ലാവാന്‍ (Palawan) പോകണമെന്ന് ഞാന്‍ തീരുമാനിക്കുന്നത് ഒരു ഫിലിപ്പിനോ സുഹൃത്ത് സമ്മാനിച്ച മനോഹരമായ പലാവാന്‍ പോസ്റ്റ് കാര്‍ഡ് കണ്ടിട്ടാണ്. 7107 ദ്വീപുകളുള്ള ഫിലിപ്പിന്‍സിലെ ഏറ്റവും വലിയ ദ്വീപ് പ്രവിശ്യയാണ് പലാവാന്‍. ഫിലിപ്പിന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നിന്ന് പലാവാന്റെ തലസ്ഥാനത്തുള്ള പ്വെര്‍ടോ പ്രിന്‍സേസ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (Puerto Princesa International Airport) ഒന്നര മണിക്കൂര്‍ വിമാനയാത്രയെ ഉള്ളു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ചെറിയ വിമാനത്താവളം! പലതരം തട്ടിപ്പുകള്‍ക്കും പോക്കറ്റടിക്കും പേരുകേട്ട മനിലയെ പോലെയല്ല പലാവാന്‍, ഇവിടെയുള്ളവര്‍ സത്യസന്ധരും സഹായമനസ്‌കരുമാണ്.

2

ആദ്യ ദിവസത്തെ പ്വെര്‍ടോ പ്രിന്‍സേസ നഗര യാത്രയിലെ പ്രധാന ആകര്‍ഷണം ടാബോണ്‍ ഗുഹയും (Tabon Cave) പലവാന്‍ വന്യജീവി റെസ്‌ക്യൂ, സംരക്ഷണ കേന്ദ്രവും (Palawan Wildlife Rescue and Conservation Center) മിന്നാമിന്നികളെ കാണാന്‍ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയിലൂടെയുള്ള രാത്രി തോണി സവാരിയും ആയിരുന്നു (Iwahig Firefly Watching). കണ്ടല്‍ക്കാടുകള്‍ നിറയെ ക്രിസ്മസ് ട്രീ അലങ്കരിച്ച പോലെ മിന്നാമിന്നികള്‍, ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍, തോണി തുഴയുമ്പോള്‍ വെള്ളത്തിലുള്ള പ്ലാങ്ക്‌റ്റൊനുകള്‍ പ്രകാശിക്കുന്നു. അങ്ങനെ ആകാശവും പുഴയും മരങ്ങളും പ്രകൃതിയുടെ പ്രകാശത്താല്‍ മുഖരിതം! നമ്മുടെ കേരളത്തില്‍ ഇങ്ങനെയൊരു വിനോദയാത്ര പരീക്ഷിക്കാവുന്നതാണ്. 

3

വന്യജീവി റെസ്‌ക്യൂ, സംരക്ഷണ കേന്ദ്രത്തിലെ മുതല ഫാമില്‍ മുതല ഇറച്ചി കഴിക്കാന്‍ കിട്ടും! മുതലയെ കയ്യിലെടുത്തു ഫോട്ടോ എടുക്കുകയും ആവാം. ലോകത്തിലെ ഏറ്റവും വലിയ മുതലയായ ലോലോങ്ങിനെ പിടികൂടിയത് പലവാനില്‍ നിന്നാണ്. മുതലയെ കൂടാതെ മറ്റു പല ദ്വീപു ജീവികളുമുണ്ട്, പലതും ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്തവ. പലാവാന്‍ ചിത്രശലഭ പാരിസ്ഥിതിക ഉദ്യാനത്തില്‍ (Palawan Butterfly Ecological Garden and Tribal Village) പലതരം ചിത്രശലഭങ്ങലെയും ഇഴജീവികളെയും പരിപാലിക്കുന്നു.

