നീലഗിരിയുടെ നെറുകയില്‍ നിന്നും അങ്ങകലെ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ യാത്രകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോക പ്രസിദ്ധമായ ഊട്ടി പുഷ്പമേള 123 എഡിഷനുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയപ്പോള്‍ ഈ നഗരത്തില്‍ ഇക്കാലം വരെയും എത്തി മടങ്ങിയത് കോടിക്കണക്കിന് സഞ്ചാരികളാണ്. അവരുടെ ഹൃദയങ്ങളില്‍ ഈ നാട് ചേര്‍ത്ത് വെയ്ക്കുന്ന ഓരോ പൂക്കാലവും കുളിരും നാളെകളിലേക്ക് നീങ്ങുന്ന അനേകം യാത്രകളുടെ തുടക്കവുമാണ്.
തണുപ്പിന്റെ നാട് എന്ന ഖ്യാതി നേടിയ ഊട്ടി എല്ലാവര്‍ഷവും മേയ് മാസം പൂക്കാലം എത്തുമ്പോള്‍ പൂക്കളുടെ റാണിയായി മാറും. ബ്രിട്ടീഷ് ഭരണ കാലത്താണ് ഉതകമണ്ഡലം എന്നറിയപ്പടുന്ന മൂന്നു കുന്നുകളാല്‍ ചുറ്റപ്പെട്ട നീലഗിരി താഴ്‌വാരം പൂന്തോട്ടമായി മാറുന്നത്. ഇവിടുത്തെ സ്‌കോട്ട്‌ലാന്റിന് തുല്യമായ കാലാവസ്ഥ ഇംഗ്‌ളീഷുകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ചായത്തോട്ടങ്ങള്‍ തുടങ്ങാന്‍ ദക്ഷിണേന്ത്യയിലെത്തിയ സായ്പന്‍മാരുടെ താവളമായിരുന്നു ഇവിടം. തണുപ്പകറ്റാന്‍ നെരിപ്പോടുകളുമായി പാശ്ച്യാത്ത നാടിന്റെ മാതൃകയില്‍ ഇംഗ്‌ളീഷുകാര്‍ നിര്‍മിച്ച അനവധി കെട്ടിടങ്ങള്‍ ഇവിടെ ഇന്നും അവശേഷിക്കിന്നുണ്ട്. കുതിരപന്തയത്തിനായുളള വലിയ മൈതാനവും വാശി നിറഞ്ഞ മത്സരങ്ങളും ജാക്കികളും ജാക്കുപോട്ടുമെല്ലാം ഈ നാടിന്റെ വേറിട്ട കാഴ്ചയാണ്.
1845ലാണ് ഊട്ടിയില്‍ സസ്യോദ്യാനം സ്ഥാപിച്ചത്. ഡി.ജി.മെര്‍വല്‍ എന്ന ആര്‍ക്കിടക്റ്റ് ഇംഗ്ലണ്ടിലെ റോയല്‍ ബോട്ടാണിക്കല്‍ ഉദ്യാനത്തിന്റെ മാതൃകയിലാണ് ഇതും നിര്‍മിച്ചത്. മദ്രാസ് പ്രസിഡന്‍സി ഗവര്‍ണ്ണറുടെ വേനല്‍ക്കാല വസതിയുടെ ഉദ്യാനമാണിത്. ലോക സസ്യ ജൈവ വൈവിധ്യത്തിന്റെ ചെറിയൊരു ഭൂപടമാണ് നൂറേക്കര്‍ വിസ്തൃതിയിലുളള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഊട്ടി റോസ് ഗാര്‍ഡനില്‍ സ്ഥിരമായി 3400 ഇനം റോസാ പൂക്കളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചവയാണിത്. പച്ചയും മഞ്ഞയും കറുപ്പും കലര്‍ന്ന പനിനീര്‍ പൂക്കളുടെ ശേഖരം തന്നെ മതി ആരെയും ആകര്‍ഷിക്കാന്‍. വലിയ കുന്നിന്റെ ചെരുവില്‍ ഊട്ടി പട്ടണത്തിന്റെ വിദൂര കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുളള റോസ് ഗാര്‍ഡന്‍ യാത്ര അവാച്യമായ അനിഭൂതിയാണ് നല്‍കുന്നത്. നഗരം പനിനീര്‍ നിറങ്ങളില്‍ മുങ്ങുമ്പോള്‍ ഊട്ടി നഗരവും അതിന്റെ വസന്തോത്സവവും ലോകത്തിന്റെ വിവധ കോണുകളിലേക്ക് കൈകള്‍ നീട്ടുന്നു.
