പാപനാശിനിക്കരയില്‍ പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി. രണ്ടര പതിറ്റാണ്ടു മുമ്പ് പ്രിയ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുകിയ പാപനാശിനിയുടെ പുണ്യത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം രാഹുല്‍ കൈകൂപ്പി നിന്നു. തെരഞ്ഞെടുപ്പിന്റെ  തിരക്കുകള്‍ക്കിടയിലും തിരുനെല്ലിയിലെത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇതിനുള്ള സൗകര്യം ഒരുങ്ങിയത്. കാടിന്റെ നടുവില്‍ കാലത്തിന്റെ പുണ്യമായ തിരുനെല്ലിക്കും ഇത് വേറിട്ട അനുഭവമായി. കാടിന്റെ മക്കളും രാഹുല്‍ ഗാന്ധിയെ ഒരു നോക്കു കാണാന്‍ തിരുനെല്ലിയിലെത്തി. കത്തുന്ന വേനലിലും കൈക്കുമ്പിളില്‍ വാങ്ങിയ തീര്‍ത്ഥജലം സമര്‍പ്പയാമി മന്ത്രത്തോടെ പാപനാശിനിയിലേക്ക് പകര്‍ന്നപ്പോള്‍ അതും പുതിയ ചരിത്രമായി. ശങ്കരാചാര്യര്‍ മുതല്‍ ബലിതര്‍പ്പണത്തിന്റെ വേറിട്ട വഴിയില്‍ തിരുനെല്ലിക്കും പറയാനുണ്ട് പിതൃമോക്ഷത്തിന്റെ അനേകം അനുഭവങ്ങള്‍..

Rahul Gandhi

വനസ്ഥലിയിലെ തീര്‍ത്ഥാടകര്‍

വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കുക എന്നത് നിയോഗമാണ്. കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ജീവിതചര്യയുമാണിത്. കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്‍ന്ന ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. തെറ്റ് റോഡ് പിന്നിട്ട് നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്ര തന്നെ മനസ്സിന് കുളിര്‍മ പകരുന്നതാണ്.

Thirunelli 1

മണിപ്രവാളകാലകൃതിയായ ഉണ്ണിയച്ചീചരിതത്തിലും ഭാസ്‌കരരവി വര്‍മ്മയുടെ തിരുനെല്ലി ശാസനത്തിലും വരെ ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങളുണ്ട്. സംഘകാലത്തില്‍ പൂഴിനാട്ടില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തിരുനെല്ലി. എ.ഡി.ഒമ്പതു മുതല്‍ 12വരെ ചേര രാജാക്കന്മാരുടെ കൈവശമായിരുന്നെങ്കിലും പിന്നീട് ചോള യുദ്ധകാലഘട്ടത്തോടെ രാജവംശം തകര്‍ന്നടിയുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പലതും നശിച്ചെങ്കിലും ഇതിനെ അതിജീവിക്കുകയായിരുന്നു തിരുനെല്ലിക്ഷേത്രം.

Thirunelli 3

ബ്രഹ്മഗിരിയുടെ താഴ്‌വാരത്തിലാണ് പൗരാണികത കൈവെടിയാത്ത പാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം എന്ന പ്രത്യേകതയും തിരുനെല്ലിക്ക് സ്വന്തമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം അങ്ങകലെയുള്ള മലച്ചരിവുകളില്‍ നിന്നും കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്. കര്‍ണാടകയില്‍ നിന്നും വന്ന കെട്ടിലമ്മയാണ് ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നീളത്തില്‍ കല്‍പ്പാത്തി നിര്‍മിക്കാനുള്ള ചെലവുകള്‍ വഹിച്ചത്. ഇതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്ര വരാഹവും ഇതുതന്നെ. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലുവാവുകള്‍ക്കാണ് പ്രസക്തി. കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടകവാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തിനോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങള്‍ മുമ്പ് ഉണ്‍ണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതിനു നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകം ചെയ്യുന്ന ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്‍ത്ഥത്തില്‍ പതിക്കുന്നുവെന്നാണ് ഐതിഹ്യം.

