| Mathrubhumi - Sanchari POST OF THE WEEK |

പുലര്‍ച്ചെ 3:30നു ആരെയും ശല്യപ്പെടുത്താതെ കട്ടന്‍ തിളപ്പിക്കുമ്പോഴാണ് അമ്മ എണീറ്റത്. തലേന്ന് തന്നെ ചെറിയ സൂചന നല്കിയിരുന്നതിനാല്‍ അധികം ചോദ്യംചെയ്യല്‍ ഒന്നും ഉണ്ടായില്ല. അപ്പോഴും പുറത്തു മഴ നല്ല തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഇതുവരെ കാലത്ത് ഇല്ലാത്ത മഴ കറക്റ്റ് ഇന്ന് തന്നെ പെയ്യാന്‍ എന്താ കാരണം എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ജിതിനെ വിളിച്ചുണര്‍ത്തുന്ന കാര്യം ഓര്‍ത്തത്.തലേന്ന് അവനോടു രാവിലെ 4 മണിക്ക് വരണം എന്ന് എത്രവട്ടം പറഞ്ഞെന്നു ഓര്‍മയില്ല. 

ഏതായാലും പോസ്റ്റ് തരാതെ അവനും എത്തി.മഴ അല്‍പം കുറഞ്ഞപ്പോള്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. മുന്നോട്ടും മഴ തന്നെയായിരുന്നു ഞങ്ങളുടെ സംസാരം. കൂടിയും കുറഞ്ഞും മഴ നല്ല പണി തന്നുകൊണ്ടിരുന്നു. ഞങ്ങള്‍ എങ്ങും നിര്‍ത്താനും തയ്യാറായില്ല. നമുക്കും ഉണ്ടല്ലോ അല്‍പം വാശി. അപ്പോഴും നേരം പുലരാനുള്ള ഒരു സാധ്യതയും കാണാനില്ല.

കായംകുളം എത്തുന്നതിനു മുന്നേ മഴ കഴിഞ്ഞു,മുന്നോട്ട് ഒരു തുള്ളി വെള്ളം പോലും തൊടാത്ത റോഡ് മഴയുടെ ചെയ്തികളെ അല്‍പം നല്ല രീതിയില്‍ സ്മരിച്ചു ഞങ്ങള്‍ മുന്നോട്ടു നീങ്ങി. വണ്ടിഓടിച്ചു കൊണ്ട് തന്നെ അന്നത്തെ സൂര്യോദയവും കണ്ടു അപ്പോഴേക്കും ഞങ്ങള്‍ പുനലൂര്‍ എത്തിയിരുന്നു. അവിടെ നിന്ന് തെന്മല റോഡ് പിടിച്ചു. മലകള്‍ കാഴ്ച്ചയില്‍ പതിഞ്ഞു തുടങ്ങിയപ്പോഴേക്കും അവയ്ക്കു മുകള്‍ഭാഗം മഞ്ഞു പൊതിഞ്ഞിരുന്നു.

വഴിയില്‍ ആദ്യംകണ്ട അരുവിയുടെ അരികില്‍ അല്‍പനേരം ഇരിപ്പുറപ്പിച്ചു ഞങ്ങള്‍ വീണ്ടും ചലിച്ചു. കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാത കടന്നു പോവുന്ന 13 കണ്ണാറപാലം ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമായി.

Sundarapandiapuram Tirunelveli

കൊല്ലത്തിനെയും മദ്രാസിനെയും ആണ് ഈ പാത ബന്ധിപ്പിച്ചിരുന്നത്. പുനര്‍നിര്‍മാണവും തുരങ്കത്തിന്റെ ജോലികളും നടക്കുന്നതിനാല്‍ ഇപ്പോള്‍ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ബ്രിട്ടീഷ്‌കാലത്തു നിര്‍മിച്ച ഈ പാലത്തില്‍ സിമെന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പകരം സുര്‍ക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.

