Mathrubhumi - Sanchari POST OF THE WEEK
_____________
(ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട് എന്റെ ഈ യാത്രയ്ക്ക്. അന്ന് ഒരു ഡയറിയില്‍ കുറിച്ചിട്ട വരികള്‍ ഇവിടേക്ക് പറിച്ചുനട്ടു എന്ന് മാത്രം. ഒപ്പം അന്നത്തെ ഒരു ചെറിയ മൊബൈല്‍ ഫോണില്‍ പതിഞ്ഞ ചിത്രങ്ങള്‍ കൂടി..)
യാത്ര യാദൃശ്ചികമാണ്! കാലേക്കൂട്ടി നിശ്ചയിക്കാതെ , മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ, സഞ്ചിയും തൂക്കി കിട്ടുന്ന വണ്ടിക്ക് എങ്ങോട്ടെങ്കിലും പോവുക. അവിടെ അലഞ്ഞുതിരിഞ്ഞ്, നട്ടംതിരിഞ്ഞ് നടക്കുക. കാണുന്നവയെല്ലാം നന്നായി മനംകുളിര്‍ക്കെ കാണുക, അനുഭവങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുക. സംശയിക്കണ്ട, ആ യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണ്..
''യാത്രയാണ് ആനന്ദം''
നേരം സന്ധ്യ മയങ്ങി, തുലാവര്‍ഷം കലിതുള്ളുന്ന ഒരു കാലം. തൊടിയിലും റോഡിലും ഇരുട്ട് വീണു. മേഘങ്ങള്‍ ഇരുണ്ടുതുടങ്ങി, ഇടിമിന്നലിന്റെ കൈകള്‍ മേഘങ്ങളില്‍ ചിത്രപ്പണി നടത്തുന്നു. ഇടിയൊന്നു കുലുങ്ങി, ഭൂമി വിറച്ചുവോ! നിശ്ചയല്യ. വഴിവിളക്കുകള്‍ തെളിഞ്ഞു അണഞ്ഞു. സമാധാനായി, ഈ രാത്രീം ഇരുട്ടില്‍ തപ്പാം.
ഇടിയും മഴയും എന്നും എന്റെ തോഴരാണ്, അങ്ങനെ പറയാന്‍ ഒരു കാരണം ണ്ട്. നന്നേ ബാല്യത്തില്‍ തന്നെ മഴ കണ്ടാല്‍ അത് നനയാന്‍ ഒരു പൂതിയായിരുന്നു. അമ്മ പറയും നിനക്ക് അതിന്റെ പേരില്‍ത്തന്നെ ശ്ശി അടി കിട്ടിയിട്ട്ണ്ട് ന്ന്. ഒരുപക്ഷേ ആ കാലമാകാം എന്നെ മഴയുടെ കാമുകനാക്കി മാറ്റിയത്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോ ആണ് എവിടെക്കെങ്കിലും പോയാലോ എന്ന് തോന്നിയത്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം, യാത്രയെ ചിലപ്പോള്‍ അങ്ങനെയും നിര്‍വ്വചിക്കാം. അനിയനോട് കാര്യം പറഞ്ഞു, അയാള്‍ തയ്യാര്‍ ഒപ്പം ഒരു ചോദ്യവും എവിടെക്കാ പോവാ?
