കേവലമൊരു ഒന്നേമുക്കാല്‍ വയസ്സുകാരി, വീട്ടിലെ ശാന്തിക്കും സമാധാനത്തിനും ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ കുറയ്ക്കാന്‍ ഞങ്ങള്‍ കണ്ട പരിഹാരങ്ങളില്‍ ഒന്നാണ് ഒഴിവുദിനങ്ങളിലെ ചെറുയാത്രകള്‍. ബീച്ചുകളും കൊച്ചു സഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ തിരുവനന്തപുരം അതിനു പറ്റിയയിടവും! സ്ഥിരം റൂട്ടില്‍ നിന്നും ഇക്കഴിഞ്ഞ വേനലിലെ ഒരു ദിവസം ഞങ്ങള്‍ ദിശയൊന്നു മാറ്റിപ്പിടിച്ചു. വര്‍ക്കല-നെടുങ്ങണ്ട വഴി അഞ്ചുതെങ്ങു കോട്ടയും പെരുമാതുറ പാലത്തിലെ സൂര്യാസ്തമനവും കണ്ടു മടങ്ങാനായിരുന്നു ആ സായാഹ്നത്തിലെ ഞങ്ങളുടെ ഉദ്ദേശം. തീരദേശ പാതയിലൂടെ ഒരു അലസസായാഹ്ന യാത്ര... 
 
ഉത്സവകാലത്തു അലങ്കാര വിളക്ക് മത്സരം നടക്കുന്ന ക്ഷേത്രമാണ് നെടുങ്ങണ്ട. അലങ്കാര ദീപ മത്സരം പ്രശസ്തിയാര്‍ജ്ജിച്ചു വരുന്നതിന്റെ പോസ്റ്റുകളും വാര്‍ത്തകളും കണ്ടു പൊറുതിമുട്ടിയപ്പോള്‍ ഇത്രയടുത്തു ഇത്രയും വലിയ സംഭവം നടന്നിട്ടു കണ്ടില്ലെന്നു വേണ്ട എന്ന് കരുതി മഴക്കാറ് മൈന്‍ഡ് ചെയ്യാതെ ഞങ്ങളും വന്നിരുന്നു. ദീപാലങ്കാരങ്ങള്‍ അത്യുഗ്രന്‍ തന്നെയായിരുന്നു! ആ പ്രദേശമാകെ ആകാശത്തിലെ നക്ഷത്രങ്ങള്‍ താഴ്ന്നിറങ്ങിയ പോലെ! ഒടുവില്‍, അഴിക്കുംതോറും മുറുകിവന്ന ട്രാഫിക്കില്‍ നിന്ന് എങ്ങനെയൊക്കെയോ രക്ഷപെട്ടു വരുമ്പോള്‍ ആയിരുന്നു പെരുമഴയും പാതാളം വരെ കിടുക്കുന്ന ഇടിമിന്നലും. കൂറ്റാക്കൂറ്റിരുട്ടത്തു എവിടെയോ, ഏതോ എന്നറിയാതെ ഒരു കടയുടെ ഇത്തിരിത്തിണ്ണയില്‍ കയറി നിന്നു. ആ ലോകാവസാന കാഴ്ചകള്‍ കണ്ടു പേടിച്ചു കരയുമ്പോഴും, എനിക്കത്ഭുതം എന്റെ തോളില്‍ കിടന്നു ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്ന അമ്മുകുട്ടിയെ ഓര്‍ത്തായിരുന്നു! അന്നത്തെ ആ അനുഭവം കാരണം നെടുങ്കണ്ട എന്ന് കേള്‍ക്കുമ്പോഴേ ഇന്നും മനസ്സില്‍ ഒരു ഇടിമുഴക്കമാണ്! 

Thazhampalli
 
ഒരു കുന്നിന്‍മുകളില്‍ ആണ് ക്ഷേത്രം. ഇങ്ങു താഴെ ക്ഷേത്രത്തിനു മുന്‍പിലൂടെ ഒഴുകുന്ന ആറിന് കുറുകെയുള്ള ഒന്നാംപാലം കടന്നു ചെല്ലുന്നതു കടലോരത്തുകൂടിയുള്ള ചിലക്കൂര്‍-വള്ളക്കടവ് തീരദേശപാതയിലേക്കാണ്. മഹാകവി കുമാരനാശാന്റെ ജന്മദേശമായ കായിക്കരയിലൂടെ, ഏകദേശം അഞ്ചു കിലോമീറ്ററോളം പിന്നിട്ടാല്‍ അഞ്ചുതെങ്ങായി. കായിക്കരയില്‍ കാണാന്‍ 1957-ല്‍ സ്ഥാപിച്ച കുമാരന്‍ ആശാന്‍ സ്മാരക കാവ്യഗ്രാമമുണ്ട്. ലൈബ്രറി, ശില്പമണ്ഡപം, ദീപഗോപുരം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, സാഗരോദ്യാനം എന്നിവയൊക്കെ ചേര്‍ന്ന ഒരു ഗവേഷണ പഠനകേന്ദ്രമാണത്. 

