രാവേറെ ചെന്നപ്പോള്‍ ഹോട്ടലിന്റെ മൂന്നാം നിലയിലെ നാലു ഭിത്തികള്‍ക്കുള്ളില്‍ ഞങ്ങള്‍ അഭയം തേടി. മധുരയുടെ തെരുവുകളിലൂടെ അന്നു നടന്നു നടന്നു തളര്‍ന്ന അവരവരുടെ കാലുകള്‍ തടവുമ്പോള്‍  സരള ചോദിച്ചു,''ഇന്നെത്ര കി.മി.നമ്മള്‍ നടന്നെന്നറിയാമോ ?'' ഞാന്‍ ഇത്തിരി കയറ്റി പറഞ്ഞു,''12 കി.മീറ്ററെങ്കിലും മൊത്തം നടന്നുകാണണം.''''ഏയ്,ഏറി വന്നാല്‍ എട്ട് കി.മി.''ഉത്തരവും  സരളയുടേതായിരുന്നു. ശരിയാണ്, ക്ഷേത്രത്തിനകത്തും പുറത്തും തെരുവിലും ഗലികളിലുമൊക്കെയായി അത്ര മാത്രം അലഞ്ഞു തിരിഞ്ഞിരുന്നു. ''ഹോ,നമ്മുടെ ഒരു ഭാഗ്യമേ,നാട്ടിലിത്രയും നടക്കാന്‍ നമ്മളെകൊണ്ടാവുമോ ?,ഇതിപ്പം മധുരയിലായപ്പോള്‍ നടന്നതുമറിഞ്ഞില്ല,ക്ഷീണവുമില്ല ,വണ്ണവും കുറയും ! ''മീര തമാശിച്ചത് കേട്ട് ആരും ചിരിച്ചില്ല, വേദനിക്കുന്ന കാലുകള്‍ തടവുകമാത്രം ചെയ്തു.

Rameswaram 1
രാമേശ്വരം ബീച്ചില്‍ വിശ്വാസികളുടെ തിരക്ക്.

പുറത്ത് നഗരത്തിന്റെ ആരവശബ്ദം തേനീച്ചയുടെ ഇരമ്പലുകളായി മൂന്നാംനിലവരെയെത്തി.ഒരു ഭിത്തിയ്ക്കപ്പുറം മധുരാപുരിയാണെന്ന ചിന്ത മദിപ്പിക്കുന്നതായി.''നേരത്തെ കിടന്നാല്‍ നേരത്തെ എണീറ്റ് രാമേശ്വരത്തിന് വണ്ടി പിടിക്കാം ''കട്ടിലിലേക്ക് ചായുന്നതിനിടെ സരളയുടെ ഡയലോഗ്. ലഗേജ് ഒരുക്കി വച്ചാണ് എല്ലാവരും കിടന്നത്.നാലരയ്ക്കെങ്കിലും എണീറ്റ് കുളിച്ചൊരുങ്ങി ഇറങ്ങിയാലേ പുലര്‍ച്ചെയുള്ള തീവണ്ടി കിട്ടൂ. ഇരുട്ടില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ നേരിയ കൂര്‍ക്കംവലിയുടെ ശബ്ദം.. കിടന്നപാടെ ഉറക്കം അനുഗൃഹിച്ച  ഭാഗ്യവതി  ആരായിരിക്കുമെന്ന് നോക്കാന്‍ തോന്നിയില്ല, പക്ഷേ അസൂയ  തോന്നി. പത്രപ്രവര്‍ത്തകയായ എനിക്ക് എന്നും രാത്രി ഷിഫ്റ്റാണ്, ഉറങ്ങണമെങ്കില്‍ അര്‍ധരാത്രി കഴിയണമെന്ന സ്ഥിതിയാണിപ്പോള്‍. അപ്പോഴേക്കും മറ്റുള്ളവര്‍ ഒരുവട്ടം ഉറങ്ങി പുറപ്പെടാനുള്ള ഒരുക്കം തുടങ്ങും.അരിശം കടിച്ചമര്‍ത്തി നിദ്രാദേവിയെ കാത്ത്  ഞാന്‍ ഇരുട്ടിലേക്കു നോക്കി കിടന്നു.

