ദിവാസികളെ അടിമവേലയില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. അങ്ങിനെ മാത്രമായിരുന്നു വയനാട്ടിലെ മാനന്തവാടിക്കടുത്ത ഉള്‍ഗ്രാമത്തിലെ പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും അതിന്റെ പെരുമകളുമുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരില്‍ ഈ തോട്ടവും അതിന്റെ പരിസരങ്ങളെയും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ടൂറിസം പാക്കേജുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒരു കാലത്ത് തേയില ഉത്പാദനത്തില്‍ നിന്നും മാത്രം വരുമാനം കാത്തിരുന്ന ഈ സംരംഭത്തിനും ഇന്ന് പുതിയ ഉണര്‍വാണ്. രാജ്യാന്തര സൈക്ലിങ്ങ് മത്സരങ്ങള്‍ക്ക് രണ്ടാം തവണയും വേദിയാകുകയെന്നതും പ്രിയദര്‍ശിനി എന്‍വയേണ്‍സിന്റെ അഭിമാന നിമിഷമാണ്.

Pancharakkolli 1

1984 ലാണ് കോടമഞ്ഞുപുതയുന്ന പഞ്ചാരക്കൊല്ലിയിലെ ഈ മൊട്ടക്കുന്നുകളിലേക്ക്  സര്‍ക്കാരിന്റെ ശ്രദ്ധപതിയുന്നത്. ജീവിതമാര്‍ഗ്ഗത്തിന് ഒരു വഴിയുമില്ലാതെ കഷ്ടപ്പാടുകളില്‍ അലയുന്ന അടിമ വേലയെടുത്ത കഴിഞ്ഞവരുടെ പിന്‍ തലമുറകള്‍ക്ക് ഒരു ജീവിത മാര്‍ഗ്ഗം തുറക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു തേയിലത്തോട്ടമായി മാറാന്‍ അധിക കാലമെടുത്തില്ല. ടീ ഫാക്ടറിയും ഇവിടെ ഉയര്‍ന്നു. പ്രീയദര്‍ശിനി എന്ന പേരില്‍ സ്വന്തം പേരിലുള്ള ചായപ്പൊടിയുമായി വിപണിയിലെത്താനും വൈകിയില്ല.

എന്നാല്‍ പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും നഷ്ടക്കണക്കുകളുടെ പട്ടികയില്‍ പ്രതീക്ഷകള്‍ മുരടിച്ചു. തൊഴിലാളികള്‍ക്കും കഷ്ടപ്പാടുകളായി. ഇതില്‍ നിന്നും ഒരു മോചനത്തിനായി സബ്കളക്ടര്‍മാര്‍ തുടക്കമിട്ട  സൊലൂഷനാണ് ടീ എന്‍വിറോണ്‍സ്. തോട്ടം നടത്തിപ്പിനൊപ്പം വരുമാനം സ്വരൂപിക്കാന്‍ വിനോദ സഞ്ചാരത്തെയും കൂട്ടുപിടിച്ചു. പഴയ ഗസ്റ്റ് ഹൗസുകളെ സഞ്ചാരികള്‍ക്കായി മോടിപിടിപ്പിച്ചു. തേയിലക്കുന്നുകള്‍ക്കിടയില്‍ ഹട്ടുകളും മറ്റും നിര്‍മ്മിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുംവിധം തോട്ടത്തെ ബാധിക്കാതെയുള്ള ടൂറിസത്തിനും അങ്ങിനെ തുടക്കമായി. ഇന്ന് വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന സ്വര്‍ഗ്ഗീയ ഇടമായി പ്രീയദര്‍ശിനി മാറിയതിങ്ങനെയാണ്. ചായ ഫാക്ടറി മ്യൂസിയമാക്കി മാറ്റി. വിവിധയിനം ചായയും ചായയുടെ ചരിത്രവും പിന്നിട്ട നാള്‍ വഴികളുമെല്ലാം പരിചയപ്പെടുത്തുന്ന ഈ സംരംഭത്തെയും ആര്‍ക്കും ഇവിടെ വന്നാല്‍ അടുത്തറിയാം.

Pancharakkolli 2

വെല്‍ക്കം ടു ടീ ടൂര്‍ 

ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പച്ചപ്പട്ടു പുതച്ച കുന്നുകളും താഴ് വാരങ്ങളും വരച്ചിടുന്ന കാഴ്ചകള്‍ക്കിടയില്‍ സുന്ദരമാണ് പഞ്ചാരക്കൊല്ലി. വയനാടിന്റെ തനി ഗ്രാമീണതയില്‍ അലിഞ്ഞു ചേരാന്‍ അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇഷ്ടം കൂടുന്നു. നഗരത്തിരക്കുകളില്‍ നിന്നും എല്ലാത്തിനും അവധി പറഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് സ്വസ്ഥമായൊരിടമാണിത്. 2008 ലാണ് ഇവിടുത്തെ ബംഗ്ലാവിന്റെ നവീകരണം പൂര്‍ത്തിയായത്. ബ്രിട്ടീഷ് ഭരണകാലത്തെ കെട്ടിടങ്ങളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ ആര്‍ച്ചുകളും പ്രത്യേക രീതിയിലുമുള്ളതാണ് കെട്ടിട നിര്‍മ്മാണ രീതി. ഡീലക്‌സ് റൂമുകള്‍, പ്രീമിയം റൂമുകള്‍, പ്രൈവറ്റ് വില്ല തുടങ്ങിയ സൗകര്യങ്ങള്‍ മിതമായ രൂപയ്ക്ക് ലഭിക്കുന്നുവെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. 9 മുറികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ താമസത്തോടൊപ്പം സന്ദര്‍ശകരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനും സൗകര്യങ്ങളുണ്ട്.

