പാലക്കാടിന്റെ കരിമ്പനക്കൂട്ടങ്ങള്‍ കടന്ന് നേരം പുലരുന്നതിന് മുമ്പേയാണ് വാളയാറിലെത്തിയത്. കൊടും തണുപ്പിലും ഉറങ്ങാത്ത തട്ടുകടയിലെ സമോവറില്‍ നിന്ന്‌ ആവി പറത്തി മഞ്ഞിലേക്ക് മൂടുന്നുണ്ടായിരുന്നു ഒരു പുലര്‍കാലം. വലിയ ഭാരങ്ങളുമായി നീളന്‍ ലോറികള്‍ വരി വരിയായി മുന്നിലുണ്ട്. കോവിഡ് കാലമായതിനാല്‍ ചെക്ക് പോസ്റ്റില്‍ പതിവിലധികം പരിശോധകരുണ്ട്. എന്തൊക്കെ രേഖകള്‍ വണ്ടിയില്‍ വെച്ചാലും ഇവര്‍ക്കിതൊന്നും മതിയാവില്ല. വാഹനത്തിലേക്ക് തിരിച്ചെത്തിയ ഡ്രൈവര്‍ വീണ്ടും ചില പേപ്പറുകളുമായി ചെക്ക് പോയിന്റിലേക്ക് നടന്നു. അടുത്ത പോയിന്റില്‍ എല്ലാവരുടെയും പേരും വിവരങ്ങളും എഴുതിക്കൊടുക്കാനുള്ള പേപ്പറാണ് അധികാരികള്‍ നീട്ടിയത്. പേപ്പറുകള്‍ക്ക് പുറമെ കഴിയാവുന്നൊരു തുകയും ചേര്‍ത്തുവെച്ചതോടെ യാത്രയ്ക്കുള്ള അനുമതിയായി. വീതികൂടിയ റോഡാണെങ്കിലും നവീകരണം നടക്കുന്നതിനാല്‍ യാത്രമാര്‍ഗ്ഗങ്ങളെ പിളര്‍ത്തി ബാരിക്കേഡുകള്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. അതിരാവിലെ അഞ്ചു മണിയോടെ പഴനിയാണ് ലക്ഷ്യമെങ്കിലും ഇനിയും നാല്‍പ്പതോളം കിലോമീറ്റര്‍ ദൂരം അകലത്തിലാണ് പഴനിമല. കാറ്റാടി പാടങ്ങളില്‍ നേരിയ ചെന്തമിഴ് കാറ്റ് താളം പിടിക്കുന്നുണ്ട്. ചെഞ്ചായം വിതറി അങ്ങകലെ ആകാശക്കാഴ്ചകളില്‍ തമിഴ് ഭൂമിക പലതരം ചിത്രം വരച്ചിടുന്നു.