താഴെനിന്നു മുകളിലേക്ക് കയറി കാഴ്ചകള്‍ കാണുവാന്‍ കഴിയും. ചെറിയ പടികള്‍ കയറി മുകളിലേക്ക് എത്തുമ്പോള്‍ ഇടതുവശത്തായി ഒരു തുരങ്കം കാണാം. പാറകള്‍ വെട്ടി നിര്‍മിച്ച വലിയ ഒരു തുരങ്കം. അതിലൂടെയാണ് റെയില്‍ കടന്നു വരുന്നത്.

ആ വിസ്മയ കാഴ്ചകള്‍ക്കു ശേഷം ഞങ്ങള്‍ പാലരുവി ലക്ഷമാക്കി നീങ്ങി. ആളൊന്നിന് 40 രൂപ പാസും എടുത്തു പാര്‍ക്കിങ് ഫീസും നല്‍കി ഫോറെസ്റ്റിന്റെ ബസില്‍ 4കിലോമീറ്റര്‍ കാടിനുള്ളിലൂടെ ചെന്നാല്‍ കാണാം പഴയ ഒരു തകര്‍ന്ന കുതിര ലായവും അതിനും മുന്നോട്ട് നടന്നു ചെല്ലുമ്പോള്‍ ഉയരത്തില്‍നിന്നു പതഞ്ഞൊഴുകുന്ന 'പാലരുവി'. പുലര്‍ച്ചെയായതിനാല്‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. കൂടുതലും തമിഴര്‍ ആയിരുന്നു സന്ദര്‍ശകര്‍. മുകളിലുള്ള കല്‍മണ്ഡപത്തില്‍ നിന്ന് അല്‍പനേരം അതിന്റെ ഭംഗി ആസ്വദിച്ചു. അവിടെനിന്നിറങ്ങി അടുത്ത ബസില്‍ തന്നെ കയറി പാര്‍ക്കിങ്ങിലെത്തി നേരെ കുറ്റാലം പിടിക്കാനുള്ള തീരുമാനമായി.

ചെങ്കോട്ട കടന്നപ്പോഴേക്കും മൂന്നാറിനെ ഓര്‍മിപ്പിക്കുന്ന കാഴ്ചകള്‍ വന്നു തുടങ്ങിയിരുന്നു. നെല്‍വയലുകളും മലനിരകളും ചുറ്റുപാടും നല്ല വെയില്‍ ആണെങ്കിലും മലകള്‍ എല്ലാം വെള്ളപുതച്ചു നിന്നിരുന്നു. ഒരു ലെവലുമില്ലാതെ പായുന്ന ഓട്ടോറിക്ഷയും പനങ്കരിക്ക് വില്‍ക്കുന്ന ആളുകളും... തമിഴ്‌നാടിന്റെ കാഴ്ചകള്‍ കണ്ടു തുടങ്ങിയിരുന്നു. (ഓട്ടോയുടെകാര്യം ഇവിടെയും അങ്ങനൊക്കെ തന്നെ അല്ലേ...)

അതെല്ലാം കടന്നു കുറ്റാലം എത്തിയപ്പോള്‍ വെയിലിനു കാഠിന്യം അല്‍പം കൂടുതലായോ എന്നൊരു സംശയം തോന്നി തുടങ്ങി. വണ്ടി പാര്‍ക്ക് ചെയ്തു വെള്ളച്ചാട്ടത്തിനടുത്തേക്കു നീങ്ങി. വേനല്‍ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കുറ്റാലം. അതിനടിയില്‍ ഇതുവരെ വെള്ളം കണ്ടിട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധം തമിഴ്മക്കളുടെ നീരാട്ട്. മുഖം കഴുകാന്‍ പോലും അവന്മാര് ഒരു ഗ്യാപ് തന്നില്ല. അല്പം തണല്‍ നോക്കി ചുറ്റുപാടും മുഴുവന്‍ വീക്ഷിച്ചു... ഇതാണ് കുറ്റാലം.

ഞങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനം അടുത്തതാണ് 'സുന്ദരപാണ്ഡ്യപുരം'. ചിത്രങ്ങളാല്‍ ഞങ്ങളെ കൊതിപ്പിച്ച തമിഴ് ഗ്രാമം. രാവിലെ കുടിച്ച കട്ടന്റെ സ്റ്റാമിനയില്‍ ഓടുന്ന വണ്ടി ആദ്യം കണ്ട ഒരു ചെറിയ കടയില്‍ നിര്‍ത്തി. ഒരു ബിസ്‌ക്കറ്റും സെവന്‍ അപ്പും, അതാണ് മീല്‍സ്. യാത്രകളില്‍ അധികം ഫുഡ് കഴിച്ചു ശീലം ഇല്ലാത്തതിനാല്‍ ആ ക്യാഷ് ലാഭം ആണ്. അവനും അതുപോലെ ആയതുകൊണ്ട് ജോളിയായി.

റോഡിലേക്ക് വള്ളിപ്പടര്‍പ്പുകളാല്‍ തണല്‍ ഒരുക്കിയ ഒരു ആലിന്‍ ചുവട്ടില്‍ അല്പ വിശ്രമത്തിനു ശേഷം സുന്ദരപാണ്ഡ്യപുരത്തേക്ക്. ഗൂഗിള്‍ ഇടവഴിയില്‍ അല്‍പം ചതിച്ചെങ്കിലും ശരിയായ വഴിയില്‍ ഞങ്ങളെ കൊണ്ടെത്തിച്ചു.

പതിയെ നഗരകാഴ്ചകള്‍ മറയുകയാണ്. പൊടിപടലങ്ങള്‍ നീങ്ങി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വഴിമാറി ചെറു റോഡിലൂടെ സുന്ദരപാണ്ഡ്യപുരം ആയിത്തുടങ്ങി എന്ന ആദ്യ സൂചന നല്‍കിയത് രണ്ടു കൂറ്റന്‍ കാളകളെ പൂട്ടിയ ഒരു കാള വണ്ടിയാണ്. അധികം ദൂരെയല്ലാതെ കാണാം പച്ചനിറത്തില്‍ കൃഷിയിടങ്ങള്‍. പേരിനോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന സുന്ദരമായ തമിഴ് കാര്‍ഷിക ഗ്രാമം 'സുന്ദരപാണ്ഡ്യപുരം'...

തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിയില്‍ നിന്നു 10 കിലോമീറ്റര്‍ ഉള്ളിലായാണ് കാഴ്ചകളുടെ കലവറയായ ഈ ഗ്രാമം. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു കണ്ണിനും മനസിനും പൂര്‍ണ തൃപ്തി നല്‍കുന്ന ഒരിടം. ലളിതമായ ജീവിതശൈലിയും മണ്ണിന്റെ മാറില്‍ വിശ്രമമില്ലാതെ പണിയെടുത്തു ജീവിക്കുന്ന വെറും എണ്ണായിരത്തില്‍ താഴെ മാത്രം വരുന്ന ജനങ്ങളുടെ സ്വര്‍ഗഭൂമി. ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത കൃഷിയിടങ്ങളും പച്ചപ്പും ആവോളം. കാളവണ്ടികളും ആട്ടിടയരും വയസിലും കാഴ്ചയിലും മാത്രം പ്രായം തോന്നിക്കുകയും ഒരു പക്ഷെ നമ്മളെക്കാള്‍ ചുറുചുറുക്കുള്ള മുതിര്‍ന്ന ആളുകളും കത്തിനില്‍ക്കുന്ന വെയിലില്‍ പോലും പച്ചപ്പിനെ തലോടി വീഴുന്ന തണുത്ത കാറ്റും ഈ ഗ്രാമത്തെ കൂടുതല്‍ അഴകുള്ളതാക്കുന്നു.

മറ്റൊരു പ്രധാന ആകര്‍ഷണം 'അന്ന്യന്‍ പാറ' (റോജ, ജന്റില്‍മാന്‍ അങ്ങനെ ഒരുപാട് ചിത്രങ്ങള്‍) ആണ്. ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായി മാറിയ ഈ പാറ, അന്ന്യന്‍ റിലീസിന് 12 വര്‍ഷം ഇപ്പുറവും അതിലെ ചിത്രങ്ങള്‍ മായാതെ ഇപ്പോഴും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.

