മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി -  മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം

 

രൂപ്കുണ്ട്... മുന്നൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടതും മഞ്ഞുമലകള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്നും 4700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നിഗൂഢ തടാകം. മരതകമലകള്‍ക്കും അപ്പുറമുള്ള ഹിമാലയന്‍ ദേവഭൂമിയിലെ കുമയോണ്‍ മലനിരകള്‍ താണ്ടി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പുല്‍ത്തകിടികളും പിന്നിട്ട് മഞ്ഞിന്റെ മാസ്മരിക ലോകത്തിലേക്ക്. ഒടുവില്‍ കൊടും മഞ്ഞ് വീഴ്ച ഞങ്ങളെ ആ നിഗൂഢ തടാകത്തിന്റെ അടുത്ത് എത്തിച്ചില്ലെങ്കിലും ഈ യാത്ര സമ്മാനിച്ചത് എന്നും ചേര്‍ത്തു പിടിക്കാവുന്ന ഓര്‍മകളും പുതിയ പുതിയ സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും അരുകിലേക്ക് നടക്കാന്‍ പ്രചോദനം നല്‍കിയതുമായ മനോഹര നിമിഷങ്ങള്‍ ആയിരുന്നു.

Mountains

പ്രാരംഭം

മാസങ്ങള്‍ക്ക് മുന്നേ നമ്മുടെ സ്വന്തം നേപ്പാള്‍ ബിജുച്ചേട്ടന്റെ (Biju John) നേതൃത്വത്തില്‍ തുടങ്ങിയ ആസൂത്രണങ്ങള്‍ക്ക് ശേഷം ഒടുവില്‍ മെയ് 11 ന് പുരാനി ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ 11 അംഗ മലയാളി സംഘം യാത്ര തുടങ്ങി; റാണികേത് എക്‌സ്പ്രസില്‍ ഉത്തരാഘണ്ഡിലെ അവസാന റെയില്‍വേ സ്റ്റേഷനായ കാത്‌ഗോഡത്തിലേക്ക്.! ചുട്ടുപഴുത്ത അന്തരീക്ഷവും പൊടിക്കാറ്റും പതിവായ ഡെല്‍ഹിയില്‍ നിന്നും ഒരു രാത്രിയാത്ര നല്‍കിയ ആ ഹിമാലയന്‍ പ്രഭാതം ഉയരങ്ങളും മഞ്ഞും തേടി ഇറങ്ങിയ ഞങ്ങള്‍ക്ക് തന്ന നവ അനുഭൂതി സുഖമുള്ളതായിരുന്നു.

Nandagundi

ദിവസം 1 : മനം കവരും കാത്‌ഗോഡം  ലോഹജുങ് ബസ് യാത്ര (220 കി.മി.)

ഹിമാലയന്‍ പട്ടണമായ കാത്‌ഗോഡത്തു നിന്നും നമ്മുടെ അഭിമാനമായ സഹ്യന്റെ മടിത്തട്ടും മലനിരകളും അനുസ്മരിപ്പിക്കുന്നതുമായ ഹിമാലയത്തിന്റെ താരതമ്യേനെ ഉയരം കുറഞ്ഞ കുന്നിന്‍ ചെരുവിലൂടെ ഒരു ട്രാവലറില്‍ യാത്ര ആരംഭിച്ചു. ആദ്യമായി ഹിമാലയത്തിലേക്ക് എത്തുന്നവര്‍ തുടങ്ങി ഹിമാലയന്‍ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരും 65-ാമത്തെ വയസ്സില്‍ സൈക്ലിങ്ങും മലകയറ്റവും ഒക്കെ ജീവിതമാക്കാന്‍ കഴിയും എന്ന് തെളിയിച്ച യുവാക്കള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പ്രചോദനമായ ഖാലിദ് ഇക്ക (Khalid Puzhakkal) വരെയുള്ള സംഘം. ഒത്തൊരുമിച്ചുള്ള ആദ്യ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊട്ടേ ഉള്ള പരിചയക്കാരെപ്പോലെ ആയി മാറി എല്ലാവരും. പുസ്തകങ്ങളിലൂടെയും അല്ലാതെയും ഒക്കെ ഒട്ടേറെ തവണ കേട്ടിരുന്ന നൈനിറ്റാള്‍, ഭീംതാള്‍, ക്വാസാനി, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളും അവിടേക്കുള്ള വഴികളും ഉള്‍പ്പെടെ ഒട്ടേറെ ഹിമാലയന്‍ സുന്ദരപ്രദേശങ്ങള്‍ പിന്നിട്ടു കൊണ്ടിരുന്നു. അങ്ങകലെ മരതക മലകളും വശങ്ങളില്‍ പൈന്‍ മരങ്ങളും ദേവതാരു വൃക്ഷങ്ങളും കൊഴിഞ്ഞു വീണ പീതവര്‍ണ ഇലകളാല്‍ വിരിച്ച പരവതാനിയില്‍ കറുത്ത കര പോലെ ഒരു വാഹനത്തിനു മാത്രം പോകാന്‍ കഴിയുന്ന പാതകളിലൂടെ നമ്മെ ഏവരെയും അതിശയിപ്പിക്കുന്ന പാടവത്തോടെ ഒരു ഉത്തരാഘണ്ഡ് ഡ്രൈവറാല്‍ വാഹനം ചലിച്ചു കൊണ്ടിരുന്നു. ഗ്വല്‍ഡാമില്‍ നിര്‍ത്തി ഉച്ചഭക്ഷണം കഴിച്ച് തുടര്‍ന്നു. ഇടക്ക് വഴിയില്‍ എവിടെയോ നിര്‍ത്തി ഉയരത്തില്‍ നിന്നും ഊര്‍ന്ന് വരുന്ന ശുദ്ധജലം കുടിച്ചും വഴിയില്‍ കണ്ട പഹാഡി അമ്മൂമ്മക്കൊപ്പം സമയം ചിലവിട്ടും അല്പസമയം അങ്ങനെ ആ കുന്നിന്‍ ചെരുവില്‍ നിന്നു. നന്ദകേശിനി എന്ന സ്ഥലത്തു നിന്നും അങ്ങകലത്തായി കണ്ട പിണ്ടാര്‍ ഗ്ലേസിയര്‍ നദിയുടെയും ആ ഭാഗങ്ങളുടെയും കാഴ്ച ഹിമാലയന്‍ മനോഹാരിതയുടെ ദൃശ്യാവിഷ്‌കാരമാണ്. വൈകിട്ട് ആറ് മണിയോടു കൂടി ട്രെക്കിങ്ങിന്റെ പ്രാരംഭ സ്ഥലമായ ലോഹജങ് എത്തിച്ചേര്‍ന്നു. താമസത്തിനായി വലിയ രണ്ട് ഡോര്‍മെറ്ററികള്‍ ആയിരുന്നു ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നത്.

