ആംസ്റ്റര്‍ഡാമില്‍ നിന്ന് പാരിസിലേക്കും തിരിച്ചും യാത്രക്ക് വേണ്ട രണ്ടു ദിവസം കൂടാതെ മൂന്ന് ദിവസം നീളുന്ന ഒരു പാരീസ് സന്ദര്‍ശനമായിരുന്നു ഞങ്ങളുടെ പദ്ധതി. അവിടെ സന്ദര്‍ശകര്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഗൂഗിളില്‍ നോക്കി. പട്ടികയില്‍ ആദ്യം കണ്ട നാല് സ്ഥലങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു. ഈഫില്‍ ടവര്‍, നോറ്റര്‍ഡാമിലെ പള്ളി, ലൂവ്രേ മ്യൂസിയം, ആര്‍ക് ഡി ട്രയംഫ്, പിന്നെ സമയം കിട്ടിയാല്‍ മൊന്‍ട്രെ മാട്ര പള്ളി.

ഷിഫോള്‍ - ചാള്‍സ് ഡി ഗോള്‍ വിമാന യാത്രക്ക് ഒരുമണിക്കൂറിനടുത്തു സമയം മതി. പക്ഷെ ചെക്ക് ഇന്‍, സെക്യൂരിറ്റി ചെക്ക് എന്നിവക്കും വിമാനത്താവളത്തില്‍ എത്തിപ്പെടാനുള്ള യാത്രക്കും വേറെസമയം കാണണമല്ലോ. തീവ്രവാദി ആക്രമണങ്ങളുടെ കാലമല്ലേ, സുരക്ഷാകാരണങ്ങളാല്‍ ഞങ്ങളുടെ ഫ്‌ലൈറ്റ് വൈകി. പാരിസില്‍ ചാള്‍സ് ഡിഗൊള്‍ എയര്‍പോര്‍ട്ടിന് പുറത്തു എത്തുമ്പോള്‍ വൈകിട്ട് ആറുമണി. അങ്ങനെ ആദ്യദിവസം തീര്‍ന്നു.

പാരിസിലുള്ള ഒരു മലയാളി കുടുംബമായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. സെയ്ന്‍ നദിക്കരയില്‍ ബോലോണ്‍ എന്ന സ്ഥലത്തെ ഫ്‌ലാറ്റില്‍ അവരോടൊത്തുള്ള താമസവും സ്ഥലപരിചയമുള്ള അവരുടെ നിര്‍ദ്ദേശങ്ങളും ഞങ്ങളുടെ പാരീസ് സന്ദര്‍ശനം സുഗമമാക്കി. പാരിസില്‍ പൊതുയാത്രാ സംവിധാനം മികച്ചതായിട്ടാണ് അനുഭവപ്പെട്ടത്. നഗരത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ധാരാളം ബസ്സ് സര്‍വീസുകള്‍ പ്രധാനസ്ഥലങ്ങളിലേക്ക് മെട്രോ റെയില്‍, കൂടാതെ നല്ല ടാക്‌സി സര്‍വീസും. നാട്ടിലെപ്പോലെ ഓട്ടോറിക്ഷകള്‍ എങ്ങും കണ്ടില്ല. ഈഫല്‍ ടവറിന് സമീപം രണ്ട് സൈക്കിള്‍റിക്ഷക്കാരെ കണ്ടു. ഒന്ന് മോട്ടോര്‍ ഘടിപ്പിച്ചതായിരുന്നു. ഡ്രൈവറായി ഒരു സ്ത്രീയും. മൈസൂര്‍ പാലസിന് സമീപത്തുള്ള സ്ഥലങ്ങള്‍ ചുറ്റാന്‍ ഒരു വ്യത്യസ്ത മാര്‍ഗമായി സഞ്ചാരികള്‍ കാണുന്ന കുതിരവണ്ടികളെപ്പോലെ ഈ റിക്ഷകള്‍ക്കും ആവശ്യക്കാര്‍ നിരവധിയുണ്ട്. 