വെയില്‍ അല്പം കഠിനമായതിനാല്‍ അതിനടുത്തു തന്നെ അരമണിക്കൂറോളം ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ കാറ്റും കൊണ്ട് വഴിയോര കാഴ്ച്ചകളും പച്ചനിറം വാരി വിതറിയപോലെയുള്ള നെല്‍പാടത്തിന്റെ കാഴ്ചകളും കണ്ടു ഞങ്ങള്‍ വിശ്രമിച്ചു. അതിനിടയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന ഗ്രാമവാസികളായ ആളുകളോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുവാനും കഴിഞ്ഞു. പുതിയ അനുഭവങ്ങളും അറിവുകളുമാണ് ഒരു യാത്ര പകര്‍ന്നു നല്‍കുന്നത്.

വെയിലിന് അല്പം ശമനം കണ്ടതോടെ ഞങ്ങള്‍ പാറയുടെ മുകളിലേക്ക് നടന്നു കയറി. ആ പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാന്‍ കഴിയുന്ന ഒരു വ്യൂ പോയിന്റ് തന്നെ എന്ന് പറയാം, അന്ന്യന്‍ പാറ. പച്ചപ്പട്ടു വിരിച്ചു സുന്ദരിയായ വയലുകള്‍ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്നു. പിന്നില്‍ ശങ്കര്‍ അന്ന് പെയിന്റ് അടിച്ചു പോയ പാറകള്‍ അതിന്റെ തനിമ ചോരാതെ ഇന്നും കാണാം.

Sundarapandiapuram Tirunelveli

ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍, എംജിആര്‍ എന്നിവരുടെ എല്ലാം മികവുറ്റ പെയിന്റിങ്ങുകള്‍. മറ്റാരുടെയും ശല്യമില്ലാതെ കാഴ്ചകളുടെ ഒരു പറുദീസ തന്നെ ഞങ്ങള്‍ക്കു വേണ്ടി തുറന്നു കിട്ടിയത് പോലെ.

അതിനു താഴെ വന്നിട്ട് മുകളിലേക്ക് അല്‍പ നേരം നോക്കി വെയില്‍ കാരണം കയറാതെ പോയ രണ്ടു കെ.എല്‍. രജിസ്‌ട്രേഷന്‍ ബൈക്കുകള്‍ ഞങ്ങള്‍ മുന്നേ കണ്ടിരുന്നു. (നിങ്ങള്‍ക്ക് വന്‍ നഷ്ടം തന്നെയാണ്). ഞങ്ങള്‍ വെയില്‍ കുറയാന്‍ കാത്തു നിന്നാണ് കയറിയത്. ആ കാത്തിരിപ്പിനും ഊര്‍ജം നല്‍കിയത് അവിടുത്തെ കാഴ്ചകള്‍ തന്നെയായിരുന്നു.

അവിടുത്തെ കാഴ്ചകള്‍ മനസില്‍നിറച്ചു ഞങ്ങള്‍ പോയത് സുന്ദരപാണ്ഡ്യപുരം റോഡ് അവസാനിക്കുന്നിടത്തേക്കാണ്. ഏകദേശം ആറു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ പാറയില്‍ നിന്ന് അങ്ങോട്ട്. വഴിനിറയെ കാഴ്ചകള്‍. എല്ലാം കൃഷിയിടങ്ങള്‍ തന്നെ. എല്ലായിടവും പച്ചപ്പ് മാത്രം. അതിനിടയില്‍ ഒരു പൊട്ടു വലിപ്പത്തിന് അതില്‍ പൊന്നു വിളയിക്കുന്ന ഗ്രാമവാസികള്‍ പണിയെടുക്കുന്നു. 

റോഡ് അവസാനിക്കുന്നിടത്തേക്ക് എത്തുമ്പോള്‍ വഴി ചുരുങ്ങി ഒരു അഗ്രഹാരത്തിനുള്ളിലേക്കാണ് പോവുന്നത്. അതിന്റെ ഒരു വശത്തു പാത അവസാനിക്കുന്നു. നേരെ തന്നെ നാല് കല്‍ത്തൂണുകള്‍ കൊണ്ട് നിര്‍മിച്ച ഒരു ചെറിയ മണ്ഡപം നടുവില്‍ നിലനിര്‍ത്തിയ കുളവും കാണാം.