Pancharakkolli 3

വിനോദ സഞ്ചാരികള്‍ക്കു മാത്രമല്ല ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് നടത്തുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ക്ലാസ് മുറികളുടെ നാലു ചുവരിനുള്ളിലൊതുങ്ങാതെ മരത്തണലിലിരുന്ന് ഗുരുകുല സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന പുത്തന്‍ രീതി കുട്ടികള്‍ക്കും പ്രിയപ്പെട്ടതാകും. ആദിവാസി വിഭാഗക്കാര്‍ക്കാരായ 300 ഓളം കുടുംബങ്ങളാണ് പ്രിയദര്‍ശിനി എസ്റ്റേറ്റിലുള്ളത്. അവരുടെ ഏക വരുമാനമാര്‍ഗം എസ്റ്റേറ്റിലെ തൊഴിലിനെ ആശ്രയിച്ചാണ്.  നിലവില്‍ തേയിലയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വിപണനമാണ് പ്രിയദര്‍ശിനിയിലെ വരുമാനം.

Pancharakkolli 6

എന്നാല്‍ തേയിലയുടെ വിപണിയിലെ വിലയിടിവ് എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ തന്നെ പ്രദേശത്തെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാം ടൂറിസം എന്ന ആശയവും ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. വ്യൂ പോയിന്റില്‍ നിന്നും കാഴ്ചകള്‍ ആസ്വദിക്കാനും ട്രക്കിങ്ങ് നടത്താനും ഇവിടെ സൗകര്യമുണ്ട്. പ്രീയദര്‍ശിനിയിലെ ടീ ടൂറിന് മുപ്പത് രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. തേയില ഉത്പാദനം മുതല്‍ സംസ്‌കരണവരെയും ഇവിടെ നിന്നും നേരിട്ടറിയാം. വിവിധയിനം ചായകളെയും ഇവിടെ നിന്നും പരിചയപ്പെടുത്തുന്നു. വേണമെങ്കില്‍ ചായയുണ്ടാക്കി കുടിക്കുകയുമാവാം. രാവിലെ 9 മുതല്‍ വൈകീട്ട് നാല് വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

Pancharakkolli 4

തേയിലത്തോട്ടങ്ങള്‍ക്കിടയിലാണ് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള കോട്ടേജുകള്‍ പണിതിരിക്കുന്നത്. പ്രതിദിനം ആയിരം രൂപമുതല്‍ 15000 രൂപ വരെയുള്ള താരിഫില്‍ ഇവിടെ തങ്ങാം. ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇവിടെ നിന്നും വിശ്വാസ്‌മേത്ത വ്യുപോയിന്റിലേക്കുള്ള സവാരിയും നടത്താം. ഇതിനായി ജീപ്പ് സര്‍വീസും പ്രയോജനപ്പെടുത്താം. ടെന്റടിച്ച് താമസിക്കാനും സൗകര്യമുണ്ട്. സംഘമായി സഞ്ചാരികള്‍ക്ക് രാത്രിയില്‍ വിദൂരക്കാഴ്ചകള്‍ ആസ്വദിച്ച് ടെന്റില്‍ കഴിയാം. മുന്‍കൂട്ടി ബുക്ക് ചെയ്ത് വേണം ഇതിനായി എത്താന്‍. മാനന്തവാടിയില്‍ നിന്നും പിലാക്കാവ് വഴി ഒമ്പത് കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക് യാത്രയുള്ളത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൂടി സഹകരിച്ച് പ്രിയദര്‍ശിനിയുടെ സാധ്യതകള്‍ വിപുലപ്പെടുത്തുകയാണ്.

Pancharakkolli 4

ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തിലാണ് പ്രീയദര്‍ശിനി കുന്നുകളുള്ളത്. ഇവിടെ ഒരുക്കിയ ട്രീ ഹട്ടുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതിലും സുന്ദരം. പുതുതായി ഒരുക്കിയ ട്രീ ഹട്ടുകളും സൗകര്യങ്ങളും പഞ്ചാരക്കൊല്ലിയുടെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും പിന്നിടാന്‍ സൈക്ലിങ്ങും ഇവിടെ പരീക്ഷിക്കാം. രാജ്യാന്തര മൗണ്ടൈന്‍ ടെറൈന്‍ ബൈക്കിങ്ങിന്റെ ഫീല്‍ഡാണിത്. സാഹസിക സഞ്ചാരികള്‍ക്ക് വേണ്ടുവോളം ഇതെല്ലാം ആസ്വദിക്കാം.

Tree Hut

 

Pancharakkolli

വിനോദ സഞ്ചാരവകുപ്പിന്റെ വെബ്‌സൈറ്റുവഴി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഇവിടുത്തെ ടൂറിസം ആക്ടിവിറ്റികള്‍ക്ക് നേതൃത്ത്വം നല്‍കുന്നത്. തോട്ടത്തിന്റെയും മറ്റും നടത്തിപ്പ് സബ്കളക്ടര്‍ ചെയര്‍മാനായിട്ടുള്ള സൊസൈറ്റിക്കാണ്. സഞ്ചാരികളുടെ വരവിനനുസരിച്ച് ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പുകളാണ് ഇവിടെ പുരോഗമിക്കുന്നത്.വയനാടിന്റെ പുതിയ ഡെസ്റ്റിനേഷനുകളില്‍ പ്രിയദര്‍ശിനിയും സഞ്ചാരികള്‍ക്ക് വേറിട്ട വിരുന്ന് നല്‍കും.

Content Highlights: Tea Tourism, Pancharakkolli Tourism