ദുബായിൽനിന്ന് ഡൽഹി, മണാലിവഴി ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തിയിലുള്ള സ്പിറ്റി താഴ്‌വരകളിലെ ദിമുൽ എന്ന കുഞ്ഞുഗ്രാമത്തിലെ തദ്ദേശീയരായ ഒരു കുടുംബത്തോടൊപ്പമുള്ള ഞങ്ങളുടെ പ്രഭാതം. തെളിഞ്ഞ സൂര്യന്റെ പ്രഭാതകിരണങ്ങൾ ജനാലയുടെ മറവിലൂടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു. തലേ ദിവസം തയ്യാറെടുപ്പുകൾ ഇല്ലാതെ നടത്തിയ ഒരു മലകയറ്റത്തിന്റെ ക്ഷീണം കാലുകളിൽ ബാക്കിനിൽക്കുന്നുണ്ട്.

സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ നിൽക്കുന്നതിന്റെ അസ്വസ്ഥത നല്ല തലവേദനയുണ്ടാക്കുന്നുണ്ട്. പുതപ്പിനുള്ളിലേക്ക്‌ അരിച്ചുകയറുന്ന തണുപ്പിന്റെ ശല്യം അസഹനീയമായപ്പോഴാണ് ഉണർന്നെഴുന്നേറ്റത്.

മുറിക്ക് സമീപമുള്ള ബാൽക്കണി പോലെയുള്ള ഭാഗത്ത്നിന്ന് നോക്കിയാൽ മനോഹരമായ ദൃശ്യങ്ങൾ കാണാം. ഗ്രാമം ഉണർന്നുകഴിഞ്ഞിരിക്കുന്നു. സമീപത്തെ വയലുകളിൽ കൃഷിക്കാർ ജോലി തുടങ്ങിയിരിക്കുന്നു. ഒരുകൂട്ടം യാക്കുകളെയും മേയ്ച്ചുകൊണ്ട് കുറച്ചാളുകൾ താഴ്‌വരയുടെ മറ്റൊരു ഭാഗത്തേക്ക് നടന്നുനീങ്ങുന്നത് കാണാം. ഗ്രാമത്തിലെ ചില വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വീട് നിൽക്കുന്ന കുന്നിൻ മുകളിൽനിന്ന് താഴേക്കിറങ്ങി വന്നപ്പോൾ വിശാലമായ ഹിമാലയൻ താഴ്‌വരയുടെ മനോഹരമായ ദൃശ്യം.

വെളിച്ചം വീണുകിടക്കുന്ന കുന്നുകൾക്കിടയിലൂടെ പ്രായമായ ഒരു സ്ത്രീ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി ആയാസപ്പെട്ട് നടന്നുവരുന്നത് കണ്ടു. ചുമലിൽ ഒരു മരത്തടിയുടെ ഇരുഭാഗത്തുമായി തൂക്കിയിട്ടിരിക്കുന്ന ഭാരമുള്ള കന്നാസുകൾ. അടുത്തെത്തിയപ്പോൾ സഹായം വേണോ എന്ന ചോദ്യം ഒരു തെളിഞ്ഞ പുഞ്ചിരിയോടെ നിരസിച്ചുകൊണ്ട്‌ അവർ കുന്നുകയറി വീട്ടിലേക്ക്‌ പോയപ്പോഴാണ് ആ പാത്രങ്ങളിൽ വെള്ളമാണെന്ന് മനസ്സിലായത്. ശുദ്ധജലക്ഷാമം രൂക്ഷമായ ഗ്രാമത്തിൽ കിലോമീറ്ററുകൾക്കപ്പുറത്ത്നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന വെള്ളമാണ് ഞങ്ങൾക്ക് ഉപയോഗിക്കാനായി അവർ ഒരുക്കിത്തന്നതെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.

ദൈവത്തിന്റെ സ്വന്തംനാട്ടിൽ പ്രകൃതിയുടെ നിർലോഭമായ കനിവിൽ ജനിച്ചുവളർന്ന്, ദുബായ് പോലെയൊരു മഹാനഗരത്തിൽ സൗകര്യങ്ങളുടെ നിറവിൽ ജീവിച്ച്, നിസ്സംഗമായിപ്പോയ മലയാളിമനസ്സിലേക്ക് തിരിച്ചറിവിന്റെ ഒരു വൈദ്യുതിപ്രവാഹം കടന്നു പോയി. തലേദിവസം രാത്രിയിൽ അത്യാവശ്യം ധാരാളിത്തത്തോടെ ഉപയോഗിച്ച വെള്ളം ഇത്രയേറെ ബുദ്ധിമുട്ടിയാണ് അവർ ഒരുക്കിത്തന്നതെന്ന് ഓർത്തപ്പോൾ കുറ്റബോധത്തിന്റെ ഒരു ദീർഘനിശ്വാസം നെഞ്ചിലൂടെ മിന്നിമറഞ്ഞു.