Thirunelli 2

ഗുണ്ഡിക ശിവക്ഷേത്രവും പാപനാശിനിക്കരയിലാണ്. ഇതൊരു ഗുഹാക്ഷേത്രമാണ്. പ്രധാന ക്ഷേത്രത്തിലെ ബ്രഹ്മ സാന്നിധ്യവും വിഷ്ണുപ്രതിഷ്ഠയും. ഗുണ്ഡികാശിവനും ചേരുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗസ്ഥാനമായ തിരുനെല്ലി ദേവലോകമായി മാറുകയാണ്. പരശുരാമന്റെ പിതാവായ ജമദ മഹര്‍ഷി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തിയെന്ന് ഐതിഹ്യമുണ്ട്. ശങ്കരാചാര്യരും പാപനാശിനിയില്‍ മുങ്ങി മോക്ഷം തേടിയിട്ടുണ്ട്. 'ആമലകക്ഷേത്രം', 'ദക്ഷിണഗയ' എന്നീ അപരനാമങ്ങളിലും തിരുനെല്ലി അറിയപ്പെടുന്നു.

Thirunelli 4

ആത്മാക്കളുടെ ഒളിത്താവളം

ബ്രഹ്മഗിരി മലനിരകളുടെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി. ഇതാണ് ഇന്നും നിഗൂഢതകള്‍ മാത്രം ബാക്കിയാക്കുന്ന പക്ഷിപാതാളം. നൂറ്റാണ്ടുകളായി അനേകം മഴപക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം. ഇരുട്ടിനെ പ്രണയിച്ചെത്തിയ ആത്മാക്കളുടെ വാസസ്ഥലമാണിത്. സദാസമയം അന്ധകാരത്തിലാണ്ടു നില്‍ക്കുന്ന  പാതാളത്തിലേക്ക് ഭൂമിയില്‍ നിന്നുമുള്ള ഏകവഴിയായാണ് ഇതിനെ കണക്കാക്കുന്നത്. നിഗൂഡതകളുടെ വന്യതകള്‍ എന്നും സൂക്ഷിക്കുന്ന  ഈ പാതാളത്തിന്റെ ഗുഹാമുഖം അതുകൊണ്ടുതന്നെ മനുഷ്യരില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നു. ഇരുട്ടിലേക്ക് വഴി തിരഞ്ഞുപോയവരെല്ലാം പാതിവഴിയില്‍ യാത്ര മതിയാക്കി തിരിച്ചു പോന്നിട്ടുണ്ട്. പ്രകൃതി ഒളിപ്പിച്ചുവെച്ചത് അങ്ങിനെ തന്നെയിരിക്കട്ടെ എന്ന ഏറ്റു പറിച്ചിലുകളോടെ മലയിറങ്ങുന്നവരും കുറവല്ല. അങ്ങകലെ പക്ഷിപാതാളത്തില്‍ മഴപക്ഷികളുടെ ചിറകടികളുണ്ട്. മോക്ഷം തേടിയ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് പാതാളത്തിന്റെ ഇരുട്ടറയില്‍ തപസ്സനുഷ്ഠിക്കുകയാണ്. പുതുമഴ പെയ്യുമ്പോള്‍ മാത്രം ചിറകടിച്ച് പുറത്തിറങ്ങുന്ന കടവാതിലുകളും നരിച്ചീറുകളും തുരുനെല്ലിയുടെ മാത്രം പുണ്യമാണ്. സന്ധ്യയാകുമ്പോള്‍ ഇരുട്ടിനുള്ളിലേക്ക് തന്നെ ഇവയെല്ലാം ചേക്കേറും.

Thirunelli 5

യാത്രയുടെ തുടക്കത്തില്‍ മഞ്ഞുപുതഞ്ഞു നില്‍ക്കുന്ന ബ്രഹ്മഗിരിയുടെ വിദൂരദൃശ്യമാണ് കണ്ണില്‍പ്പെടുക. മൂന്നുകിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ വാച്ച്ടവറിന് താഴെയെത്താം. കര്‍ണാടക കേരള വനാതിര്‍ത്തിയിലെ ഈ ടവറിനു മുകളില്‍ കയറിയാല്‍ താഴെ സമതലത്തില്‍ കണ്ണെത്താദൂരം വരെ ഇരുസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങള്‍ കാണാം. കൂട്ടമായെത്തുന്ന സഞ്ചാരികള്‍ ഇതിനു മുകളിള്‍ മണിക്കൂറുകളോളം കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്.

Content Highlights: Rahul Gandhi at Thirunelli, Rahul Gandhi at Wayanadu, Thirunelli Temple