വമിഥുനങ്ങൾ ചേർന്നുനിന്ന് ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു. കലാപ ക്ഷുഭിത മനസ്സുകൾക്ക് സ്ഥാനമില്ലാത്തിടം. എല്ലാവരും സമാധാനത്തിന്റെ പാതയിലാണ്... അതേ ആ പൈതൃകം അത്തരത്തിലൊന്നാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഷാജഹാൻ ഇഷ്ട വധുവായ മുംതാസിന്റെ ഓർമയ്ക്കായി പണിത പ്രണയത്തിന്റെ പ്രതീകമായ 'താജ്മഹലിന്റെ കാഴ്ചയിലേക്ക്....

ഇടയിൽ  നീലകലർന്ന വെള്ളിവെളിച്ചത്തിന്റെ തിളക്കമാർന്ന ആകാശത്തിന്റെ പശ്‌ചാത്തലത്തലത്തിൽ ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു 'താജ്മഹൽ'. ഒരായിരം കിനാക്കൾ സാക്ഷാത്കരിച്ചതു പോലെ, അല്ല മനസ്സിൽ നിന്നും എന്തൊക്കെയോ പെയ്ത് തോർന്ന നിമിഷം.... എന്റേതുമാത്രയിരിക്കില്ല ലക്ഷങ്ങളുടെ ഹൃദയം കവർന്ന സന്ദർഭമാവാം അത്. മുഗൾ ചരിത്രത്തിന്റെ ഐതിഹാസിക കൊട്ടാരം നേരിൽ കണ്ടതിന്റെ ആകാംക്ഷയായിരുന്നു മനസ്സുനിറയെ. പിന്നീട് ആറുവട്ടം കണ്ടെങ്കിലും ആദ്യകാഴ്ച്ച തന്നെയാണ്  മനസ്സിനെ പരകോടിയിലെത്തിച്ച നിമിഷം ; അതിമനോഹരം.....

Taj Mahal 3

ലോകത്തിന്റെ നാനാതലങ്ങളിൽ നിന്നും സഞ്ചാരികളെക്കൊണ്ട് നിറയുന്നിടം. വർണ്ണനകൾക്കപ്പുറമായിരുന്നു അനുഭവം. ഇടക്കാല ജോലിക്കായെത്തിയ സുഹൃത്തായ ഡാർവിൻ മത്യുവും കൂടെയുണ്ടായിരുന്നു.

സ്കൂൾ കാലഘട്ടം മുതൽ ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള  താജ്മഹൽ നേരിൽ കണ്ടതിന്റെ ആവേശത്തിലായിരുന്നു ഞങ്ങൾ. തണുപ്പിലേക്ക് കടക്കുന്നതിന്റെ ഒരുക്കത്തിലായിരുന്നു ആ സെപ്റ്റംബർ മാസാവസാനം. മഴ പെയ്ത് തോർന്ന പുലർകാലത്തിലെ യാത്ര തീവണ്ടിമാർഗ്ഗമായിരുന്നു. ജനറൽ കംപാർട്ട്‌മെന്റിലെ ടിക്കറ്റായിരുന്നു എടുത്തത്. തിരക്കു കാരണം കേറാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട്‌ സ്ലീപ്പർ ക്ലാസ് കംപാർട്ട്‌മെന്റിലേക്ക് ഓടിക്കേറുകയായിരുന്നു."ഗാസിയബാദിന്" ശേഷം ടിക്കറ്റ് പരിശോധിക്കാൻ ടി. ടി.ആർ വന്നതും ഞങ്ങൾ അയാളുടെ മുൻപിൽ പെട്ടതും അപ്രതീക്ഷിതമായിരുന്നു. ഒടുവിൽ പിഴ ഈടാക്കി ആരെയും പേടിക്കാതെ യാത്ര തുടർന്നു. പെട്ടന്നുള്ള യാത്രകാരണം ടിക്കറ്റ് റിസർവ് ചെയ്യാൻ കഴിഞ്ഞില്ലായിരുന്നു. 