Roopkund 1

ദിവസം 2 :  മലകള്‍ കയറി ദിദിന ഗ്രാമത്തിലേയ്ക്ക്

തലേ ദിവസത്തെ ദീര്‍ഘ യാത്രയും തണുപ്പേറിയ രാത്രിയിലത്തെ നീണ്ട ഉറക്കത്തിനും ശേഷം രാവിലെ തന്നെ നടത്തം ആരംഭിച്ചു. ഇറങ്ങുമ്പോള്‍ തന്നെ മനോഹരമായ നന്ദഗുണ്ടി പര്‍വ്വതം ദൃശ്യമായി. ഏതാണ്ട് അഞ്ചര കിലോമീറ്ററോളം റോഡിലൂടെ തന്നെയാണ് ഇന്നത്തെ പകുതി ദൂര നടത്തം. ഭംഗിയേറിയ ഹിമാലയന്‍ പര്‍വ്വത നിരകളും ഹിമാലയന്‍ പൂക്കളും അരുവികളും ഒക്കെയായി കാഴ്ച്ചകള്‍ നല്കുന്ന സുഖം മറ്റൊന്നായിരുന്നു. പുല്ല് വെട്ടാനും കൃഷി കാര്യങ്ങള്‍ക്കുമായി മുളംകീറുകളാല്‍ തീര്‍ത്ത കൊട്ടയും മുതുകത്ത് കെട്ടി പഹാഡി സ്ത്രീകള്‍ പോകുന്നത് കാണാന്‍ തന്നെ ഒരു ചേലാണ്. ഏതാണ്ട് 2 മണിക്കൂറോളം നടന്ന് നടന്ന് കുളിങ്ങ് എന്ന ഗ്രാമത്തില്‍ നിന്നും റോഡിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് മലഞ്ചെരുവിലൂടെ നടത്തം ആരംഭിച്ചു. മലഞ്ചെരുവുകളെ തട്ടുകളായി തിരിച്ചുള്ള കൃഷി ഇടങ്ങള്‍ മറ്റൊരു അത്ഭുതമാണ്. സ്വര്‍ണ്ണ നിറത്തില്‍ പല ഇടങ്ങളിലും ഗോതമ്പ് പൂത്ത് നില്ക്കുന്നത് മനോഹരം തന്നെ. ഗോതമ്പിന്റെ വിളവെടുപ്പ് കാലം ആയതിനാല്‍ പല ഭാഗങ്ങളും ഇടവിളകള്‍ക്കായി കാത്ത് കിടക്കുന്ന ഒരുക്കപ്പെട്ട നിലങ്ങളാണ്. ജനവാസ സ്ഥലങ്ങളിലെ ഹിമാലയന്‍ കൃഷി ഭൂമികളും കണ്ട് നടന്ന് മനുഷ്യവാസം കുറഞ്ഞ് ഇടതൂര്‍ന്ന കാടുകളിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു ഞങ്ങള്‍. മുളയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട 22 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന റിങ്ങാല്‍ എന്ന ചെടിയുടെ മുളങ്കീറുകളാണ് ഇവിടെ കൊട്ട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ടെക്‌സാസ് ബഗാട്ട എന്ന കാന്‍സര്‍ മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ചെടിയും ഇവിടെ കാണാന്‍ കഴിഞ്ഞു.

