ഴ മനോഹരമായ ഒരു വൈകുന്നേരത്തിന് വഴിമാറിത്തന്നു. മുക്കുറ്റിയും തൊട്ടാവാടിയും പച്ചനീട്ടിയ നടവഴിയെ നടന്നു. അകലെനിന്നു തന്നെ കാണാമായിരുന്നു, പണിക്കുറ്റം തീര്‍ന്ന സൃഷ്ടിപോലെ ചുറ്റമ്പലത്തിന് മീതെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രൗഢമായ ശ്രീകോവില്‍. പൊന്മേരിയിലെ ശിവന്റെ കോവില്‍. 

എത്ര പണിതിട്ടും തീരാത്ത നിര്‍മിതികളെ 'പൊന്മേരിയിലെ പണി പോലെ' എന്നു വിളിക്കുന്ന നാട്ടുവഴക്കത്തെ കണ്‍മുന്നിലെ കാഴ്ച കളിയാക്കി. വിശാലമായ മുറ്റം വരെ കൃത്യമായ അളവില്‍ ചെത്തിയൊരുക്കിയതുപോലുണ്ട്. മതില്‍ക്കെട്ടിന്റെ നിരപ്പില്‍ നിന്നും താഴ്ന്നാണ് തീയ്യന്നൂരപ്പന്റെ ക്ഷേത്രഭൂമി. കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്ന് വില്യാപ്പള്ളി റൂട്ടില്‍ ഏഴ് കി.മീ. സഞ്ചരിച്ചാല്‍ പൊന്മേരി ശിവക്ഷേത്രത്തിലെത്താം. ഒന്‍പതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലാണ് പൊന്മേരി ക്ഷേത്രത്തിന്റെ നിര്‍മാണം എന്നാണ് കരുതപ്പെടുന്നത്. പുരാതനശിലാലിഖിതങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

നടവഴിയുടെ ഇരുവശങ്ങളിലും പടിഞ്ഞാറ് ദര്‍ശനമായി ബ്രഹ്മാവിന്റെയും ശങ്കരനാരായണന്റെയും കോവിലുകള്‍. സാധാരണ ഉപദേവതാക്ഷേത്രങ്ങളെക്കാള്‍ വലിപ്പമുണ്ട് അവയ്ക്ക്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍മിച്ചിട്ടുള്ള ഈ കോവിലുകള്‍ക്ക് നടുവിലൂടെ എത്തുന്നത് ക്ഷേത്രമുറ്റത്തേയ്ക്കാണ്. ത്രിമൂര്‍ത്തികള്‍ കുടിയിരിക്കുന്ന മണ്ണ്. ബ്രഹ്മാവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ നന്നേ അപൂര്‍വമാണ്. എന്നാല്‍ സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും ദേവതകള്‍ക്ക് ഇവിടെ, പൊന്മേരിയില്‍ ഇരിപ്പിടമുണ്ട്. 

മഹാദേവന്റെ കാവലാളായ ഭൂതത്തേവരെ വണങ്ങി അനുവാദം വാങ്ങിയ ശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നാണ് പൊന്മേരിയിലെ നിഷ്ഠ. കൊടിമരവും ബലിക്കല്ലും കടന്ന് അകത്തേയ്ക്ക്. വിശാലമായ വാതില്‍മാടം പിന്നിട്ട് നാലമ്പലത്തിനുള്ളില്‍ കടക്കുമ്പോള്‍ കാണാം വര്‍ണപ്പകിട്ടാര്‍ന്ന നമസ്‌കാരമണ്ഡപം. അവിടെ ഗംഭീരമായ നന്ദിവിഗ്രഹം. അതിനുമപ്പുറം പകിട്ടും പ്രൗഢിയും തീരെ കുറയാത്ത ശ്രീകോവിലില്‍ പൊന്‍തിളക്കമുള്ള ശിവലിംഗം.

