കുന്നോളമുള്ള കാഴ്ചകള്‍ നെഞ്ചിലേറ്റി കാവേരി നദി മുന്നിലൂടെ മൗനമായി ഒഴുകുന്നു. സൂര്യന്‍ കറുത്ത മേഖങ്ങള്‍ക്കിടയില്‍ പതിയെ ഒളിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. ഓരോ ചെറിയ ഗ്രാമങ്ങളും കടന്ന് ഇടതൂര്‍ന്ന കോണ്‍ക്രീറ്റ് കാടുകള്‍ പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകള്‍ കണ്ടിരിക്കാന്‍ ഒരു തരത്തില്‍ രസമാണ്. ചിതറി വീഴുന്ന മഴത്തുള്ളികള്‍ വകഞ്ഞു മാറ്റി അംഗാരകപുരം ലക്ഷ്യമാക്കി ഞാന്‍ യാത്ര തുടര്‍ന്നു.
യാത്രയില്‍ ഏറിയ പങ്കും കാവേരി എന്ന മഹാനദിയുടെ കരലാളനങ്ങള്‍ ഏറ്റുവാങ്ങിയ ഗ്രമങ്ങളിലൂടെ ആകാം എന്ന ചിന്ത പുതിയ ഒരു അനുഭവം ആണ് എനിക്കുണ്ടാക്കിയത്. അലസമായി ഗമിച്ചു അനന്തതയില്‍ ലയിക്കാനുള്ള ഒഴുക്കില്‍ സംവത്സരങ്ങളുടെ അസ്ഥിപഞ്ചരങ്ങള്‍ നെഞ്ചിലേറ്റി ഇവളുടെ ആഗമനം അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ പൗരാണികമായ ഓര്‍മ്മകള്‍ എന്നിലേക്കെത്തി. അനാദികാലം മുന്നേ, ഒരുപക്ഷെ ജനങ്ങളില്‍ അതിര്‍ത്തിയുടെ വിഭാഗീയത മുന്നിലെത്തുന്ന കാലങ്ങള്‍ക്കു മുന്നേ തന്നെ ഒരു നദിയായി കാവേരി ഒഴുകിത്തുടങ്ങിയിട്ടുണ്ടാകണം. സംവത്സരങ്ങളുടെ നീര്‍ച്ചാലുകള്‍ നെഞ്ചിലേറ്റി കളകളം പൊഴിച്ചു ശാന്തമായി അവള്‍ ഇനിയും ഒഴുകട്ടെ..
സംഘകാലത്തെ പ്രധാന കൃതിയായ മണിമേഖലയില്‍ കാവേരിയുടെ ഉത്ഭവത്തെ കുറിച്ചു പറയുന്നുണ്ട്. പുരാണവും ഇതിഹാസവും കൂടി ചേര്‍ന്നു കടന്നുപോയ പിന്‍കാലങ്ങളില്‍ എന്നോ രൂപീകൃതമായ കഥകളില്‍ കാവേരി നദി ദക്ഷിണ ഗംഗാ എന്ന പേരുകൂടി എടുത്തണിഞ്ഞു. പശ്ചിമ ഘട്ടത്തിലെ തലകാവേരിയില്‍ നിന്ന് ഉത്ഭവിച്ച് കുടക് മലകളിലൂടെ അത് തെക്കോട്ടൊഴുകുന്നു. ഓളങ്ങള്‍ തീര്‍ക്കുന്ന ചെറു തുരുത്തുകള്‍ താണ്ടി 765 കിലോമിറ്ററോളം സഞ്ചരിക്കുമ്പോള്‍ പത്തോളം പോഷക നദികളെ തന്റെ കണ്ണീരാല്‍ ഇവള്‍ പരിപാലിച്ചു പോഷിപ്പിക്കുന്നു. ശ്രീരംഗവും ശ്രീരംഗപട്ടണവും ശിവസമുദ്രവും പെറ്റു പോറ്റുന്ന അമ്മയാകുന്ന കാവേരി.
ഒഴുകുന്ന വഴികളിലെല്ലാം തന്റെ മുലപ്പാല്‍ പകര്‍ന്നു നല്‍കി പ്രകൃതിയെ ഊട്ടുന്ന ഇവള്‍ സമുദ്രത്തില്‍ ലയിക്കുന്നത് വറ്റിയ മാറിടവും ആയിട്ടാണ്. കര്‍ണാടകയും തമിഴ്‌നാടും കുറച്ച് കേരളവും കുടിച്ചു തീര്‍ക്കുന്ന ഈ മഹാനദി ഇന്ന് മരണത്തിന്റെ മുന്നിലെന്നുള്ളത് കാലത്തിന്റെ വികൃതിയാകണം. വറ്റിവരണ്ട നഗ്‌നതയില്‍ വെള്ളി അരഞ്ഞാണം പോലെ മണല്‍പ്പരപ്പില്‍ ശുഷ്‌ക്കമായ നീരൊഴുക്കുകള്‍.