Flowers

ട്രക്കിന്റെ ഇടയ്‌ക്കൊക്കെ ചെറിയ ചായക്കടകള്‍ കാണാം. ചായയും, കാപ്പിയും, മാഗിയും, ഓംലെറ്റും ഒക്കെ വിഭവങ്ങള്‍ ആയ ഇത്തരം കടകള്‍ പ്രധാനമായും ട്രെക്കേഴ്‌സിനെ മാത്രം ഉദ്ദേശിച്ചുള്ള തട്ടിക്കൂട്ടല്‍ ആണ്. ഏതാണ്ട് ഉച്ചതിരിഞ്ഞ് 2 മണിയോടെ ദിദിന വില്ലേജില്‍ എത്തിച്ചേര്‍ന്നിരുന്നു. 40ല്‍ താഴെ മാത്രം കുടുംബങ്ങള്‍ അധിവസിക്കുന്ന ഇവിടെ ബേദിനി രൂപ്കുണ്ട് ട്രെക്കേഴ്‌സിന് ഇടത്താവളം ഒരുക്കിയും ആഹാരം പാകം ചെയ്ത് നല്‍കിയും ആണ് ആളുകള്‍ ഉപജീവനം നടത്തുന്നത്. നമ്മള്‍ 23 മണിക്കൂര്‍ ട്രെക്ക് ചെയ്ത് എത്തുന്നത് ഇവിടുത്തെ കുട്ടികള്‍ അര മണിക്കൂര്‍ കൊണ്ട് ദിവസേന യാത്ര ചെയ്താണ് കുളിങ്ങ് ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തില്‍ എത്തുന്നത്. കടുത്ത ശൈത്യകാലം ആകുന്നതോടെ ട്രെക്കിംങ് പാതകള്‍ അടച്ചിട്ടുണ്ടാകും. അപ്പോള്‍ ഇവര്‍ കുളിങ്ങിലേയ്ക്കും ലോഹജങ്ങിലേയ്ക്കും താല്ക്കാലികമായി താമസം മാറ്റിയിട്ടുണ്ടാവും.ഹിമാലയന്‍ മലനിരകളിലെ ജനങ്ങളുടെ അതിജീവനത്തിന്റേയും ഉപജീവനത്തിന്റേയും കഥകള്‍ നമ്മിലെ നമ്മളുടെ സ്വാര്‍ത്ഥതയെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ ഉള്‍ക്കരുത്ത് നല്‍കുന്നവയാണ്. സ്വാദിഷ്ടവും ഔഷധ മൂല്യവുമുള്ളതായ ബുറാസ് (റോഡോ ഡെന്‍ഡ്രോണ്‍ വിഭാഗം) പൂക്കളുടെ നീരുകൊണ്ടുള്ള ജ്യൂസിനാലാണ് ദിദിന വില്ലേജില്‍ ഞങ്ങളെ സ്വീകരിച്ചത്. വൈകുന്നേരം ദീര്‍ഘനേരം ഉണ്ടായ ആലിപ്പഴ മഴയും(hail storm) മറ്റൊരനുഭവം ആയി. ഉയരം കൂടിയ സ്ഥലം ആയത് കൊണ്ടാകാം ഇവിടങ്ങളില്‍ മഴ എപ്പോള്‍ ഉണ്ടായാലും ആലിപ്പഴം കൊഴിയുന്നത് ഒരു പതിവാണ്. സായാഹ്ന നടത്തവും എല്ലാവരും ഒരുമിച്ചു നാടന്‍ പാട്ടുകള്‍ പാടിയപ്പോള്‍ ഉണ്ടായ ഗ്രഹാതുരസ്മരണങ്ങളും തമാശകളും ഗ്രാമത്തിലെ കൊച്ചു കുട്ടികള്‍ക്ക് ഒപ്പമുള്ള നേരം പോക്കും സ്വാദിഷ്ടമായ ഭക്ഷണവും സുഖനിദ്രയും പ്രഭാത നടത്തവും മനോഹരമായ സൂര്യോദയവും ഒക്കെയായി ദിദിനാ ഗ്രാമം നല്‍കിയ ഓര്‍മകള്‍ അവിസ്മരണീയം ആയിരുന്നു.