ആസ്തര്‍, ജറബറ, ലില്ലിയം, പെറ്റിയുണിയം, കാര്‍ണേഷ്യം, സാല്‍വിയം മരിഗോള്‍ഡ്, ഡാലിയ തുടങ്ങിയ ഇനം പൂക്കള്‍ വിടരുന്ന ബൊട്ടാണിക്കല്‍ ഉദ്യാനവും തടാകവും റോസ് ഉദ്യാനവും ഡോഡബേട്ടയിലെ ദൂരക്കാഴ്ചകളും തടാകവും ഷൂട്ടിങ്ങ് പോയിന്റുമെല്ലാം ചേര്‍ന്ന് ഊട്ടിയൊരു നിത്യ സുന്ദരി തന്നെയാവുന്നു. കോടമഞ്ഞ് മാറി മഴയടര്‍ന്നുവീഴും മുന്‍പേ ഇവിടെ നെരിപ്പോടുകള്‍ ഇനി ഉണരുകയാണ്. കുതിര പന്തയവും തേയിലത്തോട്ടവും പച്ചക്കറി കൃഷിയുമൊക്കെയായി തമിഴ്‌നാടിന്റെ ശീതീകരണിയായി നില്‍ക്കുന്ന ഉതകമണ്ഡലത്തിലെ മലയോര തിവണ്ടിയും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതാണ്. പ്രസിദ്ധമായ കുതിരപ്പന്തയം ജൂണ്‍ ആദ്യവാരം കഴിയുന്നതോടെ നീലഗിരിയുടെ ടൂറിസം സിസണിനും അവസാനമാവുകയാണ്. മറ്റൊരു മഞ്ഞുകാലം എത്തുന്നതുവരെ സഞ്ചാരികളും കാത്തിരിക്കുന്നു.
അവിരാമം ശുഭയാത്രകള്‍
താഴ്വാരങ്ങളില്‍ നിന്നും നീലഗിരിയുടെ ഉയരങ്ങളിലേക്ക് ഒരു തീവണ്ടി കൂകി പാഞ്ഞു തുടങ്ങിയിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വളഞ്ഞും പുളഞ്ഞും മലകയറി പോകുന്ന വഴികള്‍. എന്നും പുതുമയുള്ള കാഴ്ചകളിലേക്ക് കണ്ണും തുറന്ന് ഇരുട്ടിന്റെ പാതാളത്തിയൂടെ ഊളിയിട്ട് ഇന്നും ഈ പര്‍വ്വത തീവണ്ടി യാത്ര തുടരുന്നു. നൂറ്റിയെട്ടു വളവുകളും പതിനാറ് തുരങ്കങ്ങളും ഇരുന്നൂറ്റിയമ്പത് പാലങ്ങളും അതിലേറെ കടമ്പകളും പിന്നിട്ട് ഊട്ടിയിലെ ലൗ ഡെയില്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇതിനോട് പ്രണയം മൂത്ത് അനേകം പേര്‍ ഇന്നും ഇവിടെ കാത്തിരിക്കുന്നു. ഒരു ശതം വര്‍ഷങ്ങള്‍ക്ക് മുമ്പ് തണുപ്പിന്റെ കൂടാരത്തില്‍ നെരിപ്പോടുകളില്‍ കനലുകള്‍ ഊതി പെരുപ്പിച്ച സായ്പന്‍മാരുടെ ഓര്‍മകളും അനന്തരങ്ങളുമാണ് ഈ വണ്ടിയുടെ ഞരമ്പുകളില്‍ ഇന്നും ഒഴുകുന്നത്. തേയിലയും കാപ്പിയും സിങ്കോണയും നട്ടുപിടിപ്പിച്ച് ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും ഇവിടെ ജീവിച്ചവര്‍. തിരിച്ചുപോകാന്‍ കഴിയാതെ ഈ മണ്ണില്‍ മനസ്സലിയിച്ചു ചേര്‍ത്തവരുടെ ശ്മശാനങ്ങളും ഇതിനു സാക്ഷ്യം പറയുന്നു.