Sundarapandiapuram Tirunelveli

ഒരുപാട് പേര്‍, കൂടുതലും കുട്ടികള്‍ അതില്‍ തിമിര്‍ത്തു മറിയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ അല്‍പം കുരുത്തക്കേട് കൂടുതല്‍ ഉള്ളവര്‍ കല്‍മണ്ഡപത്തിനു മുകളിലേക്ക് വലിഞ്ഞു കയറി അതിനുമുകളില്‍നിന്നു വെള്ളത്തിലേക്കു ചാടി രസിക്കുന്നു. അല്‍പനേരം ആ കാഴ്ചകളോട് കൂട്ടുകൂടി അവിടെ ഇരുന്നു. ഒരുവശത്തു മേഞ്ഞു നടക്കുന്ന കാലികൂട്ടങ്ങള്‍, അതിനു പിന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാറ്റാടി പാടങ്ങള്‍, മനസിനെ പിടിച്ചിരുത്തുന്ന ഗ്രാമ ഭംഗി എവിടെയും നിറഞ്ഞു നില്‍ക്കുന്ന ഒരിടം.

Sundarapandiapuram Tirunelveli

അവിടെയും കൂടുതല്‍ വിശേഷങ്ങള്‍ ഞങ്ങള്‍ പ്രദേശവാസികളോടാണ് ചോദിച്ചറിഞ്ഞത്. അതില്‍നിന്നാണ് 'തിരുമല കോവില്‍' എന്ന ക്ഷേത്രം ഞങ്ങളുടെ അടുത്ത ലക്ഷ്യമാക്കി ഉറപ്പിച്ചത്. ഏതാണ്ട്, 25 കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ട് എത്തിപ്പെടുവാന്‍. പാന്‍പോളി എന്നാണ് ആ പ്രദേശത്തിന്റെ പേര്. 

Sundarapandiapuram Tirunelveli

അവരോടു നന്ദി പറഞ്ഞു കൃത്യമായ വഴിയും ചോദിച്ചു മനസിലാക്കി വീണ്ടും അഗ്രഹാര കാഴ്ചകളിലൂടെ വണ്ടി നീങ്ങി തുടങ്ങി. ശരിക്കും തമിഴ് ഗ്രാമങ്ങളോട് അടങ്ങാത്ത ഒരു ഇഷ്ടം ഉണ്ട് എനിക്ക്. അതിനു കൃത്യമായ കാരണങ്ങള്‍ എന്താണെന്നു ചോദിച്ചാല്‍ അറിയില്ല. ആ ഇഷ്ടങ്ങളോട് നമ്മള്‍ പറയാതെ തന്നെ ഇണങ്ങുന്നവര്‍ ആയിരിക്കണം നമ്മുടെ കൂടെയുള്ളവര്‍. ആ മനസുള്ളവരുടെ കൂടെ മാത്രമേ ഞാനും യോജിക്കാറുള്ളു.

Sundarapandiapuram Tirunelveli

അങ്ങനുള്ള സുഹൃത്തുക്കള്‍ ഉള്ളത് കൊണ്ട് അതില്‍ ഞാന്‍ സന്തുഷ്ടനാണ്. തിരുമല കോവില്‍ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ മാവിന്‍ തോട്ടം, നെല്ലിക്ക, ചോളം, തെങ്ങ്, കാറ്റാടികള്‍ ഇവയെല്ലാമായിരുന്നു ഇരു വശങ്ങളിളെയും കാഴ്ചകള്‍. അതിനുള്ളിലൂടെയും റോഡിന്റെ വശങ്ങളിലും ധാരാളം മയിലുകള്‍ ഉലാത്തുന്നു. അവരെയും ശല്യം ചെയ്യാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. വീണ്ടും വഴി തിരക്കി പിടിച്ചു ഞങ്ങള്‍ ഒരു പ്രധാന ജംഗ്ഷന്‍ എന്ന് തോന്നിക്കുന്ന എന്നാല്‍ അത്ര വലുതുമല്ലാത്ത ഒരിടത്തെത്തി. സൈന്‍ ബോര്‍ഡുകള്‍ അവിടെ സഹായകമായി.