Paris Journey

നഗരം ചുറ്റാന്‍ ഇറങ്ങുമ്പോള്‍ തന്നെ അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ നിന്നു മുന്ന് ദിവസത്തേക്കുള്ള ടിക്കറ്റ് എടുത്തു. ബസ്സിലും മെട്രോയിലും യാത്രക്ക് അതു മതി. ഓരോ യാത്രയുടെയും ആരംഭത്തില്‍ ആ വാഹനത്തിലുള്ള മെഷീനില്‍ സൈ്വപ്പ് ചെയ്യണം. യാത്രയുടെ എണ്ണത്തിനോ ദൂരത്തിനോ പരിധി ഇല്ല. ആദ്യയാത്ര, ലോകത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിലേക്കായിരുന്നു. വീതിയേറിയ നഗരവീഥികള്‍, ഇരുവശങ്ങളിലും നടപ്പാതകളില്‍ ചെറിയ തണല്‍ മരങ്ങള്‍, നാട്ടിലെപ്പോലെ വലിയവൃക്ഷങ്ങള്‍ എങ്ങും കണ്ടില്ല. ഉള്ളവ തന്നെ ശിഖിരങ്ങള്‍ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്നു. നടപ്പാത കോണ്‍ക്രീറ്റ് / കല്ല് വിരിച്ചവയാണെങ്കിലും മരങ്ങളുടെ കടക്കല്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണ് കാണാം. ആ തടങ്ങള്‍ക്ക് മുകളില്‍ കാസ്റ്റ് അയേണ്‍ ഗ്രില്ലും പലയിടത്തും വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ ഗ്രൗണ്ട് ലെവല്‍ ഗ്രില്ലിനു പകരം ഒരു മീറ്റര്‍ ഉയരത്തില്‍ പൈപ്പിന്റെ വേലിയും ഉണ്ട്. റോഡിനു ഇരുവശത്തും ഉള്ള കെട്ടിടങ്ങള്‍ അധികവും ഗോഥിക് ശൈലിയില്‍ ഉള്ളവയാണ്. വ്യാപാരസ്ഥാപനങ്ങള്‍ ആണെങ്കിലും പാര്‍പ്പിടങ്ങള്‍ ആണെങ്കിലും എല്ലാ കെട്ടിടങ്ങളും ഏതാണ്ട് ഒരേ രീതിയില്‍ ഉള്ളവ. മൂന്ന് അല്ലെങ്കില്‍ നാലു നില. ഒരു നില കെട്ടിടങ്ങളോ, ഒറ്റതിരിഞ്ഞ ബംഗ്ലാവുകളോ കണ്ടില്ല. തമാശ ആയിട്ടാണെങ്കിലും ഞങ്ങള്‍ ബസ് ഇറങ്ങേണ്ട സ്ഥലം സ്‌നേഹിതന്‍ പറഞ്ഞു തന്നത് ഇങ്ങനെ... ബസ്സില്‍ ഇരുന്നു നോക്കിയാല്‍ ആകാശവും തുറന്ന സ്ഥലവും കാണാന്‍ തുടങ്ങുമ്പോള്‍ തയ്യാറായിക്കോളൂ, അടുത്ത സ്റ്റോപ്പ് ഈഫല്‍ ടവറിന് മുന്നിലാണ്!

Paris Journey
 
യാത്രയില്‍ എവിടെയും ട്രാഫിക്ബ്ലോക് അനുഭവപ്പെട്ടില്ല. ഒരു പക്ഷെ, പീക്ക് അവര്‍ അല്ലാത്തതിനാല്‍ ആയിരിക്കാം, ബസ് സ്റ്റോപ്പുകളില്‍ എല്ലാം ബസ്സ് പോകുന്ന സ്ഥലവും നമ്പറും ആ സ്റ്റോപ്പില്‍ ബസ്സ് എത്തുന്ന സമയവും കാണിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഉണ്ട്. ബസ്സിനകത്ത് അടുത്ത സ്റ്റോപ്പ് അറിയിക്കുന്ന ഡിസ്പ്ലേയും അനൗണ്‍സ്മെന്റും. ഭാഷയും സ്ഥലനാമങ്ങളും അപരിചിതമായതിനാല്‍ ശ്രദ്ധിച്ച് ഇരിക്കണം എന്നുമാത്രം. 