Ponmeri 2

കൊട്ടിയൂര്‍ ക്ഷേത്ര ഐതിഹ്യവുമായി ചേര്‍ന്നു കിടക്കുന്നു പൊന്മേരി ക്ഷേത്രത്തിന്റെ ഉത്പത്തിയും. ദക്ഷന്റെ യാഗഭൂമിയായിരുന്നു കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. യാഗഭൂമിയില്‍ വെച്ച് പിതാവിനാല്‍ അപമാനിക്കപ്പെട്ട സതീദേവി ജീവത്യാഗം ചെയ്തു. ക്രുദ്ധനായ പരമശിവന്‍ സതീദേവിയുടെ ശരീരവുമായി താണ്ഡവനൃത്തമാടിയെന്നും അതിനിടയില്‍ ദേവിയുടെ ശരീരം പല കഷണങ്ങളായി പൊട്ടിത്തെറിച്ച് അനേകം ദേവിമാര്‍ ഉണ്ടായെന്നുമുണ്ട് പുരാണത്തില്‍. അതില്‍ ചില ദേവിമാരും പിന്നാലെ ശിവനും യാഗശാലയില്‍ നിന്ന് പുറപ്പെട്ടു. ദേവിമാരില്‍ ചിലര്‍ കൊടുങ്ങല്ലൂര്‍, മണിയൂര്‍, കളിയാംവെള്ളി, പെരുവശ്ശേരി, പാങ്ങോട്ടൂര്, ലോകനാര്‍ക്കാവ് എന്നീ സ്ഥലങ്ങളില്‍ കുടിയിരുന്നത്രേ. പോകുംവഴിയില്‍ പായസച്ചോറിന്റെ ഗന്ധം നുകര്‍ന്ന് പരമശിവന്‍ ഒരു ഇല്ലെത്തത്തി. ദേവസാന്നിധ്യമറിഞ്ഞ നമ്പൂതിരി ദേവനെ പ്രശ്‌നവിധിപ്രകാരം ക്ഷേത്രം നിര്‍മിച്ച് കുടിയിരുത്തിയതായാണ് ഐതിഹ്യം. രൗദ്രഭാവത്തിലാണ് പൊന്മേരിയിലെത്തിയതെങ്കിലും ശാന്തത പൂണ്ട ദേവനെ സദാശിവമൂര്‍ത്തിയായാണ് ഇവിടെ ഭജിക്കുന്നത്.

ഇലപ്പച്ച കറുത്തു തുടങ്ങി. ദീപാരാധനയ്ക്കുള്ള സമയമെത്തുന്നു. മുഖമണ്ഡപത്തിന്റെ മേല്‍ക്കൂരയിലെ കൊത്തുപണികളിലും മനോഹരമായ ചിത്രവേലകളിലും കണ്ണുകള്‍ കുരുങ്ങി നിന്നു. അതുവരെ കണ്ടിട്ടുള്ള ശില്പവൈദഗ്ധ്യങ്ങളില്‍ നിന്നും അവയെ വേര്‍തിരിച്ചു നിര്‍ത്തുന്ന എന്തോ ഒന്നുണ്ടായിരുന്നു, ഓരോ വരയിലും കുറിയിലും വരെ സമാനതകളില്ലാത്ത ഒരു മികവ്, ഓരോ നിറക്കൂട്ടിനും അതുവരെ കാണാത്ത മിഴിവ്. പക്ഷിമാലയും ഭൂതമാലയും നവഗ്രഹങ്ങളും പാര്‍വതീപരിണയവും പണിക്കുറ്റം തീര്‍ത്ത് പൂര്‍ണതയോടെ തെളിയുന്നു. സാമാന്യത്തിലേറെ വലിപ്പമുള്ള, ചതുരാകൃതിയിലുള്ള ശ്രീകോവിലിന്റെ ചുവരിലും മേല്‍ക്കൂരയിലുമായി വൈവിധ്യമാര്‍ന്ന ദാരുശില്പങ്ങളുടെ ചാരുത. മഹിഷാസുരമര്‍ദ്ദനവും കിരാതം കഥാസാരവും കാമദഹനവും പ്രകൃതിദത്തമായ ചായക്കൂട്ടുകളില്‍ അഴകോടെ തുടിച്ചു നില്‍ക്കുന്നു. മുഖമണ്ഡപത്തിലെ നന്ദിപ്രതിഷ്ഠയ്ക്ക് വിഗ്രഹപ്രാധാന്യമുള്ളതുകൊണ്ടു തന്നെ സ്പര്‍ശിക്കുവാന്‍ പാടുള്ളതല്ല. ശ്രീകോവിലിന് ഇടതു മാറി ഗണപതിയുടെ ഇരിപ്പിടം. നാലമ്പലത്തിനുള്ളിലാണ് ഭഗവതിക്കും സ്ഥാനം. വലംവെച്ചു തിരികെയെത്തുമ്പോഴേക്കും നടയടച്ചു, ശംഖനാദം മുഴങ്ങി. വാദ്യം മുറുകി വന്നു. നടതുറന്നു. അനേകദീപപ്രഭയില്‍ പൊന്‍നിറം പൂണ്ട ശിവലിംഗപ്പെരുമ!
 