Didina Village

ദിവസം 3: പുല്‍ത്തകിടികളെ പുല്‍കി ബേദിനി ബുഗ്യാലിലേക്ക്

പ്രഭാത ഭക്ഷണത്തിനും ഗ്രൂപ് മീറ്റിങ്ങിനും ഫോട്ടോ പിടിത്തത്തിനും ശേഷം ദിദിന ഗ്രാമം പിന്നിട്ട് നടന്നു തുടങ്ങി. ചില കുന്നിന്‍ ചെരുവുകളിലും മലമുകളിലും ലഭിക്കുന്ന പനോരമകള്‍.! ഒരു വലിയ ഭൂപ്രദേശം കിലോമീറ്ററുകളോളം നീളത്തില്‍ ഒരൊറ്റ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ കണ്ണുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മനസ്സ് നിറഞ്ഞു കവിയുന്നതാണ് ഉണ്ടാകുന്ന അനുഭൂതി. ഹിമാലയന്‍ യാത്രക്കള്‍ അങ്ങനെയാണ്. ഒരോ കാഴ്ചകളും ഒരോ അനുഭവങ്ങളാണ്. ഉത്തരാഘണ്ഡിന്റെയും ഹിമാചല്‍ പ്രദേശിന്റെയും നാഗാലാന്റിന്റെയും ഔദ്യോഗിക പുഷ്പവും നേപ്പാളിന്റെ ദേശീയ പുഷ്പവുമായ ബുറാസ് പുഷ്പങ്ങള്‍ ചുവപ്പും പിങ്കും മജന്തയും നിറങ്ങളാല്‍ നിറഞ്ഞ് പല ഭാഗങ്ങളെയും വര്‍ണ്ണാഭമാക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറും തോറും വൃക്ഷലദാതികളുടെ എണ്ണം കുറഞ്ഞ് പുല്‍ത്തകിടികളിലേക്കുള്ള മാറ്റം വ്യക്തമായി. രണ്ട് മണിക്കൂറോളം നടന്ന് ഒടുവില്‍ കുന്നിന്‍ പുറങ്ങള്‍ പച്ചപ്പരവതാനി അണിഞ്ഞ അലി ബുഗ്യാല്‍ എത്തി. ബുഗ്യാല്‍ എന്നാല്‍ പുല്‍ത്തകിടി എന്നാണര്‍ത്ഥം. ഇവിടം എത്തുന്നതിന് തൊട്ടു മുന്നെയുള്ള കടയില്‍ നിന്ന് ഉയര്‍ന്ന നിരപ്പില്‍ എത്തുമ്പോഴുള്ള ഒരു വികാരമായ ചായയും മാഗിയും കഴിച്ച് ഊര്‍ജം വീണ്ടെടുത്തിരുന്നു. പിടിച്ചതിലും വലുതായിരുന്നു മാളത്തില്‍ എന്നതായിരുന്നു സത്യം. നോക്കെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന പച്ചപ്പരവതാനി. അതാണ് അലി ബുഗ്യാല്‍. അതി മനോഹരമായ ഈ ഹരിത ഭൂമിയില്‍ നന്ദാഗുണ്ടി (6309 മീറ്റര്‍) കൊടുമുടിയും ത്രിശൂല്‍ (7120 മീറ്റര്‍) കൊടുമുടിയും നിറഞ്ഞു നില്‍ക്കുന്ന കാഴ്ച്ച ഒന്ന് വേറെ തന്നെയാണ്. ശരീരത്തിനും മനസ്സിനും കുളിര്‍മ നല്‍കുന്ന തണുത്ത കാറ്റും മനം കവരുന്ന കാഴ്ചകളും ഒരര്‍ത്ഥത്തില്‍ അനായാസകരമായി മല കയറാന്‍ സഹായിക്കുകയായിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ അങ്ങനെ നടന്നിട്ടുണ്ടാകും. 

Bedini

അലി ബുഗ്യാലില്‍ നിന്നും ബേദിനി ബുഗ്യാല്‍ പുല്‍ത്തകിടിയിലേക്ക് കടന്നു. സമുദ്ര നിരപ്പില്‍ നിന്നും 3400 മീറ്റര്‍ ഉയരത്തിലുള്ള ഹിമാലയത്തിലെ വളരെ മനോഹരമായ മറ്റൊരു പുല്‍ത്തകിടിയാണ് ബേദിനി ബുഗ്യാല്‍. എട്ട് മണിക്കൂറോളം നീണ്ട 12 കിലോമീറ്റര്‍ നടത്തത്തിന് ശേഷം വൈകിട്ട് നാല് മണി ആയിട്ടുണ്ടാവും ബേദിനി ബുഗ്യാലിലെ ക്യാംപിലെത്താന്‍. ഇവിടെ പ്രത്യേക സംഘം എത്തി നേരത്തേ തന്നെ ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. ഉച്ചതിരിഞ്ഞ് പൊതുവെ കാലാവസ്ഥ മാറിയിരുന്നതിനാല്‍ അകലെയായുള്ള ദൃശ്യങ്ങള്‍ അവ്യക്തമാണ്. എന്തായാലും ആ പുല്‍ത്തകിടികളാലും ചുറ്റുപാടുകളെ മുഴുവനായും മൂടിയ കോടമഞ്ഞിനാലും കിടുകിടാ വിറക്കുന്ന ഉഗ്രന്‍ തണുപ്പിനാലും മറ്റൊരു ലോകത്തെത്തിയ പ്രതീതി തന്നെ. കോളേജ് ജീവിതവും കഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് പ്രിയ സുഹൃത്ത് മെല്‍വിനും (Melvin Sebastian ) നല്ല സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന റാഷിദ് ഇക്കക്കുമൊപ്പം (Abdul Rasheed ) ഒരു ടെന്റില്‍ പലപല പൊതു വിഷയങ്ങളെക്കുറിച്ച് വെറുതെ സംസാരിച്ചിരുന്നപ്പോള്‍ അത് പഴയ കോളേജ് ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്കു ഒപ്പം ഇരുന്നു നടത്താറുള്ള നേരംപോക്ക് ചര്‍ച്ചകളെ അനുസ്മരിപ്പിച്ചത് യാദൃശ്ചികമായി. വളരെ നേരത്തേ തന്നെ തണുത്ത് കിടുങ്ങിക്കൊണ്ട് രാത്രി ഭക്ഷണം കഴിച്ച ശേഷം സ്ലീപ്പിങ് ബാഗിലേക്ക് കയറിപ്പറ്റിയത് മാത്രമാണ് ഓര്‍മ.