ഈഫല്‍ ടവര്‍ 

വര്‍ഷംതോറും ഏഴ് ദശലക്ഷം സന്ദര്‍ശകര്‍, അതില്‍ എഴുപത് ശതമാനവും വിദേശികള്‍. പാരിസിന്റെ, ഫ്രാന്‍സിന്റെ തന്നെ അഭിമാനമായ ഈഫല്‍ ടവറിനെ ലോകത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്തുന്ന സ്മാരകമാക്കുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും നല്ല തിരക്കാണ്. അടുത്ത കാലത്തെ തീവ്രവാദി ആക്രമണത്തിന് ശേഷം, സുരക്ഷാഭടന്മാര്‍ എങ്ങുമുണ്ട്. സന്ദര്‍ശകരും പോലീസുകാരുമല്ലാതെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ട മറ്റൊരു കൂട്ടരുണ്ട്, ടവറിന്റെ ചെറിയ പ്ലാസ്റ്റിക് മാതൃകകളും ചിത്രങ്ങളും വില്പന നടത്തുന്ന വിദേശി ചെറുപ്പക്കാര്‍. രണ്ടിടത്ത് അവരെ കൈകാര്യം ചെയ്യുന്ന പോലീസും. സുവനീറിന്റെ മറവില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നവരും ഉണ്ടത്രെ!

Paris Journey

Paris Journey

ഫ്രഞ്ച് വിപ്ലവത്തിന്റെ ഒന്നാം ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രദര്ശനത്തിന് വേണ്ടിയാണ് 1889-ല്‍, 324 മീറ്റര്‍ ഉയരമുള്ള ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത്. ഗുസ്താവ് ഈഫല്‍ (Gustave Eifil) എന്ന എന്‍ജിനീയറുടെ കമ്പനി, ടവര്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാന്‍  എടുത്തത് രണ്ട് വര്‍ഷവും രണ്ട് മാസവും അഞ്ച് ദിവസവും മാത്രം. പ്രതിഭാശാലിയായ ഈഫല്‍ വലിയ റയില്‍പ്പാലങ്ങളും ടവറുകളും മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടിയും നിര്‍മിച്ചിട്ടുണ്ട്. ന്യുയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ സ്ട്രക്ചറും ഇദ്ദേഹത്തിന്റേതാണ്. 1898 ല്‍ വാര്‍ത്താവിനിമയരംഗത്ത് ഉപയാഗിച്ചു തുടങ്ങിയ ഈഫല്‍ ടവര്‍ 1903-ല്‍ മിലിറ്ററി റേഡിയോ സ്റ്റേഷനായി. 1925 ല്‍ പൊതുജനങ്ങള്‍ക്കുള്ള റേഡിയോ പ്രക്ഷേപണം ഇവിടെനിന്നു ആരംഭിച്ചു. ടെലിവിഷന്റെ ആരംഭത്തോടെ ടെലികാസ്റ്റിങ്ങും ആയി.

Paris Journey

സന്ദര്‍ശകര്‍ക്ക് ടവറിന്റെ ഏറ്റവും മുകളിലെ നിലയില്‍ പോകുവാന്‍ 17 യൂറോ ആണ് ടിക്കറ്റ്. രണ്ടാം നിലവരെ 11 യൂറോ. രണ്ടാം നിലയില്‍നിന്ന് മുകളിലേക്ക് ഏണിയില്ല, ലിഫ്റ്റ് മാത്രം. 24 വയസ്സിനു താഴെയുള്ളവര്‍ക്ക് നിരക്കില്‍ ഇളവുണ്ട്. ടിക്കറ്റ് ഓണ്‍ലൈനിലും ലഭ്യമാണ്. ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 11 വരെയും വേനല്‍്ക്കാലത്തു രാവിലെ 9 മുതല്‍ രാത്രി 12 മണിവരെയും ആണ് സന്ദര്‍ശന സമയം. ബസ്സ് നമ്പര്‍ 82, 42, 87, 69 എന്നിവയും മെട്രോ 6 ഉം ടവറിലേക്കുള്ള യാത്രക്ക് ഉതകും. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വേണ്ടത്ര പാര്‍ക്കിങ് സൗകര്യവും ഉണ്ട്.