എവിടേക്കെങ്കിലും എന്ന് നിശ്ചയിച്ച് വീടുവിട്ടിറങ്ങി, ഇങ്ങനെയുള്ള യാത്രകള്‍ സ്ഥിരമായതിനാല്‍ ആവാം അമ്മ കൂടുതലൊന്നും ചോദിച്ചില്ല്യ. എവിടെ പോണു, എന്ന് തിരിക്കും എന്നൊന്നും തീരുമാനമില്ല, ഇറങ്ങി. തൃശ്ശൂര്‍ ആനവണ്ടി ഡിപ്പോയില്‍ എത്തി, അപ്പോഴും എവിടെക്കാ എന്ന് തീരുമാനമായില്ല്യ. കുറച്ചുനേരം അവിടെ ഇരുന്നു , ഒന്നാലോചിച്ചു. ഗോകര്‍ണ്ണമോ കൊല്ലൂരോ എന്നൊക്കെ ചിന്തിച്ചു. ഒടുവില്‍ അതും മാറ്റി കോയമ്പത്തൂര്‍ക്ക് കയറി. യാത്ര തുടങ്ങി, പാലക്കാട് എത്താറായി. ''പ്ഠിം'' ഇടി കുലുങ്ങി എന്നാണ് നിരീച്ചത്. അല്ല വണ്ടിയുടെ ടയര്‍ ആണ് കുലുങ്ങിയത്. നട്ടപ്പാതിരക്ക് മഴയുടെ ശീല്‍ക്കാരങ്ങളെ സ്വീകരിച്ച് നടുറോഡില്‍. ചിരിയാണ് വന്നത്, കാരണം പലപ്പോഴും ഞാന്‍ കാണാറുണ്ട് ആനവണ്ടികള്‍ യാത്ര മുഴുവിപ്പിക്കാതെ നടുറോഡില്‍ കിടക്കുന്ന കാഴ്ച. അനുഭവം ആദ്യായിട്ടാണ്, അതിനാല്‍ത്തന്നെ ലേശം ചിരി വന്നു.
അടുത്ത വണ്ടിയില്‍ തൂങ്ങിപ്പിടിച്ച് പാലക്കാട് എത്തി, ഒരു ചുടുചായ അകത്താക്കി. ശരീരം ഒന്ന് കുടഞ്ഞതായി തോന്നി. തെല്ലിടനേരത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോയമ്പത്തൂര്‍ വണ്ടി വന്നു. കുറച്ച് നേരം കണ്ണുകള്‍ ഒന്നടച്ചു. യാത്രികരില്‍ ചിലരുടെ കലപില ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. വണ്ടി തമിഴന്മാരുടെ നാട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബസ് സ്റ്റേഷനില്‍ ഇറങ്ങി, അപ്പോഴും എവിടേക്ക് പോണം എന്നതില്‍ വ്യക്തതയായില്ല. മദിരാശിയിലേക്ക് പോണോ അതോ.. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് തഞ്ചാവൂര്‍ എന്ന് ഉറപ്പിച്ചു. അലയാന്‍ വിധിച്ച നഗരമാണ് കോയമ്പത്തൂര്‍ നഗരം. കാരണം മുന്നോ നാലോ ബസ് സ്റ്റേഷനുകള്‍ . ഒന്നില്‍ നിന്ന് മറ്റൊന്ന് കണ്ടെത്തിപ്പോയാലേ ലക്ഷ്യസ്ഥാനത്തെത്തു. തഞ്ചാവൂര്‍ പോവേം വേണം ന്നാല്‍ വഴിയൊട്ടു നിശ്ചയോല്യ. സ്റ്റേഷനില്‍ നിന്ന് പുറത്തുകടന്നപ്പോഴേക്കും റിക്ഷക്കാര്‍ ഞങ്ങളുടെ വട്ടം കൂടി. അയ്യാ എന്നൊക്കെ വിളിച്ചുചിലക്കാന്‍ തുടങ്ങി. ഒടുവില്‍ തീരെ നിവൃത്തി ഇല്ലാതായപ്പോള്‍ ഒരു വണ്ടിയില്‍ കയറി. കാര്യം പറഞ്ഞു ഒപ്പം എത്ര ആവും എന്നും ചോദിച്ചു. എന്തായാലും പോയല്ലേ പറ്റൂ, അതിനാല്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല.