ആറു ദശകങ്ങളോളം നീലഗിരി കയറിയിറങ്ങിയ ഒരു ആവി എഞ്ചിന്‍ കാലത്തിനു സാക്ഷിയായി കൂനൂര്‍ സറ്റേഷനുമുന്നില്‍ തളര്‍ന്നുറങ്ങുന്നുണ്ട്. ഇതിന്റെ പിന്‍മുറക്കാരാണ് ഇപ്പോള്‍ പൈതൃക പാളത്തിന് ജീവന്‍ പകരുന്നത്. 1947 ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ അവസാന യാത്രികന്‍ ഈ സ്റ്റേഷനില്‍ നിന്നും വിടപറഞ്ഞത്. നീലഗിരിക്ക് ഇവര്‍ നല്‍കിയ സമ്മാനമാണ് നീലഗിരി മൗണ്ടൈന്‍ റെയില്‍വേ എന്ന പര്‍വ്വത വണ്ടി. 2005 ലാണ് യുനസ്‌കോ ഈ തീവണ്ടിയെ ലോക പൈതൃക പദവിയിലുയര്‍ത്തിയത്. ഈജിപ്തിലെ പിരമിഡുകള്‍ പോലെ അവയ്‌ക്കൊപ്പം ലോക പാരമ്പര്യത്തിന്റെ കൊടുമുടിയിലാണ് ഇന്ന് ഈ തീവണ്ടിയുടെ ചൂളം വിളികള്‍.
1882 ലെ ഒരു ശരത്കാലം. ആര്‍തര്‍ റിഗന്‍ബാക് എന്ന സ്വിസ് എന്‍ജീനയറെ ബ്രീട്ടീഷ് ഇന്ത്യ ഊട്ടിയിലേക്ക് ക്ഷണിച്ചു വരുത്തി. പുറം ലോകത്തു നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഉതകമണ്ഡലമെന്ന മദ്രാസ് ഗവണ്‍മെന്റിന്റെ ആസ്ഥാനത്തിന് ഒരു റെയില്‍പാത വേണം ഇതായിരുന്നു ആവശ്യം. യുറോപ്പിന് തുല്യമായ തണുപ്പിന്റെ രാജ്യത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള ദൗത്യം കൂടിയായിരുന്നു ഇത്. റെയില്‍പ്പാതയ്ക്കായി 132000 ഡോളറിന്റെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയതോടെ തീവണ്ടിയുടെ ചൂളം വിളികള്‍ക്കായി ഈ മലയോരം കാത്തിരുന്നു തുടങ്ങി. ദി നീലഗിരി റിഗ്ഗി റെയില്‍ കമ്പനി അങ്ങിനെ സ്ഥാപിക്കപ്പെട്ടു. ചുവപ്പുനാടകളില്‍ കുടുങ്ങിയ നീലഗിരിയുടെ പ്രതീക്ഷകള്‍ പൂവണിയാന്‍ പിന്നെയും കാലമെടുത്തു.
സര്‍ ആര്‍തര്‍ ലെയ്‌ലി, ബാരന്‍ വെന്‍ലോക്, ബെയ്ല്‍ബി ലെയ്‌ലി എന്നിവര്‍ നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി 1891 ല്‍ റെയില്‍ പണികള്‍ പുനരാരംഭിച്ചു. എട്ടു വര്‍ഷം പിന്നട്ടപ്പോള്‍ മേട്ടുപാളയം കൂനൂര്‍ പാത പൂര്‍ത്തിയായി.1903 ല്‍ കമ്പനിയില്‍ നിന്നും ഈ പാത സര്‍ക്കാര്‍ ഏറ്റെടുത്തു. കൂനൂരില്‍ നിന്നും ഉതകമണ്ഡലത്തിലേക്കുള്ള പാതയും ഇതോടെ യാഥാര്‍ത്ഥ്യമായി. മദ്രാസ് റെയില്‍വെ കമ്പനിക്കായിരുന്നു ഇക്കാലത്ത് പ്രവര്‍ത്തന ചുമതല. 1908 ഒക്‌ടോബര്‍ 15 ന് അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ സര്‍ ആര്‍തര്‍ ലെയ്‌ലി പാത ഒദ്യോഗികമായി തുറന്നു കൊടുത്തതോടെ പര്‍വ്വത വണ്ടിയുടെ അവിശ്രമ യാത്രകള്‍ക്ക് തുടക്കമായി. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം കുരുങ്ങിപ്പോയ സ്വപ്നങ്ങള്‍ക്ക് ഒടുവില്‍ ഒരു സാക്ഷാത്കാരം.