Thazhampalli

Thazhampalli
 
ഇടുങ്ങിയ തീരദേശറോഡിലൂടെ തട്ടി, തട്ടിയില്ല എന്ന മട്ടിലുള്ള യാത്ര ഒരു വേള ഫോര്‍ട്ട് കൊച്ചി ബസാര്‍ റോഡിനെ ഓര്‍മിപ്പിച്ചേക്കും. ഇരുവശവും നിറയെ മല്‍സ്യബന്ധന തൊഴിലാളികളുടെ വീടുകള്‍ ആണ്. ഫ്രീക്കിസം കൊച്ചിയില്‍ നിന്ന് നേരെ അഞ്ചുതെങ്ങിലേക്കു പറന്നിറങ്ങിയ പോലെ ഇളം തലമുറയുടെ വേഷങ്ങളും, ഹെയര്‍ സ്‌റ്റൈലുകളും. ക്രിയാത്മകം എന്നേ പറയാനുള്ളൂ!

Thazhampalli
 
അല്പദൂരം കൂടി മുന്‍പോട്ടു പോയാല്‍ അഞ്ചുതെങ്ങ് കോട്ടയായി. കോട്ടയെ ചുറ്റി വളഞ്ഞാണ് റോഡിന്റെ കിടപ്പ്. അധികം തിരക്കില്ലാത്ത അല്പമിടുങ്ങിയ ആ റോഡില്‍ വണ്ടിയൊതുക്കി. റോഡിന് എതിര്‍ വശത്തു കറുപ്പും വെള്ളയും ചുറ്റി നില്‍ക്കുന്നുണ്ട് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്.

Thazhampalli
 
ആദ്യ കാഴ്ചയില്‍ അത്ഭുതങ്ങള്‍ ഒന്നും തരാനില്ല കോട്ടയ്ക്ക്. ശാന്തത കനത്തുണ്ടായ പോലെ കറുത്തുപഴകിയ ഒരു കോട്ട. കോട്ടയുടെ മ്ലാനത അതേപടി പകര്‍ന്നു നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ അപ്പൂപ്പന്‍. എന്നാല്‍ കോട്ടവാതില്‍ കടന്നു കയറുന്നത് മനോഹരമായ ഒരു പുല്‍ത്തകിടിയിലേക്കാണ്. ഇടതടവില്ലാതെ പരന്നു കോട്ടയ്ക്കകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന തളിരിളം പച്ചപ്പ്! അതില്ലായിരുന്നെങ്കില്‍ കോട്ട വെറുമൊരു മുഷിഞ്ഞ മതില്‍ക്കെട്ട് മാത്രമായിപ്പോയേനേ എന്ന് തോന്നിപ്പോയി.

Thazhampalli
 
ചരിത്രം നോക്കിയാല്‍, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ആറ്റിങ്ങല്‍ രാഞ്ജിയുടെ അനുമതിയോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച കോട്ടയാണിത്. ഇംഗ്ലണ്ടില്‍ നിന്നുള്ള കപ്പലുകള്‍ക്കായുള്ള ആദ്യ സിഗ്‌നലിങ് സ്റ്റേഷന്‍ ആയിട്ടാണ് കോട്ടയും സമീപത്തുള്ള ലൈറ്റ് ഹൗസും പ്രവര്‍ത്തിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ആംഗ്ലോ-മൈസൂര്‍ യുദ്ധകാലത്തും ഒരു പ്രധാന പങ്കു വഹിച്ചിരുന്നു ഈ കോട്ട. യുദ്ധകാലത്ത്, വെടിക്കോപ്പുകളും മറ്റും ശേഖരിച്ചു വച്ചിരുന്നത് ഇവിടെ ആയിരുന്നത്രേ. അധിക ചിലവെന്ന കാരണത്താല്‍ 1813 -ല്‍ കമ്പനി ഫോര്‍ട്ട് ഉപേക്ഷിക്കുകയാണുണ്ടായത്. 
 
