മുദ്രനിരപ്പില്‍  നിന്നും ആറായിരത്തി തൊള്ളായിരം അടി ഉയരത്തില്‍ വേനലിലും വറ്റാത്ത ഒരു ശുദ്ധജല തടാകമുണ്ട്. പശ്ചമിഘട്ടത്തില്‍ പകൃതി തലമുറകള്‍ക്കായി കാത്തു വെച്ച കളിപ്പൊയ്കയാണിത്. കാലത്തിന്റെ വിസ്മയമായ ഓളപ്പരില്‍ ഒരു ആമ്പല്‍പൂക്കാലം കൂടി വന്നണയുമ്പോള്‍ വയനാട്ടിലെ പൂക്കോട് തടാകത്തിലെ ഉല്ലാസ ബോട്ടുകളിലേറി സഞ്ചാരികളും ഉല്ലാസയാത്ര തുടരുകയാണ്.
വയനാട്ടിലേക്കുള്ള ചുരം യാത്ര കഴിഞ്ഞ് ചങ്ങല ഗേറ്റ് കടന്ന് രണ്ടു കിലോമീറ്ററോളം ദേശീയ പാതയിലൂടെ മുന്നോട്ട് പോയാല്‍ തളിപ്പുഴയായി.  ഇവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന റോഡിലൂടെ നേരെ പോയാല്‍ പൂക്കോട് തടാകമെത്തി. വയനാട്ടില്‍ ഏതു സമയത്തും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വിരുന്നെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണിത്.

Pookkode 1

വയനാടിന്റെ വാല്‍ക്കണ്ണാടി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. മൂന്ന് കുന്നുകള്‍ക്കിടയില്‍ ഒരിക്കലും വറ്റാതെ നിറഞ്ഞുനില്‍ക്കുകയാണ് തെളിനീരുമാത്രമുള്ള ഈ ശുദ്ധജല തടാകം. നീലാമ്പല്‍ പൂക്കള്‍ സൗരഭ്യം വിതറുന്ന തടാകക്കരയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. തടാകം ചുറ്റിയുള്ള വഴികളില്‍ ഇരിപ്പിടങ്ങള്‍ ധാരാളമുണ്ട്. വേനല്‍ കനക്കുമ്പോഴും ഇതിനുള്ളില്‍ സദാ കുളിര് ഘനീഭവിച്ചു നില്‍ക്കുന്നു. എത്ര സമയം പിന്നിട്ടാലും പൂക്കോടിനോട് വിട പറയാന്‍ സഞ്ചാരികള്‍ മടിക്കുന്നതും അതുകൊണ്ട് തന്നെയാണ്. മഴ ഒഴിയാത്ത ലക്കിടിയുടെ കുന്നുകള്‍ക്കിടയില്‍ നാല്‍പ്പതടിയോളം താഴ്ചയുള്ള തടാകത്തില്‍ ബോട്ടുയാത്രയും വാട്ടര്‍ സകൂട്ടറും സോര്‍ബിങ്ങ് ബോളുമെല്ലാം ഒരുക്കിയിരിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടെക്ക് പ്രവേശനമുണ്ട്. പിന്നെ നേരമിരുട്ടുന്നതുവരെ ഇടമുറിയാതെ ഇവിടേക്ക് ടൂറിസ്റ്റുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.