Pazhani 2

നേരം വെളുത്തുവന്നതോടെ ഒരു കൃഷിക്കാലത്തിന്റെ ചതുര്‍ രേഖകള്‍ വരച്ച് നെല്‍പ്പാടങ്ങള്‍ അങ്ങിങ്ങായി തെളിഞ്ഞു വരുന്നു. വരണ്ട കാഴ്ചകളുടെ കുളിരായി ഈ നെല്‍പ്പാടങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും നനവുള്ള കാഴ്ചകള്‍ നല്‍കുന്നത്. കാറ്റാടിപ്പാടം തീരുന്നേയില്ല. ഇരുവശത്തും പലതരത്തിലാണ് കാറ്റാടി യന്ത്രക്കാലുകളുള്ളതെങ്കിലും കറക്കത്തിന് മാത്രം കാറ്റിന്റെ വേഗതയനുസരിച്ച് ഒരേ പോലെയായിരുന്നു താളബോധം. ചെറിയ ഗ്രാമങ്ങളെ പിന്നിട്ട് ഇടയ്ക്കിടെ തലനീട്ടി വന്ന വലിയ പട്ടണങ്ങള്‍ ഉണരുന്നതേയുള്ളൂ. തമിഴ് മാത്രമുള്ള കടകളുടെ മുന്നിലുള്ള ബോര്‍ഡുകളില്‍ സ്ഥലപ്പേരറിയാന്‍ ഇംഗ്ലീഷ് വാക്കുകളെ തിരഞ്ഞു. ഏതോ കടക്കാരന്‍ എഴുതി വെച്ച ബഹുഭാഷ ബോര്‍ഡുകളില്‍ തെറ്റുള്ള മലയാളത്തിലാണെങ്കിലും ഉദുമല്‍പ്പേട്ട് എന്ന പേര് അന്വേഷണത്തിന് കടിഞ്ഞാണിട്ടു. ഇവിടെ നിന്നും ഇനിയും ഏറെ ദൂരമുണ്ട് പഴനിയെന്ന പ്രതീക്ഷയുടെ അടിവാരത്തിലേക്ക്. ചൂടുപിടിച്ചു തുടങ്ങുന്ന റോഡില്‍ വാഹനങ്ങളുടെ തിരക്കുകള്‍ കൂടിവരികയാണ്. പഴയ മോപ്പഡുകളിലും മറ്റുമായി ചുറ്റിലും പാല്‍പാത്രമടക്കമുള്ള ഭാരം കയറ്റി വെച്ച് കാതടപ്പിക്കുന്ന ശബ്ദങ്ങളുമായാണ് ഗ്രാമവാസികളുടെ യാത്രകള്‍. മലയാള മണ്ണുമായുള്ള ചേര്‍ത്തുവായനയില്‍ ഈ നാടിന് ഒരു രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ചക്കുറവുള്ളതായി തോന്നും. മണ്ണ് പുരണ്ടതും ജീര്‍ണ്ണിച്ചതുമായ കെട്ടിടങ്ങളും ഗ്രാമജീവിതവും പഴയ കാലത്തിന്റെ ഓര്‍മ്മകളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു.

Pazhani 3

മലമുകളിലെ മുരുകന്‍

വിദൂരത്ത് നിന്നും ആകാശം തൊട്ടുനില്‍ക്കുന്ന പഴനിമല കാഴ്ചകളിലേക്ക് തെളിഞ്ഞുവന്നു. കൂറ്റന്‍പാറയുടെ നെറുകയിലാണ് മുരുകന്റെ ക്ഷേത്രം. വഴികളില്‍ തിരക്കായി. ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും ചേര്‍ന്ന് പഴനിയുടെ വഴികളെല്ലാം ഭക്തിയുടെ രസത്തില്‍ ആറാടിക്കുന്നുണ്ട്. അതിരാവിലെ തന്നെ ആവി പറത്തുന്ന പാതയോരത്തെ തട്ടുകടകളില്‍ നിന്നും വടയും നെയ്‌ദോശയും ഇഡ്ഡലിയും പൂരിയുമെല്ലാം റെഡി. ചൂടോടെ അപ്പപ്പോള്‍ തന്നെ ഇതെല്ലാം വിറ്റഴിയുന്നു. തിരക്കുകള്‍ കൂടുന്നതനുസരിച്ച് കടകളും പാതയോരങ്ങളിലേക്ക് വിപുലപ്പെടുകയായി. കാഷായ വസ്ത്രം ധരിച്ചും കറുപ്പുടുത്തും പഴനിയുടെ തെരുവെല്ലാം ആളുകളെ കൊണ്ടു നിറയുന്നു. രാവിലെ തന്നെ സഞ്ചാരികളെ കാത്ത് കുതിരവണ്ടികള്‍ ഓരോന്നായി മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചാരം നടത്തുന്നു. പൂവില്‍പ്പനക്കാരും അതിരാവിലെ നിരത്തുകളിലുണ്ട്.