''പാമ്പന്‍ പാലത്തിന് എത്ര കി.മീ നീളമുണ്ടെന്നാ പറഞ്ഞത് ''? ഇരുട്ടിനെ കീറിമുറിച്ച് ഒരു ചോദ്യമെത്തി.''അതിനാരും ഇവിടെ നീളം പറഞ്ഞില്ലല്ലോ, മനുഷ്യന്‍ ഉറങ്ങാന്‍ പാടുപെടുമ്പോഴാ അവടെയൊരു സംശയം '' ഞാന്‍ ഈര്‍ഷ്യ മറച്ചുവെച്ചില്ല. ''പിണങ്ങാതെടീ, നമ്മളേതാലും പാമ്പന്‍പാലത്തിലൂടെ നാളെ സവാരിഗിരിഗിരി നടത്തുമല്ലോ, നീ അതൊന്ന് ഓര്‍ത്തു നോക്കിക്കേ, എന്തു രസമായിരിക്കും അല്ലേ?'' മീര തുടര്‍ന്നു.''എന്റെ ഉറക്കം കെടുത്തിയാല്‍ നിന്നെ നാളെ പാമ്പന്‍ പാലത്തില്‍നിന്നും ഞാന്‍ തള്ളിയിടും,മിണ്ടാതെ കിടക്കവിടെ ''ഞാന്‍ ഒച്ച വച്ചു. ''അയ്യോ, അതു വേണ്ട, ഇവിടുള്ളവര്‍ക്കും വീട്ടിലുള്ളവര്‍ക്കും ബുദ്ധിമുട്ടാവും, നീണ്ടകരപ്പാലത്തീന്നു തള്ളിയാല്‍ മതിയെടീ..'' പൊട്ടിച്ചിരിയോടെ അവളെന്നെ ഇരുത്തിക്കളഞ്ഞു.തര്‍ക്കത്തിനിടയിലും സരളയുടെ ഉറക്കം സജീവമായി മുന്നേറി. ഭാഗ്യവതി !.

ഞെട്ടിയെണീറ്റപ്പോള്‍ സമയം അഞ്ചുമണി. പിന്നെയെല്ലാം ജഗപൊഗ. എടിപിടീന്ന് കുളി നടത്തി,ഒ രുങ്ങി റൂം ഒഴിഞ്ഞു. ബില്ലടച്ചു, എല്ലാം കഴിഞ്ഞപ്പോള്‍ ആറുമണി. ട്രെയിന്‍ 6.55 നാണ്. ഇനി ടിക്കറ്റെടുക്കണം. ലഗേജും പേറി മധുര റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. വീണ്ടും കാപ്പിയുടെ കൊതിപ്പിക്കുന്ന ആ മണം ! പക്ഷേ ഇത്തവണ ഞങ്ങള്‍ പിടിച്ചുനിന്നു. കാപ്പിക്കൊതിയെ ശാസിച്ച് സ്റ്റേഷനിലേക്കു നടന്നു. തലേന്നത്തെ ഷോപ്പിംഗിന്റെ  പാപഭാരം പേറിയാണ് യാത്ര. ലഗേജും പേറി പാമ്പന്‍പാലം കടന്ന് രാമേശ്വരത്തേക്ക് യാത്രപോകുക എന്നു വച്ചാല്‍ കടുത്ത ശിക്ഷയാണ്. റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂമില്‍ ലഗേജ് വയ്ക്കാന്‍ തീരുമാനിച്ചു. ഒരാള്‍ ടിക്കറ്റ് എടുക്കാന്‍ പോയി, രണ്ടുപേര്‍ ലഗേജുമായി ക്ലോക്ക് റൂമിലും. കൗണ്ടറില്‍ രാമേശ്വരം  ടിക്കറ്റ് പറഞ്ഞപ്പോഴാണ് അറിയുന്നത് മണ്ഡപം എന്ന സ്ഥലം വരെയേ ട്രെയിന്‍ പോകൂ. റെയില്‍പാലത്തിന് ചില്ലറ പണി നടക്കുകയാണ് ! സകല പ്രതീക്ഷകളും പാളി... ചതിച്ചല്ലോ, സ്വപ്നങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് തവിടുപൊടിയായി. പക്ഷേ, അങ്ങനെ തോല്‍ക്കാന്‍ ഒരുങ്ങിയിറങ്ങിയവരല്ലല്ലോ ഞങ്ങള്‍,'പോനാല്‍ പോകട്ടും പോടാ..'എന്നു മൂളിയിട്ട് മൂന്ന് മണ്ഡപം ടിക്കറ്റ് തരാന്‍ പറഞ്ഞു. വരുന്നിടത്തു വച്ചു കാണാം, ഹല്ല, പിന്നെ..