മനുഷ്യസമൂഹം പ്രകൃതിയുടെ മുകളിൽ നടത്തുന്ന കടന്നുകയറ്റങ്ങളും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഭൂമുഖത്ത് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ജല ദൗർലഭ്യമുൾപ്പെടെ മനുഷ്യന്റെ നിലനില്പിനു തന്നെ വിഘാതമായേക്കാവുന്ന അപകടങ്ങളിലേക്ക് നമ്മൾ നിസ്സംഗതയോടെ പോയിക്കൊണ്ടിരിക്കുന്നു. അനുദിനം ഈ ഭൂമുഖത്ത്നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജലം, ലോകത്തിന്റെ പല ഭാഗത്തുമുള്ള മനുഷ്യർക്ക് ഇപ്പോഴും അപ്രാപ്യമാണെന്ന ഒരു ഓർമപ്പെടുത്തൽ, ചുറ്റുമുള്ള ഹിമാലയൻ മലനിരകൾക്കിടയിലൂടെ കടന്നു വന്നുകൊണ്ടിരുന്ന തണുത്ത കാറ്റുപോലെ ചുറ്റും നിറഞ്ഞുനിന്നു.

താഴ്‌വരകളുടെ ധ്യാനാത്മകമായ നിശ്ശബ്ദതയിൽനിന്ന് നിത്യജീവിതത്തിന്റെ പതിവ് യാന്ത്രികതകളുടെ മരുഭൂമിയിലേക്ക് തിരികെപ്പോയതിനുശേഷവും ആ ഓർമപ്പെടുത്തൽ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. ടാപ്പ് തുറക്കുമ്പോൾ ഒഴുകിവരുന്ന വെള്ളം കാണുമ്പോൾ, ദാഹമകറ്റാനായി മിനറൽ വാട്ടർ കുപ്പികൾ തുറക്കുമ്പോഴൊക്കെയും ആയാസപ്പെട്ട് കുന്നു കയറിപ്പോകുന്ന ആ വൃദ്ധയുടെ രൂപം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നു.

Demul Village 2
ഫോട്ടോ: രാജൻ കോശി

ഒടുവിൽ ഓരോ തുള്ളി വെള്ളവും അമൂല്യമെന്ന് കരുതി ജാഗ്രതയോടെ ഉപയോഗിക്കാനും പ്ലാസ്റ്റിക് പോലെയുള്ള വിനാശകരമായ സൗകര്യങ്ങൾ വ്യക്തിപരമായ തലത്തിൽ പരമാവധി പുനരുപയോഗിക്കാനും തക്ക വിധത്തിൽ മനസ്സിനെ പാകപ്പെടുത്താൻ ആ അനുഭവത്തിൽനിന്ന്‌ പഠിച്ചു. പ്രകൃതിസൗഹാർദ ജീവിതത്തെക്കുറിച്ചോ, ജല സംരക്ഷണത്തെക്കുറിച്ചോ ഉള്ള എത്ര മഹത്തായ സമ്മേളനങ്ങളിൽ ഇരുന്നാൽപ്പോലും കിട്ടാത്ത ആർജവമുള്ള, ആത്മാവുള്ള ഒരു മാറ്റം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

ചില യാത്രകൾ അങ്ങനെയാണ്. കാണുന്ന കാഴ്ചകൾക്കപ്പുറത്തേക്ക് നമ്മുടെ ചിന്തകളെയും പ്രവർത്തികളെയും സ്പർശിക്കുന്നതരത്തിൽ അതൊരു അനുഭവമായി മാറുന്നു. ഒരു യാത്രയുടെ ലക്ഷ്യസ്ഥാനം ഒരിക്കലും ഒരു സ്ഥലമല്ല, അത് യാത്രക്കാരന്റെ മനസ്സിൽ അനുഭവസ്ഥമാകുന്ന നവീനമായ കാഴ്ചപ്പാടാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു.

ഒരു യാത്ര തുടങ്ങിയ ആളല്ല ആ യാത്ര പൂർത്തിയാക്കുന്നതെന്ന് പറയാറുണ്ട്. കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ആ പ്രക്രിയയിലൂടെ അനുദിനം പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന്റെ വളർച്ചയെ മുൻനിർത്തിയാകണം ആ വാക്കുകൾ. സന്ദർശിക്കുന്ന ഭൂപ്രദേശത്തിന്റെ ബാഹ്യമായ ഒരു ആസ്വാദനതലത്തിനപ്പുറം നമ്മുടെ വിശ്വാസങ്ങളെ, ചിന്തകളെ, സാമാന്യ ബോധത്തെതന്നെ മാറ്റുന്നരീതിയിൽ, നമ്മുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് നന്മയുടെ വെളിച്ചവുമായി യാത്രകൾ പരിക്രമണം തുടർന്ന് കൊണ്ടിരിക്കുന്നു.

പതിവ് ജീവിതസമസ്യകളുടെ പുനരാവർത്തനങ്ങളിലേക്ക് മടങ്ങിപ്പോയിക്കഴിഞ്ഞാലും അവനവന്റെ ഉള്ളിലേക്ക് നീളുന്ന ആത്മാന്വേഷണമായി ഓരോ യാത്രയും വളർന്നുകൊണ്ടിരിക്കുന്നു.

Content Highlights: Spiti Valley Travel, Kullu Manali Travel, Demul Village, Himachal Pradesh Travel