പഴനി ഒരു ടൗണ്‍ഷിപ്പാണ്. കാലാകാലങ്ങളായി വളര്‍ന്ന് വലിയ ജനസഞ്ചയത്തിന്റെ വിലാസമായും ജീവിതമായും പഴനി ആകെ മാറുകയാണ്. ദൂരെ നിന്നും ഇവിടെ രാവിലെ എത്തിച്ചേരുന്നവര്‍ക്കായി ഫ്രഷാവാന്‍ മാത്രം മുറികള്‍ കിട്ടും. രണ്ടുമണിക്കൂറിന് നാനൂറ് രൂപയൊക്കെയാണ് ഈടാക്കുക. ഒരോ സീസണിലും തുകയും മാറി മാറി വരും. ഇതൊന്നും നോക്കാതെ ഈ സൗകര്യങ്ങള്‍ മാത്രമാണ് ആശ്രയം എന്ന നിലയില്‍ തീര്‍ത്ഥാടകരും സഞ്ചാരികളുമെല്ലാം തള്ളിക്കയറും. ഇത് തന്നെയാണ് ഈ കേന്ദ്രങ്ങളുടെയെല്ലാം വിജയവും. വൃത്തിയോടെ വെടിപ്പോ കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ട. വെള്ളവും അത്ര ഗുണകരമല്ല. എങ്കിലും തീര്‍ത്ഥാടന പുണ്യത്തിനായി സര്‍വ്വതും സഹിച്ച് എല്ലാവരും പഴനിയെ പുണരുന്ന കാഴ്ചകള്‍ മാത്രമാണ് എങ്ങുമുള്ളത്.

Pazhani 4

പഴനിമലയുടെ കവാടത്തില്‍ നേരം ചൂട് പിടിക്കുമ്പോഴേക്കും ആള്‍ത്തിരക്ക് തുടങ്ങി. വൃശ്ചികമാസമായതിനാല്‍ ശബരിമലയിലേക്ക് മാലയിട്ട സ്വാമിമാരും പഴനി ദര്‍ശനത്തിന് ഊഴം കാത്തുനില്‍ക്കുന്നുണ്ട്. അത്യധികം സാഹസപ്പെടേണ്ട തുടര്‍ച്ചയായുള്ളതും കുത്തനെയുള്ളതുമായ പടിക്കെട്ടുകളില്‍ തിരക്ക് കുറവാണ്. നേര്‍ച്ചയുള്ളവര്‍ മാത്രമാണ് അധികം മുരുകന്റെ സന്നിധിയിലേക്ക് ഈ വഴി തെരഞ്ഞെടുക്കുന്നത്. പടികളും ഇടവിട്ടുള്ള റാമ്പുകളുമുള്ള നടവഴിയാണ് കൂടുതല്‍ പേരും മലകയറ്റത്തിനായി തെരഞ്ഞെടുക്കുന്നത്. തലമുണ്ഡനം ചെയ്തും കാവടിയേന്തിയും കുട്ടികളും മുതിര്‍ന്നവരുമെല്ലാം മലയകറയാനുണ്ട്.

ആരതിയുഴിഞ്ഞും തിലകം ചാര്‍ത്തിയുമെല്ലാം മലമുകളിലേക്ക് ആനയിക്കാന്‍ വഴിവക്കില്‍ ധാരാളമാളുകളുണ്ട്. ഇവര്‍ക്കെല്ലാം നല്ലൊരു തുക ഇതിനായി നല്‍കേണ്ടി വരുമെന്നതിനാല്‍ ഇവരെയെല്ലാം ഒഴിവാക്കുക എന്നതായിരിക്കും പഴനിയിലെത്തുന്നതിന് മുമ്പേ പരിചയക്കാരെല്ലാം നല്‍കുന്ന മുന്നറിയിപ്പ്. പഴനി ഒട്ടേറെപ്പേരുടെ ആശ്രയകേന്ദ്രമാണ്. ഇതിനോട് ചേര്‍ന്ന് ജീവിതം പൂരിപ്പിക്കുന്നവരുടെ നീണ്ട നിരകള്‍ എവിടെയമുണ്ട്. റിക്ഷാവാല മുതല്‍ പഴക്കച്ചവടക്കാര്‍ വരെയും പഴനിയുടെ താഴ്വാരത്ത് കാലങ്ങളായി ജീവിതം കണ്ടെത്തുന്നു. വളവില്‍പ്പനക്കാര്‍, പച്ചകുത്തുകാര്‍, ഇളനീര്‍ വില്‍പ്പനക്കാര്‍ എന്നിങ്ങനെ പഴനിയിലെത്തുന്ന തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ലക്ഷ്യമിടുന്നവര്‍ ധാരാളമുണ്ട്.