Palais De Chaillot 

ഈഫല്‍ ടവര്‍ കണ്ട്, അതിനോടുചേര്‍ന്നുള്ള പാര്‍ക്കില്‍ കുറച്ചു വിശ്രമിച്ച ശേഷം സൈന്‍ നദിക്ക് അക്കരെ ചെറിയ കുന്നില്‍ സ്ഥിതിചെയ്യുന്ന Plais De Chaliot ലേക്ക് ഞങ്ങള്‍ നടന്നു. കൊട്ടാരസദൃശമായ ഈ കെട്ടിടത്തില്‍ മ്യൂസിയങ്ങളും പ്രദര്‍ശന/ വില്പന ശാലകളുമാണ്. ഐക്യരാഷ്ട്രസഭ 1948 ഡിസംബര്‍ 10 ന് ലോക മനുഷ്യാവകാശ പ്രഖ്യാപനം നടത്തുവാന്‍ തിരഞ്ഞെടുത്തത് ഇവിടം ആയിരുന്നു. ഈ  കൊട്ടാരമുറ്റത്തു നിന്ന് ഈഫല്‍ ടവര്‍ കാണുവാനും ആ സുന്ദരദൃശ്യം ക്യാമറയില്‍ പകര്‍ത്തുവാനും ഏറെപ്പേര്‍ ഇവിടെ എത്തുന്നു. മുന്നിലെ തോട്ടത്തില്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമാഷൂട്ടിങ്  നടക്കുന്നു. അവിടെനിന്നു ടവറിന്റെ കുറച്ചു ചിത്രങ്ങള്‍ എടുത്ത ശേഷം, അടുത്ത ലക്ഷ്യമായ ആര്‍ക് ഡി ട്രയാംഫിലേക്ക് ബസ്സ് കയറി. Grand Palias ബസ്സ്റ്റോപ്പില്‍ ഇറങ്ങി, ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. വിസ്തൃതമായ വീഥി, രണ്ടുവശത്തും പഴയ കൊട്ടാരങ്ങള്‍. അവയില്‍ സ്റ്റാര്‍ ഹോട്ടലും വിവിധ പ്രദര്‍ശനങ്ങളും കലയും കച്ചവടവും എല്ലാം നടക്കുന്നുണ്ട്.

Paris Journey

Palias De Concorde

ഇരുപത് ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം പാരീസ് നഗരത്തിലെ പ്രധാന ചത്വരങ്ങളില്‍ ഒന്നാണ്. ലൂവ്രേ കൊട്ടാരം മുതല്‍ നേര്‍രേഖയില്‍ ഒരു ഉദ്യാനം - Toilerie garden, കോണ്‍കോര്‍ഡില്‍ അവസാനിക്കുന്നു. അവിടെനിന്നു ആര്‍ക് ഡി ട്രയാംഫ് വരെയുള്ള രാജവീഥിയാണ് ഷാംസ് എലിസിസ്  (Champs Elysese).