റോഡിനിരുവശവും കണ്ണെത്താ ദൂരത്തോളം നെല്‍പ്പാടങ്ങള്‍, ഇടക്കെപ്പോഴോ അത് കരിമ്പിന്‍ പാടങ്ങളായി മാറി. ഞാന്‍ ഒരു മരത്തണലില്‍ കുറച്ചു നേരം യാത്രയ്ക്ക് ഇടവേള നല്‍കി. കരിമ്പിന്‍ പൂവുകള്‍ തഴുകിയെത്തുന്ന കാറ്റില്‍ ലയിച്ച് മദിരാക്ഷി മരത്തണലിലെ സിമന്റ് പോസ്റ്റില്‍ മലര്‍ന്നു കിടന്നു. ( കറുത്ത് നീളമുള്ള വാളംപുളി പോലെ തോന്നിക്കുന്ന ഭക്ഷ്യയോഗ്യമായ കായാണ് മദിരാക്ഷി ) ഇടക്കൊക്കെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്ലാതെ മറ്റാരെയും ആ ഗ്രാമവഴിയില്‍ കണ്ടില്ല. നാഗൂര്‍ എന്നാണ് സ്ഥലത്തിന്റെ പേരെന്ന് എവിടെയോ കണ്ടതായി ഓര്‍മ്മിക്കുന്നു. നേരം ഉച്ചയോടടുത്തു.
കണ്ണുകളില്‍ ഉറക്കം മാടിയെത്തിയ അവസരത്തില്‍ എഴുന്നേറ്റു വീണ്ടും യാത്ര തുടരുകയാണ്. തുടര്‍യാത്രയില്‍ ഞാന്‍ ചിന്തിച്ചത് കുംഭകോണം എന്ന ഈ പ്രദേശത്തിന്റെ ഭൂതകാലമാണ്. ശരിക്കും ക്ഷേത്രങ്ങളുടെ നഗരമാണ് കുംഭകോണം. ചുറ്റുപാടുമുള്ള തിരുഃനാഗുര്‍, തൃക്കടയൂര്‍, ധര്‍മാകുളം, തിരുനെല്ലാര്‍, തിരുവാങ്കാട്, തലച്ചങ്കാട് തുടങ്ങി നിരവധി ചെറുപട്ടണങ്ങള്‍ എല്ലാം തന്നെ പേരും പെരുമയും പുലര്‍ത്തുന്ന ക്ഷേത്രങ്ങളാല്‍ ചുറ്റപെട്ട പ്രദേശങ്ങള്‍ ആണ്.
ഇതിലെ കൗതുകകരമായ കാര്യം എല്ല ക്ഷേത്രങ്ങളും രാജ രാജ പെരുമാളിനെ ആരാധിക്കാന്‍ നിര്‍മിച്ചവയാണ് എന്നുള്ളത്. വൈകുണ്ഠനാഥന്‍, സെമ്പൂരംഗന്‍, കുടമാളുകുത്തര്‍, രംഗനാഥന്‍, നാരായണപെരുമാള്‍,പുരുഷോത്തമന്‍ തുടങ്ങി അനേകം ദ്രാവിഡ പേരുകളില്‍ പല ക്ഷേത്രങ്ങളും അറിയപ്പെടുന്നു.
തിരുഃനാഗുരില്‍ ഉള്ള പുരുഷോത്തമന്‍ കോവില്‍ എന്നാ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിരവധി കഥകള്‍ ഉള്ളത്. അവയില്‍ പലതും സമകാലീന യുഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പ് ഉളവാക്കിയ കാര്യങ്ങള്‍.