സ്റ്റാര്‍ട്ടായി കിടക്കുന്ന തീവണ്ടിയില്‍ നല്ല തിരക്കാണ്. സൈഡ്സീറ്റു കിട്ടുന്ന കംമ്പാര്‍ട്ട്മെന്റ് തേടിപ്പിടിച്ച് ഞങ്ങള്‍ സ്വപ്നത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. ലഗേജ് ഒഴിഞ്ഞതിന്റെ ആനന്ദം കുറച്ചൊന്നുമല്ല. ഇനി രണ്ടു മണിക്കൂര്‍ യാത്ര. രാമേശ്വരം വരെ മൂന്നു മണിക്കൂറാണ് ട്രെയിന്‍യാത്ര. മണ്ഡപം വരെ മാത്രമായതിനാല്‍ രണ്ടു മണിക്കൂര്‍. അതു കാഴ്ചകള്‍ക്കു മാത്രമുള്ളതാണ്. പുലരിയുടെ ഇളം തണുപ്പില്‍ , പൂക്കള്‍ ചൂടിയ തമിഴ് സുന്ദരികള്‍ നടന്നുപോകുന്ന കാഴ്ച. മുല്ലപ്പൂവും ജമന്ദിയും റോസും ചൂടിയ പെണ്‍കൊടികള്‍. തലേന്ന് മുല്ലപ്പൂ വില്‍ക്കുന്ന സ്ത്രീ ''അമ്മാ വാങ്കോ'' എന്നു നീട്ടി വിളിച്ചപ്പോള്‍ എവിടെ ചൂടാനാ എന്നു തിരിച്ചുചോദിച്ചതുകേട്ട അവരും ഒപ്പം ചിരിച്ചതു ഓര്‍ത്ത് വീണ്ടുംചിരിച്ചുപോയി.കാരണം ഞങ്ങള്‍ മൂന്നാളും 'ബോബു'കാരികളാണ്. ''എന്നാലും പാലം പണി നമ്മള്‍ക്കിട്ടു പണി തന്നല്ലോ ..'' എനിക്കു നിരാശ മറച്ചുവയ്ക്കാനായില്ല. ''എന്നെ നീ പാമ്പന്‍പാലത്തീന്നു തള്ളിയിടുമെന്നു പറഞ്ഞതിന്റെ ദൈവശിക്ഷയാ, അനുഭവിച്ചോ..'' മീര എനിക്കിട്ടൊന്നു താങ്ങി. ''സാരമില്ല,പാലം എന്നായാലും അവിടെത്തന്നെ കാണുമല്ലോ, എപ്പോ വേണമെങ്കിലും ഇനിയും വരാമല്ലോ'' ഞാനും വിട്ടുകൊടുത്തില്ല. ''ഓ,പിന്നേ,തോന്നുമ്പോഴെല്ലാം വരാന്‍ നമ്മുടെ വീട്ടിന്‍മുറ്റത്തല്ലേ പാമ്പന്‍പാലം.'' പാലം പണിയുടെ ദേഷ്യം അവള്‍ എന്നോട് തീര്‍ക്കുകയാണെന്നു മനസ്സിലായി. സരള ഉരിയാടിയില്ലെങ്കിലും നഷ്ടബോധത്തിലാണ് ഇരിപ്പ്.