12

കൊക്കോണുകളെ അടുത്ത് കാണാനും ഇഴ ജീവികളെ കൈയിലെടുത്തു പരിശോദിക്കാനും ഇവിടെ സൗകര്യമുണ്ട്. അവിടെയുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതരീതികളും കലാപരിപാടികളും കാണാനും അവരോടു സംസാരിക്കാനും വിവര്‍ത്തകര്‍ സഹായിക്കും. അവരുടെ വളര്‍ത്തു മൃഗമായ സാംസണ്‍ എന്ന പെരുമ്പാമ്പിന്റെ കൂടെ കുറച്ചു ചിത്രങ്ങളും പകര്‍ത്തി. ടാബോണ്‍ ഗുഹയില്‍ നിന്നാണ് 1962ല്‍ 22000 വര്‍ഷം പഴക്കമുള്ള മനുഷ്യാസ്ഥികള്‍ കണ്ടെടുത്തത്.

4

രണ്ടാമത്തെ ദിവസത്തിന്റെ തുടക്കം ഉഗൊങ്ങ് (Ugong Rock) പാറക്കെട്ടുകള്‍ കയറിയതിനു ശേഷം ഫിലിപ്പിന്‍സിലെ ഏറ്റവും നീളം കൂടിയ സിപ്ലൈനിലൂടെ (Zipline) സൂപ്പര്‍മാനെ പോലെ താഴേക്കു കുതിച്ചു കൊണ്ടായിരുന്നു. ഒരു പക്ഷിയെ പോലെ പറന്നിറങ്ങി! ചുണ്ണാമ്പു കല്ലുകളാല്‍ രൂപീകൃതമായതാണ് ഉഗൊങ്ങ് പാറക്കെട്ടുകള്‍, രൂപീകരണത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ കയ്യുറകള്‍ ധരിച്ചേ പ്രവേശനമുള്ളൂ. ഇതിനിടയിലെ നിരവധി ഗുഹകളിലൂടെ സഞ്ചരിച്ച് കയറിലൂടെ ഒരു വലിയ കയറ്റം കയറിയാല്‍ പാറക്കെട്ടുകളുടെ മുകളിലെത്താം. ഇവിടെ കണ്ട ഇക്കോ-ടൂറിസം മോട്ടോ എന്നെ ഒരുപാടു ആകര്‍ഷിച്ചു.

5

'ഒന്നിനെയും കൊല്ലരുത് പക്ഷെ സമയം മാത്രം,

ഒന്നും എടുക്കരുത് പക്ഷെ ചിത്രങ്ങള്‍ മാത്രം,

ഒന്നും കത്തിക്കരുത് പക്ഷെ കലോറി മാത്രം,

ഒന്നും വിട്ടുപോകരുത് പക്ഷെ കാല്‍പ്പാടുകള്‍ മാത്രം,

ഒന്നും കൊണ്ടുപോകരുത് പക്ഷെ ഓര്‍മ്മകള്‍ മാത്രം'

ഇതായിരുന്നു അതിന്റെ അര്‍ത്ഥം.

6

പലാവാനിലെ രണ്ടു യുനെസ്‌കോ ലോക പൈതൃകങ്ങളാണ് പ്വെര്‍ടോ പ്രിന്‍സേസ ഭൂഗര്‍ഭ നദി ദേശീയോദ്യാനവും (Puerto-Princesa Subterranean River National Park), റ്റുബ്ബതാഹ സമുദ്രോദ്യാനവും (Tubbataha Reef Marine Park). ഇതിലൊന്നായ ഭൂഗര്‍ഭ നദിയുടെ പ്രവേശന കവാടത്തിലേക്ക് സബങ്ങില്‍ (Sabang) നിന്ന് ബോട്ടില്‍ ശക്തിയായ തിരമാലകളെ ഭേദിച്ച് കടലിലൂടെ ആടിയുലഞ്ഞു രസകരമായ യാത്ര! അവിടെ ഇറങ്ങി ചെറിയ തോണിയില്‍ ഇരുട്ടില്‍ മൂടിയ ഭൂഗര്‍ഭ നദിയിലേക്ക് ഹെല്‍മെറ്റ് വെച്ചു ലൈഫ് ജാക്കെറ്റ് ഒക്കെ ധരിച്ച് ഗൈഡ്‌നോടൊപ്പം പ്രവേശിച്ചു, പല രൂപത്തിലും വര്‍ണ്ണത്തിലുമുള്ള സ്ടാലഗ്മയ്റ്റ് രൂപങ്ങള്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കാണിച്ചു തന്നു. ഭൂഗര്‍ഭ നദിയുടെ പ്രവേശന കവാടത്തിനടുത്തുള്ള കാട്ടില്‍ നിറയെ കുരങ്ങുകളാണ്, ഒന്ന് രണ്ടു ഉടുമ്പുകളെയും കാണാന്‍ സാധിച്ചു. 2012ല്‍ പ്വെര്‍ടോ പ്രിന്‍സേസ ഭൂഗര്‍ഭ നദി ലോകത്തിലെ പ്രകൃതിയുടെ പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പലവാന്റെ മനോഹാരിത വാക്കുകളില്‍ വര്‍ണ്ണിക്കുക പ്രയാസം!

