കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് കാസർകോട്- പച്ചയാംവിരിപ്പിട്ട സഹ്യനിൽ തല വെച്ചുകിടക്കുന്ന  മാടത്തുമല എന്ന റാണിപുരം. പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിർമയുടെ സൗന്ദര്യറാണി. 139 ഹെക്ടറിൽ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല.

കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ കിഴക്കോട്ടേക്ക് സഞ്ചരിച്ചാൽ റാണിപുരത്തെത്താം.

ആദ്യകാലത്ത് മാടത്തുമല എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലം 1969 സെപ്റ്റംബർ 26-നാണ് കോട്ടയം അതിരൂപത വിലയ്ക്ക് വാങ്ങി. 46 ക്നാനായ കുടുംബാംഗങ്ങൾ ഇവിടേക്ക് കുടിയേറ്റം നടത്തി. പരിശുദ്ധമറിയത്തിന്റെ ഓർമയ്ക്കായി അവർ മാടത്തുമലയ്ക്ക് റാണിപുരം എന്ന പുതിയ പേരിട്ടു. കാനനപ്രദേശമായ റാണിപുരത്തെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയതിന് പിന്നിൽ കുടിയേറ്റജനതയുടെ അശ്രാന്തപരിശ്രമമുണ്ട്.

റാണിപുരത്തിന്റെ അടിത്തട്ടിൽ നിന്ന് നിഗൂഢമായ മഴക്കാടുകൾക്കിടയിലൂടെ  നടന്നുകയറുമ്പോൾ കിളികളുടെ കളകളാരവും അരുവിയുടെ കിളിയൊച്ചകളും ചീവിടുകളുടെ നിർത്താതെയുള്ള കരച്ചിലും കാതുകളിലെത്തും. ചളിയിൽ പുതഞ്ഞുകിടക്കുന്ന അട്ടകൾ കാൽവിരലുകൾക്കിടയിലേക്ക് ചോര കുടിക്കാൻ തൂങ്ങുമെങ്കിലും അത്രയ്ക്ക് ഉപദ്രവകാരികളല്ല, സാനിറ്റൈസർ വീശിയടിച്ചാൽ ലഹരിയുടെ ഉന്മാദത്തിൽ അവ ചളിയിലേക്ക് തൂങ്കും/  ബോധരഹിതരാവും.

രണ്ടരക്കിലോമീറ്റർ കയറിക്കഴിയുമ്പോൾ മാനിമല പുൽമേടിന്റെ ഹരിതസൗന്ദര്യം കണ്ണുകളിൽ നിറയും. പച്ചപ്പരവാതിനി വിരിച്ച പോലെ പുൽമൈതാനം. മിക്കനേരങ്ങളിലും വീശിയടിക്കുന്ന ഈറൻകാറ്റ്. പച്ചകളെ മറിച്ചെത്തുന്ന കോടമഞ്ഞ് റാണിപുരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കും. ചിത്രശലഭങ്ങൾ പൂക്കളിലും പുൽമേടുകളിലും നക്ഷത്രങ്ങളായി പാറിനടക്കും. കുടുംബവും കുട്ടികളുമായി പ്രാരാബ്ധങ്ങളേതുമില്ലാതെ പുൽമേടുകളിൽ വിഹരിക്കുന്ന സഹ്യന്റെ മക്കൾ ഐശ്വര്യക്കാഴ്ചയാവും.

റാണിപുരം സ്വപ്നസുന്ദരിയാവുന്നത് വർഷ-ശൈത്യകാലങ്ങളിൽ. ആ നേരങ്ങളിലെ പ്രഭാതങ്ങളും സായാഹ്നങ്ങളും അതീവസൗന്ദര്യത്തിന്റെ ചമയങ്ങളണിയും.  കണ്ടുകണ്ടങ്ങനെ നിന്നുപോകും.

റാണിപുരത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം കഴിയുന്തോറും വൻവർധനയാണ്. ഇപ്പോൾ ശരാശി നാനൂറിലധികം ആളുകൾ റാണിപുരത്തിന്റെ സൗന്ദര്യമറിയാനെത്തുന്നു. അവധിദിവസങ്ങളിൽ 1000 കവിയും.

കർണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാൽനഗർ, മൈസൂർ റാണിപുരത്തിന്റെ അയൽക്കാർ. പാണത്തൂരിൽ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദർഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ.

റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനം, കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് ചാർത്തപ്പെട്ടതങ്ങനെ.  മഞ്ഞിന്റെ വെള്ളപ്പട്ടുടുത്ത് നിൽക്കുന്ന റാണിപുരത്തെത്തുമ്പോൾ മെയ്യും മനസ്സും കുളിരണിയും. വന്നുപോയാലും വീണ്ടും വരാനുള്ള തോന്നലുണർത്തും. നന്ദി, വീണ്ടും വരിക എന്ന് റാണിപുരം പറയാതെ പറയുന്നു. അപ്പോ എങ്ങനെയാ..? പോവുകയല്ലേ...!

Content Highlights: Ranipuram, Ootty of Kerala, Ranipuram Trekking, Kasaragod Tourism, Kerala Tourism