റിക്ഷക്കാരന്‍ നന്നേ ഒരു രസികനാണ്, പറയാതെ വയ്യ. രജനിയുടെ ആരാധകന്‍. വണ്ടി രജനികാന്തിന്റെ ആണോ എന്നുപോലും തോന്നും. കാരണം വണ്ടിയുടെ പേര് രജനികാന്ത്, ഉള്ളില്‍ ആണെങ്കില്‍ നിറയെ രജനികാന്ത് ചിത്രങ്ങള്‍. ഒപ്പം എന്‍ പേര് പടയപ്പ എന്നൊക്കെ അയാള്‍ വിളിച്ചുപറയുന്നു. ആദ്യം അയാളുടെ പേര് പറഞ്ഞതാവും എന്നാണ് കരുതിയത്. പക്ഷെ അതല്ല, പാടിയതായിരുന്നു. പാടുകയാണ് എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് മാത്രം. അറിയാവുന്ന തമിഴും മലയാളവും ഇടകലര്‍ത്തി മണിപ്രവാളഭാഷയില്‍ അയാളുമായി കുശലം പറഞ്ഞു. അത് ഒടുവില്‍ രജനി സിനിമകളിലേക്ക് എത്തി. എനിക്കും ആ വ്യക്തിയോട് ആരാധനയുള്ളതിനാല്‍ ഞങ്ങള്‍ നല്ല രീതിയില്‍ വാചാലരായി. പല സിനിമകളും ഞങ്ങളുടെ ചര്‍ച്ചകളില്‍ വന്നു. അയാള്‍ക്കത് നന്നായി രസിച്ചു എന്ന് മനസ്സിലായത് വണ്ടി ഇറങ്ങിയപ്പോള്‍ ആണ്. മുന്‍പ് പറഞ്ഞതില്‍ നിന്നും പത്തുരൂപ കുറച്ചാണ് അയാള്‍ വാങ്ങിയത്. ശേഷം അയാള്‍ രംഗം കാലിയാക്കി വിടചൊല്ലിപ്പോയി . അപ്പോഴാണ് ഓര്‍ത്തത്, പലതും പറഞ്ഞു എന്നാല്‍ പേര് മാത്രം ചോദിച്ചില്ല എന്നത്. അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു, ഭാഷയും സംസ്‌കാരവും മാറും എന്നല്ലാതെ രൂപത്തില്‍ കാര്യമായ മാറ്റം ഒന്നുമില്ലാത്ത മനുഷ്യര്‍ തന്നെ!
തിരുച്ചിറപ്പള്ളി ചെന്നിട്ട് അവിടെ നിന്നും തഞ്ചാവൂര്‍ പോയാല്‍ മതി എന്ന് രജനി അണ്ണന്‍ പറഞ്ഞിരുന്നതിനാല്‍ തിരുച്ചിയിലേക്ക് കയറി. ഒരു തടിമാടന്‍ സാരഥി വളയം പിടിച്ചിരിക്കുന്നു. അയാളുടെ കൊമ്പന്‍ മീശയും വളയത്തില്‍ തൊട്ടു തൊട്ടില്ല എന്നപോലെ തള്ളി നില്‍ക്കുന്ന വയറും കണ്ടാല്‍ ഭീമാകാരന്‍ തന്നെ. ചില സിനിമകളില്‍ കാണുന്നപോലെ ഇടയ്ക്കിടെ അയാള്‍ മീശയില്‍ ഒന്ന് തടവും, പിരിച്ചുവയ്ക്കും. അതിനിടയില്‍ കണ്ടക്ടര്‍ വന്ന് എന്തോ പറഞ്ഞു, അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി. പതുക്കെ പതുക്കെ അത് നിരങ്ങി നീങ്ങി. ഇടതുകൈകൊണ്ട് അയാള്‍ വളയത്തിന് അടുത്തിരുന്ന പെട്ടിയില്‍ ഒന്ന് തൊട്ടു. ചെവിയടപ്പിക്കുന്ന ശബ്ദത്തില്‍ അത് അലറി. പാട്ടുവച്ചതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഏതോ പഴയഗാനങ്ങള്‍. ചിലതെല്ലാം കേട്ടുപരിചയം തോന്നി. ഓരോ ഗാനത്തിനും അയാള്‍ നന്നായി തലയാട്ടുന്നുണ്ടായിരുന്നു. ചില ഗാനങ്ങള്‍ വരുമ്പോള്‍ അത് കൂടും, ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നുപോലും തോന്നിപ്പോയി. അയാളെ ഞങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നത് അയാള്‍ക്ക് തോന്നിയുട്ടുണ്ടാകാം. മോണകാട്ടി ഒന്ന് ഇളിച്ചു, ഞങ്ങള്‍ തിരിച്ചും. എംജിആര്‍ എന്നുടെ ഹീറോ എന്നോ എന്തോ അയാള്‍ പറഞ്ഞു. അപ്പോഴാണ് എം.ജി.ആര്‍ ഗാനങ്ങള്‍ ആണ് ഇതെന്ന് മനസ്സിലായത്. വണ്ടി തിരുച്ചി ലക്ഷ്യമാക്കി നീങ്ങി, ഞങ്ങള്‍ മെല്ലെ ഉറക്കത്തിലേക്കും..