പെട്ടെന്ന്  ഒരു വലിയ പട തീവണ്ടിയില്‍ പ്രവേശിച്ചു. രാജസ്ഥാന്‍കാരാണെന്നു തോന്നി. ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നുള്ള ഗ്രൂപ്പാണ്. ഒച്ചയും ബഹളവും. നാലഞ്ചുപേര്‍ ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റിലും വന്നിരുന്നു. വലിയ കാതില്‍പ്പൂക്കളും നിറയെ വളകളും അണിഞ്ഞ സ്ത്രീകള്‍, മുഖം മുഴുവന്‍ സാരിത്തലപ്പുകൊണ്ടു മൂടിയിട്ടുണ്ട്. അന്യ പുരുഷന്‍മാര്‍ മുഖം കാണരുതെന്നാണ്രേത അവരുടെ ഇടയിലെ ചട്ടം. ഇത്തിരി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവരുമായി കൂട്ടായി. ജയ്പ്പൂര്‍കാരാണ്, 25 അംഗസംഘം. അവര്‍ രാമേശ്വരവും രാമനാഥപുരം ക്ഷേത്രവും സന്ദര്‍ശിക്കാനുള്ള പുറപ്പാടിലാണ്. വീട്ടില്‍നിന്നിറങ്ങിയിട്ട് കുറേനാളായത്രേ. കന്യാകുമാരി ഉള്‍പ്പടെയുള്ള ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മധുരയിലെത്തിയത്. ഇതു കഴിഞ്ഞാല്‍ നേരെ തിരുപ്പതിയ്ക്കു പോകും !. തികച്ചും സാധാരണക്കാരാണ്, കര്‍ഷകരാണെന്നു തോന്നി. ഒരു പക്ഷേ അടുത്ത കൃഷിയുടെ ഇടവേളയില്‍ ഒന്നു 'റീച്ചാര്‍ജ് ' ചെയ്യാന്‍ എത്തിയതാവാം. എവിടെയാണ് താമസിക്കുന്നതെന്നു  തിരക്കി.വീണേടം വിഷ്ണുലോകം.. ചിലവുകള്‍ തീര്‍ത്തും കുറച്ചുള്ള യാത്ര.ധര്‍മശാലകളിലാണ് ഏറെയും താമസം. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഇടങ്ങളിലും റെയില്‍വേ സേ്റ്റേഷന്‍ പരിസരത്തും വിശ്രമം. ക്ഷേത്രങ്ങളിലെ അന്നദാനം മറ്റൊരു അനുഗൃഹമാണിവര്‍ക്ക്. നാലുപേരുടെ പാവാട ഞൊറിവുകള്‍ ഒന്നായി തുന്നിയപോലുള്ള വിരിഞ്ഞ പാവാടയിലേക്കും മുത്തുകള്‍ പതിച്ച മൂടുപടങ്ങളിലേക്കും നോക്കി ഞാനിരുന്നു. ഹിന്ദി 'നഹി മാലും' ആയതിനാല്‍ വായതുറന്നില്ല. അവരുടെ  വിണ്ടുകീറിയ പാദങ്ങളും കറപിടിച്ച വിരല്‍തുമ്പുകളും ജീവിതാരിഷ്ടതകളുടെ ആഴം വിളിച്ചുപറഞ്ഞു. രാപ്പകല്‍ മണ്ണിനോടു പടവെട്ടിയും അടുക്കളയില്‍ പുകതിന്നും അവരറിയാതെ തീരുന്ന ആയുസ്സിന്റെ പുസ്തകം. എങ്കിലും വീണുകിട്ടിയ ചെറുനിമിഷങ്ങളില്‍ അവര്‍ എല്ലാം മറന്ന് സന്തോഷിക്കുകയാണ്, ലോകത്തെ അടുത്തറിയുകയും.