കോട്ടയുടെ മുകളിലൂടെ നാലു ഭാഗത്തുകൂടിയും ആളുകള്‍ നടക്കുന്നുണ്ട്. അവിടെ കയറി നിന്നാല്‍ കടലും, ലൈറ്റ് ഹൗസും മറ്റും നന്നായി കാണാം. പുറത്ത് കോട്ടയോടു ചേര്‍ന്ന് തിങ്ങിനിറഞ്ഞു വീടുകളാണ്. കോട്ട സന്ദര്‍ശിക്കുന്നവരെ കാണാന്‍ വേണ്ടി വീടുകള്‍ക്ക് മുകളില്‍ കയറി നില്‍ക്കുന്ന കുമാരന്മാരെ ചെറു ചിരിയിലൊതുക്കി ഞങ്ങള്‍ കോട്ട കാണല്‍ തുടര്‍ന്നു. 

Thazhampalli
 
അവിടെയും ഇവിടെയും അല്‍പ സ്വല്പം കേടുപാടൊക്കെയുണ്ട് കോട്ടയ്ക്ക്! ചില പുതുക്കി പണികളും നടന്നിട്ടുണ്ട്. മതിലില്‍ നിന്ന് നോക്കിയപ്പോഴാണ് കോട്ടയ്ക്കു പിറകു വശത്തെ പ്രവേശനമില്ലാതിരുന്ന ഭാഗം കാണാനിടയായത്. പിറകില്‍ അഞ്ചാറു തൂണുകള്‍ നിരന്നു നില്കുന്ന ചെറിയൊരു ഭാഗം കൂടിയുണ്ട്. കോട്ടമുഖം ആയിരിക്കുമോ? അങ്ങോട്ടേക്കുള്ള ഗേറ്റ് അടച്ചിരിക്കുന്നത് എന്തിനെന്നു വ്യക്തമല്ല. അവിടെയും പച്ചപുല്‍ത്തകിടിയുടെ തുടര്‍ച്ച തന്നെ.
 
കോട്ടയ്ക്കു കുറുകെ ഉള്ള മതിലിനു വീതിയില്ലാത്തതിനാല്‍ സ്വതവേ ബാലന്‍സ് കുറവായ ഞാന്‍ അതിലൂടെ നടക്കുന്ന കാര്യം ചിന്തിച്ചതേയില്ല. മറ്റു അത്ഭുതങ്ങളൊന്നും മറുഭാഗത്തില്ല എന്ന് അവിടെ ഉള്ള മുഖങ്ങളില്‍ നിന്നു വായിച്ചെടുത്തു. അതുകൊണ്ട് തിരക്കില്ലാത്ത, ശാന്തമായ ഒരു ദേശീയ സ്മാരകം കണ്ട സന്തോഷത്തോടെ ഞങ്ങള്‍ തിരിച്ചിറങ്ങി. ലൈറ്റ് ഹൗസില്‍ നിന്നുള്ള കാഴ്ചകള്‍ ഒഴിവാക്കാനാവാത്തതാണെങ്കിലും കുട്ടിയുള്ളതിനാല്‍ തത്ക്കാലം അതും വേണ്ടെന്നു വച്ചു.

Thazhampalli
 
പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുരുമുളകിനും, കൈത്തറി വസ്ത്രത്തിനും, കയറിനും പുകള്‍പെറ്റ നാടായിരുന്നുത്രേ അഞ്ചുതെങ്ങ്. ഇന്നിവിടെ ചരിത്രത്തിന്റെ ബാക്കിപത്രമായിട്ട് കോട്ടക്ക് പുറമെ, പോര്‍ച്ചുഗീസ് പള്ളികളും, പുരാതന കോണ്‍വെന്റും, സ്‌കൂളും ഉണ്ടെന്നു പറയപ്പെടുന്നു.
 
കോട്ട പിന്നിട്ടു മുന്നോട്ട്.. 