നാലമ്പലത്തിന് പുറത്തിറങ്ങുമ്പോഴേക്കും ഇരുള്‍ പടര്‍ന്നു തുടങ്ങിയിരുന്നു. പുറത്ത് തെക്കുപടിഞ്ഞാറായി അയ്യപ്പനും വടക്കുപടിഞ്ഞാറായി സുബ്രഹ്മണ്യനും വിഷ്ണുവിനും കോവിലുകള്‍ കാണാം. വിഷ്ണുവിന്റെ നടയ്ക്ക് അരികിലായാണ് ക്ഷേത്രച്ചിറയിലേക്കുള്ള വഴി. വിശ്വാസമനുസരിച്ച് ശിവന് വിഷ്ണുവും വിഷ്ണുവിന് ശിവനും ഉപദേവതകളാകാന്‍ പാടുള്ളതല്ലെന്ന് മേല്‍ശാന്തി നീര്‍വേലി ഇല്ലത്ത് കേശവന്‍ നമ്പൂതിരി പറഞ്ഞു. പ്രധാനമൂര്‍ത്തി ആരാണോ അതേ പ്രാധാന്യം ഉപക്ഷേത്രത്തിലെ ദേവനും നല്‍കണം. വലിയ പടികളിറങ്ങി ചെല്ലുന്നത് വിശാലമായ ക്ഷേത്രക്കുളത്തിലേയ്ക്കാണ്. സര്‍പ്പക്കാവില്‍ തൊഴുത്, അമ്പലത്തിന് അഭിമുഖമായി പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ബ്രഹ്മദേവനെ വണങ്ങാം. അല്പം മാറി ശങ്കരനാരായണക്ഷേത്രം. തൊട്ടടുത്താണ് ആദിത്യക്ഷേത്രം. പൊന്മേരിയിലെ പൂര്‍ണകായനായ ആദിത്യനെ ഭജിച്ചാല്‍ നവഗ്രഹങ്ങളെയും തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. സാധാരണ ഉപദേവതാക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ മൂന്നുക്ഷേത്രങ്ങള്‍ക്കും ബലിക്കല്ലുകള്‍ കാണാം. 

രുദ്രാഭിഷേകത്തോടെയാണ് പൊന്മേരിയിലെ പൂജാദികാര്യങ്ങള്‍ തുടങ്ങുക. എല്ലാ മാസത്തിലെയും പ്രദോഷദിനം പ്രത്യേകമായി ആചരിച്ചു വരുന്നു. അന്ന് കുത്തുവിളക്കുമായി നാമജപങ്ങളോടെ പ്രദക്ഷിണമുണ്ടാകും. മകരത്തിലെ രോഹിണിനാളില്‍ കൊടിയേറുന്ന ഉത്സവം എട്ടു നാള്‍ നീണ്ടു നില്‍ക്കുന്നതാണ്. മുളയിട്ടുത്സവം അഥവാ അംഗുരാദി ഉത്സവമാണ് പൊന്മേരിയില്‍ കൊണ്ടാടുന്നത്. ഏറാഞ്ചേരി ഇല്ലത്തുള്ളവരാണ് ക്ഷേത്രം തന്ത്രിസ്ഥാനത്ത്.

Ponmeri 3

വടക്കന്‍ കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് പൊന്മേരി. ഇവിടെ ശിവന് തീയ്യന്നൂരപ്പന്‍ എന്ന പേരു വന്നതിന് പിന്നില്‍ ചരിത്രവുമായി കൂട്ടിക്കെട്ടിയ ഒരു കഥയുണ്ട്. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം ആക്രമിച്ച് ഉപക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും ബലിക്കല്ലും തകര്‍ത്തു. നാലമ്പലത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച പടയാളികളെ കണ്ട് ഭയന്ന് ക്ഷേത്രത്തില്‍ അടിച്ചു തളിക്കുന്ന ചങ്ങരോത്ത് പെണ്ണൂട്ടി വാരസ്യാര്‍ ചൂല് തൃപ്പടിയില്‍ കുത്തി ശബ്ദമുണ്ടാക്കി ഭഗവാനോട് പ്രാര്‍ഥിച്ചു. തുടര്‍ന്ന് തീമഴ പെയ്തുവെന്നും പട പലായനം ചെയ്തുവെന്നുമാണ് ഐതിഹ്യം. കഥകളും ഉപകഥകളും ചരിത്രവും കെട്ടുപിണഞ്ഞ കാലത്തെപ്പറ്റി അറിയാന്‍ ക്ഷേത്രം ജീവനക്കാരനായ ഹരീഷ് മാരാര്‍ ഒരു പുസ്തകം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ അച്ഛന്‍ കെ.അനന്തമാരാര്‍ പൊന്മേരി ക്ഷേത്രത്തെപ്പറ്റി എഴുതിയ കുറിപ്പുകളായിരുന്നു അവ.   