Rameswaram Travel
ജയ്പൂര്‍ സംഘത്തിലെ സ്ത്രീകള്‍

അവരുടെ പേരു ചോദിച്ചു.ലതാദേവിയും രുഗ്മാദേവിയും.ലതാദേവി ഒമ്പതാം വയസ്സിലും രുഗ്മാദേവി 13-ം വയസ്സിലും വിവാഹിതരായവരാണ്.ഇരുവരും മക്കളും കൊച്ചുമക്കളുമുള്ളവരുമാണ്. ജയ്പ്പൂരില്‍നിന്നുള്ള ദേശാടനപക്ഷികള്‍ക്ക്, ഒരേതൂവല്‍പക്ഷികള്‍ എന്ന നിലയില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. രാവിലെ 9.50 ആയപ്പോള്‍ മണ്ഡപം സ്റ്റേഷനിലെത്തി പാസഞ്ചര്‍ ട്രെയിന്‍ യാത്ര അവസാനിപ്പിച്ചു. എവിടെയും തമിഴ് അക്ഷരമാലകള്‍മാത്രം.. പൊട്ട തമിഴില്‍ വഴി ചോദിച്ചപ്പോള്‍ സ്റ്റേഷന്റെ പിന്നാമ്പുറത്തേക്ക് ഒരാള്‍ കൈ ചൂണ്ടി.. അവിടെ ദാ ഞങ്ങളെയും കാത്ത് നാലു ബസ്സുകള്‍. എല്ലാവരും അതിനെ ലക്ഷ്യമാക്കി ഓട്ടമായി,കൂടെ ഞങ്ങളും. ആദ്യം കണ്ട ബസ്സില്‍ , ആദ്യം കിട്ടിയ സീറ്റില്‍ ഞങ്ങള്‍ ഇരുപ്പുറപ്പിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ ബസ്സ് നിറഞ്ഞു.
തൊട്ടപ്പുറത്തിരിക്കുന്ന ദമ്പതികള്‍ക്ക് എവിടെയോ ഒരു ഛായ. പെട്ടെന്നു മനസ്സിലായി, അതാണ് മലയാളഛായ! കൊല്ലംകാരാണ്. ഹണിമൂണ്‍ ട്രിപ്പാണ്. വണ്ടിയങ്ങനെ പായുന്നു. ഞങ്ങള്‍  രാമനാഥപുരത്തേക്കു വിട്ടു പിടിച്ചിരിക്കയാണ്. രാമേശ്വരത്ത് കണാന്‍ കാര്യമായി ഒന്നുമില്ല എന്നറിഞ്ഞ് റൂട്ടു മാറ്റിയതാണ്. രാമനാഥപുരം ക്ഷേത്രം പ്രസിദ്ധമാണ്. എന്റെ കൂടെയുള്ള അന്തര്‍ജനങ്ങള്‍ രണ്ടുപേരും അങ്ങോട്ടു തിരിഞ്ഞു. ബസ്സിന്റെ ജാലകം വഴി പുതു കാഴ്ചകള്‍ പരതുകയാണ് ഞങ്ങള്‍.