പലതും കേട്ടറിഞ്ഞത് കോവിലില്‍ കണ്ടുമുട്ടിയ അറുമുഖന്‍ സ്വാമിയില്‍ നിന്നാണ്. ഏകദേശം 700 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രമാണ് രാജരാജ പെരുമാളിന്റെ പേരിലുള്ള അവസാന നിര്‍മിതി. പക്ഷെ 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ഹിന്ദു മുസ്ലിം കലാപത്തില്‍ ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുവാന്‍ കോവിലിലെ തന്നെ പൂജാരികളായിരുന്നു ഇതിനു പിന്നില്‍ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പാണ്ഡ്യരാജവംശവും ചോഴരാജവംശവും ഭരണപരമായ ഉയര്‍ത്തെഴുന്നേല്പിനായി ദൈവമായി കണ്ട് ആരാധിക്കുന്ന ചോഴരാജ പൊരുമാളുടെ പേരില്‍ 108 കോവിലുകള്‍ ആണ് വിവിധയിടങ്ങളിലായി പണിതുയര്‍ത്തിയിട്ടുള്ളത്. അതില്‍ പതിനൊന്നു കോവിലുകള്‍ ഈ പ്രദേശത്തെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതിനാലാകാം തിരുഃനാഗുര്‍ ദിവ്യദേശം എന്ന പേരിലും അറിയപ്പെടുന്നത്.
അറുപതു വയസുകഴിഞ്ഞ ദമ്പതിമാര്‍ വീണ്ടും വിവാഹം നടത്തുന്ന തൃക്കടയൂര്‍ കോവില്‍ പ്രശസ്തമാണ്. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത അവരുടെ തോഴിയായ ശശികലയെ വരണമാല്യം ചാര്‍ത്തി ഉയിര്‍ തോഴിയാക്കിയത് ഇവിടെ വെച്ചായിരുന്നു.
ധര്‍മാകുളത്തുള്ള കേതു ക്ഷേത്രവും തിരുനെല്ലാരുള്ള ശനി ക്ഷേത്രവും അതി ഗംഭീരമായ കൊത്തുപണികളാല്‍ അലങ്കൃതമാണ്. തിരുവങ്കാട് ബുധ ക്ഷേത്രം വൈത്തീശ്വരത്തുനിന്ന് അധികം ദൂരെയല്ല സ്ഥിതി ചെയ്യുന്നത്. അതി മനോഹരമായ മൂന്ന് വലിയ കുളങ്ങളുടെ നടുക്കായിട്ടാണ് ഈ മഹാ ക്ഷേത്രം. അഗ്‌നിതീര്‍ത്ഥം, സൂര്യതീര്‍ത്ഥം, ചന്ദ്രതീര്‍ത്ഥം എന്നിങ്ങനെ നാമകരണം ചെയ്ത കുളങ്ങളില്‍ മുങ്ങി വേണം ക്ഷേത്ര പ്രവേശനം എന്ന് പഴമൊഴികള്‍. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ആകാത്ത അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലൂടെയും എന്റെ സഞ്ചാരപദങ്ങള്‍ നീണ്ടുപോയി. തലച്ചങ്കാട് വിഷ്ണു ക്ഷേത്രം അതിലൊന്നാണ്. രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറും വര്‍ഷങ്ങള്‍ക്കിടയില്‍ രൂപീകൃതമായി എന്ന് കരുതപ്പെടുന്ന ക്ഷേത്രം ഗ്രാമീണമായ ഒരു കാഴ്ച്ചാനുഭവം സഞ്ചാരികള്‍ക്കു പകര്‍ന്നു തരുന്നു.
നാല് ദിവസമായി തുടരുന്ന യാത്ര തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലൂടെ മാത്രമാകണം എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ സംഭവിച്ചു പോയി. ചില തോന്നലുകള്‍ അങ്ങനെയാണ്. ചില വഴികള്‍ നല്‍കുന്ന ഓര്‍മ്മകള്‍ നമ്മെ വീണ്ടും വീണ്ടും അങ്ങോട്ട് വിളിച്ചു കൊണ്ടേയിരിക്കും. യാത്രയുടെ ലക്ഷ്യം വൈത്തീശ്വരം എന്നാ അംഗാരകപുരം ആണ്. ജന്മാന്തരങ്ങളുടെ ലയന ഭാവങ്ങള്‍ അറിയുവനായി അഖിലലോകങ്ങളില്‍ നിന്നും വിശ്വാസികള്‍ വന്നെത്തുന്ന വൈത്തീശ്വരന്‍ കോവില്‍ ആണ് ഈ മഞ്ചാടി നഗരത്തിന്റെ പെരുമക്കു മുന്നില്‍.
വിശ്വാസ സംയോജനം എന്റെ യാത്രയുടെ ലക്ഷ്യം അല്ലായിരുന്നിട്ടും അതിനു പിന്നിലും മറഞ്ഞു കിടക്കുന്ന ഇതിവൃത്തം തേടിപ്പോകുവാന്‍ മനസ് ആഗ്രഹിച്ചുകൊണ്ടിരുന്നു. നാഢി വിശകലനം ചെയ്തു ജന്മാന്തരങ്ങളുടെ രഹസ്യങ്ങള്‍ കൈമാറുന്ന നാടിനെ ഞാന്‍ നോക്കി കാണുകയാണ്.