ഉറക്കം സുഖിച്ചു, തടിയന് നന്ദി. ഞങ്ങള്‍ തിരുച്ചിയില്‍ എത്തി. സമയം 7 മണിയോട് അടുത്തിരിക്കുന്നു. നല്ല വിശപ്പ്, തമിഴ് മണ്ണിലെ ഭക്ഷണത്തിന് ഒരു പ്രത്യേക സ്വാദാണ്. ശരവണയില്‍ കയറി, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശേഷം പൂരി മസാല ഓര്‍ഡര്‍ ചെയ്തു. പുതിനയില അരച്ചുണ്ടാക്കിയ ചട്ട്ണിയും ഒരു തരം ചമ്മന്തിയും കൂട്ടി പൂരിയെ മടക്കി വായില്‍ വച്ച് ചവച്ചരച്ച് ഇറക്കി. വയറിന് എന്തോ ഒരാശ്വാസം പോലെ. ഓരോ കാപ്പിയും കൂടി കഴിച്ച് ഒരേമ്പക്കവും എടുത്താണ് അവിടെ നിന്നും ഇറങ്ങിയത്.
തിരുച്ചി ഉണര്‍ന്നു, കള്ളിമുണ്ടുചുറ്റിയ മോട്ടോര്‍ സൈക്കിളുകള്‍ ഇരു ദിശയിലേക്കും പായുന്നു. തമിഴ് നാട്ടിലെ ബുള്ളറ്റ് ആണ് ആ വണ്ടി. മുറുക്കിച്ചുവപ്പിച്ച ചില സ്ത്രീകള്‍ വഴിവാണിഭത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. അങ്ങനെ തിരുച്ചിയിലെ ജീവിതങ്ങള്‍ ഓരോന്നായി ഉദിച്ചുതുടങ്ങി. തഞ്ചാവൂര്‍ വണ്ടിയില്‍ ഞങ്ങള്‍ കയറി, യാത്ര പുറപ്പെട്ടു.
മഴ മറന്ന നാട് ആണോ തമിഴ്‌നാട് എന്ന് തോന്നി. നല്ല ചൂടുകാറ്റ് അഴിവാതിലിലൂടെ ഒഴുകിയെത്തി, എന്നെ ഒന്ന് പുണര്‍ന്നു. വഴിയിലെവിടെ നിന്നോ കയറിയ ചില തമിഴ് പെണ്‍കൊടികള്‍ കലപില ചിലക്കുന്നുണ്ടായിരുന്നു . അതില്‍ ഒരുവള്‍ അതീവസുന്ദരിയായിരുന്നു. മുടിയില്‍ കനകാംബരം ചൂടിയ അവളുടെ ചിരിയിലായിരുന്നു അഴക് .അതിനാല്‍ത്തന്നെ ശ്ശി നേരം ഞാന്‍ കണ്ണെടുക്കാതെ നോക്കി ഇരുന്നു. അവളത് ഒളിക്കണ്ണിട്ട് ശ്രദ്ധിച്ചിരുന്നുവോ, അറിയില്ല. പുറം കാഴ്ചകള്‍ ഒട്ടും സന്തോഷം നല്‍കിയില്ല. ഉണങ്ങി അവശതയിലായ തെങ്ങോലകള്‍, വറ്റി വരണ്ട ചാലുകള്‍ ഇവയെല്ലാം അവശതയായ ഭൂമിയെ കാണിച്ചുതരുന്നു . ഏകദേശം നട്ടുച്ചയോടെ തഞ്ചാവൂരില്‍ എത്തി. അസ്സഹ്യമായ ചൂട്!