Paris Journey

യുറോപ്പിലെ ഏറ്റവും വലിയ മിലിറ്ററി പരേഡ് ആയ Bastille Day Parede നടക്കുന്നത് ഇവിടെയാണ്. ദില്ലിയിലെ റിപ്പബ്ലിക് ഡേ പരേഡ് പോലെ. ഫ്രഞ്ച് പ്രസിഡന്റും പരിവാരങ്ങളും പരേഡ് വീക്ഷിക്കുന്നത് കോണ്‍കോര്‍ഡില്‍ നിന്നുകൊണ്ടാണ്. 230 അടി വീതിയില്‍ രണ്ടു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഷാംസ് എലിസിസ്, മറ്റൊരു നിലയിലും ലോകപ്രശസ്തമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്റെ തലസ്ഥാനം. വിവിധ ഉത്പന്നങ്ങളുടെ, ലോകോത്തര ബ്രാന്‍ഡുകളുടെയെല്ലാം ഷോറൂമുകള്‍ ഇവിടെ ഉണ്ട്. ADIDAS ,BENETTON,NIKE,ZARA,H& M,TOYOTA,LOUIS VUITTON, HUGO BOSS,DISNEY STORE ഇങ്ങിനെ പോകുന്നു അവരുടെ പട്ടിക .ഇത് അത്യുന്നതങ്ങളില്‍ വിഹരിക്കുന്നവരുടെ മായാലോകം.

Paris Journey
 
NESPRESSO  ഷോറൂമില്‍ കയറി കാപ്പിക്ക് ഓര്‍ഡര്‍ നല്‍കി. വിവിധ രാജ്യങ്ങളിലെ കാപ്പിയുണ്ട്. സൗത്തിന്ത്യനും ബ്രസീലിയാനുമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. സാധനം വന്നപ്പോള്‍, ചെറിയ കപ്പില്‍ ഒരു ഔണ്‍സ് കടുപ്പമേറിയ കട്ടന്‍ കാപ്പി ചെറുവിരല്‍ വലുപ്പത്തില്‍ കവറില്‍ ഒരു പണത്തൂക്കം പഞ്ചസാരപ്പൊടി. പാല്‍ ഇല്ല. കുറ്റം പറയരുതല്ലോ ,കാപ്പിയുടെ കൂടെ കടി ഫ്രീ, ഒരു ഉറുപ്പിക വട്ടത്തിലൊരു ക്രീം ബിസ്‌ക്കറ്റ്. ഇവിടത്തുകാരുടെ കാപ്പികുടിരീതി ഇതാണത്രേ. ബില്‍ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഒരു കാപ്പിക്ക് 5 യൂറോ - 350 രൂപ. ഒരു ഡവറ നിറയെ പാലുചേര്‍ത്ത നല്ല ഡിക്കോഷന്‍ കാപ്പി 10 രൂപക്ക് നല്‍കുന്ന നാട്ടിലെ ശരവണ ഭവനുകളുടെ മഹത്വം അപ്പോഴാണ് മനസ്സിലായത്. 

Paris Journey

Arc De Triamphe

ഷാംസ് എലിസ്  അവസാനിക്കുന്നിടത്താണ് ആര്‍ക് ഡി ട്രയാംഫ്. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനെ അനുസ്പ്പരിപ്പിക്കുന്ന ഒരു സ്മാരകം. ഫ്രഞ്ച് വിപ്ലവത്തിലും നെപ്പോളിയന്‍ നയിച്ച യുദ്ധങ്ങളിലും സ്വന്തം നാടിനുവേണ്ടി പൊരുതി മരിച്ച പോരാളികളുടെ സ്മരണക്കായി, ഫ്രഞ്ച് രാജാവ് ലൂയിസ് ഫിലിപ്പ് 1836 ല്‍ നിര്‍മ്മിച്ചതാണ് ഇത്. പിന്നീട് 1921-ല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഒരു ഭടന്റെ  ഭൗതികാവശിഷ്ടവും ഇവിടെ സംസ്‌കരിച്ചു. വിവിധ യുദ്ധങ്ങളില്‍ ഫ്രഞ്ച് സേനയെ വിജയത്തിലേക്ക് നയിച്ച ജനറല്‍മാരുടെയും മറ്റ് പ്രധാനികളുടെയും പേരുകള്‍ ഈ സ്മാരകത്തിന്റെ ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട്, അവയെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങളും ഇവിടെ കാണാം.