പഴനിയുടെ കവാടം കടന്ന് മുകളിലേക്കുള്ള യാത്രയില്‍ അതിരാവിലെ തന്നെ നല്ല തിരക്കുണ്ട്. തമിഴ്‌നാടിന്റെ അതിര്‍ത്തികള്‍ കടന്നും സമ്മിശ്രമായ ഭാഷയും വേഷഭൂഷാദികളുമായി മുരുകന്റെ സന്നിധിയിലേക്ക് യാത്ര പുറപ്പെട്ടവര്‍. താഴ്‌വാരത്തുള്ള ക്ഷൗരകേന്ദ്രങ്ങളില്‍ നിന്നും നേര്‍ച്ചയുടെ ഭാഗമായി തലമുണ്ഡനം ചെയ്തവരും ഏറെയുണ്ട്.

പഴനിമലയിലേക്കുള്ള കയറ്റത്തില്‍ ഒരോ പടിയും മുകളിലേക്ക് കയറുംതോറും താഴ്‌വാരത്തുള്ള കാഴ്ചകള്‍ വിശാലമാവുകയാണ്. വലിയ ജലാശയവും അതിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും അനന്തമായ കാഴ്ചകളുടെ അങ്ങേ തലയ്ക്കല്‍ വരെയുണ്ട്. രാവിലത്തെ വെയിലുതന്നെ ചുട്ടുപൊള്ളിക്കുകയാണ്. വഴിയിലൂടനീളമുള്ള ഇടത്താവളങ്ങളില്‍ വിശ്രമിച്ചാണ് മിക്കവരുടെയും മലകയറ്റം. കോവിഡ് കാലത്തിന്റെ വിടുതല്‍ തുടങ്ങുന്ന കാലമായതിനാല്‍ ചെറിയ കിതപ്പിനെപ്പോലും ഗൗരവമായി എടുക്കുന്നവരെയാണ് കൂടുതലും കാണാനിടയായത്. ഇവരെല്ലാം ആവശ്യത്തിന് സമയമെടുത്താണ് കുത്തനെയുള്ള കയറ്റം കയറുന്നത്. രണ്ടു മൂന്ന് വലിയ കയറ്റം കൂടി പിന്നിട്ടതോടെ പഴനി മലയുടെ നെറുകയിലെത്തി. ജനസഞ്ചയത്തില്‍ ഈ ക്ഷേത്രം മുന്നിലേക്ക് വാതില്‍ തുറന്നു. മുരുകനെ കാണാന്‍ നേരത്തേ ഇടംപിടിച്ചവരുടെ നീണ്ട നിരകള്‍ മാത്രമാണ് എവിടെയുമുള്ളത്.