ഇടതും വലതും ആറും കടലും ഒളിഞ്ഞും തെളിഞ്ഞും കൂടെയുണ്ട്. അല്പം കൂടി മുന്‍പോട്ടു പോയപ്പോള്‍ വാമനപുരം നദി വന്നു ചേര്‍ന്ന് കൈവഴി വിശാലമായ ഒരു ജലപരപ്പായി മാറി. നോക്കിനോക്കിയിരിക്കെ ആറ്റിന്‍കര സജീവമായിത്തുടങ്ങി. നിറപ്പകിട്ടുള്ള പുത്തന്‍വലകള്‍.. വന്നും പോയുമിരിക്കുന്ന ബോട്ടുകള്‍.. കൂട്ടമായിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍. 

Thazhampalli
 
ഇരുവശത്തേയും ജലസമൃദ്ധി ഞങ്ങള്‍ സഞ്ചരിക്കുന്ന പാതയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. റോഡിനിരുവശത്തും കരയുടെ വീതി കുറഞ്ഞു വരികയാണെങ്കിലും, അതിനിടയില്‍ ആവുന്നത്ര വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓലക്കൂര മുതല്‍ പച്ചയും, വെള്ളയും, പിങ്കും, നീലയും നിറങ്ങളില്‍ ചെറുതും വലുതുമായ, പുതിയതും, പഴയതും, ഇനിയും പണിതീരാത്ത കോണ്‍ക്രീറ്റ് വീടുകള്‍ വരെ! പല വീടുകളുടെയും പിന്‍ഭാഗം കടല്‍ഭിത്തിയോട് ചേര്‍ന്നാണിരിക്കുന്നത്. ഇടയ്ക്കിടെ കാണുന്ന തകര്‍ന്ന കടല്‍ഭിത്തിയും, വീടിന്റെ അവശിഷ്ടങ്ങളും പല സങ്കടങ്ങളും വിളിച്ചു പറയുന്നതായി തോന്നി... 
 
അടുക്കുംതോറും തനിസ്വരൂപം കാട്ടിത്തുടങ്ങി കടല്‍. മുഴക്കത്തോടെ തിരമാലകള്‍ കല്‍ഭിത്തിയില്‍ ആഞ്ഞിടിക്കുന്നു. ശക്തി കൂടിയവ ഭിത്തിയും കടന്നു വന്ന് വീട്ടുമുറ്റത്തെ പാത്രങ്ങള്‍ മറിച്ചിടുന്നുണ്ടായിരുന്നു. തിര വരുന്നത് ജനലിലൂടെ കണ്ടു റോഡിലേക്ക് എടുത്തു ചാടി ഓടുന്ന ചെറുക്കന്മാരെയും ഞങ്ങള്‍ കണ്ടു. കടലും, കടല്‍ക്കരയിലെ ജീവിതങ്ങളും തമ്മിലുള്ള ഉരസലുകള്‍..
 
ആ നെട്ടോട്ടങ്ങള്‍ കണ്ടു കണ്ണുമിഴിച്ചിരിക്കാനേ എനിക്കാവുമായിരുന്നുള്ളു. ഒന്നോ രണ്ടോ വേനല്‍ മഴ പെയ്തപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കില്‍ എത്ര ഭീകരമാകും മഴക്കാലത്ത്! ആ വീട്ടുകാരുടെ മുഖങ്ങളില്‍ ബാക്കിയാകുന്നത് 'ഇന്നിത്തിരി കടുപ്പമാണെല്ലോ' എന്നൊരു ഭാവം മാത്രം.. 

Thazhampalli

ഇടയ്ക്കു റോഡിലേക്ക് അടിച്ചുകയറുന്ന കടല്‍ കണ്ടൊന്നു നിന്നു. കുറച്ചു പാറക്കല്ലുകള്‍ ഇട്ടു തടയൊരുക്കിയ ഒരു കൊച്ചു മണല്‍ത്തിട്ട. ഒരു മൈക്രോ മിനി ബീച്ച് എന്നൊക്കെ പറയാം. അതുവഴി കടന്നു വന്നപ്പോള്‍ അല്പമൊന്നു പേടിക്കാതിരുന്നില്ല. കടല്‍ഭിത്തിയുടെ ഔദാര്യം കൊണ്ട് നിലകൊള്ളുന്ന, സദാ തിരയുടെ നനവ് തട്ടിക്കിടക്കുന്ന ആ റോഡിലൂടെ ചെറുതായെങ്കിലും ഒന്ന് നനയാതെ കടന്നു പോകുക ദുഷ്‌ക്കരം. ഉപ്പുവെള്ളം ഒലിപ്പിച്ചു നില്‍ക്കുന്ന കുരിശടിയും, അണഞ്ഞ മെഴുകുതിരികളും ഒരല്പം നൊമ്പരപെടുത്തിയോ?
 