Rameswaram 2
രാമേശ്വരം ക്ഷേത്രത്തിനടുത്തുള്ള ബീച്ച്

പെട്ടെന്ന് ദൂരെയായി ചലിക്കുന്ന നീലനിറം. കടന്നല്‍ക്കൂട്ടം ഇളകുന്നതുപോലെ സഞ്ചാരികള്‍ ആകെ ഇളകി. ബസ്സ് കടലിനു സമീപത്തേക്കു അടുക്കുകയാണ്. പ്രസിദ്ധമായ പാമ്പന്‍പാലം മിനുട്ടുകള്‍ക്കുള്ളില്‍ കണ്‍മുന്നിലെത്തും, പിന്നെ അതിലൂടെയാണ് യാത്ര ! ആവേശം കൊടുമുടികയറി. തല വെളിയിലിട്ടും അടുത്തിരിക്കുന്നവരെ തള്ളിമാറ്റിയും 'പാമ്പനെ ' കാണാനുള്ള ബഹളം. വീഡിയോയും ഫോട്ടോയും എടുക്കാനുള്ള ആവേശം.. വലിയൊരു പാലത്തിലേക്ക് പെട്ടെന്ന് ബസ്സ് കയറി. പാമ്പന്‍പാലത്തിനു തുടക്കമായി. കടലിനു നടുവിലൂടെ രണ്ടര കി.മി.നീണ്ടുകിടക്കുന്ന പാലം 79 പില്ലറിലാണ് നിലകൊള്ളുന്നത്. മണ്ഡപം-പാമ്പന്‍ കരകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലം 1988-ഒക്ടോബര്‍ രണ്ടിന് രാജീവ് ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. പക്ഷേ, പാമ്പന്‍പാലം എന്നപേരില്‍  പ്രസിദ്ധമായത് റോഡ് പാലമല്ല, റെയില്‍വേ പാലമാണ്. കടലിനു നടുവിലൂടെ ട്രെയിനില്‍ റെയില്‍പാലത്തിലൂടെ യാത്രചെയ്യുമ്പോഴുള്ള 'ത്രില്‍' ബസ്സില്‍ പാലത്തിലൂടെ പോകുമ്പോള്‍ തോന്നിയില്ല.ട്രെയിന്‍ വളരെ മെല്ലെയാണ് പോകുന്നത്. ശരിക്കും പറഞ്ഞാല്‍ ഇഴഞ്ഞിഴഞ്ഞ്..കടലിനു നടുവില്‍ റോഡുപാലവും റെയില്‍പാലവും തൊട്ടുചേര്‍ന്നാണ്.ഈ ട്രെയിന്‍ യാത്ര നമ്മുടെ ധൈര്യത്തിനുമേല്‍ തീ കോരിയിടും. ആഞ്ഞുതിരയടിക്കുന്നു, കൈവരിയില്ലാത്ത പഴയപാലം. കൈവരിയുണ്ടായാല്‍ത്തന്നെ എന്തു കാര്യം. ട്രെയിനിനെ തടയാന്‍ പാവം കൈവരിക്കാനാവുമോ ? താഴെ ആഴക്കടല്‍.. പഴയൊരു പാലത്തിലൂടെ രണ്ടരകി.മീ ശ്വാസം പിടിച്ചൊരു യാത്ര.. ഇതൊക്കെ കൊതിച്ച് ഇത്തിരി 'ത്രില്‍ 'അടിക്കാമെന്നു കൊതിച്ചാണ് യാത്ര തുടങ്ങിയത്,പക്ഷേ റെയില്‍പാലത്തിന്റെ ചില്ലറ പണികള്‍  തോല്‍പിച്ചുകളഞ്ഞു. റോഡ്പാലത്തില്‍ ബസ്സിലിരുന്ന്, വലിയ ത്രില്‍ അടിക്കാനാവാതെ കണ്‍കുളിര്‍ക്കെ കടലും റെയില്‍പാലവും കണ്ട് അങ്ങോട്ടിങ്ങോട്ട് യാത്ര ചെയ്തു സമാധാനിച്ചു.