Bedinikund

പെട്ടന്നാണ് യാത്രയില്‍ ഉടനീളം രാത്രി പകല്‍ ഇല്ലാതെ 24 X 7 ഒരേ ഊര്‍ജം നില നിര്‍ത്തുന്ന ജവാഹിറിന്റെ (Jawahir Kottammal) ശബ്ദം ഉയരുന്നത്. ആകാശത്ത് ആകാശഗംഗ എന്ന നക്ഷത്ര സമൂഹം ദൃശ്യമായിട്ടുണ്ടത്രേ. സമയം വെളുപ്പാന്‍ കാലം മൂന്ന് മണി ആയിട്ടുണ്ടാകും. ആശ്ചര്യം കൊണ്ട് ഞെട്ടി ഉണര്‍ന്ന് ക്യാമറയും ട്രൈപോഡും എടുത്ത് ഞാനും മെല്‍വിനും റാഷിദ് ഇക്കയും ടെന്റില്‍ നിന്ന് ചാടി ഇറങ്ങി മുകളിലേക്കു നോക്കിയപ്പോള്‍ ഉണ്ടായ കുളിര്. ജീവിതത്തില്‍ ഒരുപാട് തവണ കാണാന്‍ കൊതിച്ച ആ അപൂര്‍വ്വ കാഴ്ച്ച ആകാശത്ത് അങ്ങനെ. നോക്കി നിന്നു പോയി ഒരുപാട് നേരം. നക്ഷത്രങ്ങളുടെ ബാഹുല്യം കൊണ്ട് അതൊരു മേഘപടലം പോലെ തോന്നിപ്പോകും. അങ്ങകലെ നിലാവെളിച്ചത്തില്‍ ത്രിശൂല്‍ കൊടുമുടിയും മനോഹരമായ കാഴ്ച സമ്മാനിച്ചിരുന്നു. ഞങ്ങളുടെ സ്വന്തം ഫോട്ടോഗ്രാഫറായ റാഷിദ് ഇക്കയുടെ നേതൃത്വത്തില്‍ അല്പം പരിമിതമായ ക്യാമറാ സൗകര്യങ്ങളാല്‍ ധാരാളം ചിത്രങ്ങള്‍ പകര്‍ത്തി തിരികെ ടെന്റിലേക്ക് പ്രവേശിച്ചു. സുഖമായി ഉറങ്ങി രാവിലെ പുറത്തിറങ്ങിയപ്പോള്‍ വീണ്ടും കണ്ണുകള്‍ക്ക് ആനന്ദം. പൂര്‍ണമായും തെളിഞ്ഞ നീലാകാശവും ചക്രവാളങ്ങളില്‍ ത്രിശൂല്‍, നന്ദാ ഗുണ്ടി, നീല്‍കുണ്ട് തുടങ്ങിയ കൊടുമുടികള്‍ മഞ്ഞിനാല്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന കാഴ്ചയും.