7

പലാവാന്റെ കിഴക്കേ അറ്റമായ എല്‍ നിദൊയിലേക്ക് (El Nido) പ്വെര്‍ടോ പ്രിന്‍സേസയില്‍ നിന്നും 5 മണിക്കൂര്‍ ബസ് യാത്രയുണ്ട്. എല്‍ നിദൊയില്‍ ചെറിയൊരു ആഭ്യന്തര വിമാനത്താവളവുമുണ്ട്. പുറം ലോകത്തുനിന്ന് മറഞ്ഞു കിടക്കുകയായിരുന്ന എല്‍ നിദൊയുടെ അതുല്യ സൗന്ദര്യം 1979 ലെ ഒരു കടല്‍ അപകടത്തോടെയാണ് വെളിപ്പെട്ടത്. എല്‍ നിദൊയില്‍ ചിലവിട്ട മൂന്നു ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ദിനങ്ങളായിരുന്നു. രാവിലെ എഴുന്നേല്‍ക്കും ഒന്നിനെ കുറിച്ചും ആലോചിക്കാതെ ബോട്ടില്‍ കടലിലെ കൊച്ചു ദ്വീപുകള്‍, ലഗൂണുകള്‍ ഇവ ലക്ഷ്യമാക്കി പുറപ്പെടും. 

8

പലതരത്തിലുള്ള ഐലന്ഡ് ഹോപ്പിംഗ് (Island Hopping) ടൂറുകള്‍ എല്‍ നിദൊയിലുണ്ട്. ആദ്യത്തെ ഐലന്ഡ് ഹോപ്പിംഗ് കടലില്‍ അങ്ങിങ്ങായി കാണാവുന്ന മരതകക്കല്ലുകള്‍ പോലുള്ള കൊച്ചു കൊച്ചു ദ്വീപുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ തീരങ്ങളിലേക്കായിരുന്നു. മാറ്റിന്‍ലൊക് ദ്വീപിലെ (Matinloc Island) രഹസ്യ ബീച്ചിലേക്ക് (Secret beach) നീന്തിയും സ്‌നോര്‍കീല്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലൂടെ ഇടുങ്ങിയ വഴികളിലൂടെയും പോകണം. ക്യാമറയും ഫോണുമെല്ലാം വെള്ളം കയറാത്ത ബാഗിലാക്കി ഗൈഡ് കൊണ്ട് വന്നു. വെള്ളനിറമാര്‍ന്ന മണല്‍ത്തരികള്‍, ചുറ്റിലും കടലില്‍ നിന്നുയര്‍ന്നു വന്ന കോട്ടമതിലുകള്‍ പോലുള്ള കൂറ്റന്‍ പാറക്കെട്ടുകള്‍. പേരിനെ അന്വര്‍ത്ഥമാക്കുന്ന രഹസ്യ തീരം. രാത്രികാലങ്ങളില്‍ മത്സ്യകന്യകമാര്‍ ഇവിടെ വരാറുണ്ടായിരിക്കാം! ഇവിടെ നിന്ന് മാറ്റിന്‍ലൊക് ദേവാലയത്തിലേക്ക് ബോട്ടില്‍ കുറച്ചു നേരം സഞ്ചരിക്കണം, അവിടത്തെ പാറക്കെട്ടുകള്‍ക്കു മുകളില്‍നിന്നുള്ള കാഴ്ച അവര്‍ണ്ണനീയം! അങ്ങനെ പല പല സുന്ദര ദ്വീപുകള്‍.