അത്യാവശ്യം തിരക്കുള്ള ബോഗിയുടെ ഒരു കൂപ്പ. അതിനിടയിൽ ഞങ്ങൾ സംസാരിക്കുന്ന മലയാളഭാഷ കേട്ട് ചിലർ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അവർക്കത് അപരിചിതമായിരുന്നു. പിന്നീട് ശബ്ദം കുറച്ചു സംസാരിക്കാൻ ഞങ്ങൾ ശ്രമിച്ചു. ആ സ്ലീപ്പർ ക്ലാസ്സ് കൂപ്പയിലെ വ്യത്യസ്തമായ യാത്രക്കാരായിരുന്നു അവർ. തിളങ്ങുന്ന മുഖഭാവം, ശരീരത്തിൽ പൂശിയ സുഗന്ധ ദ്രവ്യത്തിന്റെ  കഠിനമായ സൗരഭ്യം അവിടം പരന്നിരുന്നു. കയ്യിൽ വർണ്ണ കുപ്പിവളകൾ, മേൽനെറ്റിയെ മൂടിയ സിന്ദൂരം, സ്വർണ്ണനിറത്തിൽ തിളങ്ങുന്ന വേഷവിധാനത്തിൽ വെളുത്ത സുന്ദരി മൻദീപ് സിംഗിന്റെ  മാറിൽ ചാഞ്ഞിരിക്കുന്നുണ്ടായിരുന്നു പ്രിയങ്ക. അവരും താജ്മഹലിലേക്കാണ്. ഡൽഹിയിൽ നിന്നാണ് കയറിയത്. ഇടയ്ക്ക് വച്ച് പരിചയപ്പെട്ടിരുന്നു.

Taj Mahal 6

കേരളത്തിലാണ് ഞങ്ങളെന്ന് കേട്ടപ്പോൾ ആകാംക്ഷയിലായിരുന്നു അവർ. ദൈവത്തിന്റെ സ്വന്തം ദേശത്തിലെ സംസ്കാരത്തേക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും ആരാഞ്ഞപ്പോൾ ഞങ്ങൾക്കറിയാവുന്ന ഹിന്ദി ഭാഷയിൽ മൂന്നാറിന്റെയും വയനാടിന്റെയും പ്രകൃതി സൗന്ദര്യവും വർണ്ണിച്ചപ്പോൾ വാക്കുകൾക്കതീതമായിരുന്നു അവരുടെ പ്രതികരണം. വരാമെന്ന ഉറപ്പും നൽകി.

മൂന്നരമണിക്കൂർ നീണ്ട തീവണ്ടി യാത്ര... ഇടയിൽ കുറെ ഫാക്ടറികൾ, ചിലയിടത്ത് കൃഷിയിടം, അവിടെ അങ്ങിങ്ങായി പണിയെടുക്കുന്ന കർഷകർ, ചെറിയ ഷീറ്റുപാകിയ വീടുകൾ, ചിലയിടം നീണ്ടുകിടക്കുന്ന തരിശു‌ഭൂമി, ഒരിടത്ത് നിറയെ ഷീറ്റുകൾ പാകിയ കൂരകൾ, ചേരിപ്രേദേശം... ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ആഗ്ര വരെയുള്ള കാഴ്ചകളിൽ വ്യത്യസ്‌തതകൾ കൂടുതലായിരുന്നു. ചിലയിടങ്ങളിൽ  വിളവെടുക്കുന്ന കർഷകർ, മറ്റുചിലർ  അടുത്ത കൃഷിക്ക് തെയ്യാറെടുപ്പുകൾ നടത്തുന്നു. ചിലയിടം നീണ്ടുകിടക്കുന്ന തരിശുഭൂമിയാണ്. ചിലയിടങ്ങളിൽ പശുക്കളെയും കൊണ്ട് മേക്കാൻ ഇറങ്ങിയവരെ കണ്ടു. ആ കാഴ്‌ചകളൊക്കെ കടന്ന് ഒടുവിൽ ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.

ആൾത്തിരക്കും ആരവവും നിറഞ്ഞ ആഗ്ര റെയിൽവേസ്റ്റേഷൻ കാണാൻ ഏവരും ആഗ്രഹിക്കുന്ന താജ്മഹൽ സ്ഥിതിചെയ്യുന്നത് അതിനടുത്താണ്. തിരക്കിൽ നിന്നുംപുറത്തേക്കിറങ്ങി. വാഹനങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുന്ന മുൻവശത്തെ ഗേറ്റ്... ആഡംബരകാർ, ഓട്ടോറിക്ഷ, ബാറ്ററിയിൽ ഓടുന്ന റിക്ഷകൾ, സൈക്കിൾ റിക്ഷകൾ അങ്ങനെ വ്യത്യസ്ഥങ്ങളായ വാഹനങ്ങൾകൊണ്ട് സമ്പന്നമാണവിടം. കൂടുതൽപേർ ഇറങ്ങുന്ന ഗേറ്റിനരികിൽ കുറെപേർ തിങ്ങിനിൽക്കുന്നുണ്ടായിരുന്നു. അതിൽ അഞ്ചോ ആറോ ആളുകൾ ഞങ്ങളെയും ആനയിക്കാനെന്നമട്ടിൽ ഓടിവന്നു. "ആയിയേ ഭായ് സാബ് ആയിയേ" എന്നു പറഞ്ഞുകൊണ്ടായിരുന്നു വരവ്.
താജ്മഹലിലേക്ക് കൊണ്ടുവിടാൻ നിൽക്കുന്നവർ പലവേഷത്തിൽ, പലരൂപത്തിൽ, ഭാഷയൊന്നുമാത്രം....