പെരുമാക്കന്മാരുടെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കോലത്തിരിയുടെ പക്കലും പിന്നീട് പുത്രാവകാശമായി കടത്തനാട് പോര്‍ലാതിരി സ്വരൂപത്തിനും വന്നു ചേര്‍ന്നു. ക്ഷയിച്ചു കിടന്നിരുന്ന ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കടത്തനാട് രാജാവ് അനേകം ശില്പിമാരെ വരുത്തി. കഴുക്കോല്‍ കയറ്റി, വള തട്ടി ശ്രീകോവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്ല ദിവസം കണ്ടു. എന്നാല്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തിന് കഴുക്കോലുകളെല്ലാം കൃത്യമായി തുളയില്‍ ചേര്‍ന്ന് കിട്ടിയില്ല. നിരാശനായ രാജാവിനെ തേടി കോവിലകത്തെത്തിയ വൃദ്ധബ്രാഹ്മണന്‍ സമസ്യയ്ക്ക് പരിഹാരം കാണാമെന്നേറ്റു. രാവിന്റെ ഒടുവിലത്തെ യാമത്തില്‍ വള തട്ടുന്ന ശബ്ദം കേട്ടെത്തിയവര്‍ക്ക് വൃദ്ധനെ കാണാനായില്ല, പകരം കണ്ടത് കാഞ്ഞിരത്തിലയില്‍ അരിയും തേങ്ങയും നിലവിളക്കും ഇളനീരുമത്രേ. വന്നത് സാക്ഷാല്‍ പരമശിവന്‍ തന്നെയെന്ന് മനസ്സിലാക്കിയ രാജാവ്, പൊന്മേരി അമ്പലത്തിന്റെ മുഴുവന്‍ പണികളും പൂര്‍ത്തിയാവുന്ന കാലത്ത് താഴികക്കുടം പൊന്ന് കൊണ്ട് തീര്‍ക്കുമെന്ന് പ്രാര്‍ത്ഥിച്ചു. എന്നാല്‍  പണികള്‍ പൂര്‍ത്തിയാക്കും മുന്‍പേ രാജാവ് നാടുനീങ്ങി. പിന്നീട് പല കാലങ്ങളിലായി നാലമ്പലവും മണ്ഡപവുമൊക്കെ പണിതീര്‍ത്തു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ എ.ടി.കെ.മോഹനന്‍ ക്ഷേത്രപുനരുദ്ധാരണത്തിന്റെ രേഖകള്‍ കാട്ടിത്തന്നു. 

ഐതിഹ്യം എന്തുതന്നെയാണെങ്കിലും പൊന്മേരി അമ്പലത്തിന്റെ പണി ഒരിക്കലും പൂര്‍ത്തിയാവുകയില്ല എന്നും, എക്കാലവും അവിടെ എന്തെങ്കിലും ഒരു പണി ചെയ്തുതീര്‍ക്കാനുണ്ടാവുമെന്നുമാണ് ആദ്യം കിട്ടിയ നാട്ടറിവ്. കലയും കരവിരുതും പകിട്ട് മായാതെ നില്‍ക്കുന്ന ക്ഷേത്രം കാലാകാലങ്ങളിലുള്ള ആ പരിപാലനം സത്യമാണെന്ന് സാക്ഷ്യം പറയും. നിറഞ്ഞു കത്തുന്ന എണ്ണത്തിരികള്‍ക്കിടയിലൂടെ വീണ്ടും നടവഴിയിലേക്കിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കി. കലയുടെയും ആത്മീയതയുടെയും ശ്രീകോവിലിന് മുകളില്‍ രാത്രി മറക്കുട നിവര്‍ത്തിയിരിക്കുന്നു.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: ponmeri temple, kozhikode temple, spiritual travel, pilgrimage