Akashaganga

ദിവസം 4: ബേദിനി പുല്‍ത്തകിടികളിലൂടെ നടന്ന് പത്തര്‍ നാചുനിയിലേക്ക്

പ്രഭാത ഭക്ഷണവും പതിവ് ഫോട്ടോ പകര്‍ത്തലും ഒക്കെ കഴിഞ്ഞ് തികച്ചും പുതുമയേറിയ അനുഭവങ്ങള്‍ നല്‍കിയ ബേദിനി ബുഗ്യാല്‍ ക്യാംപില്‍ നിന്നു തിരിച്ചു. കുറച്ച് നടന്ന് കഴിഞ്ഞ് തന്നെ കുമയോണ്‍ ഹിമാലയത്തിലെ വളരെ പ്രശസ്തമായ ബേദിനി കുണ്ടിന് സമീപം എത്തി. ഹിമാലയത്തിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. കുണ്ട് എന്നാല്‍ തടാകം എന്നാണര്‍ത്ഥം. 12 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന നന്ദാ ദേവി ജാട്ട് ( ജാട്ട് എന്നാല്‍ യാത്ര എന്നാണ്)മൂന്നാഴ്ച കൊണ്ട് കര്‍ണപ്രയാഗിന് അടുത്ത് നിന്നും തുടങ്ങി ബേദിനി ബുഗ്യാല്‍ വഴി ബേദിനി കുണ്ടില്‍ സ്ഥാപിച്ച നന്ദാദേവിയുടെ പ്രതിമയും ഏന്തി രൂപ്കുണ്ട് വരെ പോകുന്നു. ഉത്തരാഘണ്ഡില്‍ വളരെ പ്രശസ്തമാണ് ഈ യാത്ര. വീണ്ടും തുടര്‍ന്ന് മല കയറി കൂടുതല്‍ ഉയരങ്ങള്‍ കാല്‍ച്ചുവട്ടിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു. താരതമ്യേനെ കുറച്ച് ദൂരം മാത്രം നടക്കാന്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഉച്ചക്ക് ഒരു മണിക്കടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ ഒരു ടെന്റില്‍ ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും താമസം. പൂര്‍ണ്ണമായും വിശ്രമിച്ചും പുറത്ത് നിന്ന് കാഴ്ചകള്‍ കണ്ടും സമയം ചിലവഴിച്ചു. അപ്പോഴാണ് അറിയാന്‍ കഴിയുന്നത് കനത്ത മഞ്ഞ് വീഴ്ചയാല്‍ അടുത്ത ക്യാംപില്‍ നിന്നും രൂപ്കുണ്ടിലേക്കുള്ള വഴി അടവാണന്നത്. വളരെ വിഷമം ഉണ്ടാക്കിയ സന്ദര്‍ഭം. എന്തിരുന്നാലും നാളെത്തന്നെ ഒന്നു ശ്രമിക്കാം എന്ന വാക്ക് കിട്ടി. അടുത്ത ദിവസം ബാഗ്വാബാസ എത്തി അവിടെ ക്യാംപ് ചെയ്ത് തൊട്ടടുത്ത ദിവസം അതിരാവിലെ അവിടെ നിന്നും രൂപ്കുണ്ടിലേക്ക് പോയി തിരിച്ച് വരിക എന്നതായിരുന്നു മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പദ്ധതി.

Roopkund 2

ദിവസം 5: കാലുവിനായക ക്ഷേത്രവും താണ്ടി മഞ്ഞ് വഴിയിലൂടെ ബാഗ്വാബാസ വരെ

സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററോളം ഉയരത്തിലുള്ള പത്തര്‍ നാചുനിയില്‍ നിന്നും നടന്നു തുടങ്ങി. വഴിയില്‍ കണ്ട ഉരുകി തീരാതെ അവശേഷിക്കുന്ന മഞ്ഞ് കട്ടകള്‍ വരാനിരിക്കുന്ന മഞ്ഞു വഴികളുടെ ഒരു സൂചന മാത്രമായിരുന്നു. നമ്മുടെ സ്വന്തം അഭിലാഷേട്ടനും (Abhilash Rajan ) അമറേട്ടനും (Amar CP) ബിനു ചേട്ടനും (Binu Chalikkara) ആണ് എപ്പോഴും നടത്തത്തിന്റെ മുന്നില്‍ എത്തിയിരുന്നത്. തങ്ങളുടെ ആദ്യ ഹിമാലയന്‍ ട്രെക്കിങ്ങില്‍ തന്നെ പത്തു കിലോയോളം ഭാരം ചുമന്ന് നടന്നിരുന്ന സുധിച്ചേട്ടനും (Sudhi Nanma) നിധിയും (Nithin Nithi) പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. രണ്ട് മണിക്കൂറോളം നടന്ന് കാലുവിനായക ക്ഷേത്രത്തിനടുത്തെത്തി. വളരെ മനോഹരമായിരുന്നു ഇവിടെ നിന്നുള്ള കാഴ്ച. ഹിമാലയന്‍ മലനിരകളുടെ ദൃശ്യ മനോഹാരിത. ഇവിടെ നിന്നും വന്ന വഴിയിലേക്ക് നോക്കിയാല്‍ അവിടവിടെയായി മഞ്ഞ് വീണ് കിടക്കുന്നതായും ഇനി പോകേണ്ടുന്ന വഴി നോക്കിയാല്‍ പൂര്‍ണ്ണമായും മഞ്ഞ് വീഴ്ചയാല്‍ വെള്ള പരവതാനി വിരിക്കപ്പെട്ടു കിടക്കുന്നതായും കാണാം. കുറച്ച് അധികനേരം ഇവിടെ വിശ്രമിച്ച് കാഴ്ചകളുടെ മായയില്‍ അലിഞ്ഞ് മഞ്ഞിന്‍ വഴിയിലൂടെ ആവേശത്തോടെ രൂപ്കുണ്ടിലേക്ക് നടക്കാന്‍ തയ്യാറായിരുന്നു. നടക്കുന്ന പാതയില്‍ എങ്ങും മഞ്ഞ്. മുമ്പേ നടന്നവരുടെ കാല്‍പ്പാടുകളില്‍ കാല്‍ വച്ച് മുന്നോട്ട് തുടര്‍ന്നു. ശാരീരിക പ്രശ്‌നങ്ങളാല്‍ ചിലര്‍ തിരിച്ച് പഴയ ക്യാംപിലേക്ക് പോയിരുന്നതിനാല്‍ ഞങ്ങള്‍ പതിനൊന്നില്‍ നിന്ന് ഏഴു പേരായി ചുരുങ്ങിയിരുന്നു. കോച്ചി പിടിക്കുന്നത്ര തണുപ്പുണ്ട്. സൂക്ഷിച്ച് കാല്‍ വച്ചില്ലെങ്കില്‍ മഞ്ഞില്‍ പൂണ്ട് പോകാം. മഞ്ഞില്‍ കളിച്ചും നോക്കെത്താ ദൂരത്തോളം മഞ്ഞിന്‍ ചേല അണിഞ്ഞ മലകളൊക്കെ കണ്ടുള്ള നടത്തം ; മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. 