ഇതാണ് താഴംപൂവുകളുടെ നാടായ താഴംപള്ളി! ഇതെന്റെ വര്‍ണ്ണനയല്ല. വഴിയരികിലെ ബോര്‍ഡില്‍ കണ്ടതാണ്. താഴമ്പൂ എന്നാല്‍ കൈത ആണെന്ന് പിന്നീടാണ് മനസ്സിലായത്. തോട്ടിന്‍കരയിലൊക്കെ തഴച്ചു വളരുന്ന കൈതയുടെ പൂ വാസനയെപ്പറ്റി പുകഴ്ത്താത്തവര്‍ ചുരുക്കം. ആറും, തോടും, കായലും, കടലും എല്ലാമുള്ള ഈ കൊച്ചു നാടിനു ഇതില്‍ക്കൂടുതല്‍ ചേരുന്നൊരു വര്‍ണ്ണനയില്ല!
 
താഴമ്പൂ മണത്തിനായി ആഞ്ഞു ശ്വസിച്ചാല്‍ ചിലപ്പോള്‍ നല്ല മല്‍സ്യഗന്ധമാകും കിട്ടുക. കാരണം, കാവ്യഭംഗി നിറഞ്ഞ ബോര്‍ഡില്‍ സമീപമാണ് സജീവമായ മുതലപൊഴി ഹാര്‍ബര്‍. നല്ല പിടച്ചോണ്ടിരിക്കുന്ന മീനുകളെ വാങ്ങാം. ഉണക്കമത്സ്യങ്ങള്‍ വേറെ. നാട്ടുകാരുടെ വരുമാനമാര്‍ഗ്ഗങ്ങള്‍! ഇവിടെ നിന്നും ഒന്ന് നീട്ടിനോക്കിയാല്‍ റോഡിന്റെ അവസാനം വിശാലമായ, പുത്തന്‍പൊലിമ മങ്ങിത്തുടങ്ങാത്ത ഒരു പാലം കാണാം. അവിടേക്കാണ് നമുക്ക് പോകേണ്ടത്.
 
പെരുമാതുറ-താഴംപള്ളി പാലം. സാധാരണ ഏതൊരു പാലവും കയറുന്ന ലാഘവത്തോടെ തന്നെ ഈ പാലവും നമുക്ക് കയറാം. പക്ഷേ പാലം കൈകുമ്പിളിലേക്കെടുത്തുയര്‍ത്തുന്നത് ഒരു വിശാലലോകത്തേക്കാണ്. വൈകുന്നേരം കൂടിയാണെങ്കില്‍, വിസ്മയാവഹം! കഠിനംകുളം കായലിനെ തൊട്ടു തലോടി വരുന്ന പാര്‍വതി പുത്തനാറും, വാമനപുരം നദിയും കൂടിക്കലര്‍ന്നു അസ്തമന സൂര്യന്റെ പശ്ചാത്തലത്തില്‍ അറബിക്കടലില്‍ വീണലിയുന്ന കാഴ്ച.. ഇടുങ്ങിയ വഴികളില്‍ നിന്ന് ചുരുള്‍ വിരിയുന്ന വിശാലത. ഇതുവരെ കണ്ട കാഴ്ചകള്‍ മറക്കാം, ഏറ്റ കാറ്റു മറക്കാം, ഒരു നിമിഷം നമുക്കു നമ്മെ തന്നെ മറക്കാം.
 
ഒരു പാലം തന്നെ ഒരു വിനോദസഞ്ചാര കേന്ദ്രമാകുക എന്നത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 2000-ല്‍ മുതലപൊഴി തുറമുഖ/ടൂറിസം പ്രൊജക്റ്റ് പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുന്ന ആദ്യത്തെ കാല്‍ചുവടാണ് തിരുവനന്തപുരം-വേളി-പെരുമാതുറ റോഡിനെ അഞ്ചുതെങ്ങ്-വര്‍ക്കല-കൊല്ലം റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലം.
 