ബൃഹദീശ്വര ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ചൂടില്‍ ഉരുകിയൊലിച്ച പട്ടണത്തിലൂടെ കുറച്ച് പോയപ്പോഴേക്കും വല്ലാത്ത ദാഹം തോന്നി. വഴിയരികളിലെ ഒരു പെട്ടിക്കടയില്‍ കയറി നാരങ്ങവള്ളം കാച്ചി. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച കടക്കാരന്‍ മലയാളി ആണല്ലേ എന്നൊരു ചോദ്യം. വളരെ സന്തോഷം തോന്നി. എവിടെ നിന്നാണ് എന്നൊക്കെയായി പിന്നീട് സംസാരം. തൃശ്ശൂര്‍ക്കാരനായ ഇദ്ധേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു കടയില്‍ ജോലിക്ക് വന്നതാണ്. പിന്നീട് കഥ ന്താവാന്‍, ഒരു തമിഴ് പെണ്‍കൊടിയെ വശത്താക്കി ഒരുമിച്ച് ജീവിതം തുടര്‍ന്നു. അദ്ധേഹം ഞങ്ങള്‍ക്ക് താമസിക്കാനുള്ള സ്ഥലമെല്ലാം പറഞ്ഞുതന്നു. അങ്ങനെ അവിടേക്ക് നടന്നു. തഞ്ചാവൂരിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ബൃഹദീശ്വര ക്ഷേത്ര കമാനം ദൂരെ കാണപ്പെട്ടു. അതിനടുത്തായി ഒരു മുറി തരപ്പെടുത്തി. അതും കൗതുകം, നോണ്‍ എസിക്ക് 400, എസി ക്ക് 600. ചൂടിനെ പ്രതിരോധിക്കാന്‍ തണുത്തമുറിയെടുത്തു . ഒന്ന് കുളിച്ചു, ലേശം ഉറങ്ങി.
ബൃഹദീശ്വരനെ കാണാന്‍ കുളിച്ചിറങ്ങി, ഒരു പകല്‍ മുഴുവന്‍ കത്തിജ്വലിച്ച് നിന്നതിന്റെ ക്ഷീണവുമായി സൂര്യന്‍ വിശ്രമത്തിലേക്ക് നീങ്ങുന്നു. അവിടേക്കുള്ള രാജവീഥിയുടെ വലത് ഓരംചേര്‍ന്ന് കച്ചവടക്കാരുടെ നീണ്ടനിര. ദൂരെനിന്നേ തലയുയര്‍ത്തി നില്‍ക്കുന്ന പെരിയകോവിലിന്റെ പ്രവേശനഗോപുരം കാണാം. ഗോപുരത്തിന് മുന്നില്‍ എത്തി, മുന്‍വശത് പല രീതിയില്‍ കൊത്തിവച്ച ശിവരൂപങ്ങള്‍ കാണാം, രുദ്രതാണ്ഡവ രൂപത്തില്‍, പാര്‍വതിയോടൊപ്പം, അങ്ങനെ ചില രൂപങ്ങള്‍. ഞാന്‍ അകത്തേക്ക് പ്രവേശിച്ചു.
രാജരാജഗോപുരം കടന്ന് വിശാലമായ മുറ്റത്ത് പ്രവേശിച്ചതോടെ പ്രധാന നിര്‍മ്മിതിയായ ബൃഹദീശ്വര-ക്ഷേത്രശ്രീകോവിലിന്റെ ഭീമാകാരമായ രൂപം കാണാം. സന്ദര്‍ശകരില്‍ ചിലരോട് ഒരു ജീവനക്കാരന്‍ ക്ഷേത്രചരിത്രം വിശദീകരിക്കുന്നു. ഞങ്ങളും അതില്‍ കൂടി, പലതും മനസ്സിലായി എന്നാല്‍ ചിലതൊന്നും മനസ്സിലായില്ല താനും.
പൂര്‍ണ്ണമായും കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ നിര്‍മ്മിതിക്ക് അടിത്തറ കൊടുത്തിരിക്കുന്നത് വെറും ഏഴടി താഴ്ചയിലാണ് എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാനടക്കമുള്ള പലരും അതിശയിച്ചു. പത്തുനൂറ്റാണ്ടുകളിലധികം പ്രകൃതി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഇനിയും അത്രത്തോളം കാലം നിലനില്‍ക്കാന്‍ ശേഷിയുള്ള ഈ നിര്‍മ്മിതിയുടെ അടിത്തറ നന്നേ അതിശയിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ ആ ക്ഷേത്രഗോപുരത്തിലേക്ക് തെല്ലിടനേരം നോക്കി നിന്നു.