ചരിത്രവും വിശ്വാസവും ഒരിഴയിലെ നൂലുപോലെ പരസ്പരം സ്‌നേഹിച്ചും മറ്റുചിലപ്പോള്‍ കലഹിച്ചും തമിഴ്‌നാട്ടിലെ തഞ്ചാവൂരും കുംഭകോണത്തുമായി ഗ്രഹങ്ങളെയും അതിലതിഷ്ഠിതമായ വിശ്വാസങ്ങളും പാലിക്കപ്പെടുന്ന ഒന്‍പതോളം വലിയ ക്ഷേത്രങ്ങളും എണ്ണിയാലൊടുങ്ങാത്ത ഉപക്ഷേത്രങ്ങളും അതിലുമുപരി ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിതുയര്‍ത്തിയ പുതിയ ഒരു സംസ്‌കാരവും നമുക്ക് കാണാം. ഇന്നു കാണുന്ന ഈ നവഗ്രഹ ക്ഷേത്രനിര്‍മിതികള്‍ക്ക് 1000 വര്‍ഷങ്ങള്‍ മുതല്‍ 1100 വര്‍ഷം വരെ പഴക്കം ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.
ഒരു പതിറ്റാണ്ടു മുന്‍പ് എന്നോ കേട്ട് മറന്ന ഒന്നാണ് വൈത്തീശ്വരന്‍ കോവില്‍. അഗസ്ത്യമുനി എഴുതിയെന്ന് വിശ്വസിക്കുന്ന നാഡി ജോല്‍സ്യ ശാസ്ത്ര ശാഖ ഇന്ന് എറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഒരു ഭൂപ്രദേശം ആണ് വൈത്തീശ്വരം. കരിമ്പിന്‍ പാടങ്ങളും, നെല്പാടങ്ങളും സമൃദ്ധിയായി വളരുന്ന പ്രദേശങ്ങള്‍. മഹാഗണി വൃക്ഷങ്ങള്‍ നിരന്നു നില്‍ക്കുന്ന സുന്ദരമായ പാത നീണ്ടു പോകുന്നു. ചോള രാജവംശം പടുത്തുയര്‍ത്തിയ പെരുമ, രാജരാജ പെരുമാള്‍ പകര്‍ന്നു നല്‍കിയ ഉണര്‍വ് ഏറ്റുവാങ്ങിയ ചെറിയ ചെറിയ തെരുവുകള്‍, അരികില്‍ ശാന്തമായി കാവേരി.
നശ്വരമായ അനശ്വരതയെക്കുറിച്ചറിയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹം, അംഗാരകപുരത്തേക്കു ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തേടി തുടങ്ങിയ പ്രയാണം എന്നാണ് എന്നുള്ളതിന്റെ അന്വേഷണം ചിന്തകള്‍ക്കതീതമായ ജീവിതങ്ങളുടെ കെട്ടുകഥയായി ചിലരെല്ലാം കാണുന്നു. എങ്കിലും ഇവിടേക്ക് ജനസഞ്ചയങ്ങള്‍ ഒഴുകി കാവേരി നദിയുടെ കുറുകെ പലവട്ടം കടന്നു പോയിരിക്കുന്നു. ചുവന്ന സൂര്യന്റെ വെള്ളിത്തിളക്കം കാവേരിയില്‍നിന്നു കണ്ണാടിയിലെന്നവണ്ണം പ്രതിഫലിക്കുന്നു.
ദൂരെയായി സമതലങ്ങളുടെ മുനമ്പില്‍ മറ്റൊരു മുനമ്പ് മുളപ്പിച്ചു കറുത്ത പാത നീണ്ടു പോകുന്നു. കരിമ്പനകള്‍ റോഡിനിരുവശവും വരിവരിയായി നില്‍ക്കുന്നത് കൗതുകകരമായി തോന്നി. വീശിയടിക്കുന്ന ഈ ഉഷ്ണക്കാറ്റിന് കാതോര്‍ത്താല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് കുതിരക്കുളമ്പടികള്‍ കേള്‍ക്കാം. പെരുമ്പറ നാദങ്ങളും യുദ്ധകാഹളങ്ങളും കേള്‍ക്കാം. ജാലകത്തിനരികിലെ ഈ ഇരിപ്പിടത്തിലിരുന്നു നോക്കുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ വേഗത്തില്‍ പുറകിലോട്ട് ഓടിമറയുന്നു. നൂറ്റാണ്ടുകള്‍ പുറകിലേക്ക്. കടല്‍ കടന്നു തെക്ക് ലങ്കയിലെക്കും വടക്കു കിഴക്ക് കലിംഗ രാജ്യം ( ഒഡിഷ ) വരെയും പടനയിച്ച് സാമ്രാജ്യം വിസ്തൃതമാക്കിയ ചോഴരാജാക്കന്മാരുടെ സുവര്‍ണ്ണകാലത്തേക്ക് വീണ്ടും എന്നെ ഓര്‍മ്മകള്‍ നയിക്കുകയാണ്.
