്തോടെയാണ് ഭൂട്ടാന്‍ പുല്‍കുന്നതെന്ന് തോന്നുന്നു. സാംസ്‌കാരിക അധിനിവേശത്തില്‍ ഭീതിപൂണ്ട രാജാവ് ആധുനിക മാധ്യമങ്ങള്‍ അവിടെ അനുവദിച്ചില്ല. 1999 നാലാം രാജാവിന്റെ രജതജൂബിലിയോടനുബന്ധിച്ചാണ് മൊബൈല്‍ ഫോണും ടെലിവിഷനുമെല്ലാം ഭൂട്ടാനില്‍ അനുവദനീയമായത്. രാജാവിനേക്കാള്‍ രാജഭക്തി പ്രകടിപ്പിക്കുന്ന ജനങ്ങള്‍ ജനാധിപത്യത്തിനോട് വിമുഖരാണ് എന്നത് ഒരു വൈപരീത്യം. ഭൂട്ടാന്‍ ജനാധിപത്യത്തിലേയ്ക്ക് ചുവടുവച്ചപ്പോള്‍ പരിഭവങ്ങളുമായി ആളുകള്‍ ഗ്രാമങ്ങളില്‍നിന്ന് രാജാവിനെ കാണാന്‍ വന്നിരുന്നു.

Thimphu Bhutan

ഭൂട്ടാന്‍ യാത്രയിലുടനീളം ആകര്‍ഷകമായ അതിശയോക്തിനിറഞ്ഞ നിരവധി പാഴ് കഥകള്‍ കേള്‍ക്കേണ്ടതായിവന്നു. ഗുരു പത്മസംഭവ തിബത്തില്‍ നിന്ന് ഒരു പെണ്‍കുതിരപ്പുറത്ത് പറന്നിറങ്ങി മൂന്ന് വര്‍ഷം തപസ് അനുഷ്ടിച്ച ടൈഗര്‍ നെസ്റ്റിനെക്കുറിച്ചുള്ള കഥകള്‍, കിയ്ച്ചു ലാഖ്ങ്ങിലെ രഹസ്യനിധികളെക്കുറിച്ചുള്ള കെട്ടുകഥകള്‍, ലാമമാരുടെ അദ്ഭുത സിദ്ധികളെക്കുറിച്ചുള്ള - രൂപാന്തരപ്രാപ്തിനേടിയതിനെക്കുറിച്ചുള്ള കഥകള്‍, മരങ്ങളും മലകളും, മൃഗങ്ങളുമായി പുനര്‍ജന്മം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള കഥകള്‍. പ്രകൃതിയുടെ നിഗൂഢ പ്രത്യക്ഷത്തെ അവര്‍ പ്രതീകാത്മകമായും അതിശയോക്തിനിറഞ്ഞ മിത്തുക്കളോടെയുമാണ് വര്‍ണ്ണിക്കുന്നത്. അവര്‍ക്ക് നദികളും പര്‍വ്വതങ്ങളുമെല്ലാം സവിശേഷമായ വൈകാരിക ഭാവങ്ങളാണ്.

Thimphu Bhutan

തിമ്പുവിലെ ക്യൂന്‍ സെല്‍ ഫൊദ്രാങ് മലയില്‍ പ്രശാന്തസുന്ദരമായ പ്രകൃതി പശ്ചാത്തലത്തില്‍ ഒരു ധ്യാന ബുദ്ധപ്രതിമയുണ്ട്. തിമ്പുവിലെ കാഴ്ചകളെ പ്രസന്നമാക്കുന്ന ആ ഭീമാകാരമായ ബുദ്ധന്‍ വിവിധ ബുദ്ധിസ്റ്റ് വാസ്തുശില്പ വൈവിധ്യങ്ങളുടെ സംഗമമാണ്. ആശ്ചര്യവും അമ്പരപ്പും നിലനിര്‍ത്തികൊണ്ട് ആ ഭീമാകാരന്‍ ചുറ്റുമുള്ള പര്‍വ്വതങ്ങളെ ഉലംഘിക്കുകയാണ്. വിശ്വോത്തരമായ ഈ വെങ്കല വിഗ്രഹം ഭൂട്ടാന്റെ വാങ്ചുക് രാജവംശത്തിന്റെ സ്മാരകമാണ് .ധ്യാനത്തിന് പറ്റിയ അവിടത്തെ പ്രശാന്തമായ അന്തരീക്ഷം, ചുറ്റിലും ഹിമാഭാരവുമായി നില്‍ക്കുന്ന ഗിരിശൃംഗങ്ങളുടെ കാഴ്ച്ചകള്‍ ഭൂട്ടാന്റെ മൃദുലഭാവങ്ങളെ വഴിയുന്നു.