വിശാലമായ അങ്കണം, ഒരു ഭാഗം കരിങ്കല്ല് വിരിച്ചും ബാക്കി ഭാഗം പുല്‍ത്തകിടികൊണ്ടും അലങ്കരിച്ചിരിക്കുന്നു. ചതുഷ്‌കോണാകൃതിയിലുള്ള അംഗണത്തിന്റെ മദ്ധ്യഭാഗത്ത് നന്ദിമണ്ഡപവും അതിന് പുറകില്‍ ബൃഹദീശ്വര മണ്ഡപവും. ഇതിന്റെ വലതുവശം ചേര്‍ന്ന് ദക്ഷിണാമൂര്‍ത്തിയുടേയും ഗണപതിയുടേയും ഹനുമാന്റേയും കോവിലുകള്‍. എവിടെ നോക്കിയാലും അത്ഭുതങ്ങള്‍ അതാണ് തഞ്ചാവൂര്‍. പ്രധാന ശ്രീകോവിലിലേക്ക് ഞങ്ങള്‍ നടന്നു. അന്നേരം അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ വാനില്‍ പരന്നു. ഭക്തിമന്ത്രങ്ങള്‍ ആ ഇടനാഴികളില്‍ മുഴങ്ങി നിന്നും, ഓം നമ:ശിവായ എന്ന മന്ത്രധ്വനി ഉറക്കെച്ചൊല്ലി ഭക്തര്‍ അകത്തേക്ക് പ്രവേശിക്കുന്നു. ശാസ്ത്രികള്‍ ബൃഹദീശ്വരന് ആരതിയുഴിയുകയാണ്. കൈകള്‍ കൂപ്പി ഭക്തര്‍ ആ കാഴ്ച കാണാന്‍ തിക്കിത്തിരക്കി. ഞങ്ങള്‍ തൊഴുത് പുറത്തിറങ്ങി.
ക്ഷേത്രമൈതാനം ഒന്ന് വലംവച്ചും ചില ചിത്രപ്പണികള്‍ സൂക്ഷ്മതയോടെ വീക്ഷിച്ചും അവിടെ സമയം കഴിച്ചുകൂട്ടി. ഇരുട്ടില്‍ തെളിയുന്ന വിളക്കുകളില്‍ ക്ഷേത്രാങ്കണത്തിന്റെ സൗന്ദര്യം അതിമനോഹരമാണ്. തഞ്ചാവൂരിനെ അറിയാന്‍ കഴിഞ്ഞതില്‍ തൃപ്തി തോന്നി. ചോളരാജവംശത്തിന് നന്ദി ചൊല്ലി ഞങ്ങള്‍ അവിടെ നിന്നിറങ്ങി. തിരികെപ്പോരാന്‍ ഒട്ടും തോന്നുകയില്ല എങ്കിലും വേറെ നിവൃത്തിയില്ലല്ലോ തഞ്ചാവൂരിനെ എന്നിലേക്ക് ഏറെ ആകര്‍ഷിപ്പിച്ചത്, കര്‍ണ്ണാടകസംഗീതത്തിന്റെ ഇരിപ്പിടം എന്ന വിശേഷണമാണ്. കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജര്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ എന്നിവര്‍ ജീവിച്ചിരുന്ന മണ്ണ്. സംഗീത ലോകത്തിന് തഞ്ചാവൂര്‍ നല്‍കിയിട്ടുള്ള മഹത്തായ സംഭാവന! ഇതൊക്കെ ആ മണ്ണിനെ പിരിയാന്‍ എന്നെ വളരെ വിഷമിപ്പിച്ചു. ഒടുവില്‍ ഒരു രാത്രി അവിടെ ചിലവഴിച്ചശേഷം മറ്റൊരു മണ്ണിലേക്ക് ഞങ്ങള്‍ നടന്നുനീങ്ങി.