Sundarapandiapuram Tirunelveli

നീണ്ടു കിടക്കുന്ന ആ റോഡില്‍ ദൂരെ നിന്നുതന്നെ കോവിലിന്റെ കാഴ്ച ദൃശ്യമായിരുന്നു. ചുവപ്പും വെളുപ്പും ഇടകലര്‍ത്തിയ ക്ഷേത്ര മതിലുകള്‍, അതിനു മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്ര ഗോപുരം. അല്‍പം വേഗത കൂട്ടി ക്ഷേത്ര മുറ്റത്തു എത്തി.

ഏകദേശം 600-ല്‍ അധികം പടികള്‍ കയറി വേണം മുകളിലേക്ക് എത്താന്‍. 20 രൂപ പാസ് എടുത്താല്‍ വാഹനങ്ങള്‍ മുകളില്‍ കൊണ്ടുപോവാന്‍ പ്രത്യേക വഴിയും ഉണ്ട്. പാസ് എടുത്തു മുകളിലേക്ക് വണ്ടിയുമായി നീങ്ങിയപ്പോള്‍ കാഴ്ചകളുടെ ഒരു ചാകര തന്നെ ഉണ്ടാവും എന്ന് ഒരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.  എവിടെ വേണമെങ്കിലും വണ്ടി നിര്‍ത്തി കാഴ്ചകള്‍ കാണാം, ഒരു ചുരം കണക്കെ നിര്‍മിച്ചിരിക്കുന്ന, അമ്പലത്തിലേക്ക് മാത്രം പ്രവേശനമുള്ള വഴിയാണത്.

Sundarapandiapuram Tirunelveli

സമയം 3 മണിയോളം ആയതിനാല്‍ മുകളിലേക്ക് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ചുറ്റുമുള്ള മലനിരകള്‍ എല്ലാം കോടയാല്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു. സുന്ദരപാണ്ഡ്യപുരത്തും മലനിരകള്‍ ഒരു നിഴല്‍ എന്ന പോലെയേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇത്രയും വെയില്‍ ഉള്ളപ്പോഴും മല മൂടി നില്‍ക്കുന്ന കോട ഞങ്ങള്‍ക്ക് അപ്പോള്‍ അത്ഭുതമാണ് തോന്നിച്ചത്.

Sundarapandiapuram Tirunelveli

ഹെയര്‍പിന്‍ വളവുകള്‍ കയറി മുകളിലേക്ക് പോവുമ്പോള്‍ ഒരു ഡാമിന്റെ വിദൂരമല്ലാത്ത ദൃശ്യം കാണാന്‍ കഴിയും. എവിടെ നോക്കിയാലും കണ്ണെടുക്കാന്‍ കഴിയാത്ത കാഴ്ചകള്‍ കൊണ്ട് അമ്പരപ്പ് ഞങ്ങള്‍ പരസ്പരം പ്രകടിപ്പിച്ചു. പാറകള്‍ വെട്ടി വഴിയുണ്ടാക്കി അതിലൂടെ ടാര്‍ ചെയ്തു മനോഹരമാക്കിയ റോഡ്. പാറകള്‍ ചെത്തിയെടുത്ത വിടവുകളിലൂടെ ചെറിയ നീര്‍ചാലുകള്‍കാണാം. എത്ര വെയിലായാലും ക്ഷേത്രവും പരിസരവും എപ്പോഴും അല്‍പം തണുത്ത കാലാവസ്ഥയായിരിക്കും, വൈകുന്നേരം സമയങ്ങളില്‍ കോടമഞ്ഞും കാണാം.