തണുത്തുറയുന്ന ജൈവലോകത്തിന്റെ നെറുകയിലേക്ക് പാഞ്ഞുകയറിയ ആവിയന്ത്രം ഈസ്റ്റ് ഇന്ത്യാകമ്പനിയെ പോലും പലതവണ അമ്പരിപ്പിച്ചുകളഞ്ഞു. ചെറിയൊരു ഇംഗ്‌ളീഷ് രാജ്യത്തിനുവേണ്ട എല്ലാ സാധനങ്ങളും ഈ പാളങ്ങളിലൂടെ മലകയറിയെത്തിത്തുടങ്ങി. കുതിരയോട്ടക്കാരും ഗോള്‍ഫ് കളിക്കാരും പട്ടാളക്കാരും ചെറിയ ബോഗികള്‍ഘടിപ്പിച്ച തീവണ്ടിയില്‍ യാത്രക്കാരായി. മേട്ടുപാളയം ഉതകമണ്ഡലം റൂട്ടില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ മുപ്പത് കിലോമീറ്ററും ചിലയിടങ്ങളില്‍ 13 കിലോമീറ്ററുമാണ് തീവണ്ടിയുടെ വേഗത. 26 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ നാലര മണിക്കൂറെടുക്കുന്ന ചുരങ്ങള്‍. 46 കിലോ മീറ്റര്‍ ഓടിയെത്താന്‍ അഞ്ചുമണിക്കൂര്‍. പാറവെട്ടിയെടുത്ത നിര്‍മിതികള്‍ യാത്രവേളയില്‍ ഒരു അത്ഭുതമാകാം.
ഏഴായിരം അടി ഉയരത്തിലെ സ്റ്റേഷന്‍
സമുദ്ര നിരപ്പില്‍ നിന്നും ഏഴായിരം അടി ഉയരത്തിലാണ് ലൗ ഡെയില്‍ സ്റ്റേഷന്‍. കൂനൂരും വെല്ലിങ്ങ്ടനും അരവന്‍കാടും കേറ്റിയും കഴിഞ്ഞാല്‍ ഉതകമണ്ഡലത്തിനു മുന്നിലായുള്ള സ്റ്റേഷന്‍. ഒട്ടനവധി ഇന്ത്യന്‍ സിനിമകളില്‍ ഈ സ്റ്റേഷന്‍ നമ്മുടെ കണ്ണിനുമുന്നിലുടെ കടന്നുപോയിട്ടുണ്ട്. ഡേവിഡ് ലീനൊരുക്കിയ എ പാസ്സേജ് ടു ഇന്ത്യ എന്ന ചിത്രത്തിലുള്ളത് കൂനൂര്‍ സ്റ്റേഷനാണ്. ബ്രിട്ടിഷ് ബ്രോഡ് കാസ്റ്റിങ്ങ് കോര്‍പ്പറേഷനും 2010 ഫെബ്രുവരിയില്‍ നീലഗിരിയിലെ മൗണ്ടെന്‍ റെയില്‍വെയുടെ മഹത്വമറിഞ്ഞെത്തി. ഹ്യൂഗോ സ്മിത്ത്, നിക് മാറ്റിങ്ങ്‌ലി, തരുണ്‍ ബാര്‍ത്തിയ എന്നിവര്‍ തയ്യാറാക്കിയ പര്‍വ്വത വണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കായിരുന്നു 2010 ലെ യു.കെ. റോയല്‍ ടെലിവിഷന്‍ സൊസൈറ്റി അവാര്‍ഡും ലഭിച്ചത്.
ഷാരൂഖ് ഖാന്റെ ദില്‍ സേ മുതല്‍ എണ്ണമറ്റ ഭാഷാചിത്രങ്ങളുടെയും ലൊക്കേഷനാണ് നീല തീവണ്ടിയുടെ വഴിത്താരകളെല്ലാം. ഇന്ത്യന്‍ ആര്‍മിയുടെ കഥ പറയുന്ന വെല്ലിങ്ങ്ടന്‍ സ്റ്റേഷനും അഭ്രപാളിയിലെ വിസ്മയ കാഴ്ചകളില്‍ ഒന്നുമാത്രം. 1603 ല്‍ ജാക്കോം ഫോറിക്കോ എന്ന പാതിരിയായിരുന്നു നീലഗിരിയില്‍ ആദ്യമെത്തിയത്. പിന്നീട് 1812 ല്‍ സര്‍വെയര്‍ മാരായ വില്യം കീയും മക്‌മോഹനും ഇവിടെയെത്തി. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1819 ല്‍ കോത്താഗിരിയിലെത്തിയ ജോണ്‍ സുള്ളിവന്‍ തോമസ് ഊട്ടിയുടെ വാതില്‍ തുറന്നു. 1832 മുതല്‍ മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ക്കാല തലസ്ഥാനമായും ഉതകമണ്ഡലം മാറുകയായിരുന്നു. ക്യൂന്‍ ഓഫ് മൗണ്ടൈന്‍ എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ഈ നാടിനെ വിശേഷിപ്പിച്ചത്.
Content Highlights: Ootty Travel, Ootty Heritage Train, Jawaharlal Nehru about Ootty, Tourism Spots in ootty