Taj Mahal 4

"ആയിയേ ഭായ് സാബ്  ആയിയേ, ഹം വേജേഗ" എന്ന ആദ്യ വാചകം...പിന്നീട് ഫോണിലെ ഗൂഗിൾ മാപ്പ് നോക്കി കിലോമീറ്റർ തിരക്കി ഡ്രൈവർമാരോട് വിലപേശി ഒരു ബാറ്ററി റിക്ഷയിൽ കയറി. വിലപേശൽ ഇല്ലാതെ ഭീമൻ തുകയിൽ സഞ്ചരിക്കേണ്ടി വരും. അതും നിസാരം വരുന്ന ദൂരത്തിൽ. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ  കുറെ പാക്കേജുകൾ പറഞ്ഞ് ആദ്യം പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുഹൃത്തുക്കളുടെ അനുഭവങ്ങൾ അറിയാവുന്നതുകൊണ്ടു ഞങ്ങൾ ആദ്യം പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും മാറാതെ മുൻവശത്തെ ഗേറ്റിലിറങ്ങി. ഇന്റർലോക്കുകൾ പാകിയ ഇടനാഴിലൂടെ നടന്നു നീങ്ങി അവിടെയും ആനയിക്കാൻ ബാറ്ററി റിക്ഷക്കാരെ കാണാമായിരുന്നു.

അങ്ങനെ ഇരുവശങ്ങളിലും വളർന്ന് പന്തലിച്ച മരങ്ങൾക്കിടയിലൂടെ നടന്നകന്നപ്പോൾ കുറച്ചകലെ  പടുകൂറ്റൻ മതിൽ പ്രത്യേക ഭംഗിയാൽ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. ഉള്ളിലേക്ക്‌ കയറാനുള്ള പ്രവേശന  ടിക്കറ്റെടുത്ത് നടത്തം വീണ്ടും തുടർന്നു. കുറച്ചുകൂടി നടന്നപ്പോൾ അതാ ശോഭയോടെ തിളങ്ങുന്ന താജ്മഹൽ.

Tajmahal 2

ആകാംക്ഷയോടെ എന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി ഉള്ളിലേക്ക് കടന്നു. അവിടം നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. പ്രണയത്തിന്റെ പ്രതീകമായ "താജ്മഹൽ "ഒരുനോക്ക് കണ്ട് നിശ്ചലമായവർ. ആകാശത്തിന്റെ നീല കലർന്ന വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാഴ്ചയ്ക്ക് തീവ്രമായ സന്ദര്യമായിരുന്നു. പറവകൾ മുകളിൽ വലംവയ്ക്കുന്നു. കടുത്ത ചൂട്, ആ ചൂടിൽ വാടിയ പൂക്കളം. അവിടുത്തെ കാഴ്ചക്കാരിൽ യൂറോപ്യൻ രാജ്യത്തിലെ ദമ്പതികളായ സ്റ്റീവും ജെന്നിഫറും ഉണ്ടായിരുന്നു. ഫോട്ടോ എടുത്തു കൊടുക്കണമെന്ന അവരുടെ ആ​ഗ്രഹം‌  നിറവേറ്റി മുൻപോട്ട് നടന്നു. ഫോട്ടോഗ്രാഫർമാരുടെ കൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ. എടുത്ത് അഞ്ച് മിനിറ്റിനുള്ളിൽ ഫോട്ടോ പ്രിന്റ് ചെയ്ത് കിട്ടും. അതിൽ കുറച്ചുപേർ ഞങ്ങളെളെയും സമീപിച്ചു.  അതിൽ ഒരാൾ ഞങ്ങളെ തന്നെ പിന്തുടർന്നപ്പോൾ കൈവിടാൻ മനസ്സനുവദിച്ചില്ല. ഞങ്ങളും എടുത്തു ഒരുകൂട്ടം ഫോട്ടോകൾ....
    