2012-ല്‍ ആണ് ഭര്‍ത്താവിനൊപ്പം ഞാനിവിടെ ആദ്യമായി വന്നത്. അന്നിവിടെ ഇത്രത്തോളം പ്രശസ്തം അല്ലാത്തതിനാലും മഴക്കാലമായതിനാലും ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പണി നടക്കുന്ന പാലത്തിന്റെ അസ്ഥികൂടം കണ്ടതോര്‍മ്മയുണ്ട്. ആ പാലത്തിന് ജീവന്‍ വച്ച് 2015-ല്‍ ഉദ്ഘാടനം കഴിഞ്ഞതോടെ മുതലപൊഴിയുടെ വിധി തന്നെ മാറിപ്പോയി. എന്നും പത്രങ്ങളില്‍ വാര്‍ത്ത, ഫെയ്‌സ്ബുക്കില്‍ ചെക്ക് ഇന്‍ ബഹളങ്ങള്‍... ആദ്യത്തെ ആവേശം കെട്ടടങ്ങിയിട്ടാണ് വീട്ടില്‍ നിന്നു പതിന്നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വീണ്ടും വന്നത്, അമ്മുക്കുട്ടിയോടൊപ്പം.  
 
തിരുവനന്തപുരത്തിന്റെ മുറ്റത്തു വിരിഞ്ഞ ഈ മുല്ലയ്ക്ക് ഇന്നും നല്ല മണമുണ്ടെന്നു റോഡിനിരുവശത്തും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പറയും. നീണ്ടു പോകുന്ന കായല്‍-കടല്‍ കാഴ്ചകള്‍. നദികളെല്ലാം ശാന്തമായി പ്രയാണം അവസാനിപ്പിച്ചു കടലിലലിയുന്ന ഓളപ്പരപ്പിലൂടെ ധാരാളമാളുകള്‍ ബോട്ടിങ് നടത്തുന്നുണ്ട്. 

Thazhampalli
 
അഴിമുഖത്തു ഇരുവശത്തും കല്‍വഴിയുണ്ട്, കടലിനെ ഇറങ്ങിച്ചെന്ന് തൊടാനെന്നപോലെ! ഒരു വശത്തു കൊച്ചു കടകള്‍, കടകള്‍ക്കു പിന്നിലായി പുലിമുട്ട് നിര്‍മാണം, പുതിയ പുലിമുട്ടുകള്‍ ഒരു പ്രദേശമാകെ നിരത്തിവച്ചിരിക്കുന്നു. ഇരു കരകളിലും വിശാലമായ മണല്‍ത്തിട്ട ഉണ്ടെങ്കിലും മണലിലൂടെ തൊട്ടു തലോടി നുരഞ്ഞു പൊങ്ങി ഓടിക്കയറിവരുന്ന നിഷ്‌കളങ്കത നിറഞ്ഞ തിരകളില്ലിവിടെ. തൊടാന്‍ ചെന്നാല്‍, ഓടിച്ചിട് മറിച്ചിടാനെന്ന പോലെ അലറി പാഞ്ഞടുത്തുവരുന്ന അരിശംമൂത്ത തിരകളാണ്. 

ഒരിക്കല്‍ തിര ആര്‍ത്തു വരുന്നത് കണ്ടു കുട്ടിയേം എടുത്തുകൊണ്ടോണ്ടിയ എന്നേ കണ്ടു ചിരിച്ചുകൊണ്ട് ഒരു അമ്മാവന്‍ പറഞ്ഞു, 'ഇവിടെ പേടിക്കണ്ട, വെള്ളം മണലില്‍ അലിഞ്ഞോളും, പക്ഷെ അപ്പുറം പോയാല്‍ കടല്‍ വലിക്കും..!' ശരിയാണ്! കടലില്‍ കുളിക്കാനോ, കൂട്ടുകൂടാനോ നില്‍ക്കണ്ട എന്ന മുന്നറിയിപ്പുമായി ഒരു ചുവന്ന ബോര്‍ഡ് അവിടെക്കണ്ടു.   
 
തുറമുഖ/ടൂറിസം പദ്ധതിപ്രകാരമുള്ള നിര്‍മ്മാണജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ടിവിടെ. അശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ കൊണ്ട് കടലിലെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് കേട്ടിരുന്നു.. മത്സ്യബന്ധന ബോട്ടപകടങ്ങള്‍ സ്ഥിരമാണെന്നു തീരത്തു കിടക്കുന്ന ബോട്ടവശിഷ്ടങ്ങള്‍ പറയുന്നുണ്ട്.  
 