Sundarapandiapuram Tirunelveli

ഞങ്ങള്‍ മുകളിലെത്തിയപ്പോള്‍ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമേ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തു മുകളിലേക്ക് നടന്നു കയറി. അത്യാവശം വലിയ ഒരു ക്ഷേത്രമാണ്. മുരുകന്‍ ആണ് പ്രതിഷ്ഠ. അമ്പലത്തിനു മുന്നില്‍ നിന്നുള്ള കാഴ്ച വര്‍ണ്ണനാതീതമാണ്. ചുറ്റും പശ്ചിമഘട്ട മലനിരകള്‍ വലയം ചെയ്തിരിക്കുന്നു. പലയിടങ്ങളും മേഘം മലനിരകളുടെ പൂര്‍ണരൂപത്തെ ഒളിപ്പിച്ചു വെച്ചിരുന്നു. താഴെയുള്ള പ്രദേശങ്ങള്‍ എല്ലാംതന്നെ ഒരൊറ്റ ഫ്രെയിമില്‍ എന്ന പോലെ കാണാം.

Sundarapandiapuram Tirunelveli

Sundarapandiapuram Tirunelveli

ശരിക്കും രാമക്കല്‍മേടിലെ കാഴ്ചയേക്കാള്‍ വിശാലമായ ദൃശ്യഭംഗിയാണിവിടം. ഒറ്റനോട്ടത്തില്‍ ഗൂഗിള്‍ മാപ്പില്‍ എന്നവിധം സ്ഥലങ്ങള്‍ കാണാം. ചെറുതും വലുതുമായ ഏഴോളം പട്ടണങ്ങള്‍ നമുക്ക് ഇവിടെ നിന്ന് കാണുവാന്‍ കഴിയും.

Sundarapandiapuram Tirunelveli

അമ്പലത്തിനകത്തേക്ക് ഹെല്‍മെറ്റും ക്യാമറയും കൊണ്ട് പോകാത്തതിനാല്‍ ഞങ്ങളോരോരുത്തരായി ഉള്ളില്‍ കയറി ദര്‍ശനം നടത്തി. ഉള്ളിലെ കാഴ്ചകളും മനോഹരമായ കല്‍ത്തൂണുകളും കൊത്തുപണികളും കൊണ്ട് സമ്പുഷ്ടമാണ്. (ക്യാമറ അനുവദിക്കില്ല എന്ന് എങ്ങും എഴുതിയിട്ടില്ല, എന്നാലും ക്ഷേത്രമര്യാദകള്‍ പാലിക്കുന്നതാവും നല്ലത്. ക്യാമറ കൊണ്ട് പോയ കഥ പിന്നാലെ)

ദര്‍ശനത്തിനു ശേഷം മറ്റു കാഴ്ചകളിലേക്കു ഞങ്ങള്‍ നടന്നു. മലനിരകളാല്‍ വലയം ചെയ്യപ്പെട്ട ഈ വലിയ പ്രദേശത്തിന്റെ ഒത്ത നടുവിലെ മലമുകളില്‍ ആണ് 'തിരുമല കോവില്‍'. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ ഏതു വശവും കാഴ്ചകളാല്‍ സമ്പന്നമാണ്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത് ഒരു വശത്തു പുനര്‍നിര്‍മാണം നടക്കുന്നുണ്ട്. അവിടെ നിന്നാല്‍ ഡാമിന്റെ വ്യൂ വളരെ ഭംഗിയായി കാണുവാന്‍ കഴിയും.

Sundarapandiapuram Tirunelveli

ക്ഷേത്രക്കുളം മറ്റൊരു അത്ഭുതമാണ്. മലയുടെ മുകളിലായിട്ടും (മല എന്നാല്‍ മുഴുവന്‍ പാറ) വെള്ളം നിറഞ്ഞു നില്‍ക്കുന്ന വലിയ കുളം. അതില്‍ സൂര്യരശ്മികള്‍ വീണു പ്രതിഫലിക്കുന്നു. ക്ഷേത്രത്തിനു മുന്നിലെ പൈപ്പില്‍ നിന്നുള്ള തണുത്ത വെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ വീണ്ടും എനര്‍ജി കൂടിയ പോലെ ഒരു ഫീല്‍ ആണ് കിട്ടിയത്.