ചോഴ രാജവംശം എത്രവര്‍ഷം എവിടെയെല്ലാം ഭരിച്ചിരുന്നു എന്നുള്ളത് അജ്ഞാതമാണ്. എഴുതപ്പെട്ട ചരിത്രം ലഭ്യമാകുന്നതില്‍ പലതും അപൂര്‍ണ്ണവുമാണ്. ഉത്തിരമേരൂര്‍ ലിഖിതം, തിരുവാലങ്ങാട് ലിഖിതം തുടങ്ങിയവ ഒക്കെ ഈ കാലഘട്ടങ്ങളുടെ നേര്‍ത്ത ചില സൂചനകളെ നമുക്ക് നല്കുന്നുള്ളൂ. ചോഴ രാജാക്കന്മാരില്‍ ഏറ്റവും ശക്തനും സര്‍വ്വ സമ്മതനുമായ അരുള്‍മൊഴിവര്‍മ്മന്റെ ഭരണ കാലത്തിന്റെ രേഖപ്പെടുത്തല്‍ മാത്രമാണ് കാലിക പ്രാധാന്യമുള്ള അറിവായി നമ്മുടെ മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ചോഴരാജവംശം ഏറ്റവും ഉന്നതിയിലേക്കു ഉയര്‍ന്നത്. പാണ്ഡ്യ, ചോഴ, സിംഹള രാജ്യങ്ങളില്‍ എന്നും അധിനിവേശത്തിന്റെ കൈകരുത്തു കാണിച്ചു കൊടുത്ത ഒരു വീരനായകന്റെ പരിവേഷം രാജരാജ പെരുമാളിന്റെ ചരിത്രങ്ങളില്‍ എവിടെയുമുണ്ട്.
അലസമായ യാത്ര അവസാനിപ്പിച്ചത് രാത്രിയുടെ അദ്യയാമത്തില്‍ ആണ്. തികച്ചും സുന്ദരമാണ് അംഗാരകപുരം. ഗ്രാമീണതയുടെ വെള്ളികൊലുസുകള്‍ വഴിയിലെവിടെയും നമുക്കു അനുഭവപ്പെടും. പഴമയുടെ ഗന്ധം പേറുന്ന ഭീമാകാരമായ പടിപ്പുരക്കു മുന്നില്‍ കുറച്ചു നേരം ഉള്ളിലേക്ക് നീണ്ടു പോകുന്ന ഇടനാഴിയില്‍ നോക്കി ഞാന്‍ നിന്നു. പട്ടു ചേല ചുറ്റി കൈയില്‍ പൂക്കുടകളും ആയി തമിഴ് പെങ്കൊടികള്‍ എന്നെ കടന്നു പോയി. മുറുക്കാന്‍ ചവച്ചു ചുവപ്പിച്ച ചുണ്ടുമായി വെച്ചുവണിഭക്കാര്‍ ക്ഷേത്ര ഗോപുര നട പകുതിയിലധികം കൈയേറിയിരിക്കുന്നു. പതിനൊന്നു മണിക്കൂര്‍ നീണ്ട യാത്ര എന്നെ വളരെ ഏറെ തളര്‍ത്തിയിരുന്നതിനാല്‍ കാഴ്ചകളില്‍ നിന്ന് കണ്ണുകളെ മടക്കി കിടക്കാനിടം തേടി വീണ്ടും ഡ്രൈവിങ് സീറ്റില്‍ ഇരുന്നു.
രാവിലെ ഉണരുമ്പോള്‍ നേരം അഞ്ചിനോടടുക്കുന്നു. ഉപ്പുകലര്‍ന്ന കൊഴുത്ത വെള്ളത്തില്‍ കുളിയും പ്രഭാതകര്‍മ്മങ്ങളും കഴിഞ്ഞു വീണ്ടും തെരുവിലേക്ക് ഇറങ്ങി.. അംഗാരകപുരം ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. തലേന്ന് കണ്ട ക്ഷേത്രവഴികളില്‍ അരിമാവിന്‍ കോലങ്ങള്‍.
