നാല് കണ്‍മണികളെ ലാളിക്കുമ്പോഴും ആ അമ്മയുടെ നെഞ്ചില്‍ തീയാണ്. പുല്‍ത്തകിടിയില്‍ തലചായ്ച്ച് കിടക്കുമ്പോള്‍ ലോകം എന്തെന്നറിയാത്ത കുരുന്നുകള്‍ അമ്മയുടെ തലയില്‍ കയറി തുള്ളിച്ചാടും. ഇമവെട്ടാതെ അമ്മ ചുറ്റും നോക്കും. ജാഗ്രതയുള്ള മുഖഭാവം. അവള്‍ കാതോര്‍ക്കും, ശത്രുജീവികള്‍ കടന്നുവരുന്നുണ്ടോ? കണ്‍മണികളുടെ രക്തത്തിനുവേണ്ടി പതിയിരിക്കുന്നവര്‍ ഏറെയുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള കെനിയയിലെ മസായ് മാര വന്യമൃഗസങ്കേതത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ചകള്‍.

ഏതാണ്ട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇവിടം വീണ്ടും അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിലിഗി എന്ന ചീറ്റപ്പുലിയെയും നാല് കണ്‍മണികളെയും കാണാന്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ പ്രവാഹമാണ്. കുഞ്ഞുങ്ങള്‍ക്ക് നാലുമാസം പ്രായം വരും. പിറക്കുമ്പോള്‍ അവര്‍ അഞ്ചുപേരായിരുന്നു. ഒന്നിനെ സിംഹം അടിച്ചുകൊന്നു. സിംഹത്തിന് ചീറ്റപ്പുലിയുടെ കുഞ്ഞുങ്ങളെ കൊല്ലുന്നത് വിനോദം മാത്രം. 

Mathrubhumi Yathra
യാത്ര വാങ്ങാം

പക്ഷേ പുള്ളിപ്പുലി, കഴുതപ്പുലി, കുറുക്കന്‍ തുടങ്ങിയ ശത്രുജീവികള്‍ കുഞ്ഞിന്റെ രക്തം കുടിക്കും. ഇറച്ചിയും അകത്താക്കും.കുഞ്ഞുങ്ങളെ സംരക്ഷിക്കുക അമ്മയ്ക്ക് അഗ്നിപരീക്ഷയാണ്. അവയുടെ സാന്നിധ്യം മണത്തറിഞ്ഞ് ശത്രുജീവികള്‍ ചുറ്റും കൂടുക പതിവാണ്. സങ്കേതത്തിലെ കഴുകന്മാരും ശല്യക്കാരാണ്. മിന്നല്‍വേഗത്തില്‍ എത്തി കുഞ്ഞിനെ റാഞ്ചി പറന്നകലും. അമ്മയ്ക്ക് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവരും.

( പൂർണരൂപം വായിക്കാൻ മാതൃഭൂമി യാത്ര ഒക്ടോബര്‍ ലക്കം കാണുക)

Content Highlights: siligi and her cubs in masai mara park