താജ്മഹലിനോടടുക്കുകയാണ്. പള്ളിയുടെ ശൈലിയിലുള്ള രൂപകൽപ്പന മനോഹരമായിരുന്നു. പ്രധാന താഴികക്കുടത്തിന്റെ പുറംഭാഗം, അതിനോട് ചേർന്ന ആന്തരികഭാഗം, വോൾഡ് സീലിംഗ്, കിയോസ്ക്, ഐവാൻ എന്നിവ ചേർന്ന കെട്ടിടത്തിന്റെ നാലതിരുകളിൽ മിനാരങ്ങൾ. എല്ലാം പണിതത് ഒരു ഭീമൻ അടിത്തറയിലാണ്. ആ അടിത്തറയുടെ മുൻഭാഗത്ത് വെള്ളനിറത്തിലുള്ള  മർബിളാണ് പതിച്ചിരിക്കുന്നത്. ഇതെല്ലാം ചേർന്നുള്ള ഭംഗിയുള്ള മഹലിന് മുൻപിൽ ഉദ്യാനവും പിന്നെ കേന്ദ്ര അറയ്ക്ക് നേർരേഖയിൽ നീണ്ടുകിടക്കുന്ന നീല നിറം പൂശിയ ജലാശയം. അതിൽ താജ്‌മഹൽ പ്രതിധ്വനിക്കുന്നു.

 Taj Mahal 5

പുൽമേടുകളും പ്രത്യേകം വെട്ടി രൂപകൽപ്പന ചെയ്ത ചെടികളും താജ്മഹലിന് ഭം​ഗിയേറ്റുന്നു. ആ അത്ഭുതത്തിന്റെ മുൻപിൽ നിൽക്കുന്നതിന്റെ അഭിമാന നിമിഷമായിരുന്നു ഞങ്ങൾക്ക് ആ സമയം. ചുട്ടുപൊള്ളുന്ന വെയിലിൽ നടന്ന് അവസാനം ചെരുപ്പ് അഴിച്ചുവച്ച് കാൽനട അല്ലെങ്കിൽ ചെരുപ്പിനെ മൂടാനുള്ള  പ്രത്യേകമായ സോക്സ് ധരിച്ചായിരുന്നു താജ്മഹലിന്റെ അടിത്തറയിലൂടെയുള്ള യാത്ര. പിന്നിൽ യമുന നദി ഒഴുകുന്നുണ്ടായിരുന്നു. അതിമനോഹരമായിരുന്നു ആ കാഴ്ച്ചയും.

അടുത്തത് താജ്മഹലിന്റെ ഉള്ളറയിലേക്കായിരുന്നു കടന്നത്. അതിന് പ്രത്യേക ടിക്കറ്റ് എടുക്കണം. അങ്ങനെ രണ്ടു ടിക്കറ്റുമെടുത്ത് ഞങ്ങൾ ഉള്ളറയിലേക്ക് കടന്നു. അവിടെ പ്രത്യേകം ചെക്കിങ്ങും ഉണ്ടായിരുന്നു. അകത്ത് കുറേ ഉള്ളറകളുണ്ടായിരുന്നു. അതിൽ ഒരെണ്ണത്തിനുള്ളിലാണ് ഷാജഹാന്റെയും മുംതാസിന്റെയും കല്ലറ. ഇവിടെ ചിത്രങ്ങളെടുക്കുന്നതിന് വിലക്കുണ്ട്. അവിടെയുണ്ടായിരുന്ന ഒരു കാവൽക്കാരൻ ചിലരെ താക്കീത് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ അവിടം ചുറ്റിക്കണ്ടശേഷം പുറത്തിറങ്ങി. സായാഹ്നാന്തരീക്ഷത്തിൽ മറ്റൊരു ഭാവമായിരുന്നു താജ്‌മഹലിന്. ഇരുട്ടിൽ നക്ഷത്രങ്ങൾ തെളിയുമ്പോഴുണ്ടാവുന്ന ഭാവം പിന്നീട് കാണാം എന്ന  പ്രതീക്ഷയിൽ തിരികെ മടങ്ങി.

Content Highlights: Tajmahal Agra Trip Incredible India, Mathrubhumi Yathra