Pazhani 5

നീ തന്നെയാകുന്നു പഴനി

ദണ്ഡായുധപാണി ക്ഷേത്രമാണ് പഴനി. തമിഴ് മണ്ണിന്റെ ക്ഷേത്രസമുച്ചയങ്ങളില്‍ നൂറ്റാണ്ടുകള്‍ മുന്നേ ഇടം തേടിയ ക്ഷേത്രം. ദ്രാവിഡ ദൈവമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന്. ദണ്ഡും പിടിച്ചു നില്‍ക്കുന്ന ശിവ പാര്‍വ്വതി പുത്രന്‍ സുബ്രഹ്മണ്യന്‍ പഴനി ആണ്ടവനാണ്. അറിവിന്റെ പഴം എന്നര്‍ത്ഥമുള്ള ജ്ഞാനപ്പഴം എന്ന വാക്കില്‍ നിന്നുമാണ് പഴനി എന്ന വാക്കിന്റെ ഉത്പത്തി. ഈ പഴം നീ ആകുന്നു എന്നാണ് പഴനി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാരദ മഹര്‍ഷി ഒരിക്കല്‍ കൈലാസ പര്‍വ്വതം സന്ദര്‍ശിക്കാനിടയായി. നാരദന്‍ പരമശിവന് ജ്ഞാനപ്പഴം സമ്മാനമായി നല്‍കി. വിജ്ഞാനത്തിന് വേണ്ടിയുള്ള  അമൃതായി കണക്കാക്കുന്ന പഴം തന്റെ പുത്രന്‍മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി വീതിച്ച് നല്‍കാന്‍ ഭാവിച്ചപ്പോള്‍ നാരദ മഹര്‍ഷി തടഞ്ഞു. മുറിച്ചാല്‍ പഴത്തിന്റെ അമൂല്യ ശക്തി നഷ്ടപ്പെട്ടു പോകുമെന്നതിനാല്‍ ഒരാള്‍ക്ക് മാത്രം പഴം കൊടുക്കാന്‍ അനുവാദമായി. വിഷമഘട്ടത്തിലായ ശിവന്‍ പഴം തന്റെ ബുദ്ധിമാനായ മകന് നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി ഒരു പരീക്ഷണം നടത്തി. ലോകത്തെ ആദ്യം മൂന്ന് തവണ വലം വെച്ച് വരുന്നത് ആരാണോ അവര്‍ക്ക് പഴം നല്‍കാന്‍ തീരുമാനിച്ചു. ഇത് കേട്ടതോടെ സുബ്രഹ്മണ്യന്‍ തന്റെ വാഹനമായി മയിലിന്റെ പുറത്ത് കയറി ലോക സഞ്ചാരത്തിനായി പുറപ്പെട്ടു. എന്നാല്‍ ഗണപതിയാകട്ടെ തന്റെ മാതാപിതാക്കളായ പരമശിവനെയും പാര്‍വ്വതിയെയും മൂന്ന് തവണ വലം വെച്ച് ലോകത്തെ പ്രദക്ഷിണം ചെയ്തതായി അറിയിച്ചു. മകന്റെ ബുദ്ധിയില്‍ സന്തുഷ്ടരായ പരമശിവനും പാര്‍വ്വതിയും ജ്ഞാനപ്പഴം ഗണപതിക്ക് നല്‍കി. ഇതില്‍ കുപിതനായ സുബ്രഹ്മണ്യന്‍ കൈലാസ പര്‍വ്വതത്തില്‍ നിന്നും ഇറങ്ങി പഴനി മലയില്‍ എത്തിയതായതാണ് ഐതിഹ്യം.

കൈലാസത്തിലേക്ക് തിരികെ വിളിക്കാന്‍ മാതാപിതാക്കളും എത്തി. കാര്‍ത്തികേയനെ സമാധാനിപ്പിക്കാന്‍ പഴം നീ എന്ന പറഞ്ഞ വാക്കാണ് പഴനിയായി മാറിയത്. എല്ലാ അഹംബോധങ്ങളും ഉപേക്ഷിച്ച് അവനവനിലേക്കുള്ള യാത്രയായി അന്നുമുതല്‍ പഴനിയാത്രകള്‍ മാറുന്നു. ശിരസ്സിലേറ്റ് വാങ്ങുന്ന മുടി പോലും ഉപേക്ഷിച്ച് സ്വയം ശുദ്ധീകരണത്തിനും ആത്മസമര്‍പ്പണത്തിനുമുള്ള  തീര്‍ത്ഥാടമാണിത്.