Sundarapandiapuram Tirunelveli

Sundarapandiapuram Tirunelveli

മനസില്ലാമനസോടെ ഞങ്ങള്‍ പതിയെ താഴേക്കിറങ്ങി. അപ്പോഴേക്കും അന്തരീക്ഷം ഇരുണ്ടു മൂടാന്‍ തുടങ്ങിയിരുന്നു. കാറ്റിനു ശക്തി കൂടി. എതിര്‍വശത്തെ കൂറ്റന്‍ മലമുകളില്‍ നിന്നു കോടമഞ്ഞു താഴേയ്ക്കിറങ്ങി വരുന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്. അതിനെ അല്‍പം വകഞ്ഞു മാറ്റി എന്ന വണ്ണം സൂര്യകിരണങ്ങള്‍ അസ്തമയത്തിന്റെ സൂചന നല്‍കി. പോവാനുള്ള മനസ്സ് ഉപേക്ഷിച്ചു. ഞങ്ങള്‍ പ്രവേശനകവാടത്തിനു അടുത്ത് കല്‍മണ്ഡപത്തില്‍ സൂര്യനു നേരെ നോക്കിയിരുന്നു. കാറ്റിനു വീണ്ടും ശക്തി കൂടി വന്നു.

Sundarapandiapuram Tirunelveli

ആ ഒരു അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. ആ കാഴ്ചകള്‍ പൂര്‍ണമായി പകര്‍ത്തുന്നതിനു മുന്നേ ഫോണ്‍ ഓഫ് ആയി പോയിരുന്നു. എന്നാലും ചില നല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. കാണുവാന്‍ കഴിയുന്നില്ലായിരുന്നു എങ്കിലും സൂര്യന്‍ അസ്തമയ ദേശമാകെ ചായക്കൂട്ടുകള്‍ വാരി വിതറിയിരുന്നു. അവയ്ക്കു കൂടുതല്‍ വ്യക്തത നല്‍കി അല്‍പ നിമിഷം കൊണ്ട് സൂര്യന്‍ മറഞ്ഞു. മനസ്സ് നിറഞ്ഞു...

Sundarapandiapuram Tirunelveli

അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു രംഗം ഈ യാത്രയില്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒരു ബോണസ് തന്നെയാണ്. ഒന്നുകൂടി ചുറ്റുപാടും കണ്ണിലേക്കും മനസ്സിലേക്കും തിരിച്ചെത്തിച്ചു ഞങ്ങള്‍ വണ്ടി എടുത്തു. താഴെവരെ എത്താന്‍ എന്തായാലും വണ്ടി ഓണ്‍ ആക്കേണ്ടി വന്നില്ല. റോഡിലെത്തി ചെങ്കോട്ടയിലേക്കുള്ള വഴി ചോദിച്ചുമനസിലാക്കി. റഹ്മത്തിലെ ബോര്‍ഡര്‍ പൊറോട്ട ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം, എങ്കിലും ഫോണ്‍ ഓഫ് ആയിരുന്നതിനാല്‍ ഞങ്ങള്‍ കൃത്യമായ വഴിയിലൂടെ അല്ല ചെങ്കോട്ട കടന്നത്. അതിനാല്‍ ആ മോഹം ഇനി അടുത്ത യാത്രയില്‍ നിറവേറ്റാം എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു...

Sundarapandiapuram Tirunelveli

(ക്യാമറ ഫുള്‍ ചാര്‍ജില്‍ മെമ്മറികാര്‍ഡ് ഇല്ലാതെയാണ് സുഹൃത്തുക്കളെ കൊണ്ടുപോയത്.? ലോക മണ്ടത്തരം ആയി പോയി! ഒരു അഡാപ്റ്റര്‍ തപ്പിനടന്നിട്ടു അതു കിട്ടിയുമില്ല. വെളുപ്പാന്‍കാലത്ത് ആര് കട തുറക്കാന്‍! പോരാത്തതിന് സണ്‍ഡേ...)

'എല്ലാവരും ഉണരും മുന്നേ തുടങ്ങിയ യാത്ര, എല്ലാവരും സുഖനിദ്രയിലിരിക്കുമ്പോള്‍ തിരികെയെത്തി.'മറക്കാതെ സൂക്ഷിക്കാന്‍ വീണ്ടും ഒരുപിടി പുതിയ ഓര്‍മകളുമായി...