9

ഹിഡന്‍ ബീച്ചിന്റെ (Hidden Beach) ഓരത്തുള്ള പവിഴ പുറ്റുകള്‍ നിറഞ്ഞ നീലിമയാര്‍ന്ന കടലില്‍ സ്‌നോര്‍കീലിംഗ് ചെയ്യുമ്പോള്‍ പല നിറത്തിലുള്ള മീനുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടലാമകള്‍, കടല്‍ ഒച്ചുകള്‍, ജെല്ലി ഫിഷ് എന്നിങ്ങനെ പലതരത്തിലുള്ള സമുദ്രജീവികളെ കാണാം. ഞങ്ങള്‍ സ്‌നോര്‍കീലിംഗ് കഴിഞ്ഞു വരുമ്പോഴേക്കും ടൂര്‍ സംഘാടകര്‍ ഊണ് തയ്യാറാക്കി വെച്ചിരുന്നു. ഊണിനു ശേഷം ഹെലികൊപ്‌റ്റെറിന്റെ ആകൃതിയിലുള്ള ഹെലികൊപ്‌റ്റെര്‍ ദ്വീപില്‍ (Helicopter Island) പോയി തിരിച്ചു വന്നു. ലാസ് കബാനാസ് (Las Cabanas) ബീച്ചില്‍ പോയി സൂര്യാസ്തമനത്തിന്റെ ഭംഗിയുള്ള കുറെ ചിത്രങ്ങള്‍ പകര്‍ത്തി. അവിടെയുള്ള ബീച് റെസ്‌റൊരന്റ്‌റ്ല്‍ നിന്ന് അത്താഴം കഴിച്ചു. പക്ഷിക്കൂട് സൂപ്പിനു പേരുകേട്ട സ്ഥലമാണിത്, പ്രകൃതി സ്‌നേഹിയായതുകൊണ്ട് ഞാന്‍ കഴിച്ചില്ല. പഴയ പേരായ ബാക്യുറ്റ് മാറ്റി എല്‍ നിദൊ എന്നാക്കിയത് സ്പാനിഷില്‍ നിദൊ എന്നറിയപ്പെടുന്ന ഇവിടെയുള്ള പാറക്കെട്ടുകളില്‍ ധാരാളമായി കാണപ്പെടുന്ന ഈ പക്ഷിക്കൂട് കാരണമാണ്.

10

പിറ്റേ ദിവസത്തെ ഐലന്ഡ് ഹോപ്പിംഗ് നല്ല കാറ്റും മഴയും കാരണം നിര്‍ത്തലാക്കി. മസ്സാജും ഹോട്ടലിലെ പല്ലാംകുഴി കളിയുമൊക്കെയായി സമയം പോക്കി. വൈകുന്നേരം മഴ കുറച്ചു ശമിച്ചപ്പോള്‍ സ്‌കൂബ ഡൈവിംഗിന് പോയി.  സ്‌കൂബ ഡൈവിംഗ് ലൈസെന്‍സ് കിട്ടിയുള്ള എന്റെ ആദ്യത്തെ ഡൈവിംഗ്! സെവെന്‍ കമാണ്ടോസ് (Seven Commandos) ബീച്ചില്‍ നിന്നും സ്പീഡ് ബോട്ടില്‍ ഡൈവിംഗ് സ്ഥലത്തേക്ക്, മഴ പെയ്തു വെള്ളം കലങ്ങിയതിനാലും വെളിച്ചം കുറവായത് കൊണ്ടും വ്യക്തമായ കാഴ്ച ഇല്ലെങ്കിലും പവിഴപുറ്റുകളും മീനുകളും കടലാമകളെയും കാണാന്‍ പറ്റി.