വെളുത്ത വേഷ്ടിയും കൈയ്യിലാത്ത ബനിയനും അണിഞ്ഞു അന്നത്തെ അന്നതിനായി ഒരു കൂട്ടം ജനങ്ങള്‍ എന്റെ ചുറ്റിലും ശബ്ദിച്ചുകൊണ്ടിരിക്കുന്നു. മഞ്ഞിന്റെ പുതപ്പുവീണ് ഗ്രാമത്തിന്റെ ഇടവഴികള്‍ എല്ലാം നനഞ്ഞിരിന്നു. ചാതുര്‍വര്‍ണ്യത്തിന്റെ അലയൊലികള്‍ അരങ്ങോഴിയാന്‍ മടിച്ചു ഇന്നും ഇവിടങ്ങളില്‍ ഉള്ളതായി എനിക്ക് തോന്നി. തൊട്ടുകൂടായമ്മയും തീണ്ടിക്കൂടായമ്മയും തമിഴ് ബ്രാഹ്മണര്‍ പാലിക്കുന്നതില്‍ ഒരുപടി നമ്മളെ അപേക്ഷിച്ചു മുന്നിലാണ്. പരസ്യമായി മുഖം മറക്കാതെ അന്യരോട് അവര്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മുഖത്ത് മഞ്ഞള്‍ അരച്ചു തേച്ച നിറവുമായി മഞ്ഞച്ചരടില്‍ താലി ചാര്‍ത്തി മല്ലികപൂവും, കനകാമ്പരവും ചേര്‍ത്തുപിന്നിയ മാല തടിച്ച് ഇടതൂര്‍ന്ന മുടിയില്‍ ഭംഗിയായി ചാര്‍ത്തി ഒരുപാടു പേര്‍ എന്റെ മുന്നിലൂടെ കടന്നു പോവുന്നു.
നാഗപട്ടണം ജില്ലയുടെ തേക്കുഭാഗത്താണ് വൈത്തീശ്വരം കോവില്‍ സ്ഥിതി ചെയ്യുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്നേ ആണ് വൈത്തീശ്വരന്‍ കോവിലിന്റെ നിര്‍മ്മാണം എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നവഗ്രഹ ചിന്തകള്‍ മനുഷ്യ ചിന്തകള്‍ കവര്‍ന്നവടുത്ത ശേഷം ആകണം കുംഭകോണം ഒരു ക്ഷേത്ര നഗരമായി രൂപാന്തരം പ്രാപിക്കുന്നത്. ഭാരതത്തില്‍ ഏറ്റവും അധികം ഗ്രഹങ്ങളെ ആരാധിക്കുന്ന ആരാധനാലയങ്ങള്‍ ഇവിടെയാണ്.
കരിങ്കല്ലില്‍ മാസ്മരികമായ കൊത്തുപണികള്‍ നിറഞ്ഞ വിശാലമായ മുഖപന്തലില്‍ ആദ്യജന്മത്തിന്റെയും, അടുത്ത ജന്മത്തിന്റെയും കഥകള്‍ തേടി അലയുന്ന ഈ മനുഷ്യരൊക്കെ ഓരോ കഥകളാണ്. അവര്‍ക്കു പറഞ്ഞു തീര്‍ക്കാന്‍ ഓരോ അനുഭവങ്ങള്‍, ഓരോ തിരിച്ചറിവുകള്‍. കൈവടികള്‍ ഊന്നി പ്രിയപ്പെട്ടവരുടെ മുന്നിലും പുറകിലുമായി ഭക്തിയുടെ ഭയവുമായി അണമുറിയാതെ ഒഴുകുന്ന ജനസഞ്ചയങ്ങള്‍.
കാവി മുണ്ടും, മഞ്ഞ നിറമുള്ള നീളന്‍ ഉടുപ്പുമിട്ട് ഒരു സന്യാസിവര്യന്‍ ആയി ഞാന്‍ മാറിയിരിക്കുന്നു. ദിവസങ്ങള്‍ ആയി തുടരുന്ന യാത്രയില്‍ മുഖം ഒന്നു ഷേവ് ചെയ്യുവാനോ പാറി നടക്കുന്ന മുടിയില്‍ അല്പം എണ്ണ ഇടുവാനോ ഞാന്‍ മറന്നു പോയിരിക്കുന്നു.