ഇന്ത്യന്‍ ജല ഭൂപടം

പതിമൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന് ഇന്ത്യയുടെ ഭൂപടത്തിനോട് സാദൃശ്യമുണ്ട്.ശുദ്ധജലമായതിനാല്‍ അനേകം മത്സ്യങ്ങളും ഉഭയ ജീവികളും തടാകത്തിലുണ്ട്. മുമ്പ് കാലത്ത് വന്യജീവികള്‍ ഇവിടെ ദാഹം തീര്‍ക്കാന്‍ എത്തിയിരുന്നു. അന്യം നിന്നുപോകുന്ന വേനല്‍തുമ്പികളുടെ ആവാസമേഖലകൂടിയാണിത്. പരിസ്ഥിതി സന്തുലിത വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതികൂടിയുണ്ടിതിന്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് തടാകമുള്ളത്. എന്നാല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഇവിടെ ടൂറിസം നടപ്പാക്കുന്നത്. വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവരില്‍ പൂക്കോട് തടാകക്കരയില്‍ ഒരിക്കലെങ്കിലും വരാത്തവര്‍ കുറവായിരിക്കും. മറ്റു വിനോദ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുമ്പേ കൃത്രിമങ്ങളുടെ കലര്‍പ്പില്ലാത്ത ഈ തടാകക്കരയില്‍ വയനാട് സ്വന്തമായി ഒരു വിലാസമുണ്ടാക്കി.

Pookkode 2

തടാകം ചുറ്റാം പ്രകൃതിയിലലിയാം

ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന നടപ്പാതയിലൂടെ സഞ്ചാരികള്‍ക്ക് പൂക്കോട് തടാകത്തെ വലം വെയ്ക്കാം. പ്രകൃതിയിലേക്കുള്ള ഒരു യാത്ര കൂടിയാണിത്. അനേകം സപുഷ്പികളായ മരങ്ങള്‍ക്കിടയിലൂടെ ആവോളം ശുദ്ധവായു ശ്വസിച്ചുള്ള ഈ നടത്തം തന്നെയാണ് പൂക്കോടിന്റെ മറ്റൊരു ആകര്‍ഷണവും. തടാകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ആവോളം ആസ്വദിക്കാം. ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാന്‍ പ്രകൃതിയുടെ മടിത്തട്ടില്‍ തന്നെ ഇരിപ്പിടങ്ങളും ധാരാളം ഒരുക്കിയിട്ടുണ്ട്. വലിയതും ചെറുതുമായ അനേകം കാട്ടുമരങ്ങളും വള്ളിപടര്‍പ്പുകളുമെല്ലാം ഇവിടെ അതേ പോലതന്നെ സംരക്ഷിക്കപ്പെടുന്നു. ഏതു വേനലിലും ഈ തടാകക്കരയിലെ പച്ചപ്പുകള്‍ മായുന്നേയില്ല. ചുറ്റിലുമുള്ള കാടുകളില്‍ നിന്നും ഉറവയായിറങ്ങുന്ന അരുവികളാണ് ഈ തടാകത്തിന്റെ ഞരമ്പുകള്‍. 
തടാകക്കരയില്‍ നിന്നും മരങ്ങള്‍ നിഴല്‍ നോക്കുന്ന ജലാശയത്തില്‍ ചെറുമീനുകളുടെയും സൂഷ്മ ജലജീവികളുടെയും ആവാസലോകം കാണാം. അനേകം പക്ഷികളും വേനലായതോടെ ഈ തടാകക്കരയിലെത്തി താമസമാക്കിയിട്ടുണ്ട്. പ്രകൃതിയുടെ കളിപ്പൊയ്ക അങ്ങിനെ ഇവരുടെയും താവളമാവുകയാണ്.