Paris Journey
 
ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേന്ന് ഇവിടെ വച്ച് ഒരു പോലീസ് വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായി. ഒരു ഓഫീസര്‍ കൊല്ലപ്പെട്ടു. ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റു. എങ്കിലും അവിടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോ പോലീസൊ ഒന്നുമില്ല. വിനോദസഞ്ചാരികള്‍, പക്ഷെ കുറവായിരുന്നു. ഷാംസ് എലിസില്‍  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട മറ്റൊന്ന് സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ട് വഴിയരികില്‍ ഇരിക്കുന്ന ഒരു കുടുംബമായിരുന്നു. യൂറോപ്പിലേക്ക് കുത്തിയോഴുകുന്ന അഭയാര്‍ഥിപ്രവാഹത്തില്‍ പെട്ട ഒന്നായിരിക്കണം. 

Paris Journey

വൈകിട്ട് 6 മണിയോടെ അന്നത്തെ യാത്ര അവസാനിപ്പിച്ച് താമസസ്ഥലത്തേക്ക് തിരിച്ചു. അടുത്ത രണ്ട് ദിവസം ലൂവ്രേ മ്യൂസിയവും നോട്ടര്‍ഡാം കത്തീഡ്രലും കാണാനാണ് ചിലവഴിച്ചത്. പാരിസില്‍ നിന്നു തിരിച്ചുപോരുന്ന ദിവസം രാവിലെ മോണ്ട് മാട്രയിലേക്ക് ആയിരുന്നു യാത്ര.
 
Mount Mattre

പാരിസ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഒരു കുന്നിന്‍പ്രദേശമാണ് മോണ്ട് മാട്ര. വെളുത്ത മുകപ്പോടുകൂടിയ റോമന്‍ കത്തോലിക്ക പള്ളിയും നിശാക്ലബ്ബുകളും ആണ് ഈ പ്രദേശത്തിന്റെ മുഖ്യ ആകര്‍ഷണം. കുന്നിന്‍മുകളില്‍ നിന്നുമുള്ള നഗരത്തിന്റെ മനം മയക്കുന്ന ദൃശ്യം ആരും ഇഷ്ടപ്പെടും. ഫ്രാന്‍സിലെ വാസക്കാലത്ത്, വിന്‍സെന്റ് വാന്‍ഗോഗ്, പിക്കാസോ. സാല്‍വഡോര്‍ ഡാലി തുടങ്ങിയ പ്രസിദ്ധകലാകാരന്‍മാര്‍ തങ്ങളുടെ പ്രവൃത്തി മണ്ഡലമായി തിരഞ്ഞെടുത്തതും മോണ്ട് മാട്ര ആയിരുന്നു. കൂടാതെ ധാരാളം ഹിറ്റ് സിനിമകളുടെ ലൊക്കേഷനും ആയിട്ടുണ്ട് ഈ പ്രദേശം. 250 എ.ഡി.യില്‍ പാരിസ് ബിഷപ്പ് ആയിരുന്ന സെയിന്റ് ഡെന്നിസിന്റെ തല അറുക്കപ്പെട്ടത് ഈ കുന്നിന്‍ മുകളില്‍ വച്ചായിരുന്നു. ശരീരത്തില്‍ നിന്ന് വേര്‍പെട്ട തലയുമായി അദ്ദേഹം കുന്നിറങ്ങി വന്നെന്നും പിന്നീട് ദൈവഗതി പ്രാപിച്ചു എന്നുമാണ് ഐതിഹ്യം. അദ്ദേഹത്തിന്റെ പേരില്‍ ഇവിടെ ഒരു പള്ളിയും ഉണ്ട്. റോമന്‍ കത്തോലിക്ക പുരോഹിതരില്‍ ജെസ്യൂട്ട് വിഭാഗം ഉടലെടുത്ത ദേവാലയവും ഇവിടെത്തന്നെ.