ഗ്രാമ വീഥികളിലൂടെ ഒന്ന് ചുറ്റി സഞ്ചരിച്ചു വീണ്ടും ഞാന്‍ വൈത്തീശ്വരന്‍ ക്ഷേത്രത്തിന്റെ മുന്നിലെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലെ വിക്രമ ചോഴ രാജനാണ് ഇന്നത്തെ രീതിയില്‍ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്ര സാക്ഷ്യം. നാഡി ജോല്‍സ്യത്തിന്റെ പരസ്യപ്പലകകള്‍ ആണ് കാഴ്ചയില്‍ എങ്ങും. ദല്ലാളുമാര്‍ നികൃഷ്ടമായ ചേഷ്ടകളോട് കൂടെ ചുറ്റും നിരന്നു നിന്ന് വരുന്നവരെയും പോകുന്നവരെയും ഫലസൃഷ്ടിയില്‍ ആകൃഷ്ടനാക്കുവാന്‍ വാ തോരാതെ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട്. ഉള്ളിലേക്കുള്ള വീഥിയുടെ പകുതിയിലധികം കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു. വൈത്തീശ്വരന്‍ ആയ കൈലാസങ്ങളുടെ നാഥനായ ശിവന്‍ ആണ് ഇവിടെ പ്രതിഷ്ഠ. പക്ഷെ നവഗ്രഹത്തിലെ ഒരു ഗ്രഹമായ ചൊവ്വ അഥവാ അംഗാരകന്‍ ആണ് ഇവിടെ പ്രശസ്തന്‍. അംഗാരകന്‍ കുഷ്ഠരോഗം ബാധിച്ചു ദുഃഖിതനായിരുന്ന സമയത്തു ഇവിടെ എത്തുകയും വൈത്തീശ്വരനെ പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ രോഗശമനം ഉണ്ടായതായി വാമൊഴികള്‍.
ശേഷം ചൊവ്വ ഈ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കു രോഗശാന്തിക്കായി നിലകൊള്ളുന്നു എന്നുള്ള കഥകള്‍ ഒക്കെ ഇവിടെയുണ്ട്. ചൊവ്വ സ്ഥലം എന്നും അമ്പികപുരം എന്നും ഈ പ്രദേശത്തിന് പേരുകള്‍ ഉണ്ട്. ഐതിഹാസകങ്ങളായ ഒരുപാടു കൂട്ടിച്ചേര്‍ക്കലുകള്‍ ഈ ക്ഷേത്രത്തിന്റെ പിന്നാമ്പുറ കഥകളില്‍ കാണാം. സപ്തര്‍ഷികള്‍ പരമശിവന്റെ പ്രീതിക്കായി തപസ് അനുഷ്ടിച്ച സ്ഥലമാണ് ഇവിടം എന്ന് പറയപ്പെടുന്നു. സീത മോചനത്തിനായുള്ള യുദ്ധത്തില്‍ ജടായു ചിറകറ്റു വീണത് ഇവിടെ ആണെന്നും ശ്രീരാമന്‍ ജഡയുവിന്റെ ശരീരം അഗ്‌നിക്കിരയാക്കി തര്‍പ്പണം ചെയ്ത സ്ഥലമാണ് ജടായകുണ്ഡം എന്ന സ്ഥലമെന്നും പറയുന്നു. ശ്രീമുരുഗന്റെ പ്രശസ്തമായ വേല്‍ എന്ന ആയുധം ഇവിടെ നിന്നാണ് ലഭിച്ചത് എന്നാ ഒരറിവുകൂടെ എനിക്കറിയാന്‍ കഴിഞ്ഞു.
'തിരുപ്പുളളുരുക്കുവേലര്‍' എന്ന നാമത്തിലും വൈത്തീശ്വരന്‍ ക്ഷേത്രം പ്രസിദ്ധമാണ്. അനേക മണ്ഡപങ്ങളും നാല് പ്രവേശന കവാടങ്ങളുമുള്ള ക്ഷേത്രത്തില്‍, ഓരോ കവാടത്തിനും ഗംഭീരമായ ക്ഷേത്രഗോപുരങ്ങളുമുണ്ട്. കിഴക്കും പടിഞ്ഞാറും ക്ഷേത്രഗോപുരങ്ങള്‍ വളരെ വലുതാണ്. വടക്കുഗോപുരം സൂര്യരശ്മികളെ ശിവലിംഗത്തില്‍ തന്നെ കേന്ദ്രീകരിക്കുവാന്‍ തക്കവണ്ണമാണ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും കുറച്ച് ദിവസങ്ങളില്‍ ഇത് സംഭവിക്കാറുണ്ടെന്നു എന്റെ സംശയം ദുരികരിച്ചു ചിലര്‍ പറഞ്ഞതായി ഓര്‍മ്മിക്കുന്നു. രണ്ടു വലിയ ഇടനാഴികളിലൂടെ കടന്നു വേണം നാം ക്ഷേത്ര മുഖത്തു എത്തുവാന്‍. കടവാവലുകള്‍ ചിറകടിച്ചു പറക്കുകയും ഭയപ്പെടുത്തുന്ന ശബ്ദത്തില്‍ കരയുകയും ചെയ്യുന്ന ഒരു ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് അവിടെ എന്നെ വരവേറ്റത്, തെരുവ് പട്ടികളും, അലഞ്ഞു തിരിയുന്ന പശുക്കളും പലപ്പോഴും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നു.