Snow Mountain

കാലുവിനായക ക്ഷേത്രത്തില്‍ നിന്നുള്ള രണ്ട് മണിക്കൂര്‍ യാത്ര നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെ. കുന്നിന്‍ ചെരുവുകളിലൂടെ നടക്കുന്ന ഒരോ അടിയും സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ മഞ്ഞില്‍ തെന്നി തൊട്ട് താഴെയായുള്ള പടു കൊക്കയില്‍ ആയിരിക്കും സ്ഥാനം. വളരെ സശ്രദ്ധം തുടര്‍ന്ന് ഒടുവില്‍ ബാഗ്വാബാസയില്‍ എത്തി. അപ്പോഴാണ് ഗൈഡിന്റെ അറിയിപ്പ്. അവര്‍ക്ക് രൂപ്കുണ്ടിലേക്ക് ഞങ്ങളെ നയിക്കാന്‍ ആവില്ലത്രേ. എന്ത് പ്രതിസന്ധി സഹിച്ചും പോകാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിക്കുന്നില്ല. അവര്‍ പറയുന്നതു പോലെ അപകടകരമായിരിക്കാം. അനുസരിക്കുക അല്ലാതെ വെറെ നിവര്‍ത്തി ഇല്ല. ബാഗ്വാബാസയില്‍ പല ടീമുകളും ക്യാംപ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും എല്ലാ തയ്യാറെടുപ്പുകളുമായി വന്ന അപൂര്‍വ്വം പരിചയ സമ്പന്നര്‍ക്കല്ലാതെ ആര്‍ക്കും രൂപ്കുണ്ടിന് അടുത്തെത്താന്‍ കഴിഞ്ഞില്ലത്രേ. എന്തായാലും എത്തിപ്പെടാന്‍ പറ്റുന്നിടം വരെ എത്തിയല്ലോ എന്നോര്‍ത്ത് സമാധാനിച്ചു. അടുത്തായുള്ള കുന്നിന്‍ പുറത്ത് വലിഞ്ഞ് കയറിയും ധാരാളം ചിത്രങ്ങള്‍ പകര്‍ത്തിയും മഞ്ഞിന്‍ ലോകത്തെ പരമാവധി ആസ്വദിച്ചു. ഒരോ നിമിഷങ്ങളും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആശ്ചര്യത്തിന്റെയും ആയിരുന്നു. ധാരാളം സമയം ഇവിടെ ചിലവഴിച്ച് കൊതി തീരുവോളം ആസ്വദിച്ച് ഗ്രൂപ്പ് ഫോട്ടവും എടുത്ത് മടക്കയാത്ര ആരംഭിച്ചു. ട്രെക്ക് ചെയ്ത് 4500 ഓളം മീറ്റര്‍ ഉയരം താണ്ടിയ ആവേശവും ഉള്ളിലൊതുക്കി മഞ്ഞിന്‍ ലോകത്തോട് വിട ചൊല്ലി തിരിച്ച് പത്തര്‍ നാചിനിയിലേക്ക്.