'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ' ജോളി, എന്ന് കൂട്ടുകാരുടെ ആശ്വസിപ്പിക്കല്‍.. ഇത്തിരി കൂടെ മുന്നോട്ടു ബസ്  ചെന്നപ്പോഴാണ് ആരോ പറയുന്നത്, ദാ,നമ്മുടെ പ്രസിഡന്റായിരുന്ന അബ്ദുള്‍ കലാമിന്റെ വസതിയെന്ന്. മടങ്ങുമ്പോള്‍ കയറാം എന്ന ധാരണയില്‍  ഞങ്ങള്‍ യാത്ര തുടര്‍ന്നു. ബസ് ചെന്നു നിന്നത് പ്രസിദ്ധമായ രാമനാഥ ക്ഷേത്രത്തിന്റെ അരികില്‍. ഭക്തരുടെ ഒഴുക്ക്.ഇവിടെ കടലില്‍ മുങ്ങി ഈറനോടെ ക്ഷേത്രത്തിലെ 22 കിണറുകളിലെ തീര്‍ത്ഥം ശിരസ്സില്‍ പകരുന്നതിന് വലിയ തിരക്കാണ്. ബസ്സിറങ്ങി എല്ലാവരും എങ്ങോട്ടോ നടക്കുകയാണ്. ഞങ്ങളും കൂട്ടംചേര്‍ന്നു നടന്നു. ഇത്തിരി നടന്നപ്പോഴേക്കും ദാ,അങ്ങുയരെ കാണന്നു, ക്ഷേത്ര ഗോപൂരം. രാമനാഥപുരം ക്ഷേത്രം ! നടപ്പിനു വേഗം കൂടി.ഞാന്‍ മുന്‍പില്‍, ഞാന്‍ മുന്‍പില്‍ എന്നു പറയാതെ പറയുന്ന നൂറുകണക്കിന് ആളുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നുഴഞ്ഞു മുന്നില്‍ കയറി. കൂട്ടയോട്ടം പോലെ എങ്ങോട്ടോ പായുകയാണ്. ഏറെപ്പേരും വടക്കേ ഇന്ത്യക്കാരാണ്. കടലിലേക്കു ജനപ്രവാഹം ഒഴുകുന്നു.. കറതീര്‍ന്ന വിശ്വാസികളായ മീരയും സരളയും അവര്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്നു. വിശ്വാസിയല്ലാത്ത ഞാനും കടല്‍ത്തീരത്തേക്കു മെല്ലെ നടന്നു.

Freinds
മുങ്ങി നിവർന്ന കൂട്ടുകാർ

മുന്‍പേ പോയവര്‍ മുങ്ങി നിവരുന്നു. ഈറനോടെ മണല്‍ വാരുന്നു. നമ്മള്‍ക്കു പരിചിതമല്ലാത്ത എന്തൊക്കയോ അനുഷ്ഠാനങ്ങള്‍. പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു, ചോദിക്കാനും മെനക്കെട്ടില്ല. മുങ്ങാന്‍പോയ കൂട്ടുകാരുടെ ബാഗു സൂക്ഷിപ്പുകാരിയായി ഞാന്‍. എന്തായാലും എന്റെ കൂട്ടുകാര്‍ക്ക് എന്തൊക്കയോ അറിയാം, മുങ്ങി നിവര്‍ന്ന് അവര്‍ തിരിച്ചു വന്നു. ഈറന്‍കാരികളുടെ പിന്നാലെ ഞാന്‍ നടന്നു. ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. അവിടെ 22 തീര്‍ഥങ്ങളുണ്ട്. അവിടെനിന്ന് ശിരസ്സില്‍ തീര്‍ഥജലം പകരുമത്രേ. അതു കഴിഞ്ഞ്  ഞങ്ങള്‍ക്ക് അടുത്ത യാത്രയുണ്ട്, ധനുഷ്‌ക്കോടിയിലേക്ക്..ഈ യാത്രയിലെ ഏറ്റവും എന്റെ  വലിയ സ്വപ്നഭൂമി.. 

Content Highlights: Rameswaram Travel, Pamban Bridge, Ramanatha Temple Travel