പൂജിച്ചു കൊണ്ടുപോകുന്ന മാലയും പഴങ്ങളും ആരോടും അനുവാദം ചോദിക്കാതെ അവര്‍ ഭക്ഷിക്കുന്നു. ആനയുടെ ചങ്ങല കിലുക്കവും ആനച്ചൂരും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ ഇടനാഴികളുടെ പലയിടത്തും കൂറ്റന്‍ വാതിലുകള്‍ അടഞ്ഞു കിടക്കുന്നത് എന്റെ ശ്രെദ്ധയില്‍ പെട്ടു. അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ദേവി ദേവന്മരുടെ സഞ്ചാരത്തിനായി ഒരുക്കിയിട്ടുള്ള പ്രത്യേക അന്തഃപുരനാഴികള്‍ ആണ് പോലും അതെല്ലാം!
ദ്രാവിഡ സംസ്‌കാരമാണ് ക്ഷേത്ര നിര്‍മ്മിതിയില്‍ എവിടെയും കാണാനാവുക. കൊത്തു പണികളാല്‍ അലംകൃതമാണ് ക്ഷേത്ര സമുച്ഛയം. ആറോ ഏഴോ മീറ്ററില്‍ അധികം ഉയരമുള്ള കരിങ്കല്‍ തൂണുകള്‍ കൊത്തുപണികളാല്‍ ഭംഗി വരുത്തിയിരിക്കുന്നു. പ്രകൃതിയുടെ നിറങ്ങള്‍ ചാലിച്ചു ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കുന്നു. ചുറ്റുമതിലുകള്‍, നടവഴികള്‍ എല്ലാം തന്നെ കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍ ആണ്.
അനേകായിരങ്ങള്‍ നാം ആരായിരുന്നു എന്നുള്ള ആകാംക്ഷയില്‍ നടന്നു നീങ്ങിയ ഈ ഇടുങ്ങിയ ചുമരിനുള്ളില്‍ നിന്ന് ഞാന്‍ പുറത്തേക്കു നടക്കുകയാണ്. ഭാവിയും ഭൂതവും വര്‍ത്തമാന കാലത്തിന്റെ രുചി ഭേതങ്ങളും അറിയിക്കുവാന്‍ കതിരവന്റെ പനയോലയുമായി കാത്ത് നില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യര്‍. അവര്‍ക്കിടയില്‍ ഇന്നത്തെ മണ്ണില്‍ ജനിച്ചു ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്തിന് പനയോലയില്‍ എന്റെ ജീവിതം കാണണം?
ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ ഉത്തരങ്ങളുമായി കാവേരി നദിയുടെ തീരത്തു നിന്ന് ഞാന്‍ യാത്ര തുടരുകയാണ്. വീണ്ടുമൊരിക്കല്‍ വരുമെന്നൊരുറപ്പും ഇല്ലാതെ..
മഹത്തരമായ ഈ സൃഷ്ടിയുടെ പരിപാലനം വളരെ മോശം നിലവാരത്തിലാണെന്ന് പറയേണ്ടിവരുന്നത് അതീവ ദുഃഖത്തോടെയാണ്. വൃത്തിയും വെടിപ്പും ഇല്ലാത്ത ക്ഷേത്ര പരിസരം, സംവത്സരങ്ങളുടെ തിരുശേഷിപ്പുകളായ ചുമര്‍ചിത്രങ്ങള്‍ പോലെയുള്ള അമൂല്യമായ പലതും നാശോന്മുഖമാണ്. അനേകര്‍ സന്ദര്‍ശിക്കുന്ന ഇവിടെ എവിടെയും നിയമപാലകരെ ഞാന്‍ കണ്ടില്ല. പിടിച്ചുപറിക്കരുടെയും തെരുവ് ഗുണ്ടാ സങ്കങ്ങളുടെയും ഒരു സങ്കേതം കൂടെയാണ് ഈ ക്ഷേത്ര പരിസരം.