Paris Journey

Paris Journey

കുന്നിന്മുകളിലെ തിരുഹൃദയ ദേവാലയവും അവിടെനിന്നുള്ള പാരിസിന്റെ പനോരമിക് വ്യൂവും ഒഴിവാക്കരുതെന്ന സുഹൃത്തിന്റെ ഉപദേശമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. അടിവാരത്തുനിന്നു പടികള്‍ കയറിവേണം പള്ളിയുടെമുന്നില്‍ എത്തുവാന്‍, പഴനിയിലെപ്പോലെ. വിഞ്ച് സൗകര്യവുമുണ്ട്. പക്ഷെ കാറില്‍, വഴിയോര കച്ചവടക്കാരുടെ ഇടയിലൂടെ ഒരു വീതികുറഞ്ഞ റോഡിവഴി കുന്നു ചുറ്റി പള്ളിയുടെ പിന്നില്‍ ഞങ്ങള്‍ എത്തി. ലങ്കന്‍ തമിഴ് വംശജനായ ടാക്‌സി ഡ്രൈവര്‍ക്കു ഈ ഊടുവഴികളെല്ലാം സുപരിചിതം. ഞായറാഴ്ച്ച ആയതിനാല്‍ നല്ല തിരക്ക്. വിശ്വാസികളേക്കാളേറെ വിനോദസഞ്ചാരികള്‍. അവിടെയും നീണ്ട ക്യൂ. സുരാക്ഷാപരിശോധനയും കഴിഞ്ഞ് മുകളില്‍ എത്തിയെങ്കിലും ആരാധനസമയം ആയതിനാല്‍ പള്ളിയുടെ അകത്തു കയറാന്‍ പറ്റിയില്ല. പള്ളിമുറ്റത്ത് കുറച്ചു യുവാക്കള്‍ പ്രാര്‍ത്ഥനാഗീതം ആലപിക്കുന്നു. താഴെ ചവിട്ടുപടിയില്‍ ഗിറ്റാര്‍രൂപത്തിലുള്ള ഒരു സംഗീത ഉപകരണവുമായി മറ്റൊരാള്‍ പാടുന്നു. പള്ളിയുടെ വരാന്തയില്‍ കയറിനിന്ന് പാരിസിന്റെ ഒരു വിഹഗവീക്ഷണം നടത്തി. കുറച്ചു ചിത്രങ്ങളൂം പകര്‍ത്തി അവിടെ നിന്നും മടങ്ങി.

ആംസ്റ്റര്‍ഡാം ഫ്‌ലൈറ്റ് പിടിക്കുവാന്‍ ഉച്ചക്ക് ഒരുമണിക്കെങ്കിലും ചാള്‍സ് ഡിഗൊള്‍ വിമാനത്താവളത്തില്‍ എത്തണം. പാരിസ് എന്ന മഹാനഗരം കാണുവാന്‍ മൂന്നുപകലുകള്‍ കൊണ്ട് ഒന്നും ആവില്ല. അവിടത്തുകാരുടെ സംസ്‌കാരവും ജീവിതരീതിയും ചരിത്രവും എല്ലാം കണ്ട് മനസ്സിലാക്കി, അവയില്‍ നല്ലത് ആവാഹിച്ചെടുക്കുവാന്‍ ധാരാളമുണ്ട്. ഞങ്ങളുടെ ഈ യാത്ര ആനയെ കണ്ട കുരുടന്മാരുടെ കഥയ്ക്ക് സമാനമാണ്. എങ്കിലും പാരിസിലേക്കു ഒരു എത്തിനോട്ടം നടത്തുവാന്‍ കഴിഞ്ഞു എന്ന സമാധാനത്തോടെ വിമാനത്തില്‍ കയറി. ഭാര്യയുടെ ഭാരതീയ വേഷവും നെറ്റിയിലെ കുങ്കുമപ്പൊട്ടും കണ്ട്‌കൊണ്ടാകണം എയര്‍ ഫ്രാന്‍സിലെ യൂറോപ്യന്‍ എയര്‍ഹോസ്റ്റസ് തൊഴുകയ്യോടെ ഞങ്ങളെ അഭിവാദ്യം ചെയ്തു... നമസ്‌തേ...