പതിനെട്ട് സിദ്ധ മഹര്‍ഷിമാരില്‍ ഒരാളായ ഭോഗരാണ് പഴനി മലയില്‍ മുരുകന്റെ വിഗ്രഹം സ്ഥാപിച്ചതെന്ന് ഐതിഹ്യമുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിന് ശേഷം ഏറെക്കാലങ്ങള്‍ കാടിനുള്ളില്‍ മൂടിയ ക്ഷേത്രം ചേരമാന്‍ പെരുമാള്‍ നായാട്ടിനിടെ കാണുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തുവെന്നാണ് പറഞ്ഞു പ്രചരിക്കുന്ന ചരിത്രം.

Pazhani 6

സഞ്ചാരികളുടെ പ്രിയ യാത്രകള്‍

കാലമേറെ പിന്നിട്ടു. തമിഴിനൊപ്പം പഴനിയും വളര്‍ന്നു. സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും എണ്ണം കൂടി വന്നു. ഇതിനനുസരിച്ചുള്ള മാറ്റവുമായി പഴനി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. പുണ്യജലം കയ്യിലേന്തി മലകയറി വന്നവര്‍ വീണ്ടും വീണ്ടും ഇവിടേക്ക് വന്നെത്തി. ഫ്യൂണിക്കുലാര്‍ റെയില്‍ റോപ്പും റോപ്പ് കാറുമെല്ലാം ഇവിടേക്കുള്ള ആയാസരഹിത വഴികളായി. എങ്കിലും പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളെത്തുമ്പോള്‍ മുക്കാല്‍ഭാഗവും ഈ കല്‍പ്പടവുകള്‍ താണ്ടിയാണ് പഴനിമലയുടെ നെറുകയിലെത്തുക. പലപ്പോഴും മണിക്കൂറുകളോളം കാത്ത് നിന്ന് വേണം ദര്‍ശനത്തിന് അവസരം ലഭിക്കാന്‍. ഇതിനായുള്ള ബാരിക്കേഡുകളെല്ലാം ഇവിടെ സ്ഥിരമായി തയ്യാറാക്കിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിലും ആര്‍ത്തലച്ചുവരുന്ന മഴക്കാലത്തുമെല്ലാം ഇവിടെ തിരക്കൊഴിയുന്നില്ല. കാഷായ വസ്ത്രം അണിഞ്ഞ് വീടുകള്‍ തോറും കയറിയിറങ്ങി നേര്‍ച്ചയുടെ ഭാഗമായി ഭിക്ഷയെടുത്തും ഇങ്ങ് മലയാള നാട്ടില്‍ നിന്നുപോലും എത്രയോ കാലങ്ങള്‍ക്ക് മുന്നേ പഴനിയിലേക്കുള്ള യാത്രകള്‍ ഇന്നും തുടരുകയാണ്.

Pazhani 7
 
പഴനിയില്‍ നിന്നും മലയിറക്കം ഫ്യൂണിക്കുലാര്‍ ട്രെയിനിലൂടെയായിരുന്നു. ഇരുമ്പ് കയറില്‍ കെട്ടിയിട്ട  ബോഗിയില്‍ അമ്പതോളം പേര്‍മാത്രം. അങ്ങേയറ്റം ഭയാനകവും സാഹസികവുമാണ് ഈ മലയിറക്കം. കുത്തനെയുള്ള താഴ് വാരത്തിലേക്ക് പേടകം ഇറങ്ങിയെത്തുമ്പോഴുള്ള ആശ്വാസം ചെറുതല്ല. നടന്നിറങ്ങാനുള്ള ശാരീരിക ക്ഷമതയുള്ളവര്‍ ഒഴികെയുള്ളവര്‍ക്കാണ് ഈ സൗകര്യം ഏറെ പ്രയോജനകരം. താഴെയെത്തുമ്പോള്‍ അതിരാവിലെ കണ്ട പഴനിയല്ല പുതിയ പഴനി.

