തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും   മൂടല്‍ മഞ്ഞും  കലര്‍ന്നതാണ്.അതു  തന്നയാണ്  അവിടുത്തെ ആകര്‍ഷണവും.

Ponmudi 1

പൊന്ന് കാക്കുന്ന ഒരു കുന്നാണ് പൊന്മുടി. ആരെയും മയക്കുന്ന സൗന്ദര്യം.  അതേസമയം പഞ്ഞിക്കെട്ടുപോലെ കോടമഞ്ഞു പാറി കളിക്കുന്ന സ്വര്‍ഗം. ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുന്നു ഇവിടം. 22 ഹെയര്‍പിന്‍ വളവ് കയറി ചെല്ലുന്നത് ഒരു സ്വര്‍ഗത്തിലേക്കാണ്.

ജൂണ്‍ ജൂലായ് മാസത്തില്‍ പൊന്മുടിക്ക് പ്രത്യേക ഭംഗിയാണ്. കാറ്റിന്റെവേഗത കൂടുതലുള്ള സമയത്ത്  മിനിറ്റുകള്‍ കൊണ്ട് കോടമഞ്ഞ് നമ്മെ തഴുകി തലോടി അപ്രത്യക്ഷമാകും. ആ സമയം തൊട്ടടുത്തു നില്‍ക്കുന്നവരേ പോലും കാണാന്‍ കഴിയാത്തവിധം കോടയായിരിക്കും. മഴ കൂടുതലുള്ള സമയമാണെങ്കില്‍  ചുറ്റുമുള്ളത് ഒന്നും കാണാന്‍ കഴിയില്ല.

Ponmudi 2  

ചുരത്തിന്റെ പകുതി ഭാഗം എത്തിക്കഴിഞ്ഞാല്‍ത്തന്നെ  സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കോടമഞ്ഞു കാണാം. അവിടുന്നുള്ള യാത്ര കാറ്റിനോടും കോടയോടും മല്ലിട്ടുകൊണ്ട്. അത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ആ സുഖം വേറെ എവിടെ പോയാലും കിട്ടില്ല. എല്ലാ ദിവസവും പൊന്മുടിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉണ്ട്. നിരവധി സഞ്ചാരികളാണ് ആന വണ്ടിയില്‍ അവിടെ എത്തുന്നത്. 

Ponmudi 3

ഞങ്ങളുടെ യാത്ര തുടങ്ങിയത് വിതുരയില്‍ നിന്ന് കാര്‍ മാര്‍ഗമായിരുന്നു. സുഹൃത്തിന്റെ യൂട്യൂബ് ചാനലിനു വേണ്ടി  വീഡീയോ എടുക്കുക എന്നതാണ് ഉദ്ദേശം. ചെക് പോസ്റ്റില്‍ നിന്നും ചെക്കിങ് കഴിഞ്ഞാല്‍ പിന്നീട് ഉള്ള യാത്ര വളരെ ശ്രദ്ധിക്കേണ്ടതാണ്. സീസണ്‍ സമയമായത്  കൊണ്ട് തന്നെ നിരവധി വാഹനങ്ങള്‍ ചുരം കയറി പോവുകയും അതേസമയം തിരിച്ചിറങ്ങുകയും ചെയ്യുന്നുണ്ടാകും.  കോടമൂടിയ  അവസ്ഥയിലാണ് റോഡെങ്കില്‍  വാഹനം സാവധാനം ശ്രദ്ധാപൂര്‍വ്വം ഓടിക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം അപകടം ഉറപ്പാണ്.

Ponmudi 4

ഇരുചക്രവാഹന യാത്രികരുടെ ഒരു ഇഷ്ട കേന്ദ്രം കൂടിയാണ് ഇവിടം. കൈയില്‍ കുറച്ചു ലഘുഭക്ഷണവും വെള്ളവും കരുതുകയാണെങ്കില്‍ പൊന്മുടിയുടെ ഭംഗി  ആസ്വദിക്കാന്‍ ഏറെ നേരം നില്‍ക്കാം. വിശാലമായി കിടക്കുന്ന കുന്നിന്‍ ചെരുവില്‍ മുട്ടോളം വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്ലും അതിനെ തഴുകി തലോടി പോകുന്ന കോടമഞ്ഞും  കണ്‍കുളിര്‍ക്കെ കാണാനും ആസ്വദിക്കാനും  അവസരം ലഭിക്കും. അതുകൊണ്ട് തന്നെ അവിടെ നിന്നും തിരിച്ചിറങ്ങാന്‍ മാനസികമായി കുറച്ചു ബുദ്ധമുട്ടുണ്ടായിരുന്നു ഞങ്ങള്‍ക്ക്.

Ponmudi 5

രാവിലെ ഏകദേശം 11 മണിക്ക് അവിടെ എത്തിയശേഷം തിരിച്ചിറങ്ങുന്നത് വെകിട്ട്  4 മണിയോടെയാണ്. അത്രയും സമയം പോയത് അറിഞ്ഞതേ ഇല്ല. കുടുംബസമേതം ഒരു ദിവസം ആസ്വദിക്കാന്‍  പറ്റുന്ന ഒരു കിടിലന്‍ സ്ഥലമാണ് പൊന്മുടി. ബൈക്ക് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വണ്‍ഡേ ട്രിപ്പിന് പറ്റിയ അന്തരീക്ഷവുമാണ് ഇവിടെയുള്ളത്. അത് കൊണ്ട് തന്നെ  എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും പൊന്മുടിയിലേക്കുള്ള യാത്ര.

Content Highlights: Ponmudi Travel, Ponmudi Eco Tourism Center, One Day Trip to Ponmudi