Snow 2

ദിവസം 6,7: 14 കി.മി. മലയിറക്കവും അടുത്ത ദിവസത്തെ മടക്കയാത്രയും

ദീര്‍ഘകാലമായി മനസ്സിലുണ്ടായിരുന്ന ട്രെക്കിങ്ങും പൂര്‍ത്തിയാക്കി പത്തേര്‍ നാച്ചുനിയില്‍ നിന്നും രാവിലെ തന്നെ നടന്നു തുടങ്ങി. കഷ്ടപ്പെട്ട് ചവിട്ടിക്കയറിയ മലകളൊക്കെ അനായാസം തിരിച്ചിറങ്ങുമ്പോള്‍ ഉള്ള സുഖം വേറെ തന്നെ. മുതുകത്ത് ഭാണ്ഡവും പേറി മലയിറങ്ങുമ്പോള്‍ ലഭിക്കുന്ന സന്തോഷം കണ്ടു കിട്ടിയ നിധിയും കൈവശമാക്കി പോകുന്ന പോലെയാണ്. നേരത്തേ വിട്ടു പോയ കാഴ്ചകള്‍ കണ്ട് വന്നതില്‍ നിന്നും വ്യത്യസ്തമായി ബേദിനി ബുഗ്യാലില്‍ നിന്നും അവസാന വാഹന സൗകര്യം ഉള്ള വാന്‍ ഗ്രാമത്തിലേക്ക് നടന്നുകൊണ്ടിരുന്നു. വരുന്ന വഴിക്ക് പരിശുദ്ധമായ നീല്‍ ഗംഗ നദിയിലെ വെള്ളത്തില്‍ മുഖം കഴുകി എതിരേറ്റ് വന്നിരുന്ന കുട്ടിക്കൂട്ടങ്ങളോടെപ്പം ചിലവഴിച്ച് കയ്യില്‍ ഉണ്ടായിരുന്ന മിഠായികളും സമ്മാനിച്ച് നടന്ന് നടന്ന് ഒടുവില്‍ വാന്‍ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. വാന്‍ ഗ്രാമത്തില്‍ നിന്നും ജീപ്പില്‍ താമസം ഒരുക്കിയിരുന്ന ലോഹജങ്ങിലേക്കുള്ള യാത്രയും അവിടുത്തെ താമസവും രാത്രിയില്‍ എല്ലാവരും ഒത്തൊരുമിച്ചുള്ള ആഘോഷവും തുടര്‍ന്നുള്ള മടക്കയാത്രയും ഒരിക്കലും മറക്കാനാവാത്ത അനുഭവം നല്‍കി. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ നല്‍കിയ അനുഭവങ്ങള്‍, ഓര്‍മകള്‍, സൗഹൃദങ്ങള്‍, വിസ്മയക്കാഴ്ചകള്‍... എല്ലാം സമാനതകള്‍ ഇല്ലാത്തതും പുതിയ ഉയരങ്ങള്‍ തേടാന്‍ മനസ്സിനെ പര്യാപ്തപ്പെടുത്തുന്നതുമായിരുന്നു. എല്ലാത്തിനും എല്ലാവരോടും നന്ദി. പലയിടത്തായുള്ള വരെ സംഘടിപ്പിച്ച് ഒരു മലയാളി സംഘം ഉണ്ടാക്കി ഇങ്ങനെയൊരു ട്രെക്ക് പ്ലാന്‍ ചെയ്തതിന് ബിജു ചേട്ടന് പ്രത്യേകം നന്ദി. സഞ്ചാരി ഗ്രൂപ്പും ഇതിന് വഹിച്ച പങ്ക് വലുതാണ്.!! 'സഞ്ചാരി' യോടും പ്രത്യേകം നന്ദി അറിയിക്കുന്നു.!!! വീണ്ടും മഞ്ഞുമൂടിയ ഈ തടാകം ഒരിക്കല്‍ കാണാന്‍ വരും എന്ന ദൃഢ നിശ്ചയവുമായി വിടപറയുന്നു. ! നന്ദി.

roopkund 3

രൂപ്കുണ്ട് ട്രെക്കിനായി ശ്രദ്ധിക്കണ്ട കാര്യങ്ങള്‍

1) അനുയോജ്യ സമയം

മണ്‍സൂണിന് മുന്‍പ് മെയില്‍ തുടക്കം കുറിക്കുമെങ്കിലും അപ്രതീക്ഷിത മഞ്ഞ് വീഴ്ചയാല്‍ മെയ് മാസത്തില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവം പോലെ ട്രെക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ മഞ്ഞില്‍ മൂടിയ തടാകം കാണാന്‍ ജൂണില്‍ പോകുന്നതാകും നല്ലത്.

മണ്‍സൂണിന് ശേഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പോകാം. മഞ്ഞ് ഉണ്ടാകില്ലെങ്കിലും ഏറ്റവും മനോഹരമായ കാഴ്ചകള്‍ ലഭിക്കാന്‍ അപ്പോഴാകും നല്ലത്.

2)ചിലവ്: Aprox.8,000 10,000 Rs.

എങ്ങനെ പോകാം

https://indiahikes.com, https://www.adventurenation.com, https://www.bikatadventures.com തുടങ്ങി ഒട്ടേറെ ഗ്രൂപ്പുകള്‍ ലഭ്യമാണ്. ഇവകളില്‍ ഒറ്റക്കും ഗ്രൂപ്പായും ഒക്കെ ബുക്ക് ചെയ്ത് പോകാന്‍ കഴിയും. എന്നാല്‍ www.yhaindia.org എന്ന ഗ്രൂപ്പ് വഴിയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ പോകാന്‍ കഴിയുക. പക്ഷേ നേരത്തെ ബുക്ക് ചെയ്ത് പണം അടച്ചില്ലെങ്കില്‍ ഇവരോടെപ്പം പോകാന്‍ കഴിഞ്ഞെന്നു വരില്ല. yha ഒഴിച്ച് മറ്റെന്തു വഴി ബുക്ക് ചെയ്താലും ലോക്കല്‍ ഗൈഡ് വഴിയാകും നിങ്ങള്‍ ട്രെക്ക് ചെയ്യാന്‍ പോകുന്നത്. അതിനാല്‍ അവരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ ഓര്‍ഗനൈസ് ചെയ്തും പോകാം. അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വേണ്ടുന്ന സാധന സാമഗ്രികള്‍ ഒക്കെ പറഞ്ഞ് ഉറപ്പു വരുത്തണം. 

ഞങ്ങളുടെ യാത്രയില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞ ഏതാനും ഗൈഡുകളുടെ കോണ്‍ടാക്ടുകള്‍ ചുവടെ ചേര്‍ക്കുന്നു

1) നരേഷ്: 8393038027

2) സൗരവ്: 9456175972

3) ഭാസ്‌കര്‍ സതി: 9456175972