നിരത്തുകളൊക്കെ നിറഞ്ഞ് കവിഞ്ഞ് പഴനി നാനാവഴികളിലേക്കും കൈകള്‍ നീട്ടുകയാണ്. പ്രധാന പാതയോരങ്ങളിലെല്ലാം കച്ചവടക്കാര്‍ കയ്യടക്കി. അതിന് നടുവിലുള്ള പാതയില്‍ വാഹനങ്ങളും വഴിയാത്രക്കാരും ഇടകലരുന്നു. കല്ലുമാലകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയും വില്‍ക്കുന്നവരെ കൊണ്ടാണ് പ്രദേശമാകെ നിറഞ്ഞത്. ഇതിനിടയിലൂടെ കുതിര വണ്ടിയും റിക്ഷകളും കാറുകളുമെല്ലാം നീങ്ങുന്നു. വാഹന പാര്‍ക്കിങ്ങുകളെല്ലാം ദൂരെയായതിനാല്‍ കാല്‍നട യാത്രതന്നെയാണ് ആശ്രയം. അങ്ങിങ്ങ് പച്ചപ്പുകളെഴുതുന്ന ഗ്രാമത്തില്‍ പഴനി മാത്രമാണ് ടൗണ്‍ഷിപ്പായി ഇക്കാലം കൊണ്ടു വളര്‍ന്നത്. ഈ ക്ഷേത്രവും അതിനെ ചുറ്റിയും വളര്‍ന്നതാണ് എല്ലാം.

Pazhani 8
 
ഇളനീരും പഴങ്ങളുമാണ് പഴനിയില്‍ ഏറ്റവും ചെലവുള്ളത്. മറ്റു ഭക്ഷണങ്ങളൊന്നും പുറമെ നിന്നും ഈ നാട്ടിലെത്തിയവര്‍ക്ക് പിടിക്കണമെന്നില്ല. രാവിലെയാണെങ്കില്‍ വടയും പൂരിയുമാണ് തട്ടുകടകളിലൊക്കെ ധാരാളമായുള്ളത്. ഉച്ച ഭക്ഷണമെല്ലാം തമിഴ് രുചികളുമായി ഇടകലര്‍ന്ന് ഭോജനശാലകള്‍ ഉണരുന്നു. അതിരാവിലെയും വൈകീട്ടുമാണ് പഴന ദര്‍ശനത്തിന് ഉചിതസമയം. നട്ടുച്ച വെയിലില്‍ പഴനി വല്ലാതെ പൊള്ളിക്കും. പഴയകാലം മുതലേ പ്രശ്‌സതമാണ് പഴനിയിലെ പഞ്ചാമൃതം.

പഴവും ശര്‍ക്കരയും നെയ്യും ചേര്‍ന്നുള്ള ആ പ്രസാദം കുപ്പിയിലും ബോട്ടിലുമായി ലഭിക്കും. മുപ്പതും നാല്‍പ്പതും രൂപയുമാണ് ഇതിന് പഴനി ക്ഷേത്രം വില ഈടാക്കുന്നത്. പഴനിയോടൊപ്പം ഈ പ്രസാദവും പ്രചാരത്തില്‍ കടല്‍ കടന്നും യാത്ര പോയിട്ടുണ്ട്.  പൊള്ളാച്ചിക്കുള്ള പാത തിരക്കേറി. തീര്‍ത്ഥാടകരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സഞ്ചാര വഴികളില്‍ പഴനിമല ദൂരെയ്ക്ക് മറയുന്നു. കാറ്റാടിപ്പാടങ്ങളുടെ കാഴ്ചകളെ പിന്നിലാക്കി പഴനിമലയും മറയുമ്പോള്‍ ഹര ഹര മുരുകാ വിളികളും പഴനിയുടെ ഇരമ്പങ്ങളും  മാത്രം കാതില്‍ അലയടിക്കുന്നു.

Content Highlights: pazhani temple travel, pilgrimage, spiritual travel