ആഴംകൂട്ടാന്‍ പണ്ടെപ്പോഴോ വാരിയ മണല്‍ ആയിരിക്കാം കരയില്‍ കൂട്ടിയിട്ടിരിക്കുന്നു. ആ ചെറിയ മണല്‍കുന്നുകളില്‍ പുല്ലുകള്‍ പടര്‍ന്നുകയറിയിട്ടുണ്ട്, ഇടയ്ക്കിടെ കുരുത്തു തുടങ്ങിയ പൈന്‍ മരത്തൈകളും. ഈ പച്ചപ്പ്, ബീച്ച്, ഹാര്‍ബര്‍ ഒക്കെയും കല്യാണ വിഡിയോക്കാരുടെ ഇഷ്ടസ്ഥലമാണ്. 2012-ല്‍ ഞങ്ങളിവിടെ വന്നതും വേറൊന്നിനല്ല. ആരും കാണാന്‍ കൊതിക്കുന്ന ഈ മാസ്മരികത പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഇനിയും ഒരുപാട് സുരക്ഷയും, സൗകര്യങ്ങളും വരേണ്ടതുണ്ട്. വീണ്ടും മുഖം മിനുക്കി ഭാവിയില്‍ ആരും കാണാന്‍ കൊതിക്കുന്നൊരു സുന്ദരഭൂമിയാകട്ടെ എന്ന് തത്കാലം ആശംസിക്കാം...
 
ഇവിടെ ഏതു ഭാഗത്തു നിന്നാലും സൂര്യാസ്തമനം കാണാന്‍ സുന്ദരം തന്നെ! എങ്കിലും പാലത്തില്‍ നിന്നുള്ള കാഴ്ച തന്നെ കേമം. വഴിയേ പോകുന്നവരൊക്കെയും വണ്ടിയൊന്നൊതുക്കി തെല്ലിട ആ കൈവരിയില്‍ നിന്നു കാഴ്ചകള്‍ കണ്ടിട്ടേ പോകൂ. ഭര്‍ത്താവ് വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് ഞാന്‍ കല്‍വഴിയിലും, പാലത്തിലും, ബീച്ചിലും കയറിയിറങ്ങി ഓടിനടന്ന് സൂര്യാസ്തമന ഫോട്ടോകള്‍ എടുത്തു. 

Thazhampalli

അമ്മുക്കുട്ടിയെയും എടുത്തുകൊണ്ടുള്ള ഈ സാഹസത്തിനൊടുവില്‍ ഞാന്‍ കാലുകുഴഞ്ഞ് ഒരു പരുവമായി. എങ്കിലും, ഏന്തിയും ഇഴഞ്ഞും വീണ്ടും മുന്നോട്ട് നടന്നു. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചു തകര്‍ക്കുകയാണ് കുട്ടിസംഘങ്ങള്‍. മണല്‍ത്തിട്ട അവസാനിക്കുന്നയിടത്ത്, ഒരു കല്‍വഴി കൂടി കാണാം... അതിന്റെ അപ്പുറം നീണ്ടു നീണ്ടു പോകുന്ന കടല്‍ഭിത്തിയാണ്. അവയുടെ ചേര്‍ന്ന് വീടുകളും. ആ കടല്‍ഭിത്തി കല്‍പാതയുമായി ചേരുന്നയിടത്തെ പാറകള്‍ക്കുമേല്‍ കയറിയിരുന്നു. ഇവിടെ ഇരുന്നാല്‍ കടല്‍ഭിത്തിയോട് മത്സരിക്കുന്ന തിരകളും, കടലിലേക്ക് ഊര്‍ന്നിറങ്ങുന്ന സൂര്യനെയും കണ്ണുനിറയേ കാണാം. അറിയാതെ മനസ്സ് ശാന്തമാകും. അമ്മുവിനെയും കൊണ്ട് അവിടെയിരുന്ന് ഞങ്ങള്‍ വിശ്രമിച്ചു.
 
സൂര്യന്റെ അവസാന തരിവെട്ടവും കടലില്‍ മാഞ്ഞതോടെ ഞങ്ങള്‍ എഴുന്നേറ്റു പതുക്കെ തിരിച്ചു നടന്നു. ഇരുളിനൊപ്പം ഒരു തണുത്തു കാറ്റുകൂടി ഞങ്ങളെ പൊതിഞ്ഞു. അറിയാതെ അരികിലൂടെ പോയ ആ കാറ്റിനൊരു താഴമ്പൂ മണമുണ്ടായിരുന്നുവോ? 

അറിയില്ല... എങ്കിലും, ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.