Thimphu Bhutan

രാത്രിയില്‍ ചിമ്മി ചോക്കിയുടെ ''തിമ്പു ക്വീന്‍ പാര്‍ട്ടി'' എന്ന പ്രോഗ്രാമിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു. ഇഷ്ടപെട്ടവരുമായി നൃത്തം ചെയ്ത് ഉല്ലസിക്കുന്ന ഈ പരിപാടികള്‍ യുവത്വത്തിന്റെ ഹരമാണ്. മഥിച്ചു നടക്കുന്ന ആണ്‍ പെണ്‍ പ്രണയോപചാരങ്ങളുടെ വേദികളാകുന്ന ഡാന്‍സ് പാര്‍ട്ടികളിലേയ്ക്ക് കുടുബസമേതം ആളുകള്‍ പങ്കെടുക്കുന്നു. കപട സദാചാരവാദികളെ നൊമ്പരപ്പെടുത്തുന്ന ഈ സൗഹൃദ ആവിഷ്‌ക്കാരങ്ങള്‍ ഖണ്ഡിക്കുവാന്‍ സദാചാരവാദികള്‍ അവിടെ ഉല്‍ഭവിക്കേണ്ടിയിരിക്കുന്നു. ഊഷ്മളമായ സ്ത്രീപുരുഷബന്ധങ്ങള്‍, വിവാഹേതര -വിവാഹപൂര്‍വ്വബന്ധങ്ങള്‍ ഇവിടെ സ്വാഭാവികവും അവരുടെ നൈസര്‍ഗികജീവിതത്തിന്റെ ഭാഗവുമാണ്. ഇന്നും ഗ്രാമങ്ങളില്‍ കമിതാക്കള്‍ക്ക് ഇണകളുടെ ഗൃഹങ്ങളില്‍ ഉഭയസമ്മതപ്രകരം സഹശയനം നടത്താം. അത്തരത്തിലുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വിഹാഹജീവിതമായി ബന്ധപെട്ട് നില്കണമെന്നില്ല .ചെറുപ്പം മുതല്‍ പരസ്പരം അറിയുകയും രതിലീലകളില്‍ ഏര്‍പ്പെടുകയും ചെയ്തവരില്‍നിന്ന് മനസ്സിന് ചേരുന്നവരെ പങ്കാളിയാക്കുന്ന രീതിയാണ്. ഇപ്പോഴും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നത്. 

Thimphu Bhutan

ഭൂട്ടാന്‍ രാജാവിന്റെ പ്രണയം ഉദാരമായിരുന്നു. രാജാവായിരുന്ന ജിഗ്മെ സിംഗയെ വാങ്ച്ക് നാല് സഹോദരിമാരെയും വേല്‍ക്കുകയായിരുന്നുവല്ലോ. ഒരു നഗരശോഭിനിയായ ചിമ്മിയുടെ പാര്‍ട്ടിയിലെത്തിയ ഞങ്ങള്‍ക്ക് ലഭിച്ച സ്വീകരണം ഹൃദ്യമായിരുന്നു. ചിമ്മി ഒരു സിഗരറ്റ് നീട്ടി അത് അവളുടെ സാഹസികമായ ഒരു ഉപഹാരമാണെന്ന് പറഞ്ഞു. പുകവലിക്കാത്ത എന്നെ സംബന്ധിച്ചിടത്തോളം അത് നിരാശയുണ്ടാക്കി .നിരസിച്ചാല്‍ അവള്‍ക്ക് വിഷമമുണ്ടാകും. ഭൂട്ടാനില്‍ സിഗരറ്റ് ഉപയോഗിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. ഇന്ത്യയില്‍ നിന്ന് സിഗരറ്റ് ഒളിച്ചുകടത്തി പാരോയിലും തിമ്പുവിലുമെല്ലാം അതീവ രഹസ്യമായി വില്പനനടത്തുന്നവരുണ്ട്. നിരവധി സ്ത്രീകള്‍ പിടിക്കപ്പെട്ട് ജയിലിലുമാണ്.

Thimphu Bhutan

ജീവിതത്തില്‍ അപൂര്‍വമായി സംഭവിക്കാവുന്ന സൗഹൃദത്തിന്റെ ആനന്ദനിമിഷങ്ങളിലായിരുന്നു ഞങ്ങള്‍ . അരിയില്‍ വാറ്റിയ അര എന്ന അവരുടെ ലഹരി പാനീയവും നൃത്തവും നല്‍കിയ അനുഭൂതിദായകമായ ഒരു രാത്രി. തിബു താഴ്വരയില്‍ അപ്പോഴും മഞ്ഞു പെയ്തുകൊണ്ടേയിരുന്നു.

Thimphu Bhutan


നമുക്ക് മരങ്ങള്‍ പൂക്കുന്നതിന്റെ ഗന്ധം അനുഭവിച്ച് ഋതു ഭേദങ്ങള്‍ പ്രതീക്ഷിച്ച് അവയെ മനനം ചെയ്ത് ഇവിടെ കഴിയാം. ഭൂട്ടാന്റെ സന്നിഗ്ദ്ധമായ പ്രകൃതിയിലും വനപ്രദേശത്തുമെല്ലാം അലഞ്ഞു നടക്കാം. ഭൂട്ടാന്‍ ഹിമാലയത്തിന്റെ നിശബ്ദയും ഏകാന്തതയുമാണ്. അത് ഭൂമിയിലെ അവസാനത്തെ ഏദന്‍ തോട്ടമാണ്...