11

അടുത്ത ദിവസം തെളിനീരുള്ള ലഗൂണുകളിലേക്ക് (Big Lagoon, Small Lagoon). ബോട്ടില്‍ നിന്നിറങ്ങി കയാക്കിംഗ് ചെയ്തു വേണം ലഗൂണിലേക്ക് പോകാന്‍. ചെറിയ ലഗൂണിനു ആഴം കുറവായതിനാല്‍ തെളിനീരിലൂടെ അടിയിലുള്ള പവിഴപുറ്റുകളും കടല്‍ച്ചേനകളും (Sea Urchins) കാണാം. അവിടെ കുറച്ചു നേരം നീന്തിത്തുടിച്ച് വലിയ ലഗൂണിലേക്ക്, ആഴമുള്ളതിനാല്‍ മരതക വര്‍ണ്ണമാര്‍ന്ന വെള്ളം. കായാക്കില്‍ ലഗൂണില്‍ കുറെ നേരം തുഴഞ്ഞു നടന്നു. ലഗൂണില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ബോട്ടില്‍ വച്ചു തന്നെ ഊണ് കഴിച്ചു. മനിലയിലെക്കുള്ള വിമാനം രാത്രിയില്‍ പ്വെര്‍ടോ പ്രിന്‍സേസയില്‍ നിന്നാണ്. 

13

ഉച്ചയ്ക്ക് പുറപ്പെട്ടാലേ സമയത്തിനു എത്തൂ. അവിടെ നിന്ന് പോകാന്‍ മനസ്സു വന്നില്ല, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എല്‍ നിദൊയോട് വിട പറഞ്ഞു. വരുമ്പോഴുള്ള യാത്ര രാത്രി ആയതു കൊണ്ട് പുറം കാഴ്ചകള്‍ സാധ്യമായില്ല. തിരിച്ചു വരുമ്പോള്‍ കേരളത്തിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി, തെങ്ങുകളും മാവുകളും കശുമാവുകളും ഒക്കെയായി അതേ ഭൂപ്രകൃതി. ഇടയില്‍ ഒരിടത്ത് മാങ്ങ കള്ളക്കടത്ത് പരിശോദനക്കുള്ള ചെക്ക് പോസ്റ്റ് ഉണ്ട്! ഈ ചെക്ക് പോസ്റ്റിന്റെ അപ്പുറത്തുള്ള മാങ്ങകള്‍ ഇപ്പുറത്തേക്കും തിരിച്ചും കൊണ്ടുപോകാന്‍ പാടില്ല, മാവുകള്‍ക്ക് വരുന്ന ഏതോ രോഗം തടയാനാണത്രെ!

പലാവാനിലെ ദിനങ്ങള്‍ പുറംലോകത്തെ കുറിച്ചുള്ള ചിന്തയില്ലാതെ കടലിനോടു ഇഴുകി ചേര്‍ന്നതായിരുന്നു. അവിടെ പരിചയപ്പെട്ട, ജോലി ഉപേക്ഷിച്ചു നാടുവിട്ട ബ്രിട്ടീഷ് സ്‌കൂബ ഡൈവിംഗ് പരിശീലകനെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല! നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഇപ്പോള്‍ പോകാന്‍ പറ്റിയ ഏറ്റവും നല്ല ബീച്ചുകളില്‍ ഒന്നായി തിരഞ്ഞെടുത്തത് പലാവാനിലെ എല്‍ നിദൊ ആണ്. അപ്പോള്‍ പോകുവല്ലേ എല്‍ നിദൊയിലേക്ക്!

14

The eco-tourism motto:

Kill nothing but time
Take nothing but pictures
Burn nothing but calories
Leave nothing but foot prints
Bring nothing but memories

 
Nearest Airports:  Puerto Princesa International Airport in the west and El Nido Airport in the east

Things to do:        Island hopping, Kayaking, Snorkeling, Scuba diving, Spelunking, Ziplining etc