Pookkode 3

വറ്റാത്ത നീലാമ്പല്‍ തടാകം

സൗരഭ്യം പടര്‍ത്തുന്ന ആമ്പല്‍ പൂക്കള്‍ പൂക്കോടിന് വയലറ്റ് നിറം ചാര്‍ത്തുന്നു. വേനല്‍ വരുന്നതോടെ തടാകത്തിന്റെ എല്ലാ കോണുകളിലേക്കും ആമ്പല്‍ ചെടികള്‍ കൈകള്‍ നീട്ടും. സൂര്യകിരണങ്ങള്‍ കാട്ടുചോലകള്‍ക്കിടയിലൂടെ അരിച്ചെത്തുമ്പോള്‍ അമ്പല്‍ പെയ്കകളും ഉണരുകയായി. ഇതിനെ തലോടിയാണ് പുലര്‍കാലത്തെ ബോട്ടുയാത്രകളും. ഇതിനിടയിലൂടെ ബോട്ടുകള്‍ നീങ്ങിതുടങ്ങുമ്പോള്‍ പിടികൊടുക്കാതെ അകലേക്ക് അകലേയ്ക്ക് പോകുന്ന  ആമ്പല്‍പൂക്കള്‍ തന്നെയായിരിക്കും കൗതുകം. പച്ചനിറത്തില്‍ കണ്ണാടിപോലെ ദൂരെ നിന്നും കാണുന്ന തടാകത്തില്‍ അരയന്നങ്ങളെ പോലെ ബോട്ടുകള്‍ നിറയുമ്പോള്‍ സഞ്ചാര വഴികളില്‍ നിന്നും ഒഴിഞ്ഞ് തീരത്തേക്ക് ഒട്ടിചേര്‍ന്നു നില്‍ക്കുന്ന ഈ ആമ്പല്‍പൂക്കള്‍ കുളിരുള്ള കാഴ്ചയാണ്. ആറുമീറ്ററോളം ആഴമുള്ള തടാകത്തില്‍ ഓളങ്ങള്‍ ഉയര്‍ത്താതെ ബോട്ടു സവാരി ഒരുക്കുന്നതിനും ആമ്പല്‍ ചെടികളുടെ കവചമുണ്ട്.

Pookkode 4

കേരളത്തിലെ ചിറാപുഞ്ചി

ഒരുകാലത്ത് മഴയുടെ ആരവങ്ങള്‍ നിറഞ്ഞിരുന്ന കേരളത്തിന്റെ ചിറാപുഞ്ചി എന്ന വിശേഷണമുള്ള ലക്കിടിയുടെ വരദാനമാണ് ഈ തടാകം. ഈ മഴയോര്‍മകളിലാണ് ഇന്നും ഈ ജലാശയം നിറഞ്ഞുനില്‍ക്കുന്നത്. മഴയുടെ കുറയുന്ന ഗ്രാഫുകള്‍ ലക്കിടിക്ക് ചിറാപുഞ്ചിയെന്ന ഖ്യാതികള്‍ നഷ്ടപ്പെടുത്തിയെങ്കിലും മഴക്കാലം ഈ കുന്നുകള്‍ ആവുന്നത്രയും ജലം ശേഖരിച്ചുവെക്കുന്നു. ഇവിടെ നിന്നും ഊര്‍ന്നിറങ്ങുന്ന കാട്ടരുവികള്‍ ചോലവനത്തിലേക്ക് താഴ്ന്നുപോകുന്നു. വേനലിന്റെ വറുതിയിലും നീര്‍ ചുരത്തി കനത്ത ചൂടിനെയും പ്രതിരോധിക്കുന്ന പൂക്കോടിന് പുറത്തേക്കുള്ള ജലവാതിലുകളില്ല. എത്ര മഴ പെയ്താലും ഈ തടാകം തുളുമ്പി മറഞ്ഞുപോകില്ല.

Pookkode 5

എല്ലാം ആവാഹിക്കാനുള്ള രസതന്ത്രമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. മീന്‍ വളര്‍ത്തുകേന്ദ്രമായും പൂക്കോടിന് വിലാസമുണ്ട്. പെത്തിയ പൂക്കോടന്‍സിസ് എന്ന അപൂര്‍വ്വ മത്സ്യത്തിന്റെ ആവാസകേന്ദ്രം കൂടിയാണ് ഈ തടാകം. മഴയെന്നോ വെയിലെന്നോ ഇല്ല ഏതു സീസണിലും പൂക്കോട് സഞ്ചാരികളെ സ്വീകരിക്കും. കേരളത്തിന്റെ ഇക്കോ ടൂറിസം പദ്ധതികളില്‍ ഇങ്ങനെയൊക്കെ ഈ തടാകം വേറിട്ടു നില്‍ക്കുന്നു.

Content Highlights: Pookode Lake, Wayanadu Tourism, Tourists Spots in Wayanadu